പുലി ശരിക്കും ഒരു 'സിംഹം' തന്നെയാണ്. കടുവയെ വരയന്‍ പുലി എന്നൊക്കെ വിളിക്കുമെങ്കിലും കടുവയുമായല്ല പുലികള്‍ക്ക് കൂടുതല്‍ വംശപരമായ അടുപ്പം ഉള്ളത്, സിംഹങ്ങളുമായാണ്. ജാഗ്വറുകളാണ് പിന്നെ അടുത്ത ബന്ധുക്കള്‍.  Panthera ജനുസില്‍ പെട്ട മറ്റ് രണ്ട് ജീവികളാണല്ലോ സിംഹവും (Panthera leo ) കടുവയും (Panthera tigris). പലതരം മാര്‍ജ്ജാരവംശക്കാരുടെ ശരീര രാസസ്രവങ്ങളുടെ ഫൈലോജെനിറ്റിക് പഠനങ്ങള്‍ തെളിയിക്കുന്നത് പുള്ളിപ്പുലി കൂടുതല്‍ അടുത്തിരിക്കുന്നത് സിംഹവുമായാണ് എന്നാണ്. 

To advertise here,

പുള്ളിപ്പുലികളുടെ പുള്ളികളാണല്ലോ അവരുടെ ഏറ്റവും പ്രധാനമായ തിരിച്ചറിയല്‍ അടയാളം. സിംഹത്തിനില്ലാത്തതും അതാണ്. കടുവകള്‍ക്ക് നീളന്‍ വരകളാണല്ലോ ഉള്ളത്. എന്നാല്‍ പുള്ളികള്‍ ദേഹത്തുള്ളവരാണെങ്കിലും വെറും പൂച്ച വിഭാഗക്കാരായ ചീറ്റകളേയും പുള്ളിപ്പുലികളേയും പലര്‍ക്കും പരസ്പരം മാറി പോകാറുണ്ട്. 'പുലികടുവസിംഹ'ങ്ങളെപ്പോലെ അലറാനാകാത്ത, പൂച്ചകളെപ്പോലെ മുരളാന്‍ മാത്രം പറ്റുന്ന, നഖങ്ങള്‍ പൂര്‍ണ്ണമായും ഉള്‍വലിച്ച് മറച്ച് വെക്കാനാകാത്ത, മാര്‍ജ്ജാരകുടുംബക്കാരായ ഒരു വലിയ പൂച്ച മാത്രമാണ് സത്യത്തില്‍ ചീറ്റ. 

'ബിഗ് കാറ്റ്‌സ്' എന്ന വിഭാഗത്തില്‍ ഇവരെ ഉള്‍പ്പെടുത്താന്‍ ഇപ്പോഴും പലര്‍ക്കും പൂര്‍ണ്ണ സമ്മതമായിട്ടില്ല. നമ്മുടെ വീട്ടുപൂച്ചകളും പലതരം കാട്ടുപൂച്ചകളും ഉള്‍പ്പെടുന്ന Felinae ഉപകുടുംബത്തില്‍ പെട്ടവരാണ് വേഗപ്പുലികളായ ചീറ്റകള്‍. സൂക്ഷിച്ച് നോക്കിയാല്‍ പുള്ളിപ്പുലികളുടെയും ചീറ്റകളുടെയും പുള്ളികള്‍ വളരെ വ്യത്യാസമുള്ളതാണ് എന്ന് കാണാം. 

placeholder
ചീറ്റ, പുള്ളിപ്പുലി | ഫോട്ടോ: PTI, മാതൃഭൂമി

പുള്ളിപ്പുലികളുടേത് റോസാപ്പൂദലങ്ങള്‍

ചീറ്റയുടെ പുള്ളികള്‍ വട്ടക്കറുപ്പ് പൊട്ടുകളാണെങ്കില്‍ പുള്ളിപ്പുലികളുടേത് റോസാപ്പൂദലങ്ങള്‍ അടുപ്പിച്ച് വെച്ചപോലെ ആണ്. മുഖത്ത് നോക്കിയാലും ഇരുവരേയും വേഗം തിരിച്ചറിയാം. ചീറ്റയുടെ മുഖത്ത് കണ്ണീര്‍ചാല്‍ പോലെ  കണ്ണിന്റെ ഉള്‍ഭാഗത്ത് നിന്ന് തുടങ്ങി വായയുടെ പുറം ഭാഗത്തേക്ക് നീളുന്ന  കറുത്ത പാടുകള്‍ രണ്ടുഭാഗത്തും  ഉണ്ടാകും. ഈ അടയാളം പുള്ളിപ്പുലികള്‍ക്ക് ഉണ്ടാകില്ല. ശരീരത്തില്‍ ചിത്രപ്പുള്ളികളുള്ള എന്നര്‍ത്ഥം വരുന്ന ചിത്രകായ എന്ന സംസ്‌കൃത പദത്തില്‍ നിന്നും വന്നതാണല്ലോ ചീറ്റ എന്ന പേര്. അങ്ങനെ നോക്കുമ്പോള്‍ പുലിയും കടുവയും ചീറ്റയും ഒക്കെ ചിത്രകായന്മാര്‍ തന്നെയാണുതാനും.  

ലെപ്പേര്‍ഡ് എന്ന വാക്ക് പൗരാണിക ഗ്രീക്ക് ഭാഷയിലെ Leopardos ല്‍ നിന്നും വന്നതാകും എന്നാണ് കരുതുന്നത്. ലിയോ എന്നാല്‍ സിംഹം എന്നും പര്‍ഡോസ് എന്നാല്‍ പുള്ളിയുള്ള എന്നും ആണ് അര്‍ത്ഥം. അതായത് പുള്ളി സിംഹം ആണ് ലെപേര്‍ഡ്. റോമാക്കാര്‍ ഭീകര വന്യജീവികളെ പിടിക്കാന്‍ ഉപയോഗിച്ചിരുന്ന കരുത്തന്‍ വലകള്‍ക്ക് ഗ്രീക്കില്‍ പറഞ്ഞിരുന്ന വാക്കാണ് പാന്തെറ Panthera എന്നത്. അതില്‍ നിന്നാണ് ഇവരുടെ ജീനസ് നാമം ഉണ്ടായത്. 

placeholder
പുള്ളിപ്പുലി

മാര്‍ജ്ജാര വംശക്കാരുടെ കുടുംബമായ ഫെലിഡെയുടെ ഉപകുടുംബമായ പാന്തെരിനെയിലെ ഒരു ജനുസിന് നല്‍കിയ പേരാണ് പാന്തെറ. ആ ജനുസില്‍ പെട്ടവരാണ് കടുവയും ജഗ്വാറും സിംഹവും പുലിയും മഞ്ഞുപുലിയും. Pardus എന്ന സ്പീഷിസ് നാമം കരുത്തന്‍ എന്ന അര്‍ത്ഥമുള്ള വാക്കില്‍ നിന്നും ആണ് വന്നത്. മുന്‍പ്  പല ശാസ്ത്രീയ നാമങ്ങള്‍ പുള്ളിപ്പുലികള്‍ക്ക് ഉപയോഗിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ Panthera pardus എന്ന ശാസ്ത്ര നാമമാണ് അംഗീകരിച്ചിരിക്കുന്നത്. 

ഒരോരോ ഭൂഖണ്ഡങ്ങളില്‍ നിരവധി സബ് സ്പീഷിസുകളായി ഇവയെ വര്‍ഗീകരിച്ചിരുന്നെങ്കിലും മൈറ്റോകോണ്ട്രിയല്‍ പഠനങ്ങള്‍ക്കവസാനം 9 എണ്ണം മാത്രമായി തീരുമാനമായി. എങ്കിലും 2017 ല്‍ Cat Classification Task Force of the Cat Specialist Group അവസാനം 8 സബ് സ്പീഷിസുകള്‍ മാത്രമായാണ് ഉറപ്പിച്ചിരിക്കുന്നത്. അതില്‍ Panthera pardus  fusca എന്ന സബ് സ്പീഷിസാണ് ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തില്‍ കാണപ്പെടുന്ന  ഇനം. അതിനെ  Indian leopard എന്നാണ് വിളിക്കുന്നത്. ആഫ്രിക്കന്‍, അറേബ്യന്‍, പേര്‍ഷ്യന്‍, ജാവന്‍ ,അമുര്‍, ഇന്‍ഡോ ചൈനീസ്, ശ്രീലങ്കന്‍ സബ് സ്പീഷിസുകളാണ് മറ്റുള്ള ഏഴിനങ്ങള്‍. ഇവയൊക്കെ ഭൂപ്രദേശങ്ങള്‍ക്കനുസരിച്ച് നിറത്തിലും പുള്ളികളുടെ ആകൃതിയിലും വലിപ്പത്തിലും ഒക്കെ വ്യത്യാസങ്ങള്‍ ഉള്ളവയാണ്. 

placeholder
കെനിയയിലെ മസായ് മാര നാഷണല്‍ റിസര്‍വിലെ സിംഹം | ഫോട്ടോ: അസീസ് മാഹി | മാതൃഭൂമി

ഇതില്‍  P. p. pardus എന്ന് വിളിക്കുന്ന സബ് സഹാറന്‍ പ്രദേശങ്ങളില്‍ വ്യാപകമായി കാണുന്ന ആഫ്രിക്കന്‍ പുള്ളിപ്പുലികളാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള സ്പീഷിസ്. അറേബ്യന്‍ പെനിസുലയില്‍ മാത്രമുള്ളതും ഏറ്റവും ചെറുതും ആയ Arabian leopard (P. p. nimr ) വംശനാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന ഇനം ആണ് . ആകെ 100-120 എണ്ണം മാത്രമേ യെമനിലും, ഒമാനിലും ആയി ബാക്കിയുള്ളു എന്നാണ് കണക്കക്കുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ കണക്ക് പ്രകാരം 2022-ല്‍ ഇന്ത്യയില്‍ ആകെ 13784 പുള്ളിപ്പുലികളാണുള്ളത്. 2018-ല്‍ അത് 12852 ആയിരുന്നു. 

placeholder
അഫ്രിക്കൻ പുള്ളിപ്പുലി അഥവാ pp pardus | By Patrick Giraud (edited to fix white balance) - Own work, CC BY 2.5, https://commons.wikimedia.org/w/index.php?curid=3365151

ലെപ്പേര്‍ഡ് ജനുസിലെ ജീവികളുടെയും വിഭാഗക്കാരുടേയും മേഘപ്പുലികളൊക്കെ ഉള്‍പ്പെടുന്ന Neofelis ജനുസിലെ ജീവികളുടെയും ഒക്കെ പൊതു പൂര്‍വികന്‍ ഒന്നായിരുന്നു. 8.66 ദശലക്ഷം വര്‍ഷം മുമ്പായിരിക്കും പാന്തെറയില്‍ നിന്നും  Neofelis വേര്‍പിരിഞ്ഞത്. 6.55 ദശലക്ഷം വര്‍ഷം മുമ്പ് കടുവകള്‍ ഇവരില്‍നിന്നു വേര്‍തിരിഞ്ഞുണ്ടായി. 4.63 ദശലക്ഷം വര്‍ഷം മുമ്പ് മഞ്ഞുപുലികളും. 4.35 ദശലക്ഷം വര്‍ഷം മുമ്പ് പുള്ളിപ്പുലികളും വേര്‍പിരിഞ്ഞുണ്ടായി.  ഇരപിടിയന്‍ മൃഗങ്ങളില്‍ മേല്‍ത്തട്ടില്‍ ഉള്ളവരായതിനാല്‍ ഇവരുടെ എണ്ണം ഭക്ഷ്യശൃംഖലയുടെ കൃത്യമായ നിലനില്‍പ്പിനും സന്തുലിതമായ ഒരു  ഇക്കോസിസ്റ്റത്തിനും അത്യാവശ്യമാണ്. 

placeholder
മേഘപ്പുലി | Photo: WPSI/Thanamir Village

പലതരത്തിലുള്ള കാലാവസ്ഥ പ്രദേശങ്ങളില്‍ ഭൂപ്രകൃതികളില്‍ ഒക്കെ പുലികളെ കാണാം. വരണ്ടുണങ്ങിയ കുറ്റികാടുകള്‍ മുതല്‍ നിത്യ ഹരിത വനങ്ങളില്‍ വരെ. ഒരേ സമയം ഇവരെപ്പോലെ തന്നെയുള്ള സിംഹങ്ങള്‍, കടുവകള്‍, ഹയനകള്‍, കാട്ട്‌നായകള്‍ തുടങ്ങിയ മേല്‍തട്ട് ഇരപിടിയന്മാരുമായി ആണ് തീറ്റക്കായുള്ള മത്സരം ഇവര്‍ നടത്തുന്നത്. അതുകൊണ്ട് തന്നെ അതാത് ഇടങ്ങളില്‍ വ്യത്യസ്തമായ വേട്ടമൃഗങ്ങളെ തിരഞ്ഞെടുക്കലും മത്സരം ഒഴിവാക്കലും ഒക്കെ നടത്തി തന്ത്രപരമായ അനുകൂലന ജീവിതം ആണ് പുള്ളിപ്പുലികള്‍ സ്വീകരിക്കുന്നത്.

കടുവകളുമായി ആണല്ലോ കേരളത്തില്‍ ഇവര്‍ ഒരേ ടെറിട്ടറി പങ്കുവെയ്‌ക്കേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ വലിയ ഭാരമുള്ള ഇരകളെ കടുവകള്‍ക്ക് വിട്ട്‌കൊണ്ട് ഭാരം കുറഞ്ഞവയെ പ്രധാനമായും ഇരയാക്കുന്ന തന്ത്രമാണിവര്‍ സ്വീകരിക്കാറുള്ളത്. ഇവയേ കടുവകള്‍ ആക്രമിക്കും എന്നതിനാലും വേട്ടചെയ്തുകൊന്ന മൃഗത്തെ  ധോളുകളെപ്പോലുള്ള നായാട്ട് സംഘങ്ങള്‍  തട്ടിയെടുക്കും എന്നതിനാലും ഒക്കെ ഇവര്‍ കഴിവതും മരങ്ങളുടെ മുകളില്‍ വിശ്രമിക്കുന്ന സ്വഭാവക്കാരും ഇരയെ വേഗം തന്നെ  വലിയ മരക്കൊമ്പുകള്‍ക്ക് മുകളിലേക്ക് വലിച്ച് കൊണ്ട്‌പോയി തൂക്കിയിട്ട് കഴിക്കുന്ന പ്രകൃതക്കാരും ആണ്. തന്നേക്കാള്‍ ഭാരമുള്ള ഇരയേപ്പോലും കടിച്ചെടുത്ത് വലിച്ച് മരത്തില്‍ കയറ്റി വെക്കാന്‍ ഇവര്‍ക്ക് കരുത്തുണ്ട്. ആണ്‍പുലിയും പെണ്‍പുലിയും വലിപ്പത്തില്‍ വ്യത്യാസം ഉണ്ടാകും. 2016- ല്‍ ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ വെടിവെച്ച് കൊന്ന ഒരു നരഭോജിയായ പുലിക്ക്  വാലടക്കം  എട്ടടി ഏഴിഞ്ച് നീളവും 34 ഇഞ്ച് തോള്‍ ഉയരവും  71 കിലോ ഭാരവും ഉണ്ടായിരുന്നു. ഇതാണ്  ഇന്ത്യയില്‍  കാട്ടില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ പുലി.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

ഇളംമഞ്ഞയോ സ്വര്‍ണമഞ്ഞയോ നിറമുള്ള രോമാവരണത്തില്‍ കറുത്തനിറത്തില്‍ വട്ടത്തിലല്ലാത്ത  റോസറ്റ് രൂപത്തിലുള്ള അടയാളമുള്ളവരാണല്ലോ  പുള്ളിപ്പുലികള്‍. ഇവരുടെ  കൃഷ്ണമണി വൃത്താകൃതിയില്‍ ആണ് മാനുകളെപ്പോലുള്ള മേഞ്ഞുതിന്നുന്ന കുളമ്പ് മൃഗങ്ങള്‍, കാട്ടുപന്നികള്‍, കുരങ്ങന്മാര്‍, മയിലുകള്‍, മുയലുകള്‍ ഒക്കെയാണ് ഇവരുടെ പ്രധാന ഭക്ഷണം. പൊതുവെ രാത്രി ഇരതേടി നടക്കുകയും പകല്‍ മരക്കൊമ്പുകളിലോ പാറയിടുക്കുകളിലോ ഒക്കെ വിശ്രമിക്കുകയും ചെയ്യുകയാണെങ്കിലും സാഹചര്യങ്ങള്‍ക്കും ചുറ്റുപാടുകള്‍ക്കും അനുസരിച്ച് ഇവയില്‍ മാറ്റമുണ്ടാകുകയും ചെയ്യും. കടുവകളുടെ സാന്നിധ്യം, ഇരകളുടെ സ്വഭാവം,  ലഭ്യത തുടങ്ങിയ  പല ഘടകങ്ങളും ഇവയുടെ ഇരതേടല്‍ ശീലങ്ങളെ സ്വാധീനിക്കും. വളരെ വേഗം മരത്തില്‍ കയാറാന്‍ കഴിയുന്ന ഇവ താഴോട്ട് ഇറങ്ങുന്നത് തല മുന്നിലാക്കി കൊണ്ട് തന്നെയാണ്. മണിക്കൂറില്‍  58 കിലോമീറ്റര്‍ വേഗതയില്‍ ഓടാനും ആറു മീറ്റര്‍ വരെ നീളത്തിലും മൂന്നു മീറ്റര്‍ ഉയരത്തിലും ചാടാന്‍ ഇവര്‍ക്ക് പറ്റും.  

പതുങ്ങി വന്ന് ഇരയുടെ അഞ്ച് മീറ്റര്‍ വരെ അടുത്ത്-  എത്തി ചാടി വീണ് കൊല്ലുക എന്നതാണ് പൊതുവെയുള്ള രീതി. ചെറിയ മൃഗങ്ങളെ പിങ്കഴുത്തില്‍ കടിച്ച് കുടഞ്ഞ് കൊന്നും വലിയവയെ തൊണ്ടകടിച്ച് പിടിച്ച് ശ്വാസം മുട്ടിച്ചു കൊന്നും ആണ് തിന്നുക.  മരത്തില്‍ നിന്നും ചാടി വീണ് കൊല്ലാറും ഉണ്ട്. ചെറിയ ഇരകളെ അപ്പോള്‍ തന്നെ തിന്നുമെങ്കിലും വലിയവയെ മീറ്ററുകള്‍ ദൂരേക്കടക്കം വലിച്ച് കൊണ്ടുപോയി മരത്തിന്റെ കൊമ്പിലോ പൊന്തക്കാടിനുള്ളിലോ പാറമടകള്‍ക്കുള്ളിലോ ഒളിച്ച് വെച്ച് കുറേശെയായി തിന്നും. ഇത്തരത്തില്‍ ഒളിച്ച് വെക്കുന്ന ശീലം പ്രാദേശികമായ പ്രത്യേകതകള്‍ , ഒരോ ഇനത്തിന്റെ സ്വഭാവങ്ങള്‍ എന്നിവയെ ഒക്കെ ആശ്രയിച്ച് മാറിക്കൊണ്ടിരിക്കും. കരടികളോട് പൊതുവെ ഇവര്‍ പൊരുതാന്‍ നില്‍ക്കാറില്ല. ഓടി മരത്തില്‍ കയറിയാലും രക്ഷയില്ല എന്ന് ഇവര്‍ക്ക് അറിയാം. എങ്കിലും കരടികുട്ടികളെ ഇവര്‍ ഭക്ഷണമാക്കാറുണ്ട്. മുള്ളന്‍പന്നികളെ ഇവര്‍ ഇടക്ക് തിന്നാന്‍ ശ്രമിക്കാറുണ്ടെങ്കിലും പലപ്പോഴും മുള്ളന്‍പന്നി ദേഹം  തിരിച്ച് മുട്ടിച്ച് പിന്‍ഭാഗത്തെ മുള്ളുകള്‍ മുഖത്തും മറ്റും  കൊള്ളിക്കുന്നതിനാല്‍  അതിനെ ഒഴിവാക്കുകയാണ് ചെയ്യുക. 

ഈ മുള്ളുകള്‍ മൂക്കിലും വായിലും കൈകളിലും ഒക്കെ കൊണ്ടത് നീക്കം ചെയ്യാനാകാതെ പഴുത്ത്, ഭക്ഷണം കഴിക്കാനാകാതെ ധാരാളം പുലികള്‍ ചാവാറുണ്ട്. കാട്ട് നായകളുടെ കൂട്ടങ്ങളോടും ഭയം പ്രകടിപ്പികാറുണ്ട് പുലികള്‍. കടുവകളുടെ സാന്നിദ്ധ്യമുള്ള കാടുകളില്‍ നിന്നും അവ അതിരുകളിലേക്ക് മാറാറാണ് പതിവ്. കാടതിരുകളിലെ മനുഷ്യ വാസ പ്രദേശങ്ങളിലും കൃഷിയിടങ്ങളോട് ചേര്‍ന്ന കുറ്റിക്കാടുകളിലും അവ കഴിയും.സ്വാഭാവിക ഇരകള്‍ക്ക് ക്ഷാമമുള്ളപ്പോള്‍ കെട്ടിയിട്ട ആടുമാടുകള്‍ നായകള്‍ തുടങ്ങിയവയെ ഭക്ഷണമാക്കും. അതോടെ മനുഷ്യരുമായുള്ള സംഘര്‍ഷങ്ങള്‍ ആരംഭിക്കുകയും ചെയ്യും. മനുഷ്യരെ ആക്രമിച്ച് കൊന്ന ധാരളം പുലികളുടെ കഥകള്‍ പണ്ട് കാലത്ത് നാട്ടുരാജ്യങ്ങളില്‍ കേള്‍ക്കാറുണ്ട്. അവയെ കൊല്ലുക എന്നത് രാജാക്കന്മാരുടെ പ്രധാന കര്‍ത്തവ്യമായും കണക്കാക്കിയിരുന്നു.

വെള്ളക്കാരുടെ വരവോടെ അവരുടെ ആഘോഷങ്ങള്‍ക്കും നേരമ്പോക്കിനും ആയി ശിക്കാറുകള്‍ നടത്തല്‍ സാധാരണമായി. അങ്ങിനെ ആണ് ഇന്ത്യയില്‍ പുള്ളിപ്പുലികളുടെ എണ്ണം കാര്യമായി കുറഞ്ഞത്. 

ഇവയുടെ തോലിനും നഖത്തിനും ഒക്കെയായി നടന്ന വേട്ടകളും ഇവയുടെ സ്വാഭാവിക ആവാസ അസ്ഥലങ്ങളുടെ അളവില്‍ വന്ന കുറവും ഫ്രാഗ്‌മെന്റേഷനും ഒക്കെ എണ്ണം കുറയുന്നതിന്റെ ആക്കം കൂട്ടി. ദേഹത്തെ പുള്ളികള്‍ മറഞ്ഞ് നില്‍ക്കാന്‍ ഇവരെ സഹായിക്കുന്നുണ്ട്. ഇണചേരല്‍ കാലത്തും കുഞ്ഞുങ്ങളുള്ള കാലത്തും  ഒഴികെ മറ്റ് സമയത്തൊക്കെ ഇവര്‍ ഒറ്റക്ക് ഇരതേടുന്നവരാണ്. ഒരു  പ്രസവത്തില്‍ 2-4 കുഞ്ഞുങ്ങള്‍ ഉണ്ടാകും. രണ്ട് രണ്ടര വയസാകുമ്പോഴേക്കും കുഞ്ഞുങ്ങള്‍ ഇണചേരല്‍ പ്രായമാകും. കുഞ്ഞുങ്ങളുടെ ദേഹത്തെ നീളന്‍ രോമങ്ങളിലെ അടുത്തടുത്തുള്ള പുള്ളികള്‍ മൂലം ആകെ മൊത്തം പുറംഭാഗം ഇരുണ്ട നിറത്തിലാണ് തോന്നുക. അതും അവയെ ഇരപിടിയന്മാര്‍ കാണാതെ  ഒളിച്ച് കഴിയാന്‍ സഹായിക്കുന്ന ഒരു അനുകൂലനം ആണ്. 

placeholder
ലിയോപോണിന്റെ മാതൃക | By TRJN - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=46008286

പെണ്‍പുലികളുടെ എസ്റ്റ്രജന്‍ സൈക്കിള്‍ 46 ദിവസം നീളുന്നതാണ്- 6- 7 ദിവസം ഇത് മദച്ചൂട്  ലക്ഷണം പ്രകടിപ്പിക്കും. 90-105 ദിവസമാണ് ഗര്‍ഭകാലം. ഒരു പ്രസവത്തില്‍ 2-4 കുഞ്ഞുങ്ങള്‍ ഉണ്ടാകും. പിറന്ന് വീഴുന്ന കുഞ്ഞുങ്ങളുടെ കണ്ണ് കീറുന്നത് 4-9 ദിവസം  കഴിഞ്ഞ് മാത്രമാണ്.  ആദ്യ വര്‍ഷ തന്നെ കുഞ്ഞുങ്ങളില്‍ പകുതിയും നഷ്ടപ്പെടും . രോഗമോ അപകടമോ വന്ന് ചത്തോ ഇരപിടിയന്മാര്‍ ഭക്ഷണമാക്കിയൊ ആണ് ഇത് സംഭവിക്കുന്നത്. പെണ്‍ പുലി വീണ്ടും ഇണചേരലിന് വേഗം സന്നദ്ധമാകാനായി ചിലപ്പോള്‍ ആണ്‍ പുലികള്‍ തന്നെ കുഞ്ഞുങ്ങളെ കൊന്നു തിന്നും. 

ഒന്‍പത് ആഴ്ചവരെ ഒക്കെ ഇവ അമ്മയുടെ പാല്‍ മാത്രമാണ് കഴിക്കുന്നത്. പിന്നീട് മാംസഭക്ഷണം കഴിച്ച് തുടങ്ങും. മൂന്നു  മാസം പ്രായം ആയാല്‍ അമ്മയോടോപ്പം പുറത്തിറങ്ങാന്‍ തുടങ്ങും . ഒരു വയസാകുമ്പോഴേക്കും സ്വന്തമായി ഇരതേടല്‍ തുടങ്ങും. എങ്കിലും രണ്ട് വയസുവരെ അമ്മയ്ക്ക് ഒപ്പം കഴിയും. അമ്മയെ പിരിഞ്ഞാലും സഹോദരങ്ങള്‍ ഒന്നിച്ച് പിന്നെയും കുറേ നാള്‍ കൂടി ഒന്നിച്ച് യാത്ര ചെയ്യും. പുള്ളിപ്പുലികളുടെ ശരാശരി ആയുസ് 12-17 വര്‍ഷം ആണ്. എങ്കിലും  വളർത്തുപുലി 24 വര്‍ഷത്തിലേറേ ജീവിച്ചിട്ടുണ്ട്. 

placeholder
പാലക്കാട് മലമ്പുഴ കവയില്‍ പകര്‍ത്തിയ കരിമ്പുലിയുടെ ചിത്രം  | ഫോട്ടോ: മാതൃഭൂമി

കരിമ്പുലി എന്നു വിളിക്കുന്ന പുലികള്‍ പ്രത്യേക ജനുസില്‍പ്പെട്ട പുലികളല്ല. മെലാനിന്‍ പിഗ്മെന്റിന്റെ അളവിലുള്ള വ്യത്യാസം മൂലം കറുപ്പുനിറത്തില്‍ കാണപ്പെടുന്ന പുള്ളിപ്പുലികളോ ജാഗ്വാറുകളോ ആന് ബ്ലാക്ക് പാന്തെര്‍ എന്നു നമ്മള്‍ പറയുന്ന കരിമ്പുലികള്‍. മെലാനിന്‍ പിഗ്മെന്റിന്റെ കറുപ്പ് ഉണ്ടെങ്കിലും സൂക്ഷിച്ച് നോക്കിയാല്‍ പഴയ പുള്ളികള്‍ അവ്യക്തമായി കാണാം. അതായത് കരിമ്പുലി ഒരു പുള്ളിപ്പുലി തന്നെ ആണെന്ന് പറയാം. ആണ്‍ ലെപേര്‍ഡിനേയും പെണ്‍ സിംഹത്തേയും തമ്മില്‍ ഇണചേര്‍ത്ത് സങ്കരയിനമായി  കുഞ്ഞുങ്ങള്‍  1959-ലും 1961-ലും ജപ്പാനിലെ ഒരു മൃഗശാലയില്‍ പിറന്നിട്ടുണ്ട്. അതിന് ലിയോപ്പോണ്‍ leopon എന്നാണ് വിളിച്ചത്. സാധാരണ പുള്ളിപ്പുലി കുഞ്ഞിനേക്കാള്‍ വലിപ്പമുള്ള അതിന്റെ ദേഹത്ത് പുള്ളികള്‍ ഉണ്ടായിരുന്നു.