റഞ്ഞുപറഞ്ഞ് കാട് കയറിപ്പോയോ എന്നൊരു സംശയം. സത്യത്തിൽ ഇവിടെ പറയാനുദ്ദേശിച്ചത് മറയൂരിലെ പറമ്പുകളിൽ നിൽക്കുന്ന താരതമ്യേന ഇടത്തരം പൊക്കത്തിൽ വളരുന്ന ചന്ദനമരങ്ങളുടെ തുഞ്ചത്ത് കെട്ടിയ കയറുകൾ വശങ്ങളിൽ നിൽക്കുന്ന മറ്റ് വൃക്ഷങ്ങളിൽ കെട്ടുകയും അരയിൽ ചുറ്റിനും ഉറപ്പിച്ചിരിക്കുന്ന ബെൽറ്റ് വാളുകൾ കൊണ്ട് മിനിട്ടുകൾക്കുള്ളിൽ ചന്ദനമരം മുറിക്കുകയുമാണ് സ്ഥിരം മോഷ്ടാക്കളുടെ പതിവ് എന്നതാണ്! അതുകൊണ്ട് തന്നെ മോഷണത്തിനിടയിൽ വലിയ ശബ്ദം ഉണ്ടാവുകയോ ആൾക്കാരുടെ ശ്രദ്ധയിൽപ്പെടുകയോ ചെയ്യില്ല. തായ്ത്തടി മുറിഞ്ഞ് വേർപെട്ടാലും മരം താഴെ വീഴാതെ മറ്റ് വൃക്ഷങ്ങളിൽ ബന്ധിക്കപ്പെട്ട് തൂങ്ങി നിൽക്കുകയും ചെയ്യും. അതിനെ കട്ടകളാക്കി മുറിച്ച് ചുമന്ന് സുരക്ഷിതയിടങ്ങളിലേയ്ക്ക് മാറ്റിയ ശേഷമാണ് മിക്കവാറും കാതൽ മാത്രമാക്കി ചെത്തി മിനുക്കുക. പിന്നീടത് അനായാസം ചുമന്ന് കൊണ്ടുപോകാനോ കടത്തിക്കൊണ്ട് പോകാനോ സാധിക്കും എന്നൊരു മെച്ചമുണ്ട്. പിറ്റേന്ന് കാലത്ത് വീട്ടുടമസ്ഥർ കാണുന്നതു ചന്ദനമരത്തിന്റെ തലപ്പുകൾ മാത്രം സമീപത്തെ വൃക്ഷങ്ങളിൽ തൂങ്ങിയാടുന്നതാവും!

To advertise here,

വീട്ടുകാർ അകലെയുള്ള ഏതെങ്കിലും സ്ഥലങ്ങളിൽ യാത്ര പോയിരിക്കുന്ന രാത്രികളിലാണ് സാധാരണയായി ഇത്തരത്തിൽ മോഷണം പതിവായി നടക്കുന്നത്. നിവൃത്തിയില്ലാതെ വരുമ്പോൾ ചന്ദനമുള്ള പല പറമ്പുകളുടേയും ഉടമസ്ഥർ കള്ളക്കടത്തുകാരിൽനിന്ന് മുൻകൂർ കാശ് കൈപ്പറ്റിയതിന് ശേഷം തങ്ങൾ ബന്ധുവീടുകളിലോ മറ്റോ പോകുന്ന രാത്രികളിൽ മരങ്ങൾ മുറിച്ച് കടത്താനുള്ള അനുവാദം നൽകുകയും ചെയ്തിരുന്നുവെന്നത് അന്നൊക്കെ പുറത്തറിയാത്ത ഒരു യാഥാർത്ഥ്യമായിരുന്നു. കാരണം തുച്ഛമായ കാശെങ്കിലും കിട്ടുന്ന പക്ഷം അത്രയെങ്കിലും ആയല്ലോ. വളർന്ന് മുറ്റിയ ചന്ദനത്തിന്റെ ശേഖരണം സർക്കാരുകളും വനംവകുപ്പും സമയബന്ധിതമായി നടത്താത്തതും ഇനിയത് മുറിച്ചെടുത്താൽക്കൂടി അത് ചെത്തി മിനുക്കി വരുന്ന ലേലത്തിൽ വിറ്റഴിച്ച് അർഹമായ തുക ഉടമസ്ഥർക്ക് നൽകുന്നതിൽ വന്നിരുന്ന കാലവിളംബവുമാണ് ഉടമകളെ ഇത്തരത്തിൽ അറ്റകൈ പ്രയോഗത്തിന് പ്രേരിപ്പിച്ചിരുന്നത്. അല്ലെങ്കിൽ അവരറിയാതെ പറമ്പിൽ നിൽക്കുന്ന ചന്ദനം മോഷണം പോകാനുള്ള സാധ്യത ഏറെയും!

ഇനി ഈ പറഞ്ഞതിന് അർത്ഥം സർക്കാർവക റിസർവുകളിൽ നിൽക്കുന്ന ചന്ദനമരങ്ങൾ ഒന്നും മോഷണം പോകുന്നില്ല എന്നല്ലെന്നോർക്കുമല്ലോ. ഇത്തരത്തിൽ വീട്ടുകാരുടെ മൗനാനുവാദത്തോടെ മോഷണം പോകുന്ന വീട്ടുടമസ്ഥർ പലപ്പോഴും മോഷണം സംബന്ധിച്ച് പോലീസിലോ വനംവകുപ്പ് ഓഫീസുകളിലോ പരാതിക്കായി പോകുക അന്നൊന്നും പതിവില്ലാത്തതായിരുന്നു. കാരണം സംഗതി അവരും കൂടി അറിഞ്ഞിട്ടാകുമ്പോൾ അത് തികച്ചും ന്യായം! ഒരു പരിധി വരെ സർക്കാർ ഏജൻസികളുടെ പരാജയവും ആണതെന്ന് പറയാതെ വയ്യല്ലോ. അതൊക്കെ കൊണ്ടുതന്നെ സ്വകാര്യസ്ഥലങ്ങളിൽ നിന്നതും പലപ്പോഴായി മോഷണം പോയതുമായ ചന്ദനമരങ്ങളുടെ കൃത്യമായ കണക്കുകൾ വനംവകുപ്പിന്റെ കൈവശം ഉണ്ടെന്ന് പറയാനാകില്ലെന്നാണ് എനിക്ക് തോന്നുന്നത്.

മറ്റൊരു രസകരമായ കാര്യവും കൂടി ഇവിടെ സൂചിപ്പിക്കേണ്ടിയിരിക്കുന്നു, വായിക്കുന്നവർക്കത് തമാശ ആയി തോന്നാമെങ്കിലും. അല്ലെങ്കിലും അമ്മയെത്തല്ലിയാലും ഉണ്ടാകുമല്ലോ രണ്ട് പക്ഷം. വനംവകുപ്പിന് രഹസ്യവിവരം കിട്ടുന്നത് അനുസരിച്ച് നടത്തുന്ന റെയ്ഡുകളിലും കെട്ടിട-വാഹന പരിശോധനകളിലും അപൂർവമായെങ്കിലും പട്രോളിങ്ങിനിടയിൽ സംശയാസ്പദമായിക്കണ്ട് ചോദ്യം ചെയ്യുമ്പോഴും കിട്ടുന്ന അനധികൃത ചന്ദനക്കട്ടകൾ ചിലപ്പോഴെങ്കിലും കൃത്യമായി വരവ് വയ്ക്കാതെ പോകുന്ന ഒരവസ്ഥ അന്നവിടെ ഉണ്ടായിരുന്നു എന്നതാണത്. മേൽസൂചിപ്പിച്ച കാരണങ്ങളാൽ അതിനാസ്പദമായ പരാതികൾ ഒന്നും നിലവിൽ ഉണ്ടാകില്ല എന്നത് തന്നെയാണ് അതിന്റെ പിന്നിൽ.

അതായത് വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലങ്ങളിൽനിന്ന് മുറിച്ചതല്ലാത്തതോ പോലീസിൽ മരങ്ങൾ മോഷണം പോയത് സംബന്ധിച്ച് ഔദ്യോഗികമായി പരാതി നൽകാത്ത സ്വകാര്യ വീട്/ പറമ്പ് ഉടമസ്ഥരുടേതല്ലാത്തതോ ആയ ചന്ദനത്തടികൾ ‘കണക്കിൽപ്പെടാത്തത്’ എന്ന വകയിൽ (Unaccounted) ചിലപ്പോഴെങ്കിലും ഫോറസ്റ്റ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരുന്നു എന്നർത്ഥം! അതിന്റെ ഉപയോഗം എന്തെന്നല്ലേ... തെല്ലൊന്നടങ്ങൂ.... ആ ചോദ്യത്തിന് എപ്പോൾ ഉത്തരം പറയണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും എനിക്ക് തന്നുകൂടെ!

മോഷ്ടാക്കളെ ‘പിടിച്ചാലും’ (തസ്കരന്മാരെ പിടിക്കുന്നില്ല എന്നല്ല ഇവിടത്തെ വിവക്ഷ) അപൂർവമായെങ്കിലും മോഷണം പോയ തൊണ്ടിമുതലുകൾ കിട്ടാതെ വരുന്ന അവസ്ഥ സംജാതമാകാറുണ്ട്. അത്തരം അവസരങ്ങളിലും പിന്നെ പിടികൂടാൻ ഏറെ പ്രയാസമുള്ള കൊടുംകുറ്റവാളികളെ കുടുക്കാനായും വിശ്വസ്തരായ വാച്ചറന്മാരുടെ സഹായത്തോടെ ചില ഉദ്യോഗസ്ഥന്മാരെങ്കിലും ഇത്തരത്തിലെ ‘കണക്കിൽപ്പെടാത്ത തൊണ്ടിക്കഷണങ്ങൾ’ പുറത്തിറക്കി കെണി വച്ചിരുന്നു എന്നത് ഒരു സത്യമാണ്! അതിന് നിയമസാധുതയൊന്നും അവകാശപ്പെടാനില്ലെങ്കിലും വലിയ പ്രശ്നക്കാരേയും ക്രിമിനലുകളേയും ഒതുക്കാനായും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിനായും അന്ന് വ്യാപകമായി ഉപയോഗിച്ചിരുന്ന (കു)തന്ത്രങ്ങളിൽ ഒന്നായിരുന്നു അത്. ആ പ്രവൃത്തി പരക്കെ ‘വരുത്തിക്കൊത്തിക്കൽ’ (Decoying) എന്നാണ് അറിയപ്പെട്ടിരുന്നത്!

അങ്ങനെ വരുമ്പോൾ അക്കൗണ്ട് ചെയ്യാത്ത ആ കട്ടകൾ തന്നെ അപ്പോൾ പിടിച്ചെടുക്കുന്ന തൊണ്ടിയായി കാണിക്കുകയും ചെയ്യാം. ഇതിലുള്ള ഗൗരവമേറിയ ഒരു കാര്യം സർക്കാർ വക മരങ്ങൾ മോഷണം പോകുന്ന പക്ഷവും തൊണ്ടി കണ്ടെത്താനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ ശ്രമിക്കാതെ വേണമെങ്കിൽ ഉദ്യോഗസ്ഥന്മാർക്ക് അത്തരത്തിൽ സൂക്ഷിക്കുന്ന കരുതൽശേഖരം കൊണ്ട് ആ നഷ്ടം നികത്താമായിരുന്നു എന്നതാണ്!

എന്നാൽ, അനാവശ്യമായി റിസ്കെടുക്കുന്ന പരിപാടിയാണ് അതെന്നു ചിലപ്പോഴെങ്കിലും റെയ്ഞ്ച് ഓഫീസർമാരും സ്റ്റേഷന്റെ ചാർജ്ജുള്ള ഡെപ്യൂട്ടി റെയ്ഞ്ചർമാരും ചില വാച്ചറന്മാരും തമ്മിൽ അവിശ്വാസ കൂട്ടുകെട്ടിന് അത് വഴിവയ്ക്കുമെന്നും കാലാന്തരത്തിൽ അത് കുറെ വാച്ചറന്മാരുടെ അപ്രമാദിത്വത്തിലേയ്ക്ക് വഴി വയ്ക്കുമെന്നും ഒക്കെയുള്ള ആരോപണങ്ങൾ പലയിടത്തുനിന്നും പിന്നീട് ഉയരുകയുണ്ടായി. അതേത്തുടർന്ന് തീർത്തും പ്രാക്തനമായ ആ കലാരൂപം അപ്പാടെ അന്യം നിന്നുപോകുകയാണ് ഉണ്ടായത് എന്ന് മനസ്സിലാക്കുന്നു!

അതെന്തായാലും മറയൂരിലെ ലോഡ്ജുകളിൽ പുറത്തുനിന്ന് വന്ന് താമസിക്കുന്നവരുടേയും പതിവായി കാണാത്ത വണ്ടികൾ പുറത്തുനിന്നും ചട്ടമൂന്നാർ ചെക്ക് പോസ്റ്റ് വഴിയോ ചിന്നാർ ചെക്ക് പോസ്റ്റ് വഴിയോ മറയീരിലേയ്ക്ക് കടന്നുവന്നാലും താമസംവിനാ വിവരം അറിയിക്കാനുള്ള സൗകര്യങ്ങൾ വനംവകുപ്പും ചെയ്തു വച്ചിരുന്നു എന്നത് സത്യമാണ്. പല ദിവസങ്ങളിലും അത്തരത്തിൽ വിവരം കിട്ടിയതനുസരിച്ച് സംശയം തോന്നിയ വണ്ടികളെ പിന്തുടർന്നും മറയൂരുനിന്നും ചിന്നാർ വരെ പോയും തടഞ്ഞ് ഞാനുൾപ്പടെയുള്ള സംഘം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. തമിഴ്നാട് രജിസ്ട്രേഷനുള്ള വണ്ടികളാണെങ്കിൽ അന്നൊക്കെ ശ്രീ കരുണാനിധിയുടേയും കുമാരി ജയലളിതയുടേയും മറ്റും ചിത്രങ്ങൾ കാണിച്ച് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിച്ചിരുന്ന ചില സംഭവങ്ങളും ഞാനിന്ന് ഓർക്കുന്നുണ്ട്.

ഉദുമൽപ്പേട്ടയിലേയ്ക്കുള്ള വഴിയിൽ ചിന്നാറിലെ കേരള വനംവകുപ്പ് ചെക്ക് പോസ്റ്റ് കഴിഞ്ഞാൽപ്പിന്നെ തമിഴ്നാടാണ്. അതുകൊണ്ടു തന്നെ ചരക്ക് ചിന്നാർ ചെക്ക് പോസ്റ്റ് കഴിഞ്ഞ് ‘എസ് വളവിലേയ്ക്ക്’ കടന്നാൽപ്പിന്നെ പിടികൂടുക എന്നത് ഏറെ പ്രയാസവും. അതുപോലെ തന്നെ മറയൂരിൽനിന്നു മൂന്നാറിലേയ്ക്കുള്ള വഴിയിലെ ചട്ടമൂന്നാർ ചെക്ക്പോസ്റ്റും വളരെ പ്രധാനപ്പെട്ടതാണ്. അതുകഴിഞ്ഞാൽ പിന്നെ അടിമാലിയിൽ മാത്രമാണ് അന്ന് ഫോറസ്റ്റ് ചെക്ക് പോസ്റ്റുണ്ടായിരുന്നത്. തന്നെയുമല്ല മൂന്നാറ് എത്തിയാൽ എളുപ്പത്തിൽ അവിടെനിന്നു തമിഴ്നാട്ടിലേയ്ക്ക് സാധനം കയറ്റി പോകാനുമാകും.

തലച്ചുമടായി ചിന്നാറിലേയും ചട്ടമൂന്നാറിലേയും വനംവകുപ്പിന്റെ ചെക്ക്പോസ്റ്റുകൾ കടന്ന് കട്ടകൾ എത്തിക്കുന്നതും മണം അറിയാതിരിക്കാൻ ഡെറ്റോളോ പുൽത്തൈലമോ പോലുള്ള രൂക്ഷഗന്ധമുള്ള ലേപനങ്ങൾ തളിച്ച് ചാക്കുകളിലാക്കി ഡിക്കിയിലോ പ്രത്യേകം നിർമ്മിച്ച രഹസ്യ അറകളിലോ ഒക്കെ കൊണ്ടുപോകുന്നതും പതിവാണ്. അതുകൊണ്ട് തന്നെ വാഹന പരിശോധന വേളയിൽ ഏതെങ്കിലും ലേപനങ്ങളുടെ രൂക്ഷഗന്ധം അടിക്കുന്ന പക്ഷം പരിശോധന കൂടുതൽ കർശനമാക്കാനും അവിടങ്ങളിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നുതാനും! അത്തരത്തിൽ ഒരിക്കൽ വരുത്തിക്കൊത്തിക്കലിന്റെ ഭാഗമാകാനും മറ്റൊരിക്കൽ അതിന്റെ ‘ഇരയാകാനും’ എനിക്ക് ഭാഗ്യം സിദ്ധിച്ചിട്ടുമുണ്ട്. അതിൽ ആദ്യത്തെ സംഭവം ഇങ്ങനെയാണ്.

ഞാൻ കാന്തല്ലൂരിൽ ട്രെയിനി ആയിരിക്കെത്തന്നെ വിശ്വസ്തരായ കുറച്ച് വാച്ചറന്മാരുടെ സഹായത്തോടെ അന്നത്തെ റെയ്ഞ്ച് ഓഫീസറും ഡെപ്യൂട്ടി റെയ്ഞ്ചറും ചേർന്ന് പ്ളാൻ ചെയ്തതാണ് അത്. അതിരാവിലെ വല്ലാത്ത തണുപ്പും മൂടൽ മഞ്ഞും വകവയ്ക്കാതെ മുന്നേയെത്തിയ ഞങ്ങൾ ഒരു കാനനപാതയിൽ കാത്തിരിക്കുകയായിരുന്നു. അങ്ങനെ അരമണിക്കൂറെങ്കിലും കാത്തിരുന്നിരിക്കണം. ഇടയ്ക്ക് വീശിയടിച്ച തണുത്ത കാറ്റും നിലത്തുള്ള അട്ടകളുടെ വല്ലാത്ത ഉപദ്രവവും സഹിച്ച് ഞങ്ങൾ കുറച്ച് പേർ ക്ഷമയോടെ കാട്ടിനകത്ത് ഒളിച്ചിരുന്നു.

കാത്തിരിപ്പിന്റെ അവസാനം പ്രതീക്ഷിച്ചതുപോലെ ഒരു ജീപ്പ് കല്ലും ചരലും നിറഞ്ഞ മൺപാതയിലൂടെ പതിയെ ആടിയാടി വരുമ്പോൾ ഉണ്ടാക്കുന്ന ശബ്ദം ഇതെഴുതുമ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. അന്ന് അതിനനുസരിച്ച് ഞങ്ങളുടെ നാഡിമിടിപ്പും കൂടിക്കൊണ്ടിരുന്നു! കുണ്ടും കുഴിയും നിറഞ്ഞ ആ വഴിയിലൂടെ ആടിയും ഉലഞ്ഞും എത്തിയ ആ പഴയ വില്ലീസ് ജീപ്പ് ഞങ്ങൾ പതിയിരിക്കുന്ന സ്ഥലവും കടന്ന് കുറച്ച് മുന്നോട്ട് പോയിരിക്കണം.

ആ ചെറിയ മൺപാതയിൽ കുറച്ച് മുന്നിലായി ഫോറസ്റ്റ് ജീപ്പ് വഴിക്ക് കുറുകെ ഇട്ടും കല്ലുകളും തടികളും വച്ച് റോഡ് മറച്ചിരിക്കുകയും സ്റ്റാഫുകൾ അവിടെ എന്തിനും സജ്ജരായി കാവൽ നിൽക്കുകയും ആണെന്ന് ആ വരുന്നവർക്ക് അറിയില്ലല്ലോ. പ്രത്യേകിച്ചും അവിടെ ആകെ മൂടിയ മൂടൽമഞ്ഞ് ഞങ്ങൾക്ക് അന്ന് പ്രതീക്ഷിക്കാത്ത ഒരനുഗ്രഹമായി തീരുകയായിരുന്നു. വന്നവർ ഒരു സംശയവും കൂടാതെ ഞങ്ങളെ താണ്ടി മുന്നോട്ട് പോയി. പതുങ്ങിയിരുന്ന പൊന്തക്കാടുകളിൽനിന്ന് സടകുടഞ്ഞെണീറ്റ ഞങ്ങൾ വണ്ടിക്ക് പിന്നാലെ ‘കുതിച്ചു’! (ആലങ്കാരികമായി കാച്ചിയതാണ്. എല്ലാവരും പോയപ്പോൾ ഞാനും പോയി എന്നേ അർത്ഥമുള്ളൂ! പച്ചരി വാങ്ങണ്ടേ ഭായീ...അത്ര മാത്രം!)

തൊട്ടടുത്തെത്തിയപ്പോഴാകണം മുന്നോട്ടുള്ള വഴി അടഞ്ഞിരിക്കുന്നത് അവർക്ക് ഞെട്ടലോടെ മനസ്സിലായത്. പക്ഷേ, എന്തെങ്കിലും പ്രതികരിക്കാൻ ആകുന്നതിന് മുൻപ് തന്നെ അവരെ ഞങ്ങൾ വരുതിയിലാക്കിക്കഴിഞ്ഞിരുന്നു. അന്ന് പിടിച്ച ആ ജീപ്പിൽ മുട്ടികൾ കടത്താനായി നിർമ്മിച്ച ഒരു രഹസ്യ അറയും ഉണ്ടായിരുന്നു!

അതിലും അത്ഭുതമായത് ആ വണ്ടിയിൽ സ്ഥലത്തെ ഒരു പ്രമാണി കൂടി ഉണ്ടായിരുന്നുവെന്നതാണ്! അദ്ദേഹത്തെ കണ്ടപാടെ പുള്ളിയെ നേരിട്ട് പരിചയമുള്ള റെയ്ഞ്ച് ഓഫീസർ തന്റെ മുഖത്തേയ്ക്ക് മങ്കി ക്യാപ്പ് വലിച്ചിട്ടുകളഞ്ഞു. അതോടൊപ്പം തനിക്ക് പണികിട്ടിയതാണെന്ന് ആ പ്രമുഖന് മനസ്സിലാവുകയും ചെയ്തു. അന്നേരത്തെ കോപത്തിന് ഘടാഘടിയനായ അദ്ദേഹം ചുറ്റിനും നോക്കിയെങ്കിലും മുഖപരിചയമുള്ള ആരേയും കണ്ടില്ല എന്നതാണ് സത്യം. യൂണിഫോമിൽ മൂന്ന് സ്റ്റാറും വച്ച് മുന്നിൽ വായും പിളർന്ന് നിൽക്കുന്ന എന്റെ ‘തിരുമോന്തയാണ്’ അദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടത്! ‘സാറേ...ഇതുകൊണ്ടൊന്നും തീരാൻ പോകുന്നില്ല. നമ്മളിനിയും തമ്മിൽ കാണേണ്ടി വരും!’

കോപവും നൈരാശ്യവും കലർന്ന ശബ്ദത്തിൽ കക്ഷി എന്നോടായാണ് ആക്രോശിച്ചത്. കാൽമുട്ടുകൾ കൂട്ടിയിടിച്ചുകൊണ്ട് ഞാനത് ചെവിക്കൊള്ളുകയും ചെയ്തു. എന്തായാലും പിന്നീട് അവിടെ ജോലി ചെയ്യാത്തതിനാൽ അദ്ദേഹത്തെ കാണാൻ ഇടയായിട്ടില്ല.

തമിഴ്നാട്ടിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ അവരുടെ കസ്റ്റഡിയിലിരുന്ന കടുവാത്തോൽ ഇറക്കി ഒരുക്കിയ കെണിയിൽ അന്ന് ഇന്റലിജൻസ് സെല്ലിലുണ്ടായിരുന്ന ഞങ്ങളുടെ സംഘാംഗങ്ങൾ പെട്ടുപോയതാണ് പറയാനുള്ള മറ്റൊരു സംഭവം. ഇന്റലിജൻസ് സെല്ലിൽ ഉണ്ടായിരുന്ന മിടുക്കനായ അനിൽ എന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ തന്നെയാണ് ആ വിവരം ശേഖരിച്ച് കൊണ്ടുവന്നത്. നമുക്കത് പണിയായി മാറി എന്നത് മറ്റൊരു സത്യം.

കിട്ടിയ രഹസ്യ വിവരം അനുസരിച്ച് ‘കടുവാത്തോൽ’ എന്ന വലിയ പ്രലോഭനത്തിന് അടിപ്പെട്ടാണ് ഇടംവലം നോക്കാതെ ഞങ്ങൾ ചാടിപ്പുറപ്പെട്ടത്. എന്നാൽ, അപ്പോഴത് വരുത്തിക്കൊത്തിക്കലാണെന്ന് ഞങ്ങളൊട്ട് കരുതിയതുമില്ല. അതിന് കാരണം വൈൽഡ് ലൈഫ് ട്രോഫികൾ (Wildlife trophies) രംഗത്തിറക്കി റിസ്കെടുത്ത് കളിക്കാൻ ത്രാണിയുള്ള ഇരട്ടച്ചങ്കന്മാർ ആരും കേരളത്തിൽ ഉണ്ടായിരുന്നതായി നമുക്ക് അറിവില്ല എന്നത് തന്നെ. കാരണം ആ തോല് എങ്ങാനും കൈവിട്ട് പോകുകയോ വാങ്ങാനെത്തുന്നവർ അതുമായി കടന്ന് കളയുകയോ ചെയ്താൽപ്പിന്നെ പണി പരണത്താകുന്നതിന് അധികസമയം വേണ്ട!

ചിലപ്പോൾ സംഗതി കള്ളത്തോൽ ആകാം എന്നതാണ് മറ്റൊരു സാധ്യത. അത് പറയാൻ കാരണം കടുവാത്തോൽ അത്രമേൽ സുലഭമായി കള്ളക്കടത്തിൽ വിപണനത്തിന് എത്തുന്നത് ഇന്റലിജൻസ് സെല്ലിൽ ജോലി ചെയ്യുമ്പോൾ ഞങ്ങൾ കണ്ടിട്ടുമില്ല; പിടിച്ചിട്ടുമില്ല എന്നതാണ്. പുലിത്തോൽ അത്രമേൽ ദുർലഭമായിരുന്നില്ലതാനും!

എന്തായാലും ആവേശത്തോടെ ചാടിപ്പുറപ്പെട്ട ഞങ്ങളുടെ സംഘം അവരൊരുക്കിയ കെണിയിൽ നൈസായി ചെന്ന് ചാടുകയും അനുകൃഷ്ണനെന്ന സ്റ്റാഫിനും കടുവാത്തോൽ വില്പനയ്ക്ക് വച്ചിരിക്കുന്ന രഹസ്യവിവരം കളക്ട് ചെയ്യുകയും ഓപ്പറേഷനിൽ സഹായിക്കാനുമായി ഞങ്ങളോടൊപ്പം കൂടിയ ഇൻഫോർമർക്കും അസ്സാരം തട്ടുകേടുകൾ സംഭവിക്കുകയും ചെയ്തു എന്നതാണ് കഥയുടെ പരിസമാപ്തി. ‘അടിയും കൊണ്ടു പുളിയും കുടിച്ചു’ എന്ന് പറയുന്നത് മാതിരി ഒരനുഭവം! അതെക്കുറിച്ച് വിശദമായി എന്റെ ‘’നാഗമാണിക്യം ഗജമുത്ത് വെള്ളിമൂങ്ങ വനംകള്ളക്കടത്തിന്റെ കാണാപ്പുറങ്ങൾ’’ എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നതിനാലും അധികം വിവരിക്കുന്ന പക്ഷം പുസ്തകത്തിന്റെ വില്പനയെ ദോഷകരമായി ബാധിച്ചേയ്ക്കാം എന്ന് ഭയന്നും അതിന് മുതിരുന്നില്ല!

‘മറയൂരിലെ കാടുകളിൽ ചന്ദനം നിൽക്കുന്നത് ഇടി പേടിച്ച് തന്നെയാണ് സാർ..! അല്ലെങ്കിൽ ഇത്ര എളുപ്പത്തിൽ മുറിച്ച് കടത്താൻ പറ്റുന്ന സാധനം ബാക്കി കാണുമോ…?’

അന്ന് എന്നോടൊപ്പം ജോലി ചെയ്തിരുന്ന നൗഷാദ് എന്ന ഫോറസ്റ്റ് ഗാർഡ് പറഞ്ഞതാണ് ഞാനോർക്കുന്നത്. ഇന്നത്തെ മാതിരി അന്ന് വനംവകുപ്പിൽ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ ഇല്ലായിരുന്നു. അന്നൊക്കെ കാന്തല്ലൂർ സ്റ്റേഷൻ പരിധിയിൽനിന്നു പ്രതികളെ പിടിച്ചാൽ കൂടി മറയൂരിലെത്തിച്ച് റെയ്ഞ്ച് ഓഫീസിൽത്തന്നെയുള്ള സെല്ലിൽ പാർപ്പിക്കുകയായിരുന്നു പതിവ്. ഇന്ന് കാന്തല്ലൂർ വേറിട്ട ഒരു റെയ്ഞ്ചാണ്.

എഴുത്തുകുത്തുകൾ പൂർത്തിയാകുന്ന മുറയ്ക്കാണ് അവരെ മൂന്നാറിലേയോ അടിമാലിയിലേയോ മജിസ്ട്രേട്ടിന്റെ മുന്നിലും പിന്നീട് ദേവികുളം സബ് ജയിലിലേക്കും കൊണ്ടുപോകുക.

അവിടെ പരിശീലനത്തിൽ ഉണ്ടായിരുന്ന ചെറിയ കാലത്തിനുള്ളിൽത്തന്നെ പല പ്രതികളേയും കാണുകയും പരിചയിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വണ്ണാന്തറനിന്നു പിടിച്ച സജുക്കുട്ടൻറേയും (പേര് സാങ്കല്പികം) അയാളുടെ സഹായിയുടേയും രൂപം ഇനിയും എന്റെ മനസ്സിൽനിന്നു മാഞ്ഞിട്ടില്ല. ശരിക്കും അയാളേയും കൂട്ടുപ്രതികളായ രണ്ട് പേരേയും സ്റ്റാഫും വാച്ചറന്മാരും ചേർന്ന് പിടിച്ചുകൊണ്ട് വന്നതിന് ശേഷമാണ് ഞാൻ കാണുന്നത് തന്നെ. മുഷിഞ്ഞ മുണ്ട് മാത്രമായിരുന്നു അയാളുടെ വേഷം. തലമുടിയാകെ പാറിപ്പറന്നും മുഖത്ത് ശ്മശ്രുക്കൾ നിറഞ്ഞ നിലയിലും. കഴുത്തിൽ ഏതാണ്ട് മൂന്ന് പവൻ മതിക്കുന്ന ഒരു സ്വർണ്ണമാലയും കയ്യിൽ ഒരു ബ്രേസ്ലെറ്റും! പരിക്ഷീണനായിക്കണ്ട അയാളോട് വിവരങ്ങൾ ചോദിക്കുമ്പോഴാണ് ഞാനത് കണ്ടത്. പുള്ളി ഉടുത്തിരിക്കുന്ന മുണ്ടിന്റെ പിന്നിലപ്പാടെ ചോരക്കറകൾ! എന്താണ് പറ്റിയതെന്ന് തിരക്കിയപ്പോഴും തീർത്തും അവധാനതയിലായിരുന്നു മറുപടി. ‘ഓ..അതോ… അർശ്ശസ്സാണ് സാറേ. രണ്ട് ദിവസത്തെ നടപ്പല്ലായിരുന്നോ? വെളിക്കിറങ്ങിയപ്പോൾ പറ്റിയതാവും!’

ചൊറിഞ്ഞ മറുപടി കേട്ടപ്പോൾ ഒന്ന് പെരുക്കാനാണ് എനിക്ക് തോന്നിയത്. അതേസമയം, അയാളുടെ കൂടെ പിടിക്കപ്പെട്ട മറ്റൊരാളെ മാറ്റിനിർത്തി ചോദ്യം ചെയ്യുമ്പോൾ വല്ലാത്ത പൊട്ടിക്കരച്ചിലായിരുന്നു കക്ഷി. ആള് തിരുവനന്തപുരം പാറശ്ശാലക്കാരനാണ്.

‘അയ്യോ സാറേ.. എനിക്കെന്റെ വീട്ടിൽപ്പോണം. എന്റെ അപ്പിയെക്കാണണം… എനിക്ക് ഒറ്റ മോളാണ് സാറേ. അവൾക്ക് രണ്ട് വയസ്സേയുള്ളൂ..... എന്റെ ഒറ്റമോളെക്കാണണം സാറേ...’ എന്നിങ്ങനെ സാറേയെന്നും ഒറ്റമോളെന്നും ആവർത്തിച്ച് വലിയ വായിൽ നിലവിളിക്കുകയാണ്. അപ്പി എന്നത് തിരുവനന്തപുരത്ത് കുഞ്ഞിന്റെ വിശേഷണമായി ഉപയോഗിക്കുന്നത് എനിക്ക് അറിയാമായിരുന്നു. താൻ ആദ്യമായിട്ടാണ് കട്ടകൾ ചുമക്കാൻ വരുന്നതെന്നും അയാൾ ആണയിടുന്നുണ്ടായിരുന്നു. ഏത് കുറ്റവാളിയെ പിടിച്ചാലും അവർ ജീവിതത്തിൽ ആദ്യമായാണ് കുറ്റം ചെയ്തതെന്ന് ആണയിട്ട് പറയുന്നതിനാൽ അതിന് കുറ്റാന്വേഷണ ഉദ്യോഗസ്ഥരാരും വലിയ വില നൽകാറില്ല എന്നതാണ് വാസ്തവം!

അപ്പോഴാണ് എന്റെ സഹപ്രവർത്തകനും ഇന്നും ഞാനുമായി അടുപ്പം സൂക്ഷിക്കുന്നവനുമായ നൗഷാദ് സജുക്കുട്ടനെപ്പറ്റി എന്നോട് പറഞ്ഞത്.

‘ഇവനൊക്കെ എന്തിന്റെ കേടാണ് സാറേ. ഏതോ നല്ല കുടുംബത്തിലെ ചെക്കനാണ്. ചേച്ചിയൊന്നുള്ളത് @@@@@ (പേര്) സ്കൂളിലെ അധ്യാപികയാണ്. തന്ത @@@@@ (പേര്) ക്ഷേത്രത്തിലെ കഴകക്കാരനും! ഇവനോ ആകെ കൊഴമറിഞ്ഞവനും. അവർക്കൊന്നും ഇനി പുറത്തിറങ്ങി നടക്കാൻ പോലും പറ്റില്ലെന്നാണ് തോന്നുന്നത്!’

അപ്പോൾ അത് കേട്ടുകൊണ്ട് സജുക്കുട്ടൻ എന്റെ സമീപം നിൽക്കുകയായിരുന്നു. അയാളുടെ മുഖത്ത് വലിയ ഭാവവ്യത്യാസം ഒന്നും കണ്ടില്ല. പക്ഷേ, ഞാനവന്റെ മുഖത്തേയ്ക്ക് തറപ്പിച്ച് നോക്കിയപ്പോൾ അയാൾ പതിയെ കണ്ണുകൾ പിൻവലിച്ച് നിലത്ത് നോക്കി നിന്നു.

സമയം പോയതുകൊണ്ട് ഞാൻ പിന്നീട് അധികനേരം അവിടെ നിന്നില്ല. ഞാൻ താമസിക്കുന്ന കോവിൽക്കടവിലെ മുറിയിലേയ്ക്ക് പോകാനായി ജീപ്പിനടുത്തേയ്ക്ക് നടക്കുമ്പോൾ ഞാനാണ് അവിടത്തെ അധികാരി എന്ന് കരുതിയിട്ടോ ‘തിര്വോന്തരംകാരനെന്ന്’ മനസ്സിലായിട്ടോയെന്തോ സജുക്കുട്ടന്റെ പാറശ്ശാലയിലെ സുഹൃത്ത് ‘എനിക്കെന്റെ അപ്പിയെക്കാണണം...എനിക്കിനി എന്റെ ഒറ്റമോളെക്കാണാൻ കഴിയ്വോ സാറേ…’ എന്ന് കരഞ്ഞുകൊണ്ട് അടുത്തേയ്ക്ക് വരാൻ ഒരു ശ്രമം കൂടി നടത്തി. ഒരു പക്ഷേ തൊണ്ടിയോട് കൂടി ഓടിച്ചിട്ട് പിടിച്ചപ്പോഴുണ്ടായ ബലപ്രയോഗത്തിലോ ഇനി ഭേദ്യം ചെയ്യലുണ്ടാകുമോ എന്ന് ഭയന്നോ ആകണം അയാൾ അങ്ങനെതന്നെ പറഞ്ഞുകൊണ്ടിരുന്നത്.

വൈകിട്ടായപ്പോൾ കോവിൽക്കടവിലെ അമ്മാവന്റെ വീട്ടിലെ എന്റെ മുറിയിലേയ്ക്ക് നൌഷാദ് വീണ്ടും എത്തി. ‘സാർ.. ജയിലേയ്ക്ക് കൊണ്ടുപോയപ്പോൾ ആ സജുക്കുട്ടൻ ഊരിത്തന്നതാണിത്. നല്ല വില പിടിപ്പുള്ള സാധനങ്ങളാണ്. സ്റ്റേഷനിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ സാറിനെ ഏൽപ്പിക്കാനാണ് എല്ലാവരും പറഞ്ഞത്.’

സജുക്കുട്ടന്റെ കഴുത്തിൽ കിടന്നിരുന്ന സ്വർണ്ണമാലയും ബ്രേസ്ലെറ്റും ആയിട്ടാണ് അദ്ദേഹത്തിന്റെ വരവ്. അവ എന്നെ ഏൽപ്പിച്ച് നൌഷാദ് ദണ്ഡുകൊമ്പിലെ തന്റെ മുറിയിലേയ്ക്ക് മടങ്ങിപ്പോയി. ഞാനത് അപ്പോൾത്തന്നെ അകത്തെ മുറിയിലെ ചുമരിലെ അലമാരയിൽ വച്ച് പൂട്ടുകയും ചെയ്തു.

(തുടരും)