ഞാൻ കോവിൽക്കടവിൽ അമ്മാവന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന മുറിയോട് ചേർന്ന് താമസിച്ചിരുന്നതും ആരോഗ്യവകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരായി ജോലി ചെയ്തിരുന്ന രണ്ട് പേരുടെ കഥ പറയാമെന്ന് കഴിഞ്ഞ ഒരു അധ്യായത്തിൽ സൂചിപ്പിച്ചിരുന്നല്ലോ. ശരിക്കും അതൊക്കെയാണ് കഥ! പാറശ്ശാല സ്വദേശികളായ അവരെ ‘ചീളുകൾ’ എന്ന കളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. തിര്വോന്തരത്ത് ചീളുകൾ എന്നാൽ നിസ്സാരർ എന്നോ കഥയില്ലാത്തവർ എന്നോ ഒക്കെ അർത്ഥം വരും!

To advertise here,

അവരിരുവരും ഇപ്പോഴും എന്റെ സുഹൃത്തുക്കളാണ്. അവരിലൊരാൾ ഹെൽത്ത് ഡിപ്പാർട്ട്മെന്റിലെ ഫുഡ് ആൻഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണറായി എന്നോടൊപ്പം 2025-ൽ അടുത്തൂൺ പറ്റിപ്പിരിയുകയും മറ്റേയാൾ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ സീനിയർ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി നോക്കുകയും ചെയ്യുന്നു. ശരിക്കും തമാശക്കാരായിരുന്ന അടുത്ത സുഹൃത്തുക്കളായ അവരോടൊത്തുള്ള ആ നാളുകൾ ചുണ്ടിലൊരു ചിരിയോടെ അല്ലാതെ ഇന്നും ഓർക്കാൻ വയ്യ.

ഇന്നത്തെ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ കണക്കെ അന്ന് ചന്ദന മോഷണം അത്യന്തം രൂക്ഷമായിരുന്ന കാന്തല്ലൂർ പോലൊരു സ്ഥലത്ത് ജോലി ചെയ്തപ്പോൾ പോലും ആ രണ്ടുപേരുടെ തമാശകൾ അത്രമേൽ ആസ്വാദ്യകരമായിരുന്നു. അതിൽ കന്യാകുമാരിയിൽ ജോലി ചെയ്യുന്ന ആൾ പാചകകലയിൽ ഒരു അഭിനവ നളൻ കൂടിയായിരുന്നുവെന്ന് പറഞ്ഞുകൊള്ളട്ടെ. (ശരിക്കും കക്ഷിയുടെ നാമധേയം ബാബു എന്നാണെങ്കിലും ഒരു ചെയ്ഞ്ചിന് നമുക്കയാളെ സാബു എന്ന് വിളിക്കാം. എന്താ..?) ഇതെന്തായാലും ഇപ്പോൾ തമിഴ്നാട്ടിലുള്ള അയാൾ ഇതൊന്നും വായിക്കാൻ പോകുന്നില്ലെന്ന് എനിക്ക് ഉറപ്പുണ്ട്! പക്ഷെ, മറ്റേയാളെ സൂക്ഷിക്കണം. അയാളിപ്പോൾ സിനിമയെന്നും തിരക്കഥയെന്നും പറഞ്ഞ് എറണാകുളത്ത് സ്ഥിരതാമസമാണെന്നാണ് അവസാനം അറിഞ്ഞത്.

ഒരു അവധി ദിവസം വൈകുന്നേരത്തെ മദ്യപാന സദസ്സിൽ ഇരിക്കുമ്പോഴാണ് അവരിലൊരാൾ മനസ്സ് തുറന്നത്.

‘എന്തെര് പറയാനണ്ണാ...നിങ്ങള കൂടെ താമസമാക്കിയതിന് ശേഷം നമുക്ക് പോലും ഇത്തിരി പോത്തിറച്ചി കിട്ടാതായി!’

അന്നൊക്കെ കാട്ടിറച്ചി ഹൈറേഞ്ചിൽ പലയിടത്തും സുലഭമായിരുന്നെന്ന് സാരം! പറഞ്ഞറിഞ്ഞ കണക്കുകൾ ഇങ്ങനെയാണ്. അതായത് മ്ളാവോ കാട്ടുപോത്തോ ഒക്കെ അഞ്ച് കിലോയെങ്കിലും പച്ചയിറച്ചി ഉണക്കിയാലേ ഒരു കിലോ ഉണക്കയിറച്ചി കിട്ടുകയുള്ളൂ! പിന്നീട് അത് ഈർപ്പം തട്ടാതെ അടുപ്പിന് മുകളിൽ ഉറിയിലോ മറ്റോ കെട്ടിത്തൂക്കി ഇട്ടിരുന്നാൽ കുടംപുളി ഉണങ്ങുന്നത് പോലെ പുകയും ചൂടും അടിച്ച് കാലാകാലം കേടുവരാതെ ഇരിക്കും. ഞങ്ങൾ നടത്തിയിട്ടുള്ള റെയ്ഡുകളിൽ ചിലയിടങ്ങളിലെങ്കിലും അങ്ങനെ സൂക്ഷിക്കുന്നത് കണ്ടിട്ടുമുണ്ട്.

അതിന്റെ പാചകരീതികൾ ഇങ്ങനെയാണത്രേ. ഓരോ പ്രാവശ്യവും പീസുകളിൽ (മിക്കപ്പോഴും നീളത്തിൽ കീറിയത്) ആവശ്യത്തിനുള്ളത് എടുത്ത് വെള്ളത്തിൽ കുറേ നേരം ഇട്ടുവച്ചിരുന്ന് ചെറുതായി കുതിർന്നതിന് ശേഷം അടുപ്പിലെ തീക്കനലിൽ ഇട്ട് ഒന്ന് ചെറുതായി ചുട്ടെടുക്കും. എന്നിട്ട് അമ്മിയിൽവച്ച് നല്ലത് പോലെ തല്ലിച്ചതച്ച ശേഷം ഇറച്ചിയിലെ നാരുകൾ രണ്ട് കൈകൊണ്ടും പിരിച്ചെടുത്തിന് ശേഷമാണ് മസാലയും മറ്റ് ചേരുവകളും ചേർത്ത് പൊരിച്ചെടുക്കുന്നത്. ഇന്ന് മാർക്കറ്റിൽ സുലഭമായിക്കിട്ടുന്ന ഇടിയിറച്ചിയുടെ അതേ റെസിപ്പി തന്നെ. പക്ഷേ, അവിടെ സംഗതി സാദാ നാട്ടുപോത്ത് ആണെങ്കിൽ ഇവിടെ പിടിച്ചാൽ ‘മുട്ടൻ പണികിട്ടാവുന്ന’ കാട്ടുമൃഗങ്ങളുടെ ഇറച്ചിയാണെന്ന് മാത്രം!

അന്ന് മറയൂരും മറ്റും വ്യാപകമായിരുന്ന ചെറുവെടികളേയോ (ഇറച്ചിക്കായുള്ള ചെറുമൃഗങ്ങളുടെ വേട്ട) കള്ളവാറ്റിനേയോ ചന്ദനമോഷണത്തോളം വനംവകുപ്പ് ഉദ്യോഗസ്ഥർ ഗൗരവമായി എടുത്തിരുന്നില്ലേയെന്നും അതൊരു താരതമ്യേന ചെറിയ കുറ്റമായി (lesser evil) കണ്ടിരുന്നോയെന്നും ഒരു ചെറിയ സംശയം ബാക്കിയുണ്ട്. അങ്ങനെ പറയുന്നതിൽ ലേശം ഔചിത്യക്കുറവ് ഉണ്ടെങ്കിലും!

അത് പറയാൻ കാരണം സർവ്വീസിലുണ്ടായിരുന്ന ഒരു റേഞ്ചർ കൂടി അന്ന് എന്നോട് ഭംഗ്യന്തരേണ സൂചിപ്പിച്ച കാര്യമാണ്. കാട്ടിനകത്തെ കള്ളവാറ്റുകാർ പലപ്പോഴും ചന്ദനക്കൊള്ളക്കാരെക്കുറിച്ച് നമുക്ക് വിവരങ്ങൾ തരാറുണ്ടെന്നും അവർ കാട്ടിൽക്കയറി വെടിവയ്ക്കാറില്ലെന്നും അതുകൊണ്ട് തന്നെ നമ്മൾ അവരെ വലുതായി ഉപദ്രവിക്കാറില്ലെന്നും ആണ് അദ്ദേഹം പറഞ്ഞത്!

‘അവർ കാട്ടുതീ ഉണ്ടാക്കുകയോ വലിയ നില്പ് മരം മുറിച്ച് വിറകാക്കി കത്തിക്കുകയോ ആനയെ വെടിവച്ചാലോ ഒക്കെയല്ലേ നമുക്ക് ശല്യമുള്ളൂ.’

ചന്ദനക്കൊള്ള ഏറ്റവും വലിയ തലവേദനയായിരുന്ന അന്നത്തെ സാഹചര്യത്തിൽ ആ ഉദ്യോഗസ്ഥൻ പറഞ്ഞ ആ വാക്കുകളിലെ ശരിതെറ്റുകൾ ഇവിടെ ചികയുന്നില്ല.

വീണുകിടക്കുന്ന ഉണക്ക മരങ്ങളുടെ കമ്പുകൾ മാത്രമേ കള്ളവാറ്റുകാർ എടുക്കാറുള്ളൂയെന്നും കാടിനകത്തെ ചോലകളുടെ അരികുകളിലും മറ്റുമാണ് കളങ്ങൾ (വാറ്റുകേന്ദ്രങ്ങൾ) എന്നതിനാലും ചന്ദന മോഷ്ടാക്കൾ ആ വഴി പോയാൽ അവരുടെ നീക്കങ്ങൾ ‘മാന്യന്മാരായ’ കള്ളച്ചാരായം വാറ്റുകാർ മുഖേന നമുക്കറിയാനാകും എന്നും അദ്ദേഹം പറഞ്ഞപ്പോൾ അതിൽ എനിക്കും വലിയ അപാകമൊന്നും തോന്നിയില്ലെന്നതും സത്യമാണ്!

എന്നാൽ, വേട്ടക്കാരുടെ കാര്യം നിശ്ചയമായും അങ്ങനെയല്ല തന്നെ. കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത പട്ടികയിലുള്ള വന്യജീവികളെ നായാടുന്നത് അക്ഷന്തവ്യമായ കുറ്റം തന്നെയാണ്. ഇതൊക്കെയാണെങ്കിലും ഒരു കിലോ കാട്ടിയുടെ ഉണക്ക ഇറച്ചി 700 മുതൽ 900 രൂപ നിരക്കിൽ വളരെ വിശ്വസ്തരായവർക്ക് ‘അന്തക്കാലത്ത്’ രഹസ്യമായി എത്തിച്ചിരുന്നുവെന്നാണ് കേൾവി! അന്ന് വെടിക്കാരുമായി അടുത്ത ബന്ധം ഇല്ലാതിരുന്നതിനാൽ അതിൽക്കൂടുതൽ കൃത്യതയോടെ പറയാനും വയ്യല്ലോ. ഇപ്പോഴുണ്ടെന്ന് കരുതരുതേ.)

ചുരുക്കിപ്പറഞ്ഞാൽ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനായ ഞാൻ ആ ഹെൽത്ത് ഇൻസ്പെക്ടറന്മാരോടൊത്ത് വാടക വീട്ടിൽ താമസിക്കാൻ തുടങ്ങിയപ്പോൾ മുതൽ കാട്ടിറച്ചി കിട്ടാനുള്ള അവരുടെ വഴിയും അടഞ്ഞെന്നാണ് ഇവിടെ പരിഭവം! ആലോചിക്കുമ്പോൾ ആ പറയുന്ന സംഗതി ശരിയുമാണ്!

എന്നെ പരിചയപ്പെട്ടതിനുശേഷം പല രാത്രികളിലും നൈറ്റ് പട്രോളിങ്ങിന് മറ്റുമായി സ്റ്റാഫ്‌ എന്നെ കൂട്ടാൻ വരുന്നത് അവർ കാണാറുണ്ടായിരുന്നു. അവരുടെ പെരുമാറ്റവും സർവ്വോപരി ‘തിര്വോന്തരം ഫാഷയിലെ’ സരസ സംഭാഷണവും കാരണം കാന്തല്ലൂർ സ്റ്റേഷനിലെ മിക്ക സ്റ്റാഫുമായും അവർ പെട്ടെന്ന് ചങ്ങാത്തത്തിലായി. കോവിൽക്കടവിൽ വാടകയ്ക്ക് താമസിക്കുന്ന വനംവകുപ്പ് സ്റ്റാഫുമായി രാവിലെ ഞാൻ നടക്കാനും വ്യായാമത്തിനുമായി പോകുമ്പോൾ അവരും അനുഗമിക്കുക പതിവായിരുന്നു.

പകൽ മുഴുവൻ ഫീൽഡ് സഞ്ചാരത്തിനായി പോകുമെങ്കിലും വനംവകുപ്പിലെ പോലെ കാക്കി യൂണിഫോമിട്ടവരുടെ കൂടെ പട്രോളിങ്ങിനും റെയ്ഡിനും പോകണമെന്നത് അവർക്കന്ന് വലിയ ആശയായിരുന്നു. എന്നോട് അവരത് പറഞ്ഞത് മാതിരി എങ്ങനെയെങ്കിലും അതൊന്ന് സാധിച്ചുകൊടുക്കാനായി അടുപ്പമുള്ള സ്റ്റാഫിനോട്‌ ഞാൻ പറയുകയും ചെയ്തിരുന്നു. പക്ഷേ, പലപല കാരണങ്ങളാൽ അതങ്ങനെ നീണ്ട് പോയി.

നല്ല തണുപ്പുള്ള ഒരു ഞായറാഴ്ച പ്രത്യേകിച്ച് പട്രോളിങ്ങും മറ്റും ഇല്ലാത്തതിനാൽ ഞങ്ങൾ മൂവരും അത്യാവശ്യം നല്ല മൂഡിലായിരുന്നു. കുറച്ച് നമ്മുടെ അമ്മാവനും കൊടുത്തിരുന്നു. രണ്ട് പ്രാവശ്യം മുക്കാൽ ഗ്ളാസ്സ് വീതം ഒഴിച്ചും നെഞ്ച് തടവിക്കൊണ്ടും ‘ഡ്രൈ’ അടിച്ചതിന് ശേഷം അമ്മാവൻ ജീവനും കൊണ്ട് അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു!

അന്ന് രണ്ട് ഫോറസ്റ്ററന്മാരാണ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്നത്. അതിലൊരാൾ പ്രൊമോഷനായി എത്തിയതും അമ്പത്തിനാലിനോട് അടുത്ത് പ്രായം ചെന്നയാളുമായിരുന്നു. മറ്റേയാൾ നേരിട്ട് ഫോറസ്റ്ററായി കയറിയ താരതമ്യേന പ്രായത്തിൽ ഇളപ്പമുള്ള ആളും. അതുകൊണ്ട് തന്നെ ചെറുപ്പക്കാരനായ ഫോറസ്റ്റർ ഉള്ള ദിവസങ്ങളിലായിരിക്കും കൂടുതൽ പരിശോധനയും പട്രോളിങ്ങുമൊക്കെ നടക്കുക. (അവരുടെ ഇടയിൽ നിലനിന്നിരുന്ന ചേരിപ്പോരിന്റെ കാര്യം നമുക്ക് തത്ക്കാലം വിട്ടുകളയാം.) എന്നാൽ, ഫീൽഡ് സഞ്ചാരത്തിന് അധികമൊന്നും പോകാറില്ലെങ്കിലും പ്രൊമോഷനായി എത്തിയതും കോവിൽക്കടവിൽ താമസിച്ചിരുന്നതുമായ ഫോറസ്റ്റർക്കാണ് രഹസ്യവിവരങ്ങൾ കൂടുതലും കിട്ടാറുണ്ടായിരുന്നത് എന്നത് സത്യമാണ്. വിവരങ്ങൾ മാത്രമല്ല; ആഴ്ചയിൽ രണ്ട് ദിവസമുള്ള ചന്തദിവസങ്ങളിൽ അദ്ദേഹത്തിന് പുൽത്തൈലവും ശർക്കരയും ഒക്കെ വിൽക്കാനെത്തുന്ന ആദിവാസികളിൽനിന്ന് പല ‘സംഭാവനകളും ഉല്പന്നങ്ങളും’ കിട്ടുമായിരുന്നു താനും!

ആ ഞായറാഴ്ച രാത്രി ഞാൻ ഉറങ്ങിക്കഴിഞ്ഞപ്പോഴാണ് പുറത്ത് വണ്ടി വന്ന് നിൽക്കുന്ന ശബ്ദം കേൾക്കുന്നത്. തുടർന്ന് വാതിലിൽ തട്ട് കേട്ടപ്പോൾ പ്രാകിക്കൊണ്ടാണ് എണീറ്റ് ചെന്നതും. മേൽ സൂചിപ്പിച്ച ചെറുപ്പക്കാരനായ ഫോറസ്റ്ററാണ് മുന്നിൽ.

ദീർഘനാളായി ഞങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രതി അന്ന് രാത്രി ദണ്ഡുകൊമ്പിനടുത്തുള്ള അയാളുടെ വീട്ടിലുണ്ടെന്ന വിശ്വസനീയമായ വിവരം കിട്ടിയിരിക്കുന്നു! ഡെപ്യൂട്ടി റേഞ്ചർ വീട്ടിലേയ്ക്ക് പോയിരിക്കുകയാണ്. റെയ്ഞ്ച് ഓഫീസറും അന്ന് സ്ഥലത്തില്ല. അതുകൊണ്ട് ഞാൻ കൂടി ചെല്ലണം എന്നതാണ് ആവശ്യം.

അവരെ കുറ്റം പറയാനാകില്ല. ഒരർത്ഥത്തിൽ അതവരുടെ സുരക്ഷ കൂടിയാണ്. ഒരു ഓഫീസർ കൂടെയുണ്ടെന്ന് പറയുമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടായാലും മേലാവിൽ വിശദീകരിക്കാൻ അയാൾ ബാധ്യസ്ഥനാണല്ലോ. സത്യത്തിൽ അത് കേട്ട ഞാൻ വല്ലാത്ത ധർമ്മസങ്കടത്തിൽ ആയിപ്പോയി എന്ന് പറഞ്ഞാൽ മതിയല്ലോ. പലതും പറഞ്ഞൊഴിയാൻ ശ്രമിച്ചിട്ടും അയാൾ വിടുന്ന മട്ടില്ല. പിടിച്ച പിടിയാലേ ‘കൊണ്ടേ പോകൂ’ എന്ന് പണ്ടാരാണ്ട് പറഞ്ഞത് മാതിരി ഒറ്റ നിൽപ്പാണ്! ഞാനങ്ങനെ ആലോചിച്ച് നിന്നപ്പോഴാണ് തൊട്ടടുത്ത മുറിയിൽ ഉറങ്ങാതെ കിടക്കുകയായിരുന്ന ‘ആരോഗ്യ ശ്രീമാന്മാർ’ എണീറ്റ് വന്നത്.

‘നമുക്ക് പോകാമണ്ണാ... ഞങ്ങളും കൂടി വരാം. പെട്ടെന്ന് റെഡിയാകാം...!’, അത് കേൾക്കെ ചെറുപ്പക്കാരനായ ഫോറസ്റ്ററിനും ബഹുത് ഖുശി! (അന്ന്) സൌഹൃദം ഒരു വീക്ക്നെസ്സായിരുന്ന എനിക്കും പിന്നെയൊന്നും പറയാനുണ്ടായിരുന്നില്ല.

രാത്രികളിൽ ഗ്രാമപ്രദേശങ്ങളിൽ പ്രതികളെ അന്വേഷിച്ച് പോകുമ്പോൾ നമ്മൾ നേരിടുന്ന വലിയ പ്രശ്നം നായ്ക്കളുടെ കുരയാണ്. ഒരു വീട്ടിലെ നായ തുടങ്ങിവച്ചാൽ അതേറ്റ് പിടിക്കുന്ന പരിസരങ്ങളിലെ സുഹൃത്തുക്കളും കൂടിയാകുമ്പോൾ തീർത്തും അസഹനീയവും. ഉള്ളിലോട്ടുള്ള സ്ഥലങ്ങളിലെ വീടാണെങ്കിൽ കരിമ്പിൻ പാടങ്ങളിലൂടെയോ നെൽപ്പാടങ്ങളിലൂടേയോ മുറിച്ച് കടന്നായിരിക്കും എത്തേണ്ടതും. അതുകൊണ്ട് തന്നെ ശ്വനന്മാരുടെ ബഹളം കാരണം ഞങ്ങൾ എത്തുന്നതിന് മുൻപ് തന്നെ പ്രതികൾക്ക് സുഖമായി എണീറ്റ് രക്ഷപ്പെടാനുമാകും എന്നതാണ് അവസ്ഥ!

എന്തായാലും അത്രത്തോളം ഭീകരമായിരുന്നില്ല ഇവിടത്തെ കാര്യങ്ങൾ. സമയം അർധരാത്രി കഴിഞ്ഞിരുന്നു. പരിസരത്തൊന്നും മറ്റ് വീടുകൾ കാണാനില്ല. രാത്രി നന്നായി ലഹരി മൂത്തും ഭാര്യയെ കെട്ടിപ്പിടിച്ചും കിടന്നിരുന്ന മേപ്പടി പ്രതിയുടെ വീട് ഇരുട്ടിന്റെ മറ പറ്റിയെത്തിയ ഞങ്ങൾ പെട്ടെന്ന് വളഞ്ഞു. പതിവുപോലെ എത്തിയപാടെ വീടിന് മുന്നിലേയും പിന്നിലേയും വശങ്ങളിലേയും വാതിലുകൾക്ക് മുന്നിൽ സ്റ്റാഫുകൾ കരുതലോടെ നിലയുറപ്പിച്ച ശേഷമാണ് മുന്നിലെ വാതിലിൽ ഫോറസ്റ്റർ തട്ടി വിളിച്ചത്. ഏത് ഓപ്പറേഷനിലും അതാണ് പതിവും!

‘എടാ സെൽവാ... വാതിൽ തുറക്ക്. പുറത്തേയ്ക്ക് വാ… കാന്തല്ലൂരത്തെ സാറന്മാരാണ്. നിന്നോട് റേഞ്ചർ സാറിന് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്.… വാതിൽ തുറക്ക്.... ഇറങ്ങി വാ.’ ഫോറസ്റ്റർ പറഞ്ഞു. തെല്ലിട കഴിഞ്ഞപ്പോഴേയ്ക്കും അകത്ത് വിളക്ക് തെളിഞ്ഞു. വീണ്ടും അതേ പല്ലവിതന്നെ ഫോറസ്റ്റർ ആവർത്തിച്ചുകൊണ്ടിരുന്നു.

പെട്ടുപോയെന്ന് മനസ്സിലായപ്പോൾ അയാൾ കാലത്ത് മറയൂരിലെത്തി റെയ്ഞ്ച് ഓഫീസറെ കണ്ടോളുമെന്നും ഇപ്പോൾ ഞങ്ങൾ തിരിച്ച് പോകണമെന്നുമൊക്കെ അയാളുടെ ഭാര്യ അകത്ത് നിന്നും അപേക്ഷിക്കാൻ തുടങ്ങി. സമയം പോകുന്നതല്ലാതെ അയാൾ പുറത്തേയ്ക്ക് വരുന്ന ലക്ഷണമൊന്നും കാണാനില്ല. പിന്നിലുള്ള വാതിലൂടേയും രക്ഷപ്പെടാനാവില്ലെന്ന് അയാൾക്ക് ഉറപ്പായിക്കാണണം.

അപ്പോഴും ഫോറസ്റ്ററും കൂടെയുള്ളവരും വാതിലിൽ മുട്ടുകയും അതേ കാര്യം മാറിമാറി ആവർത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്നിട്ടും അനുകൂലമായ പ്രതികരണം ഒന്നും ഉണ്ടായതേയില്ല.

അവസാനം ഫോറസ്റ്റർ അടവൊന്ന് മാറ്റി. ലേശം കലിപ്പിലായി പിന്നത്തെ സംഭാഷണം. ‘സെൽവാ… നിനക്ക് നമ്മൾ അഞ്ച് മിനിട്ട് സമയം തരും. അതിനകം നീ വാതിൽ തുറന്നില്ലെങ്കിൽ ഞങ്ങൾ ചവിട്ടിപ്പൊളിക്കും. മര്യാദയ്ക്ക് വാതിൽ തുറക്ക്..!’ ആ അർധരാത്രി വീട് പൊളിച്ച് പ്രതിയെപ്പിടിക്കാനൊന്നും തുനിഞ്ഞില്ലെങ്കിലും അങ്ങനെയായിരുന്നു വീമ്പ് പറച്ചിൽ.

ചന്ദനക്കടത്തിൽ സജീവാംഗമായതിനാൽത്തന്നെ അവൻ അപകടം മണത്ത് കഴിഞ്ഞിരുന്നു. ആ വീട് വളഞ്ഞിട്ടും അവനെ വിളിക്കാൻ തുടങ്ങിയിട്ടും അരമണിക്കൂറിലേറെയെങ്കിലും ആയിരിക്കണം. കഷ്ടകാലത്തിന് പാതിയുറക്കത്തിൽനിന്ന് മനസ്സില്ലാമനസ്സോടെ വന്ന എനിക്ക് കലശലായി ഉറക്കം വരുന്നുണ്ടായിരുന്നു. ഒന്നാമത് രാത്രി അല്പം കൂടുതൽ അകത്താക്കിയതിന്റെ ക്ഷീണം. പിന്നെ അത്രനേരമായിട്ടും പ്രതി പുറത്തിറങ്ങാൻ കൂസാത്തതിന്റെ മടുപ്പ്.

ആരും ശ്രദ്ധിക്കാതെ ഞാൻ പതിയെ ഇറയത്തെ പടിയിലായി ഇരുന്നു.

‘ഛേയ് സാർ എന്തായിത്? മോശമല്ലേ...?’ ഫോറസ്റ്ററുടെ ശബ്ദമാണ് എന്നെ ഉണർത്തിയത്. സംഭവിച്ചത് എന്താണ്...?

അരണ്ട വെളിച്ചത്തിൽ മുറ്റത്ത് അയലിൽ ഉണങ്ങാനിട്ടിരുന്ന ഒരു തുണിയെടുത്ത് ഇറയത്ത് ഒരു മൂലയ്ക്കായി ഇട്ടാണ് ഞാൻ ഇരുന്നിരുന്നത്. പ്രതി ‘ഇപ്പോൾ പുറത്തിറങ്ങും...ഇപ്പോൾ പുറത്തിറങ്ങും...’ എന്നുകരുതി ഒന്ന് രണ്ട് മണിക്കൂറുകൾ എങ്കിലും കടന്ന് പോയിരിക്കണം. ഇരുന്ന് മുഷിഞ്ഞ് പിന്നെ അതിൽക്കിടന്ന് ഞാൻ അറിയാതെ ഉറങ്ങിപ്പോയതാണ് രംഗം. പോരാത്തതിന് എന്റെ ഒടുക്കത്തെ കൂർക്കംവലിയും!

(സത്യത്തിൽ ട്രെയിനിലെ ദൂരയാത്രകളിൽ ഇന്നും കൂർക്കം വലിച്ച് സഹയാത്രികരെ ബുദ്ധിമുട്ടിക്കാറുണ്ട്. ആദ്യപകൽ മാന്യനായി ഇരിക്കുന്ന എനിക്ക് അന്ന് രാത്രി ഉറങ്ങിയെഴുന്നേറ്റാൽ കാലത്ത് സഹയാത്രക്കാരെ അഭിമുഖീകരിക്കാൻ തന്നെ മടിയാണ്. അവരനുഭവിച്ചിട്ടുണ്ടാകുന്ന കഷ്ടപ്പാടുകൾ എനിക്കറിയാം. വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ അതൊരു കുടുംബപ്രശ്നമായി മാറിയിരുന്നുതാനും! എന്തിന് സ്വന്തം കൂർക്കംവലി കേട്ട് ഞാൻ തന്നെ ഞെട്ടിയുണർന്നു പോയിട്ടുണ്ടെന്ന് പറഞ്ഞാൽ എന്റെ ഗതികേട് അനുവാചകർക്ക് ഉൾക്കൊള്ളാനാകുമെന്ന് കരുതുന്നു.)

ഇവിടെ സംഗതി നോക്കിയപ്പോൾ ഞാൻ അനന്തശയനം കൊണ്ടതോ ബഹുമാന്യനായ നമ്മുടെ പ്രതിയുടെ ഭാര്യയുടെ ഉണങ്ങാനിട്ട പഴയ അടിപ്പാവാടയിലും! സത്യത്തിൽ ആ ഇരുട്ടിൽ ഞാനത് ശ്രദ്ധിച്ചിരുന്നില്ല. അർധരാത്രി ആണ് സംഭവിച്ചത് എങ്കിൽക്കൂടി തീർത്തും നാണക്കേടായിപ്പോയ ഒരു സംഭവമാണത്. അവിടത്തെ സാഹചര്യം പൂർണ്ണമായും നമ്മളുടെ അധീനതയിലാണല്ലോയെന്ന വിശ്വാസത്തിലാകാം ഞാനത്തരത്തിൽ ഉറങ്ങിപ്പോയത്. ആ കൊടുംചെയ്ത്ത് ആപ്പീസറായ എന്നിൽ നിന്നായിപ്പോയതിനാൽ ആർക്കും കളിയാക്കാനും പറ്റാത്ത അവസ്ഥയുമായിരുന്നു!

അതൊരിക്കലും ന്യായീകരിക്കാനാകാത്ത തെറ്റ് തന്നെയാണ്. അതീവ ഗൗരവകരമായ ഒരു സാഹചര്യത്തെ തികഞ്ഞ അവധാനതയോടെ കണ്ട ഞാൻ അതിൽ ശിക്ഷാർഹനാണെന്നതിൽ സംശയമില്ല. അതുകൊണ്ടാണ് ഇത്രയും നാൾ പുറത്ത് പറയാതെ പതുക്കിവച്ചതും!

അപ്പോഴേയ്ക്കും വളരെ ആക്ടീവായി റെയ്ഡിൽ പങ്കെടുക്കുന്ന മാതിരിയായിരുന്നു എന്റെ സുഹൃത്തുക്കളായ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇരുവരും. അവരുടെ ചുറുചുറുക്ക് കണ്ട് ഉറക്കം മാറിയ ഞാനും മറ്റുള്ളവരും അതിയശയിച്ച് നിന്നപ്പോഴാണ് അടുത്ത അങ്കം!

നേരത്തേ പറഞ്ഞത് പോലെ പലരായി മാറിമാറി അകത്ത് ഒളിച്ചിരിക്കുന്ന സെൽവനെ അപ്പോഴും ഉച്ചത്തിൽ അനുനയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. പക്ഷേ, അയാൾ പുറത്തിറങ്ങാൻ കൂട്ടാക്കുന്നേയില്ല. ഇപ്പോൾ കൂടെ വന്നാൽ റെയ്ഞ്ചറെ കണ്ടിട്ട് തിരിച്ചുവിടാമെന്നും നാളെ കാലത്ത് സുരക്ഷിതനായി മടങ്ങിയെത്താമെന്നും ഇല്ലെങ്കിൽ വാതിൽ പൊളിച്ച് പിടിച്ചുകൊണ്ടു പോകും എന്നൊക്കെത്തന്നെയാണ് ഓരോരുത്തരും പറയുന്നത്. എന്നാൽ, അതൊന്നും മാനിക്കാതെ രക്ഷപ്പെടാനുള്ള മാർഗ്ഗവും തല പുകഞ്ഞ് അകത്ത് ഒളിച്ചിരിക്കുകയാണ് പ്രതി.

ഇടയ്ക്ക് അയാളുടെ ഭാര്യ ‘സാറേ… നാളെ രാവിലെ ചേട്ടൻ റേഞ്ചിൽ വന്ന് ആപ്പീസറെ കണ്ടോളും. ഇപ്പോൾ നിങ്ങൾ പോകണം…’ എന്നൊക്കെ പറയുന്നത് കേൾക്കാം.

അപ്പോഴേയ്ക്കും സർവ്വാത്മനാ വനംവകുപ്പിനോട് താദാത്മ്യം പ്രാപിച്ച് കഴിഞ്ഞിരുന്ന ഹെൽത്ത് ഇൻസ്പെക്ടറന്മാരിലെ രണ്ടാമൻ പ്രതിയെ അനുനയിപ്പിക്കുന്ന ആ ദൗത്യത്തിലേയ്ക്ക് സ്വമേധയാ പ്രവേശിച്ചത്.

‘സെൽവാ.… നീ മര്യാദയ്ക്ക് ഇറങ്ങി വാ. നമുക്ക് മറയൂര് പോയി റേഞ്ചർ സാറിനെ കണ്ട് സംസാരിച്ചിട്ട് തിരിച്ചുവരാം. ഞങ്ങളാണ് പറയുന്നത്... എടാ, നീ ഇറങ്ങി വാ..’

ചെറിയ ഉറക്കച്ചടവുണ്ടെങ്കിലും അവരുടെ അത്തരത്തിലുള്ള വിളിച്ച് പറയലുകൾ എനിക്ക് കൗതുകമായി തോന്നി. കാരണം പിറ്റേന്നും ആരോഗ്യപ്രവർത്തകരുടെ ജോലി സംബന്ധമായി അവർക്ക് അവിടെയുള്ള പല വീടുകളിലും പോകേണ്ടതാണല്ലോ. അകത്തുനിന്നും ശെൽവന്റെ നല്ലപാതി വീണ്ടും എന്തോ വ്യക്തമല്ലാത്ത ശബ്ദത്തിൽ എന്തൊക്കെയോ അഭ്യർത്ഥനകൾ നടത്തുന്നുണ്ട്.

അപ്പോൾ വീണ്ടും പാറശ്ശാലക്കാരനായ ആ ‘ആരോഗ്യത്തിന്റെ’ വാക്കുകൾ മുഴങ്ങിക്കേട്ടു. ഇത്തവണ ആദിദ്രാവിഡ ഭാഷ തന്നെയാണ് കക്ഷി എടുത്ത് പ്രയോഗിച്ചത് എന്നൊരു വ്യത്യാസം.

“സെൽവാ, കടൈസിയാഗ സൊൽഗിറേൻ… കഥവൈത്തിര. ഉനക്ക് നാങ്ങൾ ഐന്ത് നിമിടം നേരം തരുഗിറോം… ഐന്ത് നിമിടത്തിർക്ക് നീ കഥവൈ തിരക്കവില്ലൈ എൻട്രാൽ.... നാങ്ങൾ ഉനക്കു ഇന്നും ഐന്ത് നിമിടം കൂടുതലാഗത് തരുവോം… നീ കഥവൈ തിരപ്പായാ ഇല്ലയ്യാ...?”

പഠിച്ച് പറയുന്ന് മാതിരിയുള്ള ആ വാചകങ്ങൾ കേട്ടപ്പോൾ ഇടിവെട്ടേറ്റവരെപ്പോലെ എല്ലാവരും കിടുങ്ങി വിറച്ചുപോയി. വല്ലാത്തൊരു ചെയ്താണ് ചെയ്തിരിക്കുന്നത്. പിന്നീട് അവിടമാകെ കനത്ത നിശ്ശബ്ദതയായിരുന്നു. സൂചി വീണാൽ കേൾക്കുന്ന അവസ്ഥ. ആരുമാരും ഒന്നും മിണ്ടുന്നേയില്ല.

ആ സഹൃദയന്റെ വാഗ്ധോരണി ഇങ്ങനെ പരിഭാഷപ്പെടുത്താം. ‘സെൽവാ… അവസാനമായി പറയുകയാണ്… വാതിൽ തുറക്ക്… നിനക്ക് ഞങ്ങൾ ഒരഞ്ച് മിനിട്ട് സമയം തരും. അഞ്ച് മിനിട്ടിനകം നീ വാതിൽ തുറന്നില്ലെങ്കിൽ.....’, ഒന്നു നിറുത്തിയാണ് അദ്ദേഹം ബാക്കി പൂരിപ്പിച്ചത്. ‘’... വീണ്ടും നിനക്ക് ഒരഞ്ച് മിനിട്ട് സമയം കൂടിത്തരും. നീ തുറക്കുമോ ഇല്ലയോ..?’’

യൂണിഫോമിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ഒരു പിടികിട്ടാപ്പുള്ളിയെ വീടിനകത്ത് വളഞ്ഞ് വച്ചിരിക്കുകയാണ് എന്നോർക്കണം. ആ ചങ്ങായിയുടെ വിടുവായത്തത്തിൽ തരിച്ചുപോയ ആർക്കും ഒന്നും മിണ്ടാനായില്ല.

അത്രയും പറഞ്ഞപ്പോഴാണ് സംഗതിയുടെ ഗൗരവവും നാണക്കേടും ഒക്കെ നമ്മുടെ ‘ആരോഗ്യവാനും’ വെളിപ്പെട്ടതെന്ന് സാരം! കാര്യം അയാൾ ആദ്യമായാണ് വനംവകുപ്പിന്റെ ഒരു ഓപ്പറേഷനിൽ പങ്കെടുക്കുന്നത്. താൻ മോശക്കാരൻ ആകരുതല്ലോയെന്ന് കരുതി കയറി തട്ടിമൂളിച്ചതാണത്. അതൊരു അബദ്ധപ്പഞ്ചാംഗം ആയിത്തീരുമെന്ന് കക്ഷിയും സ്വപ്നത്തിൽപ്പോലും നിനച്ചതല്ല.

അന്നത്തെ അവധി ദിവസത്തെ ആഘോഷത്തിനിടയിൽനിന്ന് ഞങ്ങളെ വിളിച്ച് കൊണ്ടുവരാൻ തോന്നിയ മനസ്സിനെ ആ ഫോറസ്റ്ററും ഉള്ളാൽ ശപിച്ചുകാണും എന്നുറപ്പ്! സംഭവത്തിന്റെ ‘തലതിരിഞ്ഞ’ ആന്റിക്ലൈമാക്‌സ് അപ്പോഴും വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ!

ആ വാക്കുകൾ കേട്ടപാതി കേൾക്കാത്ത പാതി അത്രയും നേരം തുറക്കാത്ത വീടിന്റെ വാതിൽ തുറക്കുകയും എതിർക്കാനോ കുതറിയോടാനോ ശ്രമിക്കാതെ സെൽവൻ എന്ന പിടികിട്ടാപ്രതി വനംവകുപ്പിന് മുന്നിൽ കീഴടങ്ങുകയും ചെയ്തു എന്നതാണത്! രണ്ട് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനും വാചാടോപത്തിനും ശേഷം എന്തുകൊണ്ടാണ് പെട്ടെന്നയാൾ കീഴടങ്ങാൻ തീരുമാനിച്ചത്? സംഭവിക്കുന്നതെന്ന് എന്താണെന്ന് ആർക്കും ഒരെത്തും പിടിയും കിട്ടിയില്ല.

തന്റെ പെണ്ണിന്റെ അടിപ്പാവാടയിൽ കിടന്ന് കൂർക്കം വലിച്ച് ഉറങ്ങുന്ന ഓഫീസറേയോ വളിച്ച തമാശകൾ പറഞ്ഞ് കൂടെയുള്ളവരെ ചിരിപ്പിച്ചുകൊല്ലുന്ന അയാളുടെ ഭൂതഗണങ്ങളേയോ ഓർത്ത് പരിതപിച്ചിട്ടാണോ അതോ ഇനിയും ഒളിച്ചിരുന്നാൽ അവരിവിടെ കുടിൽ കെട്ടി സ്ഥിരതാമസമാക്കും എന്ന് ഭയന്നിട്ടാണോ അങ്ങനെ ഒരു തീരുമാനത്തിലെത്തിയതെന്ന് അയാളോട് തന്നെ ചോദിക്കണം!

അതെന്തായാലും നിരുപാധികം കീഴടങ്ങിയ ആ പിടികിട്ടാപ്പുള്ളിയുമായി ഞങ്ങളുടെ സംഘം പാൽനിലാവേറ്റ് മയങ്ങിക്കിടക്കുന്ന വയലേലകൾ മുറിച്ച് അകലെ ഏതോ വൃക്ഷത്തിന്റെ നിഴലിൽക്കിടക്കുന്ന ജീപ്പിനടുത്തേയ്ക്ക് തിരികെ നടക്കുമ്പോഴും ആരുമാരും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല!

(അവസാനിക്കുന്നില്ല)