‘ദീപസ്തംഭം മഹാശ്ചൈര്യം...! സാറീ സ്പോട്ട് കോമ്പൌണ്ടിംഗ് ...സ്പോട്ട് കോമ്പൌണ്ടിംഗ്... എന്ന് കേട്ടിട്ടുണ്ടോ..? ഇല്ല, അല്ലേ...എന്നാൽ അങ്ങനെയൊരു വകുപ്പുണ്ട്. ഫീൽഡിൽ ഒറ്റയ്ക്കുള്ളപ്പോൾ കീഴ്സ്റ്റാഫിന് എടുത്ത് പ്രയോഗിക്കാനായി തന്നിരിക്കുന്ന പ്രത്യേക വകുപ്പാണത്. അതെടുത്തങ്ങ് അലക്കി. അത്ര തന്നെ!’

കഴിഞ്ഞ അദ്ധ്യായത്തിൽ കാന്തല്ലൂരിൽ രാത്രി നടത്തിയ ഒരു റെയ്ഡിനിടയ്ക്ക് അന്ന് പ്രൊബേഷണറായിരുന്ന എന്റെ കണ്ണുകൾ അറിയാതെ അടഞ്ഞുപോയതും ഉച്ചത്തിൽ കൂർക്കം വലിച്ചതുമായ ഒരു സംഭവം വിവരിച്ചത് സഹൃദയർ ഓർക്കുമല്ലോ. ആ അർധരാത്രിയിൽ ഞാൻ കിടന്നത് പാവം പ്രതിയുടെ പെണ്ണുമ്പിള്ള അലക്കി വിരിച്ചിരുന്ന അടിപ്പാവാടയിലായിപ്പോയി എന്നത് നേര്. മാപ്പാക്കണം. ഒന്നും മനഃപൂർവം ആയിരുന്നില്ലല്ലോ. എന്നാൽ, അതേ തുടർന്ന് ഞാൻ ജോലി ചെയ്തിരുന്ന പലയിടത്തുനിന്നും കൂടെ ജോലി ചെയ്തിരുന്നവർ (മിക്കവാറും എല്ലായിടത്തുനിന്നും എന്ന് വേണമെങ്കിൽ ചേർത്ത് വായിക്കാം) ജോലിയിലിരിക്കെ എന്നെ നിരന്തരം ബാധിക്കുമായിരുന്ന ഉറക്കപ്പിശാചിനെ സംബന്ധിച്ച് ഈയ്യടുത്ത് ഫോണിൽ വിളിച്ച് ഓർമ്മപ്പെടുത്തുകയുണ്ടായി. എന്നാൽ, അവർ പറഞ്ഞതൊന്നും തന്നെ എന്റെ ഓർമ്മയിലില്ല (ഇനി അപ്പോഴും ശരിക്കും ഉറങ്ങിപ്പോയതിനാലാണോ എന്നറിയാൻ വയ്യ) എന്ന് ഇതിനാൽ തെര്യപ്പെടുത്തുന്നു!
പണ്ട് റാന്നി ഫ്ളൈയിങ് സ്ക്വാഡിൽവച്ച് ഒരു വാറണ്ട് പ്രതിയെ* അന്വേഷിച്ച് (ബഹുമാനപ്പെട്ട കോടതി ആവർത്തിച്ച് ബന്ധപ്പെട്ട കേസ് അവധിക്ക് വയ്ക്കുമ്പോൾ ഹാജരാകാതെ വരുമ്പോൾ മൂന്ന് പ്രാവശ്യം എങ്കിലും സമൺസ് അയച്ചിട്ടും വീണ്ടും നേരിട്ടോ വക്കീൽ മുഖേനയോ ഹാജരാകാതെ വരുമ്പോൾ ടി കക്ഷിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകുന്ന നിർദ്ദേശം) തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു. ആര്യങ്കാവ് അതിർത്തി കടന്ന് പോലീസ് സഹായത്തിനായി ചെങ്കോട്ട പോലീസ് സ്റ്റേഷന് മുന്നിൽ വണ്ടി നിർത്തിയപ്പോൾ (സ്വബോധത്തിലായിരുന്നിട്ടും) ജീപ്പിൽ കൂർക്കം വലിച്ച് ഉറങ്ങുകയായിരുന്ന ഞാൻ ഉറക്കം ഞെട്ടിയെഴുന്നേറ്റ് ‘’ഇതെവിടെയാണ്? നമ്മൾ എന്തിനാണ് ഇവിടെ വന്നത്?’’ എന്നൊക്കെ പാറാവ് നിന്ന പോലീസുകാരൻ കേൾക്കെ ചോദിച്ച് സീനുണ്ടാക്കിയെന്ന് അന്ന് കൂടെ ജോലി ചെയ്തിരുന്ന ഹരിപ്പാട്ടുകാരനായ പ്രകാശ് എന്ന ഫോറസ്റ്റർ ഞാനുൾപ്പെടുന്ന ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ ഇട്ടതും വടശ്ശേരിക്കരക്കാരനായ അനിൽകുമാർ എന്ന മറ്റൊരു ഫോറസ്റ്റർ അതിന് കൈയടിച്ചതും എന്നെ അപകീർത്തിപ്പെടുത്താനായി മാത്രം ഉദ്ദേശിച്ചാണെന്ന് നിസ്സംശയം പറയാനാകും. നിരന്തരം അവമതികൾ പ്രചരിപ്പിക്കുന്ന അവരോടും ദീനദയാലുവായ ഈ ‘ആശാൻ ക്ഷമിച്ചിരിക്കുന്നു’!
എന്തായാലും ഞാൻ മറയൂരിലെ പ്രൊബേഷൻ കാലം ‘അത്യന്തം’ വിജയകരമായി പൂർത്തിയാക്കിയതിന്റെ അവസാനവട്ട ആഘോഷങ്ങൾ നടക്കുകയായിരുന്ന ദിവസത്തിലേയ്ക്ക് ഒന്ന് പോകാം. അപ്പോഴേയ്ക്കും ഞാൻ പൂർണ്ണമായും അവിടത്തെ സ്റ്റാഫിൽ ഒരാളായിക്കഴിഞ്ഞിരുന്നു എന്നതോർക്കുക. അതുകൊണ്ട് തന്നെ ഓഫീസറും ഫീൽഡ് സ്റ്റാഫും എന്ന വ്യത്യാസം അവിടെ കൂടിയവർക്കാർക്കും ഇല്ലായിരുന്നു.
ഞാൻ രഹസ്യവിവരങ്ങൾ ചോർത്താൻ വന്ന ‘മൂശേട്ടയായ ഒരു ആപ്പീസറല്ലെന്നും’ കാലക്ഷേപത്തിനായോ വയറ്റുപിഴപ്പിനായോ അവരോടൊത്ത് വനംവകുപ്പിൽ എത്തിച്ചേർന്ന ഒരു ‘പ്യാവം’ ആണെന്നും അവർ വിശ്വസിച്ചിരുന്നു എന്ന് സാരം! അതുകൊണ്ടാണല്ലോ അന്നത്തെ സഭയിൽവച്ച് പലരും താന്താങ്ങളുടെ അനുഭവങ്ങൾ എനിക്ക് പകർന്ന് തന്നതും! അതൊക്കെത്തന്നെ ഒരു വേള പണ്ടത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ അനുഭവിച്ചിരുന്ന സ്വകാര്യ അഹങ്കാരങ്ങളായിരുന്നെന്നോ അന്ന് നിലവിലുണ്ടായിരുന്ന ചോദ്യം ചെയ്യപ്പെടാത്ത അധികാരങ്ങളായിരുന്നുവെന്നോ ഒക്കെ വേണമെങ്കിൽ പറയാം. ഇവിടെ അതിൽ രണ്ട് മൂന്നെണ്ണം പറയാം. എന്താ..? (കൂടുതൽ പറഞ്ഞ് കുളമാക്കിയെന്നും വേണ്ട.)
സ്പോട്ട് കോമ്പൌണ്ടിംഗ് നടത്തിയ കഥ
സംഭവം നടന്ന കാലഘട്ടവും ചെക്ക് പോസ്റ്റിന്റെ പേരും തത്കാലം പുറത്ത് പറയാൻ നിർവ്വാഹമില്ല. ഞാനിനി പറയുന്നത് വിശ്വസിക്കാനോ വിശ്വസിക്കാതിരിക്കാനോ ഉള്ള അധികാരം വായനക്കാർക്ക് മാത്രം ഉള്ളതാണ്. എന്റെ മുന്നിലിരുന്ന മുഹമ്മദാണ് (പേര് സാങ്കല്പികം) ഡ്യൂട്ടിക്കിടയിൽ അദ്ദേഹം അഭിമുഖീകരിച്ച ഒരു ദുർഘടാവസ്ഥയെക്കുറിച്ച് ആദ്യം പറഞ്ഞത്.
‘അന്ന് രാത്രി ചെക്ക് പോസ്റ്റിലെ ഡ്യൂട്ടിയിലായിരുന്നു ഞാൻ. സാധാരണ രാത്രികളിൽ ആ ചെക്ക്പോസ്റ്റിൽ അങ്ങനെ വണ്ടികൾ വരാറില്ലെന്ന് സാറിന് അറിയാമല്ലോ. വരുന്ന വണ്ടികൾ കർശന പരിശോധനയ്ക്ക് ശേഷമേ കടത്തിവിടാകൂ എന്നാണല്ലോ ചട്ടം. പക്ഷെ, നട്ടപ്പാതിരായ്ക്ക് നല്ല ഉറക്കിത്തിലായിരിക്കുമ്പോൾ പ്രാകിക്കൊണ്ട് എണീറ്റ് ഒന്ന് നോക്കിയെന്ന് വരുത്തി വണ്ടി നമ്പറും സമയവും കുറിച്ചുവച്ചതിന് ശേഷം റോഡിന് കുറുകെയിട്ടിരിക്കുന്ന കഴ പൊക്കിക്കൊടുത്ത് കടത്തിവിടുകയാണ് നമ്മൾ ചെയ്തിരുന്നത്.’
‘സത്യത്തിൽ മിക്കപ്പോഴും നമ്മൾ അതിന് മിനക്കെടാറും ഇല്ല. വിശ്വസ്തരായ വാച്ചറന്മാർ ആരെങ്കിലും ആയിരിക്കും അതൊക്കെ ചെയ്യുന്നത്. സാറന്മാരായ നമ്മൾ അകത്തിരിക്കുകയേ ഉള്ളൂ. അതാണല്ലോ അതിന്റെ ഒരിത്. വാച്ചറന്മാർ കൂടെ താമസിക്കുന്നത് കൊണ്ട് ഭക്ഷണം ഉണ്ടാക്കാനും നമ്മൾ മെനക്കടണ്ട എന്നൊരു മെച്ചവുമുണ്ട്.’ മുഹമ്മദ് അന്നത്തെ കാലത്തേയ്ക്ക് ഊളിയിടുകയായിരുന്നു.
‘കാട് കാണാനെത്തുന്നതിൽ ടൂറിസ്റ്റുകളിൽ മിക്കപങ്കും അത്യാവശ്യം കുപ്പികളും കരുതൽ ശേഖരവും ഒക്കെയായിട്ടാകും എത്തുന്നതെന്ന് അറിയാമല്ലോ. കാട് പോലെ അതും അവരുടെ ഒരു വീക്ക്നെസ്സ് ആയിരിക്കും. വണ്ടിയിലെ ഡിക്കിയിലെ ബാഗുകളിൽ ഒളിപ്പിച്ചിരിക്കുന്ന കുപ്പികൾ കാണുമ്പോൾ നമ്മൾ ചെറുതായി ഒന്ന് മസിലുപിടിച്ചാൽ മതി. കുപ്പിയൊരണ്ണം പാട്ടും പാടി നമ്മുടെ മുറിക്കുള്ളിലെത്തും. അല്ലെങ്കിൽ അത്യാവശ്യം കുറച്ച് പിടയ്ക്കുന്ന നോട്ടുകൾ മേശപ്പുറത്ത് തുറന്ന് വച്ചിരിക്കുന്ന രജിസ്റ്ററിനുള്ളിൽ വിനയത്തോടെ അവന്മാര് കൊണ്ട് വയ്ക്കും.’
‘പിന്നെ സാറിന് അറിയാവുന്നത് പോലെ വല്ലപ്പോഴും പകലെത്തുന്ന തടിവണ്ടികൾ, അറവ് മാടുകൾ, കരി എന്നിങ്ങനെയുള്ള അല്ലറച്ചില്ലറ ‘ഉത്പന്നങ്ങൾക്കും’ നിർദ്ദോഷമായ നോട്ടക്കൂലിയായി ഒരു ചെറിയ ‘പടി’ മറ്റ് സർക്കാർ ചെക്ക് പോസ്റ്റുകളിലെ മാതിരി നമുക്കും കിട്ടാറുണ്ടായിരുന്നു. ഓരോ ആഴ്ചത്തേയും ഡ്യൂട്ടി കഴിയുമ്പോൾ അത് വീതിച്ചെടുത്ത് നമ്മൾ സന്തോഷത്തോടെ പിരിയും. പിന്നെ അടുത്ത് വരുന്നവന്റെ ഊഴം. അതായിരുന്നു പതിവ്! ’
(ശാന്തിയും സമാധാനവും ‘പുകുന്ത് വിളയാടിയിരുന്ന’ ആ കാലം ഇങ്ങിനി വരാത്ത വിധം മൺമറഞ്ഞുപോയോ എന്ന് ഇന്നത്തെ ഇളമുറക്കാർ ഒരു വേള ചിന്തിച്ചേക്കാം. അന്നൊക്കെ ഇന്നത്തെ മാതിരി വിജിലൻസിനെ പേടിച്ച് കിട്ടുന്ന ‘അനാമത്ത് കാശ്’ അടുത്തുള്ള ചായത്തട്ടിലെ അണ്ണാച്ചിയെ ഏൽപ്പിച്ചും അവസാനം ഡ്യൂട്ടി കഴിയുമ്പോൾ കണക്കുനോക്കി നോട്ടക്കൂലി കഴിച്ച് ബാക്കി വാങ്ങി വീതിക്കുകയും ചെയ്യേണ്ടുന്ന ആവശ്യം ഒന്നുമില്ലായിരുന്നു എന്നാണ് ‘കവി’ ഉദ്ദേശിച്ചത്!)
‘അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി ലേശം വൈകിയാണ് ആ വണ്ടി വന്നത്. വെളുത്ത ഒരു അംബാസഡർ മാർക്ക് ഫോർ കാറ്. എന്റെ കൂടെയുണ്ടായിരുന്ന വാച്ചർ സുപ്രൻ അപ്പോഴേയ്ക്കും ഉറങ്ങിയിരുന്നു. അയാളെ ഉണർത്തണ്ട എന്ന് കരുതി ഞാൻ തന്നെ എണീറ്റ് വണ്ടിക്കടുത്തോട്ട് ചെന്നു.’
‘ചെക്ക് പോസ്റ്റിലെ നൂറ് വാട്ട് ബൾബിന്റെ പ്രകാശം അപ്പോൾ കാറിനകത്തേയ്ക്കും വീഴുന്നുണ്ടായിരുന്നു. അതിനകത്ത് ചെറുപ്പക്കാരായ രണ്ട് സ്ത്രീകളും മൂന്ന് ആണുങ്ങളുമാണ്. അവരെ കണ്ടപ്പോഴേ എന്തോ വശപ്പിശകാണ് എനിക്ക് തോന്നിയത്. അന്തക്കാലത്ത് ഇന്നത്തെ മാതിരി ‘ഉഭയസമ്മത പ്രകാരം’ കലാപരിപാടികൾ ഒന്നും അനുവദനീയമല്ലല്ലോ. ‘എന്ത് പുല്ലെങ്കിലും ആകട്ടെ, നമുക്കെന്താ...?’, എന്നാണ് ഞാനപ്പോൾ ചിന്തിച്ചത്.’
‘എന്തായാലും ഞാൻ കയ്യിലിരുന്ന നാല് കട്ടയിടുന്ന എവറെഡി ടോർച്ചുമായിറങ്ങി ആ കാറിനൊരു വലംവച്ച് വന്നു. അപ്പോൾ സംശയം ജനിപ്പിക്കുന്ന മാതിരി ഒന്നും കണ്ടില്ല. എന്നാലും അകത്തിരിക്കുന്ന പെണ്ണുങ്ങളുടെ വെപ്രാളം കണ്ടപ്പോൾ എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലിരുന്ന് ആരോ വീണ്ടും പറയുന്നത് പോലെയാണ് തോന്നിയത്!’
‘കാറിന്റെ ഡ്രൈവറോട് സീറ്റിൽനിന്നും എണീറ്റ് ചെക്ക്പോസ്റ്റിന്റെ ചായ്പിൽ മേശപ്പുറത്ത് വച്ചിരിക്കുന്ന രജിസ്റ്ററിൽ പോയി നമ്പരെഴുതി ഒപ്പിട്ട് വരാൻ പറഞ്ഞിട്ട് വീണ്ടും ചുറ്റും ടോർച്ചടിച്ച് കറങ്ങിയപ്പോഴാണത് കണ്ടത്. എന്റെ സംശയം ശരിയാണ്. അതാ, വണ്ടിയുടെ മുൻവശത്തെ നമ്പർ പ്ലേറ്റിന്റെ അറ്റത്തായി പറ്റിയിരിക്കുന്ന ചോരക്കറകൾ!’
‘കെബിവി (KBV) രജിസ്ട്രേഷനായിരുന്നു കാറ്. ട്രിവാൻഡ്രംകാരാണെന്ന് തോന്നുന്നു. പിന്നെ വിരട്ടലായി, ചോദ്യം ചെയ്യലായി. അതൊന്നും നമ്മളെ ആരും പ്രത്യേകിച്ച് പഠിപ്പിച്ച് തരേണ്ട ആവശ്യമില്ലെന്ന് സാറിനറിയാമല്ലോ. അപ്പോഴാണ് അവർ വണ്ടിയിടിച്ച് ചത്ത ഒരു പന്നിക്കുട്ടിയുടെ ശരീരം കാറിനകത്ത് പെണ്ണുങ്ങൾ ഇരിക്കുന്നതിന് താഴെയായി തുണികൊണ്ട് മൂടിയിട്ടിരിക്കുന്നത് കാണിച്ചു തന്നത്!
‘സംഗതി കണ്ടെത്തിയതോടെ പെണ്ണുങ്ങൾ കരച്ചിലായി ഏങ്ങലടിയായി. അറിയാതെ പറ്റിപ്പോയതാണെന്നും ഇനി ആവർത്തിക്കില്ലെന്നും ഒക്കെ പറഞ്ഞാണ് കൂട്ടക്കരച്ചിൽ!’
‘സത്യത്തിൽ ഞാനും ആകെ ധർമ്മസങ്കടത്തിലായി. സംഗതി നമുക്ക് ഹറാമാണ്. അതുകൊണ്ട് തന്നെ അതെടുത്തിട്ട് പ്രത്യേകിച്ച് കാര്യം ഒന്നുമില്ല. പിന്നെ കടലാസാക്കി കേസ്സാക്കി അവരെ പിടിച്ച് കോടതിയിൽ കൊണ്ടുപോകുന്നതാണ് അടുത്ത വഴി. എന്നാൽ അവരാരും വേട്ടക്കാരല്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. സംഭവം അബദ്ധം പറ്റിയതാണ്.’
‘പിന്നെ എന്ത് ചെയ്തു...?’, പറയുന്നതിനിടയിൽ എടങ്ങേറാകാണ്ട എന്ന് കരുതി ക്ഷമയോടെ കാത്തിരിക്കുകയായിരുന്നെങ്കിലും അയാൾ ആയിടെയൊന്നും അവസാനിപ്പിക്കാനുള്ള ലക്ഷണം കാണിക്കാത്തതിനാൽ ഞാൻ ഇടയ്ക്ക് കയറി ചോദിച്ചതാണ്. അപ്പോൾ മുഹമ്മദ് എന്നെ നോക്കി അർത്ഥഗർഭമായി ചിരിച്ചു.
‘ദീപസ്തംഭം മഹാശ്ചൈര്യം...! സാറീ സ്പോട്ട് കോമ്പൌണ്ടിംഗ്… സ്പോട്ട് കോമ്പൌണ്ടിംഗ്... എന്ന് കേട്ടിട്ടുണ്ടോ..? ഇല്ല, അല്ലേ… എന്നാൽ അങ്ങനെയൊരു വകുപ്പുണ്ട്. ഫീൽഡിൽ ഒറ്റയ്ക്കുള്ള അവസരങ്ങളിൽ കീഴ്സ്റ്റാഫിന് എടുത്ത് പ്രയോഗിക്കാനായി തന്നിരിക്കുന്ന വകുപ്പാണത്. അതെടുത്തങ്ങ് അലക്കി. അത്ര തന്നെ. അല്ലാണ്ടെന്താ...?’ ഒരു പൊട്ടിച്ചിരിയായിരുന്നു ആ വാചകങ്ങൾക്ക് അകമ്പടിയായത്.
(1961-ലെ കേരള വനനിയമത്തിലെ 68-ാമത്തെ വകുപ്പ് പ്രകാരം അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവ്വേറ്ററിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥന് നിസ്സാര കേസ്സുകളിൽ നീണ്ടുപോയേക്കാവുന്ന കോടതി നടപടികൾ ഒഴിവാക്കി പ്രതി ചെയ്ത കുറ്റം സമ്മതിക്കുന്ന പക്ഷം പിഴത്തുക അടച്ച് കേസ്സ് രാജിയാക്കിക്കൊടുക്കാനുള്ള വിശേഷാധികാരം നൽകിയിട്ടുണ്ട്. എന്നാൽ, വനാതിർത്തികൾ അടയാളപ്പെടുത്തി സ്ഥാപിക്കുന്ന ജണ്ടകൾ (Cairns/ Juntas) നശിപ്പിക്കുന്നതോ ദുരുപദിഷ്ടിതമായ നിലയിൽ നിയമനടപടികൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥന്മാരെ കുറ്റവിമുക്തരാക്കാനോ അതിൽ സാധിക്കില്ല. അതുപോലെ തന്നെ 1972 –ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 54 പ്രകാരം ഡെപ്യൂട്ടി കൺസർവ്വേറ്ററിൽ കുറയാത്ത ഒരാൾക്കും (കർശന നിബന്ധനകൾ പാലിച്ച്) അതിനുള്ള അധികാരം നൽകിയിട്ടുണ്ട്.)
അതൊക്കെ തൃശൂർ വെള്ളാണിക്കരയിലെ കാർഷിക സർവ്വകലാശാലയിലെ ഫോറസ്ട്രി കോളേജിലും പിന്നീട് ജോലി കിട്ടിയപ്പോൾ അരിപ്പയിലേയും വാളയാറിലേയും ട്രെയിനിംഗ് ക്ളാസ്സുകളിൽ വച്ചും ഒക്കെ പഠിച്ചിട്ടുണ്ടെങ്കിലും കൂസലില്ലാതെ ‘ടിയാൻ’ ആ പറഞ്ഞത് കേട്ടപ്പോൾ എനിക്കും കൺഫ്യൂഷനായി. ശ്ശെടാ.. ഇതെന്താ കടുവയെ പിടിച്ച കിടുവയോ? ഇയാളുടെ ‘പേച്ച്’ കേട്ടാൽ അതൊന്നും അത്ര വലിയ തെറ്റേ അല്ലെന്ന് തോന്നും. എങ്ങനെയാണ് കേസ്സ് ഒത്തുതീർപ്പാക്കിയതെന്ന് ഞാൻ അങ്ങോട്ട് ചോദിച്ചില്ല. അതിങ്ങോട്ട് പറയുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
‘പാവങ്ങളല്ലേ പോയി പിഴയ്ക്കട്ടെ എന്ന് ഞാനും കരുതി. ചെറിയ ഒരു പിഴ ഈടാക്കി വിട്ടയയ്ക്കുകയും ചെയ്തു. ഒരു മൂവായിരം രൂപ! രണ്ടായിരത്തി അഞ്ഞൂറ് എനിക്കും അഞ്ഞൂറ് നമ്മുടെ സഹചാരിയായ വാച്ചർക്കും. അന്നത്തെ കാലത്ത് അതൊരു തെറ്റില്ലാത്ത സംഖ്യയാണ്. ഇതൊക്കെ സാറിനോട് ആയത് കൊണ്ട് പറയുന്നതാണ്. കേട്ടോ. മറ്റാരെങ്കിലും അറിഞ്ഞാൽ ഞാൻ കൈക്കൂലി വാങ്ങി അവരെ വിട്ടു എന്നല്ലേ പറയുള്ളൂ. സാറിത് ആരോടും പറയില്ലെന്ന് എനിക്ക് വിശ്വാസമാണ്!’
വളരെ കൂളായിട്ടാണ് ആ ‘നീതിമാൻ’ അത് പറഞ്ഞത്! അങ്ങനെ പറയാൻ പാടുണ്ടോ…? ഛായ് ..ഒരിക്കലുമില്ല. എന്നാലും യാതൊരു നിയമ നടപടികളും ഇല്ലാതെ ഒരു കടലാസ് പോലും എഴുതാതെ അത്രപെട്ടെന്ന് കേസ്സ് രാജിയാക്കാൻ കഴിവുള്ള പ്രത്യേക ജനുസ്സിലെ ആ ഉദ്യോഗസ്ഥനെ ഞാൻ ഭയഭക്തി ബഹുമാനത്തോടെ നോക്കി.
(ഞാനാരാ മോൻ...! എന്റെ മേലുള്ള ആ വിശ്വാസം അങ്ങനെതന്നെ ഇരിക്കട്ടെ ഭായീ...എന്നാണോ ഞാനപ്പോൾ മനസ്സിൽ കരുതിയത്.)
ഈ കഥ പറഞ്ഞപ്പോൾ പിൽക്കാലത്ത് പേര് മറ്റൊരിടത്ത് ഡി.എഫ്.ഓ ആയി ചാർജ്ജെടുത്തതിന് ശേഷം അന്നവിടെ ഉണ്ടായിരുന്നതും എനിക്കേറെ അടുപ്പം ഉള്ളയാളുമായ ഒരു റെയ്ഞ്ച് ഓഫീസറുമൊത്ത് ഒരു നൈറ്റ് പട്രോളിങ്ങിനിടയിൽ നല്ല തണുപ്പ് തോന്നിയതിനാൽ തുറന്നിരുന്ന ഒരു പീടികയിൽ കാലിച്ചായ കുടിക്കാൻ പോയ രംഗം ആണ് ഓർമ്മ വരുന്നത്. ഇന്നും എന്റെ അടുത്ത സുഹൃത്തായ ആ റേഞ്ചർ പ്രൊമോഷനായി എത്തിയ ഒരാളായിരുന്നു. അതായത് എനിക്ക് മുന്നേ സർവ്വീസിലെത്തി ഫോറസ്റ്ററായും ഡെപ്യൂട്ടി റേഞ്ചറായും നീണ്ട വർഷങ്ങൾ ഫീൽഡിൽ ജോലി ചെയ്തിരുന്നു എന്ന് സാരം.
അന്നേ ദിവസം വണ്ടിയിൽ എനിക്കും ആ റേഞ്ചർക്കും പുറമേ ഡ്രൈവറായി വണ്ടി ഓടിച്ചിരുന്നത് എന്നോട് ഇപ്പോഴും നല്ല അടുപ്പം സൂക്ഷിക്കുന്ന തിരുവനന്തപുരത്ത് തന്നെയുള്ള മറ്റൊരു ഫോറസ്റ്ററും. നല്ല വാചകമടിക്കാരനായ മേപ്പടി റെയ്ഞ്ച് ഓഫീസർ പഴയകാല വീരകൃത്യങ്ങളും സംഭവങ്ങളും അയവിറക്കിയും ഓരോരോ തമാശകൾ പറഞ്ഞും ഞങ്ങളെ യാത്രയിലുടനീളം ചിരിപ്പിച്ച് കൊണ്ടിരുന്നു.
മുമ്പ് ജോലി ചെയ്തതിനാൽത്തന്നെ ആ പരിസരമൊക്കെ നന്നായി അറിയുന്ന ആളാണെന്നും രാത്രിയിൽ നല്ല ചായയും പലഹാരവും ഒക്കെ കിട്ടുന്ന കട അടുത്തുണ്ടെന്നും പറഞ്ഞാണ് ആറ്റുകടവിലുള്ള ആ ചായക്കടയിലോട്ട് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത് തന്നെ. അത് ശരിയും ആയിരുന്നു താനും. ഞങ്ങളുടെ വണ്ടി അവിടെ നിറുത്തിയപാടെ ചായക്കടക്കാരൻ ദിവാകരൻ ബഹുമാനത്തോടെ മേസപ്പുറത്തിരുന്ന റാന്തലിന്റെ തിരി ഒന്നുകൂടി ഉയർത്തി വച്ചു. പിന്നീട് അയാൾ ഓല മേഞ്ഞ ആ ചെറിയ കടയുടെ ഇറയത്തേക്ക് വന്നു.
(പ്രസ്തുത സ്ഥലം ഞാൻ ജോലി ചെയ്തിരുന്ന വന്യജീവി സങ്കേതത്തിന് പുറത്ത് ആയിരുന്നു എന്ന് മാത്രം പറയാം. കാരണം ഇനി പറയുന്ന കാര്യങ്ങൾക്ക് നിയമപരമായി ഞാൻ ഉത്തരവാദിയല്ലെന്നുള്ള മുൻകൂർ ജാമ്യാപേക്ഷയാണ് അർത്ഥം!)
‘അയ്യോ ..ഇതാരാ...നമ്മുടെ ‘@@@@’ (പേര്) സാറല്ല്യോ....വരണം ..വരണം. സാറിവിടെ വീണ്ടും ചാർജ്ജെടുത്തൂന്ന് ഇന്നലെ അലിയാര് പറഞ്ഞു. സത്യത്തിൽ അങ്ങോട്ട് വന്ന് കാണണം എന്ന് കരുതിയിരിക്കുകയായിരുന്നു.’
അഭിമാനപൂരിതമായ അന്തരംഗത്തോടും ഭാവഹാവാദികളോടും കൂടിയാണ് അത് കേൾക്കെ റെയ്ഞ്ചർ എന്നെ നോക്കിയത് എന്ന് വ്യക്തം. ‘ഹമ്പട..ഞാനേ...!’ എന്നുള്ള മാതിരി ഒരു തരം നോട്ടം.
പണ്ട് അത്രമേൽ അടുപ്പമുണ്ടായിരുന്ന ഫോറസ്റ്റർ അപ്പോൾ റെയ്ഞ്ച് ഓഫീസറായി മൂന്ന് സ്റ്റാറും വച്ച് പ്രതീക്ഷിക്കാതെ കൺമുന്നിൽ വന്ന് നിന്നതിന്റെ സന്തോഷം അടക്കാനാകാതെയാണ് ആ പാവം പറഞ്ഞതെന്ന് വ്യക്തം!
‘ഞാനിവിടെ അല്ല ദിവാകരാ... ഇപ്പോൾ… വൈൽഡ് ലൈഫിലാണ്. ഈ സാറിന്റെ കൂടെ...’ ഝടുതിയിലാണ് എന്റെ റെയ്ഞ്ച് ഓഫീസർ അത് പറഞ്ഞത്.
ദിവാകരൻ അതൊന്നും കേൾക്കുന്ന മട്ടായിരുന്നില്ല. അനന്തരം ഞങ്ങൾ മൂവരും കടയ്ക്കുള്ളിലെ ഇത്തിരിപ്പോന്ന സ്ഥലത്തേയ്ക്ക് കടന്നിരുന്നു.
‘മൂന്ന് ചായ....’ഞാൻ അയാളോടായി പറഞ്ഞു.
‘അതൊന്നും എന്നോട് പറയണ്ട സാറേ...നിങ്ങൾ നിങ്ങളുടെ കാര്യം മാത്രം പറഞ്ഞാൽ മതി. എന്റെ ‘@@@@’ (പേര്) സാറിന് സ്ട്രോങ് വിത്തൌട്ടാണ് വേണ്ടത്. അതൊക്കെ എനിക്കിപ്പോഴും കാണാപ്പാഠമാണ്.’
അതും കൂടി കേൾക്കെ ‘എങ്ങനെയുണ്ട്....!’ എന്ന ഭാവം ദ്യോതിപ്പിക്കുന്ന മാതിരി അഭിമാനത്തോടെ റെയ്ഞ്ചർ എന്നെ ഒന്നുകൂടി നോക്കി. അയാൾ പൊങ്ങിപ്പൊങ്ങി ഉത്തരത്തിൽ ചെന്നിടിക്കുമോ എന്നെനിക്ക് തോന്നി. അതിനും ഒരു പുഞ്ചിരിയായിരുന്നു എന്റെ പ്രതിവചനം.
അന്നത്തെ പകലെപ്പോഴോ ഭൂജാതനാകുകയും (എന്ന് വിശ്വാസം) തന്റെ ഊഴം കാത്ത് തണുത്ത് വിറച്ച് ചില്ലലമാരിയിൽ ഇരിക്കുകയുമായിരുന്ന പപ്പടവടകളിൽ (പപ്പടം കടലമാവിൽ മുക്കി പൊരിച്ചെടുക്കുന്നത്) ഓരോന്ന് വീതം എടുത്ത് ‘അയവെട്ടിക്കൊണ്ടിരുന്ന’ ഞങ്ങളുടെ അടുത്തേയ്ക്ക് കൂട്ടിയിട്ടിരുന്ന പാത്രങ്ങൾ മോറി വച്ചതിന് ശേഷം എത്താനുള്ള ധൃതിയിലായിരുന്നു കക്ഷി.
‘പിന്നെ എന്തൊക്കെയുണ്ട് സാറേ...വിശേഷങ്ങൾ... എത്ര നാളായി കണ്ടിട്ട്…?’
ചായ മേശപ്പുറത്ത് കൊണ്ടുവച്ചിട്ട് ഞങ്ങളുടെ അടുക്കൽ വിനയത്തോടെ നിന്ന ദിവാകരന് സന്തോഷം അടക്കാൻ വയ്യായിരുന്നു. അപ്പോഴും അയാൾ എന്നെ വലുതായി ഗൌനിക്കുന്നേയില്ല.
‘ഇത് പുതിയ ഡി.എഫ്.ഓ ആണ്. സാറിന്റെ കൂടെയാണ് ഞാനിപ്പോൾ ജോലി ചെയ്യുന്നത്...’
റെയ്ഞ്ചർ ആവർത്തിച്ച് അത് പറഞ്ഞപ്പോൾ ഔപചാരികതയുടെ പേരിൽ മന്ദഹസിച്ചുകൊണ്ട് ഞാനൊന്ന് തല താഴ്ത്തിക്കാണിച്ചു. എന്നെ നോക്കി ഒന്ന് പല്ലിളിച്ചും തൊഴുന്ന മോഡലിൽ വലത് കൈ നെഞ്ചത്ത് ചേർത്തും കാട്ടിയെങ്കിലും കക്ഷിയുടെ വർത്തമാനത്തിലെ ആവേശത്തള്ളിച്ചയിൽ തരിമ്പും കുറവ് ഉണ്ടായിരുന്നില്ല.
‘സാറേ...നമ്മള പഴയ ആൾക്കാരെ വല്ലതും കാണാറുണ്ടോ...? അയ്മൂട്ടിയും അലിയാരും പത്രോസുമൊക്കെ എപ്പോഴും സാറിന്റെ കാര്യം പറയും... എന്തൊരു കാലമായിരുന്നു അത്...!’
വല്ലാത്തൊരു നെടുവീർപ്പോടെയാണ് അയാൾ അത് പറഞ്ഞു നിറുത്തിയത്. ഇതെന്താ ബഹുസ്വരതയുടേയും മതേതരവാദികളുടേയും കൂട്ടായ്മ വല്ലതുമാണോ എന്ന് ഞാൻ തെല്ലിട സംശയിച്ചെങ്കിലും ആ പറഞ്ഞത് കേൾക്കെ എപ്പോഴും വെളുക്കെ ചിരിക്കുകയും ഉച്ചത്തിൽ വാചകം അടിക്കുകയും ചെയ്യുന്ന ആ റെയ്ഞ്ച് ഓഫീസറുടെ മുഖം വാടിയ താമരപ്പൂ പോലെ കീഴ്പോട്ട് തൂങ്ങിത്തുടങ്ങിയതും അവിടമാകെ രക്തവർണ്ണം പടരുന്നതും റാന്തലിന്റെ മങ്ങിയ വെളിച്ചത്തിലും എനിക്ക് കാണാമായിരുന്നു. ഇപ്പോൾ അവിടെ ആത്മാഭിമാനത്തിന്റെ തിരതള്ളൽ കാണാനേയില്ല. തീരെ പ്രതീക്ഷിക്കാത്ത എന്തോ ആപത്ത് വന്നുപിണഞ്ഞത് മാതിരി ഒരു ഭാവം! ഞാൻ ശ്രദ്ധിച്ചത് കൊണ്ടാകണം ഒരു വളിച്ച ചിരിയോടെ റെയ്ഞ്ച് ഓഫീസർ അപ്പോൾ ദയനീയമായി എന്റെ മുഖത്തേയ്ക്ക് നോക്കി.
‘നമ്മൾ ഒരുമിച്ച് എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് ഈ സാറന്മാർക്ക് വല്ല ഐഡിയയും കാണുമോ എന്റെ പൊന്ന് ‘@@@@’ (പേര്) സാറേ.. ഒന്നങ്ങോട്ട് പറഞ്ഞ് കൊടുക്ക്! അല്ലെങ്കിൽ വേണ്ട... ഞാൻ തന്നെ പറയാം. നമ്മുടെ സാറ് ഇവിടത്തെ സെക്ഷനിൽ ചാർജ്ജെടുത്തതിന്റെ അന്ന് രാത്രിക്ക് രാത്രി നമ്മൾ ആറ് ലോഡ് മണലാണ് കണ്ടുപോയത്… അതും നല്ല ഒന്നാന്തരം ആറ്റുമണൽ… അറിയാമോ..?’
തികഞ്ഞ ആത്മാർത്ഥതയോടെയാണ് ആ ശുദ്ധാത്മാവ് പഴയ കഥകൾ ഓരോന്ന് വിളിച്ച് പറയുന്നത്! അത് പറയുമ്പോഴും കഴിഞ്ഞുപോയ ഗതകാലത്തിന്റെ ശ്ളഥചിന്തകൾ അയാളെ വല്ലാതെ അലോസരപ്പെടുത്തുണ്ടെന്ന് തോന്നി. ഞങ്ങൾ ആരും ഒന്നും മിണ്ടിയില്ല. പക്ഷേ, സമീപത്തിരുന്ന് ഞെരിപിരി കൊള്ളുന്ന എന്റെ സ്വന്തം റെയ്ഞ്ചറുടെ ശരീരം ആ തണുപ്പിലും നന്നായി വിയർക്കുന്നത് എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു.
‘അന്നൊക്കെ ഇവിടത്തെ ‘%$#@!’ (പേര്) സെക്ഷനിലെ സാറന്മാർക്ക് എന്റെ കടേല് പറ്റായിരുന്നു. ഒരു വള്ളത്തിന് നൂറ്റമ്പത് രൂപയായിരുന്നു പടി. അത് കൈയ്യോടെ ഞാൻ മേടിച്ച് വയ്ക്കും. വൈകിട്ട് ഇവിടത്തെ സൽക്കാരവും ചെലവും കഴിഞ്ഞ് ഓരോരുത്തർക്കും ഉള്ളത് കൊടുത്തിട്ടേ ഞാൻ കടയടയ്ക്കാറുള്ളൂ. അതാണ് ദിവാകരൻ...! അതാണ് നമ്മൾ തമ്മിലുള്ള ബന്ധവും..! ഈ ദിവാകരന്റെ ‘കൊക്കിന്’ ജീവനുള്ളിടത്തോളം കാലം അതൊന്നും മറക്കൂല്ല സാറേ...!’
പക്ഷേ, റെയ്ഞ്ചറുടെ മട്ടും ഭാവവും കണ്ടപ്പോൾ ദിവാകരന്റെ ആ പാവം ‘കൊക്കിനെ’ കൈയ്യിൽ കിട്ടിയാൽ തൽക്ഷണം അയാൾ അതിന്റെ കഴുത്തൊടിച്ചുകൊന്ന് കറിയാക്കുമെന്നാണ് എനിക്ക് തോന്നിയത്!!
(അവസാനിക്കുന്നില്ല)
Published: 29 Jun 2026, 02:40 pm IST
ABOUT THE AUTHOR
കേരള വനം വകുപ്പില് നിന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്സര്വ്വേറ്ററായി വിരമിച്ചു. ചിന്ത പബ്ലിഷേഴ്സ് വഴി കാട് പറഞ്ഞ കഥകള്, ആരണ്യകാണ്ഡം എന്നീ കഥാ സമാഹാരങ്ങളും ലോഗോസ് ബുക്ക്സ് വഴി കാട്ടിലേയ്ക്ക് പോകാം എന്നൊരു യാത്രാവിവരണവും മാതൃഭൂമി ബുക്ക്സ് വഴി നാഗമാണിക്യം, ഗജമുത്ത്, വെള്ളിമൂങ്ങ- വനം കള്ളക്കടത്തിന്റെ കാണാപ്പുറങ്ങള് എന്നൊരു അനുഭവകഥയും കേരള
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented