‘യൂണിഫോമിട്ട് നില്ക്കുന്ന സാറന്മാരെ ഇങ്ങോട്ട് വന്ന് തെറി വിളിക്കുന്നവനെ അയാള്ക്ക് സഹിക്കാനേ ആയില്ല. അയാള്ക്ക് നിയന്ത്രണം വിട്ടു’

അപ്പോൾ സമയം പകൽ പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു. എങ്കിലും തണുപ്പ് വിട്ട് മാറാതെ നിന്നതിനാൽ അവിടത്തെ ക്യാന്റീനിൽ കയറി ഓരോ കാലിച്ചായ കുടിക്കാമെന്ന ആരോ മുന്നോട്ട് വച്ച ആശയം പിൻപറ്റി ഞങ്ങളെല്ലാം ആ ചായക്കടയിലേയ്ക്ക് കടന്നിരുന്നു. അപ്പോൾ ആ ലയത്തെപ്പറ്റിയും (ലയം: തോട്ടം തൊഴിലാളികൾ താമസിച്ചിരുന്ന ഓടിട്ട നിരക്കെട്ടിടങ്ങൾ) അവിടത്തെ താമസക്കാരെപ്പറ്റിയും ചോദിച്ചറിയാൻ മറ്റൊരു വഴിയും ഇല്ലായിരുന്നു. ഞങ്ങൾ ഒരുമിച്ച് ആ ചെറിയ ക്യാന്റീൻ കെട്ടിടത്തിലേയ്ക്ക് കടന്ന് അവിടെ മേശകൾക്ക് ഒരു വശത്തായി ഇട്ടിരുന്ന തടിബഞ്ചുകളിൽ ഉപവിഷ്ടരായി.
അപ്പോഴും യൂണിഫോമിലായിരുന്ന ഞങ്ങളെ തീരെ ഗൗനിക്കാത്ത രീതിയിലാണ് ചായക്കടക്കാരനും ഒഴിഞ്ഞ ചായക്കപ്പുകൾ മുന്നിൽ വച്ച് തടി ബഞ്ചിലിരുന്ന് ബീഡി വലിക്കുകയോ തമ്മിൽ സംസാരിക്കുകയോ ചെയ്തുകൊണ്ടിരുന്ന മൂന്നുനാല് പേരും പെരുമാറിയത്. മനഃപൂർവ്വം അവഗണിക്കുന്നത് മാതിരി. തന്നെയുമല്ല ഞങ്ങളെ കണ്ടപ്പോൾ അവിടെ ഇരുന്നിരുന്നവർ തമ്മിൽ തമിഴ് ഭാഷയിൽ ഉച്ചത്തിലുള്ള വർത്തമാനം കൂടി നിറുത്തുകയും ചെയ്തു. ശേഷം നമ്മൾ ചോദിച്ചതിനൊന്നും തന്നെ അലക്ഷ്യമായും കൃത്യമായ മറുപടി പറയാതിരിക്കാനും അവരൊക്കെ ശ്രദ്ധിക്കുന്നുവെന്നാണ് തോന്നിയത്.
അനുഭവസമ്പത്ത് ഏറെയുള്ള ഡെപ്യൂട്ടി റേഞ്ചർക്ക് അവിടെ ഇരുന്നവരുടെ മൊത്തത്തിലുള്ള പെരുമാറ്റത്തിൽ എന്തോ അസ്വാഭാവികത മണത്തു. അതിനാൽത്തന്നെ അദ്ദേഹം അനുനയത്തിന്റെ ഭാഷ്യം കൈക്കൊള്ളുന്നതാണ് പിന്നീട് കണ്ടത്. ചൂട് ചായയും തണുത്ത പരിപ്പ് വടയും കഴിക്കുന്നതിനിടെ വെറുതെ വിശേഷങ്ങൾ തിരക്കുന്നതിന്റെ കൂട്ടത്തിൽ പളനിസ്വാമി എന്നൊരാൾ അവിടത്തെ ലയത്തിൽ താമസമുണ്ടോയെന്ന് ഭംഗ്യന്തരേണ ഡെപ്യൂട്ടി അവരോട് ചോദിച്ചു. പളനിസ്വാമിയെന്ന പ്രതി അല്ലെങ്കിൽ കുറ്റാരോപിതൻ അവിടെ തന്നെയുണ്ടെന്ന രഹസ്യവിവരം കിട്ടിയാണ് ഞങ്ങൾ പുറപ്പെട്ടതെന്നത് വേറെ കാര്യം!
എന്റെ സർവ്വീസിലെ ആ ഗുരുസ്ഥാനീയൻ ഇടയ്ക്കിടെ പറയുന്ന ഒരു വാചകമുണ്ട്. 'ചുമ്മാതാണോ സാറേ, ചെല്ലും ചെലവും കൊടുത്ത് കുറേപ്പേരെ നമ്മൾ മറയൂരിലെ ലോഡ്ജുകളിലും മറ്റും കട്ടയ്ക്കായി വരുന്നവരുടെ വിവരം ശേഖരിക്കാനായി നിർത്തിയിരിക്കുന്നത്.' (കട്ട എന്നത് ചന്ദനമുട്ടികൾക്ക് മറയൂരിൽ പറയുന്ന ഓമനപ്പേരാണ്.) അത്തരത്തിൽ പുറത്തുനിന്നും വരുന്ന ആൾക്കാരുടേയും വണ്ടികളുടേയും ഒക്കെ വിവരം അന്നന്ന് വനംവകുപ്പുകാരെ ഏജന്റ്‌സ് (രഹസ്യവിവര ദായകർ) അറിയിക്കുകയും ചെയ്യുമായിരുന്നു. മുൻ അധ്യായത്തിൽ അതേപ്പറ്റി സൂചിപ്പിച്ചത് ഓർക്കുമല്ലോ. എന്തായാലും അദ്ദേഹത്തിൽ നിന്ന് ആ വാചകങ്ങൾ വീണ്ടുംവീണ്ടും കേൾക്കുമ്പോൾ എനിക്ക് ഒരാവേശമൊക്കെ വരാറുണ്ടായിരുന്നു.
ചായ കുടിക്കുന്നതിനിടയിൽത്തന്നെ ചുറ്റിനും ഇരിക്കുന്നവരുടെയൊക്കെ പേരെന്തൊക്കെയാണെന്ന് ഡെപ്യൂട്ടി തിരക്കുന്നുണ്ടായിരുന്നു. കാരണം അദ്ദേഹം ഉൾപ്പടെ നമ്മളാരും പളനിസ്വാമിയെ അന്നോളം നേരിൽ കണ്ടിട്ടില്ലല്ലോ. തന്നെയുമല്ല ഞങ്ങളിൽ ഏറ്റവും അനുഭവസമ്പത്തുള്ളതും അദ്ദേഹത്തിന് തന്നെയായിരുന്നു.എന്നാൽ ചായക്കടയിലിരുന്ന ഓരോരുത്തരും മാറിമാറി കളിയാക്കുന്നത് പോലെ തങ്ങളുടെ പേര് പളനിസ്വാമിയാണെന്ന് പറഞ്ഞപ്പോൾ ഞങ്ങൾക്കെല്ലാപേർക്കും ഒരുപോലെ അപശകുനം മണത്തു. അവരുടെ മൊത്തത്തിലുള്ള നിസ്സഹകരണം കണ്ടപ്പോൾ ഇനി അധികനേരം അവിടെ തങ്ങുന്നത് പന്തിയല്ലെന്നും ലയത്തിലേയ്ക്ക് പോയിത്തന്നെ പളനിസ്വാമിയെ അന്വേഷിച്ച് കണ്ടെത്താമെന്നുമുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങളുടെ കൂട്ടത്തിലെ വാച്ചറന്മാരിൽ നാലുപേർ ആദ്യം തൊഴിലാളികളുടെ ലയങ്ങളിലേയ്ക്ക് നടന്നു. ബാക്കിയുള്ളവർ ചായക്കടയിൽ നിന്ന് പുറത്തിറങ്ങി അധികം അകലെയല്ലാതെ റോഡിൽത്തന്നെ പോയവരെ കാത്തുനിന്നു. പളനിസ്വാമി അവിടെ ഉണ്ടെങ്കിൽ അയാളെ പിടിച്ചുകൊണ്ടുവരാൻ പോയവർ തന്നെ ധാരാളം എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു!
ആയിടയ്ക്ക് കാന്തല്ലൂർ ഡെപ്യൂട്ടി റേഞ്ചറിന് ബന്ധുക്കൾ ആരോ കൊടുത്ത ഒരു വില കൂടിയ എയർഗൺ ഉണ്ടായിരുന്നു. അതാകട്ടെ സാധാരണ എയർഗണ്ണുകൾ പോലെ നീളം കൂടിയതായിരുന്നില്ല. മറിച്ച് ഒരു റിവോൾവറിനെപ്പോലെ കറുത്തതും അതിനേക്കാൾ ലേശം കൂടി മാത്രം നീണ്ട ബാരലുള്ളതുമാണ്. ആദ്യം കണ്ടപ്പോൾ ഞാനും യഥാർത്ഥത്തിൽ അതൊരു റിവോൾവർ തന്നെയാണെന്നാണ് കരുതിയത്. ചുരുക്കത്തിൽ പറഞ്ഞാൽ സൈലൻസർ ഘടിപ്പിച്ചത് പോലെ ലേശം നീളം കൂടിയ ഒരു റിവോൾവർ. ആയിടയ്ക്ക് നൈറ്റ് പട്രോളിങ്ങിനും റെയ്ഡിനുമൊക്കെ പോകുമ്പോൾ ഡെപ്യൂട്ടിയുടെ സന്തതസഹചാരിയായിരുന്നു ആ തോക്ക്. വലിയ അപകടമില്ലാത്തതിനാലും കാണാൻ നല്ല ലുക്കുമൊക്കെ ഉണ്ടായിരുന്നതിനാലും ആകാം അദ്ദേഹം എപ്പോഴും അത് കൂടെ കൊണ്ടുനടന്നിരുന്നത്.
അന്നും അദ്ദേഹം പാന്റ്‌സിന്റെ പോക്കറ്റിൽ ആ എയർഗൺ കരുതിയിരുന്നു. പക്ഷേ ആ തോക്കാണ് ഇനിയത്തെ കഥ മുന്നോട്ട് കൊണ്ടുപോകാൻ പോകുന്നതെന്ന് അപ്പോൾ ഞങ്ങൾക്കാർക്കും അറിയില്ലായിരുന്നു എന്നതാണ് സത്യം!
ഇതിനിടയിൽ തികച്ചും ആഭ്യന്തരവും സാങ്കേതികവുമായ ഒരു കാര്യം കൂടി സൂചിപ്പിക്കാനുണ്ട്. വനംവകുപ്പിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ തസ്തിക മുതൽ മുകളിലേയ്ക്കാണ് സാധാരണയായി സ്വരക്ഷയ്ക്കായുള്ള ആയുധമായി റിവോൾവർ നൽകാറുള്ളത്. അതിന് താഴെയുള്ളവർക്കായി സ്റ്റേഷനിലേയ്‌ക്കോ സെക്ഷനിലേയ്‌ക്കോ .303 അല്ലെങ്കിൽ .22 റൈഫിൾ ആണ് അന്ന് നൽകിയിരുന്നത്. കാട്ടാന തുടങ്ങിയ വന്യമൃഗങ്ങളെ തുരത്താനായി നൽകുന്ന പമ്പ് ആക്ഷൻ ഗൺ (Pump Action Gun) ഒക്കെ പിന്നീട് വന്നതാണ്. പ്രൊബേഷണർ ആയതിനാൽത്തന്നെ എനിക്കന്ന് തോക്കൊന്നും അന്ന് കിട്ടിയിട്ടുമില്ല.
തന്നെയുമല്ല അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ സാധാരണയായി സ്റ്റേഷനിൽ നിന്നും റൈഫിളോ മറ്റോ എടുത്തുകൊണ്ടല്ല സ്റ്റാഫുകൾ പട്രോളിംഗ് ഡ്യൂട്ടിക്കോ പ്രതിയെപ്പിടിക്കാനോ പോകാറുള്ളതും. അത് എങ്ങാനും കൈമോശം വന്നാലോ കൈയ്യിലിരുന്ന് അബദ്ധത്തിൽ പൊട്ടിയാലോ ഉള്ള തൊന്തരവുകളെപ്പറ്റി ഓർത്താണ് അതെന്നാണ് തോന്നുന്നു. എന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ അവയൊന്നും എടുക്കില്ലെന്നോ പ്രയോഗിക്കില്ലെന്നോ അല്ല ഇവിടത്തെ വിവക്ഷ. സമാധാനപ്രിയരായ ജനങ്ങൾ വസിക്കുന്ന നമ്മുടെ കൊച്ചുകേരളത്തിൽ അതിന്റെ ആവശ്യം വരാറില്ല എന്ന് മാത്രം. (ടിപ്പണി:- സർവ്വീസിൽ ആയുധങ്ങൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ജോലിക്ക് പ്രവേശിക്കുമ്പോൾ മാത്രമുള്ള ട്രെയിനിംഗ് കഴിഞ്ഞാൽ ഇടയ്ക്ക് ആയുധം ഉപയോഗിച്ചുള്ള പരിശീലനങ്ങൾ ഒന്നും വനംവകുപ്പിൽ ഇല്ലാത്തതിനാൽത്തന്നെ അവയുടെ പ്രായോഗിക ക്ഷമതയെപ്പറ്റിയും ആയുധങ്ങൾ ഉപയോഗത്തിൽ സ്റ്റാഫുകൾക്കുള്ള സൂക്ഷ്മതയെപ്പറ്റിയും പറയാൻ ഞാനാളല്ല!)
എന്തായാലും പളനിസ്വാമിയെ അന്വേഷിച്ചുപോയ വാച്ചറന്മാർ പോയ ദിക്കിൽ നിന്ന് വലിയ ഒച്ചയും ആക്രോശങ്ങളും തെറിവിളികളുമാണ് ഞങ്ങൾ തുടർന്ന് കേൾക്കുന്നത്! നോക്കുമ്പോൾ പോയ വാച്ചറന്മാർ ധൃതിപ്പെട്ട് ഞങ്ങൾ നിന്നയിടത്തേയ്ക്ക് നടന്നും ഓടിയും ഒക്കെ വരുന്നതും അവരുടെ പിന്നിലായി ആർത്തട്ടഹസിച്ചുകൊണ്ടും കണ്ണ് പൊട്ടുന്ന ചീത്തകൾ വിളിച്ചുകൊണ്ടും ആണുങ്ങളും പെണ്ണുങ്ങളുമടങ്ങുന്ന ഒരു വലിയ സംഘം ആളുകൾ പാഞ്ഞ് വരുന്നതുമാണ്! ഒഴിഞ്ഞ് കിടന്നിരുന്ന അവിടേയ്ക്ക് അത്രയും ആളുകൾ അപ്പോഴേയ്ക്കും എവിടെനിന്നാണ് എത്തിയെന്നത് ശരിക്കും കുഴയ്ക്കുന്ന ചോദ്യമായിരുന്നു! കടന്നൽക്കൂട് ഇളകിയെത്തുന്നു എന്നൊക്കെ പറയുന്നത് മാതിരി ഒരനുഭവം!
പേടിച്ച് ഓടുന്നില്ല എന്ന പ്രതീതി സൃഷ്ടിക്കാനായി മാത്രം കാലുകൾ നീട്ടിവച്ച് നടന്നും എന്നാൽ ഇടയ്ക്ക് ചെറുതായി ഓടിയും വാച്ചറന്മാർ സ്വരക്ഷയ്ക്കായെന്നോണം യൂണിഫോമിൽ നിൽക്കുന്ന ഞങ്ങൾക്കരികിലേയ്‌ക്കെത്തി. തമിഴിലും മലയാളത്തിലും ഒക്കെയായി ആർത്തട്ടഹസിച്ചും തെറിവാക്കുകൾ പറഞ്ഞും അവരുടെ പുറകേയെത്തിയവരെ പറഞ്ഞ് ശാന്തരാക്കാൻ ഞങ്ങളുടെ കൂട്ടത്തിലുള്ളവർ ശ്രമിച്ചെങ്കിലും അതൊക്കെ അപ്പോഴത്തെ ബഹളത്തിൽ മുങ്ങിപ്പോവുകയായിരുന്നു! സാഹചര്യം അനുനിമിഷം മോശമായി വരുന്നത് ഞങ്ങൾക്കറിയാൻ കഴിയുന്നുണ്ടായിരുന്നു. കുപിതരായ ജനക്കൂട്ടം വിരലിൽ എണ്ണാവുന്ന ഞങ്ങൾ സ്റ്റാഫുകളെ വളഞ്ഞ് നിൽക്കുകയാണ്! അതിൽ ഒരാൾ ആക്രമണോത്സുകത കാട്ടിയാൽ വരും വരായ്കകൾ ചിന്തിക്കാതെ ബാക്കിയുള്ളവർ തത്ക്ഷണം കൂടിച്ചേരുമെന്ന് ഉറപ്പ്! 'മോബ് സൈക്കോളജി' എന്ന കൂട്ടത്തിന്റെ മനഃശാസ്ത്രവും (Mob Psychology) അതാണല്ലോ. അതുകൊണ്ട് പരമാവധി സംയമനം പാലിക്കുക. സ്ഥിതി വഷളാകാതെ നോക്കുക. അത്രമാത്രം!
പക്ഷെ ആ ചിന്തകളും പാടെ സ്ഥാനത്താകുന്നതാണ് പിന്നീടവിടെ കണ്ടത്. അപ്പോഴേയ്ക്കും വല്ലാതെ ആവേശം മൂത്ത് (അയാളുടെ ഉള്ളിൽ കിടക്കുന്ന ലഹരി മൂപ്പിച്ചതാണ് എന്ന് വ്യക്തം.) അട്ടഹസിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരൻ ഞങ്ങളുടെ നേർക്ക് തള്ളിക്കയറി വന്നു! സത്യത്തിൽ ആർക്ക് കണ്ടാലും ചൊറിഞ്ഞ് വരുന്ന ഒരു ശരീര പ്രകൃതവും അലസമായ വേഷവിധാനവും ആയിരുന്നു അയാൾക്ക്. നമ്മൾ മിണ്ടാതെ തന്നെ നിന്നു! പക്ഷെ അവനെപ്പോലെ അല്ലെങ്കിൽ അതുക്കുംമേലെ ആവേശം തലയ്ക്ക് പിടിച്ച് നിൽക്കുകയായിരുന്നു ഞങ്ങളുടെ കൂട്ടത്തിൽ ലയത്തിലേയ്ക്ക് പോയിട്ട് തിരികെ എത്തിയ ദൊരൈ എന്ന വാച്ചർ (പേര് സാങ്കൽപികം). അയാളുടെ വയറ്റിൽ 'സാധനം' ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ലയത്തിൽ നിന്ന് തുരത്തിയോടിച്ചതിന്റെ ഇളിഭ്യതയായിരുന്നു അവിടത്തെ ചാലക ശക്തി.
യൂണിഫോമിട്ട് നിൽക്കുന്ന സാറന്മാരെ ഇങ്ങോട്ട് വന്ന് തെറി വിളിക്കുന്നവനെ അയാൾക്ക് സഹിക്കാനേ ആയില്ല. (ഒരു വേള സാറന്മാർ അങ്ങോട്ട് തെറി വിളിക്കുന്നത് മാത്രമായിരിക്കും അയാൾക്ക് കണ്ട് ശീലം!) എന്തായാലും നിയന്ത്രണം വിട്ട ആ വാച്ചർ അതിക്രമിയെ 'രക്ഷാപ്രവർത്തനത്തിന്റെ' മാത്രം ഭാഗമായിട്ടാകണം ചാടി ഒരടി! എന്തായാലും അയാളുടെ കൈയ്യിൽ ബാറ്റണോ ചൂരലുകളോ ലാത്തികളോ ഒന്നും ഭാഗ്യത്തിന് അന്നേരം ഉണ്ടായിരുന്നില്ല. കഷ്ടകാലത്തിന് അതിനിടയിൽ ഞങ്ങളെ തടഞ്ഞ് 'കരിങ്കൊടി വീശിയ' സോറി 'തെറി വിളിച്ചെത്തിയ' ആ വോളന്റീയർ അടിതെറ്റി നിലത്ത് വീഴുകയും ചെയ്തു!
ഒട്ടും സമയം എടുത്തില്ല. അത് കാണേണ്ട താമസം അവരുടെ കൂട്ടത്തിലെ മറ്റൊരാൾ ഉച്ചത്തിൽ ചീത്തവിളിച്ചുകൊണ്ട് ആ വാച്ചറുടെ കരണത്ത് തിരിച്ച് ആഞ്ഞൊരടി! അതാ, കൂട്ടമൊന്നാകെ ഞങ്ങൾക്ക് നേരെ തിരിയുന്നു. 'പടച്ചോനേ… കാത്തോളീ...'ന്ന് പറഞ്ഞത് മാതിരിയായി അപ്പോൾ ഞങ്ങളുടെ ഗതി എന്ന് പറഞ്ഞാൽ മതിയല്ലോ!
ഏറ്റവും ഭയാനകമായ കാര്യങ്ങളാണ് തുടർന്ന് സംഭവിച്ചത്. ചീത്തവിളിയും ഉന്തും തള്ളുമായപ്പോൾ സാഹചര്യം കൈവിട്ട് പോയി എന്ന് മനസ്സിലാക്കിയ ഡെപ്യൂട്ടി റേഞ്ചർ വേറെ നിവൃത്തിയില്ലാതെ വന്നവരെ ഭയപ്പെടുത്താനായി കൈയ്യിലിരുന്ന റിവോൾവർ മാതിരിയുള്ള എയർ ഗണ്ണെടുത്ത് ആകാശത്തേയ്ക്ക് ചൂണ്ടി ഒരൊറ്റ വെടി! അതൊന്നും ആലോചിച്ചും വിവേകത്തോടെയും ചെയ്തത് ആയിരുന്നില്ലെന്ന് വ്യക്തം!
എന്നാൽ അതോടെ കളം അപ്പാടെ മാറുകയായിരുന്നു. അതോടെ അടക്കാനാകാത്ത ക്രോധാവേശത്തിൽ അനേകം പേർ ഒരുമിച്ച് തെറിവിളികളോടെ ആ തോക്കിൽ പിടുത്തമിട്ടു! അത് ശരിക്കുള്ള തോക്കാണെന്നാണ് അവരെല്ലാം കരുതിയത്. അവർക്ക് എത്തിപ്പിടിക്കാനാകാതെ പരമാവധി ഉയർത്തിപ്പിടിച്ചിരുന്ന അദ്ദേഹത്തിന്റെ തോക്കിരിക്കുന്ന വലത്തേ കൈയ്യ് വലിച്ച് താഴ്ത്താനുള്ള അനേകരുടെ ശ്രമമാണ് പിന്നീട് കാണുന്നത്! (എന്നെപ്പോലെ അധികം ഉയരം ഒന്നുമില്ലെങ്കിലും അത്രമേൽ ഉയരത്തിൽ ആ തോക്ക് പിടിക്കണമെങ്കിൽ സാക്ഷാൽ ശ്രീനിവാസൻ ഫോട്ടോ എടുക്കുമ്പോൾ നായികയോളം തലപ്പൊക്കം എത്താനായി നിലത്ത് പാദമൂന്നി ഉയർന്നത് പോലെ അദ്ദേഹവും പൊങ്ങിയത് തന്നെയാകണം കാരണം.) ''സുട ഉങ്കൾക്ക് യാര് അധികാരം കൊടുത്തതു? അവങ്ങളെ പോക വിടാതീങ്ക. കളക്ടർ വരട്ടും. അവരേ വന്നുമുടിവ് പണ്ണട്ടും!'' ചുറ്റിനും ആരൊക്കെയോ അട്ടഹസിക്കുന്നു!
ഏത് നിമിഷവും ഒരു വലിയ സംഘർഷത്തിലേയ്ക്കത് മാറാം. അതോടെ 'പൊടിപോലുമില്ല കണ്ടുപിടിക്കാൻ' എന്ന് പറഞ്ഞത് മാതിരിയാകും ഞങ്ങളുടെ അവസ്ഥയെന്നുറപ്പ്! ഒറിജിനൽ തോക്കെന്ന് കരുതുന്ന ആ വസ്തുവിലാണ് ഇപ്പോൾ എല്ലാപേരുടേയും ശ്രദ്ധ മുഴുവൻ. ഞങ്ങളിൽ ആർക്കും ഒന്നും മിണ്ടാനാകാത്ത അവസ്ഥയാണ്! അടുത്തത് എന്താകും സംഭവിക്കുക...? ഒരു ഐഡിയയും ഇല്ല.
''ഇന്നാ...സാറിത് വച്ചോ!''
ആകാശത്ത് വെള്ളിടി വെട്ടിയത് പോലെ. ഇപ്പോൾ മിന്നൽപ്പിണരുകൾ കീറി മുറിക്കുന്നത് കരിമുകിലുകൾ നിറഞ്ഞ വിണ്ണിനേയോ വയറ്റുപിഴപ്പിനായി വനംവകുപ്പിൽച്ചേർന്ന എന്റെ നെഞ്ചിനേയോ..? ഇതിലും ഭേദം എന്നെ ' ആറാം തമ്പുരാനിലെ ജഗന്നാഥനപ്പോലെ' പച്ചയ്ക്ക് കോളുത്തുന്നത് ആയിരുന്നില്ലേ? ഞാൻ കുളപ്പുള്ളി അപ്പനായാലും അല്ലെങ്കിലും!
ഇനി പറയുന്നത് വായിക്കുമ്പോൾ 'സെന്റി അടിച്ച്' സോഷ്യൽ മീഡിയ റീച്ച് കൂട്ടാൻ ശ്രമിക്കുകയാണ് എന്ന് വായനക്കാരായ സുമനസ്സുകൾ കരുതി വശാകരുതേ എന്ന് അപേക്ഷ. ജന്മനാ വലിയ കഴിവൊന്നും ഇല്ലാത്തതിനാൽ പലവുരു എൻട്രൻസ് എഴുതിയിട്ടും ആ കടമ്പ കടന്ന് എംബിബിഎസ്സിന് അഡ്മിഷൻ കിട്ടാത്തതിനാലാണ് ഫോറസ്ട്രി ഐച്ഛിക വിഷയമായെടുത്തതെന്ന് എനിക്കും വീട്ടുകാർക്കും അറിയാം. 'അന്തക്കാലത്ത്' മെഡിസിന്റെ മാനേജ്‌മെന്റ് സീറ്റിനായി വീട്ടിൽ കുറെ പ്രശ്‌നങ്ങളുണ്ടാക്കിയെങ്കിലും സർക്കാർ സ്‌കൂൾ മാഷായ താതൻ നിസ്സഹായതോടെ കൈമലർത്തിയപ്പോൾ മനസ്സിൽ കരുതി വച്ച വെള്ള കോട്ടും സ്യൂട്ടും ഒക്കെ എന്നേയ്ക്കുമായി മാറ്റി വച്ചതാണ്.
ഇപ്പോൾ അടുത്തൂൺ പറ്റി വീട്ടിൽ കുത്തിയിരിക്കുമ്പോൾ അപൂർവ്വമായി ചിലരെങ്കിലും ചില ചടങ്ങുകൾക്കെങ്കിലും വിളിക്കുന്നതനുസരിച്ച് സംസാരിക്കാൻ പോകുമ്പോൾ കാടിനെ നെഞ്ചിലേറ്റുന്നവനെന്നും വന്യമൃഗങ്ങളെ സ്വന്തം സന്താനങ്ങളെപ്പോലെ സ്‌നേഹിക്കുന്നവനെന്നും വനശാസ്ത്ര വിശാരദനെന്നും പ്രകൃതി സാഹിത്യകാരെന്നും എന്തിന് സാക്ഷാൽ കാനനവാസനെന്നും വരെ സ്വാഗതം ആശംസിക്കുന്ന ഓരോരുത്തർ എന്നെക്കുറിച്ച് തട്ടിമൂളിക്കുമ്പോൾ ഉള്ളിൽ ചിരിയാണ് വരാറ്! അപ്പോൾ പുറത്ത് കാട്ടാനാകില്ലെങ്കിലും! എന്തായാലും ചിലവില്ലാത്ത കാര്യമല്ലേ. അതങ്ങനെ അഭംഗുരം തുടരട്ടെ.
കറകളഞ്ഞ പ്രകൃതിസ്‌നേഹിയുടേയും സർവ്വചരാചരങ്ങളോടും സഹജാവബോധം പുലർത്തുന്നവനുമായ വീരനായകന്റെ കളസം എനിക്കും ചേരുമോ എന്ന് നോക്കണമല്ലോ എന്ന് ഇടയ്‌ക്കെങ്കിലും മനസ്സിൽ വാശി തോന്നും. പിന്നെ വിട്ടുകളയും. അത് നമ്മളെക്കൊണ്ട് താങ്ങാൻ പ്രയാസമാണ്. (ഈ രഹസ്യങ്ങൾ മൂന്നാമതൊരാൾ അറിയരുതെന്നുണ്ട്. അത് എന്നോട് കൂടി മൺമറയട്ടെ. സ്വന്തം ഭാര്യയും മക്കളും പോലും അറിയാതെ !) അയ്യോ… പറഞ്ഞുവന്നത് ഞങ്ങളെ തടഞ്ഞ് വയ്ക്കുകയും തോക്കിനായി എത്തിപ്പിടിക്കുകയും ചെയ്യുന്ന കൈകളെ അനേകങ്ങളായ കൈകളെ തടഞ്ഞ് നിറുത്താനാവില്ലെന്ന് ഉറപ്പായപ്പോൾ നമ്മുടെ ഡെപ്യൂട്ടി തോക്ക് തന്റെ ഇടത്തേക്കൈയ്യിലേയ്ക്ക് മാറുകയും ഝടുതിയിൽ അതെന്റെ കൈയ്യിലേയ്ക്ക് തരികയും ചെയ്തു എന്നതിനെപ്പറ്റിയാണ്!
ഒട്ടും പ്രതീക്ഷിക്കാത്ത ആ നീക്കത്തിൽ കിടുങ്ങി വിറച്ചുപോയെങ്കിലും എനിക്ക് എതിർക്കാൻ ആകുമായിരുന്നില്ല. കാരണം ആ കൂട്ടത്തിൽ തോളത്ത് മൂന്ന് നക്ഷത്രങ്ങളും പതിപ്പിച്ച് നിൽക്കുന്ന ഞാനാണല്ലോ പറഞ്ഞ് വരുമ്പോൾ സീനിയർ! അങ്ങനെ ആളുകളുടെ മൊത്തം വിരോധത്തിന് പാത്രീഭവിച്ച ആ തോക്ക് മറ്റ് വഴികളില്ലാതെ ഞാനേറ്റ് വാങ്ങുക തന്നെ ചെയ്തു. എന്നാൽ വാങ്ങിയതിലും വേഗത്തിൽ മറ്റാരും കാണാതിരിക്കാൻ ഞാനത് ഇട്ടിരുന്ന കാക്കി പാന്റ്‌സിന്റെ പോക്കറ്റിലേയ്ക്ക് കുത്തിത്തിരുകിക്കയറ്റി. എന്തോ കീറുന്നത് മാതിരി ഒരു ശബ്ദം. പോക്കറ്റ് കീറിയോ എന്ന് ചെറ്യേ ഒരു സംശയം!
അപ്പോഴതാ, പേടിച്ചത് പോലെ തന്നെ അവിടെ കൂടി നിന്നവർ ആ തോക്ക് ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവനും എട്ടുംപൊട്ടും തിരിയാത്തവനുമായ എനിക്ക് നേരെ തിരിയുന്നു! സത്യത്തിൽ ഇട്ടിരിക്കുന്ന കാക്കിപാന്റ്‌സിലൂടെ മൂത്രമൊഴിച്ചുപോകും എന്നാണെനിക്കപ്പോൾ തോന്നിയത്! യൂണിഫോമിട്ട് തോളിൽ നക്ഷത്രങ്ങളും കുത്തി നിൽക്കുന്നതിനാൽ പ്രാണരക്ഷാർത്ഥം അവിടെ നിന്നും എടുത്തുചാടി ഓടാനും വയ്യായിരുന്നു. പക്ഷെ യൂണിഫോമിലായതിനാൽ മാത്രമാണ് അന്നെനിക്ക് തല്ല് കിട്ടാതിരുന്നത് എന്ന് നിസ്സംശയം പറയാം. എനിക്കല്ല ബാക്കി സ്റ്റാഫുകളുടെ കാര്യവും അത് തന്നെ. യൂണിഫോമിന്റെ ഒരു വിലയേ..!
സകല ദൈവങ്ങളേയും ഞാനപ്പോൾ വീണ്ടും മനസ്സിൽ പ്രാർത്ഥിച്ച് കാണണം. ഞാൻ മാത്രമല്ല ജാതിമതഭേദമന്യേ ഞങ്ങളുടെ സംഘത്തിലെ എല്ലാപേരും കൂട്ടപ്രാർത്ഥന നടത്തിക്കാണണം! ഒന്നല്ലെങ്കിൽ മറ്റൊരു ദൈവത്തിന് അത് കേൾക്കാതിരിക്കാനും ആകില്ലല്ലോ. പെട്ടെന്നാണ് ദൈവദൂതനെപ്പോലെ ഒരാൾ ഞങ്ങളുടെ രക്ഷയ്ക്കായി അവതരിച്ചത്!
സംഭവം അന്നവിടത്തെ കേരള കോൺഗ്രസ്സിലെ വാർഡ് മെമ്പറായിരുന്നു. അദ്ദേഹത്തിന്റെ പേര് സത്യത്തിൽ ഓർമയില്ല. എന്തായാലും സമാധാനത്തിന്റെ ആൾരൂപമായ ആ മാലാഖയുടെ ഇടപെടലിൽ ആൾക്കാർ ഒന്നടങ്ങി. എന്നാലപ്പോഴും കുറെ പെണ്ണുങ്ങൾ കലപില ശബ്ദത്തിൽ ഉച്ചത്തിൽ പിന്നിൽ നിന്ന് ചീത്ത വിളിച്ച് പ്രാകുന്നുണ്ടായിരുന്നു.
കോപാന്ധരായി നിൽക്കുന്ന തൊഴിലാളികളുടെ കൂട്ടത്തിൽ നിന്ന് ഞങ്ങളെ വിളിച്ച് മാറ്റി അദ്ദേഹം വീണ്ടും ക്യാന്റീനിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അപ്പോഴും ക്രുദ്ധരായി ചീത്ത വിളിച്ചുകൊണ്ടിരുന്ന ആൾക്കാരോട് എന്തൊക്കെയോ കക്ഷി ഉച്ചത്തിൽ തമിഴിൽ പറയുന്നുണ്ടായിരുന്നു. അത്രമേൽ കോപിഷ്ടരായിരുന്ന അവരെ സമാധാനിപ്പിക്കാനായി അദ്ദേഹം എന്താണ് പറഞ്ഞതെന്ന് അറിയില്ല. പതിയെ അട്ടഹാസങ്ങളുടെ തീവ്രത കുറഞ്ഞ് വന്നു.
മാറ്റി നിറുത്തിയപ്പോഴും അന്ധാളിപ്പ് വിട്ടുമാറാത്ത ഞങ്ങളോട് പുള്ളി പറഞ്ഞത് ഇപ്രകാരമായിരുന്നു. പളനിസ്വാമി എന്നയാൾ ആറ് മാസത്തിലേറെയായി ലയത്തിലെ കുടുസ്സ് മുറിയിൽ അസുഖ ബാധിതനായിക്കിടക്കുകയാണ്. അയാളുടെ ശത്രുക്കളാരോ മനഃപൂർവ്വം അയാളെ കുടുക്കാനായി വിളിച്ച് പറഞ്ഞതാണ് ഈ സംഭവം. ഇത് ആദ്യത്തേതല്ല. അതിന് മുമ്പത്തെ ആഴ്ച പോലീസുകാരും അയാളെ അന്വേഷിച്ചെത്തിയിരുന്നു. അപ്പോഴും അവിടെ പ്രശ്‌നമുണ്ടായാണ് അവർ മടങ്ങിയത്. അങ്ങനെ പുറത്ത് നിന്നാർക്കും കടന്ന് വന്ന് ലയത്തിൽ നിന്നും ഒരാളെ ബലമായി പെട്ടെന്ന് പിടിച്ചുകൊണ്ട് പോകാനാവില്ലെന്ന് സാരം! തന്നെയുമല്ല നമ്മുടെ പളനിസ്വാമിയിപ്പോൾ നല്ല ശമരിയാക്കാരനാണെന്നും അടുത്ത് റിസർവ്വിൽ നിന്നും മോഷണം പോയ കേസ്സുകളിലൊന്നും അയാൾ പ്രതിയേ അല്ലെന്നും മെമ്പർ തീർത്ത് പറഞ്ഞു. മെമ്പർ പറഞ്ഞത് ശരിയായിരിക്കാം; തെറ്റായിരിക്കാം. പക്ഷേ ശരിയെന്ന് കരുതി വിശ്വസിച്ച് പിന്മാറാനുള്ള ഉപാധി മാത്രമേ മുന്നിലുള്ളൂ. ഇനി അയാൾ ശരിക്കും പ്രതി ആയിരുന്നെങ്കിൽക്കൂടി ഞങ്ങൾക്കപ്പോൾ ഒന്നും ചെയ്യാനാകില്ലായിരുന്നു എന്നത് നഗ്നസത്യവും! അതുകൊണ്ട് തന്നെ കേട്ടതെല്ലാം തല കുലുക്കി സമ്മതിച്ച് പിന്നെ കാണാമെന്ന് മെമ്പറോട് പറഞ്ഞ് വല്ലാത്ത ചമ്മലോടെ ഞങ്ങളിറങ്ങി.
മടക്കയാത്രയിലുടനീളം തികഞ്ഞ നിശ്ശബ്ദതയായിരുന്നു ജീപ്പിനകത്ത് തളം കെട്ടിക്കിടന്നിരുന്നത്. ഇടയ്ക്ക് പളനിസ്വാമി ദേവികുളത്തേയോ അടിമാലിയിലേയോ കോടതിയിലോ മറ്റോ വരുമ്പോൾ അവിടെച്ചെന്ന് പൊക്കണം എന്നൊക്കെ സ്റ്റാഫുകൾ തമ്മിൽ പ്ലാൻ ചെയ്യുന്നത് മാത്രം കേട്ടു. അതൊക്കെയും അപ്പോഴത്തെ നാണക്കേടിൽ നിന്നുമുള്ള തലയൂരലായിരുന്നുവെന്ന് മറ്റൊരു സത്യം. എന്തായാലും ഞാൻ മടങ്ങുവോളമെങ്കിലും ആ എയർ ഗൺ എന്റെ ഗുരുവായ ഡെപ്യൂട്ടി പിന്നീട് പുറത്തെടുത്ത് കണ്ടിട്ടേയില്ല! പളനി സ്വാമിയെ ആയിടെയെങ്ങും അറസ്റ്റ് ചെയ്തതായും അറിവില്ല.
തിരികെ കോവിൽക്കടവിലെത്തുമ്പോൾ വാച്ചറന്മാർ മുൻപത്തെ ഒരു വാറണ്ട് കേസ്സിലെ രണ്ട് പ്രതികളെ പിടിച്ച് വച്ചിരിക്കുകയായാരുന്നു. (കേസ് പോസ്റ്റ് ചെയ്യുന്ന തീയ്യതി നേരിട്ടോ വക്കീൽ മുഖേനയോ ഹാജരാകാനുള്ള സമൺസ് പല പ്രാവശ്യം അയച്ചിട്ടും എത്താതെ വരുമ്പോൾ അവരെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ബഹു. കോടതികൾ നിർദ്ദേശം നൽകുക പതിവാണ്.) അന്ന് പകൽ അനുഭവിച്ച നാണംകെടലിന്റെ ദേഷ്യവും ക്ഷീണവും അപകർഷതയും ഒക്കെ സ്റ്റാഫുകൾ അവരുടെ മെക്കിട്ട് തീർത്തുവോ എന്നെനിക്ക് ശരിക്കും സംശയമുണ്ട്.
(തുടരും)
Content Highlights: A tense confrontation between forest officials and a local mob in the plantation lines., The role of mob psychology during a high-stakes investigation for a suspect named Palaniswamy., The dangerous misidentification of an air gun as a revolver during a volatile standoff., A diplomatic intervention by a local ward member that prevented a violent escalation., Reflections on the life and challenges of forest officials in the field.
Published: 09 Jun 2026, 11:20 am IST
ABOUT THE AUTHOR
കേരള വനം വകുപ്പില് നിന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്സര്വ്വേറ്ററായി വിരമിച്ചു. ചിന്ത പബ്ലിഷേഴ്സ് വഴി കാട് പറഞ്ഞ കഥകള്, ആരണ്യകാണ്ഡം എന്നീ കഥാ സമാഹാരങ്ങളും ലോഗോസ് ബുക്ക്സ് വഴി കാട്ടിലേയ്ക്ക് പോകാം എന്നൊരു യാത്രാവിവരണവും മാതൃഭൂമി ബുക്ക്സ് വഴി നാഗമാണിക്യം, ഗജമുത്ത്, വെള്ളിമൂങ്ങ- വനം കള്ളക്കടത്തിന്റെ കാണാപ്പുറങ്ങള് എന്നൊരു അനുഭവകഥയും കേരള
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented