
ഇത്രയും പറഞ്ഞപ്പോഴാണ് വർഷങ്ങൾ കഴിഞ്ഞ് ഞാൻ റാന്നി ഫ്‌ളൈയ്യിംഗ് സ്‌ക്വാഡിൽ റെയ്ഞ്ച് ഓഫീസറായി ജോലി നോക്കുമ്പോൾ സർവ്വീസിൽ ഒരിക്കലും മറക്കാനാകാത്ത ഒരു 'മഹാനെ' വീണ്ടും കണ്ടുമുട്ടിയ സംഭവം ഓർക്കുന്നത്. അയാളെ നമുക്ക് തത്ക്കാലം ഭാസ്‌കരൻ (പേര് സാങ്കൽപികം) എന്ന് വിളിക്കാം. റാന്നി ഫ്‌ളൈയ്യിംഗ് സ്‌ക്വാഡിന്റെ അധികാര പരിധിയിൽ വരുന്ന കുറെ തടിമില്ലുകളിൽനിന്ന് ഒരു ഓണക്കാലത്ത് നിർബന്ധിച്ച് പണപ്പിരിവ് നടത്തി എന്ന ടോൾഫ്രീ പരാതിയുടെ (വഴുതക്കാട് വനംവകുപ്പ് ആസ്ഥാനത്തുള്ള 1800 425 4733 എന്ന നമ്പരിൽ ആവലാതിക്കാർ വിളിച്ച് പറയുന്ന പരാതി) അടിസ്ഥാനത്തിലാണ് ആ ഫോറസ്റ്റ് ഗാർഡിനെ മൊഴിയെടുക്കാനായി വിളിപ്പിച്ചത്. തീർത്തും പഴയ തലമുറക്കാരനായ അയാൾ അത് ചെയ്തുവെന്ന് എനിക്ക് ഉറപ്പായിരുന്നു.
കാരണം സത്യത്തിൽ ആളെ എനിക്ക് മുന്നേ പരിചയമുണ്ടായിരുന്നു എന്നതാണ്. അയാളെ വളരെ ബുദ്ധിമുട്ടിയാണ് മുൻപ് ഞാൻ ജോലി നോക്കിയിരുന്ന റെയ്ഞ്ചിൽനിന്ന് വിടുതൽ ചെയ്ത് വിട്ടതും. സസ്‌പെൻഡ് ചെയ്യിക്കാതെയും അച്ചടക്കനടപടികൾ സ്വീകരിക്കാതേയും മേലാവിൽനിന്നു മുൻകൂർ അനുവാദം വാങ്ങി നിയമനാധികാരി സമക്ഷം റിപ്പോർട്ട് ചെയ്യാനായി അങ്ങ് വിടുതൽ ചെയ്യുകയായിരുന്നു. സാധാരണ അങ്ങനെ ചെയ്യുന്നത് സർവ്വീസിൽ പതിവില്ലാത്തതാണെങ്കിലും അങ്ങനെ ചെയ്യേണ്ടി വന്നു! അദ്ദേഹത്തെ പിന്നീട് വേറെ റാന്നി മേഖലയിലേയക്ക് പോസ്റ്റ് ചെയ്യുകയുണ്ടായി എന്ന് കേട്ടിരുന്നു.
അത് പറയുമ്പോഴും അസാരം പറയാനുണ്ട്. കാരണം ജോലിയിൽ നിരുത്തരവാദിത്വത്തിനും തരികിടകൾക്കും പേരുകേട്ടിരുന്ന അയാളെ ഞാനന്ന് ജോലി നോക്കിയിരുന്ന റെയ്ഞ്ചിലേയ്ക്ക് പോസ്റ്റ് ചെയ്തുവെന്ന് അറിഞ്ഞപ്പോൾത്തന്നെ ആർത്തലച്ച് മേലധികാരികളുടെ അടുത്ത് എത്തിയതാണ് ഞാൻ. പക്ഷെ, അവരും തീർത്തും നിസ്സാഹയാരായിരുന്നുവെന്ന് തുടർന്നുള്ള സംസാരത്തിൽനിന്നു മനസ്സിലായി.
'അനീ...താനിങ്ങനെ നിർബന്ധം പിടിച്ചാൽ എങ്ങനെയാണ് ശരിയാവുക...? എല്ലാവരും തങ്ങൾക്ക് നല്ല സ്റ്റാഫുകളെ മാത്രം മതിയെന്ന് കട്ടായം പിടിച്ചാൽ നമ്മൾ ആകെ വലഞ്ഞ് പോകുമല്ലോ. എല്ലാത്തരക്കാരേയും കുറച്ച് നാളെങ്കിലും സഹിച്ചേ പറ്റൂ. ഉള്ളവരെ അല്ലേ തരാൻ പറ്റൂ. നമുക്ക് ആരേയും പുതുതായി സൃഷ്ടിക്കാനൊന്നും ആവില്ലല്ലോ. ഉള്ളവരെ നേർവഴിക്ക് നടത്താനാണ് ഡിസിപ്‌ളിനറി പ്രൊസീഡിംഗ്‌സ് ഒക്കെ ഉള്ളത്. തീരെ നിവൃത്തിയില്ലാതാകുമ്പോൾ അത് ഇനിഷ്യേറ്റ് ചെയ്യണം. അല്ലാതെ ആരേയും വെടി വച്ച് കൊല്ലാനൊന്നും പറ്റില്ലല്ലോ...!'
പിന്നെ ഞാനൊന്നും മിണ്ടിയില്ല. ആ പറഞ്ഞത് ശരിയുമാണല്ലോ. ഉഴപ്പിന് പേരുകേട്ടവനേയും തരികിടകളേയും നന്നാക്കിയെടുക്കേണ്ടത് കഴിവുള്ള മേലാഫീസറുടെ ചുമതലയാണ്. (പറഞ്ഞ് വരുമ്പോൾ അത്തരത്തിൽ കഴിവുള്ളവരുടെ ഗണത്തിൽ പെടുന്നതല്ല ഞാനെന്ന് അവരോടങ്ങ് സമ്മതിക്കാനും വയ്യല്ലോ!) ഓരോന്നോർത്തും സ്വയം സമാധാനിച്ചും ഞാൻ മടങ്ങി.
പിന്നെ എന്റെ മുന്നിൽ വിനയാന്വിതനായി വന്ന് റിപ്പോർട്ട് ചെയ്ത് നിന്ന അയാളോട് 'ഉടനെതന്നെ പോയി ദുഷ്‌പേര് കേൾപ്പിക്കരുത്' എന്നൊക്കെ ഗുണദോഷിച്ചാണ് ഞാൻ ഒരു സെക്ഷനിലേയ്ക്ക് പോസ്റ്റ് ചെയ്തത്. (ഒരു ഫോറസ്റ്ററുടെ അധീനതയിലുള്ള സ്ഥലമാണ് സെക്ഷൻ (Section). ഫോറസ്റ്റ് സ്റ്റേഷനുകളില്ലാത്ത (Forest Station) റെയ്ഞ്ചിൽ ഒന്നിലധികം സെക്ഷനുകൾ കാണും). പക്ഷേ, അധികം കഴിയുന്നതിന് മുൻപ് ഭാസ്‌കരനെ പോസ്റ്റ് ചെയ്ത സെക്ഷനിലെ ഫോറസ്റ്റർ എന്റെ മുന്നിൽ പരാതിയുമായെത്തി.
'സാറേ... ഞാനെന്ത് ചെയ്യാനാണ് അയാളെ. ഇന്ന് ഫീൽഡിൽ പോകാനായി വിളിക്കാൻ ചെന്നപ്പോൾ ഷർട്ടൊക്കെ ഇൻ ചെയ്ത് കുട്ടപ്പനായി അടുത്തുള്ള കെറ്റീഡിസിയിൽ (KTDC) പോയി 'അറാവില' കൊടുത്ത് വാങ്ങിയ രണ്ട് കിങ്ങ്ഫിഷർ സ്‌ട്രോങ്ങ് ബീയറും ഒരു ബീഫ് ഫ്രൈയ്യും അടിച്ച് സുഖമായി കട്ടിലിൽ കിടന്നുറങ്ങുകയാണ്. നല്ല വിലയുള്ള ലോട്ടോയുടെ (Lotto) രണ്ട് ക്യാൻവാസ് ഷൂകൾ അഴിച്ച് നിലത്ത് വച്ചിട്ടുമുണ്ട്. ഇനി ഉച്ചയൂണിനേ ഉണരൂ എന്നാണ് വാച്ചർ പറഞ്ഞത്. ഞാനെന്താണ് ചെയ്യേണ്ടത്..? ഇക്കണക്കിന് പോയാൽ ബാക്കിയുള്ളവരോട് ഞാനെന്ത് പറയും..?'
അയാൾ പറയുന്നത് തീർത്തും ന്യായമാണെന്ന് എനിക്കറിയാം. എന്നാലും മുൻപ് മേലാവിൽനിന്നു എനിക്ക് കിട്ടിയ മറുപടി തന്നെ ഞാൻ അയാളോട് പറഞ്ഞു. 'ഞാനെന്ത് ചെയ്യാനാണ്..? എന്തായാലും അയാൾ ഉണരുമ്പോൾ എന്നെ വന്ന് കാണാൻ പറയൂ. വേറെ നിവൃത്തിയില്ലെങ്കിൽ നിങ്ങൾ ഒരു കടലാസ് എഴുതിത്തരൂ. അപ്പോൾ നോക്കാം.'
മനസ്സിലെ അതൃപ്തി അപ്പാടെ പ്രകടമാകുന്നതായിരുന്നു ആ ഫോറസ്റ്ററുടെ മുഖത്തെ അപ്പോഴത്തെ ഭാവഹാവാദികൾ. ഒന്നുരണ്ട് മുക്കലും മൂളലും അവശേഷിപ്പിച്ച് അയാൾ പോയി. ഞാനാകട്ടെ ഒരു 'പൊട്ടനെപ്പോലെ' വെറുതെ ചിരിച്ച് കാണിക്കുക മാത്രം ചെയ്തു. എന്നിരുന്നാലും ഞാൻ താമസംവിനാ മേപ്പടിയാനെ ആ സെക്ഷനിൽനിന്നു മാറ്റി മറ്റൊരു സെക്ഷനിൽവച്ച് പുതിയ പരീക്ഷണം ആരംഭിച്ചു. എനിക്ക് കിട്ടിയ ആ (അ)രുചി എല്ലാപേർക്കും കിട്ടണമല്ലോ. പക്ഷേ, അതവിടെ ഒരു വലിയ പ്രശ്‌നത്തിലാണ് കലാശിച്ചത്.
ഒരു ദിവസം ആ സെക്ഷൻ ഓഫീസ് സ്ഥിതി ചെയ്യുന്ന താമസക്കാരായ കുറച്ച് ചെറുപ്പക്കാർ സംഘടിച്ച് എന്നെക്കാണാനായി റെയ്ഞ്ച് ഓഫീസിലെത്തുന്നതോടെയാണ് തുടക്കം. എനിക്ക് മുഖപരിചയം ഉള്ളവരായിരുന്നു അതിലെ നേതാക്കന്മാർ എന്ന് തോന്നിച്ചവർ. ഞാനവരെ ചിരിച്ച് സ്വാഗതം ചെയ്ത് മുന്നിലിട്ടിരിക്കുന്ന കസേരകളിലോട്ട് കടത്തിയിരുത്തി. നന്നേ ക്ഷുഭിതരായിരുന്ന അവരോട് പതിയെ കാര്യം തിരക്കിയപ്പോൾ അതിലെ ഒരു തീപ്പൊരി നേതാവ് പറഞ്ഞത് ഇങ്ങനെയാണ്:
'സാറേ ആ ഭാസ്‌കരന്റെ കാര്യം പറയാനാണ് വന്നത്. എത്രയും പെട്ടെന്ന് അയാളെ തിരിച്ച് വിളിച്ചോളണം. ഇനി അയാളവിടെ തുടർന്നാൽ ഞങ്ങളയാളെ വെട്ടി കണ്ടംതുണ്ടമാക്കും. സഹിക്കുന്നതിനും ഒരതിര് ഇല്ലേ? കുറെയായി നമ്മള് വനം വകുപ്പിലെ സാറന്മാരെ കാണാൻ തുടങ്ങിയിട്ട്. അയാൾക്ക് കുറച്ച് കൂടുതലാണ്... !'എന്തോ കാര്യമായി അവിടെ സംഭവിച്ചുണ്ട് എന്നത് ഉറപ്പാണ്. അവരുടെ ക്രോധം ഒന്ന് തണുക്കാനായി ലേശം കാത്തിരുന്നതിന് ശേഷം കാര്യങ്ങൾ ചോദിച്ച് തുടങ്ങിയപ്പോഴാണ് മഹാനായ അയാളുടെ വീരകൃത്യങ്ങൾ അവർ പറഞ്ഞത്. അത് ഇങ്ങനെ സംഗ്രഹിക്കാം.
അന്നും പതിവുപോലെ അവിടെയുള്ള ഒരു വാച്ചർ പയ്യനെ ബവറേജിലോട്ട് പറഞ്ഞ് വിട്ട് ഏതോ റമ്മിന്റെ അരലിറ്റർ വാങ്ങി രാവിലെ അടി തുടങ്ങിയതാണ് കക്ഷി. (ഇവിടെ ഒരു കാര്യം പ്രത്യേകം പറയണമല്ലോ. സാധനം വാങ്ങിക്കൊണ്ട് കൊടുക്കുന്നതോടെ അയാൾ ശരിക്കും സാറും വാങ്ങി വരുന്നവൻ ശരിക്കും വാച്ചറും ആകും. അയാൾ ഒരു തുള്ളിയും ആർക്കും കൊടുക്കുകയില്ല; ആരുമൊട്ട് അയാളോട് ചോദിക്കുകയുമില്ല.)
അന്നും കൊണ്ടുവരുന്ന സാധനം അടിച്ച് കഴിഞ്ഞപ്പോൾ വിശപ്പായി. ആ വാച്ചർ തന്നെ തയ്യാറാക്കിയ ചോറും രസവും തോരനും പപ്പടവും അയല കരുവാടും (ഉണക്കമീൻ) ഒക്കെ കൂട്ടയായിരുന്നു സമൃദ്ധമായ ഉച്ചയൂണ്! അതും കഴിഞ്ഞ് സാറ് പള്ളിയുറക്കത്തിനെന്നോണം തന്റെ അറയിലേയ്ക്ക് നിഷ്‌ക്രമിച്ചപ്പോൾ പാവം വാച്ചർ എച്ചിൽപ്പാത്രങ്ങൾ കഴുകിവച്ച് അടുത്ത് തന്നെയുള്ള സ്വന്തം വീട്ടിലേയ്ക്ക് ഒന്നുപോയി വന്നു. അതിനിടയിലാണ് പ്രസ്തുത സംഗതികൾ അരങ്ങേറിയത്.
അവിടെ ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർ താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിൽനിന്നു അധികം അകലെയല്ലാതെ മദ്ധ്യവയസ്‌കയും സുന്ദരിയുമായ ഒരു സ്ത്രീ താമസിച്ചിരുന്നു. അവരുടെ ഭർത്താവ് ഗൾഫിലെവിടെയോ ആണ് ജോലി ചെയ്തിരുന്നത്. അന്ന് പകൽ കുട്ടികൾ സ്‌ക്കൂളിലായിരുന്ന സമയത്ത് നമ്മുടെ ഏമാൻ ആ വീട്ടിലേയ്ക്ക് പതിയെ ചെല്ലുന്നു. കോളിങ്ങ് ബെല്ലടിച്ച് വാതിൽ തുറന്നപ്പോൾ വെളുക്കെ ചിരിച്ചുകൊണ്ട് അകത്ത് കയറി സെറ്റിയിൽ ഉപവിഷ്ടനായതിന് ശേഷം വളരെ ശാന്തനായി ആ മഹതിയോട് തന്റെ മനസ്സിൽ നെടുനാളായി കൊണ്ട് നടന്നിരുന്ന 'ആഗ്രഹം' തെര്യപ്പെടുത്തുന്നു. അവിടെ ജോലിയായി എത്തിയ നാൾമുതൽ ആയമ്മ അയാളുടെ മനസ്സിൽ കയറിക്കൂടിയതാണെന്നും ആഗ്രഹസ്ഫൂർത്തിക്കായി ലേശം വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങണമന്നും ഒക്കെയായി വർത്തമാനവും അപേക്ഷയും!
തൊട്ടടുത്തെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന സാറന്മാരിൽ ഒരാളായതിനാൽ ഇവിടെ അവർ ഉച്ചത്തിൽ നിലവിളിച്ച് ആളെക്കൂട്ടിയില്ല എന്ന് മാത്രം! ആകെ അമ്പരന്നും ഭയന്നും പോയ ആ സ്ത്രീ എങ്ങനെയെങ്കിലും കക്ഷിയെ വീട്ടിൽനിന്ന് ഇറക്കിവിടാനായി പഠിച്ച പണി പതിനെട്ടും നോക്കിക്കൊണ്ടിരുന്നു. കിം ഫലം! തന്റെ ഇംഗിതാനുവർത്തി ആകാനുള്ള അപേക്ഷ പലവുരു ആവർത്തിച്ച് മണിക്കൂറുകൾ ക്ഷമയോടെ കാത്തിരുന്ന മേപ്പടിയാനെ അവസാനം അവിടത്തെ അമ്പലത്തിലോ മറ്റോ ഉത്സവപ്പിരിവിനായി ചെന്ന ചില യുവാക്കളാണ് കണ്ടതും ഇറക്കിവിട്ടതും! പക്ഷെ, അതിശയകരമായ കാര്യം അത്രയും നേരം നമ്മുടെ 'തറവാടിയും' ആ പാവം സ്ത്രീയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നതെങ്കിലും ഒരു ബലാത്കാരത്തിനോ കൈയ്യാങ്കളിക്കോ അയാൾ ഒരുമ്പെട്ടില്ല എന്നതാണ്! എങ്ങാനും അത്തരത്തിലുണ്ടായാൽ നേരിടുന്നതിനായി വീട്ടിലെ മൂർച്ചകളൊക്കെ അതിനിടയിൽത്തന്നെ സജ്ജമാക്കി നിൽക്കുകയായിരുന്നുവത്രേ ആ സാധുസ്ത്രീ!
എന്തായാലും അദ്ദേഹത്തിന്റെ സേവനം ഇനിയും നീട്ടിക്കൊണ്ട് പോയാൽ എനിക്ക് തന്നെ അത് 'പണിയാകുമെന്ന്' മനസ്സ് പറഞ്ഞു. അങ്ങനെയാണ് ഞാൻതന്നെ മുൻകൈ എടുത്ത് അദ്ദേഹത്തെ ആ റെയ്ഞ്ചിൽനിന്നു പറഞ്ഞ് വിട്ടത്. അദ്ദേഹത്തിന് വേലവിലക്കൊന്നും പുത്തരി അല്ലാത്തതിനാൽ അത്തരം അടവുകളൊന്നും വിലപ്പോകില്ല എന്ന് ബാക്കി സ്റ്റാഫുകൾ പറഞ്ഞ് എനിക്കറിയാമായിരുന്നു. കാരണം, അതിനകം നാലോ അഞ്ചോ പ്രവശ്യമെങ്കിലും അത്തരത്തിൽ വേലവിലക്കിന് വിധേയനാകുകയും കിട്ടുന്ന ഉപജീവന ബത്ത വാങ്ങി വീട്ടിൽ സുഖമായി കഴിയുകയും ഒരു വർഷത്തിനുള്ളിൽ തിരിച്ച് കയറുകയും ചെയ്ത് 'മാതൃക കാണിച്ചിട്ടുള്ള' അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോർഡ് അനന്യസാധാരണവും!
ആ സാക്ഷാൽ സ്വരൂപമാണ് ഇപ്പോൾ ഇതാ എന്റെ മുന്നിൽ വന്ന് നിൽക്കുന്നത്. എന്നെക്കണ്ടപ്പോൾ സിവിൽ വേഷത്തിലായിരുന്നെങ്കിലും വലത്തേ കൈത്തലം നെറ്റിയിലേയ്ക്ക് ഉയർത്തിക്കാട്ടി സല്യൂട്ട് ചെയ്ത് വെളുവെളുത്ത ഒരു കോളിനോസ് പുഞ്ചിരി സമ്മാനിച്ചു. (ഉദ്യോഗസ്ഥർ സിവിൽ ഡ്രസ്സിലാകുമ്പോൾ അത്തരത്തിലെ സല്യൂട്ട് സാധാരണ പതിവില്ലാത്തതാണ്.) അതെ, തന്റെ കയ്യിലിരുപ്പുകൾ കൊണ്ടാണെങ്കിലും സർവ്വീസിലെ ഉയർച്ചതാഴ്ചകൾ തികച്ചും സ്വാഭാവികം എന്ന നിലയിൽ ഉൾക്കൊള്ളുന്ന അദ്ദേഹത്തിന് എന്നോടെന്നല്ല, ജീവിതത്തിൽ പകയോ വിദ്വേഷമോ മമതയോ ഒന്നും ആരോടും ഇല്ലാത്തതിനാൽ വലിയ പ്രശ്‌നമില്ല. അതാണ് വെളുക്കെയുള്ള ആ ചിരി! 'എന്താണ് സംഭവിച്ചത്...? നിങ്ങൾക്കെതിരെ പുതിയ കംപ്‌ളയിന്റ് ഉണ്ടല്ലോ.. എന്താണ് സംഗതി...?' ഒന്നും അറിയാത്ത ഭാവത്തിൽ ഞാൻ ചോദിച്ചു.
'ഓ.. ആ പരാതിയുടെ കാര്യമാണോ സാർ. സാറിനോടായത് കൊണ്ട് പറയാമല്ലോ. ഓണമായത് കൊണ്ട് സ്‌നേഹത്തോടെ അവരുതന്ന നക്കാപ്പിച്ച കാശ് ഞാൻ വാങ്ങിയെന്നത് സത്യമാണ് സാറേ. വെറും ഇരുന്നൂറ്റി അൻപത് രൂപ സാർ.....!'
'വെറും തുച്ഛമായ പൈസയാണ് ഒരു ഗാർഡിന് കിട്ടുന്നത്...എന്നിട്ടാണ് ഈ പുകിലൊക്കെ...! എന്ത് പറയാനാണ് സാറേ...?' (കീഴ്ജീവനക്കാരൻ ആയതുകൊണ്ട് കിട്ടിയത് കുറഞ്ഞുപോയി എന്നാണ് വ്യംഗ്യം. തന്നെയുമല്ല ഇരുന്നൂറ്റി അൻപത് രൂപാ വീതം ഇരുപതോളം മില്ലിൽനിന്ന് ആണെന്ന കാര്യം പുള്ളി അപ്പോൾ പറഞ്ഞതുമില്ല!)
'ഓണവും ക്രിസ്തുമസ്സും ഒക്കെ ആകുമ്പോൾ തടിമില്ലുകാരൊക്കെ സന്തോഷത്തോടെ പോലീസിനും വനംവകുപ്പിനും മാമൂല് കൊടുക്കുന്ന ഏർപ്പാട് ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ… അതൊക്കെ സാറിനും അറിയാമല്ലോ...?'
മഹാപാപി എനിക്കും കൂടി ഇട്ട് താങ്ങുകയാണ്. എന്തായാലും ഈ അവസ്ഥയിൽ അയാളോട് ലോഹ്യം കാണിച്ചാൽ പണ്ടാരാണ്ട് പറഞ്ഞത് മാതിരി 'ആ മഹാത്മൻ തലയിൽക്കയറിയിരുന്ന് ശോധന വരെ സാധിച്ചുകളയും' എന്ന് ഞാനപ്പോൾ ന്യായമായും ഭയന്നുവെന്നത് സത്യം!
'പിന്നെ പരാതിയിൽ പറയുന്നത് പോലെ ഞാൻ നിർബന്ധിച്ച് പിരിച്ചതൊന്നും അല്ല സാറേ. സാറ് വേണമെങ്കിൽ അവന്മാരോട് തന്നെ തിരക്കിക്കോളൂ... സന്തോഷത്തോടെ തന്നതാണ് ആ നക്കാപ്പിച്ച!'
'താനതിങ്ങോട്ട് 'ഒലത്തണ്ട'. ആരോട് ചോദിക്കണം എന്നൊക്കെ എനിക്കറിയാം.' ഞാൻ കൃത്രിമ ഗൌരവം നടിച്ചു. (അയാളോട് അപ്പോൾ സഭ്യമായി സംസാരിച്ചിട്ട് കാര്യം ഒന്നും ഇല്ലായിരുന്നു എന്നതോർത്തെങ്കിലും അറിയാതെ ഞാൻ പറഞ്ഞുപോയ അസഭ്യം വായനക്കാർ പൊറുക്കുമല്ലോ.)
'ഇപ്പോഴത്തേയ്ക്ക് ക്ഷമിക്കണം സാറേ...! പിള്ളേരെ വളർത്തണ്ടായോ… അതുകൊണ്ടാ… സാറേ...'
'അതിന് നിങ്ങളുടെ മക്കൾ....?' ഞാനറിയാതെ ചോദിച്ചുപോയി. കാരണം പത്ത വർഷമെങ്കിലും മുൻപ് എന്നോടൊത്ത് ജോലി ചെയ്യുമ്പോഴേ അയാളുടെ രണ്ട് ആൺമക്കൾ അത്യാവശ്യം വലിയ കൊച്ചുങ്ങൾ ആണെന്ന് എനിക്കറിയാമായിരുന്നു.
ഒരു വളിച്ച ചിരിയോടെയാണ് അതിനയാൾ മറുപടി പറഞ്ഞത്.
'ഓ… അവരെ സാറിനറിയാം അല്ലേ...? പിള്ളേര് രണ്ടും ഇപ്പോൾ ഗൾഫിലാണ് സാറേ. എന്നാലും രക്ഷപ്പെട്ടെന്ന് അങ്ങോട്ട് പറയാറായിട്ടില്ല സാറേ....!'
അയാളുടെ വളിച്ച 'സാറേ...' വിളി കേട്ടപ്പോൾ എനിക്ക് വായിൽ പുളിച്ച തെറിയാണ് തികട്ടി വന്നത്. എന്ത് മറുപടി പറയാനാണ്? ഒരു നാളും നന്നാവില്ല എന്ന് അത്തരത്തിൽ കഠിന ശപഥം എടുത്ത ചില ജന്മങ്ങളുണ്ട് എല്ലാ വകുപ്പിലും. അവരോട് വേദം ഓതിയിട്ട് കാര്യമില്ല.
'ഇതെന്തായാലും തന്റെ പേരിൽ ഞാൻ റിപ്പോർട്ട് ചെയ്യും. ഉടനെ അടുത്ത സസ്‌പെൻഷന് ഒരുങ്ങിയിരുന്നോ..!' അല്പവും മയമില്ലാതെയാണ് ഞാൻ സംസാരിച്ചത്.
അയാൾ പറഞ്ഞത് പോലെ പണ്ട് തടിമില്ലുകാരൊക്കെ ഓണത്തിനും സംക്രാന്തിക്കും അതാതിടത്തെ വനംവകുപ്പ് ഉദ്യോഗസ്ഥന്മാർക്കും ലോക്കൽ പോലീസിനും അല്ലറച്ചില്ലറ സമ്മാനങ്ങൾ നൽകാറുള്ളത് എനിക്കും അറിയാം എന്നത് സത്യമാണ്. അതവർ കള്ളത്തടി വെട്ടുന്നതുകൊണ്ടൊന്നും അല്ലതാനും. പറഞ്ഞ് വരുമ്പോൾ പണ്ടാരാണ്ട് പറഞ്ഞത് മാതിരി 'ആരും അത്ര വലിയ പുണ്യാളച്ചന്മാർ അല്ലല്ലോ' എന്നാണ് കക്ഷിയുടെ നിലപാട്. പക്ഷെ ഇവിടെ ഈ കശ്മലൻ എവിടെ ചെന്നാലും വല്ലാത്ത തലവേദനയുണ്ടാക്കി പരാതിക്കാർക്ക് ഒരു സ്ഥിരം സ്രോതസ്സായി വർത്തിക്കുകയാണ്. എന്താണ് കരണീയം എന്നാലോചിച്ച് ഗൌരവത്തിൽ ഞാനയാളെ നോക്കിയിരുന്നു.
'സാറേ ഞാൻ ഉറപ്പായി പറയുന്നു. സാറിവിടെ ഫ്‌ളൈയ്യിംഗ് സ്‌ക്വാഡ് റെയ്‌ഞ്ചോഫീസറായി ഇരിക്കുമ്പോൾ ഞാനായിട്ട് ഇനി ഒരു പ്രശ്‌നവും ഉണ്ടാക്കില്ല. ഇത് സത്യം.. സത്യം.. സത്യം!'
ഒരു ഞെട്ടലോടെയാണ് അപ്പോൾ ഞാനത് കണ്ടത്. അയാളുടെ വലത് കൈയ്യുടെ പരുക്കൻ കൈപ്പത്തിയാണ് സത്യം ഇടാനായി എന്റെ ഉച്ചന്തല ലക്ഷ്യമാക്കി അന്തരീക്ഷത്തിലൂടെ നീണ്ട് വരുന്നു! അതെങ്ങാനും സ്പർശിച്ചാൽ 'ആ മഹാൻ തത്ക്ഷണം ശിരസ്സ് പിളർന്ന് അന്തരിക്കും' എന്നുറപ്പ്!
എന്ത് വന്നാലും അയാൾ അതൊക്കെ തന്നെയാകും വീണ്ടും ചെയ്യാൻ പോകുന്നത് എന്ന് എനിക്ക് നന്നായി അറിയാം. എന്നേക്കാൾ നന്നായി അതയാൾക്കും അതറിയാം. മെയ്വഴക്കമുള്ള ഒരു അഭ്യാസിയുടെ പാടവത്തോടെ ഝടുതിയിൽ ആ കയ്യുടെ കരാള സ്പർശത്തിൽനിന്ന് ഞാൻ ഒഴിഞ്ഞ് മാറിക്കളഞ്ഞു. പിന്നെ അയാളെ അടുത്തേയ്ക്ക് വിളിച്ച് ശബ്ദം താഴ്ത്തി ചെവിയിൽ പറഞ്ഞു.
'എടോ '@#$%!'... ഞാൻ ഒരു കാര്യം പറയാം. ഇന്ന് സമയം വൈകി. നമ്മൾ പോകുന്നു. തന്നെ അറിയാവുന്നത് കൊണ്ട് പറയുകയാണ്. മറ്റന്നാൾ ഞങ്ങൾ വീണ്ടും വരും. അന്ന് ആ തടിമില്ലുകാരെ നേരിട്ട് കാണും. അവരന്ന് തനിക്കെതിരെ സ്റ്റേറ്റ്‌മെന്റ് തന്നാൽ അന്നത്തോടെ തന്റെ ആപ്പീസ് ഞാൻ പൂട്ടും. ഓർത്തോ!'
പിന്നെ പ്രശ്‌നം കൂടുതൽ വഷളാക്കണ്ട എന്ന് കരുതി ഒന്നുകൂടി പറഞ്ഞു.
'അതിന് മുമ്പ് രാഷ്ട്രീയമോ ജാതിയോ മതമോ എന്തുവേണേൽ എടുത്ത് പ്രയോഗിച്ചോ. അവരാരെങ്കിലും തനിക്കെതിരേ പറഞ്ഞാൽ പിന്നെ നോക്കണ്ട. രണ്ടേ രണ്ട് ദിവസം. ചെവിയിൽ നുളളിക്കോ '#$%^@'..!'
എനിക്ക് അപ്പോൾ അങ്ങനെയോ പറയാൻ കഴിയുമായിരുന്നുള്ളൂ. എന്നാലും ഒരു തെറി പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത ആശ്വാസമാണ് തോന്നിയത്! അങ്ങനെ പറഞ്ഞില്ലെങ്കിൽ അയാൾ അനങ്ങുക പോലും ഇല്ല എന്ന് എനിക്കറിയാം. 'വിശാലഹൃദയനായ ആശാനായി' ആ പരാതി മുക്കിയാൽ അവസാനം എട്ടിന്റെ പണി എനിക്കായിരിക്കും വരിക എന്നും എനിക്കറിയാം. അതിന്റെ കാര്യം എന്തായാലും ഇല്ലല്ലോ.
അപ്പോഴേയ്ക്കും ഇന്റലിജെൻസ് വിങ്ങിലേയ്ക്കുള്ള ട്രാൻസ്ഫറിന്റെ വക്കിലായിരുന്നു ഞാൻ. താമസിയാതെ അവിടെനിന്നു മാറിപ്പോകുകയും ചെയ്തു. അതുകൊണ്ടുതന്നെ ബാക്കി ഇവിടെ പറയുന്നില്ല. തടിമില്ലുകാരുടെ മൊഴിയെടുക്കാനായി പിന്നെ ഞാൻ പോയില്ല എന്നത് വാസ്തവം. ദിവസങ്ങൾക്ക് ശേഷം ഫ്‌ളൈയ്യിംഗ് സ്‌ക്വാഡിലെ ഫോറസ്റ്റർ സ്റ്റാഫുകളുമൊത്ത് അന്വേഷണത്തിനായി ചെന്നപ്പോഴേയ്ക്കും തടിമില്ലുകാരെ 'സോപ്പിട്ട്' മൊഴിമാറ്റി പറയിപ്പിച്ച് ഭാസ്‌കരൻ രക്ഷപ്പെട്ടോ? അതോ അയാൾക്കെതിരെ ഫ്‌ളൈയ്യിംഗ് സ്‌ക്വാഡ് റിപ്പോർട്ട് കൊടുത്ത് സസ്‌പെൻഡ് ചെയ്യിച്ചോ? എന്തോ ആകട്ടെ.
എന്നാലും 'കലിപ്പുകൾ തീരാത്തതിനാൽ' ആ ഭാസ്‌കരൻതന്നെ മുൻപ് ചെയ്ത ഒരു ശുദ്ധപോക്രിത്തരം കൂടി പറയാം. എന്നാലേ കക്ഷിയുടെ തനിസ്വരൂപം സംബന്ധിച്ച് വായനക്കാർക്ക് 'വ്യക്തവും വടിവുറ്റതുമായ' ഒരു രൂപം കിട്ടൂ എന്ന് തോന്നുന്നു.
Content Highlights: Personal account of a Range Officer dealing with an incorrigible forest guard., Insight into the administrative hurdles of disciplining government employees., Real-life challenges faced by the Ranni Flying Squad in 2026., Exploration of workplace culture and corruption in the forest department.
Published: 18 Jul 2026, 04:30 pm IST
ABOUT THE AUTHOR
കേരള വനം വകുപ്പില് നിന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്സര്വ്വേറ്ററായി വിരമിച്ചു. ചിന്ത പബ്ലിഷേഴ്സ് വഴി കാട് പറഞ്ഞ കഥകള്, ആരണ്യകാണ്ഡം എന്നീ കഥാ സമാഹാരങ്ങളും ലോഗോസ് ബുക്ക്സ് വഴി കാട്ടിലേയ്ക്ക് പോകാം എന്നൊരു യാത്രാവിവരണവും മാതൃഭൂമി ബുക്ക്സ് വഴി നാഗമാണിക്യം, ഗജമുത്ത്, വെള്ളിമൂങ്ങ- വനം കള്ളക്കടത്തിന്റെ കാണാപ്പുറങ്ങള് എന്നൊരു അനുഭവകഥയും കേരള
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented