പതിറ്റാണ്ടുകൾക്ക് മുൻപ് ഭാസ്‌കരൻ എന്നോടൊപ്പം ജോലി ചെയ്തിരുന്ന കാലത്തെ കഥയാണ്. കൃത്യമായി പറഞ്ഞാൽ രണ്ടായിരത്തിന്റെ തുടക്കം. അവധി ദിവസം ഉച്ചതിരിഞ്ഞാണ് സംഭവം. തിരുവനന്തപുരത്ത് ഒരിടത്ത് ആനക്കൊമ്പിൽ പണിത വിഗ്രഹങ്ങളുമായി രണ്ട് പ്രതികളെ പിടിച്ച് വച്ചിരിക്കുന്നതാണ് രംഗം. വിവരം അറിഞ്ഞ് എത്താനുള്ള നിർദ്ദേശം കിട്ടിയ ഉടനെ ഞാനും തൊട്ടടുത്ത റെയ്ഞ്ചിലെ സുഹൃത്തായ റെയ്ഞ്ച് ഓഫീസറും കൂടി സ്ഥലത്തെത്തി. പ്രതികളോടൊപ്പം ആ വിഗ്രഹങ്ങൾ വിൽക്കാനായി കൊണ്ടുവന്ന അംബാസഡർ കാറും ഡ്രൈവറെയും പിടിച്ചിട്ടുണ്ട്. മുഖപരിചയം ഉള്ളതിനാൽ പ്രതികൾ വന്ന് വിളിച്ചപ്പോൾ 'ഓട്ടം വന്നതാണെന്നാണ്' ഡ്രൈവർ പറയുന്നത്. അവരുടെ ബാഗിനകത്ത് പത്ത് ലക്ഷം രൂപ വിലമതിക്കുന്ന ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങൾ ആണെന്ന് തനിക്ക് ഒരൂഹവും കിട്ടിയിരുന്നില്ലെന്നും അയാൾ പറയുന്നു. 

To advertise here,

അയാളുടെ വാദം ശരിയായിക്കൂടെന്നില്ല. പ്രതികൾ അതിനെക്കുറിച്ച് ഒന്നും മിണ്ടുന്നുമില്ല. എന്തായാലും മൊഴി പരിശോധിച്ച് വ്യക്തത വരുത്തേണ്ടിയിരിക്കുന്നു. മേൽപ്പറഞ്ഞ രണ്ട് പ്രതികളും തിരുവനന്തപുരത്ത് '%&^$#@' (പേര്) എന്ന സ്ഥലത്തുള്ള കൊത്തുപണിക്കാരാണ്. 'ഹിസ്റ്ററി ഷീറ്റേഴ്‌സ്' (History-sheeters :ആവർത്തിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ) ആയ അവരെ മുമ്പും സമാന കേസ്സുകളിൽ വനംവകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട് . വീണ്ടും പിടിക്കപ്പെട്ടപ്പോൾ ഉദ്യോഗസ്ഥരിൽ പലരും രണ്ട് 'കൊച്ചടിയൊക്കെ' അവർക്ക് കൊടുത്തിരുന്നുവെന്നത് വാസ്തവവും! പക്ഷെ അപ്പോഴും ആ ടാക്‌സി ഡ്രൈവറെ ആരും തൊടാതെ മാറ്റി നിറുത്തിയിരിക്കുകയാണ്. (നിരോധിത വസ്തുവായ ആനക്കൊമ്പ് കൈവശം വയ്ക്കുകയും അതിൽ രൂപം കൊത്തി കച്ചവടത്തിനായി കൊണ്ട് വരികയും ചെയ്തവരാണ് ഇവിടെ പിടിക്കപ്പെട്ട രണ്ട് പേരും എന്നത് സത്യമാണ്. എങ്കിലും കുടുംബപരമായി പരമ്പരാഗത കൊത്തുപണിക്കാരായ അവർ കാട്ടിൽ കടന്ന് ആനയെ വെടിവയ്ക്കുന്നവർ അല്ല എന്നോർക്കുക. ഇത് അവരെ വെള്ളപൂശാനായി പറയുന്നത് അല്ല. അവർ നിരോധിത വസ്തു തുടർച്ചയായി കൈവശം വെച്ചിട്ടുണ്ട്. അതിന്റെ അനധികൃത വിപണനത്തിന് ശ്രമിച്ചിട്ടുമുണ്ട്. രണ്ടോ മൂന്നോ പ്രാവശ്യമെങ്കിലും അതിൽ പിടിക്കപ്പെട്ടിട്ടുമുണ്ട്.)

ഒരു ഓപ്പറേഷനിൽ പ്രതികളെ അറസ്റ്റ് ചെയ്ത് കഴിഞ്ഞാൽപ്പിന്നെ അവരെ ചോദ്യം ചെയ്യുക, മൊഴിയെടുക്കുക, കേസ്സ് ഡയറിയും മഹസ്സറും കൃത്യതയോടെ തയ്യാറാക്കുക, മെഡിക്കൽ പ്രാക്ടീഷണറുടെ അടുത്തെത്തിച്ച് ശാരീരിക പരിശോധന നടത്തിപ്പിക്കുക, മജിസ്‌ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്യിപ്പിക്കുക, അകമ്പടി സേവിച്ച് ജയിലിലേയ്ക്ക് കൊണ്ട് പോകുക എന്നിങ്ങനെ ഒട്ടനവധി ജോലികൾ ഇനിയും ബാക്കിയാണ്. അതിനും പുറമെ തൊണ്ടി (ഇവിടെ ആനക്കൊമ്പിൽ പണിത വിഗ്രഹങ്ങൾ) തിരിച്ചറിഞ്ഞ് കൃത്യമായ പുറംഅളവുകൾ എടുത്ത് മഹസ്സറിൽ ഉൾക്കൊള്ളിക്കുക, കോടതിയുടെ അനുവാദം വാങ്ങിയും ചട്ടങ്ങൾ പാലിച്ചും അതിൽ നിന്നും ആനുപാതികമായി സാമ്പിളുകൾ ശേഖരിച്ച് ലാബിലേയ്ക്ക് പരിശോധനയ്ക്ക് അയക്കുക, ശേഷം തൊണ്ടി ഭദ്രമായി പൊതിഞ്ഞ് സീലുചെയ്ത് സ്‌ട്രോങ്ങ് റൂമിലോ ട്രഷറിയിലോ മറ്റോ സൂക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നിവയും ജോലിയുടെ ഭാഗമായി ബാക്കി ഉണ്ട്. അതിനാൽ ഞാൻ ലാൻഡ് ഫോണിൽ നിന്ന് വിളിച്ച് ഫോറസ്റ്ററോട് എന്റെ റെയ്ഞ്ചിൽ ഉണ്ടായിരുന്ന മിടുക്കന്മാരായ കുറച്ച് സ്റ്റാഫുകളേയും കൂട്ടി അടിയന്തരമായി തിരുവനന്തപുരത്തേയ്ക്ക് വരാൻ പറഞ്ഞു. എന്തായാലും സ്റ്റാഫുകൾ എത്തുന്നത് വരെ ഒരുമണിക്കൂറോളം സമയം ഉണ്ട്. വരുന്നവർക്ക് കഴിക്കാനായി അടുത്ത് കണ്ട കടയിൽ നിന്ന് നാലോ അഞ്ചോ കിലോ 'കപ്പപ്പഴവും' (ചെങ്കദളി പഴം) രണ്ട് ലിറ്ററിന്റെ 'ഫാന്റ' (Fanta) സോഫ്റ്റ് ഡ്രിങ്കും വാങ്ങി മുറിയിൽ വച്ച് ഞങ്ങൾ ചായകുടിക്കാനായി പുറത്തേയ്ക്ക് പോയി. പ്രതീക്ഷിച്ചതിലും വേഗത്തിൽ സ്റ്റാഫുകൾ എത്തിയെന്ന് അവരെ കൊണ്ടുവന്ന വിവേകാനന്ദൻ (റെയ്ഞ്ച് ഓഫീസറായി പ്രൊമോഷൻ കിട്ടിയ ശേഷം അദ്ദേഹം കാനഡയിലേയ്ക്ക് കുടുംബസമേതം കുടിയേറിപ്പോയി) എന്ന ഫോറസ്റ്റർ ചായക്കടയിൽ വന്നുപറഞ്ഞു. തിരികെ ഞങ്ങളൊരുമിച്ച് പ്രതികളിരുന്ന ഓഫീസിലെ മുറിയിലേയ്ക്ക് കടന്നപ്പോഴാണ് നടുക്കുന്ന ആ കാഴ്ച കണ്ടത്! അടികൊണ്ട് ആകെ അവശനായി കിടക്കുന്ന ആ കാർ ഡ്രൈവർ! അയാളുടെ സമീപത്തായി ചുറ്റിനും തലങ്ങും വിലങ്ങും ചിതറിക്കിടക്കുന്ന ചെങ്കദളി

പഴത്തൊലികൾ! പോരാത്തതിന് നിലത്ത് അടപ്പ് വേർപെട്ട് കിടക്കുന്ന ഫാന്റയുടെ ഒഴിഞ്ഞ കുപ്പിയും! കുറച്ചപ്പുറത്തായി വിജയശ്രീലാളിതനെന്നോണം തന്റെ വക സംഭാവന നൽകിക്കഴിഞ്ഞു എന്ന ഭാവത്തിൽ വിയർത്ത് കുളിച്ച് നിൽക്കുന്ന ഭാസ്‌കരൻ! അവിചാരിതമായി അയാളെ അവിടെ കാൺകെ ഞാൻ ചോദ്യഭാവത്തിൽ ഫോറസ്റ്റർ വിവേകാനന്ദനെ നോക്കി. സത്യത്തിൽ എനിക്കപ്പോഴേയ്ക്കും അവിടെ നടന്നിരിക്കാവുന്ന കാര്യങ്ങളുടെ ഏകദേശ ചിത്രം കിട്ടിക്കഴിഞ്ഞിരുന്നു! മിടുക്കന്മാരായ സ്റ്റാഫുകളെ വിളിച്ചതിന്റെ കൂട്ടത്തിൽ ശമ്പളം വൈകിയതിന്റെ കാരണം എന്തോ അന്വേഷിച്ച് അന്ന് റെയ്ഞ്ച് ഓഫീസിൽ വന്നിരുന്ന അയാളും കൂടിയതാണ്. വേണ്ട എന്ന് ആവർത്തിച്ച് പറഞ്ഞപ്പോൾ 'മഹസ്സർ എഴുതാനും തൊണ്ടി പൊതിയാനും ഒക്കെ  ആളുവേണ്ടായോ സാറേ...'എന്ന് പറഞ്ഞാണ് അയാൾ കൂടെക്കൂടിയതെന്ന് വിവേകാനന്ദൻ പറഞ്ഞു.! (തൊണ്ടി പിടിച്ചെടുക്കുമ്പോൾത്തന്നെ 'സീഷർ മഹസ്സർ' (Seizure Mahassar) സംഭവം നടന്ന 'കൃത്യസ്ഥലത്ത്' വച്ചായിരിക്കണം എഴുതേണ്ടത്.

വനംവകുപ്പിൽ പ്രത്യേകിച്ച് കാടിനകത്ത് പലപ്പോഴും വിരലിൽ എണ്ണാവുന്ന സ്റ്റാഫുകളുമായി മാത്രം നടത്തുന്ന ഓപ്പറേഷനുകളിൽ ഇത് പ്രായോഗികമല്ല. കൂടുതൽ നേരം സംഭവസ്ഥലത്ത് തുടരുന്നത് ആശാസ്യമല്ല താനും. കൃത്യം അളവുകളെടുത്ത് മഹസ്സർ എഴുതാനും മറ്റും ചുറ്റുപാടുകൾ അനുവദിക്കാത്തതിനാൽ അത് പലപ്പോഴും പാലിക്കാൻ കഴിയാറില്ല. പ്രതികളുടെ താവളത്തിൽ അധിക സമയം നിൽക്കുന്നത് പന്തിയല്ല. പിടിച്ച പ്രതിയുടെ കൂട്ടാളികളും സംഘാംഗങ്ങളും സംഘടിക്കുന്നതിന് സാധ്യതയുണ്ട്.

അവർ ചേർന്ന് ബലമായി വിടുവിച്ച് കൊണ്ടുപോകുന്നത് ഉൾപ്പടെ അനാരോഗ്യകരമായ പല സംഭവങ്ങൾക്കും വഴിവച്ചിട്ടുമുണ്ട്.) എന്നാൽ ഇവിടെ എന്ത് ചെയ്യണം എന്ന് എനിക്ക് ഒരു രൂപവും കിട്ടിയില്ല. അപ്പോഴേയ്ക്കും ആ ഡ്രൈവർ നിരപരാധിയാണെന്ന് ഓപ്പറേഷന് വിവരം നൽകിയ രഹസ്യവിവരദായകൻ ഉറപ്പിച്ച് പറഞ്ഞിരുന്നു! ആ രഹസ്യവിവരവും ഓപ്പറേഷനും ഒക്കെ ഹെഡ്ക്വാർട്ടേഴ്‌സിലെ പല 'വലിയപുള്ളികളും' അറിഞ്ഞാണ് നടന്നത് എന്നതായിരുന്നു വാസ്തവം! അതിനാൽത്തന്നെ ഇവിടെ സംഭവിച്ചത് എന്റെ അനാസ്ഥയായേ അവർ കാണൂ എന്നുറപ്പ്. അക്ഷന്തവ്യമായ ആ അലംഭാവത്തിന് അവരോട് എന്ത് സമാധാനമാണ് പറയുക...? ആകെ തല കറങ്ങുന്നത് പോലെ. അവസാനം അക്ഷരാർത്ഥത്തിൽ ഞാൻ ആ ഡ്രൈവറുടെ 'കാല് പിടിച്ചു' എന്ന് പറയുന്നതാകും ശരി. കാരണം പരാതി വന്നാൽ അത് പ്രധാനമായും കേസ്സ് എടുത്തിരിക്കുന്ന ഉദ്യോഗസ്ഥന് എതിരെ

ആയിരിക്കുമല്ലോ.

അതായത് എന്റെ നെഞ്ചത്തോട്ട് തന്നെയായിരിക്കും

അത് വന്ന് കയറുക !പക്ഷേ എന്തോ മഹാഭാഗ്യത്തിന് അസ്സാരം ശാരീരിക ദണ്ഡനകൾ ഏൽക്കേണ്ടി വന്നെങ്കിലും വന്യജീവി ഉത്പന്നത്തിന്റെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ കേസ്സിൽപ്പെടാതെ രക്ഷപ്പെടാമല്ലോ എന്നാണ് ആ പാവം ടാക്‌സി ഡ്രൈവർ അപ്പോൾ കരുതിയത്. ടാക്‌സിക്കൂലിയും നൽകി നല്ല വാക്കുകളും പറഞ്ഞ് അയാളെ വല്ലവിധേനയും മടക്കി അയച്ചു. ആ പാവം പിന്നെ പരാതിയുമായി പോയില്ല എന്നത് എനിക്ക് വലിയ ആശ്വാസമായിരുന്നു! ഇന്നായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്ന് ചിന്തിക്കാനേ വയ്യ. (പുറത്ത് അധികം അറിയാത്ത കാര്യമുണ്ട്. ഒരാൾ ശരിക്കും കുറ്റവാളിയാണെന്ന് ഉറപ്പാണെങ്കിൽ മാത്രമേ കാക്കിയിട്ട ഉദ്യോഗസ്ഥന്മാർ ശാരീരികമായി ഉപദ്രവിക്കാറുള്ളൂ. അത് തിരിച്ചും പറയാം. അതായത് പൊതുവേ ശാരീരിക ക്ഷതങ്ങൾ ഏൽപ്പിച്ച് കഴിഞ്ഞാൽ ചിലപ്പോഴെങ്കിലും അയാൾ പ്രതി ആകുകയും ചെയ്യുമായിരുന്നു! അല്ലെങ്കിൽ കുറ്റാരോപിതനായ ആൾ പുറത്തിറങ്ങി പരാതിയുമായി പോയാൽ 'എട്ടിന്റെ പണി'കളായിരിക്കുമല്ലോ ഉദ്യോഗസ്ഥരെ കാത്തിരിക്കുക! ഇന്ന് ആ കാലമൊക്കെ ഒരുപാട് മാറിപ്പോയിരിക്കുന്നു എന്ന് ദയവായി ഓർക്കണം എന്നപേക്ഷ.) ഇവിടെ അതിലും വിശേഷമായത് മറ്റൊന്നാണ്. നിരപരാധിയായ ആ ഡ്രൈവറെ ഇടിച്ചത് എന്തിനായിരുന്നു എന്ന് അന്നത്തെ ഫോറസ്റ്റർ

വിവേകാനന്ദൻ ഭാസ്‌കരനെ വിളിച്ച് ചോദിച്ചപ്പോൾ അയാൾ കൊടുത്ത മറുപടി. 'സാറേ...ഞാൻ ആ പന്നനോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാനാണ് ഇങ്ങോട്ട് വന്നത്. പക്ഷേ അപ്പോൾ അവൻ ഒന്നും അറിഞ്ഞതല്ലെന്നും നിരപരാധി ആണെന്നുമൊക്കെ കുറെ 'അവത' (പരാതി) പറഞ്ഞു കൊണ്ടിരുന്നു. വീണ്ടും കടുപ്പിച്ച് ചോദിച്ചപ്പോൾ അവനെന്നോട് പറയുകയാണ്...' ഭാസ്‌കരൻ ഒന്നുനിറുത്തി വളരെ ഗൌരവത്തിലാണത്രേ ബാക്കി പറഞ്ഞത്. 'തിര്വോന്തരത്തുകാരനാണ ങ്കിലും അമ്മച്ചിയാണെ ഞാൻ കള്ളനല്ല സാറേന്ന്... അഴുക്കപ്പയല്...!അടിക്കേണ്ടേ സാറേ...അവനെ. സാറ് തന്നെ പറ!' സ്വാഭാവികമായും അത് കേട്ടപ്പോൾ തിരുവനന്തപുരം വെള്ളറട സ്വദേശിയായ ആ ഫോ സ്റ്റർക്ക് ഒരു വേള ഉത്തരം മുട്ടിപ്പോയിരുന്നിരിക്കാം. എനിക്കും ചൊറിഞ്ഞ് വന്നുവെന്നത് വാസ്തവം!  'ചോദ്യം ചെയ്യലിനിടെ തിരുവനന്തപുരത്തുകാരെ അടച്ചാക്ഷേപിച്ചപ്പോൾ അറിയാതെ തല്ലിപ്പോയതായിരിക്കും സാർ.' ന്യായീകരണം മാതിരി പതിഞ്ഞ ശബ്ദത്തിൽ ആരോടെന്നില്ലാതെ വിവേകാനന്ദൻ അപ്പോൾ പറഞ്ഞുവോ..? 'അതിനീ പാക്കരൻ ആലപ്പുഴക്കാരനല്ലേ സാറേ...തിര്വോന്തരത്തുകാരെ 'അവരാതം പറഞ്ഞാൽ' (ഭർത്സിച്ചാൽ) അയാൾക്കെവിടെ 'നോവണ്'...?' അപ്പോൾ കൂടെയുണ്ടായിരുന്ന നെയ്യാറ്റിൻകരക്കാരനായ മറ്റൊരു സ്റ്റാഫാണ് അത് പറഞ്ഞത്. അവിശ്വസനീയതയോടെ ഞാൻ തിരിഞ്ഞ് നോക്കി.'പോക്രിത്തരങ്ങൾ കാണിക്കുന്നതിനും ഒരതിരില്ലേ സാറേ...?ഒരപ്പാവിയുടെ കൂമ്പിടിച്ച് വാട്ടിയിട്ട് നിന്ന് 'കൊണവതികാരം' (മുട്ടാപ്പോക്ക്) വിടണ്..! അവനെന്തോന്നിന്റെ 'കുരുവാണ്' (കുഴപ്പം) സാറേ...!' ഭാസ്‌കരനേക്കാൾ ലേശം പ്രായം അധികമുള്ള അയാൾ ശബ്ദം താഴ്ത്തി ആരോടെന്നില്ലാതെ പുലമ്പി. അതുകേൾക്കെ ഞാൻ വീണ്ടും ഫോറസ്റ്റർ വിവേകാനന്ദനെ ചോദ്യഭാവത്തിൽ നോക്കി. അപ്പോൾ സമസ്താപരാധങ്ങളും സ്വയം ഏൽക്കുന്ന മാതിരി അദ്ദേഹം തല കുമ്പിട്ട് നിൽക്കുകയായിരുന്നു!

മറയൂർ സേവനകാലം അവസാനിച്ചപ്പോൾ എനിക്കായി നടത്തിയ പാർട്ടിയിൽ പറഞ്ഞുകേട്ട സംഭവങ്ങളുമായി മൂന്ന് അദ്ധ്യായങ്ങൾ മുൻപ് തുടങ്ങിയതാണ് ഈ കഥനം.വനംവകുപ്പിലെ പല പൂർവ്വസൂരികളും അനുവർത്തിച്ചിരുന്ന ചില കൊടും ചെയ്ത്തുകളുടെ കഥയാണ് അന്ന് നവാഗതനായ എന്റെ മുന്നിൽ അവിടെ അനാവരണം ചെയ്യപ്പെട്ടത്. ശരിക്കും വായും പിളർന്നാണ് ഞാനതൊക്കെ അന്ന് കേട്ട് നിന്നത്. പിന്നീട് കുറെ ധൈര്യമൊക്കെ കാലാന്തരത്തിൽ ആർജ്ജിച്ചെടുത്തെങ്കിലും അതൊക്കെ അപ്പാടെ അവഗണിച്ചുകളയാൻ തക്ക കാര്യപ്രാപ്തി എനിക്ക് ഇന്നോളം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല്. ശരിക്കും ഇനി വരുന്ന തലമുറകൾക്ക് ഒരുവേള അതൊക്കെ മുത്തശ്ശിക്കഥകളോ കേട്ടുകേൾവികളോ മാത്രമായിപ്പോകുന്ന കാലവും വരാം. എന്നാലും വെട്ടിത്തുറന്ന് പറയുന്നതിലെ ചില അനൗചിത്യങ്ങൾ കണക്കിലെടുത്ത് എല്ലാം ഇവിടെ ഒട്ട് പറയാനും വയ്യ. കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥ. അല്ലെങ്കിൽ മുൻപത്തെ അദ്ധ്യായത്തിൽ സൂചിപ്പിച്ചത് മാതിരി എന്റെ സഹചാരി ആയിരുന്ന പഴയ ഫോറസ്റ്റർ തന്റെ ജീപ്പുപണിക്ക് കാശന്വേഷിച്ച് എത്തുന്ന അയാളുടെ റെയ്ഞ്ച് ആപ്പീസറായ അഗമ്യഗമനം കണ്ടുപിടിച്ച് വിളിച്ച് കൂവിയത് മാതിരി ഞാനും പറയേണ്ടി വരും. ശരിക്കും അന്നയാൾ പറഞ്ഞത് മാതിരി പാവപ്പെട്ട ശുദ്ധാത്മാക്കൾക്ക് മനസ്സിൽ എല്ലാം അടക്കിപ്പിടിക്കുന്നതിനും മറച്ചുവയ്ക്കുന്നതിനും പരിധി ഒക്കെ ഇല്ലേ? ചില കാര്യങ്ങൾ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പറയാനുള്ള ശ്രമമാണിവിടെ നടത്തുന്നത്. 'സാറേ എന്റെ ആദ്യത്തെ പോസ്റ്റിംഗ് '%$#@^&' എന്ന

സ്ഥലത്തായിരുന്നു. അന്ന് ഞങ്ങൾ നാല് പേരാണ് ഉണ്ടായിരുന്നത്.

താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിൽ നിന്ന് റിസർവ്വിലോട്ട് പ്രവേശിക്കുന്നതിന് മുൻപ് പറക്കുളം എന്ന കോവിലുണ്ട്. വിളിച്ചാൽ വിളി കേൾക്കുന്നതാണ് അവിടത്തെ മൂർത്തി എന്നാണ് കേട്ടിരുന്നത്. അതുകൊണ്ട് തന്നെ നാട്ടുകാർക്കും അവിടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്കും ഒരു പോലെ അത് വിശ്വാസമുള്ളതും

ആയിരുന്നു.' എന്നോട് ഇപ്പോൾ സംസാരിക്കുന്നത് ബിറ്റ് ഫോറസ്റ്റ് ഓഫീസറായ മോഹനനാണ്. (പേര് സാങ്കല്പികം) അയാൾ പൂർണ്ണമായും അന്യംനിന്നുപോയ പഴയ തലമുറയിൽപ്പെട്ട ഉദ്യോഗസ്ഥനാണ് എന്ന് പറയാനാകില്ല. ഞാൻ പൂർണ്ണമായും പഴയ തലമുറക്കാരനല്ല. എങ്കിലും പണ്ട് നിലനിന്നിരുന്ന സാഹചര്യങ്ങളോട് മാനസികമായി ഒരളവിൽ സമരസപ്പെടുന്നവൻ ആണെന്ന് അയാൾക്ക് വിശ്വാസമുള്ളതായി തോന്നിയിരുന്നു. അയാൾക്കെന്നല്ല, അവിടെയുള്ള ബാക്കിയുള്ളവർക്കും അന്നൊക്കെ എന്നെപ്പറ്റി നല്ല മതിപ്പായിരുന്നു കേട്ടോ! ചിലപ്പോൾ പുതുതായി എത്തിയ എന്റെ തനി സ്വഭാവം അറിയാത്തതുകൊണ്ടുമാകാം അങ്ങനെ. അല്ലെങ്കിൽ അവരാരും എന്നോട് മനസ്സുതുറന്ന് സംസാരിക്കുമായിരുന്നില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. (ഞാനാരാ മോൻ!) 'എന്തിന് കള്ളത്തടി വെട്ടാൻ പോകുന്നവർ പോലും അന്നൊക്കെ അവിടെ നടയ്ക്ക് തിരി കത്തിച്ച് വച്ചിട്ടേ പോകൂ. അന്നൊക്കെ കാട് എല്ലാരുടേയും ഉള്ളിൽ ഭയം നിറയ്ക്കുന്ന വികാരമായിരുന്നു.' 'ഉദ്യോഗസ്ഥന്മാരും കാട്ടിലേയ്ക്ക് പോകുമ്പോൾ അനുഷ്ഠാനമെന്നപോലെ അവിടെ ചന്ദനത്തിരി കൊളുത്തി വയ്ക്കുന്നത് കണ്ടിട്ടുണ്ട്. നമ്മൾ ചെല്ലുമ്പോൾ ആയിടയ്ക്ക് ആരെങ്കിലും പുതുതായി കത്തിച്ചുവച്ച തിരിയുടെ ചാരം വീണുകിടപ്പുണ്ടെങ്കിൽ അനധികൃതമായി ആരൊക്കെയോകാട്ടിൽ കയറിയിട്ടുണ്ടെന്ന് ഉറപ്പിക്കാമായിരുന്നു.' നേരും നെറിയുമുള്ള കള്ളന്മാരുള്ള കാലമായിരുന്നുവെന്നുതന്നെ പറയാം. പക്ഷേ ആ സമയത്താണ് വാച്ചറായിരുന്ന സജി വന്ന് പറഞ്ഞ വിവരം നമ്മളെ അപ്പാടെ അമ്പരപ്പിച്ചുകളഞ്ഞത്!' 'സാറേ...എന്റെ പെണ്ണുമ്പിള്ളയും അയലോക്കത്തെ (അയൽപക്കത്തെ) രണ്ടുമൂന്നു പെണ്ണുങ്ങളുമായി കൂടി അന്നും ചുള്ളി പെറുക്കാനായി പോയതാണ്. തിരികെ വരുമ്പോൾ കാടിനകത്ത് ഈറ്റക്കാട്ടിടുത്തുള്ള ചോലയ്ക്കരികിൽ് തലയിൽ ചാക്കുകെട്ടുകളുമായി വന്ന മൂന്നാലുപേരെ അവർ കണ്ടു. ശരിക്കും അബദ്ധത്തിൽ അവന്മാരുടെ മുന്നിൽ ചെന്ന് പെണ്ണുങ്ങൾ ചാടുകയായിരുന്നു .

'ഇവിടെ പരിസരത്തൊന്നും ഉള്ള ആളുകളായിരുന്നില്ല അവന്മാര്.

പെണ്ണുങ്ങളിലാർക്കും അവരെ ഒട്ട് കണ്ട് പരിചയവും ഇല്ലായിരുന്നു. പേടിച്ചും അമ്പരന്നും നാക്കുതാണത് പോലെ നിന്ന അവരുടെ നേർക്ക് നാലുപേരും വേഗത്തിൽ നടന്നെത്തി. അതിൽ നേതാവെന്ന് തോന്നിച്ചവൻ കൈയ്യിൽപ്പിടിച്ചിരുന്ന നാടൻ തോക്കിൻകുഴലെടുത്ത് അതിന്റെ അറ്റം എന്റെ പെണ്ണുമ്പിള്ളയുടെ നെഞ്ചത്ത് മുട്ടിച്ചുവച്ചു. അയാളുടെ വലത് കൈയ്യിലെ ചൂണ്ട് വിരൽ അതിന്റെ കാഞ്ചിയിൽ പാതി അമർന്നിരുന്നു.' 'അതുകണ്ട് ബാക്കിയുള്ളവർ അലമുറയിടാൻ തുടങ്ങിയപ്പോൾ തോക്ക് താഴ്ത്തി, അയാൾ വലത് ചൂണ്ടുവിരൽ ചുണ്ടുകളിൽ ചേർത്തുവച്ച് 'ശ്ശൂ...'എന്ന് 'കരിഞ്ചാത്തി' (രാജവെമ്പാല) ചീറ്റുന്ന മാതിരി ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. പേടിച്ചരണ്ട പെണ്ണുങ്ങൾ അപ്പോൾ വാപൊത്തി നിന്നു.''കുറച്ച് നേരം അവന്മാർ നിരന്നങ്ങനെ നിന്നു. ശ്വാസം പോലും വിടാനാകാതെ തലയിൽ വിറക് കെട്ടുമായി പെണ്ണുങ്ങളും. പിന്നെ അവന്മാർ ഒന്നും മിണ്ടാതെ ചാക്കുകെട്ടുകളുമായി തടമിറങ്ങി താഴോട്ട് നടന്നങ്ങ് പോയി' എന്തോ ആലോചിക്കുന്നത് മാതിരി സജി ഒന്ന് നിറുത്തി. 'ആ വരത്തന്മാർ ഇറച്ചി വെടിക്കാരാണെന്ന് ഉറപ്പാണ്. പക്ഷെ ഇവിടത്തുകാരാരെങ്കിലും കൂടെയില്ലാതെ ഇത്ര ധൈര്യത്തിൽ അവന്മാർ എങ്ങനെയാണ് കാടിനകത്ത് വന്നെന്നാണ് ഞാനോലിചിക്കുന്നത്?' 'സത്യത്തിൽ അവന്മാർ കണ്ണുംവെട്ടത്ത് നിന്ന് മറഞ്ഞപ്പോഴാണ് അവളുമാർക്ക് ശ്വാസം നേരെ വീണത് തന്നെ. പിന്നേയും രണ്ട് ദിവസം കഴിഞ്ഞാണ് പെമ്പ്രന്നോര് (ഭാര്യ) എന്നോട് ഈ വിഷയം പറയുന്നത് തന്നെ. അത്രനാളും അവര് മൂന്നുപേരും ഭയന്ന് വിറച്ചാണ് കഴിഞ്ഞത്. തങ്ങളുടെ കെട്ടിയോന്മാർ വരത്തന്മാരെ അന്വേഷിച്ച് പോയി അപകടത്തിൽപ്പെടുമോ എന്നായിരുന്നു അവർക്ക് പേടി.''പക്ഷെ നമ്മളെവിടെ പോകാനാണ് സാറെ. ഉയിര് പേടിയുള്ള

ആരെങ്കിലും അവന്മാരുടെ പിറകേ പോവ്വോ..സാറേ… കണ്ണീച്ചോരയില്ലാത്തവന്മാരുടെ മുന്നിൽപ്പെട്ടാൽ നമ്മളേയും ചുട്ടുതള്ളില്ലേ...?' ആരോടെന്നില്ലാതെയാണ് അതയാൾ പറഞ്ഞതെന്നാണ് കേട്ടപ്പോൾ തോന്നിയത്.

'സജി ഞങ്ങളോട് അത്രയേ പറഞ്ഞുള്ളൂ. അയാളോട് കൂടുതൽ

ചോദിച്ചിട്ട് കാര്യമില്ലെന്ന് ഉറപ്പായിരുന്നു. അറിയാമെങ്കിൽക്കൂടി അവരെക്കുറിച്ച് പറയാൻ ആ പാവങ്ങൾക്ക് പേടിയായിരിക്കും.

ആലോചിച്ചാൽ അത് ന്യായവുമാണ്.'(ഇവിടെ ഏറ്റവും വിചിത്രമായുള്ളത് ആദിവാസിസമൂഹത്തിലെ ഭർത്തൃമതികൾ കാട്ടിൽ നിന്ന് സ്ഥിരമായുള്ള നടത്തുന്ന വിറക് ശേഖരണമാണ്. ആചാരമെന്നോണമാണ് അവർ അത് ചെയ്യുന്നത്. കാട്ടിൽ നിന്ന് ചുള്ളി (വിറക്) ശേഖരിക്കുന്നത് എല്ലായ്‌പ്പോഴും കടപുഴകിയോ ഒടിഞ്ഞോ നിലത്ത് വീണ് ഉണങ്ങിക്കിടക്കുന്ന വൃക്ഷങ്ങളിൽ നിന്ന് ആകണമെന്നില്ല . ചെറിയ വൃക്ഷത്തെകളുടെ കാണ്ഡത്തിലെ തൊലിവലയത്തിൽ വെട്ടിക്കളഞ്ഞ് മരം ഉണക്കിയും അടുത്ത വരവിൽ വെട്ടുകാർ 'ഉണക്കവിറക്' തഞ്ചത്തിൽ ശേഖരിക്കാറുണ്ട് ) തേക്ക് തോട്ടങ്ങളിലും മറ്റും അത്തരത്തിൽ തൊലിവെട്ടി മരം ഉണക്കുന്ന പെണ്ണുങ്ങളേയും ആണുങ്ങളേയും ഉദ്യോഗസ്ഥന്മാർ ചിലപ്പോഴെങ്കിലും വിരട്ടിയോടിക്കാറുണ്ട്. അവരുടെ കൈയ്യിലെ വീശുകത്തിയും മറ്റും പിടിച്ച് സ്റ്റേഷനിലോ സെക്ഷനിലോ കൊണ്ട് വരുന്നതും കണ്ടിട്ടുണ്ട്. പക്ഷേ അവരെ ആരേയും അത്തരത്തിൽ മരംമുറിക്ക് കേസ്സിൽ പെടുത്തുക പതിവില്ലതാനും.