‘ബെൽറ്റ് വാളുകൾ വച്ച് മുറിക്കുമ്പോൾ തായ്ത്തടി മുറിഞ്ഞ് വേർപെട്ടാലും മരം താഴെ വീഴാതെ മറ്റ് വൃക്ഷങ്ങളിൽ ബന്ധിക്കപ്പെട്ട് തൂങ്ങി നിൽക്കും. പിറ്റേന്ന് ചന്ദനമരത്തിന്റെ തലപ്പുകൾ മാത്രം സമീപത്തെ വൃക്ഷങ്ങളിൽ തൂങ്ങിയാടുന്നതാവും കാണുന്നത്!’

ഒന്നുകൂടി കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷനിലെ പ്രൊബേഷൻ കാലത്തേയ്ക്ക് തന്നെ തിരിച്ചുപോകാം. പിന്നീട് ഒരവസരത്തിൽ പറയാനായി കരുതിവെച്ച ഒന്നുരണ്ട് കാര്യങ്ങൾ കൂടി ബാക്കി കിടക്കുന്നുണ്ട്. ഒരാൾ അയാളുടെ അനുഭവക്കുറിപ്പുകളിൽ ഒരേ സ്ഥലത്തുവച്ച് സംഭവിച്ച വ്യത്യസ്ത കാര്യങ്ങൾ പലപ്പോഴായി എഴുതുമ്പോൾ അറിയാതെ ആണെങ്കിലും ആവർത്തനവിരസത കടന്നുകൂടാൻ ഇടയുണ്ട്. അങ്ങനെ തോന്നുന്നപക്ഷം ബഹുമാന്യരായ വായനക്കാർ പ്രതികരണങ്ങളിലൂടെ വെളിപ്പെടുത്തുമെന്ന വിശ്വാസത്തിൽ മുന്നോട്ട് പൊയ്ക്കോട്ടെ.
മറയൂരിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ കൊണ്ടുതന്നെ അവിടെയാണ് കേരളത്തിൽ സ്വാഭാവികമായ ചന്ദനക്കാടുകൾ കൂടുതലായും കാണപ്പെടുന്നത് എന്നറിയാമല്ലോ. വിലപിടിപ്പേറിയ ചന്ദനമരങ്ങളുടെ മോഷണവും മറയൂരിലും കാന്തല്ലൂരിലും വളരെ കൂടുതലായിരുന്ന കാലവുമായിരുന്നു അത്. ‘അതെന്ന്’ പറഞ്ഞാൽ തൊണ്ണൂറുകളുടെ അവസാനമെന്നോ രണ്ടായിരത്തിന്റെ തുടക്ക കാലം എന്നോ അർത്ഥം. ഇന്നും ഒറ്റയ്ക്കും തെറ്റയ്ക്കും മറയൂരിൽനിന്ന് ചന്ദനമരങ്ങൾ മോഷണം പോകാറുണ്ട് എന്നത് മറ്റൊരു യാഥാർത്ഥ്യവും.
ചന്ദനത്തിന് അത്രമേൽ പ്രാധാന്യം കൈവന്നതിന് ശേഷം വിലപിടിപ്പുള്ള ആ മരങ്ങളുടെ സംരക്ഷണം തന്നെയാണ് മറയൂരിലും കാന്തല്ലൂരിലും ചിന്നാറിലും ഒക്കെ വനംവകുപ്പ് നേരിട്ട പ്രധാന വെല്ലുവിളിയെന്ന് നിസ്സംശയം പറയാനാകും. ചന്ദനത്തിന് പ്രാധാന്യം കൈവന്നതിന് ശേഷം എന്ന് എടുത്ത് പറയാൻ കാരണമുണ്ട്. പണ്ടുകാലത്ത് മറയൂരിലെ താമസക്കാരൊന്നും അതിന് അത്രമേൽ വൈശിഷ്ട്യം കല്പിച്ചിരുന്നില്ല എന്നതാണ് സത്യം. പിന്നീടാണ് ചന്ദനം ഇന്നത്തെ സ്വർണ്ണത്തിന്റെ മാതിരി വിലപിടിപ്പേറിയ ഒരു അമൂല്യവസ്തുവായി മാറിയത്.
ട്രെയിനിംഗ് കാലയളവിൽ കാന്തല്ലൂരിലെ ഫോറസ്റ്റ് സ്റ്റേഷനിൽ ഡെപ്യൂട്ടി റെയ്ഞ്ചറുടെ ചാർജ്ജിലായിരുന്നപ്പോൾ ഞാൻ വാടകയ്ക്ക് താമസിച്ചിരുന്നത് കോവിൽക്കടവ് എന്ന സ്ഥലത്തെ ഒരു വീട്ടിലായിരുന്നു. ആ വീട്ടിലാകട്ടെ അറുപതിന് മേൽ പ്രായമായ ഒരമ്മാവനും അമ്മായിയും അവിടെ അടുത്തൊരു സ്കൂളിൽ അധ്യാപകയായിരുന്ന അവരുടെ ഇളയ മകന്റെ ഭാര്യയും പ്രൈമറി തലത്തിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളുമായിരുന്നു ആ വീട്ടിൽ ഉണ്ടായിരുന്നത്. അമ്മാവന്റെ ഇളയ മകൻ കേരളത്തിൽ പല തൊഴിലുകളും നോക്കിയെങ്കിലും പച്ചപിടിക്കാതെ മറ്റേതോ സംസ്ഥാനത്ത് ജോലിയ്ക്കായി പോയിരിക്കുകയായിരുന്നു.
ആരോഗ്യവകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായി ജോലി ചെയ്തിരുന്ന പാറശ്ശാലയിലുള്ള വേറേയും രണ്ട് പേർ കൂടി പേയിംഗ് ഗസ്റ്റുകളായി ആ വീട്ടിൽ താമസം ഉണ്ടായിരുന്നു. തിരുവനന്തപുരം ഭാഷയിൽ ‘ചീളുകൾ’ എന്ന വട്ടപ്പേരിൽ അറിയപ്പെട്ടിരുന്നവരും പരമരസികന്മാരും എന്റെ അടുത്ത സുഹൃത്തുക്കളുമായ അവരുടെ കഥ അടുത്ത ഒരധ്യായത്തിൽ പറയാം.
ആ വീട്ടിലെ അമ്മാവനും അമ്മായിക്കും വനംവകുപ്പിലായത് കൊണ്ടുതന്നെ എന്നോട് ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു എന്നത് സത്യമാണ്. അവർ രണ്ട് പേരും ഇന്ന് ജീവിച്ചിരിപ്പില്ല. അവരോടുള്ള സ്നേഹം കാരണം ട്രെയിനിംഗ് കഴിഞ്ഞുപോയി വർഷങ്ങൾക്ക് ശേഷം വിവാഹിതനായപ്പോൾ ഭാര്യയും മറ്റ് രണ്ട് സുഹൃത്തുക്കളുടെ കുടുംബവുമായി ഞാൻ വീണ്ടും മറയൂർ സന്ദർശിക്കാൻ പോകുകയും അമ്മാവനേയും അമ്മായിയേയും കാണാൻ ചെല്ലുകയും ചെയ്തിരുന്നു.
തീർത്തും ഔപചാരികത എന്തെന്ന് അറിയാത്ത നിഷ്കളങ്കയായ ആ സ്ത്രീ എന്നോടുള്ള സ്നേഹം കാരണമാകാം സുഹൃത്തുക്കളുടെ ഭാര്യമാരായ രണ്ട് മഹിളകളുമായി ഇറയത്ത് നിന്നിരുന്ന എന്റെ നല്ലപാതിയെ മാത്രം ‘മോളിങ്ങ് വന്നേ..’ എന്ന് പറഞ്ഞ് ഒരു ആശ്ലേഷണത്തോടെ വിശേഷങ്ങൾ പറയാനും ചോദിക്കാനുമായി അകത്തെ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയത് ഞാനോർക്കുന്നു. പുതുതായി എത്തിയവരിൽ ഒരു അതിഥിയോട് മാത്രം അങ്ങനെ അമിതസ്നേഹം പ്രകടിപ്പിക്കുന്നതിലെ ഔചിത്യക്കുറവ് ആ പാവം സ്ത്രീക്ക് അറിയുമായിരുന്നില്ല എന്നതായിരുന്നു വാസ്തവം.
അങ്ങനെയിരിക്കെ ഒരു ദിവസം എവിടെ നിന്നോ ‘അകത്താക്കിയത്’ ലേശം കൂടിപ്പോയപ്പാഴാണ് അമ്മാവൻ ഹൃദയഭേദകമായ ആ കാര്യം അവിടത്തെ താമസക്കാരായ ഞങ്ങളോട് പറഞ്ഞത്. മറയൂർ ശർക്കരയ്ക്കായിരുന്നു പണ്ടുമുതലേ ആവശ്യക്കാരേറെ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് വിശാലമായ പറമ്പുകളിൽ നിന്നിരുന്ന നിരവധികളായ ചന്ദനമരങ്ങളിൽ പലതും മുറിച്ച് കരിമ്പിൻ പാടങ്ങളിൽ ശർക്കര പാവ് കാച്ചാനെത്തുന്ന തമിഴർക്ക് ചെറിയ വിലയ്ക്ക് തീ വിറകായി വരെ നൽകിയിട്ടുണ്ടെന്ന് ആ പാവം പറഞ്ഞപ്പോൾ ഞങ്ങൾ സ്തബ്ധരായിപ്പോയി!
അമ്മാവൻ എത്ര മേൽ ശുദ്ധഹൃദയനാണെന്ന് കാണിക്കാനായി രണ്ട് ഉപകഥകൾ കൂടി ഇവിടെ പറഞ്ഞോട്ടെ. അതിൽ ഒന്ന് അമ്മാവന്റെ സ്മാളടിയെപ്പറ്റി തന്നെയാണ്. പ്രൊബേഷൻ പൂർത്തിയായാലുടൻ വനംവകുപ്പിലെ റെയ്ഞ്ച് ഓഫീസറാകാൻ പോകുന്ന ആളായതിനാൽ ആദ്യമൊക്കെ അമ്മാവൻ എന്നോട് കുറച്ച് ബഹുമാനം കലർന്ന അകൽച്ച കാണിച്ചിരുന്നു. പ്രത്യേകിച്ചും ചന്ദനത്തിന്റെ സാന്നിധ്യം കാരണം മറയൂരിൽ വനംവകുപ്പുകാർക്ക് അത്യാവശ്യം നിലയും വിലയും ഒക്കെ ഉണ്ട് (അല്ലെങ്കിൽ ഉണ്ടായിരുന്നു) എന്നതും ഓർക്കുമല്ലോ.
അന്നൊക്കെ പതിവായി രാവിലെ കോൺഫ്ലേക്സും പാൽപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന ചായയും ആണ് ചെറുപ്പക്കാരനായ എന്റെ പ്രാതൽ എന്ന് കണ്ട അമ്മായിയാണ് ഒരു ദിവസം ചേമ്പ് പുഴുങ്ങിയതും കാന്താരി മുളക് ഞെരടിയതും കട്ടൻ ചായയും മുറിയിലേയ്ക്ക് കൊണ്ട് തന്നത്. സത്യത്തിൽ രാവിലെ ഏഴ് മണിയോട് കൂടി പുഴുങ്ങിയ ചേമ്പ് കഴിച്ചിട്ട് ജോലിക്ക് പോകുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം തീരെ ശീലമില്ലാത്തതായിരുന്നു. അതിനാൽത്തന്നെ കഴിച്ച് തീരാത്ത ചേമ്പിൻ പുഴുക്ക് ഞാനെടുത്ത് അടച്ചുവയ്ക്കുകയും വൈകുന്നേരത്തോടെ അതും കൂടി അകത്താക്കിയ ശേഷം പാത്രം കഴുകി തിരിച്ച് നൽകുകയും ആയിരുന്നു ചെയ്തിരുന്നത്. മുഴുവനും തീർത്ത് പാത്രം തിരിച്ച് നൽകുമ്പോൾ എനിക്കത് ‘‘ക്ഷ’’ പിടിച്ചിരിക്കുന്നുവെന്ന് ആ പാവം സ്ത്രീ കരുതുകയും പിറ്റേന്ന് രാവിലെ അതിന്റെ പുഴുങ്ങിയ ചേമ്പിൻറേയോ കാച്ചിലിൻറേയോ നനകിഴങ്ങിൻറേയോ അളവ് വീണ്ടും കൂട്ടുകയും ചെയ്യുമായിരുന്നു. തികച്ചും സൗജന്യമായ ആ സ്നേഹഭക്ഷണം അവിടെ വാടകയ്ക്ക് താമസിക്കുന്നവരിൽ എനിക്ക് മാത്രമായിരുന്നു എന്നതും നന്ദിയോടെ ഓർക്കുന്നു.
പിന്നീട് അടുപ്പത്തിലായ അമ്മാവനും മേൽസൂചിപ്പിച്ച ആരോഗ്യവകുപ്പിലെ സഹമുറിയന്മാരായ രണ്ട് ഉദ്യോഗസ്ഥന്മാരും ഞാനും കൂടി തണുപ്പ് അധികരിക്കുന്ന രാത്രികളിൽ സ്മാളോ ലാർജ്ജോ ഒക്കെ അകത്താക്കുന്നത് പതിവായിരുന്നു. ബവറേജ് ഔട്ട്ലറ്റുകളൊന്നും ഇല്ലാതിരുന്ന അന്ന് മറയൂരിനടുത്ത് ഉണ്ടായിരുന്ന ഒരേ ഒരു ബാറിൽ നിന്നാണ് വൈകിട്ട് ‘അറാ’ വിലയ്ക്ക് സാധനം തരമാക്കിയിരുന്നത്. അതിനായി അമ്മാവന്റെ അടുത്ത ബന്ധുവായ ഒരു സഹായിയും ഉണ്ടായിരുന്നു. അമ്മാവനുള്ളപ്പോൾ അയാൾ പ്രത്യക്ഷത്തിൽ വരില്ലെങ്കിലും.
അങ്ങനെയിരിക്കെ ഒരു ദിവസം സ്നേഹസമ്പന്നനായ അമ്മാവനെന്ന അന്നദാതാവിനെ ഞങ്ങൾ ഒപ്പം കൂടാൻ ക്ഷണിക്കുന്നതാണ് രംഗം. അതിനിടയിൽ പറയാൻ മറന്ന ഒരു പ്രധാന കാര്യമുണ്ട്. അത് പറഞ്ഞില്ലെങ്കിൽ ഈ കഥ തന്നെ മുരടിച്ച് പോകും. അതായത് പരമശുദ്ധനായ അമ്മാവന് മദ്യത്തിൽ വെള്ളം ചേർക്കുന്നതിനോട് തീരെ യോജിപ്പില്ല എന്നതാണത്. തന്നെയുമല്ല മുക്കാലോളം നിറച്ചതിന് ശേഷം കൈയ്യിലെടുക്കുന്ന ഗ്ലാസുമായി ‘ലിപ് ലോക്ക്’ ചെയ്തുകഴിഞ്ഞാൽ പതിയെപ്പതിയെ ആണെങ്കിലും അത് മുഴുവനും ‘നീറ്റായി’ കുടിച്ചിറക്കിയിട്ടേ അദ്ദേഹം ഗ്ലാസ് നിലത്ത് വയ്ക്കുമായിരുന്നുള്ളൂ! അതിനിടയിൽ അദ്ദേഹം ഇടതടവില്ലാതെ നെഞ്ച് മുകളിൽ നിന്ന് താഴോട്ട് ഇടത് കൈത്തലം കൊണ്ട് ഉഴിഞ്ഞുകൊണ്ടേയിരിക്കും. അകത്താക്കുന്ന ‘പേയ്ത്തണ്ണി’ അന്നനാളത്തിലൂടെ സ്മൂത്തായി ഇറങ്ങിപ്പോകുന്നതിന് വഴിയൊരുക്കുന്നത് മാതിരി!
അത്തരത്തിൽ രണ്ട് പ്രാവശ്യം ചെലുത്തുകയും നെഞ്ച് തടവിയിറക്കുകയും ചെയ്തുകഴിഞ്ഞാൽപ്പിന്നെ അദ്ദേഹത്തെ മുറിയിൽ മഷിയിട്ട് നോക്കിയാലും കാണില്ല എന്നതാണ് രസകരമായ വസ്തുത. അന്വേഷിച്ച് ചെന്നാൽ ആർക്കും ശല്യമില്ലാതെ തന്റെ കട്ടിലിൽ കിടന്ന് കൂർക്കം വലിച്ച് ഉറങ്ങുകയാകും ആ പാവം.
എന്നാൽ, ഒരു ദിവസം മാത്രം ഞങ്ങൾ അദ്ദേഹത്തെ നിർബന്ധിച്ച് മൂന്നാമതൊരിക്കൽക്കൂടി ‘നെഞ്ച് തടവിക്കുക’ തന്നെ ചെയ്തു. ഫലമോ? അതും കൂടി അകത്ത് പോയതോടെ പൊട്ടിക്കരച്ചിലും പതംപറച്ചിലുമായി അക്ഷരാർത്ഥത്തിൽ അന്നവിടെ ശിവരാത്രിയാക്കിക്കളഞ്ഞു അമ്മാവൻ. അവസാനം അമ്മായിതന്നെ നേരിട്ടെത്തി കണവനെ താങ്ങിയും ആശ്വസിപ്പിച്ചും വീടിനകത്തേയ്ക്ക് കൊണ്ട് പോകുകയായിരുന്നു. എന്തായാലും പിറ്റേന്ന് രാവിലെ പരിഭവം കൊണ്ട് തുടുത്ത അമ്മായിയുടെ മുഖം കാണാതെ കഴിക്കാൻ ഞങ്ങൾ മൂവരും ഏറെ പണിപ്പെടുകയും ചെയ്തു.
ശുദ്ധഗതിക്കാരനായ അമ്മാവന് പറ്റിയ അടുത്ത അബദ്ധം കൂടി പറയാം. ഞങ്ങൾ മൂവർക്കും അതിൽ ഒരു റോളും ഇല്ലെങ്കിലും. കോവിൽക്കടവ് പരിസരങ്ങളിൽ ഒരിക്കൽ ഒരു സിനിമാ ചിത്രീകരണ യൂണിറ്റ് എത്തിച്ചേരുന്നതോടെയാണ് അന്നത്തെ സംഭവങ്ങൾ അരങ്ങേറുന്നത്. തദ്ദേശവാസികൾ ആരാധനയോടെയും സ്നേഹത്തോടെയും ആണ് സിനിമാക്കാർക്കായി ചുവന്ന പരവതാനി വിരിച്ചത്. മറയൂരിന്റെ പ്രത്യേകതകളായ ‘മുനിയറകൾ’ (Dolmen) ഉൾപ്പടെ പല സ്ഥലങ്ങളിലായിട്ടാണ് സിനിമാ ചിത്രീകരണം നടക്കുന്നത്. ആർക്കും കഥയെപ്പറ്റിയോ ഷെഡ്യൂളുകളെപ്പറ്റിയോ ഒന്നും അറിയാനും വയ്യാത്ത അവസ്ഥയാണെങ്കിലും സെറ്റും അഭിനേതാക്കളേയും കാണാനായി ആളുകൾ തിക്കിത്തിരക്കിത്തുടങ്ങി. അല്ലെങ്കിലും കഥയെപ്പറ്റിയും ക്ലൈമാക്സിനെപ്പറ്റിയും സസ്പെൻസ് സൂക്ഷിക്കുന്നതാണല്ലോ സിനിമാക്കാർക്കിടയിൽ പതിവ്.
ചിത്രീകരണം നടക്കുന്നതിനിടയിലാണ് കോവിൽക്കടവിൽ മെഡിക്കൽ സ്റ്റോറ് നടത്തിയിരുന്ന ഒരു പയ്യനെ (അവരുടെ താമസത്തിനും മറ്റുമായി അത്രമേൽ വികസിക്കാത്ത ആ ജംഗ്ഷനിൽത്തന്നെ അത്യാവശ്യം സഹായങ്ങളും ചെയ്തിരുന്നത് അയാളായിരുന്നു) സിനിമയുടെ പ്രൊഡക്ഷൻ എക്സിക്യുട്ടീവോ സഹസംവിധായകനോ മറ്റോ സമീപിച്ച് പത്തറുപത് വയസ്സ് പ്രായമായ ആളിനുള്ള ഒരു റോൾ ഉണ്ടെന്നും അതിന് പറ്റിയ ആരെങ്കിലും പരിസരത്ത് ഉണ്ടോയെന്നും തിരക്കുന്നത്. (ആ പയ്യനെപ്പറ്റി പറയുമ്പോൾ കോവിൽക്കടവിലൂടെ ഒഴുകുന്ന പാമ്പാറിനെക്കുറിച്ചും പറയണം. കാരണം അവിവാഹിതനും ഞങ്ങളോടൊക്കെ നല്ല പെരുമാറ്റവും ഉണ്ടായിരുന്ന ആ പയ്യനെ പെട്ടെന്ന് ഒരു ദിവസം കാണാതാവുകയായിരുന്നു. പിന്നെ ഒരാഴ്ചയ്ക്ക് ശേഷമാണ് അഴുകിയും മത്സ്യങ്ങൾ തിന്നും തീരാറായ അയാളുടെ ശവശരീരം കോവിൽക്കടവിലെ നദിയിൽ നിന്നും കിട്ടിയത്. ആത്മഹത്യയെന്നാണ് അറിയാൻ കഴിഞ്ഞത്. കാരണം വ്യക്തമല്ലെങ്കിലും! വലിയ ചതിക്കുഴികൾ നെഞ്ചിൽ ഒളിപ്പിച്ചാണ് ആ പുഴ ഒഴുകുന്നത്. കാരണം ഒഴുക്കുവെള്ളം പുറമേ തീരെ കുറവായിട്ട് തോന്നിയാലും കാലങ്ങളായി കുത്തിയൊഴുകിയത് കാരണം വശങ്ങളിലെ വഴുക്കൻ പാറകളിൽ രൂപപ്പെട്ട ‘എലികളുടെ മാളങ്ങൾ’ (Rat holes) പോലുള്ള കുഴികളിലും ഗഹ്വരങ്ങളിലും കുടുങ്ങിപ്പോകുന്ന ശവശരീരങ്ങൾ സാധാരണ പുറത്തേയ്ക്ക് വരാറേയില്ല. അതുകൊണ്ട് ആത്മഹത്യയ്ക്കായല്ല മറിച്ച് അറിയാതെ പോലും ആ പുഴയിൽ വീണുപോകുന്ന ആരും രക്ഷപെടുന്നതും പതിവില്ലാത്തതാണ്. ആഴ്ചകൾക്കോ മാസങ്ങൾക്കോ ശേഷം പുറത്ത് വന്നേക്കാവുന്നതും അഴുകിത്തീർന്നതും മത്സ്യങ്ങൾ തിന്ന് തീർത്തതുമായ ശവശരീരങ്ങൾ തിരിച്ചറിയുന്നത് ഏറെ ദുഷ്കരവും.)
എന്തായാലും അന്നേരത്തെ ആവേശത്തിന് ആ പയ്യൻ ഷൂട്ടിംഗ് കാണാനെത്തിയവരിൽക്കണ്ട അമ്മാവന്റെ പേര് പറയുകയും സിനിമാക്കാർ അദ്ദേഹത്തെ നേരിട്ടുകണ്ട് അതുറപ്പിക്കുകയും ചെയ്തു. എല്ലാവരേയും പോലെ തന്നെ സിനിമയിൽ അഭിനയിക്കാൻ കിട്ടിയ അവസരം ഒരംഗീകാരമായി അമ്മാവനും കണ്ടു എന്നത് സത്യമാണ്. അദ്ദേഹത്തിന്റെ വിശാലമായ കരിമ്പിൻ തോട്ടത്തിലും നെൽവയലുകളിലുംവച്ച് ചില ഭാഗങ്ങൾ ചിത്രീകരിക്കുക കൂടി ചെയ്യാമെന്ന് അവർ തീരുമാനിച്ചറിയിക്കുകയും ചെയ്തതോട് കൂടി ‘ആനന്ദലബ്ധിക്കിനിയെന്ത് വേണം’ എന്നത് പറഞ്ഞത് പോലെയായി നമ്മുടെ അമ്മാവൻ!
അവരുടെ നിർദ്ദേശാനുസരണം ഓരാഴ്ചയോളം പട്ടിണി കിടന്ന് ശരീരം മെലിയിക്കുകയും ശേഷം അന്നത്തെ തന്റെ പ്രായത്തേക്കാൾ മുതിർന്ന ഒരു ‘ബേബി ബൂമറുടെ’ (Baby Boomers, വൃദ്ധജനങ്ങൾക്ക് പറയുന്ന പുതിയ ന്യൂജെൻ പേര്) മേക്ക് ഓവറിൽ പല ആംഗിളുകളിൽ അമ്മാവൻ പോസ് ചെയ്ത് അഭിനയിച്ച് കാണിക്കുകയും ചെയ്തു. ഡയറക്ടറുടെ നിർദ്ദേശപ്രകാരം ആ പുഴയുടെ തീരത്തെ കുറ്റിക്കാടുകളിൽ ഒളിച്ചിരുന്നും മുഖം വക്രിച്ച് കാട്ടിയും പിന്നെ ഭയന്ന് നിലവിളിച്ചു കൊണ്ടോടിയും ഒക്കെ സോളോ അഭിനയം ജോറായി കാഴ്ച വച്ച് അമ്മാവൻ കൈയ്യടി നേടി എന്ന് തന്നെ പറയണം. അമ്മാവന്റെ അഭിനയചാതുര്യത്തെ പ്രതി തദ്ദേശവാസികൾക്കെല്ലാം വല്ലാത്ത മതിപ്പുമായി. വലിയ സംതൃപ്തിയോടേയും അഭിമാനത്തോടേയുമാണ് അന്നൊക്കെ ഷൂട്ട് കഴിഞ്ഞ് അമ്മാവൻ വീട്ടിലേയ്ക്ക് മടങ്ങിയിരുന്നത്. അഭിനയത്തിന് കാശൊന്നും കൊടുത്തില്ലെങ്കിലും ഒരു പരിഭവവും അദ്ദേഹത്തിന് ഇല്ലായിരുന്നു!
ആ സിനിമ പുറത്തിറങ്ങി അധികം കഴിയുന്നതിന് മുമ്പ് അമ്മാവൻ കോതമംഗലത്തോ അടിമാലിയിലോ തിയേറ്ററിൽ നല്ലപാതിയും മരുമോളും കുഞ്ഞുങ്ങളുമൊത്ത് കാണാൻ പോയതാണ് അടുത്ത സീൻ. സിനിമയിലെ ഒരു ഗാനരംഗത്തിൽ അല്പ വസ്ത്രധാരിണിയും അതിസുന്ദരിയുമായ ഒരു യുവനടി പുഴയിൽ നീരാടുന്നതും ഒഴുക്കിൽ വസ്ത്രം സ്ഥാനം തെറ്റി നീങ്ങിപ്പോകുമ്പോൾ നദിയോരത്തെ പൊന്തകൾക്കിടയിൽനിന്നു തന്നെ ഒളിഞ്ഞ് നോക്കി അഴകളവുകൾ കണ്ടാസ്വദിക്കുന്ന പൂവാലനായ അമ്മാവനെ കല്ലെടുത്ത് വീക്കുന്നതും തലയിലേറ് കൊണ്ട ‘ലോലനമ്മാവൻ’ അവിടെ നിന്നും നിലവിളിച്ചുകൊണ്ട് എണീറ്റ് മുടന്തിമുടന്തി ഓടുന്നതും ആയുള്ള സീനുകളാണ് സ്ക്രീനിൽ തെളിഞ്ഞത്!
താനെന്താണ് അഭിനയിച്ചതെന്നും എന്താണ് അവർ ചിത്രീകരിച്ചതെന്നും പാവം അമ്മാവന് മനസ്സിലായതും അപ്പോഴാണ്. ഒരു നടുങ്ങലോടെ അമ്മാവൻ നോക്കിയപ്പോൾ മരുമകളും ചെറുമക്കളും മറ്റ് കാണികൾക്കൊപ്പം കസേരകളിലിരുന്ന് ആർത്ത് ചിരിക്കുന്നതാണത്രേ കണ്ടത്! പ്രൊജക്ടറിൽ നിന്നുമുള്ള പ്രകാശവീചികളിൽ അമ്മാവിയുടെ ദേഷ്യം കൊണ്ട് ഇരുണ്ട മുഖകമലം ദർശിച്ചതോടെ ഇരിപ്പുറക്കാതെ തലവഴി മുണ്ടുമിട്ട് പുറത്തിറങ്ങിയ അമ്മാവൻ എന്നേക്കുമായി അഭിനയം അവസാനിപ്പിച്ചുവെന്ന് മാത്രമല്ല ജീവിതത്തിൽ സിനിമ കാണുന്നത് പോലും അന്നത്തോടെ മതിയാക്കി എന്നാണ് ശ്രുതി!
നമുക്ക് കഥയിലേയ്ക്ക് വരാം. അക്കാലത്തും മറയൂരിലെ കാടുകളിൽനിന്നും സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽനിന്നും ചന്ദനമരങ്ങൾ വ്യാപകമായി മോഷണം പൊയ്ക്കൊണ്ടിരുന്നുവെന്നത് സത്യമാണ്. പാലക്കാടും മറ്റും അനധികൃതമായി പ്രവർത്തിച്ചിരുന്ന ചന്ദനത്തൈല ഫാക്ടറികളിലേയ്ക്കാണവ ഒഴുകിക്കൊണ്ടിരുന്നതെന്നാണ് ശ്രുതി. വനറിസർവ്വുകളിൽ നിൽക്കുന്ന മരങ്ങൾക്ക് ഇരുമ്പ് വേലി നിർമിച്ചും നൂറ് കണക്കിന് വാച്ചറന്മാരെ അധികമായി വിന്യസിച്ചും തന്ത്രപ്രധാന സ്ഥലങ്ങളിൽ ആന്റീ പോച്ചിംഗ് ക്യാമ്പുകൾ നിർമിച്ചും (APC :- Anti-Poaching Camps) ഡോഗ് സ്ക്വാഡ് ഉൾപ്പടെ രൂപീകരിച്ചും വൃക്ഷങ്ങളെ ‘ജിയോ ടാഗ്’ (Geo tagging)ചെയ്തുമൊക്കെ ഇന്ന് വനം വകുപ്പ് നടത്തിവരുന്ന സംരക്ഷണ പ്രവർത്തനങ്ങൾ അന്ന് കേട്ടുകേൾവി കൂടി ഉണ്ടായിരുന്നില്ല എന്നതും ഓർക്കുമല്ലോ.
മിക്കരാത്രികളിലും പട്രോളിംഗ് നടത്തുമായിരുന്നെങ്കിലും വ്യക്തമായ രഹസ്യ വിവരമില്ലാതെ മോഷ്ടാക്കളെ അറസ്റ്റ് ചെയ്യുക തുലോം വിഷമമായിരുന്നു. അവിടെയാണ് വനംവകുപ്പിലെ വാച്ചറന്മാരുടെ സേവനം എടുത്ത് പറയേണ്ടതും. നിർണ്ണായകമായ പല കേസ്സുകളിലും വഴിത്തുമ്പ് ഉണ്ടാക്കുന്നത് സമീപവാസികളും അവിടത്തെ ആളുകളുമായി സൗഹൃദബന്ധമുള്ളവരുമായ ആ വാച്ചറന്മാർ തന്നെയായിരിക്കും. മൊബൈലുകൾ പ്രചാരത്തിലില്ലായിരുന്ന അന്നത്തെക്കാലത്ത് ചന്ദനക്കടത്തുകാരായ പ്രതികൾ എത്തിയിട്ടുണ്ടെന്ന വിവരം കിട്ടിയാൽ ‘കട്ടകൾ’ കടത്താനായി എത്തിയിട്ടുള്ള ജീപ്പുകളുടെ ടയർപ്പാടുകൾ നനുത്ത മണ്ണിൽപ്പതിപ്പിച്ച അടയാളങ്ങൾ അരണ്ട നാട്ടുവെളിച്ചത്തിൽപ്പോലും സൂക്ഷ്മതയോടെ തിരഞ്ഞ് കണ്ടെത്തി മോഷ്ടാക്കളെ കാത്ത് കിടക്കുന്ന വണ്ടികളിലേയ്ക്ക് എത്തുന്ന വാച്ചറന്മാരെ ഞാൻ ജോലിയ്ക്കിടയിൽ നിരവധി കണ്ടിട്ടുണ്ട്. പ്രതികളുടെ സാന്നിധ്യം ഉറപ്പെന്നറിയുന്ന രാത്രികളിൽ ആനക്കാടുകൾ നിറഞ്ഞ പാളപ്പെട്ടി ഊരിലേയ്ക്കുള്ള കുത്തനേയുള്ള കയറ്റം ടോർച്ച് പോലും തെളിക്കാതെ നിലാവിന്റെ വെളിച്ചത്തിൽ മാത്രം നടന്ന് കയറുമ്പോൾ പലപ്പോഴും കാൽമുട്ടുകൾ നെഞ്ചിലിടിച്ച് ശ്വാസം കഴിക്കാൻ തന്നെ ബുദ്ധിമുട്ടുമായിരുന്നു. അപ്പോഴും കൈത്താങ്ങായും പരിസരം വീക്ഷിച്ച് മുന്നിൽ നടന്നും നമ്മുടെ സുരക്ഷ ഉറപ്പിച്ചിരുന്നതും വാച്ചറന്മാർ തന്നെയായിരുന്നു. ഇന്ന് അവിടത്തേയ്ക്ക് ഒക്കെ പുതിയ റോഡുകൾ ആയി എന്നും അറിഞ്ഞു.
ചന്ദനമുട്ടികൾ റോഡിന്റെ വശങ്ങളിലേയ്ക്ക് ചുമന്നെത്തിച്ചതിന് ശേഷം താഴ്ന്ന മരച്ചില്ലകളൊടിച്ചോ കമ്മ്യൂണിസ്റ്റ് പച്ച ചെടികൾ പിഴുതെടുത്തോ റോഡിൽ അടയാളം വച്ചതിന് ശേഷം മോഷ്ടാക്കൾ പൊന്തകൾക്കിടയിൽ കൂട്ടാളികളെക്കാത്തിരിക്കാറുണ്ട്. അങ്ങനെ വരുമ്പോൾ ചരക്കെടുക്കാനും അവരെ കയറ്റാനുമായി വരുന്ന വാഹനങ്ങളിലെ സഹതസ്കരന്മാർക്ക് അർധരാത്രി വഴിതെറ്റിയും ചരക്കന്വേഷിച്ചും അലയേണ്ടി വരില്ലല്ലോ.
ഒരിക്കൽ കോവിൽക്കടവ് നടത്തിയ ഒരു നൈറ്റ് പട്രോളിങ്ങിനിടയിൽ പാതിരാത്രിയിൽ റോഡിൽ വച്ചിരിക്കുന്ന മരച്ചില്ലകൾ കണ്ട് ഞങ്ങളുടെ ജീപ്പ് നിറുത്തിയതും വശങ്ങളിൽ ഒളിച്ചിരുന്ന മോഷ്ടാക്കളിൽ രണ്ടുപേർ താന്താങ്ങളെ കൊണ്ടിറക്കിയ വണ്ടി ചരക്കെടുക്കാനും തിരികെ വിളിക്കാനും എത്തിയതാണെന്ന് കരുതി അരികിലേയ്ക്ക് ഓടിയെത്തിയതും ഓർക്കുന്നു. അന്നൊന്നും വനംവകുപ്പിലെ ഒദ്യോഗിക വാഹനങ്ങളിൽ ബീക്കൺ ലൈറ്റുകൾ ഘടിപ്പിക്കുന്ന പതിവില്ലായിരുന്നതിനാൽ രാത്രിയിൽ അവർക്ക് ജീപ്പ് തിരിച്ചറിയാനാകാത്തതാകാം ആ അബദ്ധത്തിന് കാരണം. അതിൽ ഒരാളെ അപ്പോൾത്തന്നെ പിടികൂടിയതിന് ശേഷം കാട്ടിൽ നടത്തിയ തിരച്ചിലിൽ മറ്റൊരാളേയും പിറ്റേന്ന് ഊരുകാരായ ആദിവാസികൾ വഴി മൂന്നാമത് ഒരുത്തനേയും കൂടി പിടികൂടുകയും ചെയ്തു. ഒപ്പം തൊണ്ടിമുതലും. എന്നിരുന്നാലും അവരിൽ രണ്ട് പേർ രക്ഷപ്പെട്ട് പോകുകയും ചെയ്തു.
അതുപോലെ തന്നെയാണ് ഒരിക്കൽ ഉടുമൽപ്പേട്ട പോയി അന്ന് ബോംബെയിലായിരുന്ന പഴയ കാമുകിക്ക് എസ് റ്റി ഡി കോൾ വിളിച്ചിട്ട് പാതിരാത്രി വണ്ടിയോടിച്ച് തിരിച്ച് വരുമ്പോൾ സംഭവിച്ചതും. അന്നൊക്കെ രാത്രി പതിനൊന്ന് കഴിഞ്ഞാൽ എസ് റ്റി ഡി കോളിന്റെ നിരക്ക് നാലിലൊന്ന് ആകുമായിരുന്നു. തന്നെയുമല്ല മൂന്നാറും മറയൂരും ഒന്നും മുൻകൂർ പറഞ്ഞ് ഏൽപ്പിച്ചില്ലെങ്കിൽ രാത്രി വൈകി ബൂത്തുകൾ തുറന്നിരിക്കില്ലായിരുന്നു. അതിനാൽത്തന്നെ അന്നത്തെ ആ പാവം കാമുകന് ഉടുമൽപ്പേട്ട തന്നെയായിരുന്നു മിക്കപ്പോഴും ശരണം! ഇന്നത്തെ ചെറുപ്പക്കാരായ ‘ജെൻസികളോ ആൽഫകളോ’ ഒക്കെയായ കാമുകന്മാർ ഇതൊക്കെ കേട്ട് പുച്ഛിച്ച് ചിരിച്ചേക്കാം. എന്നാൽ, പൂർവ്വസൂരികൾ അനുഭവിച്ച പെടാപ്പാടുകളോ ചോരയുറയുന്ന അനിശ്ചിതത്വങ്ങളോ കൊടിയ നിരാസങ്ങളോ ഇളമുറക്കാരുണ്ടോ അറിയുന്നു...!
അന്നത്തെ അമാവാസി അർധരാത്രിയിൽ തമിഴ്നാട്ടിലെ തിരക്കൊഴിഞ്ഞ റോഡിലൂടെ മധുരക്കിനാക്കൾ നുണഞ്ഞ് വണ്ടിയോടിക്കവേ രണ്ട് ആജാനുബാഹുക്കൾ ഇടത് വശത്തെ കുറ്റിക്കാട്ടിൽനിന്ന് റോഡിലേയ്ക്കിറങ്ങി പെട്ടെന്ന് വണ്ടിക്ക് കൈ കാണിക്കുകയായിരുന്നു! അവരുടെ സമീപം ചോരയിൽക്കുതിർന്നത് പോലെ തോന്നിച്ച ഒരു ചാക്ക് കെട്ടും!
ഹെഡ് ലൈറ്റിന്റെ പ്രകാശത്തിൽ മുന്നിൽ കാരിരുമ്പ് ശരീരവുമായി നിലകൊള്ളുന്ന ആ അരോഗദൃഢഗാത്രരെ കാണവേ എന്തൊക്കെ വിചാരങ്ങളാണ് എന്റെ മനസ്സിലൂടെ കടന്ന് പോയതെന്ന് പറയാനാവില്ല. ഇന്നെന്നല്ല, ഒരിക്കലും! നട്ടെല്ലിലൂടെ അതിദ്രുതം അരിച്ച് കയറിയ ശീതം ബ്രേക്കിലും ആക്സിലറേറ്ററിലും മാറിമാറി ഉമ്മ വച്ച് കളിച്ചുകൊണ്ടിരുന്ന വലത്തെ കാലിനെയാണോ അതോ വിറയലോടെ സ്റ്റീയറിങ്ങിനെ തിരുപ്പിടിച്ചിരുന്ന കൈകളെയാണോ മരവിപ്പിച്ചത് എന്ന് പറയാൻ വയ്യ! ഡ്രൈവിങ്ങിൽ പാരംഗതൻ ഒന്നുമല്ലെങ്കിലും ഞാനോടിച്ചിരുന്ന ശകടത്തിന് അപ്പോൾ നൂറ് കിലോമീറ്ററിന് മേൽ വേഗത ഉണ്ടായിരുന്നു എന്നത് മറ്റൊരു സത്യം!
(അവസാനിക്കുന്നില്ല)
Content Highlights: An officer shares a nostalgic and thrilling look back at his probation period at Kanthalloor Forest Station, detailing the evolution of Marayoor's sandalwood value, humorous encounters with innocent villagers, and dangerous midnight operations against smugglers.
Published: 25 May 2026, 02:30 pm IST
ABOUT THE AUTHOR
കേരള വനം വകുപ്പില് നിന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്സര്വ്വേറ്ററായി വിരമിച്ചു. ചിന്ത പബ്ലിഷേഴ്സ് വഴി കാട് പറഞ്ഞ കഥകള്, ആരണ്യകാണ്ഡം എന്നീ കഥാ സമാഹാരങ്ങളും ലോഗോസ് ബുക്ക്സ് വഴി കാട്ടിലേയ്ക്ക് പോകാം എന്നൊരു യാത്രാവിവരണവും മാതൃഭൂമി ബുക്ക്സ് വഴി നാഗമാണിക്യം, ഗജമുത്ത്, വെള്ളിമൂങ്ങ- വനം കള്ളക്കടത്തിന്റെ കാണാപ്പുറങ്ങള് എന്നൊരു അനുഭവകഥയും കേരള
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented