നി ലേശം പിന്നാമ്പുറക്കഥകളിലേക്ക്. തീർത്തും അനൗദ്യോഗികം! എന്നാലും അതും കൂടി പറഞ്ഞാലേ കഥയുടെ ആസ്വാദ്യതയ്ക്ക് 'ഒരിത്' കിട്ടൂ. അതുകൊണ്ടാണ് കേട്ടോ. അന്നൊക്കെ ചോദ്യം ചെയ്യലും കുഴയ്ക്കുന്ന കേസുകളിൽ ചില 'മുറ്റന്മാരെ’ക്കൊണ്ട് സത്യം പറയിപ്പിക്കാനുമായി അല്ലറച്ചില്ലറ 'തൊട്ടുതലോടലും' (ഇന്നാണെങ്കിൽ തൊട്ടുതൊഴാനേ പറ്റൂ എന്നത് മറ്റൊരു കാര്യം) ഒക്കെ കഴിഞ്ഞ് കോടതിയിൽ ഹാജരാക്കാനുള്ള തൊണ്ടി ലിസ്റ്റ് തയ്യാറാക്കുമ്പോൾ പ്രതികളുടെ കയ്യിൽ കാശോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ ഉണ്ടെങ്കിൽ അവർതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ജാമ്യം കിട്ടി തിരികെയെത്തുന്നത് വരെ അത് സൂക്ഷിക്കണമെന്ന് അപേക്ഷിക്കാറുണ്ട്. മഹസ്സറിലും ഔദ്യോഗിക രേഖകളിലും അത് സ്ഥാനം പിടിച്ചാൽ പിന്നെ കേസ്സ് തീരുന്ന മുറയ്‌ക്കേ അതൊക്കെ വിട്ടുകിട്ടുകയുള്ളൂ എന്ന ഭയം കൊണ്ടാണത്.

To advertise here,

ഇതൊക്കെയാണെങ്കിലും രണ്ടടിയൊക്കെ കൊടുക്കുന്ന ഉദ്യോഗസ്ഥന്മാരോട് ജാമ്യത്തിലിറങ്ങി വരുന്ന പ്രതികൾക്ക് ഇച്ചിരി ബഹുമാനം കൂടുതലായിരിക്കും എന്നാണ് ആദ്യമായി ജോലിക്ക് ചെന്നപ്പോൾത്തന്നെ കാതോട് കാതോരം പടർന്നെത്തിയ ഒരു വാർത്ത! കുറ്റകൃത്യത്തിനിടയിലോ അല്ലാതേയോ പിടിക്കുമ്പോൾ നടത്തുന്ന ബലപ്രയോഗത്തിനും ചോദ്യം ചെയ്യലിനും ഒക്കെ ശേഷം ജയിലിലേക്ക് കൊണ്ട് പോകുമ്പോൾ സൗഹാർദ്ദത്തിലാണ് എല്ലാ ഉദ്യോഗസ്ഥന്മാരും പ്രതികളോട് പെരുമാറുക പതിവ്. അതിന് പ്രധാന കാരണം കോടതിക്ക് മുന്നിൽ ഹാജരാക്കുന്ന പ്രതികളോട് ചില മജിസ്‌ട്രേട്ടുമാരെങ്കിലും ഉദ്യോഗസ്ഥന്മാർ ഉപദ്രവിച്ചോ അവർക്കെതിരേ എന്തെങ്കിലും പരാതിയുണ്ടോ എന്നുമൊക്കെ ചോദിക്കുക പതിവാണെന്നതാണ്. അപ്പോൾ പരാതി ഉണ്ടെന്നും ഉദ്യോഗസ്ഥർ ദേഹോപദ്രവം ഏൽപ്പിച്ചെന്നും ഒക്കെ കുറ്റാരോപിതർ പറയുകയും അത് 'തീർത്തും' ബോധ്യപ്പെട്ട് ബഹുമാനപ്പെട്ട മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുകയും ചെയ്താൽപ്പിന്നെ മെഡിക്കൽ പരിശോധനയായി തുടർന്ന് പലവിധ തലവേദനകളായി! എന്നാൽ, ഇത്തരം വിലപിടിപ്പുള്ള സ്വകാര്യ വസ്തുവഹകൾ സൂക്ഷിക്കുകയും കൃത്യമായി തിരിച്ചേൽപ്പിക്കുകയും ഒക്കെ ചെയ്യുന്നത് കൊണ്ടാവണം അസാരം ശരീരവേദനയൊക്കെ ഉണ്ടെങ്കിൽപ്പോലും മിക്കവാറും പ്രതികൾ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് തന്നെയാണ് പറയാറുള്ളത്.  ചിലപ്പോഴെങ്കിലും സിനിമയിലേത് മാതിരി 'മജിസ്‌ട്രേട്ടിനോട് ആവശ്യമില്ലാത്തത് വല്ലതും വിളിച്ച് പറഞ്ഞാൽപ്പിന്നെ നിന്നെ ജയിലിലേയ്ക്ക് കൊണ്ടുപോകുന്നതും നമ്മൾ തന്നെയായിരിക്കും എന്ന് ഓർത്തോളണം', എന്നൊക്കെ ചില ഉദ്യോഗസ്ഥന്മാർ ഭീഷണിപ്പെടുത്താറുള്ളതും ഞാൻ കേട്ടിട്ടുണ്ട്.

ഇതൊക്കെയാണെങ്കിലും മനഃപൂർവ്വം തന്നെ തങ്ങളെ കഠിനമായ ശാരീരിക പീഡകൾക്ക് വിധേയരാക്കി എന്ന് വിളിച്ച് പറഞ്ഞ പ്രതികളും ഉണ്ട്. അപ്പോഴും അവരെ ഏർപ്പെട്ടിരുന്ന കുറ്റകൃത്യത്തിനിടയ്ക്ക് കണ്ടെത്തുകയും ആവശ്യമായ ബലപ്രയോഗത്തിലൂടെ കീഴടക്കി കുറ്റവാളിയെന്ന ഉത്തമവിശ്വാസത്തിൽ നിയമത്തിന് മുന്നിലെത്തിക്കുകയും ചെയ്യുന്നതിനിടെ സ്വാഭാവികമായും ഉണ്ടാകാൻ സാധ്യതയുള്ള ക്ഷതങ്ങളിൽനിന്ന് പിന്നീട് കസ്റ്റഡിയിൽവച്ച് അനുഭവവേദ്യമായെന്ന് പറയപ്പെടുന്ന ശാരീരിക ദണ്ഡനങ്ങളെ വേർതിരിച്ച് കാട്ടാൻ കഴിഞ്ഞാലേ അതുകൊണ്ട് പ്രയോജനമുള്ളൂ. അങ്ങനെയൊരു സംരക്ഷണമെങ്കിലും ഇല്ലെങ്കിൽ ഏതെങ്കിലും ഉദ്യോഗസ്ഥർ റിസ്‌കെടുത്ത് പ്രതിയെ പിടിക്കാനും കേസ്സ് തെളിയിക്കാനും മുതിരുമോ എന്നൊരു ചോദ്യവും ന്യായമായും ഉയർന്നേക്കാം. ഇതു പറഞ്ഞു എന്നുകരുതി സർക്കാർ സംവിധാനങ്ങളിൽ അധികാരം കയ്യാളുന്ന ഉദ്യോഗസ്ഥരെല്ലാംതന്നെ അലിവിനും മഹാമനസ്‌കതയ്ക്കും പുകൾ പെറ്റവർ മാത്രമാണെന്ന് കരുതണമെന്നില്ല.

ഒരിക്കൽ മധ്യവയസ്‌കനായ ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് ഏതാണ്ട് ഒരു ദിവസം മുഴുവൻ റെയ്ഞ്ച് ഓഫീസിലെ സെല്ലിനകത്ത് ഇട്ടതിന് ശേഷമാണ് കോടതിയിൽ ഹാജരാക്കിയതും ജയിലിലേയ്ക്ക് കൊണ്ടാക്കിയതും. പുരുഷന്മാരായ പ്രതികൾ കടുംകൈകൾ ഒന്നും ചെയ്തുകളയാതിരിക്കാൻ സാധാരണ അടിവസ്ത്രങ്ങളിൽത്തന്നെയാണ് സെല്ലുകളിൽ പാർപ്പിക്കുന്നത്. പ്രതികളെ (കുറ്റാരോപിതരെ) സെല്ലിൽ അടച്ചിരിക്കെ അവരെ ശൗചാലയങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നതും ആഹാരം വാങ്ങി നൽകുന്നതും ഒക്കെ റെയ്ഞ്ചുകളിലെ തിരഞ്ഞെടുത്ത വാച്ചറന്മാരാണ് ചെയ്യുന്നത്. കോടതിയിലേയ്ക്കും ജയിലിലേയ്ക്കും എത്തിക്കുന്നത് വരെ പ്രതികൾ അവരുടെ കർശന നിരീക്ഷണത്തിൽ ആയിരിക്കുകയും ചെയ്യും.

ചന്ദനം കടത്താൻ ശ്രമിക്കുമ്പോൾ പരിശോധനാസമയത്ത് ഉദ്യോഗസ്ഥന്മാർക്ക് സംശയം തോന്നാതിരിക്കാനായി ചിലരെങ്കിലും അപൂർവ്വമായി സ്ത്രീകളെ കൂടി കൂട്ടിവരാറുമുണ്ട്. അത്തരത്തിൽ പിടിക്കപ്പെടുന്ന മഹിളാമണികളെ മാത്രമാണ് അന്നൊക്കെ കസ്റ്റഡിയിൽ എടുത്തും കേസുകളിൽ ഉൾപ്പെടുത്തിയും അറസ്റ്റ് ചെയ്തും കണ്ടിട്ടുള്ളത്. എന്നിരുന്നാലും അവരെ സെല്ലിനുള്ളിൽ പാർപ്പിക്കാതെ ഓഫീസിൽത്തന്നെ ഏതെങ്കിലും മൂലയ്ക്ക് ഇരുത്തുകയായിരുന്നു സാധാരണ പതിവ്. അല്ലെങ്കിലും വനംകേസ്സുകളിൽ മിക്കതിലും പുരുഷന്മാർ മാത്രമേ പ്രതികളായി വരാറുള്ളൂ എന്ന് കണക്കുകൾ നോക്കിയാൽ മനസ്സിലാകും!

വനംവകുപ്പിൽ ഇന്നത്തെ മാതിരി വനിതാ പ്രാതിനിധ്യം ഇല്ലാതിരുന്ന അന്ന് പ്രതികളായ കുലസ്ത്രീകളെ സൂക്ഷിക്കുന്നതും കോടതി സമക്ഷം ഹാജരാക്കുന്നതും ഒരു വലിയ ചടങ്ങായിരുന്നു. അങ്ങനെ ആവശ്യം വരുമ്പോൾ പലപ്പോഴും ഓഫീസുകളിൽനിന്നു വനിതാ ക്ലർക്കുമാരേയും വനിതാ വാച്ചറന്മാരേയും ഒക്കെ സഹായത്തിനായി വിളിക്കുന്നതും കണ്ടിട്ടുണ്ട്.

എന്തായാലും അന്ന് പ്രതിയെ ജയിലിൽ ആക്കിയതിന് ശേഷം മടങ്ങിയെത്തിയ ഒരു വാച്ചറാണ് ആ പ്രതി വണ്ടിയിൽവച്ച് സ്വകാര്യമായി പറഞ്ഞ കാര്യം അന്നത്തെ റെയ്ഞ്ച് ഓഫീസറോട് വെളിപ്പെടുത്തിയത്. അതായത് വെറും അടിവസ്ത്രം മാത്രം ധരിച്ച് സെല്ലിനകത്ത് കഴിയുമ്പോഴും ഒരു ചെറിയ കൈത്തോക്ക് അയാൾ എവിടെയോ രഹസ്യമായി ഒളിപ്പിച്ച് വച്ചിരുന്നത്രേ! അവസാനം ജയിലിലേക്ക് പോകുമ്പോൾ അതിനി തിരികെ കിട്ടില്ലെന്ന് ഉത്തമ ബോധ്യം വന്നതിനാലാകണം ആ രാത്രി അയാളത് എങ്ങനെയോ സെല്ലിനകത്തെ അത്യാവശ്യം ഉയരത്തിലുള്ള ഒരു ജനാലയുടെ പടിയിൽ/തട്ടിൽ വയ്ക്കുകയായിരുന്നു!

ജയിലിൽനിന്നു ജാമ്യത്തിലിറങ്ങി തിരികെയെത്തുമ്പോൾ ആ കള്ളത്തോക്ക് എടുത്ത് നൽകണമെന്നും ആയതിന് എന്താണ് പ്രതിഫലം പ്രതീക്ഷിക്കുന്നുവോ അതിലും നൂറ് രൂപയെങ്കിലും അധികമായിത്തന്നെ തന്നിരിക്കും എന്നും ആണത്രേ വാഗ്ദാനം. എന്തായാലും സെല്ല് പരിശോധിച്ചപ്പോൾ സംഗതി സത്യമായിരുന്നുതാനും! എന്നാലും അത്യാവശ്യം ഒരു കൈപ്പത്തിയോളം നീളം വരുന്ന തോക്ക് അയാൾ എവിടെയാണ് വിദഗ്ധമായി ഒളിപ്പിച്ച് വച്ചിരുന്നതെന്ന് അറിയാൻ എനിക്ക് വല്ലാത്ത ആകാംക്ഷയുണ്ടായിരുന്നു. അടിവസ്ത്രത്തിൽ മാത്രം നിന്നിരുന്ന അയാളെ ഉദ്യോഗസ്ഥന്മാരും വാച്ചറന്മാരും പലപ്രാവശ്യം അടുത്ത് കണ്ടിരുന്നതുമാണ്. പക്ഷെ, കക്ഷി ജാമ്യത്തിലിറങ്ങി ഒപ്പിടാൻ വന്ന് തുടങ്ങുന്നതിന് മുമ്പ് ഞാനവിടെനിന്നു പരിശീലനം കഴിഞ്ഞ് തിരികെപ്പോയതിനാൽ എനിക്കത് തിരക്കി അറിയാനായില്ല എന്ന ഖിന്നത ഇന്നും ബാക്കി നിൽക്കുന്നു! ആ പ്രദേശത്ത് അത്തരത്തിൽ കള്ളത്തോക്ക് പണിയുന്ന ഒരാളെപ്പറ്റി എന്റെ ഗുരു കൂടിയായ കാന്തല്ലൂർ ഡെപ്യൂട്ടി റെയ്ഞ്ചർ ഒരിക്കൽ പറഞ്ഞത് അപ്പോഴും ഞാൻ മറന്നിരുന്നുമില്ല.

ഏതാണ്ട് ഒരു മാസത്തിന് അടുത്തായിരിക്കണം. സജുക്കുട്ടന്റേയും ഒറ്റമോളെക്കാണണം എന്നുപറഞ്ഞ് കരഞ്ഞ അയാളുടെ കൂട്ടുപ്രതിയുടേയും ഒക്കെ കാര്യം ഞാൻ അപ്പോഴേക്കും മറന്നു തുടങ്ങിയിരുന്നു. അന്ന് ഉച്ചയ്ക്ക് ശേഷം കാന്തല്ലൂർ സ്റ്റേഷനിൽനിന്ന് മൂന്നാറിലേക്കുള്ള ഒരു പ്രൈവറ്റ് ബസ്സിൽ കോവിൽക്കടവിൽ ജംഗ്ഷനിൽ വന്നിറങ്ങി നട്ടുച്ച വെയിലത്ത് മുറിയിലേയ്ക്ക് നടക്കുകയായിരുന്നു. അപ്പോഴതാ, എനിക്ക് തൊട്ടരികിലായി ചുവന്ന നിറത്തിലെ ഒരു ഡീലക്‌സ് ബുള്ളറ്റ് മോട്ടോർ സൈക്കിൾ വന്ന് നിൽക്കുന്നു! അതിൽ ടീ ഷർട്ടും ജീൻസും ഇട്ട് ഇരിക്കുന്ന സുമുഖനായ ഒരു ചെറുപ്പക്കാരൻ. കണ്ടിട്ട് ഒരു പരിചയവും തോന്നിയില്ല. എന്നാലും ഒന്ന് മന്ദഹസിച്ചെന്ന് വരുത്തി ഞാൻ മുന്നോട്ട് നടന്നു.

'സാറിന് എന്നെ മനസ്സിലായില്ലേ...?'

ശബ്ദം കേട്ട് ഞാൻ തിരിഞ്ഞ് നിന്നു. തന്റെ മുഖത്തിരുന്ന വില കൂടിയ റെയ്ബാൻ കൂളിംഗ് ഗ്ലാസ്സ് കൈയ്യിലെടുത്തുകൊണ്ട് പുഞ്ചിരിയോടെ ആ യുവകോമളൻ എന്നോട് തന്നെയാണ് ചോദിക്കുന്നത്. തെല്ല് അമ്പരപ്പോടെ നിന്നു. ഇല്ല, പരിചിത മുഖങ്ങൾ ഒന്നും മനസ്സിൽ തെളിയുന്നില്ല.

'ഞാൻ സജുക്കുട്ടനാണ്...സാറിന് എന്നെ ഓർമ്മയില്ലേ...അന്നത്തെ റെയ്ഡ്...വണ്ണാന്തറനിന്നും...!', എന്റെ കണ്ണുകളിലെ അത്ഭുതഭാവം കണ്ടിട്ടാവണം അവൻ അർദ്ധോക്തിയിൽ നിർത്തി.

സത്യത്തിൽ അപ്പോഴയാളെ തിരിച്ചറിയാനേ കഴിയുന്നുണ്ടായിരുന്നില്ല. അന്നത്തെ മുഷിഞ്ഞ വേഷവും ശ്മശ്രുക്കൾ നിറഞ്ഞ മുഖവും രക്തക്കറ പുരണ്ട വേഷ്ടിയും ഒന്നുമല്ല ഏതാണ്ട് ഒരു സിനിമാനടന്റെ മേക്ക് ഓവറിലാണ് കക്ഷിയിപ്പോൾ! ആ സുന്ദരക്കുട്ടപ്പന് മുന്നിൽ കൊടുംവെയിലത്ത് കരുവാളിച്ച ഞാൻ നിലവിളക്കിനടുത്ത് കരിവിളക്ക് വച്ചപോലെ എന്ന് പറയുന്നത് മാതിരി നിന്നു!

'ഞാൻ സാറിനെ കാത്ത് നിൽക്കുകയായിരുന്നു. ഇവിടെയാണ് താമസിക്കുന്നതെന്ന് അറിഞ്ഞു. കയറിക്കോളൂ. ഞാൻ കൊണ്ടുവിടാം.' അയാളുടെ അപ്പോഴത്തെ മട്ടും ഭാവവും കണ്ടാൽ വണ്ടിയിൽ കയറാൻ ഒട്ടും അമാന്തിക്കേണ്ടതുണ്ടെന്ന് തോന്നുമായിരുന്നില്ല. ഔപചാരികതയുടെ പേരിൽപ്പോലും 'ഞാൻ നടന്നോളാം' എന്ന് പറയാതെ തത്ക്ഷണം ആ മോട്ടോർ സൈക്കിളിന് പിന്നിൽ വലിഞ്ഞ് കയറി ഇരിപ്പുറപ്പിച്ചു.

വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തിയപ്പോൾ തെല്ല് അപകർഷതയോടെ ആണെങ്കിലും ഞാനയാളെ എന്റെ കുടുസ്സ് മുറിയിലേക്ക് കടത്തിയിരുത്തി. സ്റ്റേഷനിൽ അയാൾ ഊരിക്കൊടുത്തിരുന്ന സ്വർണ്ണമാലയും ബ്രേസ്ലെറ്റും അലമാരയിൽ സൂക്ഷിച്ചിരുന്നത് എടുത്ത് തിരികെ ഏൽപ്പിച്ചു. പിന്നീട് പുതുതായി എത്തിയ ഒരതിഥിയല്ലേയെന്ന് കരുതി മൂന്നാറിലൊക്കെ മാത്രം വിളയുന്ന ചുവപ്പ് കലർന്ന വയലറ്റ് നിറത്തിലെ പാഷൻ ഫ്രൂട്ട് (Passion Fruit) വാങ്ങി സൂക്ഷിച്ചിരുന്നതിൽ ഒരെണ്ണമെടുത്ത് കഴിക്കാൻ നൽകി. അനന്തരം ഞാൻ അഭിമുഖമായി ഇരിക്കേണ്ട താമസം അയാൾ സംസാരിച്ച് തുടങ്ങി.

'സാറിനെ ഞാനന്നേ ശ്രദ്ധിച്ചതാണ്. ഇന്നും ഞാൻ പലരോടും സംസാരിച്ചു. സാറിനെപ്പോലെ ഇത്രയും നല്ലൊരാൾ ഇവിടെ ജോലി ചെയ്തിട്ടില്ലെന്നാണ് എല്ലാ സ്റ്റാഫുകളും പറഞ്ഞത്.' പിന്നീടങ്ങോട്ട് വാഴ്ത്തുക്കളുടെ പെരുമഴയായിരുന്നു. 'മിസ്റ്റർ ഇന്ത്യ' ഹിന്ദി സിനിമയിലെ 'മൊഗാംബോ ഖുശ് ഹുവാ..' എന്ന ഡയലോഗ് പറയുന്ന അമരീഷ് പുരിയെപ്പോലെ കുറെനേരം അതുകേട്ട് വിജ്രംഭിച്ച് ഞാനിരുന്നു. വർത്തമാനത്തിനിടെ പലവുരു തന്റെ വീട്ടുകാരെല്ലാം വളരെ നല്ലവരാണെന്നും വിധിവൈപരീത്യത്താൽ താനേർപ്പെട്ട കച്ചവടങ്ങൾ എല്ലാം അകാലത്തിൽ പൊളിഞ്ഞ് പോകുകയായിരുന്നെന്നും അങ്ങനെയാണ് ചന്ദനമോഷണത്തിൽ എത്തിയതെന്നുമാണ് പുള്ളി പറഞ്ഞത്. ഇടയ്ക്ക് ഗൾഫിൽ പോയി ഭാഗ്യം പരീക്ഷിച്ചിട്ടും രക്ഷയുണ്ടായില്ലത്രേ. പക്ഷേ, അയാൾ ഏർപ്പെട്ടിരുന്ന കച്ചവടങ്ങളുടെ ലിസ്റ്റ് കേട്ടപ്പോൾ എനിക്ക് തല കറങ്ങുന്നത് പോലെയാണ് തോന്നിയത്!

വിദേശ മദ്യക്കച്ചവടം മുതൽ സ്വർണ്ണക്കടത്ത്, ചൂത് കളി, കുഴൽപ്പണം, വ്യാജ വിഡിയോ കാസറ്റുകൾ അങ്ങനെ നീണ്ടുപോകുന്നു ആ ലിസ്റ്റ്! എന്തിന് അവസാനം ഗൾഫിൽനിന്ന് മടങ്ങിവന്ന കക്ഷിയും സ്വദേശി കാമുകിയും കൂടി തേനിയിലോ കമ്പത്തോ ഒരു ലോഡ്ജിലെ മുറിയിൽ വച്ചെടുത്ത സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ ഒരു കാസറ്റിലേയ്ക്ക് 'റെറ്റ്' (Write) ചെയ്യാൻ കൊടുത്തപ്പോൾ ഉറ്റ സുഹൃത്ത് 'മച്ചുനൻ ചന്തു ആരോമലിനെ ചതിച്ചത് പോലെ' രഹസ്യമായി അതിന്റെ കോപ്പിയെടുത്ത് വിതരണം ചെയ്തു കളഞ്ഞത്രേ. അവസാനം പെൺവാണിഭത്തിന് ഒരു കേസുമായി അന്നത്തെ എട്ട് ലക്ഷം രൂപയുടെ വീഡിയോ ക്യാമറയുൾപ്പടെ പോലീസ് കസ്റ്റഡിയിലും ആയി. പോരേ പൂരം!

ആള് നഖം പോലും കളയാനില്ലാത്ത സൂപ്പർ ഉരുപ്പടി ആണെന്നർത്ഥം!

ഏന്നാൽ, താൻ ചെയ്ത ഓരോ ഗജപോക്രിത്തരങ്ങളും ഒരുളുപ്പുമില്ലാതെ പറഞ്ഞു നിർത്തിയതിന് ശേഷം 'എന്ത് ചെയ്യാനാണ് സാറേ...? എന്റെ വിധി.. എന്റെ കഷ്ടകാലം...! ഒന്നിലും പച്ചപിടിക്കാനായില്ല.' എന്നിങ്ങനെ പതം പറഞ്ഞും പരിതപിച്ചു കൊണ്ടുമിരുന്ന ആ 'സാധുവിനെ' അത്ഭുതത്തോടെയാണ് ഞാൻ നോക്കിയത്!

പഴയ ഒരു പ്രണയത്തിന്റെ 'ഹാങ്ങ് ഓവറിൽ' അന്ന് വിവാഹമേ വേണ്ടെന്ന് കരുതി പുരനിറഞ്ഞ് നിന്നിരുന്ന എനിക്ക് കല്യാണം ആലോചിക്കുന്നത് വരെയെത്തി ആ കുറഞ്ഞ സമയത്തിനുള്ളിലെ സൗഹൃദ സംഭാഷണങ്ങൾ. ഞാനതിൽ കൊത്തുന്നില്ലെന്നു കണ്ടപ്പോൾ ആശാൻ പതിയെ വിഷയം മാറ്റി. എറണാകുളത്തെ പല വലിയ ടീമുകളുമായും അടുത്ത ബന്ധമുണ്ടെന്നും അവരുടെയൊക്കെ രഹസ്യസങ്കേതങ്ങളെക്കുറിച്ചും അവിടത്തെ വിവിധങ്ങളായ ഇടപാടുകളെക്കുറിച്ചും ഒക്കെ അറിയാമെന്നായി. അന്നത്തെ മൂന്നുനാല് പ്രമുഖരുടെ പേരുകളും അയാൾ എടുത്ത് പറഞ്ഞു. സത്യത്തിൽ അന്നയാൾ പറഞ്ഞതും പിന്നീട് പ്രശസ്തരുമായ ചില സിനിമാതാരങ്ങളുടെ ഇക്കിളിപ്പെടുത്തുന്ന കഥകൾ രഹസ്യങ്ങളായി ഞാനിന്നും മനസ്സിൽ സൂക്ഷിക്കുന്നുണ്ട്! അതൊക്കെ ശരിയാണോയെന്ന്‌ ഉറപ്പൊന്നും ഇല്ല. എങ്കിലും ഒരു മനസ്സമാധാനത്തിന് വേണ്ടി സൂക്ഷിക്കുന്നു!

പിന്നീട് ഇറങ്ങാൻ നേരം എന്റെ മനസ്സറിയാനെന്നോണം അയാൾ ഇത് കൂടി പറഞ്ഞു. 'സാറിനറിയാമോ @@@@@ (പേര്) കോളേജിലെ മിഠായി പോലത്തെ പെമ്പിള്ളേര് നമ്മുടെ കസ്റ്റഡിയിലുണ്ട്. എന്നെ ഒന്നറിയിച്ചാൽ മാത്രം മതി. പിന്നെ സാറൊന്നും അറിയേണ്ട. എല്ലാം ഞാൻ നോക്കിക്കോളാം. എന്നെ സ്വന്തം സഹോദരനെപ്പോലെ വിശ്വസിക്കാം.'

സ്വന്തം സഹോദരൻ 'മാമാ പണിയാണോ' ചെയ്യുന്നതെന്ന് ചോദിക്കാൻ എനിക്ക് എന്തായാലും കഴിഞ്ഞില്ല. അതിനിടയിൽ ആ പരോപകാരി ഒരു കാര്യം കൂടി ചെയ്തിരുന്നു. ടീപ്പോയിൽ കിടന്ന ഒരു കടലാസ് കഷ്ണമെടുത്ത് അയാളുടെ അടിമാലിയിലെ വീട്ടിലെ ലാന്റ് ഫോൺ നമ്പർ കുറിച്ചു. തിളയ്ക്കുന്ന യൗവ്വനം ജൈവികപരമായ ആവശ്യങ്ങൾ എപ്പോഴെങ്കിലും ഉടലെടുപ്പിച്ചാൽ ആഗ്രഹസ്ഫൂർത്തിക്കായി ഉടനടി ആ നമ്പരിൽ വിളിക്കാമെന്നും എന്തിനും ഏതിനും കൂടെയുണ്ടാകും എന്നൊരു വാഗ്ദാനം കൂടി ചേർത്താണ് അത് എനിക്ക് നീട്ടിയത്!

മായികലോകത്ത് എന്നതുപോലെ ഒന്നും കാണാനാകാതേയും കേൾക്കാനാകാതേയും മിഴിച്ചിരുന്ന എന്റെ മുന്നിലൂടെ അയാൾ ബൈക്കിനടുത്തേക്ക് നടക്കുകയും അതിന്റെ കടകട ശബ്ദം അകന്നകന്ന് പോകുകയും ചെയ്തു. ഫോൺ നമ്പർ എഴുതിയ ആ കടലാസ് കഷണവും വലത്തേ കയ്യിൽ തിരുപ്പിടിച്ച് ഞാനവിടെ പിന്നേയും ഒരിരുപ്പിരുന്നു!

പിന്നീട് കുറച്ച് നാളുകൾ ഞാനത് ഭദ്രമായി സൂക്ഷിച്ചിരുന്നു. 'രാജാവിന്റെ മകനായ വിൻസന്റ് ഗോമസ്സ് കലണ്ടറിലോ മറ്റോ കുറിച്ചിട്ട ഫോൺനമ്പർ മകൻ ആപത്തിൽപ്പെട്ടപ്പോൾ നാൻസി എടുത്തുകറക്കിയത് പോലെ എപ്പോഴെങ്കിലും അത് എടുത്ത് പ്രയോഗിക്കേണ്ടി വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നോ എന്ന് പറയാൻ വയ്യ. എന്തായാലും 'അത്യാവശ്യം തോന്നിയ' ഘട്ടങ്ങളിൽപ്പോലും ജീവഭയമെന്നോ മാനഹാനിയെന്നോ ഒക്കെ പറയാവുന്ന ഒരുതരം വികാരം അതെടുത്ത് പ്രയോഗിക്കുന്നതിൽനിന്നും എന്നെ പിന്തിരിപ്പിച്ചിരുന്നു എന്നതാണ് സത്യം! ശേഷം എന്തായാലും ആ വലിയ ഹൃദയത്തിന്റെ ഉടമയെ ഇഹലോകവാസത്തിലിന്നോളം തൃക്കൺപാർക്കാനോ കേൾവിപ്പെടാനോ ഇടയായിട്ടില്ല!

അതിനിടയിൽ ഓർമയിൽനിന്ന് ഒരു കാര്യം കൂടി പറഞ്ഞോട്ടെ. അത് മുൻ അധ്യായത്തിൽ മറയൂരിൽ പോലീസിനൊപ്പം പൊതുജനം വനംവകുപ്പുകാരേയും പേടിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്ന വാർത്തയിൽ കഴമ്പുണ്ടെന്ന് സൂചിപ്പിച്ചതിനെപ്പറ്റിയാണ്. മറയൂരിലേയ്ക്ക് ജോലിക്കായി ചെന്നപ്പോൾ സാധാരണയായി ആക്ഷേപ സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും ഒക്കെ മാതിരി പഴയ പോലീസുകാർ ബസ്സുകളിൽ കയറി ടിക്കറ്റെടുക്കാത്തതും പെട്ടിക്കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം കാശ് കൊടുക്കാത്തതും പണം ചോദിച്ചാൽ മീശ പിരിച്ച് വിരട്ടുന്നതും സമാനമായുള്ള ഒരനുഭവമാണ് ഞാനവിടെ നേരിട്ട് കണ്ടതും കുറച്ച് അനുഭവിച്ചതും!

ജോയിൻ ചെയ്ത് കുറച്ച് ദിവസം കഴിഞ്ഞ് ആൾ പ്രശ്‌നക്കാരനല്ലെന്നും തങ്ങളിൽ ഒരാളാണെന്നും തോന്നിത്തുടങ്ങിയപ്പോഴാകണം പോലീസിന് പുറമേ വനംവകുപ്പുകാർക്കും അന്നുണ്ടായിരുന്ന 'പ്രിവിലെജിനെപ്പറ്റി' കൂട്ടുസ്റ്റാഫുകൾ എനിക്ക് പറഞ്ഞ് തന്നത്. അന്നൊക്കെ മറയൂരിൽ ജോലി ചെയ്തിരുന്ന ഫോറസ്റ്റ് സ്റ്റാഫുകൾക്കും കോതമംഗലനിന്നു മറയൂരോ കാന്തല്ലൂരോ വരെയുള്ള യാത്ര പ്രൈവറ്റ് ബസ്സുകളിൽ തികച്ചും സൗജന്യമായിരുന്നു എന്നതായിരുന്നു അതിൽ മുഖ്യം! അതുപോലെ തന്നെ മറയൂർ കോവിൽക്കടവിൽ ഉണ്ടായിരുന്ന സിനിമാകൊട്ടകയിൽ ബാൽക്കണിയിലിരുന്ന് സിനിമ കാണുന്നതും പോലീസുകാർക്കൊപ്പം വനംവകുപ്പുകാർക്കും തികച്ചും ഫ്രീ!

ഞാനും രണ്ടുമൂന്ന് തവണയെങ്കിലും ആ സൗജന്യം അനുഭവിച്ചിട്ടുണ്ടെന്നത് സമ്മതിക്കുന്നു. പക്ഷെ, എന്നെ അവർക്കാർക്കും അത്രമേൽ പരിചയമില്ലാത്തതിനാൽ ഞാൻ സിനിമയ്ക്ക് പോകുമ്പോഴും ബസ്സിൽ കയറുമ്പോഴും അവിടെ ജോലി ചെയ്തതും (സ്ഥിരം സൗജന്യം പറ്റി) അവർക്ക് മുഖപരിചയമുള്ളതുമായ പഴയ സ്റ്റാഫുകൾ ആരെങ്കിലും കൂടെ വേണമെന്നത് ഞാനന്ന് നേരിട്ടിരുന്ന വലിയ ഒരു അസ്തിത്വപ്രശ്‌നവുമായിരുന്നു! പണ്ട് സിനിമയിൽ കാണുന്നത് പോലെ മീശ പിരിച്ചും ഗൗരവം നടിച്ചും 'പിസി' (Police Constable) എന്ന് മാത്രം പറഞ്ഞ് അവരുടെ മുഖത്ത് നോക്കാതേയും കാശ് കൊടുക്കാതേയും പോകുമായിരുന്ന പഴയ ജനുസ്സിലെ ഏമാന്മാരുടെ തൊലിക്കട്ടി എനിക്കില്ലാതെ പോയതുമാകാം കാരണം. (ഇതൊക്കെ അവിടെ അന്ന് ഫീൽഡിലുണ്ടായിരുന്ന കീഴുദ്യോഗസ്ഥന്മാരുടെ മാത്രം കാര്യമാണെന്ന് ഓർക്കുമല്ലോ.)

അന്നത്തെ ആ തീയ്യറ്ററുടമയ്ക്ക് അവിടെയടുത്തായി ഒരു ബാറും കൂടി ഉണ്ടായിരുന്നെങ്കിലും മധുപാനത്തിന് ആർക്കും പ്രത്യേകിച്ച് കിഴിവുകൾ ഒന്നും ഇല്ലായിരുന്നു എന്നൊരു ഖിന്നത ഞങ്ങൾക്ക് മനസ്സിലെങ്കിലും ഉണ്ടായിരുന്നു!  അത് പരിഹരിക്കാനുള്ള നടപടികളൊന്നും ആരും ഒരിക്കലും കൈക്കൊണ്ടതായി അറിവില്ല! സർക്കാർ വക കെഎസ്ആർടിസിയുടെ മാട്ടുപ്പെട്ടി എക്‌സ്പ്രസ്സിലാണ് വീട്ടിൽ വന്നുപോകുന്നതെന്നതിനാൽത്തന്നെ എനിക്ക് ആ യാത്രാസൗജന്യം അധികമൊന്നും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. ഒരു സിനിമ ഫ്രീ സമയം ഉള്ളത് പോലെ പല ദിവസങ്ങളിലായി ഫ്രീയായിത്തന്നെ കണ്ടിരുന്ന 'ധാരാളികളും' ഇഷ്ടനായികമാരുടെ വേണ്ടപ്പെട്ട സീനുകളും വരുമ്പോൾ മാത്രം കയറി പടം കണ്ട 'ലുബ്ധന്മാരും' അന്നവിടെ ഉണ്ടായിരുന്നു!

ഞാൻ കാന്തല്ലൂരിൽ പ്രൊബേഷണറായിരിക്കെ തന്നെ സംഭവിച്ച മറ്റ് രണ്ട് സംഭവങ്ങൾ കൂടി പറഞ്ഞ് മറയൂർ കഥകൾ അവസാനിപ്പിക്കാമെന്നു കരുതുന്നു. സ്ഥിരം കുറ്റവാളിയെന്ന് അറിയപ്പെടുന്ന ഒരു ചന്ദനമോഷ്ടാവിനെ തിരഞ്ഞ് മാട്ടുപെട്ടിയ്ക്കടുത്തുള്ള ടാറ്റയുടെ കണ്ടള തേയില എസ്റ്റേറ്റിലേയ്ക്ക് പോയതാണ് അതിലൊന്ന്. തമിഴ് വംശജരായ ആളുകളാണ്‌ തേയിലത്തോട്ടത്തിലെ തൊഴിലാളികളിൽ മിക്കവരും. കാന്തല്ലൂരിലെ ചന്ദനമോഷണ കേസ്സിൽ പ്രതിയായ അതിലൊരാളെ (തത്കാലം പളനിസ്വാമി എന്ന് വിളിക്കാം) അന്വേഷിച്ചാണ് ഒരു ജീപ്പിൽ ഞങ്ങൾ ആറുപേർ അന്ന് പോയത്. അതിൽ വാച്ചറന്മാർക്കും ബീറ്റ് ഫോറസ്റ്റ് ഓഫീസറന്മാർക്കും സെക്ഷൻ ഫോറസ്റ്റ് ഓഫീസറന്മാർക്കും പുറമേ അവിടത്തെ ഡെപ്യൂട്ടി റേഞ്ചർ കൂടി സംഘത്തലവനായി ഉണ്ടായിരുന്നു.

നേരത്തെ സൂചിപ്പിച്ചത് മാതിരി എനിക്ക് വനംവകുപ്പിലെ രഹസ്യങ്ങളും ഗുട്ടൻസുകളും കുറെയൊക്കെ ആദ്യമായി പറഞ്ഞുതന്ന കൺകണ്ട ഗുരു കൂടിയാണദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് പിണഞ്ഞ ഒരമളി പരസ്യമായി പറയുന്നത് ഗുരുനിന്ദയായിപ്പോയാലോ എന്ന് കരുതി പേര് ഒഴിവാക്കുന്നു. ഉച്ചയോട് കൂടിയാണ് ജീപ്പ് തോട്ടം തൊഴിലാളികൾ താമസിക്കുന്ന നിരവീടുകൾ നിറഞ്ഞ ലയങ്ങൾക്ക് സമീപം ഞങ്ങൾ എത്തിയത്. അപ്പോൾ അവിടെ പുറത്തൊന്നും ആരേയും കാണ്മാനേ ഇല്ലായിരുന്നു.

അവിടങ്ങളിലെ താമസക്കാർ തേയിലത്തോട്ടങ്ങളിൽ കൊളുന്ത് ശേഖരിക്കാനും ഫാക്ടറികളിലെ ജോലിക്കായും പോയിരിക്കുമെന്നാണ് ന്യായമായും ഞങ്ങൾ സംശയിച്ചത്. എന്നിരുന്നാലും ലേബർ കോളനികളും പരിസരങ്ങളും അത്രമേൽ വിജനമായി കാണുക സാധാരണ പതിവില്ലാത്തതും!

(തുടരും)