‘വായിലോ, അന്നനാളത്തിലോ, ആമാശയത്തിലോ ഉള്ള മുറിവുകളിലൂടെ പാമ്പിൻ വിഷം രക്തത്തിൽക്കലർന്നാലേ മരണം സംഭവിക്കുകയുള്ളൂ എന്നതിനാൽ അരിക്കോ ചോറിനോ പകരം കോഴിക്ക് ഷമീം വീട്ടിൽ നിന്നും കൊണ്ടുവന്ന അതിബലവാനായ പലക്കാടൻ മട്ടയുടെ നെല്ല് മാത്രമാണ് കോഴിക്ക് നൽകിയിരുന്നത്!’

ഈയ്യടുത്താണല്ലോ തൃശൂർ കോടാലി സ്വദേശിയായ ഒരു കുഞ്ഞ് അമ്മയോടൊത്ത് ഉറങ്ങുന്നതിനിടെ സർപ്പദംശനമേറ്റ് അകാലത്തിൽ മരിച്ചത്. ശംഖുവരയന്റെ കടിയേറ്റ് അകാലത്തിൽ പൊലിഞ്ഞ ആൽജോ എന്ന ആ എട്ട് വയസ്സുകാരന്റെ ദീപ്തമായ ഓർമകൾക്ക് മുന്നിൽ ബാഷ്പാജ്ഞലികൾ അർപ്പിക്കുന്നു. ഇനിയൊരു ജീവൻ കൂടി അത്തരത്തിൽ പൊലിയാതിരിക്കട്ടെ എന്ന് പ്രാർഥിക്കാം.
വിഷപ്പാമ്പുകളിൽ നിന്നും എടുത്തതെന്ന് അവകാശപ്പെട്ട് ചില കുത്സിത ബുദ്ധികൾ വില്പനയ്ക്കായും പണം തട്ടാനായും എത്തിക്കുന്ന പാമ്പിൻ വിഷം എന്ന സംയുക്തത്തെക്കുറിച്ചാണ് ഞാനിവിടെ പറയാനുദ്ദേശിക്കുന്നത്ത്. അതായത് ഒരു പതിറ്റാണ്ടിനും മുൻപ് വനംവകുപ്പിന്റെ ഇന്റലിജെൻസ് സെല്ലിൽ ജോലി നോക്കുമ്പോൾ പാമ്പിൻ വിഷവുമായി ബന്ധപ്പെട്ട് നടത്തിയ രസകരമായ ചില ഓപ്പറേഷനുകളുടെ ഓർമ.
ഇതിപ്പോൾ പറയാൻ കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന അനിൽകുമാർ എന്ന സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിളിച്ചത് കൊണ്ടാണ്. ഇന്റലിജെൻസിലെ ഏറ്റവും മിടുക്കനായിരുന്ന ഓഫീസറായിരുന്നു അനിൽ. സർവീസിൽ പിന്നീടുണ്ടായ ചില പ്രശ്നങ്ങളുടെ പേരിൽ ആരോപണവിധേയനായ അദ്ദേഹം ഇന്റലിജെൻസ് സെല്ല് ഉപേക്ഷിച്ച് പോകുകയായിരുന്നു ഇപ്പോൾ കക്ഷി തേക്കടിയിൽ ഇക്കോ ഷോപ്പിന്റെ ചുമതലയുമായി കഴിയുന്നു. അല്ലെങ്കിലും സിസ്റ്റം എന്നത് ആരേയും കാത്ത് നിൽക്കില്ലല്ലോ. അത് മുന്നോട്ട് പൊയ്ക്കോണ്ട് തന്നെയിരിക്കും എന്നതാണല്ലോ സത്യം!
വായനയ്ക്ക് മുൻപ് പാമ്പിൻവിഷത്തെക്കുറിച്ച് രണ്ട് വാക്ക്. നമ്മുടെ കേരളത്തിൽ 120 എണ്ണവും ഇന്ത്യയിൽ 300 എണ്ണത്തോളം ഇനം പാമ്പുകൾ കാണപ്പെടുന്നു. ഇതിൽ ഏറ്റവും കൂടുതലായി മനുഷ്യരുടെ ജീവഹാനിക്ക് വഴിവയ്ക്കുന്നത് ‘’ബിഗ് ഫോർ’’ (Big 4) എന്ന നാലിനം പാമ്പുകളാണ്. മൂർഖൻ (The Indian cobra), അണലി (Russell’s viper), ശംഖുവരയൻ (Common Krait), ചുരുട്ടമണ്ഡലി (Saw -scaled viper) എന്നിവയാണ് അവ.
സ്വരക്ഷയ്ക്കായും പിന്നെ ഇരകളെ വേട്ടയാടാനും വേണ്ടിയാണ് പാമ്പുകൾ വിഷം ഉപയോഗിക്കുന്നതെന്ന് നമുക്കറിയാം. പാമ്പിൻ വിഷം എന്നത് പ്രോട്ടീനുകളുടേയും എൻസൈമുകളുടേയും മിശ്രിതമാണ്. നമ്മുടെ ശരീരത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ നാഡീവ്യൂഹങ്ങളേയും രക്തചംക്രമണത്തേയും പേശികളേയും ദോഷകരമായി ബാധിച്ചാണ് അത് മരണം ഉറപ്പാക്കുന്നത്.
മിക്ക പാമ്പുകളും കേന്ദ്രവന്യജീവി നിയമപ്രകാരം സംരക്ഷണം അർഹിക്കുന്നവയാണ്. ഇന്ത്യയിൽ പ്രതിവിഷം നിർമാണത്തിനും മറ്റുമായി പാമ്പിൻ വിഷം എടുക്കാനുള്ള ഔദ്യോഗികമായി ചുമതലപ്പെടുത്തിയിരിക്കുന്നത് മുഖ്യമായും ചെന്നൈയിലെ ‘ഇരുള കോപ്പറേറ്റീവ് സൊസൈറ്റി’യെ (The Irula Snake Catchers Industrial Co-operative Society) ആണ്. എന്നിരുന്നാലും ഒരു കിലോഗ്രാം പാമ്പിൻ വിഷത്തിന് കരിഞ്ചന്തയിൽ 2 കോടി മുതൽ മുകളിലോട്ട് വില പറഞ്ഞ് കേട്ടിട്ടുണ്ട്. പാമ്പിന്റെ ആരോഗ്യം, ഇനം, വലിപ്പം എന്നിവയെ ആശ്രയിച്ച് ഓരോ പാമ്പിൻ നിന്നും എടുക്കാവുന്ന വിഷത്തിന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കും. എന്നാലും 2 മില്ലിഗ്രാം മുതൽ 20 മില്ലിഗ്രാം വരെ വിഷം ഒരു പ്രാവശ്യം ഒരു പാമ്പിൽ നിന്ന് കിട്ടാമെന്ന് പറയപ്പെടുന്നു. ചില അപൂർവ്വ ഇനങ്ങളിൽ നിന്ന് 100 മില്ലിഗ്രാമിന് മേൽ കിട്ടുന്നതും വിരളമല്ലത്രേ.
പശുവിനെ കറക്കുന്നത് മാതിരി പാമ്പിൽ നിന്നും വിഷം ശേഖരിക്കുന്നതിന് ‘മിൽക്കിംഗ്’ (Milking) എന്നാണ് ഇംഗ്ളീഷിൽ പറയുന്നത്. ഒരു പാമ്പിൽനിന്ന് അതിന്റെ ആരോഗ്യസ്ഥിതി നോക്കി 8-10 വയസ്സുവരെ മാസത്തിൽ ഒന്ന് എന്ന നിലയിൽ വിഷം ശേഖരിക്കാം. അതായത് ജീവിതത്തിൽ പരമാവധി 100 മുതൽ 120 പ്രാവശ്യം വരെ. അതായത് ഒരു ലിറ്റർ അഥവാ ഒരു കിലോഗ്രാം പാമ്പിൻ വിഷത്തിനായി പാമ്പൊന്നിൽ നിന്ന് 20 മില്ലിഗ്രാം വച്ച് കണക്കാക്കുകയാണെങ്കിൽ 5000 ഓളം പാമ്പുകളെ എങ്കിലും വേണം എന്ന് സാരം!
അങ്ങനെയുള്ളപ്പോൾ ഒരു ലിറ്റർ പാമ്പിൻ വിഷം വില്പനയ്ക്ക് എത്തിച്ചിരിക്കുന്നു എന്ന വിവരം കേട്ട് കാളപെറ്റെന്ന് കേട്ടാൽ കയറെടുക്കുന്നത് മാതിരി ചാടിയിറങ്ങുന്ന വനപാലകരെയല്ലേ കുറ്റം പറയേണ്ടത് എന്ന് ന്യായമായും ആരും സംശയിച്ചുപോകും. കാരണം വില്പനയ്ക്കായി എത്തുന്ന പാമ്പിൻ വിഷത്തിൽ ഏതാണ്ട് 99 ശതമാനവും വ്യജനിർമിതികളായിരിക്കും എന്നതിൽ സംശയമില്ലതന്നെ. ‘പരമ്പരാഗത ചൈനീസ് മരുന്നുകളിലും’ (Traditional Chinese Medicine) വിയറ്റ്നാമിലെ ‘സ്നേക്ക് വൈനിലും’ (Snake wine) പാനീയങ്ങളിൽ കലർത്തി ലഹരിക്കായും ഒക്കെ ഇത് ഉപയോഗിക്കുന്നതായി പറയുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ (North Eastern States) വഴിയാണ് ഇതിന്റെ കള്ളക്കടത്ത് മുഖ്യമായും നടക്കുന്നതെന്നും!
കോഴിമുട്ടയുടെ വെള്ളക്കരു മാത്രം വേർതിരിച്ച് മഞ്ഞനിറത്തിലെ എന്തോ മിശ്രിതമോ പൊടിയോ കലർത്തി സ്വർണവർണത്തിലൊക്കെ ആക്കിയെടുത്ത് തന്നെയാണ് കള്ളക്കടത്തുകാരും പാമ്പിൻ വിഷം കൃത്രിമമായി തയ്യാറാക്കുന്നത്. ആദ്യം മൂന്നുനാല് കേസുകൾ പിടിച്ചെങ്കിലും പാമ്പിൻ വിഷം ലാബിലെ കെമിക്കൽ പരിശോധനയ്ക്ക് അയച്ചതിന് ശേഷം അതിന്റെ വിശദാംശങ്ങൾ പോലും തിരിച്ചറിയാനാകാതെ വന്നതോടെ അത്തരം ശ്രമങ്ങൾ വനം ഇന്റലിജെൻസ് സെൽ അപ്പാടെ ഉപേക്ഷിക്കുകയായിരുന്നു. എന്നിരുന്നലും മുൻപൊരിക്കൽ തിരുവനന്തപുരം തമ്പാനൂരിനടുത്ത് ഒരു സ്റ്റാർ ഹോട്ടലിൽ നടത്തിയ ഓപ്പറേഷനിൽ ഉൾപ്പെട്ട പ്രതികൾ കണ്ണൂരുനിന്നും കൊണ്ടുവന്നത് ശരിക്കും പാമ്പിൻ വിഷം തന്നെയായിരുന്നുവെന്നാണ് അനിലിന്റെ പക്ഷം. അതിനും അനുകൂല പരിശോധനാ ഫലം കിട്ടിയിട്ടില്ല എന്നത് സത്യവും.
പക്ഷേ, ഞാനുൾപ്പടെ നടത്തിയ ഓപ്പറേഷനുകളിലൊക്കെ ദ്രാവകകൂപത്തിലാണ് കള്ളക്കടത്തുകാർ പാമ്പിൻ വിഷവുമായി എത്തിയിട്ടുള്ളത്. എന്നാൽ തമ്പാനൂരിൽ വില്പനയ്ക്കെത്തിച്ചത് 350 മില്ലിഗ്രാം വരുന്ന പാമ്പിൻവിഷത്തിന്റെ ഖരരൂപത്തിലെ മഞ്ഞ ക്രിസ്റ്റലുകൾ ആയിരുന്നെന്നും അന്ന് പിടിയിലായ ഒരു പ്രതിയുടെ കണ്ണൂരിലുള്ള വീട്ടിൽ നിന്ന് കണ്ണൂർ ഫ്ലൈയിങ് സ്ക്വാഡിലെ സ്റ്റാഫ് നടത്തിയ പരിശോധനയിൽ കുറച്ച് വിഷപ്പാമ്പുകളെ (മൂർഖൻ) കണ്ടെത്തുകയും ചെയ്തിരുന്നതായും അനിൽ പറഞ്ഞു. ആ ഓപ്പറേഷനിൽ ലേഖകന്റെ (അനി) തന്നെ പേരിൽ അറിയപ്പെട്ടിരുന്ന മുഖ്യപ്രതി രക്ഷപ്പെട്ട് ഓടിപ്പോകുകയും ചെയ്തിരുന്നത്രേ!
മിക്കപ്പോഴും കച്ചവടക്കാരുടേയോ ഇടനിലക്കാരുടേയോ കള്ളക്കടത്തുകാരുടേയോ ഒക്കെ വേഷം ധരിച്ചാണ് ഇന്റലിജൻസ് ഓഫീസർമാർ കള്ളക്കടത്ത് റാക്കറ്റുകളിൽ നുഴഞ്ഞ് കയറുന്നത്. (രഹസ്യവിവരദായകന്മാർ നൽകുന്ന ഇൻഫോർമേഷൻ ഇല്ലെന്നല്ല.) അങ്ങനെ വരുമ്പോൾ കള്ളക്കടത്തിന് എത്തിക്കുന്ന സാധനങ്ങളുടെ ഗുണഗണങ്ങളും കരിഞ്ചന്തയിൽ നിലവിലുള്ള വിലനിലവാരവും അതിന്റെ വില്പനക്കാരേയും വാങ്ങുന്നവരെയും കുറിച്ചൊക്കെ ഉദ്യോഗസ്ഥർക്ക് അറിവുണ്ടാവുകയും വേണം. എന്നാൽ, മാത്രമേ കള്ളക്കടത്തുകാർക്ക് സംശയം ജനിപ്പിക്കാതെ വിജയകരമായി ഒരു ഓപ്പറേഷൻ പൂർത്തിയക്കാൻ സാധിക്കുകയുള്ളൂ. അത് ആനക്കൊമ്പായാലും കടുവാത്തോലോ പുലിത്തോലോ ഇരുതല മൂരിയോ ആയാലും ഒക്കെ ശരി.
ഏതാണ്ട് പതിനഞ്ച് കൊല്ലങ്ങൾക്ക് മുൻപ് ചാലക്കുടിയിൽ നടന്ന ഒരു ഓപ്പറേഷനെക്കുറിച്ചാണ് അനിൽ പിന്നീട് ഓർമ്മിപ്പിച്ചത്. ശരിക്കും എനിക്കത് മറക്കാനേ ആകുമായിരുന്നില്ല. അന്ന് തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ അടുത്തുള്ള ബാർ ഹോട്ടലിലെ (ഇന്നത് ബിയർ പാർലർ മാത്രമാണ്) ഒരു മുറിയിലാണ് സംഭവം അരങ്ങേറുന്നത്. പാമ്പിൻവിഷം തന്നെയാണ് കച്ചവടം! തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു പ്രൈവറ്റ് ആശുപത്രിയിലെ ‘എമർജെൻസി മെഡിസിനിലെ’ (Emergency Medicine) ഡോക്ടർ ആണെന്ന് പരിചയപ്പെടുത്തിയാണ് അനിൽ അവരോട് സംസാരം തുടങ്ങിയത്. പക്ഷേ, നിർഭാഗ്യവശാൽ പിറ്റേന്ന് പാമ്പിൻ വിഷത്തിന്റെ സാമ്പിളുമായി എത്താമെന്നേറ്റ നാൽവർ സംഘത്തിലൊരാൾക്ക് അന്ന് കലശലായ വയറ് വേദനയും ഛർദ്ദിയും ഒക്കെയായിരുന്നു. എന്നിട്ടും അയാൾ അവിടെ എത്തിയിരുന്നു. കാരണം കാശ് പറഞ്ഞുറപ്പിക്കുമ്പോൾ തന്റെ വീതം കിട്ടുമെങ്കിലും ആരേയും വിശ്വസിക്കാനാകില്ലല്ലോ.
അടുത്തിടപഴകി വർത്തമാനം തുടങ്ങിയപ്പോൾ ‘ഡോക്ടർ എന്തെങ്കിലും മരുന്ന് കുറിച്ച് തരണമെന്നായി’ അവശനായിരുന്ന ആ കക്ഷി. അത് കേട്ടിരുന്ന ഞാനും ശരിക്കും സ്തംബ്ധനായിപ്പോയി. പനിക്കോ മറ്റോ ആയിരുന്നെങ്കിൽ എന്തെങ്കിലും മരുന്ന് എഴുതിക്കൊടുത്ത് തലയൂരാമായിരുന്നു. അത്തരം മരുന്നൊക്കെ നമ്മൾ സ്ഥിരം കഴിക്കുന്നതാണല്ലോ. ഇതിപ്പോൾ സംഗതി സീരിയസ്സാണ്. എന്താണ് കരണീയം..?
‘ആകെ പെട്ടു’ എന്ന് കരുതിയിരിക്കുമ്പോൾ ഒട്ടും സംശയിക്കാതെ അവിടെക്കണ്ട പത്രത്തിൽ നിന്ന് ഒരു തുണ്ട് കടലാസ് കീറിയെടുത്ത് അതിലെന്തോ കുത്തിക്കുറിച്ച് അനിൽ ‘ആവലാതിക്കാരനെ’ ഏൽപ്പിച്ചു.
‘രാവിലേയും വൈകിട്ടും ആഹാരത്തിന് ശേഷം ഓരോന്ന്. മൂന്ന് ദിവസത്തേയ്ക്കുണ്ട്. ഇപ്പോ ഇതുമതി. കുറവില്ലെങ്കിൽ എന്നെ വിളിക്കണം!’
അമ്പരന്ന് നോക്കിയിരുന്ന എന്നേയും അനുകൃഷ്ണനേയും ഷമീമിനേയും മറികടന്ന് അനിൽ കൂസലില്ലാതെ ശുചിമുറിയിലേയ്ക്ക് പോയി. ആകെ ആശയക്കുഴപ്പത്തിലാണ്ടുപോയ ഞാൻ അനിൽ കൊടുത്ത ആ തുണ്ട് വാങ്ങിനോക്കി. ഭാഗ്യം! അയാൾക്കെന്നല്ല ദൈവം തമ്പുരാന് പോലും അതിലെഴുതിയിരിക്കുന്നത് എന്താണെന്ന് വായിക്കാനാകില്ല. അത് കണ്ടപ്പോൾത്തന്നെ പകുതി സമാധാനം ആയി. പ്രിസ്ക്രിപ്ഷന് മുമ്പായി സാധാരണ ഡോക്ടറന്മാർ കുറിക്കുന്നത് പോലെ ℞ എന്നെഴുതിയിട്ടാണ് മരുന്നിന്റെ പേര് കുറിച്ചിരിക്കുന്നത്! ശരിക്കും അത് മാത്രമേ വായിക്കാനുമാകൂ. ആ തുണ്ടും കൊണ്ട് അയാൾ മെഡിക്കൽസ്റ്റോറിൽ പോയാൽ അവിടത്തെ ഫാർമസിസ്റ്റ് കണ്ണുംതള്ളി നിൽക്കും എന്നുറപ്പ്. പ്രശ്നം അവിടെ കൊണ്ടും തീരുന്നില്ല. അങ്ങനെ വന്നാൽ പിറ്റേന്ന് ഒറിജിനൽ സാധനവുമായി എത്താമെന്നേറ്റ അവർക്ക് നമ്മുടെ കള്ളത്തരം മനസ്സിലാകും. അതോടെ നമ്മൾ നടത്തിയ എല്ലാ പ്ലാനിങ്ങും പൊളിയും.
അതും കഴിഞ്ഞ് നമ്മുടെ സ്വകാര്യവേളയിലാണ് അനിൽ ആ സംഭവം പറഞ്ഞത്. വർഷങ്ങൾക്ക് മുൻപൊരു ദിവസം വൈകിട്ട് അടിമാലിക്കടുത്ത് ഇരുമ്പ് പാലത്തിനടുത്തുള്ള ഒരു വീട്ടിൽ രണ്ട് ജോടി ചൂരലാമകളെ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നുവെന്ന വിവരം കിട്ടി പോയതാണ് അദ്ദേഹം. എന്നാൽ വാങ്ങാനെത്തിയവർ മുൻകൂർ കാശ് കണ്ട് ബോധ്യപ്പെടാതെ ആമകളെ പുറത്തെടുക്കാനോ കാണിക്കാനോ കച്ചവടക്കാരൻ തയ്യാറാകാതിരുന്നപ്പോൾ ടീമിൽ ഉണ്ടായിരുന്ന അനിൽ താനൊരു വെറ്റിറിനറി ഡോക്ടറാണെന്നും ആമകളെ കണ്ട് അതുതന്നെയാണ് ഇനമെന്ന് ഉറപ്പിക്കണമെന്നും പറഞ്ഞു.
കാശ് മുൻകൂർ കാണണം എന്ന് പറയുന്നത് കള്ളക്കടത്തുകാരുടെ സുരക്ഷയാണ്. വാങ്ങാനായി എത്തുന്നവർ ശരിക്കുള്ള കച്ചവടക്കാർ ആണോയെന്നറിയാൻ പലരും കാശ് കാണണമെന്ന് വാശി പിടിക്കും. അവരെ സംസാരത്തിലൂടെ മയക്കി നിവൃത്തിയുണ്ടെങ്കിൽ കാശ് കാണിക്കാതിരിക്കുന്നതിലാണ് ഉദ്യോഗസ്ഥന്മാരുടെ കഴിവ്. കാരണം അതിൽ പല ഏടാകൂടങ്ങളും വന്ന് ഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അവർ ചോദിക്കുന്ന കാശ് ഒരിക്കലും നമ്മുടെ കയ്യിൽ കാണുകയും ഇല്ലല്ലോ.
അപ്പോഴാണ് കഷ്ടകാലത്തിന് വീടിന് പിറകിലെ തൊഴുത്തിൽ നിന്ന് ഏതോ കറുമ്പിപ്പശു വലിയവായിലെ നിലവിളിക്കാൻ തുടങ്ങിയത്. അത് വലിയ ഒരു ഏടാകൂടത്തിലേയ്ക്കാണ് പിന്നെ നയിച്ചത്.
‘അയ്യോ… ഡോക്ടറായിരുന്നോ? നാളെ രാവിലെ അവളെ മൃഗാശുപത്രിയിൽ കൊണ്ട് പോകണം എന്ന് കരുതിയിരിക്കുകയായിരുന്നു. രാവിലെ മുതൽ വയറിനെന്തോ ഏനക്കേടാണ്. തീറ്റയെടുക്കാനേ കൂട്ടാക്കുന്നേയില്ല. ആകെ ചടഞ്ഞ് കൂടിയത് മാതിരി. ഡോക്ടറൊന്ന് നോക്കുമോ?’
ഇത്തവണ അനിലിന്റെയും കണ്ണുകൾ ശരിക്കും തള്ളിപ്പോയി. മൃഗഡോക്ടർ ചമഞ്ഞുചെന്ന് ദഹനക്കേടിനറെ കാരണം അറിയാനായി പശുവിന്റെ പിന്നാമ്പുറത്ത് കൂടെ കൈകുത്തിക്കേറ്റി പരിശോധിക്കുന്നത് വലിയ അപകടമാണ്. ആ കുറുമ്പിയുടെ കാലുവാക്കിനായിരിക്കും താൻ ചെന്ന് നിൽക്കുന്നത്. അതിന് വേദനിക്കുകയോ മറ്റോ ചെയ്താൽ…!
എങ്ങനെയെങ്കിലും രക്ഷപ്പെടാനായി തത്സമയം താൻ ഗ്ലൗസൊനന്നും എടുത്തിട്ടില്ല എന്ന് പറഞ്ഞുനോക്കി.
‘അതിനെന്താ ഡോക്ടറേ...നമ്മുടെ സ്വന്തം ചെക്കന്മാരല്ലേ ഈ നിൽക്കുന്നത്. കണ്ണടച്ച് തുറക്കുന്നതിന് മുൻപ് അവന്മാർ സാധനം വാങ്ങിക്കൊണ്ട് വരും.’
എങ്ങനെയാണ് അവിടെ നിന്ന് തടിയൂരിയെന്ന് അനിലിന് തന്നെ അറിയില്ല. ഭയപ്പാട് പുറത്ത് കാണിക്കാതെ അടുത്തുചെന്ന് പശുവിനെ തട്ടുകയും തലോടുകയും ഒക്കെ ചെയ്തും കണ്ണ് പിടിച്ച് നോക്കിയും വല്ലവിധേനയും ഏതോ നോട്ട് ബുക്കിൽ നിന്നും അവർ കീറിയെടുത്ത പേജിൽ മരുന്നെഴുതിക്കൊടുത്തു! അതല്ലാതെ വേറെ ഒരു നിവൃത്തിയും ഉണ്ടായിരുന്നതുമില്ല. അന്ന് രാത്രിതന്നെ വീട്ടിലെ ലാൻഡ് ഫോണിൽ വിളി വന്നു. ഫോണെടുത്തപ്പോൾ തന്തയ്ക്കും തള്ളയ്ക്കും പിന്നെ ഭൂജാതരാകാനിരിക്കുന്ന സന്തതി പരമ്പരകൾക്കും അടച്ചുള്ള തെറിവിളിയാണ്! അതോടെ മാനവും പോയി പിറ്റേന്ന് കച്ചവടത്തിന് കൊണ്ടുവരാമെന്നേറ്റ ചൂരലാമയും പോയി എന്നതാണ് കഥയുടെ പരിണാമഗുപ്തി.
അതൊക്കെ കേട്ടപ്പോൾ പിറ്റേന്ന് സാമ്പിളുമായി വരാമെന്നേറ്റ ചാലക്കുടിയിലെ സംഘത്തെ അഭിമുഖീകരിക്കാൻ എനിക്കും പേടിയായി. എല്ലാം നാളത്തോടെ തീരും എന്നാണ് തോന്നുന്നത്. പക്ഷേ, രാത്രിയായിട്ടും അനിലിനായി ഫോണിൽ തെറിവിളി കോളുകൾ ഒന്നും വന്നില്ല.
പ്രതീക്ഷയ്ക്ക് വിപരീതമായി അനിലിനോട് അവർക്ക് വല്ലാത്ത ബഹുമാനമാണ് പിറ്റേന്ന് കണ്ടത്.
‘ഇന്നലെത്തന്നെ മരുന്ന് വാങ്ങിക്കഴിച്ചു. നല്ല ഭേദമുണ്ട് ഡോക്ടർ. ഇന്ന് സാമ്പിളുമായ എത്താൻ പറ്റുമോയെന്ന് തന്നെ എനിക്ക് പേടിയായിരുന്നു. ഇന്നലെ അത്രയ്ക്ക് ക്ഷീണമുണ്ടായിരുന്നു!’
അത് കേൾക്കെ അയാൾക്കാണോ ഇനി നമുക്കാണോ ശരിക്ക് അസുഖം ഉണ്ടായിരുന്നത് എന്നാണ് ഞങ്ങൾ സംശയിച്ചത്. സത്യമാണോയെന്നറിയാൻ ദേഹത്ത് നുള്ളി നോക്കേണ്ട സാഹചര്യമാണ്! എന്താണ് സംഭവിച്ചതെന്ന് ശരിക്കും അനിലിനും മനസ്സിലായില്ല. അനിൽ അവരോട് ഒരു വിഡ്ഢിയെപ്പോലെ ചിരിച്ച് കാണിച്ചത് എനിക്കിന്നും നല്ല ഓർമയുണ്ട്.
ഏത് മരുന്ന് കടയിലായിരിക്കും ആ തുണ്ടും കൊണ്ട് അയാൾ പോയിട്ടുണ്ടാവുക? ‘അന്തക്കാലത്ത്’ മെഡിക്കൽ സ്റ്റോറിൽ ശരിക്കുള്ള ഫാർമസിസ്റ്റ് ഉണ്ടായിരുന്നോ? അതോ പകരം അഞ്ചാം ക്ളാസ്സും ഗുസ്തിയും കഴിഞ്ഞ ആരെങ്കിലും ആയിരുന്നോ മരുന്നെടുത്ത് കൊടുക്കാനായി നിന്നിരുന്നത്? അങ്ങോട്ട് ഒന്നും ചോദിക്കാനാകാതെയാണെങ്കിലും മനം നിറഞ്ഞ ആശ്വാസത്തിൽ നമ്മളിരുന്നു.
എന്തായാലും അതോട് കൂടി ആ ഓപ്പറേഷൻ വളരെ ലളിതമായിത്തീർന്നു എന്ന് പറഞ്ഞാൽ കഴിഞ്ഞല്ലോ. ‘എമർജെൻസി മെഡിസിൻ’ കുറിച്ച് നൽകി വയറുവേദന ഭേദമാക്കിയ ആ രോഗിയുൾപ്പടെ പന്ത്രണ്ട് പേരാണ് പിറ്റേന്ന് വനംവകുപ്പ് നടത്തിയ റെയ്ഡിൽ ഒന്നരക്കോടി വില പറഞ്ഞുറപ്പിച്ച ഒരു ലിറ്റർ പാമ്പിൻ വിഷവുമായി കുടുങ്ങിയത്! (ഡോക്ടറുടെ കൈപ്പുണ്യവും സേവന സന്നദ്ധതയും അറിഞ്ഞനുഭവിച്ചത് കൊണ്ടാണ് ആ കള്ളക്കടത്തുകാർ ആദ്യം ചോദിച്ച രണ്ട് കോടിയിൽ നിന്നും അൻപത് ലക്ഷം രൂപ കുറയ്ക്കാൻ പിറ്റേന്ന് തയ്യാറായത് എന്നും പറയാം.)
ഇനി പാമ്പിൻവിഷത്തിലെ കൊടിയ മായം ചേർക്കലിനെപ്പറ്റി ഏറെ കേട്ടിരുന്നത് കൊണ്ട് അതിന്റെ നിജസ്ഥിതി പരിശോധിക്കാൻ ഇന്റലിജൻസ് ഓഫീസിൽ നമ്മൾ സംഘാംഗങ്ങൾ അതീവ രഹസ്യമായി നടത്തിയ ഒരു ഓപ്പറേഷനെക്കുറിച്ച് കൂടി പറഞ്ഞ് അവസാനിപ്പിക്കാം.
ചാരായത്തിന്റെ ഡോസ് പരിശോധിക്കാനായും മീഥൈൽ ആൽക്കഹോളിന്റെ അംശം എങ്ങാനും കൂടി വിഷമദ്യദുരന്തങ്ങൾ സംഭവിക്കാതിരിക്കാനും സ്പിരിറ്റിൽ മുക്കിയ നെല്ലും അരിയും വളർത്തുന്ന കോഴികൾക്ക് ഇട്ടുകൊടുത്ത് പരിശോധനകൾ നടത്താറുണ്ട് എന്ന അറിവായിരുന്നു നമ്മുടേയും പ്രേരകശക്തി! അതായത് പരീക്ഷണവസ്തുവായ കോഴിയുടെ കണ്ണുകൾ ‘അടിച്ച് പോകുകയോ’ അത് ഉടനടി പരലോകം പൂകുകയോ ചെയ്താൽ അത്തരം സ്പിരിറ്റ് ബഹുമാന്യരായ പൊതുജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ യോഗ്യമല്ലെന്ന് കണ്ടെത്തുകയായി. കോഴി ഫിറ്റായി വീണുപോകുകയോ ഇടറിയ കാലുകളോടെ പിച്ചും പേയും പറഞ്ഞ് നടക്കുകയോ ഒക്കെ ചെയ്താൽ പരിണതപ്രജ്ഞരായ വാറ്റുകാർക്ക് ചരക്കിന്റെ ഗുണനിലവാരം പരിശോധിച്ചറിയാനാകുമത്രേ!
എന്തായാലും ആ അറിവ് ഇന്റലിജൻസിന്റെ അകത്തളങ്ങളിൽ രഹസ്യമായി പരീക്ഷിക്കാൻ അനിലും അനുകൃഷ്ണനും ഷമീമും ഗോപനും ഒക്കെ തയ്യാറായപ്പോൾ ഞാനും കൂടെ നിന്നു. അന്നത്തെ ഡിഎഫ്ഒ ആയ സന്തോഷ്കുമാറിന്റെ പിന്തുണ എപ്പോഴും ഇന്റലിജൻസ് ഓപ്പറേഷനുകളിൽ നമുക്ക് കൂട്ടായി ഉണ്ടായിരുന്നുതാനും. അതിൻ പ്രകാരം സേവന സന്നദ്ധനായ അനുകൃഷ്ണൻ ‘ടെസ്റ്ററായി’ ഉയോഗിക്കാനായി ഒരു പിടക്കോഴിയെ പേരൂർക്കടയിലെ ഏതോ ചിക്കൻ കടയിൽ നിന്നും ജീവനോടെ വാങ്ങിക്കൊണ്ട് വരുന്നു. അതിനെ പുറം ലോകം കാണിക്കാതെ ഇന്റലിജെൻസ് ഓഫീസിന്റെ ഒരു മുറിയിൽ ശ്വാസം കിട്ടാനായി തുളകളിട്ട ഒരു ബേസ് ബോർഡ് ബോക്സിൽ അടച്ച് സൂക്ഷിക്കുന്നു.
ഇനിയാണ് പരീക്ഷണങ്ങൾ ആരംഭിക്കുന്നത്. അനിലിന് ഏതോ ‘തരികിടകൾ’ പരിശോധിച്ച് നോക്കാനായി അടുത്തിടെ ഏൽപ്പിച്ച പാമ്പിൻ വിഷസാമ്പിളിന്റെ ചെറിയ കുപ്പിയിൽ നിന്ന് ഒരു ഫില്ലറിൽ നന്നെ ചെറിയ അളവിൽ എടുത്ത് കോഴിയുടെ ചുണ്ട് ബലമായി പിളർത്തി സൂക്ഷിച്ച് അണ്ണാക്കിലേയ്ക്ക് ഇറ്റിച്ച് കൊടുക്കുന്നു. ശേഷം അതിനെ സ്വതന്ത്രമാക്കുന്നു. കുറച്ച് നേരം കഴിഞ്ഞ് പരിശോധിക്കുമ്പോൾ മഹാമടിച്ചിയായ ആ ഇറച്ചിക്കോഴിക്ക് പ്രത്യക്ഷത്തിൽ വലിയ ഏനക്കേടൊന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അടുത്ത ദിവസം ‘ഡോസ്’ ലേശം കൂട്ടി പരിശോധിക്കുന്നു. ഇല്ല. അപ്പോഴും കുലുക്കമൊന്നുമില്ല. പരീക്ഷണം അങ്ങനെ തുടരുന്നു. വായിലോ അന്നനാളത്തിലോ ആമാശയത്തിലോ മുറിവുകളോ മറ്റോ ഇല്ലെങ്കിൽ പ്രോട്ടീൻ സംയുക്തമായ പാമ്പിൻ വിഷം ദഹിച്ച് പോകുകയേ ഉള്ളൂവെന്നും രക്തത്തിൽക്കലർന്നാലേ മരണം സംഭവിക്കുകയുള്ളൂ എന്നും അറിയാവുന്നതിനാൽ കോഴിക്ക് ആഹാരമായി അരിക്കോ ചോറിനോ പകരം ഷമീമിന്റെ വീട്ടിൽ നിന്നും കൊണ്ടുവന്ന ‘അതിബലവന്മാരായ’ പാലക്കാടൻ മട്ടയുടെ നെല്ല് മാത്രമാണ് നൽകിയിരുന്നത്! കാശിന്റെ ലാഭം ഒന്നും ഞങ്ങളാരും നോക്കിയിരുന്നില്ലെന്ന് അതിൽ നിന്ന് മനസ്സിലായിക്കാണുമല്ലോ.
പക്ഷേ, ദിവസങ്ങൾ പോകവേ ഒരിടത്ത് കുത്തിയിരുന്ന് തീറ്റയെടുത്തും വിസർജിച്ചും കാലക്ഷേപം നടത്തിയിരുന്ന ആ കുക്കുടം വല്ലാതെ ഉഷാറായി മുറിയാലാകെ ഓടി നടക്കാനും നമ്മളോട് വല്ലാതെ കൊഞ്ചിക്കുഴയുവാനും ഉള്ള പ്രവണതകളാണ് കാണിച്ച് തുടങ്ങിയത്!
‘ശ്ശെടാ...എന്നാലതൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം!’ അവർ തന്നിരുന്ന സാമ്പിൾ വിഷവും തീരാറായി. ഇനിയും പോയി ചോദിക്കാനുമാവില്ലല്ലോ. മൊത്തം ഒന്നര ലിറ്റർ വരുന്ന പാമ്പിൻ വിഷം മൂന്ന് കോടിക്ക് കച്ചവടമാക്കാനായി കൊടുത്ത ‘ലവന്മാർ’ കിടന്ന് വിളിയോട് വിളിയും!
പിന്നെ ഒന്നും നോക്കിയില്ല. ഒരു ദിവസം കോഴിയെ പിടിച്ച് അമർത്തി വച്ച് ഓഫീസിൽ നിന്നെടുത്ത ഒരു മൊട്ടുസൂചി വച്ച് അതിന്റെ കാലിലും ചിറകിനടിയിലും അങ്ങുമിങ്ങും നാലഞ്ച് കുത്ത്! ചോര കിനിഞ്ഞ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ സാക്ഷാൽ പാമ്പിൻ വിഷം ആവോളം ലേപനം ചെയ്യുകയും ചെയ്തു. കുറച്ച് വായിലും ഒഴിച്ചുകൊടുത്തു. എന്തായാലും ഇത്തവണ നെല്ലും പതിരും വേർതിരിയും. അതുറപ്പ്!
പിറ്റേന്ന് ലേശം വൈകി ഓഫീസിലെത്തുമ്പോൾ സഹപ്രവർത്തകരുടെ വാടിയ മുഖകമലങ്ങളാണ് എന്നെ എതിരേറ്റത്. ആ കോഴി ചത്തുകാണും. പക്ഷേ അങ്ങനെയാണെങ്കിൽ ‘ഒറിജിനൽ പാമ്പിൻ വിഷക്കാരെ പിടിക്കാനുള്ള പരിപാടികൾ ആസുത്രണം ചെയ്യുന്ന തിരക്കിലാകണ്ടേ അവർ’ എന്ന ന്യായമായ സംശയം എനിക്കുണ്ടായി. അല്ലാതെ ഒരു ഇറച്ചിക്കോഴി ചത്തതിന് ഔദ്യോഗിക ദുഖാചരണത്തിനൊന്നും സ്കോപ്പില്ലല്ലോ.
വിവധ ചിന്തകൾ മഥിക്കുന്ന മനസ്സുമായി കസേരയിൽ ഇരുന്ന ശേഷമാണ് നടുക്കുന്ന ആ വാർത്ത ശ്രവിച്ചത്! അന്ന് രാവിലെ എട്ടുമണി കഴിഞ്ഞപ്പോൾ പാർട്ട് ടൈം സ്വീപ്പർ വന്ന് ഓഫീസ് തുറക്കുന്നേരം അവരുടെ തലയ്ക്ക് മുകളിലേയ്ക്ക് പറന്ന് വീണ ആ ഇറച്ചിക്കോഴി ഉച്ചത്തിൽ കൊക്കിക്കാറിക്കൊണ്ട് പുറത്തെ കുറ്റക്കാട്ടിലേയ്ക്ക് പറന്ന് രക്ഷപ്പെട്ട് പോകുകയായിരുന്നത്രേ! അത് പറയുമ്പോഴും എന്റെ മുന്നിൽ നിന്നിരുന്ന പ്രായം ചെന്ന ആ സ്വീപ്പർ ഞെട്ടലിൽ നിന്ന് പൂർണമായും മോചിതയായിരുന്നില്ല എന്നാണ് തോന്നിയത്!
(അവസാനിക്കുന്നില്ല)
Content Highlights: A former Forest Intelligence officer recounts a high-stakes operation against a snake venom smuggling racket, revealing the scientific realities of venom and the bizarre tactics used by undercover agents.
Published: 22 Apr 2026, 04:28 pm IST
ABOUT THE AUTHOR
കേരള വനം വകുപ്പില് നിന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്സര്വ്വേറ്ററായി വിരമിച്ചു. ചിന്ത പബ്ലിഷേഴ്സ് വഴി കാട് പറഞ്ഞ കഥകള്, ആരണ്യകാണ്ഡം എന്നീ കഥാ സമാഹാരങ്ങളും ലോഗോസ് ബുക്ക്സ് വഴി കാട്ടിലേയ്ക്ക് പോകാം എന്നൊരു യാത്രാവിവരണവും മാതൃഭൂമി ബുക്ക്സ് വഴി നാഗമാണിക്യം, ഗജമുത്ത്, വെള്ളിമൂങ്ങ- വനം കള്ളക്കടത്തിന്റെ കാണാപ്പുറങ്ങള് എന്നൊരു അനുഭവകഥയും കേരള
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented