
'വണ്ടിയുടെ വലതുവശത്തായി ഒമ്പതടിക്ക് മേൽ ഉയരത്തിൽ ചെമ്മണ്ണിൽപ്പുതഞ്ഞ നെടുങ്കൻ മസ്തകവും മൂന്നടിക്കുമേൽ നീളം വരുന്ന ചെളിപുരണ്ട കൊമ്പുകളും ഭീമൻ ഉരഗത്തെ അനുസ്മരിപ്പിക്കുന്നതുപോലെ നീണ്ടെത്തുന്ന തുമ്പിയും ആ അരണ്ട വെളിച്ചത്തിലും ഞങ്ങൾക്ക് കാണാമായിരുന്നു!'.
ഭയം എന്ന വികാരത്തിന് അടിപ്പെട്ടുപോകുന്ന സന്ദർഭങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകാം. വനംവകുപ്പിലെ ജോലിക്കിടയിൽ ജീപ്പിലും കാൽനടയായും പോകുമ്പോൾ പകലും രാത്രിയിലും കാട്ടാനയുടെ മുന്നിൽപെട്ടുപോയതും കരടിയെ കണ്ടതുമൊക്കെയുണ്ടെങ്കിലും പറമ്പിക്കുളത്ത് കുടുംബസമേതം വിനോദയാത്ര പോയപ്പോഴുണ്ടായ അനുഭവമാണ് ഇവിടെ ഓർമ്മയിലെത്തുന്നത്.
വനത്തോട് ചേർന്ന് താമസിക്കുന്നവരോ വനാന്തരത്തിലൂടെ വാഹനത്തിൽ പോകുന്നവരോ ഒക്കെ പതിവായി അനുഭവിക്കാറുള്ളതാണ് കാട്ടാനകൾ വഴിത്തടയുന്ന സന്ദർഭങ്ങൾ. പതിറ്റാണ്ടെങ്കിലും മുമ്പ് നടന്ന അത്തരത്തിൽ മറക്കാനാകാത്ത സംഭവമാണിത്. അതിന്റെ മുഖ്യകാരണങ്ങളിലൊന്ന് അന്ന് വണ്ടിയിൽ ഭാര്യയും കുഞ്ഞുങ്ങളും കൂടെയുണ്ടായിരുന്നു എന്നതാവാം. ഭാര്യക്കും പ്രത്യേകിച്ച് ചെറിയ പ്രായത്തിലെ പിള്ളേർക്കും കാടിനെ അത്രമേൽ പരിചയമില്ലായിരുന്നു എന്നത് തന്നെ കാരണം.
വെളിച്ചം അസ്തമിച്ചുകഴിഞ്ഞാൽ കാട് കാഴ്ചവയ്ക്കുന്നത് തീർത്തും അപരിചിതവും പ്രവചനാതീതവുമായ മറ്റൊരു മുഖമാണെന്ന് അവർക്കറിയില്ലല്ലോ. അവിടെ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ആർക്കും മുൻകൂട്ടി കാണാനുമാവില്ല. മഹാബലവാനും ധിഷണാശാലിയുമായ മനുഷ്യൻ തുലോം ദുർബലനായിപ്പോകുന്ന നിമിഷങ്ങളുമാണത്.
മുമ്പ് പറമ്പിക്കുളത്ത് (Parambikulam Tiger Reserve) വിനോദസഞ്ചാരികൾക്കായി രാത്രികളിൽ വനംവകുപ്പ് സഫാരി അനുവദനീയമായിരുന്നു. അക്കാലത്താണ് ് സഹധർമ്മിണിയും കുട്ടികളുമായി പറമ്പിക്കുളത്തേയ്ക്ക് യാത്ര പ്ലാൻ ചെയ്തത്. (പിന്നീട് സംസ്ഥാനമൊട്ടാകെ വല്ലാതെ ഉയർന്നുകേൾക്കുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ ഇരുണ്ട പശ്ചാത്തലത്തിൽ രാത്രി സഫാരികൾ നിർത്തലാക്കി. അത് ഏറെ ശരിയായ നടപടിയാണെന്നതിൽ തർക്കമില്ല.)
പറമ്പിക്കുളത്ത് വന്യജീവികളെ കാണുന്നത് മറ്റ് സംരക്ഷിത മേഖലകളെ അപേക്ഷിച്ച് അത്രമേൽ ദുഷ്‌കരമല്ല. പൊതുവേ രാത്രിഞ്ചരന്മാരാണ് ഹിംസ്രമൃഗങ്ങൾ. എന്നാൽ കടുവ, പുലി തുടങ്ങിയ അത്തരത്തിലുള്ള മൃഗങ്ങളെ കാട്ടിനുള്ളിൽ കാണുന്നത് ഏറെ പ്രയാസമേറിയതാണെന്ന് വനയാത്രികർക്കെങ്കിലും അറിയാവുന്നതുമാണ്; നമുക്ക് മുന്നിൽ അവ വെളിപ്പെടുന്നത് അത്യപൂർവ്വവും.
എന്റെ അടുത്ത സുഹൃത്തായിരുന്നു അന്നത്തെ ഡെപ്യൂട്ടി ഡയറക്ടർ. ഞങ്ങൾക്ക് അദ്ദേഹം തൂണക്കടവ് ഇൻസ്‌പെക്ഷൻ ബംഗ്ലാവിലാണ് താമസം ഏർപ്പാട് ചെയ്തിരുന്നത്. പത്തിരുപത് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടപ്പോൾ പഴയ പറമ്പിക്കുളം ആകെ മാറിപ്പോയിരുന്നു. 1988-ൽ ഫോറസ്ട്രി കോളേജിൽ നിന്ന് ഒരാഴ്ച നീണ്ടുനിന്ന വന്യജീവി സെൻസസിനായി അവിടെ പോയപ്പോൾ താമസിച്ചിരുന്ന താത്കാലിക ടെന്റുകൾ അടിച്ചിരുന്നത് ആ കെട്ടിടത്തിന്റെ പരിസരത്തായിരുന്നുവെന്ന് എനിക്ക് ഓർമവന്നു.
പിറ്റേന്ന് പകൽ തൂണക്കടവിൽ നിന്ന് ബോട്ടിംഗിനും കന്നിമാരതേക്കും കാണാനുമൊക്കെയായി പോയി. പറമ്പിക്കുളത്തെ ഏറ്റവും വലിയ ആകർഷണം ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതും വലുതുമായ 'കന്നിമാരതേക്ക്' (Kannimara Teak) ആണെന്ന് പറയാം. ഇവിടുത്തെ ആദിവാസികളുടെ പരമ്പരാഗത വിശ്വാസത്തിന്റെ ഭാഗം കൂടിയാണ് ഈ തേക്ക്. മുമ്പൊരിക്കൽ ആ തേക്ക് മുറിക്കാൻ തുടങ്ങിയപ്പോൾ മുറിവായിൽ നിന്ന് ചോര കിനിയുന്നത് കണ്ടുഭയന്ന്, അന്നുമുതൽ എല്ലാവരും അതിനെ ആരാധിക്കാൻ തുടങ്ങിയെന്നാണ് ഐതിഹ്യം.
വഴിയിൽ യാത്രക്കാരെയും കയറ്റി വരുന്ന വനംവകുപ്പിന്റെ ബസ്സുകൾ കാണാമായിരുന്നു. വിനോദസഞ്ചാരികളെ വനംവകുപ്പിന്റെ തന്നെ വാഹനങ്ങളിൽ കയറ്റി കാട്ടിലേക്ക് കൊണ്ടുപോകുകയും യാത്രയ്ക്കിടയിൽത്തന്നെ കാടിനെക്കുറിച്ച് വിവരിച്ചുകൊടുക്കുകയും ചെയ്യുന്ന 'ജംഗിൾ സഫാരി' (Jungle Safari) പറമ്പിക്കുളത്തെ പ്രധാന ആകർഷണമാണ്. പകലാണെങ്കിൽക്കൂടി സഞ്ചാരമധ്യേ നിരവധിയായ മൃഗങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാവുന്ന ട്രിപ്പായിരിക്കും അതെന്ന് നിസംശയം പറയാം.
ശരിക്കും അന്ന് പകൽച്ചൂടിൽത്തന്നെ ഞങ്ങൾ ഒരുവിധം സ്ഥലങ്ങളൊക്കെ ചുറ്റിയെങ്കിലും മാനും ചീങ്കണ്ണിയും നീർനായയും കാട്ടുപന്നിയുമൊഴികെ മറ്റൊന്നിനെയും കണ്ടിരുന്നില്ല. തിരിച്ച് മുറിയിലെത്തിയപ്പോഴാണ് രാത്രി ഒന്ന് കറങ്ങിനോക്കിയാലോ എന്ന ആശയം ഉടലെടുക്കുന്നത്. പോകുന്ന പല വഴിക്കും മൊബൈലിന് റേഞ്ച് കിട്ടില്ലെന്നും നീരിലായ (മദപ്പാടിലായ) ഒരാനയുടെ ഉപദ്രവം ഇടയ്ക്ക് ഉണ്ടാകാറുണ്ടെന്നും എന്റെ സുഹൃത്തും ഫീൽഡ് ഉദ്യോഗസ്ഥന്മാരും പറഞ്ഞു. എന്നിരുന്നാലും ഔദ്യോഗിക ആവശ്യത്തിനായിത്തന്നെ പലപ്പോഴും രാത്രിയാത്രകൾ പോകേണ്ടിവന്നിട്ടുള്ളതിനാലും ആനകളെ വനാന്തരങ്ങളിൽ പലപ്രാവശ്യം കണ്ടിട്ടുള്ളതിനാലും എനിക്കത് വലിയ റിസ്‌ക് ആയിത്തോന്നിയില്ല .
അങ്ങനെ രാത്രി ഒമ്പത് മണി കഴിഞ്ഞപ്പോഴേക്കും ഞങ്ങൾക്ക് പോകാനുള്ള വണ്ടിയെത്തി. ഭക്ഷണത്തിന് ശേഷം ആദിവാസി ഗോത്രക്കാരനായ ഡ്രൈവർ റജിയുമൊന്നിച്ച് (പേര് സാങ്കല്പികം) തൂണക്കടവിൽ നിന്ന് പറമ്പിക്കുളം ഭാഗത്തേയ്ക്കാണ് യാത്ര പുറപ്പെട്ടത്. പതിയെയുള്ള യാത്രയിൽ ജന്തുക്കളുടെ സാന്നിധ്യം തോന്നുന്ന ഓരോയിടത്തും വണ്ടി നിർത്തുകയോ വേഗത നന്നെ കുറയ്ക്കുകയോ ചെയ്ത് റജി തന്റെ 'ബ്രൈറ്റ്ലൈറ്റിന്റെ' ടോർച്ചെടുത്ത് അടിക്കും. അതിന്റെ തീക്ഷ്ണപ്രകാശത്തിൽ അധികം അടിക്കാടുകളില്ലാത്ത വനാന്തരത്തിൽ മേയുന്ന മൃഗങ്ങളെ കാണുക എളുപ്പമാണ്. വല്ലാത്ത കാഴ്ചശക്തിയാണ് അയാൾക്കെന്ന് അതിനകം ഞാൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. കാരണം അന്നത്തെ പകൽ സഞ്ചാരത്തിനിടയിൽ വിശാലമായ റിസർവോയറിന് അക്കരെയായി അങ്ങകലെ പാറയിൽ വെയിൽ കായുകയായിരുന്ന നീർനായ ദമ്പതികളെ (Otters) അയാൾ കാട്ടിത്തന്നപ്പോഴേ എനിക്കത് മനസ്സിലായതാണ്. ആദ്യം എന്തെന്നറിയാതെ പൊട്ടുപോലെ മാത്രം കണ്ട അവയെ ക്യാമറയുടെ സൂം ലെൻസിലൂടെയാണ് ഞങ്ങൾക്ക് തിരിച്ചറിയാനായത് പോലും.
വന്യജീവികളെ ഇത്രമേൽ കാണാനുള്ള സൗകര്യം പറമ്പിക്കുളത്ത് കിട്ടുന്നത് പ്രധാനമായും അവിടെ തേക്ക് തോട്ടങ്ങളുള്ളതിനാലാണെന്ന് തോന്നുന്നു. വേനൽക്കാലത്ത് ഇലകൊഴിക്കുന്ന മരമാണ് (Moist deciduous) തേക്ക്. പകൽസമയത്ത് തേക്ക് തോട്ടത്തിനകത്ത് നിൽക്കുമ്പോൾ വല്ലാതെ വിയർക്കുന്നതും അവിടുത്തെ അന്തരീക്ഷത്തിൽ ഈർപ്പമുള്ളതിനാലാണ്. പിന്നെ ഉണ്ടായിരുന്നത് ഇടയ്ക്കിടയ്ക്കുള്ള പുഷ്പിച്ചു തുടങ്ങിയ മുളങ്കൂട്ടങ്ങളാണ്. പൊള്ളാച്ചിയിൽ നിന്നും വരുമ്പോഴും നിറയെ പൂത്ത മുളങ്കൂട്ടങ്ങളാണ് വഴിനീളെ കാണാനായത്.
യാത്രയുടെ ആരംഭത്തിൽ കൂടുതലായും കണ്ടത് പുള്ളിമാനുകളെയും മ്ലാവുകളെയുമാണ്. കാടിനരികിലും റോഡിലുമൊക്കെയായി അവ വന്നുനിൽക്കുന്നത് ഒരർത്ഥത്തിൽ അവരുടെ സുരക്ഷയും കൂടി കരുതിയാകണം. കാരണം മനുഷ്യന്റെ സാന്നിധ്യമുള്ള ഇടങ്ങളിൽ ഹിംസ്രമൃഗങ്ങൾ നായാടാനായി കാടിറങ്ങിയെത്താനുള്ള സാധ്യത കുറവാണല്ലോ.
സസ്യാഹാരികളിൽത്തന്നെ കാട്ടുപട്ടികളും മറ്റും കൂടുതലായി നായാടുന്നത് മ്ലാവുകളെയാണ് (Sambar deers). മ്ലാവുകൾ ശരിക്കും അല്പബുദ്ധികളാണെന്ന് കാടകങ്ങളിൽ ചിലർ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്തെങ്കിലും ശബ്ദം കേട്ട് ഭയന്ന് കുറച്ചോടിക്കഴിഞ്ഞാൽ അവറ്റകൾ സ്വയം നിൽക്കുമത്രേ! എന്നിട്ടെന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള അടക്കാനാകാത്ത കുതൂഹലത്തോടെ അവിടെത്തന്നെ നിന്ന് നോക്കുകയോ ആ സ്ഥലത്തേക്ക് തന്നെ തിരിച്ചുനടക്കുകയോ ചെയ്യും. ഉയർത്തിപ്പിടിച്ച ചെവികളും വാലുമായി നിൽക്കുന്ന അവ 'ഹോൺ' (Horn) അടിക്കുന്ന മാതിരി ഒച്ചയുണ്ടാക്കുകയും മുൻകാലുകൾ ഓരോന്നായി മാറിമാറി നിലത്തടിച്ച് ജാഗ്രത പ്രകടിപ്പിക്കുകയും ചെയ്യും. ഇതൊക്കെ കൊണ്ടാകാം അതിവേഗത്തിൽ ഓടി രക്ഷപ്പെടുന്ന പുള്ളിമാനുകളേക്കാൾ കൂടുതലായി മ്ലാവുകൾ മാംസാഹാരികളുടെ ഭക്ഷണമാകുന്നതും. അല്ലെങ്കിലും നിരന്തരമായ ഓട്ടത്തിലൂടെയാണല്ലോ മിക്ക സസ്യാഹാരികളും തങ്ങളുടെ ജീവൻ നിലനിർത്തുന്നത് തന്നെ!
ഏതാണ്ട് എട്ടൊമ്പത് കിലോമീറ്റർ പിന്നിട്ടുകാണണം. ചെറിയ കയറ്റത്തിൽ വലതുവശത്തേക്കുള്ള വളവിന് താഴെയായി റജി വണ്ടി നിർത്തി. റോഡിന് വലതുവശത്ത് മുകളിലായുള്ള കട്ടിംഗിൽ മുളങ്കൂട്ടത്തിനിടയിൽ നിൽക്കുന്ന കൊമ്പനാനയെ ടോർച്ചടിച്ച് കാണിച്ചുതന്നു.
'ഇതവൻ തന്നെയാണ്... നമുക്കല്പം കാത്തിരിക്കാം...', അയാൾ പറഞ്ഞു. പതിയെയാണത് പറഞ്ഞതെങ്കിലും വലിയ ആഴത്തിലാണ് അത് പിന്നിലിരുന്നവരുടെ ഉള്ളിൽ പതിഞ്ഞതെന്ന് തോന്നുന്നു. പിന്നിൽ ആകാംക്ഷയായി.
അനന്തരം അയാൾ ജീപ്പ് കുറച്ചുകൂടി പുറകിലോട്ടിറക്കി വാഹനത്തിന്റെ ലൈറ്റും എഞ്ചിനും ഓഫാക്കാതെ തന്നെ നിർത്തിയിട്ടു. അഞ്ച് മിനിറ്റെങ്കിലും കഴിഞ്ഞിരിക്കണം; ആ കാട്ടാന മറുവശത്ത് റോഡിലേക്കിറങ്ങി താഴേക്ക് ഞങ്ങളുടെ ജീപ്പ് കിടന്ന ദിശയിലേക്ക് നടന്നുവന്നു. അപ്പോൾ അയാൾ വീണ്ടും ജീപ്പ് പിന്നോട്ടെടുത്തു. അടുത്തതെന്താണ് സംഭവിക്കുന്നതെന്ന് വല്ലാത്ത ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ ഞങ്ങൾക്ക് മുമ്പിൽ റോഡിന് ഇടതുവശത്തായി കാട്ടിനകത്തേക്ക് തിരിയുന്ന മൺതടത്തിലേക്ക് ആ കാട്ടാന കടക്കുകയായിരുന്നു. കുറച്ച് മുന്നോട്ട് പോയി നിന്നതിന് ശേഷം റോഡിനെ അഭിമുഖീകരിക്കത്തക്ക വിധത്തിൽ വീണ്ടും തിരിഞ്ഞുനിന്നു; അല്ല, അവനിങ്ങോട്ട് തന്നെ വരികയാണ്!
ആ ഹ്രസ്വസമയം കൃത്യമായി കണക്കാക്കിയെന്നോണം ഡ്രൈവിംഗിൽ വിശാരദനായ റജി ജീപ്പ് അതിവേഗത്തിൽ മുന്നോട്ടെടുത്തു. ജീപ്പിന്റെ ശബ്ദം മൊത്തത്തിൽ അധികരിച്ചത് കേട്ടപ്പോൾ വല്ലാത്ത ശബ്ദത്തിൽ ചിന്നംവിളിച്ചുകൊണ്ട് തുമ്പി നീട്ടിപ്പിടിച്ച് അവൻ ജീപ്പിന് നേർക്കോടിയെത്തി. അപ്പോഴേക്കും ഞങ്ങളുടെ വാഹനം വളവ് തിരിഞ്ഞ് ആനയെക്കടന്ന് റോഡിലൂടെ ശരം വിട്ടതുപോലെ മുകളിലേക്ക് കുതിച്ചു. വല്ലാത്ത നടുങ്ങലോടെയും അവിശ്വാസ്യതയോടെയും ഞാൻ ഡ്രൈവറെ നോക്കിയെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത മാതിരി റജി വണ്ടി ഓടിച്ചുകൊണ്ടിരിക്കുന്നു!
മുന്നോട്ട് പോയപ്പോൾ വഴിയിൽ നാട്ടുമ്പുറത്തൊക്കെ പശുക്കൾ റോഡിൽ തടസ്സമുണ്ടാക്കി നിൽക്കുന്നത് പോലെ കാട്ടുപോത്തുകളും മാനുകളും കൂട്ടിനിൽക്കുന്നത് കണ്ടു.
'രാത്രിയായതുകൊണ്ട് പേടിച്ച് റോഡിൽ നിൽക്കുന്നതാണ്', അവറ്റകൾക്കിടയിലൂടെ ഹോണടിക്കാതെ വണ്ടി സൂക്ഷിച്ചും സാവധാനത്തിലും കടത്തി മുന്നോട്ട് പോകവേ റജി വീണ്ടും പറയുന്നത് കേട്ടു.
അവയിൽ ചിലത് റോഡിൽക്കിടന്ന് വിശ്രമിക്കുകയായിരുന്നു. ജീപ്പ് കടന്നുചെന്നപ്പോഴും ഇണക്കമുള്ള വളർത്തുമൃഗങ്ങളെ അനുസ്മരിപ്പിക്കുന്ന മാതിരി ചിലവ എണീറ്റ് മനസ്സില്ലാ മനസ്സോടെ തെല്ലൊന്നൊഴിഞ്ഞുമാറി വണ്ടി കടത്തിവിടുകയായിരുന്നു. ശരിക്കും ഞാൻ മുൻപ് ജോലി ചെയ്തിട്ടുള്ള നെയ്യാറിലും പേപ്പാറയിലും ശെന്തുരുണിയിലുമൊക്കെ കാട്ടുപോത്തുകളും മ്ലാവുകളുമൊക്കെ മനുഷ്യനെ കാണുമ്പോൾത്തന്നെ ഓടി രക്ഷപ്പെടാനുള്ള വ്യഗ്രത കാണിക്കുന്നതാണ് കണ്ടിട്ടുള്ളത്. വേട്ടയോ മറ്റോ ഇല്ലാത്ത, വിനോദസഞ്ചാരികളുടെ പറുദീസയായ പറമ്പിക്കുളത്തെ മൃഗങ്ങളുടെ സ്വഭാവത്തെപ്പറ്റി അറിയാമായിരുന്നതും മുമ്പ് കണ്ടിട്ടുള്ളതുമാകയാൽ എനിക്ക് അത്രമേൽ അത്ഭുതം തോന്നിയില്ല.
ഏറെ ദൂരം പോയ്ക്കഴിഞ്ഞാണ് ഡ്രൈവർ വണ്ടി തിരിച്ചത്. അപ്പോഴേക്കും കുറെയേറെ മൃഗങ്ങളെയൊക്കെ കണ്ടുകഴിഞ്ഞിരുന്നു. തിരികെ വരുമ്പോഴും കാട്ടുപോത്തുകളും മാനുകളും അതേപോലെ റോഡിൽ മാറാതെ നിൽക്കുന്നുണ്ട്. 'കൈയെത്തി ഒന്നിനെയൊന്ന് തൊട്ടുനോക്കിയാലോ' എന്ന് തമാശയായി ശ്രീമതി പറയുകയും ചെയ്തു. അപ്പോൾ സമയം പന്ത്രണ്ട് മണിയെങ്കിലും ആയിക്കാണണം. ആവർത്തിച്ചുള്ള കാഴ്ചകളായിരുന്നതുകൊണ്ടാണോ ആവോ ഞാൻ അറിയാതെ വണ്ടിയിലിരുന്ന് കണ്ണുകളടച്ചുപോയി. എന്നാലപ്പോൾ ശരിക്കുള്ള പ്രശ്‌നം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
പെട്ടെന്ന് ഡ്രൈവർ വണ്ടി ബ്രേക്കിട്ട് നിർത്തിയതും പിന്നിലിരുന്ന ഭാര്യയുടെയും മക്കളുടെയും ഭയന്ന ഒച്ചയുമാണ് എന്നെ ഉണർത്തിയത്. ജീപ്പിന് മുന്നിൽ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ വഴിമുടക്കി ഒരു മുള മൂടോടെ ഇളകി റോഡിന് കുറുകെ വീണുകിടക്കുകയാണ്. അതിന് പിന്നിലായി പാതി ഇരുട്ടിൽ മഹാകാരം പൂണ്ട് ചെമ്മണ്ണിൽക്കുളിച്ച് വന്യരൂപം! അതേ, അവൻ തന്നെ! ഞങ്ങൾ തിരിച്ചെത്തിയപ്പോഴേക്കും അവൻ തീറ്റയുടെ വട്ടങ്ങൾ ഒരുക്കിക്കഴിഞ്ഞിരിക്കുന്നു എന്ന് സാരം. റോഡിന്റെ ഇടതുവശത്ത് നിന്നിരുന്ന പുഷ്പിച്ചുതുടങ്ങിയ മുളങ്കൂട്ടത്തിൽ നിന്നുമാണ് ഒന്നിനെ മൂടോടെ വഴിമുടക്കി അവൻ മറിച്ചിട്ടിരിക്കുന്നത്.
വണ്ടി ബ്രേക്കിട്ടുനിന്നപ്പോൾ കേട്ട ശബ്ദവും ശല്യവും പ്രകോപനമായതുകൊണ്ടാണോ എന്തോ, ആഹാരം കഴിക്കാൻ തുടങ്ങിയ അവൻ വഴിമുടക്കിക്കിടന്നിരുന്ന ആ മുളയെ കവച്ചുകടന്നും തുമ്പിക്കൈ നീട്ടിപ്പിടിച്ചും വണ്ടിക്ക് നേരെ വേഗത്തിൽ അഞ്ചാറു വേഗച്ചുവടുകൾ വച്ചു! അക്ഷരാർത്ഥത്തിൽ ശ്വാസം നിലച്ചുപോയ നിമിഷങ്ങളായിരുന്നു അവ. എന്താണ് ചെയ്യേണ്ടതെന്ന് ഒരു രൂപവും കിട്ടിയില്ല. കൂരിരുട്ടിൽ വണ്ടി പിന്നിലേക്ക് വേഗത്തിലെടുക്കാൻ റജിക്ക് ആയില്ലെങ്കിൽ...? ആ രാത്രിയിൽ വണ്ടിയിൽ നിന്നിറങ്ങി കാട്ടിലേക്ക് എങ്ങോട്ടെന്നില്ലാതെ ഓടുക എന്നത് ആത്മഹത്യാപരവും! തന്നെയുമല്ല അപ്പോൾ ഞാൻ ഒറ്റയ്ക്കുമല്ല; വണ്ടിക്കകത്ത് കാട് പരിചയിച്ചിട്ടില്ലാത്ത ഭാര്യയും കുട്ടികളും! എന്തൊക്കെ ചിന്തകളാണ് നിമിഷാർദ്ധത്തിൽ തലച്ചോറിലൂടെ കൊള്ളിയാനുകളായി പാഞ്ഞതെന്ന് പറയാൻ വയ്യ. ഇരുകാലുകളിലും വല്ലാത്ത ഭാരം കുടിയിരിക്കുന്നത് പോലെ. ഇനി ഒരുവേള അങ്ങനെ തീരുമാനിച്ചിരുന്നെങ്കിൽ പോലും എനിക്ക് വേഗത്തിൽ ഓടിമാറാൻ ആകില്ലായിരുന്നുവെന്ന് വ്യക്തം!
മുന്നിലേക്ക് കുതിച്ചെത്തിയ ആ കാട്ടുകൊമ്പൻ മഹാഭാഗ്യം പോലെ പെട്ടെന്ന് നിന്നു. രാത്രിയുടെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് റജി അപ്പോൾ വണ്ടിയുടെ എയർഹോൺ അമർത്തിപ്പിടിച്ചിരിക്കുകയായിരുന്നു! ഹെഡ്‌ലൈറ്റിന്റെ തീക്ഷ്ണമായ പ്രകാശവും ഹോണിന്റെ കാതുതുളയ്ക്കുന്ന ശബ്ദവും അവനെ ഭയപ്പെടുത്തിയിരിക്കാം.
എന്തായാലും ആ കൂരിരുട്ടിൽ റോഡ് കാണാനാകാത്തതുകൊണ്ട് വണ്ടി പിന്നിലേക്ക് എടുക്കാൻ ആകില്ലായിരുന്നുവെന്നാണ് എനിക്ക് തോന്നിയത്. വണ്ടിയുടെ വെളിച്ചത്തിൽ നീട്ടിപ്പിടിച്ച തുമ്പിയും മുകളിലേക്ക് ചുരുട്ടി ഉയർത്തിയ വാലുമായി ഏതാണ്ട് പന്തിന്റെ ആകൃതിയിലെത്തിയ ആ കാട്ടാന മുന്നിൽ തെല്ലുനേരം ഒരേ നിൽപ്പ് നിന്നു! അതിന്റെ കൊമ്പുകൾ ജീപ്പിന്റെ പ്രകാശത്തിൽ ഭീഷണമായി തിളങ്ങി!
പിന്നെന്തോ ആലോചിച്ചെന്നോണം അവൻ പതിയെ തുമ്പി താഴ്ത്തി, പുറംതിരിഞ്ഞ് തീറ്റയിലേക്ക് തന്നെ പിൻവാങ്ങി. അത് കണ്ട് ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ നിമിഷങ്ങളണ്ണി ഞങ്ങൾ ഇരുന്നു. മിനിറ്റുകളും മണിക്കൂറുകളും കടന്നുപോയ്‌ക്കൊണ്ടേയിരുന്നു. മുന്നിൽ നിന്നോ പിന്നിൽ നിന്നോ മറ്റൊരു വണ്ടി ആ സമയത്ത് വരാനുള്ള സാഹചര്യം അപ്പോൾ തീരെയില്ലായിരുന്നു. എന്നിരുന്നാലും പട്രോളിംഗ് നടത്തുന്ന വണ്ടികളേതെങ്കിലും അതുവഴി വന്നെങ്കിൽ എന്ന് ഞാൻ വല്ലാതെ ആശിച്ചുപോയി. കൈയിലാകട്ടെ റേഞ്ച് കിട്ടാതെ ചത്തിരിക്കുന്ന മൊബൈൽ ഫോണുകൾ മാത്രം!
മദപ്പാടിലാകുമ്പോൾ ആ ആന വലിയ പ്രശ്‌നക്കാരനാണെന്നും ടൂറിസ്റ്റുകളെ കൊണ്ടുപോകുന്ന വനംവകുപ്പിന്റെ ബസ്സുകളെപ്പോലും തടഞ്ഞിടാറുണ്ടെന്നും റജി പറഞ്ഞ് കേട്ടപ്പോൾ രാത്രിയാത്രയ്ക്കായി ഇറങ്ങിയത് അബദ്ധമായിപ്പോയോ എന്നൊരു തോന്നൽ ഉടലെടുക്കാതിരുന്നില്ല. പക്ഷേ അത്തരമൊരു പുനർവിചിന്തനത്തിന് അവിടെ പ്രസക്തിയേതും ഉണ്ടായിരുന്നില്ല. എന്നാലും പ്രകോപിതനാകാതിരുന്നാൽ അവൻ ഞങ്ങളെ ആക്രമിക്കില്ലെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു.
സമയം രണ്ടരമണിയോടടുക്കുന്നു. നമ്മൾ ചെന്നുപെട്ടിരിക്കുന്ന വൈതരണിയെപ്പറ്റി ഐബിയിലെ സ്റ്റാഫോ എന്റെ സുഹൃത്തോ അറിയുന്നുണ്ടാവില്ലെന്നുറപ്പ്. അങ്ങനെയെങ്കിൽ അത്രയും വൈകിയപ്പോൾ ആരെങ്കിലും ഞങ്ങളെ അന്വേഷിച്ച് വരുമായിരുന്നു. അതുമുണ്ടായില്ല.
ആ മുളയുടെ കാണ്ഡം മുൻകാലുകളും തുമ്പിക്കൈയും ഉപയോഗിച്ച് ആ മഹാമൃഗം ശ്രദ്ധയോടെ തോലുരിച്ച് ഭക്ഷിക്കുന്നത് ജീപ്പിന്റെ വെളിച്ചത്തിൽ ഞങ്ങൾ നോക്കിയിരുന്നു. അതിനിടയിൽ അവൻ റോഡിൽത്തന്നെ പിണ്ടമിടുകയും മൂത്രമൊഴിക്കുകയും ഒക്കെ ചെയ്തു. അത്രമേൽ ആസ്വദിക്കാനായില്ലെങ്കിലും ഏറെ സൂക്ഷ്മവും ചടുലവുമായ ചലനങ്ങളിലൂടെയാണ് അവനത് ഭക്ഷിച്ച് തീർത്തതെന്ന് പറയാതെ വയ്യ. അവസാനം കുറച്ച് പുറന്തോലായും കൊഴിഞ്ഞ പൂക്കളും ഇലകളുമായും ശേഷിച്ച തലപ്പായും മാത്രം ആ മുളന്തണ്ട് ബാക്കിയായി!
അമൃതേത്ത് കുശാലായതുകൊണ്ടാണോ എന്തോ ഇത്തവണ ഞങ്ങളെ ഗൗനിക്കാതെ അവൻ പിന്തിരിഞ്ഞ് സാവധാനം നടന്നുമറഞ്ഞു. പക്ഷെ റോഡിൽക്കിടക്കുന്ന മുള്ളുകളും ചെറുശിഖരങ്ങളും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ മാറ്റാതെ നമുക്കപ്പോൾ മുന്നോട്ട് പോകാനാകുമായിരുന്നില്ല. അവനിപ്പോൾ പോയത് ഞങ്ങൾ ഇങ്ങോട്ട് വന്നപ്പോൾ കണ്ട റോഡിന് വശത്തെ ആ മൺതടത്തിലേക്കാവാം. ഇരുട്ടിലേക്ക് അവൻ മറഞ്ഞെങ്കിലും ആനച്ചൂര് ഇനി മാഞ്ഞിട്ടില്ല. കുറച്ചുനേരം കൂടി കാത്തിരുന്ന ശേഷം റജി പുറത്തിറങ്ങി വണ്ടിയുടെ വെളിച്ചത്തിൽത്തന്നെ നിന്ന് കരുതലോടെ റോഡിൽക്കിടന്ന അവശിഷ്ടങ്ങൾ ഒന്നൊന്നായി നീക്കാൻ തുടങ്ങി. അപ്പോഴും അയാളുടെ രണ്ടു കണ്ണുകളും വണ്ടിയുടെ പ്രകാശം എത്തുന്നതിനും അപ്പുറത്തെ ഇരുട്ടിലേക്ക് ഉറ്റുനോക്കുകയായിരുന്നു. നീരൊലിക്കുന്ന ആ ഭീമൻ മസ്തകം വീണ്ടും അവിടെ തെളിയുന്നുണ്ടോ?
ഭയന്നിട്ട് അയാളെ സഹായിക്കാനായിപ്പോലും പുറത്തിറങ്ങാൻ ഞാൻ മടിച്ചു. അവസാനം റോഡിലെ മുളന്തണ്ടിന്റെ അവശിഷ്ടങ്ങൾ വലതുവശത്തേക്ക് വലിച്ചൊതുക്കി മടങ്ങിയെത്തിയപാടെ റജി ധൃതിയിൽ വണ്ടിയെടുക്കുകയായിരുന്നു.
'ചിലപ്പോൾ അവൻ വഴിയിൽ കാണും, പേടിക്കണ്ട', അയാൾ പിറുപിറുത്തു.
ഉറക്കം പമ്പകടന്ന കണ്ണുകളിൽ ഭയവും ആകാംക്ഷയും നിറച്ചിരിക്കുന്ന ഞങ്ങളെയും കൊണ്ട് ജീപ്പ് മുന്നോട്ട് നീങ്ങി. അതാ, മുൻപ് കണ്ട ആ വളവെത്തുന്നു! ആക്‌സിലറേറ്ററിൽ കാൽ അമർത്തിച്ചവിട്ടിക്കൊണ്ടാണ് റജി ഇറക്കത്തിലെ ആ വളവ് തിരിഞ്ഞതെന്ന് ഞാൻ ഓർക്കുന്നു! അപ്പോൾ ഇരുട്ടിനെ പിളർന്നുകൊണ്ട് കാടിനെ പ്രകമ്പനം കൊള്ളിക്കുന്ന ചിന്നംവിളി അവിടെ മുഴങ്ങിക്കേട്ടു. ഇടത്തോട്ട് തിരിയുന്ന വണ്ടിയുടെ വലതുവശത്തായി ഒൻപതടിക്ക് മേൽ ഉയരത്തിൽ ചെമ്മണ്ണിൽപ്പുതഞ്ഞ നെടുങ്കൻ മസ്തകവും മൂന്നടിക്കുമേൽ നീളം വരുന്ന ചെളിപുരണ്ട രണ്ടു കൊമ്പുകളും ഭീമൻ ഉരഗത്തെ അനുസ്മരിപ്പിക്കുന്നതുപോലെ നീണ്ടെത്തുന്ന തുമ്പിയും ആ അരണ്ട വെളിച്ചത്തിലും ഞങ്ങൾക്ക് കാണാമായിരുന്നു. തീർത്തും സ്‌തോഭജനകവും ചോരയുറയുന്നതുമായ കാഴ്ച! പൊടിപടലങ്ങൾ പടർത്തി അവനിങ്ങെത്തും മുമ്പേ വണ്ടി റോഡിന്റെ അതിരുകളിലൂടെ ആടിയും ഉലഞ്ഞും മുന്നോട്ട് പാഞ്ഞു. പിന്നിലായി കാതടപ്പിക്കുന്ന ആ ശബ്ദം വീണ്ടും!
'ഇതവൻ പേടിപ്പിക്കുന്നതാണ്; അവനറിയാം നമുക്കൊപ്പം എത്താനാവില്ലെന്ന്...' ഞങ്ങളെ ആശ്വസിപ്പിക്കാനെന്നോണം റജി പറഞ്ഞു. പിന്നെ 'ഞാനിതെത്രയോ കണ്ടിരിക്കുന്നു' എന്ന മട്ടിൽ പതിഞ്ഞ ശബ്ദത്തിൽ ചിരിച്ചു.
ചേതനകൾ അപ്പാടെ മരവിച്ചിരിക്കുന്ന ഞങ്ങളാരും അത് കേട്ട ഭാവം കാണിച്ചില്ല. പ്രതീക്ഷിച്ച പ്രതികരണമൊന്നും ഇല്ലാത്തതിനാലാകാം അയാൾ വീണ്ടും സ്റ്റീയറിംഗിന്റെ ലയവിന്യാസങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരുന്നു!
(കുറിപ്പ്:- അന്ന് അനുവദനീയമായിരുന്നെങ്കിൽക്കൂടി വന്യമൃഗങ്ങളുടെ വിഹാരരംഗമായ അവിടേക്ക് രാത്രി കടന്നുചെന്നത് ഞങ്ങളുടെ ഭാഗത്തുള്ള തെറ്റായിരുന്നു. നക്തഞ്ചരന്മാരുടെ ആവാസവ്യവസ്ഥയിൽ അവറ്റകളുടെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള നിർദ്ദോഷമായ നീക്കങ്ങൾ പോലും ന്യായീകരിക്കാനാകുന്നതല്ല. അതിനിടയിൽ അപകടം ഏറ്റുവാങ്ങിയാൽ അത് വിനോദയാത്രികരുടെ ഭാഗത്തുള്ള തെറ്റ് മാത്രവുമാണ്!)
Content Highlights: A family's chilling night safari experience in Parambikulam Tiger Reserve., Close encounters with a dominant wild elephant blocking the forest road., Reflections on human-wildlife conflict and the strict ban on night safaris.
Published: 21 Sept 2026, 02:21 pm IST
ABOUT THE AUTHOR
കേരള വനം വകുപ്പില് നിന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്സര്വ്വേറ്ററായി വിരമിച്ചു. ചിന്ത പബ്ലിഷേഴ്സ് വഴി കാട് പറഞ്ഞ കഥകള്, ആരണ്യകാണ്ഡം എന്നീ കഥാ സമാഹാരങ്ങളും ലോഗോസ് ബുക്ക്സ് വഴി കാട്ടിലേയ്ക്ക് പോകാം എന്നൊരു യാത്രാവിവരണവും മാതൃഭൂമി ബുക്ക്സ് വഴി നാഗമാണിക്യം, ഗജമുത്ത്, വെള്ളിമൂങ്ങ- വനം കള്ളക്കടത്തിന്റെ കാണാപ്പുറങ്ങള് എന്നൊരു അനുഭവകഥയും കേരള
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented