
ആ മൃഗശാലയിലെ കോണ്‍ക്രീറ്റ് തറയില്‍ അലസനായി കിടന്ന അവന്‍ തലതിരിച്ച് മെലാനിയെ നോക്കി. വാഷിങ്ടണ്‍ മൃഗശാലയിലേക്ക് പരിശീലകയായി എത്തിയതായിരുന്നു മെലാനി ബോണ്ട്. അവന്റെ ഏകാന്തതയാണ് അവളാദ്യം ശ്രദ്ധിച്ചത്. അതോടെ അവള്‍ അവനുമായി വേഗത്തില്‍ അടുത്തു. ഞാന്‍ നിന്റെ കാല്‍പ്പാദങ്ങളില്‍ ഇക്കിളിപ്പെടുത്തട്ടേ? ഒരു ദിവസം മെലാനി അവനോട് ചോദിച്ചു. അവനത് മനസിലാക്കി കാലുകള്‍ അവള്‍ക്ക് നേരെ നീട്ടി. മെലാനി അവന്റെ കാല്‍വിരലുകളില്‍ ഇക്കിളിപ്പെടുത്തി. അവന്‍ പതിയെ ചിരിക്കാന്‍ തുടങ്ങി. അവനത് ശരിക്കും ആസ്വദിക്കുന്നതായി അവള്‍ക്ക് തോന്നി. ഇടയ്ക്ക് അവന്‍ വിതുമ്പുകയും കരയുകയും ചെയ്യുന്നത് അവള്‍ ശ്രദ്ധിച്ചു. നാസയുടെ പരീശീലനവേളയില്‍ അവന്റെ കാലുകള്‍ ലോഹത്തകിടുകളില്‍ കെട്ടിവെച്ചിരുന്നത് അവളുടെ ഓര്‍മയിലേക്കെത്തി. പരീശീലകരുടെ നിര്‍ദേശത്തോട് പ്രതികരിച്ചില്ലെങ്കില്‍ കാല്‍പാദങ്ങളില്‍ ഏല്‍പ്പിക്കുന്ന വൈദ്യുതാഘാതമായിരുന്നു അവനുള്ള ശിക്ഷ. ഭൂതകാലം അവനെ വേട്ടയാടുന്നുണ്ടോ? അവള്‍ വീണ്ടും അവന്റെ കാല്‍വിരലുകളില്‍ ഇക്കിളിപ്പെടുത്തി. അവന്‍ ചിരി തുടര്‍ന്നു.
ഹാം. അതായിരുന്നു അവന്റെ പേര്. ബഹിരാകാശയാത്ര നടത്തിയ ആദ്യത്തെ ചിമ്പാന്‍സി. ആദ്യ സോവിയറ്റ് സഞ്ചാരി യൂറി ഗഗാറിനേക്കാള്‍ പത്താഴ്ച മുമ്പും അമേരിക്കന്‍ യാത്രികള്‍ അലന്‍ ഷെപ്പേര്‍ഡിന് മൂന്ന് മാസത്തിലധികം മുമ്പും ബഹിരാകാശത്തെത്തിയ സഞ്ചാരി. കാമറൂണ്‍ മഴക്കാടുകളില്‍നിന്നാണ് അവന്‍ ന്യൂ മെക്സിക്കോയിലെ ഹോളോമാന്‍ എയര്‍ ഫോഴ്സ് ബേസിൽ (Holloman Air Force Base) എത്തുന്നത്. 15 മാസക്കാലം നീണ്ട പരിശീലനത്തിനുശേഷമായിരുന്നു അവന്റെ യാത്ര. 1961 ജനുവരി 31-നാണ് അവനേയും കൊണ്ടുള്ള ബഹിരാകാശവാഹനം യാത്രതിരിച്ചത്. ഇതോടെ ബഹിരാകാശത്തേക്ക് യാത്ര ചെയ്ത ആദ്യത്തെ ഹോമിനിഡായി അവന്‍. വാഷിങ്ടണ്‍ മൃഗശാലയിലും നോര്‍ത്ത് കരോലിന സുവോളജിക്കല്‍ പാര്‍ക്കിലുമായായിരുന്നു അവന്റെ പില്‍ക്കാല ജീവിതം. ആഫ്രിക്കയില്‍ ആരംഭിച്ച് അമേരിക്കയിലവസാനിച്ച അവന്റെ ജീവിതകഥ സംഭവബഹുലമായിരുന്നു...
Also Read

ഹാം എന്ന പരീക്ഷണവസ്തു
ഫ്രഞ്ച് കാമറൂണ്‍ എന്ന് മുമ്പ് അറിയപ്പെട്ടിരുന്നു ഇന്നത്തെ കാമറൂണിലെ മഴക്കാടുകളിലാണ് ഹാമിന്റെ കഥ തടങ്ങുന്നത്. അന്നവന്‍ ഹാം ആയിരുന്നില്ല, പേരുകളൊന്നുമില്ലാത്ത അനേകം ചിമ്പാന്‍സികളിലൊരാള്‍ മാത്രം. 1957 ജൂലായ് മാസത്തില്‍ ഒരു മഴക്കാലത്തിന് മുമ്പായിരുന്നു അവന്റെ ജനനം. അമ്മയോടൊപ്പം കാടിന്റെ സുരക്ഷിതത്വത്തിൽ കഴിഞ്ഞിരുന്ന അവനെ മൃഗവേട്ടക്കാര്‍ തട്ടിയെടുക്കുകയായിരുന്നു. ഒരുപക്ഷേ അവനെ സ്വന്തമാക്കാനുള്ള അവരുടെ ശ്രമത്തിനിടയില്‍ അവന്റെ അമ്മ കൊല്ലപ്പെട്ടിട്ടുണ്ടാകാം. മൃഗങ്ങളെ കെണിവെച്ച് പിടിക്കുന്നവരില്‍ നിന്ന് അവനെ രക്ഷിക്കാന്‍ എല്ലാ സാധ്യതയും ഉപയോഗിച്ച് ആ അമ്മ പ്രതിരോധിച്ചിട്ടുണ്ടാകാം. അവളുടെ എല്ലാ പ്രതിരോധവും മറികടന്നുകൊണ്ട് തന്നെയാകും അവനെ അവിടെ നിന്ന് കൊണ്ടുപോന്നത്. അല്ലാതെ അവളുടെ അടുത്തുനിന്ന് അവര്‍ക്ക് എങ്ങനെ അവനെ പിടിച്ചെടുക്കാന്‍ കഴിയും? കുഞ്ഞുചിമ്പാന്‍സികള്‍ വളരെക്കാലം അമ്മമാരെ ആശ്രയിക്കുന്നവരാണ്. ഏതാണ്ട് ഒരു വര്‍ഷംവരെ ചിമ്പാന്‍സികള്‍ അവരുടെ അമ്മമാരുടെ ശരീരത്തില്‍ ഒട്ടിയായിരിക്കും കാണപ്പെടുക. ഏകദേശം രണ്ട് വയസ്സുള്ളപ്പോള്‍ അവര്‍ അമ്മമാരില്‍ നിന്ന് ചെറിയ അകലം പാലിക്കുമെങ്കിലും അവര്‍ അമ്മമാര്‍ക്കൊപ്പം തന്നെയായിരിക്കും. നാല് വയസിനും ആറ് വയസിനും നാലിനും ആറിനും ഇടയിലാണ് അവര്‍ മുലകുടി നിര്‍ത്തുന്നത്. ആറിനും ഒമ്പതിനും ഇടയില്‍ ചിമ്പാന്‍സികള്‍ സ്വതന്ത്രരാകുന്നു. സ്വതന്ത്രരായാലും ചിമ്പാന്‍സികള്‍ക്ക് അവരുടെ അമ്മമാരുമായി ആജീവനാന്ത ബന്ധമുണ്ടാകും.
മൃഗവേട്ടക്കാര്‍ വില്‍പ്പന നടത്തിയ അവന്‍, കാമറൂണില്‍ നിന്ന് അമേരിക്കയിലെ മിയാമിയിലെ റെയര്‍ ബേര്‍ഡ് ഫാമിലേക്ക് എത്തി. അവിടെ നിന്നാണ് അവനെ അമേരിക്കന്‍ വ്യോമസേന വാങ്ങുന്നത്. ഏതാണ്ട് രണ്ടു വയസുള്ളപ്പോള്‍ 457 ഡോളറിനാണ് അമേരിക്കന്‍ വ്യോമസേന അവനെ വാങ്ങുന്നത്. തുടര്‍ന്ന് 1959 ജൂലായിലാണ് അവന്‍ ന്യൂ മെക്സിക്കോയിലെ ഹോളോമാന്‍ എയര്‍ഫോഴ്‌സ് ബേസില്‍ എത്തുന്നത്. അമേരിക്ക ബഹിരാകാശത്തേക്ക് മൃഗങ്ങളെ അയക്കുന്നത് സംബന്ധിച്ച വലിയ പദ്ധതി ആസൂത്രണം ചെയ്യുന്ന വേളയിലാണ് ഹോളോമാന്‍ എയര്‍ഫോഴ്‌സ് ബേസിലേക്ക് അവനെ എത്തിക്കുന്നത്. 40 ചിമ്പാന്‍സികളെയായിരുന്നു ഇതിനായി എത്തിച്ചത്. അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ഓരോന്നിനേയും വിശദമായ പരിശോധനകള്‍ക്ക് വിധേയരാക്കി. തുടര്‍ന്ന് ആദ്യഘട്ടത്തില്‍ 18 ചിമ്പാന്‍സികളെ തിരഞ്ഞെടുത്തു. പിന്നീടിത് ആറായി. ഒടുവിലവര്‍ ഹാമിലേക്ക് എത്തി. 'അവന്‍ മിടുക്കനായിരുന്നു. കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമുള്ള ഒരു ചിമ്പ്. ഞാന്‍ പിടിക്കുമ്പോള്‍ ഒരു കൊച്ചുകുട്ടിയെപ്പോലെയായിരുന്നു അവന്‍', എന്നാണ് അവന്റെ സൂക്ഷിപ്പുകാരന്‍ എഡ്വേര്‍ഡ് ഡിറ്റ്മര്‍ പറഞ്ഞത്. ഔദ്യോഗികമായി അവന്‍ 'നമ്പര്‍- 65' എന്നാണ് അറിയപ്പെട്ടത്. 'ചോപ്പ് ചോപ്പ് ചാങ്' എന്നാണ് ലബോറട്ടറിയിലെ ജീവനക്കാര്‍ അവനെ വിളിച്ചത്. പിന്നീടാണ് അവന് 'ഹാം' എന്ന പേര് നല്‍കിയത്. ഹോളോമാന്‍ എയറോസ്‌പേസ് മെഡിക്കല്‍ സെന്റര്‍ എന്നതിന്റെ ചുരുക്കെഴുത്തായിരുന്നു അത്. ഭൂമിയിലേക്കുള്ള വിജയകരമായ തിരിച്ചുവരവിന് ശേഷമാണ് അവന് അമേരിക്ക പേരിട്ടത്. ദൗത്യം പരാജയപ്പെട്ടാല്‍, ഒരു ചിമ്പാന്‍സി കൊല്ലപ്പെടുന്നതുമൂലമുള്ള മോശം വാര്‍ത്തകള്‍ ഒഴിവാക്കാനാണ് തുടക്കത്തില്‍ അവന് പേര് നല്‍കാതെയിരുന്നത്.

15 മാസം നീണ്ട കഠിനപരീക്ഷണം
1950-കളുടെ അവസാനത്തിലാണ് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ബഹിരാകാശമത്സരം ചൂടുപിടിക്കുന്നത്. ബഹിരാകാശത്തേക്ക് ഒരു നായയെ അയച്ച് സോവിയറ്റ് യൂണിയന്‍ മത്സരത്തില്‍ മുന്നിലെത്തി. 1957 നവംബര്‍ 3-നാണ് ലെയ്ക എന്ന് നായയെ അവര്‍ ബഹിരാകാശത്തേക്ക് അയക്കുന്നത്. പിന്നാലെ സസ്തനികള്‍ക്ക് ബഹിരാകാശത്ത് അതിജീവിക്കാന്‍ കഴിയുമെന്ന് അവര്‍ തെളിയിച്ചു. ഇതോടെ സീറോ ഗ്രാവിറ്റിയില്‍ മനുഷ്യര്‍ക്ക് ജോലികള്‍ ചെയ്യാന്‍ കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ആഗ്രഹിച്ചു. ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്നതില്‍ യു.എസ്.എസ്.ആറിനെ തോല്‍പ്പിക്കാന്‍ അവര്‍ തീവ്രശ്രമം ആരംഭിച്ചു. 'പ്രൊജക്ട് മെര്‍ക്കുറി' എന്ന് പേരിട്ട ഈ പദ്ധതിക്ക് മുന്നോടിയായി ഒരു ചിമ്പാന്‍സിയെ ബഹിരാകാശത്ത് എത്തിക്കാന്‍ അവര്‍ തീരുമാനിച്ചു. കുരങ്ങുകളും ചിമ്പാന്‍സിയും മനുഷ്യരുമെല്ലാം പ്രിമേറ്റുകളാണെങ്കിലും ചിമ്പാന്‍സികളും മനുഷ്യരും തമ്മില്‍ അടുത്ത ബന്ധമുള്ളവരാണെന്നതായിരുന്നു ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍. മനുഷ്യരുമായുള്ള അവരുടെ ജനിതക സാമ്യതകള്‍ക്കപ്പുറം ചിമ്പുകള്‍ അവിശ്വസനീയമാംവിധം മിടുക്കരും സങ്കീര്‍ണമായ വികാരങ്ങളുള്ളവരുമാണ്. ഭൗമാന്തരീക്ഷത്തിനപ്പുറത്തേക്ക് ബഹിരാകാശ ക്യാപ്സ്യൂളുകളിലെ യാത്ര അവര്‍ക്ക് അതിജീവിക്കാനാകുമെങ്കില്‍ ഒരു മനുഷ്യസഞ്ചാരിക്കും ഇത് സാധ്യമാകുമെന്ന് നാസ കണക്കുകൂട്ടി. കുരങ്ങുകളും നായ്ക്കളും വെറും യാത്രക്കാര്‍ മാത്രമായിരുന്നു. പക്ഷേ, ഒരു ബഹിരാകാശ പേടകം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബുദ്ധിയും വൈദഗ്ധ്യവും ഉള്ള ഒരു 'പരീക്ഷണ വസ്തു' നാസയ്ക്ക് ആവശ്യമായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമാനും അനുസരണയുമുള്ള ഒരു ചിമ്പാന്‍സി കൃത്യമായ ഒരു പരീക്ഷണ വസ്തുവായിരുന്നു.
മെര്‍ക്കുറി പ്രോഗ്രാമിനായി യു.എസ്. സര്‍ക്കാര്‍ 40 ചിമ്പാന്‍സികളെയാണ് വാങ്ങിയത്. അതിലൊരാളായിരുന്നു ഹാം. 1959 ജൂലായ് മാസത്തില്‍ ന്യൂറോ ശാസ്ത്രജ്ഞനായ ജോസഫ് വി. ബ്രാഡെയുടെ നേതൃത്വത്തില്‍ ഹാമിന്റെ പരിശീലനം ആരംഭിച്ചു. നാലോ അഞ്ചോ അടി അകലത്തില്‍ ക്രമീകരിച്ച ചെറിയ ലോഹക്കസേരകളില്‍ ഇരിക്കാന്‍ ചിമ്പാന്‍സികളെ പ്രരിപ്പിച്ചു. അതേസമയം ചെറിയ നൈലോണ്‍ വെബ് ജാക്കറ്റുകള്‍ അവരെ അണിയിച്ചിരുന്നു. തുടക്കത്തില്‍ അഞ്ചോ ആറോ മിനിറ്റ് മാത്രമാണ് അവര്‍ കസേരയില്‍ ഇരുന്നത്. കൂടുതല്‍ നേരം അവരെ അവിടെ പിടിച്ചിരുത്താനായി ആപ്പിളും പഴങ്ങളും നല്‍കി. ക്രമേണ ഓരോ ദിവസവും കൂടുതല്‍ നേരം അവരുടെ ഇരിപ്പിടങ്ങളില്‍ ഇരിക്കാനായി പരിശീലിപ്പിച്ചു. ഒടുവില്‍ അവര്‍ ദിവസം മുഴുവന്‍ അവര്‍ ആ കസേരകളില്‍ ഇരിക്കാനായി പാകപ്പെട്ടു. ചിമ്പുകള്‍ക്ക് മനുഷ്യ ബഹിരാകാശയാത്രികര്‍ക്ക് സമാനമായി ദൈനംദിന പരിശീലനം നല്‍കി. ഇലക്ടിക്കല്‍ ലൈറ്റുകളോടും ശബ്ദത്തോടും പ്രതികരിക്കാനുള്ള ലളിതമായ പരിശീലനങ്ങളാണ് തുടക്കത്തില്‍ നല്‍കിയത്. ഏറ്റവും പ്രധാനമായി, ഹാമിനെയും മറ്റ് ചിമ്പാന്‍സികളേയും ഒരു നീലവെളിച്ചത്തോടുള്ള പ്രതികരണം എന്ന നിലയില്‍ ലിവര്‍ വലിക്കാന്‍ പഠിപ്പിച്ചു. വെളിച്ചം കണ്ട് അഞ്ച് സെക്കന്‍ഡിനുള്ളില്‍ ലിവര്‍ വലിക്കാനാണ് അവരെ പരിശീലിപ്പിച്ചത്. അതില്‍ പരാജയപ്പെട്ടാല്‍ പാദങ്ങളില്‍ ഇലക്ട്രിക് ഷോക്കായിരുന്നു ശിക്ഷ. അതേസമയം ശരിയായ ഓരോ പ്രതികരണത്തിനും വാഴപ്പഴം സമ്മാനമായി നല്‍കി. പരിശീലനത്തിന് ശേഷം ഹാം ഉള്‍പ്പെടെ ആറ് ചിമ്പാന്‍സികളെ തിരഞ്ഞെടുത്തു. 15 മാസക്കാലത്തിനിടയില്‍ 219 മണിക്കൂറാണ് ഹാമിന് പരിശീലനം നല്‍കിയത്.

ബഹിരാകാശത്തെത്തിയ ആദ്യത്തെ ചിമ്പാന്‍സി
പരിശീലനം പൂര്‍ത്തിയാക്കിയ ആറ് ചിമ്പാന്‍സികളെ 1961 ജനുവരി രണ്ടിന്, ഫ്‌ളോറിഡയിലെ കേപ് കനാവറലിലേക്ക് മാറ്റി. അസുഖം ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയില്‍ അവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു. ഇരുഗ്രൂപ്പുകളേയും തമ്മില്‍ ഇടപഴകാന്‍ അനുവദിച്ചില്ല. അവരുടെ പരിശീലകര്‍ക്ക് പോലും ഈ നിയന്ത്രണം ബാധകമായിരുന്നു. വിക്ഷേപണത്തിന്റെ തലേദിവസം വരെ ഏത് ചിമ്പാന്‍സിയെ ബഹിരാകാശത്തേക്ക് അയക്കണമെന്ന് തീരുമാനിച്ചിരുന്നില്ല. ഒടുവില്‍ ആറ് ചിമ്പാന്‍സികളില്‍നിന്ന് നാസയും എയര്‍ഫോഴ്‌സ് വെറ്ററിനറി ഡോക്ടറും ചേര്‍ന്ന് ബഹിരാകാശയാത്രക്കായി ഹാമിനെ തിരഞ്ഞെടുത്തു. പെരുമാറ്റരീതികളും ശാരീരികക്ഷമതയും പരിശീലനസമയത്തെ മികച്ച പ്രകടനവുമാണ് അവനെ തിരഞ്ഞെടുക്കാന്‍ കാരണമെന്നാണ് പരീശീലകനായ എഡ്വാര്‍ഡ് ഡിറ്റ്മര്‍ പന്നീട് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. പരിശീലകര്‍ അവന് 'നമ്പര്‍-65' എന്ന് പേര് നല്‍കി. ദന്തപരിശോധനാ റിപ്പോര്‍ട്ടുകള്‍ പ്രകാരം 44 മാസമായിരുന്നു അപ്പോള്‍ ഹാമിന്റെ പ്രായം. 1961 ജനുവരി 31-ന് അതിരാവിലെ അവനെ നാപ്പിയും വാട്ടര്‍പ്രൂഫ് പാന്റും സ്പേസ് സ്യൂട്ടും ധരിപ്പിച്ചു. ഹൃദയമിടിപ്പ്, ശ്വസനം, ശരീര താപനില എന്നിവ നിരീക്ഷിക്കാന്‍ ശരീരത്തില്‍ സെന്‍സറുകള്‍ ഘടിപ്പിച്ചു. പരിശീലകര്‍ അവനെ മെര്‍ക്കുറി റെഡ്സ്റ്റോണ്‍-രണ്ട് ബഹിരാകാശ വാഹനത്തിലെ ഒരു കാപ്സ്യൂളില്‍ ഇരുത്തി. അധികംവൈകാതെ അവനേയും വഹിച്ചുകൊണ്ട് മെര്‍ക്കുറി-റെഡ്സ്റ്റോണ്‍ രണ്ട് കുതിച്ചുയര്‍ന്നു. ഇതോടെ ബഹിരാകാശത്തേക്ക് യാത്ര ചെയ്ത ആദ്യത്തെ ഹോമിനിഡായി അവന്‍. അബദ്ധവശാല്‍ നാസ ഉദ്ദേശിച്ചതിലും ഉയര്‍ന്ന വേഗത്തിലാണ് ഹാമിനേയും വഹിച്ചുകൊണ്ട് ബഹിരാകാശവാഹനം സഞ്ചരിച്ചത്. ഇത് പ്രതീക്ഷിച്ചതിലും ഉയരത്തില്‍ അവനെ എത്തിച്ചു. ഭൂമിയില്‍ നിന്ന് 240 കിലോമീറ്റര്‍ ഉയരത്തില്‍ മണിക്കൂറില്‍ 9,300 കിലോമീറ്റര്‍ വേഗതയിലായിരുന്നു അവന്റെ സഞ്ചാരം. ക്യാപ്‌സ്യൂളിനുള്ളിലായിരുന്നതിനാല്‍ അവന് പരിക്കുകളൊന്നും സംഭവിച്ചില്ല. പക്ഷേ, ക്യാപ്സ്യൂളിന് വായുമര്‍ദം ഭാഗികമായി നഷ്ടപ്പെട്ടിരുന്നു.
ആ യാത്രയില്‍ ആറര മിനിറ്റ് ഹാം ഭാരമില്ലായ്മ അനുഭവിച്ചു. പില്‍ക്കാല ബഹിരാകാശയാത്രികരെപ്പോലെ, ഹാമിനും കാപ്സ്യൂളിന്റെ ചെറിയ വിന്‍ഡോയിലൂടെ പുറംകാഴ്ചകള്‍ സാധ്യമായിരുന്നു. ഭാരമില്ലായ്മ ഉണ്ടായിരുന്നിട്ടും ഹാം തന്റെ ചുമതലകള്‍ ശരിയായി നിര്‍വഹിച്ചു. ലിവര്‍ കൃത്യസമയത്ത് വലിച്ചു. പരീക്ഷണസമയത്ത് ചെയ്തിരുന്നതിനേക്കാള്‍ കുറച്ചുകൂടി സമയമെടുത്താണ് അവനിത് ചെയ്തത്. ഇതേ അവസ്ഥയില്‍ മനുഷ്യ ബഹിരാകാശയാത്രികര്‍ക്കും ഭ്രമണപഥത്തില്‍ അടിസ്ഥാന ശാരീരികജോലികളും ചെയ്യാന്‍ കഴിയുമെന്ന് ഹാം തെളിയിച്ചു. 16.5 മിനിറ്റ് നീണ്ട പറക്കലിനുശേഷം അവനേയും വഹിച്ചുകൊണ്ടുള്ള ക്യാപ്‌സ്യൂള്‍ സുരക്ഷിതമായി അറ്റ്ലാന്റിക് സമുദ്രത്തില്‍ ഇറങ്ങി. ടേക്ക്-ഓഫിന്റെയും റീ-എന്‍ട്രിയുടെയും സമയത്ത് സെന്‍സറുകള്‍ ഹാമിന്റെ ശ്വസനം, ഹൃദയമിടിപ്പ്, ശരീര താപനില എന്നിവ നിരീക്ഷിച്ചു. യു.എസ്.എസ്. ഡോണര്‍ എന്ന റെസ്‌ക്യൂ കപ്പലില്‍ നിന്ന് 100 കിലോമീറ്ററോളം അകലെയാണ് പടകം പതിച്ചത്. റിക്കവറി കപ്പല്‍ അവന്റെ അടുത്തെത്താന്‍ ഏതാണ്ട് ഒരു മണിക്കൂറോളം സമയമെടുത്തു. അവനെ പുറത്തെടുക്കുമ്പോള്‍ കാപ്സ്യൂള്‍ വെള്ളം കയറിയിരുന്നു. ഒപ്പം അവന്‍ അസ്വസ്ഥനായിരുന്നു. പുറത്തെത്തിക്കുമ്പോള്‍ അവന്റെ മുഖത്ത് വലിയൊരു ചിരി വിടര്‍ന്നു. സന്തോഷകരമായ പുഞ്ചിരിയായി വ്യാഖ്യാനിച്ചെങ്കിലും ഹാമിന്റെ ഭാവം അങ്ങേയറ്റം ഭയവും ഉത്കണ്ഠയും നിറഞ്ഞതായിരുന്നു. വൈദ്യപരിശോധനയില്‍ ചെറിയ ക്ഷീണവും നിര്‍ജലീകരണവും കണ്ടെത്തിയതൊഴിച്ചാല്‍ അവന് മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. പതിനാറ് മിനിറ്റ് നീണ്ട അവന്റെ യാത്രയുടെ റെക്കോര്‍ഡ് ചെയ്ത ഫുട്ടേജുകളും ചിത്രങ്ങളും ഞെട്ടിപ്പിക്കുന്നതായിരുന്നു. 'ഒരു ചിമ്പിന്റെ മുഖത്ത് ഇത്രയും ഭീകരത ഞാന്‍ കണ്ടിട്ടില്ല,'' എന്നാണ് അത് കണ്ടവര്‍ പിന്നീട് പ്രതികരിച്ചത്.

ഹാം എന്ന സെലിബ്രിറ്റി ചിമ്പ്
കേപ് കനാവറലില്‍ തിരിച്ചെത്തിയ ഹാം ഒരു സെലിബ്രിറ്റിയായിരുന്നു. റിപ്പോര്‍ട്ടര്‍മാരുടെയും ഫോട്ടോഗ്രാഫര്‍മാരുടെയും കൂട്ടം അവനെ ഭയപ്പെടുത്തി. മെര്‍ക്കുറി പരിശീലന ക്യാപ്സ്യൂളിനടുത്ത് പോസ് ചെയ്യാന്‍ അവന്‍ വിസമ്മതിച്ചു. രണ്ടാമത്തെ ദൗത്യത്തിനായി ഹാമിന് പരീശീലനം നല്‍കിയെങ്കിലും പക്ഷേ, മറ്റൊരു ചിമ്പിനെ തിരഞ്ഞെടുത്തു. ബഹിരാകാശയാത്രയ്ക്ക് ശേഷം പിന്നീടുള്ള ബയോമെഡിക്കല്‍ ഗവേഷണത്തില്‍ നിന്ന് ഹാമിനെ ഒഴിവാക്കി. അവനൊപ്പം പരിശീലനം പൂര്‍ത്തിയാക്കിയ ഇനോസ് എന്ന ചിമ്പാന്‍സിയും 1961 നവംബര്‍ 29-ന് ബഹിരാകാശ യാത്ര നടത്തി. സമഗ്രമായ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം അവനെ 1963-ല്‍ വാഷിങ്ടൺ മൃഗശാലയിലേക്ക് മാറ്റി. ആ മൃഗശാലയിലെ തണുത്ത കോണ്‍ക്രീറ്റ് കൂടിനുള്ളിലാണ് അവന്‍ നീണ്ട 17 വര്‍ഷം താമസിച്ചത്. അവിടെ അവന്‍ തികച്ചും ഏകനായിരുന്നു. പക്ഷേ, മൃഗശാല സൂക്ഷിപ്പുകാരുടെ കണ്ണിലുണ്ണി. അവനെക്കാണാന്‍ നിരവധി പേര്‍ എത്തിക്കൊണ്ടിരുന്നു. അവനെത്തേടി ആരാധകരുടെ കത്തുകളെത്തിക്കൊണ്ടിരുന്നു. അവന്റെ വിരലടയാളമുള്ള ഓട്ടോഗ്രാഫില്‍ മൃഗശാല അധികൃതര്‍ അതിന് ഉത്തരം നല്‍കി. ലൈഫ് മാസികയുടെ മുഖചിത്രമാവുകയും ഒരു സിനിമയില്‍ ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
1980 സെപ്റ്റംബര്‍ 25-ന് നോര്‍ത്ത് കരോലിന സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഹാമിനെ മാറ്റി. അവിടെ മറ്റ് ചിമ്പുകള്‍ക്കൊപ്പമാണ് ഹാം കഴിഞ്ഞത്. അവിടെ ചിമ്പുകളുടെ ഒരു ചെറിയ കോളനി ഉണ്ടായിരുന്നു. ഇക്കാലത്ത് വിട്ടുമാറാത്ത ഹൃദയ-കരള്‍ രോഗങ്ങളാല്‍ അവന്‍ കഷ്ടപ്പെട്ടു. പിന്നീട് അധികകാലം അവന്‍ ജീവിച്ചിരുന്നില്ല. ബഹിരാകാശത്തേയ്ക്കുള്ള ചരിത്രപരമായ യാത്രയ്ക്ക് 22 വര്‍ഷങ്ങള്‍ക്ക് ശേഷം, 1983 ജനുവരി 18-ന് ഹാം ഈ ലോകത്തോട് വിടപറഞ്ഞു. 26-ാം വയസിലായിരുന്നു ഹാമിന്റെ അന്ത്യം. ആംഡ് ഫോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാത്തോളജിയിലെ നെക്രോപ്‌സിക്ക് ശേഷം ഹാമിന്റെ മൃതദേഹം സ്റ്റഫ് ചെയ്ത് എയര്‍ ആന്‍ഡ് സ്പേസ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചാലോ എന്ന ചിന്തയുണ്ടായിരുന്നു. അമേരിക്കയുടെ ബഹിരാകാശ നായ്ക്കളായ 'ബെല്‍ക്ക', 'സ്‌ട്രെല്‍ക' എന്നിവരോടൊപ്പം സ്മിത്സോണിയന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവനെ സ്റ്റഫ് ചെയ്ത് പ്രദര്‍ശിപ്പിക്കാനായിരുന്നു പദ്ധതി. പക്ഷേ, വിവിധ കോണുകളില്‍നിന്ന് അതിനെരേ എതിര്‍പ്പുയര്‍ന്നു. ഇതോടെ ന്യൂ മെക്‌സിക്കോയിലെ ബഹിരാകാശ ചരിത്രമ്യൂസിയത്തിലെ ഇന്റര്‍നാഷണല്‍ സ്‌പേസ് ഹാള്‍ ഓഫ് ഫെയിമിനു മുന്നില്‍ അവനെ അടക്കം ചെയ്യാന്‍ യു.എസ്. എയര്‍ഫോഴ്‌സ് തീരുമാനിച്ചു. ഹാമിന്റെ അസ്ഥികൂടം ആംഡ് ഫോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാത്തോളജിയിലും സൂക്ഷിച്ചു. ഹാം ഡോക്യുമെന്ററികളുടെയും കാര്‍ട്ടൂണുകളുടെയും വിഷയമായി മാറുകയും ദേശീയ മാഗസിനുകളുടെ കവറുകള്‍ അലങ്കരിക്കുകയും ചെയ്തു.
പല കാരണങ്ങളാല്‍ ഹാമിന്റെ ബഹിരാകാശയാത്ര ശ്രദ്ധേയമാണ്. ബഹിരാകാശ പറക്കലിന്റെ കാഠിന്യവും ഭയവും ഉണ്ടായിരുന്നിട്ടും ഹാം അതിനെയെല്ലാം അതിജീവിക്കുകയും പരിശീലകര്‍ പഠിപ്പിച്ചവ കൃത്യമായി പൂര്‍ത്തിയാക്കുകയും ചെയ്തു. അമേരിക്കന്‍ പേടകസംവിധാനം ബഹിരാകാശ യാത്രയ്ക്ക് തയ്യാറാണ് എന്നതിന്റെ തെളിവായി ഹാമിന്റെ യാത്ര. അവന്റെ ബഹിരാകാശയാത്ര ആദ്യത്തെ അമേരിക്കക്കാരനായ അലന്‍ ഷെപ്പേര്‍ഡിന്റെ യാത്രക്ക് വഴിയൊരുക്കി. മൂന്ന് മാസത്തിന് ശേഷം, 1961 മെയ് 5-ന്, അലന്‍ ഷെപ്പേര്‍ഡ് ബഹിരാകാശത്ത് എത്തിയ ആദ്യത്തെ അമേരിക്കക്കാരനായി മാറി. ഹാമിന്റെ യാത്രയ്ക്ക് ശേഷം കുരങ്ങുകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ യുഎസ്, റഷ്യന്‍, ചൈനീസ്, ഫ്രഞ്ച്, ഇറാനിയന്‍ ബഹിരാകാശ പേടകങ്ങളില്‍ ബഹിരാകാശത്തേക്ക് പറന്നു. 1990-കളില്‍ വരെ നാസ കുരങ്ങുകളെ ഭ്രമണപഥത്തിലേക്ക് അയക്കുന്നത് തുടര്‍ന്നു. പെറ്റ (PETA) ഉള്‍പ്പെടെയുള്ള മൃഗാവകാശ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദം അത്തരം ഗവേഷണത്തിന്റെ നൈതികത പുനഃപരിശോധിക്കാന്‍ ബഹിരാകാശ ഏജന്‍സിയെ പ്രേരിപ്പിച്ചു. തല്‍ഫലമായി, ജീവജാലങ്ങളില്‍ ബഹിരാകാശ യാത്രയുടെ സ്വാധീനത്തെക്കുറിച്ച് പഠിക്കാന്‍ ഉദ്ദേശിച്ചുള്ള റഷ്യയുമായുള്ള സംയുക്ത ദൗത്യങ്ങളുടെ ഒരു പരമ്പരയായ ബയോണ്‍ പ്രോഗ്രാമില്‍ നിന്ന് നാസ പിന്‍മാറി. 'ഒരു മനുഷ്യനും നല്‍കാനാകാത്ത സേവനമാണ് ഈ മൃഗങ്ങള്‍ ആ രാജ്യങ്ങള്‍ക്ക് വേണ്ടി നടത്തിയത്. സാങ്കേതിക പുരോഗതിക്കായി അവര്‍ അവരുടെ ജീവിതം നല്‍കി, ബഹിരാകാശത്തേക്കുള്ള മനുഷ്യരാശിയുടെ നിരവധി മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കി', ബഹിരാകാശത്തെത്തിയ മൃഗങ്ങളുടെ ചെറുചരിത്രത്തില്‍ നാസ കുറിച്ചു.
References
- About Chimpanzees
- A Brief History of Chimps in Space
- Ham, the First Chimpanzee in Space
- A Brief History of Animals in Space
- Ham the astrochimp: hero or victim?
- Mercury Primate Capsule and Ham the Astrochimp
Content Highlights: Story of Ham, the First Chimpanzee in Space
Published: 16 Jul 2024, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented