തെരുവില്‍ പിറന്നു, ബഹിരാകാശത്ത് പൊലിഞ്ഞു; ലെയ്കയുടെ മടക്കമില്ലാത്ത യാത്രയുടെ കഥ


അഖില്‍ ശിവാനന്ദ്ഒരര്‍ത്ഥത്തില്‍ ശീതസമരകാലത്ത് കത്തിനിന്ന അമേരിക്ക-സോവിയറ്റ് യൂണിയന്‍ മത്സരത്തിന്റെ ഇരകൂടിയായിരുന്നു ആ പെൺപട്ടി. ശാസ്ത്രഗവേഷണത്തില്‍ അമേരിക്കയ്ക്ക് മുന്നിലെത്താനുള്ള സോവിയറ്റ് യൂണിയന്റെ മത്സരത്തിന്റെ രക്തസാക്ഷി. 

Tail N Tales

Laika | Photo: AP Photo/NASA

വളുടെ ഹൃദയമിടിപ്പ് വല്ലാതെ ഉയര്‍ന്നിരുന്നു.... ശ്വാസോച്ഛാസവും കൂടിക്കൂടി വന്നു. അല്പം മാത്രം ഇടമുള്ള ഇരുമ്പ് പേടകത്തിനുള്ളില്‍ പേടിച്ചരണ്ട നിലയിലായിരുന്നു ആ പട്ടി അപ്പോള്‍. കൃത്യമായി പറഞ്ഞാല്‍ മോസ്‌കോയിലെ തെരുവില്‍ നിന്ന് 2,000 മൈല്‍ ഉയരത്തില്‍ ബഹിരാകാശത്ത്..! 'കുദ്രിയാവ്ക' എന്നായിരുന്നു റഷ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ അവളെ സ്‌നേഹത്തോടെ വിളിച്ചിരുന്നത്. അവളെ നമ്മള്‍ അറിയുക മറ്റൊരു പേരിലാണ്. ലെയ്ക. അതേ, ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയ ആദ്യത്തെ ജീവി. സംഭവബഹുലമായിരുന്നു അവളുടെ ആദ്യത്തേതും അവസാനത്തേതുമായ ആ ബഹിരാകാശ യാത്ര. ബഹിരാകാശത്ത് നിന്ന് പേടകങ്ങളെ മടക്കിക്കൊണ്ടുവരാനുള്ള സാങ്കേതികവിദ്യ വികസിച്ചിട്ടില്ലാത്ത അക്കാലത്ത് മരണം മാത്രമായിരുന്നു ലെയ്കയുടെ വിധി. അത് തിരിച്ചറിഞ്ഞ് തന്നെയാണ് ലെയ്കയെ തിരഞ്ഞെടുത്തതും ബഹിരാകാശത്തേക്ക് അയച്ചതും.

1957 നവംബര്‍ 3-നാണ്, പില്‍ക്കാല ബഹിരാകാശ ഗവേഷണങ്ങള്‍ക്ക് വഴികാട്ടാനായി മടക്കമില്ലാത്ത യാത്രയ്ക്കായി ലെയ്ക യാത്രതിരിച്ചത്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കസാഖ്സ്താനിലെ ബേക്കനൂര്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് സ്പുട്‌നിക് രണ്ട് പേടകത്തിലായിരുന്നു അവളുടെ യാത്ര. ജീവനോടെ അവള്‍ക്കൊരു മടക്കമില്ലെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു, അവള്‍ക്കൊഴികെ. യാത്രക്കായി അവളെ തിരഞ്ഞെടുത്തവര്‍ പോലും ഒന്‍പത് ദിവസത്തിനപ്പുറത്ത് അവള്‍ അതിജീവിക്കുമെന്ന് പ്രതീക്ഷിച്ചതുമില്ല. എന്നാല്‍ അതിനും മുന്നേ അവള്‍ ജീവന്‍ വെടിഞ്ഞു. ഒരര്‍ത്ഥത്തില്‍ ശീതസമരകാലത്ത് കത്തിനിന്ന അമേരിക്ക-സോവിയറ്റ് യൂണിയന്‍ മത്സരത്തിന്റെ ഇരകൂടിയായിരുന്നു ആ പട്ടി. ശാസ്ത്രഗവേഷണത്തില്‍ അമേരിക്കയ്ക്ക് മുന്നിലെത്താനുള്ള സോവിയറ്റ് യൂണിയന്റെ മത്സരത്തിന്റെ രക്തസാക്ഷി.ബഹിരാകാശത്തേക്ക് ഒരു പട്ടി

1950കളുടെ അവസാനം. ബഹിരാകാശ ഗവേഷണത്തില്‍ സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മില്‍ വലിയ കിടമത്സരം നിലനില്‍ക്കുന്ന കാലം. 1954-ല്‍ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ സ്പുട്‌നിക് - 1 വിക്ഷേപിച്ച് ബഹിരാകാശ ഗവേഷണത്തില്‍ സോവിയറ്റ് യൂണിയന്‍ ഒരുപടി മുന്നില്‍ നില്‍ക്കുകയാണ്. സ്പുട്‌നിക് ഒന്ന് ദൗത്യത്തിന്റെ വലിയ വിജയത്തിന് പിന്നാലെ, ജീവനുള്ള ഒരു വസ്തുവിനെ ബഹിരാകാശത്തേക്ക് അയക്കുക എന്നത് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമോന്നത നേതാവായിരുന്ന നികിത ക്രൂഷ്ചേവിന്റെ ആശയമായിരുന്നു. ബോള്‍ഷെവിക് വിപ്ലവത്തിന്റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് സ്പുട്‌നിക് രണ്ട് ദൗത്യത്തിനായി ഒരുങ്ങാന്‍ ക്രൂഷ്ചേവ് സോവിയറ്റ് ബഹിരാകാശ വിദഗ്ദ്ധര്‍ക്ക് നിര്‍ദേശം നല്‍കി.

സ്പുട്‌നിക് ഒന്നില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഒരു പട്ടി ജീവനോടെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിക്കുകയായിരുന്നു സോവിയറ്റ് യൂണിയന്‍ ലക്ഷ്യമിട്ടത്. അതുവഴി അമേരിക്കയെ കാതങ്ങള്‍ പിന്നിലാക്കാമെന്നും സോവിയറ്റ് അധികാരികള്‍ കണക്കുകൂട്ടി. പിന്നാലെ ഒരു പട്ടിക്ക് യാത്രചെയ്യാന്‍ സാധിക്കുന്ന ഭാഗം ഉള്‍പ്പെടുന്ന പേടകം എന്‍ജിനീയര്‍മാര്‍ നിര്‍മിച്ചു. സ്പുട്‌നിക് ഒന്നിനേക്കാള്‍ ആറ് മടങ്ങ് ഭാരമുണ്ടായിരുന്നു സ്പുട്‌നിക് രണ്ടിന്. സ്പുട്‌നിക് ഒന്നിന്റെ വിജയകരമായ വിക്ഷേപണത്തിന് ശേഷം ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ടാണ് സോവിയറ്റ് ശാസ്ത്രജ്ഞന്മാര്‍ സ്പുട്‌നിക് രണ്ടിന് യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കിയത്.

Nikita Khrushchev | Photo: INTERFOTO / AFP

ബഹിരാകാശത്തെത്തി ഏഴ് ദിവസത്തിന് ശേഷം ഓക്‌സിജന്റെ അഭാവംമൂലം പട്ടി മരിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കൂകൂട്ടിയത്. പട്ടിയെ അയക്കാന്‍ തീരുമാനിച്ചതോടെ അതിന് പറ്റിയ ഒന്നിനെ കണ്ടെത്താനായി ശ്രമം. മോസ്‌കോയിലെ തെരുവ് പട്ടികള്‍ക്കിടയിലാണ് തിരച്ചിലാരംഭിച്ചത്. പട്ടിണിയെ അതിജീവിക്കാനുള്ള കഴിവും പ്രതികൂല സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ശേഷിയുമുള്ളതിനാലാണ് തെരുവ് പട്ടികളെത്തന്നെ തിരഞ്ഞെടുത്തത്. തെരുവില്‍നിന്ന് ഭാരം കുറഞ്ഞ ഒരു പെണ്‍പട്ടിയെ കണ്ടെത്തുകയായിരുന്നു അവരുടെ ലക്ഷ്യം. ആണ്‍നായകളെ അപേക്ഷിച്ച്, മൂത്രവിസര്‍ജ്ജനത്തിനായി കാലുകള്‍ പൊക്കേണ്ട എന്നതുകൊണ്ട് താരതമ്യേന കുറവ് സ്ഥലം മാത്രമേ ആവശ്യമുള്ളൂ എന്ന കാരണത്താലാണ് പെണ്‍നായയെ തന്നെ തിരഞ്ഞത്.

ലെയ്കയെ തിരഞ്ഞെടുക്കുന്നു

അനുസരണയും സാഹചര്യങ്ങളോട് പൊരുത്തപെടാനുള്ള കഴിവുമായിരുന്നു പട്ടിയെ തിരഞ്ഞെടുക്കുന്നതില്‍ പ്രാഥമികമായി പരിഗണിച്ചത്. തുടക്കത്തില്‍ അഞ്ച് പട്ടികളെയാണ് തിരഞ്ഞെടുത്തത്. ഇവരെ മര്‍ദക്രമീകരണം നടത്തിയ ചെറിയ പേടകത്തില്‍ ആഴ്ചകളോളം നിരീക്ഷിച്ചു. ഇരുട്ടിലും ഉയര്‍ന്ന ശബ്ദത്തിലും മര്‍ദം മാറുന്നതിന് അനുസരിച്ചും അവയുടെ മാറ്റങ്ങള്‍ ഡോക്ടര്‍മാര്‍ കൃത്യമായി പഠിച്ചു. അവയുടെ അരഭാഗത്ത് വിസര്‍ജ്ജന സംവിധാനം ഘടിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഇതുമായി പൊരുത്തപ്പെടാന്‍ ചില പട്ടികള്‍ക്ക് സാധിക്കാതിരുന്നപ്പോള്‍ ചിലര്‍ മാത്രമാണ് അതുമായി ഇണങ്ങിയത്.

ഒടുവില്‍ സ്പുട്‌നിക് രണ്ടിലെ യാത്രയ്ക്കുള്ള നറുക്ക് വീണത് കറുപ്പും വെളുപ്പും നിറത്തിലുള്ള ഒരു പെണ്‍നായക്കായിരുന്നു. മൂന്ന് വയസ് പ്രായമുണ്ടായിരുന്ന അവള്‍ക്ക് അഞ്ച് കിലോയായിരുന്നു തൂക്കം. റഷ്യന്‍ ശാസ്ത്രജ്ഞര്‍ അവളെ കുദ്രിയാവ്ക എന്നാണ് സ്‌നേഹത്തോടെ വിളിച്ചത്. ആര്‍ക്കും ഇഷ്ടം തോനുന്ന പ്രകൃതവും രസകരമായ ഭാവപ്രകടനങ്ങളും ശാന്ത സ്വഭാവവും അവളെ മറ്റ് നാല് പട്ടികളില്‍ നിന്ന് വ്യത്യസ്തയാക്കി. റഷ്യന്‍ റേഡിയോയിലൂടെ അവളെ പൊതുജനത്തിന് പരിചയപ്പെടുത്തുമ്പോള്‍ അവര്‍ അവള്‍ക്കൊരു പുതിയ പേര് നല്‍കി. 'ലെയ്ക'. എല്ലാക്കാലത്തും ഓര്‍ത്തിരിക്കുന്ന ഒരു പേര് അതാണ് അവര്‍ ലക്ഷ്യമിട്ടത്. അമേരിക്കന്‍ മാധ്യമങ്ങള്‍ അവളെ മുട്‌നിക് എന്നാണ് വിളിച്ചത്. അവളുടെ ഇനം ഏതാണെന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും ഹസ്‌കിയുടെ സങ്കര ഇനമാണ് എന്നാണ് കരുതപ്പെടുന്നത്.

സോവിയറ്റ് ബഹിരാകാശ ശാസ്ത്രജ്ഞരായ വ്ളാഡിമിര്‍ യാസ്ഡോവ്സ്‌കിയും ഒലെഗ് ഗാസെങ്കോയും ചേര്‍ന്നാണ് പട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. അവസാനഘട്ടത്തില്‍ മൂന്ന് പട്ടികളെയാണ് സ്പുട്‌നിക് -2 ദൗത്യത്തിനായി റഷ്യന്‍ ശാസ്ത്രജ്ഞര്‍ പരിശീലിപ്പിച്ചത്. ലെയ്കയെ കൂടാതെ അല്‍ബീന, മുഷ്‌ക എന്നീ രണ്ട് പട്ടികള്‍ക്കും മോസ്‌കോ റിസര്‍ച്ച് സെന്ററില്‍ പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ലെയ്കയെക്കാള്‍ മികച്ച പ്രക്രടനം കാഴ്ചവെച്ചത് ആല്‍ബിനയായിരുന്നു. എന്നാല്‍, അടുത്തിടെ മാത്രം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിനാലും സൂക്ഷിപ്പുകാരുടെ സ്‌നേഹം പിടിച്ചുപറ്റിയതിനാലുമാണ് അവളെ അവസാനഘട്ടത്തില്‍നിന്ന് ഒഴിവാക്കിയതെന്നാണ് പില്‍ക്കാലത്ത് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍മാര്‍ മറ്റ് രണ്ട് പട്ടികള്‍ക്കും ശസ്ത്രക്രിയ നടത്തി, ഹൃദയമിടിപ്പ്, ശ്വസന നിരക്ക്, രക്തസമ്മര്‍ദ്ദം, ശാരീരിക ചലനങ്ങള്‍ എന്നിവ നിരീക്ഷിക്കാന്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ അവയുടെ ശരീരത്തില്‍ ഘടിപ്പിച്ചു.

ലെയ്കയുടെ ബഹിരാകാശയാത്ര

യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പ് പ്രത്യേകം രൂപകല്‍പ്പന ചെയ്ത പേടകത്തിലേക്ക് ലെയ്കയെ മാറ്റി. അവിടെ അവള്‍ക്ക് പരിമിതമായ ചലനങ്ങള്‍ മാത്രമാണ് അനുവദിച്ചത്. ശരീരം വൃത്തിയാക്കി, കൈകളില്‍ സെന്‍സറും ശരീരത്തില്‍ വിസര്‍ജ്ജന സംവിധാനവും ഘടിപ്പിച്ച് സ്‌പേസ് സ്യൂട്ടും ധരിച്ച് ലോഹനിര്‍മിതമായ ആ വാഹനത്തില്‍ അവളിരുന്നു. നവംബര്‍ 3-ന് രാവിലെ മോസ്‌കോ സമയം 5.30ന് അവളേയും കൊണ്ടുള്ള വാഹനം ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നു. വിക്ഷേപണ സമയത്തെ അതിഭീകരമായ ശബ്ദവും ഉയര്‍ന്ന മര്‍ദവും അവളെ കുറച്ചൊന്നുമല്ല ഭീതിപ്പെടുത്തിയത്. ഭയം ഗ്രസിച്ചതോടെ അവളുടെ ശ്വാസോച്ഛാസവും ഹൃദയമിടിപ്പും ഉയര്‍ന്നു. റഷ്യയുടെ നാഷണല്‍ എയര്‍ ആന്‍ഡ് സ്പേസ് മ്യൂസിയത്തില്‍ യാത്രാ സമയത്ത് ലെയ്കയുടെ ശ്വസനഗതിയുടെ പ്രിന്റുകള്‍ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

103 മിനിറ്റുകൊണ്ട് ഭൂമിയെ വലംവെച്ച അവള്‍ ജീവനോടെ ഭ്രമണപഥത്തിലെത്തി. ഭൂമിയുടെ ഭ്രമണപഥത്തിലെത്തുന്ന ആദ്യ ജീവി എന്ന ഒരിക്കലും തകര്‍ക്കപ്പെടാത്ത ചരിത്രവും തന്റെ പേരിലെഴുതിച്ചേര്‍ത്തു. നിര്‍ഭാഗ്യവശാല്‍ ഹീറ്റ് ഷീല്‍ഡ് തകരാറിലായത് ക്യാപ്‌സ്യൂളിലെ താപനില ഉയരാന്‍ കാരണമായി. ഇത് ലെയ്കയെ കുറച്ചൊന്നുമല്ല ബാധിച്ചത്. ഉച്ചയോടെ അവള്‍ മരിച്ചു എന്നാണ് ഒലെഗ് ഗാസെങ്കോ 1993-ല്‍ വെളിപ്പെടുത്തിയത്. നാലാമത്തെ ഓര്‍ബിറ്റിന് ശേഷം ക്യാപ്‌സ്യൂളിനുള്ളിലെ താപനില 90 ഡിഗ്രിയായി ഉയര്‍ന്നിരുന്നു. അതിന് ശേഷം അവള്‍ ഓന്നോ രണ്ടോ ഭ്രമണപഥത്തിനപ്പുറത്തേക്ക് എത്തിയെന്ന് പ്രതീക്ഷിക്കുന്നില്ല, അദ്ദേഹം പറഞ്ഞു. എന്നാല്‍ യാത്രക്കാരി ജീവനോടെ ഇല്ലാതിരുന്നിട്ടും സ്പുട്‌നിക് -2 അതിന്റെ യാത്ര അഞ്ച് മാസത്തോളം തുടര്‍ന്നു.

എന്നാല്‍, ഒമ്പത് ദിവസത്തോളം ലെയ്ക ജീവനോടെ ഉണ്ടായിരുന്നു എന്ന കെട്ടുകഥ പ്രചരിപ്പിക്കുകയാണ് സോവിയറ്റ് യൂണിയന്‍ തുടക്കത്തില്‍ ചെയ്തത്. ഇത്തരത്തില്‍ ഔദ്യോഗിക രേഖകളെല്ലാം കെട്ടച്ചമയ്ക്കുകയായിരുന്നു എന്നാണ് ആരോപണം. നവംബര്‍ 12-വരെ ലെയ്ക ജീവനോടെ ഉണ്ടായിരുന്നു എന്നാണ് സോവിയറ്റ് റേഡിയോകള്‍ വാര്‍ത്ത നല്‍കിയത്. അവള്‍ അതിജീവിച്ചു എന്നാണ് അക്കാലത്ത് ന്യൂയോര്‍ക്ക് ടൈംസ് പോലും റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പിന്നീട് ഇതെല്ലാം അവര്‍ക്ക് തിരുത്തിപ്പറയേണ്ടിവന്നതിനും കാലം സാക്ഷിയായി.

Photo: Screengrab from youtube.com/c/DavidHoffman

പ്രതിഷേധം, വകവെയ്ക്കാതെ സോവിയറ്റ് യൂണിയന്‍

മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ അത്രത്തോളം ശക്തമല്ലതിരുന്നിട്ടും ലെയ്കയുടെ മരണത്തേതുടര്‍ന്ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങളുയര്‍ന്നു. കൂരമായ മൃഗപരീക്ഷണങ്ങള്‍ക്കെതിരെ മൃഗസ്‌നേഹികള്‍ പരസ്യമായി തെരുവിലിറങ്ങി. ബോധപൂര്‍വം ലെയ്കയെ മരണത്തിന് വിട്ടുകൊടുത്ത സോവിയറ്റ് നടപടിക്കെതിരേ കടുത്ത വിമര്‍ശനമാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നത്. ബ്രിട്ടനില്‍ റോയല്‍ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമലും ബ്രിട്ടീഷ് സൊസൈറ്റി ഫോര്‍ ഹാപ്പി ഡോഗ്‌സും വിക്ഷേപണത്തെ എതിര്‍ത്ത് രംഗത്തെത്തി. അമേരിക്കയില്‍ ഒരു കൂട്ടം പട്ടി പ്രേമികള്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയ്ക്ക് പുറത്ത് മാര്‍ച്ച് നടത്തി.

പക്ഷേ, പ്രതിഷേധങ്ങള്‍ക്കൊണ്ടൊന്നും ഒരു ഗുണവുമുണ്ടായില്ല. സോവിയറ്റ് യൂണിയന്‍ അതിനുശേഷവും നിരവധി പട്ടികളെ ബഹിരാകാശത്തേക്ക് അയച്ചു. അവയില്‍ പലതും യാത്രക്കിടയില്‍ തന്നെ ചത്തുപോയി. പക്ഷേ അവര്‍ക്കൊന്നും ലെയ്ക നേടിയ പേരോ പ്രശസ്തിയോ ലഭിച്ചില്ല. എന്തിന് അവയുടെ ഒന്നിന്റേയും പേര് പോലും ആരും ഓര്‍ത്തുവെച്ചില്ല. ലെയ്കയെ ബഹിരാകാശത്തേക്ക് അയച്ചതിന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോവിയറ്റ് യൂണിയന്‍ ആദ്യമായി മനുഷ്യനെ ശൂന്യാകാശത്തേക്ക് അയക്കുന്നത്. 1961 ഏപ്രില്‍ 12 നായിരുന്നു ലോകത്തെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി എന്ന റെക്കോര്‍ഡ് ഇട്ടുകൊണ്ട് യൂറി ഗഗാറിനുമായി ബഹിരാകാശവാഹനം കുതിച്ചുപൊങ്ങുന്നത്.

Yuri Gagarin | Photo: AFP

നോവായി ലെയ്ക, വൈകി പ്രായശ്ചിത്തവും

റഷ്യന്‍ ശാസ്ത്രജ്ഞരില്‍ എല്ലാവരും കരുണയില്ലാത്തവര്‍ ആയിരുന്നില്ല. അവളോട് അനുകമ്പയോടെ പെരുമാറിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരിലൊരാളായിരുന്നു അവളെ പരിശീലിപ്പിച്ച വ്‌ളാഡിമിര്‍ യസ്‌ഡോവസ്‌കി. ലെയ്കയുമായി വ്‌ളാഡിമിര്‍ യസ്‌ഡോവ്‌സ്‌കി അടുത്തു. ബഹിരാകാശ യാത്രയ്ക്ക് മുമ്പ് അവളെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ജീവിതത്തില്‍ വളരെക്കുറച്ച് സമയം മാത്രം അവശേഷിച്ച ആ പട്ടികള്‍ക്ക് എന്തെങ്കിലും നല്ലത് ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു, എന്നാണ് പിന്നീട് ദൗത്യത്തെക്കുറിച്ചുള്ള പുസ്തകത്തില്‍ വ്‌ളാഡിമിര്‍ യസ്‌ഡോവസ്‌കി കുറിച്ചത്. സ്‌പേസിലേക്ക് അയയ്ക്കുന്നതിന് തൊട്ടുമുമ്പ് ലെയ്കയുടെ മൂക്കില്‍ ചുംബിച്ചാണ് അദ്ദേഹം അവളെ യാത്രയാക്കിയത്.

'മൃഗങ്ങള്‍ക്കൊപ്പമുള്ള ഞങ്ങള്‍ക്കെല്ലാം കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. പക്ഷേ, ഞങ്ങള്‍ അവരെ കുട്ടികളെപ്പോലെയാണ് പരിഗണിച്ചത്, സംസാരിക്കാന്‍ കഴിയാത്ത കുട്ടികളെപ്പോലെ. കാലം കടന്നുപോകുന്തോറും ഞാന്‍ കൂടുതല്‍ ഖേദിക്കുന്നു. ഞങ്ങള്‍ അത് ചെയ്യരുതായിരുന്നു. ലെയ്ക്കയുടെ മരണത്തെ ന്യായീകരിക്കാന്‍ തക്ക വിധത്തില്‍ ഒന്നും ആ ദൗത്യത്തില്‍ നിന്ന് ഞങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല', ലെയ്കയുടെ മരണത്തിന് 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഒലെഗ് ഗാസെങ്കോ ഒരു അഭിമുഖത്തില്‍ പറഞ്ഞു

ഇന്ന് മറ്റെല്ലാ ബഹിരാകാശ യാത്രികരേക്കാളും ലെയ്ക ഓര്‍മിക്കപ്പെടുന്നു. അവളുടെ ഓര്‍മയ്ക്കായി രാജ്യങ്ങള്‍ തപാല്‍ സ്റ്റാമ്പുകള്‍ വരെ പുറത്തിറക്കി. പുസ്തകങ്ങളും സിനിമകളും ടിവി പരിപാടികളും പുറത്തിറങ്ങി. പില്‍ക്കാലത്ത് ലെയ്കയോടുള്ള ആദരസൂചകമായി മോസ്‌കോയിലെ സ്റ്റാര്‍ സിറ്റി ബഹിരാകാശ ഗവേഷണ കേന്ദ്രത്തിനു മുമ്പില്‍ ലെയ്കയുടെ പ്രതിമ സ്ഥാപിച്ചാണ് സോവിയറ്റ് യൂണിയന്‍ അവളോട് പ്രായശ്ചിത്തം ചെയ്തത്. അവളുടെ യാത്ര കഴിഞ്ഞ് വര്‍ഷം ഏറെ പിന്നിട്ടിട്ടും ലെയ്കയും അവള്‍ സഞ്ചരിച്ച പേടകവും ബഹിരാകാശ ചരിത്രത്തിലെ തിളക്കമുള്ള ഓര്‍മയായി ഇന്നും നിലനില്‍ക്കുന്നു.

Content Highlights: Sad Story of Laika, the Space Dog, and Her One-Way Trip Into Orbit


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented