2003-ലെ വേനല്‍ക്കാലം. രാജസ്ഥാനിലെ രണ്‍തംബോര്‍ കടുവ സങ്കേതത്തിലെ ജലസ്ത്രോസുകളൊക്കെയും വറ്റിവരണ്ടു തുടങ്ങി. കുടിനീര് നേടി വന്യമൃഗങ്ങള്‍ പരക്കം പായുന്ന സമയം.  രണ്‍തംബോറിലെ വറ്റാതെ അവശേഷിച്ച ചുരുക്കം ചില ജലസ്രോതസ്സുകളിലൊന്ന് ഒരു പെണ്‍കടുവയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തായിരുന്നു. സാംബർ മാനുകള്‍ (Sambar deer) അടക്കമുള്ള ഇരകള്‍ വെള്ളംതേടി എത്തിയിരുന്നതിനാല്‍ അവിടേക്കു മറ്റ് കടുവകളെ കടക്കാന്‍ അവള്‍ അനുവദിച്ചിരുന്നില്ല. ഒരു ദിവസം, അവള്‍ നോട്ടമിട്ട ഇരയെ ലക്ഷ്യമാക്കി ഒരു മുതല അതിക്രമിച്ചു കയറി. പിന്നീട് നടന്നത്‌ അതിരൂക്ഷമായ പോരാട്ടമായിരുന്നു. അത് മണിക്കൂറുകളോളം നീണ്ടു. പക്ഷേ, ആ പെണ്‍കടുവയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ മുതലയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. അതിന്റെ പിന്‍കഴുത്തില്‍ അവള്‍ പിടുത്തമിട്ടു. ഒടുവില്‍ പതിനാല് അടിയോളം നീളമുള്ള ആ മുതലയെ കടിച്ചുകീറി. അവള്‍ക്ക് മുന്നില്‍ ആ ഭീമന്‍ ചത്തുവീണു. പക്ഷേ, പോരാട്ടത്തില്‍ അവള്‍ക്ക് തന്റെ രണ്ട് പല്ലുകള്‍ നഷ്ടപ്പെട്ടു.

To advertise here,

മച്ച്ലി (Machali or Machli). ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ കടുവ. അവളെ കാണാനും ചിത്രങ്ങള്‍ പകര്‍ത്താനും അന്താരാഷ്ട്ര ഫോട്ടോഗ്രാഫര്‍മാരും വന്യജീവി പ്രേമികളും വിനോദസഞ്ചാരികളും കടുവാസങ്കേതത്തിലേക്ക് ഒഴികിയെത്തി. അവളെ കാണാതെ അവിടേയ്ക്കുള്ള യാത്ര പൂർണമാകില്ലെന്നാണ് വന്യജീവി പ്രേമികൾ കണക്കാക്കിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഫോട്ടോ എടുക്കപ്പെട്ട കടുവയായി മച്ച്‌ലി കരുതപ്പെടുന്നു. 'രണ്‍തംബോര്‍ കടുവാസങ്കേതത്തിലെ രാജ്ഞി', ' രണ്‍തംബോറിന്റെ തറവാട്ടമ്മ' എന്നീ പേരുകളിലെല്ലാം അവള്‍ അറിയപ്പെട്ടു. 2003-ലെ ഏറ്റുമുട്ടല്‍ അവള്‍ക്ക് 'മുതലകളുടെ കൊലയാളി' എന്ന പേരും സമ്മാനിച്ചു. നാഷണല്‍ ജിയോഗ്രാഫിക്, ആനിമല്‍ പ്ലാനറ്റ്, ബി.ബി.സി. തുടങ്ങിയ വിദേശ ചാനലുകള്‍  അവളുടെ കഥ സംപ്രേക്ഷണം ചെയ്തു. ഏതാണ്ട് 20 വര്‍ഷത്തോളം രണ്‍തംബോര്‍ പാര്‍ക്കിന്റെ മുഖമായി അവള്‍ ജീവിച്ചു. മറ്റുള്ള കടുവകളില്‍നിന്ന് തികച്ചും വ്യത്യസ്തയായിരുന്നു അവള്‍. അതുതന്നെയാകും അവളെ പ്രിയപ്പെട്ടതാക്കിയതും.

placeholder
 രണ്‍തംബോര്‍ ദേശീയ ഉദ്യാനം | ഫോട്ടോ: മധുരാജ് | മാതൃഭൂമി

മച്ച്‌ലിയുടെ കഥ തുടങ്ങുന്നു 

സാധാരണയായി രാജസ്ഥാനിലെ  രണ്‍തംബോറില്‍ ജൂണ്‍ അവസാനവാരത്തില്‍ തുടങ്ങുന്ന മണ്‍സൂണ്‍ സീസണ്‍ സെപ്റ്റംബര്‍ അവസാനത്തോടെയാണ് അവസാനിക്കുന്നത്. 1997-ലെ അത്തരമൊരു മണ്‍സൂണ്‍ സീസണിലാണ് മച്ച്‌ലി ജനിച്ചത്. 'മച്ച്‌ലി-1' എന്ന വിളിക്കപ്പെട്ട പെണ്‍കടുവയുടെ കുട്ടിയായിരുന്നു അവള്‍. മച്ച്‌ലി- ഒന്നിന് പിറന്ന മൂന്ന് കടുവക്കുട്ടികളില്‍ ഏറ്റവും ആരോഗ്യമുള്ള കുഞ്ഞ്. മുഖത്ത് മത്സ്യത്തിന്റേത് പോലുള്ള വരയുള്ളതിനാലാണ് അവളെ മച്ച്‌ലി (മത്സ്യം) എന്ന് വിളിച്ചത്. അവളുടെ അമ്മയ്ക്കും മുഖത്ത് മത്സ്യത്തിന്റേത് പോലെയുള്ള വരയുണ്ടായിരുന്നു. വലത് കവിളിലായിരുന്നു മച്ച്‌ലി- ഒന്നിന് മത്സ്യത്തിന്റെത് പോലുള്ള ഒരു അടയാളമുണ്ടായിരുന്നത്. അതേ അടയാളത്തോടെ ജനിച്ച മകള്‍ക്കും അതേ പേര് ലഭിച്ചു. രണ്‍തംബോര്‍ ദേശീയോദ്യാനത്തിലെ കടുവകള്‍ക്ക് പ്രത്യേകിച്ച് പേരുകള്‍ നല്‍കിയിരുന്നില്ല. അക്കങ്ങളാലാണ് സാധാരണ അവരെ തിരിച്ചറിഞ്ഞിരുന്നത്. 2002-ല്‍ സംപ്രേക്ഷണം ചെയ്ത ഒരു ബി.ബി.സി. ഡോക്യുമെന്ററി ഫിലിമിലാണ് അവളെ 'മച്ച്ലി' എന്ന് വിളിച്ചത്. അതിനുശേഷം പേര് സ്ഥിരമായി. 

പേര് ലഭിച്ചതുപോലെതന്നെ മറ്റുള്ള കടുവക്കുട്ടികളില്‍ നിന്നെല്ലാം വ്യത്യസ്തയായിരുന്നു മച്ച്‌ലി. വളരെ ചെറുപ്പത്തില്‍ തന്നെ ഭയരഹിതവും സ്വതന്ത്രവുമായ സ്വഭാവമായിരുന്നു മച്ച്‌ലിയുടേത്. കുഞ്ഞുങ്ങളുടെ കൂട്ടത്തില്‍ മച്ച്‌ലി കരുത്തയായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ വേട്ടയാടല്‍ വൈദഗ്ദ്ധ്യം തെളിയിച്ചു. അമ്മക്കടുവയ്‌ക്കൊപ്പം വേട്ടയാടലിന്റെ പാഠങ്ങളും ടെക്‌നിക്കുകളും പഠിച്ചെടുത്ത അവള്‍ ആദ്യത്തെ രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ സ്വന്തമായി വേട്ടയാടാന്‍ തുടങ്ങി. ഏറെ താമസിയാതെ സ്വന്തം പ്രദേശത്തിനായി അവള്‍ അമ്മയെ നേരിട്ടു. 1999 അവസാനത്തോടെ പൂര്‍ണവളര്‍ച്ചയെത്തിയ അവള്‍ ദേശീയ ഉദ്യാനത്തിലെ തടാകപ്രദേശത്തിന് ചുറ്റുമുള്ള അമ്മയുടെ പ്രദേശത്തിന്റെ വലിയൊരു ഭാഗം കൈക്കലാക്കി. ഇതോടെ 'ലേഡ് ഓഫ് ദി ലേക്ക്', 'ക്യൂന്‍ ഓഫ് ജങ്കിള്‍' എന്നീ പേരുകളിലും അവള്‍ അറിയപ്പെട്ടു. പിന്നാലെ സ്വന്തം കുടുംബം വലുതാക്കുകയും സ്വന്തം പ്രദേശത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കുകയും ചെയ്തു. രണ്‍തംബോര്‍ സന്ദര്‍ശിക്കുന്ന വന്യജീവിപ്രവര്‍ത്തകര്‍ക്ക് സുപരിചിതയായിരുന്നു മച്ച്‌ലി. ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം അവള്‍ ആ കടുവാസങ്കേതം അടക്കിഭരിച്ചു.

മച്ച്‌ലിയുടെ സന്തതിപരമ്പരകള്‍

അസാധാരണ കടുവയായിരുന്നു മച്ച്‌ലി. മറ്റുള്ള കടുവകളില്‍നിന്ന് തികച്ചും വ്യത്യസ്തമായ ചില പ്രത്യേകതകള്‍ അവള്‍ക്കുണ്ടായിരുന്നു. കടുവകള്‍ സാധാരണയായി അവരുടെ ജീവിതകാലത്ത് രണ്ടോ മൂന്നോ തവണയാണ് ഗര്‍ഭം ധരിക്കുക. പക്ഷേ, 1999 മുതല്‍ 2006 വരെയുള്ള ഏഴ് വര്‍ഷത്തിനിടയില്‍ മച്ച്‌ലി അഞ്ച് പ്രാവശ്യം ഗര്‍ഭം ധരിച്ചു. ഏഴ് പെണ്ണും നാല് ആണും അടക്കം പതിനൊന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. രണ്‍തംബോര്‍ കടുവാസങ്കേതത്തിലെ കടുവകളുടെ എണ്ണം ഉയര്‍ത്തുന്നതില്‍ മച്ച്‌ലിയുടെ സന്തതിപരമ്പര വലിയ പങ്കാണ് വഹിച്ചത്.  രണ്‍തംബോറില്‍ 2004-ല്‍ 15 കടുവകളുണ്ടായിരുന്നത് പത്ത് വര്‍ഷംകൊണ്ട് 50 കടുവകളായി. പാര്‍ക്കിലെ കടുവകളില്‍ പകുതിയിലേറെയും അവളുടെ വംശപരമ്പരയില്‍പ്പട്ടവയായിരുന്നു. 2008-ല്‍ അവളുടെ രണ്ട് പെണ്‍കുഞ്ഞുങ്ങളെ സരിസ്‌ക ടൈഗര്‍ റിസര്‍വിലേക്ക് മാറ്റുകയും ആ പാര്‍ക്കിലെ കടുവകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തു.  രണ്‍തംബോറിലെയും സരിസ്‌കയിലേയും കടുവകളില്‍ 60 ശതമാനവും അവളുടെ സന്തതിപരമ്പരകളായിരുന്നു. 

മെയില്‍ എക്‌സ് എന്ന് പേരുള്ള ആണ്‍കടുവയുമായാണ് മച്ച്‌ലി ആദ്യം ഇണചേരുന്നത്. തുടര്‍ന്ന് അവള്‍ രണ്ട് പെണ്‍ കടുവക്കുഞ്ഞുങ്ങളെ പ്രസവിച്ചു. 2000-ലെ വേനല്‍ക്കാലത്ത് അവള്‍ ബാംബു റാം എന്ന് വിളിക്കപ്പെടുന്ന  രണ്‍തംബോറിലെ അന്നത്തെ ഏറ്റവും വലിയ ആണ്‍കടുവയുമായി ഇണചേര്‍ന്നു.  ആ മഴക്കാലത്തിന്റെ തുടക്കത്തില്‍ രണ്ട് ആൺകുഞ്ഞുങ്ങളെ പ്രസവിച്ചു. തിരിച്ചറിയാനായി 'ബ്രോക്കണ്‍ ടെയില്‍', 'സ്ലാന്റ് ഇയര്‍' എന്നിങ്ങനെയാണ് അവയെ വിളിച്ചത്. 2001 ഡിസംബര്‍ അവസാനത്തോടെ രണ്ട് കുഞ്ഞുങ്ങളും അമ്മയില്‍ നിന്ന് വേർപിരിഞ്ഞു. മച്ച്‌ലിയുടെ അടുത്തുനിന്ന് വേര്‍പിരിഞ്ഞതിന് പിന്നാലെ 'സ്ലാന്റ് ഇയര്‍' അപ്രത്യക്ഷമായി, പിന്നീടൊരിക്കലും അതിനെ പ്രദേശത്ത് കണ്ടില്ല. 'ബ്രോക്കണ്‍ ടെയില്‍' 2003-ന്റെ ആരംഭം വരെ പാര്‍ക്കിലുണ്ടായിരുന്നു. തുടര്‍ന്ന് കോട്ടയിലെ ഡാര സാങ്ച്വറിയിലേക്ക് നീങ്ങിയ ആ കടുവയെ 2003 ഓഗസ്റ്റില്‍ ഒരു പാസഞ്ചര്‍ ട്രെയിൽ ഇടിച്ചു.

2002-ന്റെ തുടക്കത്തില്‍ മച്ച്‌ലി, 'നിക്ക് ഇയര്‍' എന്ന് വിളിക്കപ്പെടുന്ന മറ്റൊരു ആണ്‍കടുവയുമായി ഇണചേരുകയും ഏപ്രിലില്‍ വീണ്ടും പ്രസവിക്കുകയും ചെയ്തു. 2002 ജൂണില്‍ മൂന്ന് കുഞ്ഞുങ്ങളെ കണ്ടിരുന്നുവെങ്കിലും ഒക്ടോബറില്‍ പാര്‍ക്ക് വീണ്ടും തുറന്നപ്പോള്‍ രണ്ടെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവശേഷിച്ച രണ്ടെണ്ണത്തില്‍ ഒന്ന് ആണും മറ്റൊന്ന് പെണ്ണുമായിരുന്നു. അവ 'ജുംറൂ', 'ജുംരി' എന്നീ പേരുകളിലാണ് അറിയപ്പെട്ടത്. അന്നത്തെ ഡെപ്യൂട്ടി ഫീല്‍ഡ് ഡയറക്ടറായിരുന്ന ജി. എസ്.ഭരദ്വാജാണ് കടുവക്കുട്ടികള്‍ക്ക് പേരിട്ടത്. 2004 അവസാനം വരെ ഇരുവരും തടാകക്കരയില്‍ മച്ച്‌ലിക്കൊപ്പമുണ്ടായിരുന്നു. ജുംരിയെ മച്ച്‌ലി കൂട്ടത്തില്‍നിന്ന് പുറത്താക്കിയതിന് ശേഷം പാര്‍ക്കില്‍ കണ്ടിട്ടില്ല. ജുംറൂ കുറച്ച് മാസങ്ങള്‍ തുടര്‍ന്നു. തുടര്‍ന്ന് പാര്‍ക്കിലെ മറ്റൊരു പ്രദേശത്തേക്ക് മാറി. ഇതിനിടെ മച്ച്‌ലി വീണ്ടും ഇണചേരുകയും 2005 മാര്‍ച്ചില്‍  രണ്ട് കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്തു. 2006 ലെ മണ്‍സൂണ്‍ സീസണ്‍വരെ അവര്‍ മച്ച്‌ലിക്കൊപ്പമുണ്ടായിരുന്നു. 2006-ലെ വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ അവള്‍ വീണ്ടും ഇണചേര്‍ന്നു. മണ്‍സൂണ്‍ അവസാനത്തോടെ അവള്‍ മൂന്ന് പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചു. സുന്ദരി, കൃഷ്ണ, ബഘ്‌നി എന്നിങ്ങനെയാണ് അവരെ വിളിച്ചത്. 

placeholder
 രണ്‍തംബോര്‍ ദേശീയ ഉദ്യാനത്തിലെ കടുവകള്‍ | ഫോട്ടോ: മധുരാജ് | മാതൃഭൂമി

പ്രശസ്തിയിലേക്കുയര്‍ത്തിയ ആക്രമണം

വേട്ടയാടാനുള്ള കഴിവിനും ശക്തിക്കും പേരുകേട്ടവളായിരുന്നു മച്ച്‌ലി. രണ്‍തംബോര്‍ കടുവ സങ്കേതത്തില്‍ നടന്ന ഒരു അപ്രതീക്ഷിത ആക്രമണമാണ് മച്ച്ലിയെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. 2003 ജൂണ്‍ 27-നായിരുന്ന വളരെ അപൂര്‍വമായി മാത്രം സംഭവിച്ചേക്കാവുന്ന ആ ഏറ്റുമുട്ടല്‍ നടന്നത്. ആ വര്‍ഷം വേനല്‍ കടുത്തതിനാല്‍ തന്നെ കടുവ സങ്കേതത്തിലെ ജലസ്‌ത്രോസുകളൊക്കെയും വറ്റിവരണ്ടുതുടങ്ങി. ഇതോടെ മൃഗങ്ങള്‍ പലപ്പോഴും ഭക്ഷണത്തിനോ വെള്ളത്തിനോ വേണ്ടി പരസ്പരം പ്രദേശങ്ങളിലേക്ക് കടന്നിരുന്നു.വറ്റാതെ അവശേഷിച്ച ചുരുക്കം ചില ജലസ്രോതസ്സുകളിലൊന്ന് മച്ച്‌ലിയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തായിരുന്നു. അത് അവള്‍ കഠിനമായി സംരക്ഷിച്ചു. ആ വേനല്‍ക്കാലത്ത് ഇരയെ കണ്ടെത്താനും പ്രയാസമായിരുന്നു. അതിനാല്‍ തന്നെ മച്ച്‌ലി ഒരിക്കലും മറ്റ് കടുവകളെ അവളുടെ പ്രദേശത്തേക്ക് അടുപ്പിച്ചില്ല. അവിടേക്കെത്തിയ ഒരു ഇരയെ അവള്‍ നോട്ടമിട്ടു. പക്ഷേ, അപ്രതീക്ഷിതമായി ഒരു മുതലയും അതേ ഇരയെ ലക്ഷ്യമാക്കി അവിടേയ്ക്ക് അതിക്രമിച്ചു കയറി. ഇതോടെ മച്ച്‌ലി മുതലയെ നേരിട്ടു

ഇരുവരും തമ്മില്‍ മണിക്കൂറുകളോളം രൂക്ഷമായ പോരാട്ടം നീണ്ടു. കടുവകളും മുതലകളും കാലങ്ങളായി രണ്‍തംബോര്‍ വനമേഖലയില്‍ ഒന്നിച്ച് താമസിക്കുന്നതാണ്. പക്ഷേ, ഒരിക്കലും പരസ്പരം ഏറ്റുമുട്ടിയിട്ടില്ല. ഇരുജീവികളും തമ്മില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ പോരാട്ടം മച്ച്ലിയും അവളുടെ എതിരാളിയും തമ്മിലുള്ളതായിരുന്നു.പോരാട്ടത്തില്‍ അവസാനവിജയം മച്ച്‌ലിക്കൊപ്പമായിരുന്നു. 14 അടി നീളമുള്ള മുതലയെ അവള്‍ വേട്ടയാടി കൊന്നു. ഏറ്റുമുട്ടലിൽ അവള്‍ക്ക് രണ്ട് പല്ലുകള്‍ നഷ്ടപ്പെട്ടു. വന്യജീവിപ്രേമികളേയും ഫോട്ടോ​ഗ്രാഫർമാരേയും സാക്ഷിയാക്കിയാണ് ആ സംഭവം നടന്നത്. അവരില്‍ ചിലര്‍ അത് തങ്ങളുടെ ക്യാമറകളില്‍ പകര്‍ത്തി. ആ പോരാട്ടം മച്ച്‌ലിയെ പ്രശസ്തിയിലേക്കുയര്‍ത്തി.

മച്ച്‌ലി ആരെയും അവളെ പോരാടി തോല്‍പ്പിക്കാന്‍ അനുവദിക്കില്ല; അത് എതിരാളി അവളേക്കാള്‍ ചെറുപ്പവും ശക്തവുമാണെങ്കില്‍ പോലും. മുതലയുമായുള്ള അവളുടെ പോരാട്ടം മാത്രമല്ല ഇതിന് തെളിവ്. 2009-ല്‍, ടി-28 എന്ന ആണ്‍കടുവയെ അവള്‍ പോരാടി തോല്‍പ്പിച്ചിരുന്നു. അവള്‍ കൊന്ന ഒരു സാംബർ മാനിന് മേൽ അവകാശവാദം ഉന്നയിക്കാന്‍ ശ്രമിച്ചതാണ് വലിയ ആക്രമണത്തില്‍ കലാശിച്ചത്. ആണ്‍കടുവകളില്‍ നിന്നും മറ്റ് മൃഗങ്ങളില്‍ നിന്നുമുള്ള ഭീഷണികളില്‍ നിന്ന് തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിലെ ശ്രദ്ധയ്ക്ക് പേരുകേട്ടവളായിരുന്നു അവള്‍.

placeholder
മച്ച്‌ലിയും മുതലയും ഏറ്റുമുട്ടിയപ്പോള്‍ |  Photo: Screengrab from video posted on samuigohan/youtube.com

 രണ്‍തംബോറിലെ രാജ്ഞി

2014-ന്റെ തുടക്കത്തില്‍, മച്ച്‌ലി അവള്‍ കാണപ്പെടുന്ന പതിവ് പ്രദേശത്ത് നിന്ന് അപ്രത്യക്ഷനായി. തിരോധാന വാര്‍ത്ത കടുവാസങ്കേതത്തെ മാത്രമല്ല, ലോകമെമ്പാടുമുള്ള വന്യജീവിപ്രേമികളില്‍ ആശങ്ക ഉയര്‍ത്തി. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കി. വനം വകുപ്പും  രണ്‍തംബോറിലെ മിക്കവാറും എല്ലാവരും അവള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ഏതാണ്ട് 200-ലധികം ജീവനക്കാരാണ് അവള്‍ക്കായി തിരച്ചില്‍ നടത്തിയത്. ഓരോ ദിവസം കഴിയുന്തോറും പ്രതീക്ഷ മങ്ങി. മൂന്നാഴ്ചയോളം അവളെക്കുറിച്ചുള്ള ഒരു വിവരവും ലഭിച്ചില്ല. ഒരുവേള അവള്‍ മരണപ്പെട്ടിരിക്കാം എന്ന് സംശയമുണ്ടായി. പക്ഷേ, പ്രതീക്ഷ കൈവിടാന്‍ അവര്‍ തിരച്ചില്‍ തുടര്‍ന്നു. ഏകദേശം ഒരു മാസത്തിന് ശേഷമാണ് അവളെ കണ്ടത്താന്‍ സാധിച്ചത്. അപ്രതീക്ഷിതമായി വനംവകുപ്പിന്റെ ജിപ്സിക്ക് മുന്നില്‍ അവള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. കണ്ടെത്തുമ്പോഴും പൂര്‍ണ ആരോഗ്യവതിയായിരുന്നു അവള്‍. പാര്‍ക്കിലെ ജീവനക്കാര്‍ ഭക്ഷണം നല്‍കാന്‍ ശ്രമിച്ചിട്ടും സ്വയം ഇരയെ വേട്ടയാടി ഭക്ഷിച്ച് നിബിഢവനത്തില്‍ തന്നെ കഴിയാനാണ് അവള്‍ ഇഷ്ടപ്പെട്ടത്. 

അവസാനനാളുകളില്‍ വനംവകുപ്പ് അവളെ കാര്യമായി പരിചരിച്ചിരുന്നു. പക്ഷേ, പ്രായാധിക്യം മൂലം മച്ച്‌ലിക്ക് മിക്കവാറും എല്ലാ പല്ലുകളും ഒരു കണ്ണിന്റെ കാഴ്ചശക്തിയും നഷ്ടപ്പെട്ടിരുന്നു. അവസാനത്തെ പ്രസവത്തിലെ കുട്ടി സുന്ദരി അവളെ പ്രദേശത്ത് നിന്ന് പുറത്താക്കി. അതോടെ അവള്‍ക്ക് സ്വന്തം ടെറിട്ടറിയും നഷ്ടപ്പെട്ടു. അവള്‍ക്ക് സ്വന്തമായി വേട്ടയാടുന്നത് അസാധ്യമായിരുന്നതിനാല്‍ വനം വകുപ്പ് മൃഗങ്ങളെ കയറില്‍ ബന്ധിച്ച് നല്‍കി. പാര്‍ക്ക് ജീവനക്കാര്‍ അവള്‍ക്ക് ഭക്ഷണം നല്‍കി. അവളുടെ കാര്യങ്ങള്‍ക്കായി ഒരു ഗാര്‍ഡ് എപ്പോഴും ഉണ്ടായിരുന്നു. പക്ഷേ, ഈ ഇടപെടല്‍ വിവാദമായി. സാധാരണ കടുവകള്‍ ജീവിക്കുന്നതിലും കാലം മച്ച്‌ലി ജീവിക്കാന്‍ ഇത് വഴിവെച്ചുവെന്നായിരുന്നു വന്യജീവിസംരക്ഷകര്‍ ഉയര്‍ത്തിയ ആരോപണം. 2016 ഓഗസ്റ്റില്‍ അവളുടെ സ്ഥിതി ഗുരുതരാവസ്ഥയിലായി. പ്രായാധിക്യമുള്ളതിനാല്‍ ചികിത്സ തുടര്‍ന്നിട്ടും ഫലമുണ്ടായില്ല. 2016 ഓഗസ്റ്റ് 18-ന് 'മച്ച്ലി' അവസാനശ്വാസം വലിച്ചു. കാട്ടിലെ കടുവകളുടെ ശരാശരി ആയുസ്സ് 10 മുതല്‍ 15 വര്‍ഷം വരെയാണ് കണക്കാക്കുന്നത്. പക്ഷേ അവള്‍ 19 വയസുവരെ ജീവിച്ചു. പരമ്പരാഗത  ആചാരങ്ങള്‍ പാലിച്ചാണ് അവളെ സംസ്‌കരിച്ചത്.
 
നാഷണല്‍ ജിയോഗ്രാഫിക്, ആനിമല്‍ പ്ലാനറ്റ് ചാനലുകളില്‍ ടൈഗര്‍ ക്വീന്‍ എന്ന പേരില്‍ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി ഉള്‍പ്പെടെ നിരവധി വൈല്‍ഡ് ലൈഫ് ഡോക്യുമെന്ററികളില്‍ അവര്‍ പ്രത്യക്ഷപ്പെട്ടു. 2012-ല്‍, ബിബിസിയുടെ നാച്ചുറല്‍ വേള്‍ഡില്‍ 'കടുവകളുടെ രാജ്ഞി: നാച്ചുറല്‍ വേള്‍ഡ് സ്‌പെഷ്യല്‍' എന്ന എപ്പിസോഡില്‍ മച്ച്‌ലിയുടെ കഥ സംപ്രേഷണം ചെയ്തിരുന്നു. ഇന്ത്യയ്ക്ക് ഗണ്യമായ വരുമാനം നേടിക്കൊടുത്ത ഒരു വിനോദസഞ്ചാര ആകര്‍ഷണമായിരുന്നു മച്ച്‌ലി. രാജസ്ഥാന്‍ ടൂറിസത്തിന് പ്രതിവര്‍ഷം 66 കോടി വരുമാനം മച്ച്‌ലി ഉണ്ടാക്കിക്കൊടുത്തുവെന്നാണ് കണക്കാക്കുന്നത്. പാരിസ്ഥിതികവും സാമ്പത്തികവുമായ സംഭാവനകള്‍ കണക്കിലെടുത്ത് 2013-ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സ്മരണികയായി തപാല്‍ കവറും സ്റ്റാമ്പും പുറത്തിറക്കി. ലോകത്തിലെ ഏറ്റവും പ്രശസ്തമായ കടുവ എന്ന മച്ച്ലിയെക്കുറിച്ചുള്ള ചിത്രത്തിന് 2018-ലെ ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. 

References: