
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ച് നടന്ന 18-ാമത് ബ്രിക്‌സ് (BRICS) ഉച്ചകോടി, ഇന്ത്യയുടെ അന്താരാഷ്ട്ര നയതന്ത്ര ചരിത്രത്തിലെ നിർണ്ണായകമായ ഒരു നാഴികക്കല്ലാണ്. യോഗത്തിന്റെ ആദ്യ ദിവസം തന്നെ സംയുക്ത പ്രമേയം ഐകകണ്‌ഠ്യേനെ പാസാക്കാൻ സാധിച്ചു എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായക നയതന്ത്ര വിജയമാണ്. എന്നാൽ അതിൽ മാത്രം ഒതുങ്ങുന്നതല്ല ഈ ഉച്ചകോടികൊണ്ട് ഇന്ത്യയ്ക്കുണ്ടായ നേട്ടം. ഉച്ചകോടിയിലെത്തിയ 15 രാജ്യങ്ങളുമായി ഇന്ത്യ നേരിട്ട് ചർച്ചകൾ നടത്തി. ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, അപൂർവ ധാതുക്കൾ, പ്രതിരോധ കയറ്റുമതി അങ്ങനെ വിവിധ മേഖലകളിൽ ഈ ചർച്ചകൾ ഇന്ത്യയ്ക്ക് നേരിട്ട് ഗുണം ചെയ്തു.
'സ്ഥിരത, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായുള്ള നിർമ്മിതി' (Building for Resilience, Innovation, Cooperation and Sustainability) എന്ന് ബ്രിക്‌സിന് മറ്റൊരു വിശാലമായ അർഥം നൽകിയാണ് ഇന്ത്യയിൽ ഇത്തവണ ഉച്ചകോടി നടന്നത്. ഇതേ പ്രമേയത്തിൽ ഊന്നി നടന്ന ഈ ഉച്ചകോടിയിലൂടെ, ആഗോള ഭരണസംവിധാനങ്ങളിലെ ഘടനാപരമായ വൈകല്യങ്ങൾ പരിഹരിക്കാനും ഗ്ലോബൽ സൗത്തിന്റെ ശബ്ദം അന്താരാഷ്ട്ര തലത്തിൽ കൂടുതൽ വ്യക്തമായി ഉന്നയിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യയുടെ അധ്യക്ഷതയിൽ ബ്രിക്‌സുമായി ബന്ധപ്പെട്ട് രാജ്യത്തെ 30 നഗരങ്ങളിലായി 400-ലധികം യോഗങ്ങളും ഔദ്യോഗിക സംവാദങ്ങളുമാണ് സംഘടിപ്പിക്കപ്പെട്ടത്. പശ്ചിമേഷ്യൻ സംഘർഷങ്ങൾ, റഷ്യ-യുക്രൈൻ യുദ്ധം, വൻശക്തികൾക്കിടയിലെ വ്യാപാര തർക്കങ്ങൾ, ഏകപക്ഷീയ ഉപരോധങ്ങൾ എന്നിവ കാരണം ആഗോള സാമ്പത്തിക-രാഷ്ട്രീയ അന്തരീക്ഷം അതീവ സങ്കീർണ്ണമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ ഉച്ചകോടിയുടെ നടത്തിപ്പ് എന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. പശ്ചിമേഷ്യൻ വിഷയത്തിൽ പരസ്പരവിരുദ്ധമായ നിലപാടുകൾ വെച്ചുപുലർത്തുന്ന ഇറാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളെയും, അന്താരാഷ്ട്ര തലത്തിൽ തന്ത്രപ്രധാന സ്ഥാനമുള്ള റഷ്യ, ചൈന എന്നീ വൻശക്തികളെയും ഒരു മേശയ്ക്കു ചുറ്റുമിരുത്തി 140 പോയിന്റുകളടങ്ങിയ ന്യൂഡൽഹി പ്രഖ്യാപനം എന്ന സംയുക്ത പ്രസ്താവന ഐകകണ്‌ഠ്യേന അംഗീകരിപ്പിക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ നയതന്ത്രത്തിന്റെ മാതൃകാപരമായ വിജയമാണ്. ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദിവസങ്ങളിലായി 15 പ്രമുഖ രാജ്യങ്ങളുടെ തലവന്മാരുമായി ഔദ്യോഗിക ഉഭയകക്ഷി ചർച്ചകൾ നടത്തി. കൂടാതെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ന്യൂ ഡെവലപ്മെന്റ് ബാങ്ക് (NDB) ഭാരവാഹികൾ, ബ്രിക്‌സ് ബിസിനസ് ഫോറം പ്രതിനിധികൾ എന്നിവരുമായി പ്രത്യേക സംവാദങ്ങളും അദ്ദേഹം സംഘടിപ്പിച്ചു.
പ്രതിരോധത്തിൽ നേട്ടം, നിക്ഷേപമിറക്കി യുഎഇ
തദ്ദേശീയ പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതി വ്യാപിപ്പിക്കുന്നതിനും ഇന്തോ-പസഫിക്, മധ്യ ഏഷ്യൻ, ആഫ്രിക്കൻ മേഖലകളിൽ സ്വന്തം സ്വാധീനം ഉറപ്പിക്കുന്നതിനും ഇന്ത്യ ഉച്ചകോടിയെ സമർത്ഥമായി വിനിയോഗിച്ചു. ഫിലിപ്പീൻസുമായുള്ള 375 മില്യൺ ഡോളർ ബ്രഹ്‌മോസ് മിസൈൽ കരാറിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളും പരിശീലനങ്ങളും പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, പ്രതിരോധ സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. കൂടാതെ, മലേഷ്യൻ പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ ഇന്ത്യൻ നിർമ്മിത ബ്രഹ്‌മോസ് മിസൈൽ സിസ്റ്റം മലേഷ്യൻ സായുധ സേനയ്ക്ക് ലഭ്യമാക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. റഷ്യയുമായുള്ള ചർച്ചകളിൽ, അന്താരാഷ്ട്ര ഉപരോധങ്ങൾ നിലനിൽക്കെത്തന്നെ ഇന്ത്യയ്ക്കുള്ള എസ് -400 എയർ ഡിഫൻസ് സംവിധാനത്തിന്റെ അഞ്ചാമത്തെ റെജിമെന്റ് കൃത്യസമയത്ത് എത്തിച്ചുനൽകുമെന്ന് റഷ്യ ഉറപ്പുനൽകി. ഇതോടൊപ്പം ബ്രഹ്‌മോസ് മിസൈലുകളുടെ സാങ്കേതിക നവീകരണവും ദീർഘദൂര എയർ-ടു-എയർ മിസൈലുകളായ RVV-BD കൈമാറുന്നതിനുള്ള ചർച്ചകളും പുരോഗമിച്ചു. ഇന്ത്യാ-ചൈന അതിർത്തി മേഖലയിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള കാര്യങ്ങളിലും പുരോഗതി ഉണ്ടായിട്ടുണ്ട്. ചൈനീസ് പ്രസിഡന്റുമായുള്ള ചർച്ചയിൽ, അതിർത്തി മാനേജ്മെന്റിനായി കിഴക്കൻ, മധ്യ മേഖലകളിൽ രണ്ട് പുതിയ സൈനിക ഹോട്ട്ലൈനുകൾ സ്ഥാപിക്കാനും രണ്ട് പുതിയ സൈനിക കമാൻഡർ തല മീറ്റിംഗ് പോയിന്റുകൾ നിശ്ചയിക്കാനും ധാരണയായി.
ആഗോള സാമ്പത്തിക സങ്കീർണ്ണതകൾക്കിടയിലും വിദേശ നിക്ഷേപങ്ങൾ ഇന്ത്യയിലേക്ക് ആകർഷിക്കാനും തദ്ദേശീയ വ്യവസായങ്ങൾക്ക് വിദേശ വിപണികളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും ഉച്ചകോടി വഴി സാധിച്ചു. അബുദാബി കിരീടാവകാശിയുമായുള്ള ചർച്ചയുടെ ഫലമായി ഒഡീഷയിൽ ഏകദേശം 95,000 കോടി രൂപ മൂല്യമുള്ള ഗ്രീൻഫീൽഡ് ഇന്റഗ്രേറ്റഡ് അലുമിനിയം പദ്ധതി സ്ഥാപിക്കപ്പെടുമെന്ന് പ്രഖ്യാപിക്കപ്പെട്ടു. ആഫ്രിക്കൻ രാജ്യമായ എത്യോപ്യ തങ്ങളുടെ സമ്പന്നമായ സ്വാഭാവിക ധാതു മേഖലയിലും ഖനന പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ ഇന്ത്യൻ പൊതു-സ്വകാര്യ മേഖലയിലെ കമ്പനികളെ ഔദ്യോഗികമായി ക്ഷണിച്ചു. വിതരണ ശൃംഖലകളിൽ നിർണ്ണായക പങ്കുവഹിക്കുന്ന സെമികണ്ടക്ടർ മേഖലയിൽ മലേഷ്യയുമായി സാങ്കേതിക പങ്കാളിത്തം കെട്ടിപ്പടുക്കാനും അവശ്യ ധാതുക്കളുടെ ലഭ്യത ഉറപ്പാക്കാൻ ഖസാക്കിസ്ഥാനുമായി കൂടുതൽ ആഴത്തിലുള്ള സഹകരണത്തിനും ഇന്ത്യ വഴിതുറന്നു. അന്താരാഷ്ട്ര വാണിജ്യത്തിൽ ഡോളറിന്മേലുള്ള അമിത ആശ്രിതത്വം കുറയ്ക്കുന്നതിന്റെ ഭാഗമായി, അംഗരാജ്യങ്ങളുടെ ദേശീയ ആഭ്യന്തര മുൻഗണനകളെ മാനിച്ചുകൊണ്ട് പ്രാദേശിക കറൻസികളിൽ വ്യാപാരം നടത്താനുള്ള സാങ്കേതിക സംവിധാനങ്ങൾക്ക് 'ബ്രിക്‌സ് പേയ്മെന്റ് ടാസ്‌ക് ഫോഴ്സ്' (BRICS Payment Task Force) രൂപം നൽകി. അതേസമയം, ഒരു പൊതു ബ്രിക്‌സ് കറൻസി എന്ന ആശയത്തിന് പകരം തദ്ദേശീയ കറൻസികളുടെ പരസ്പര കൈമാറ്റം സുഗമമാക്കുക എന്ന പ്രായോഗിക നിലപാടാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ നാലാം വ്യവസായ വിപ്ലവത്തിന്റെ സാങ്കേതികവിദ്യകളും ഡിജിറ്റൽ ഓട്ടോമേഷനും നടപ്പിലാക്കുന്നതിനായി 'ഇന്ത്യ സെന്റർ ഫോർ ബ്രിക്‌സ് ഇൻഡസ്ട്രിയൽ കോംപറ്റൻസീസ്' ഇന്ത്യയിൽ സ്ഥാപിക്കാൻ ധാരണയായി.
ന്യൂഡൽഹി പ്രഖ്യാപനത്തിലെ തന്ത്രപ്രധാന വിജയങ്ങൾ
ഐകകണ്‌ഠ്യേന അംഗീകരിക്കപ്പെട്ട 140 പോയിന്റുകളുള്ള ന്യൂഡൽഹി പ്രഖ്യാപനത്തിൽ ഇന്ത്യയുടെ സുരക്ഷാ-സാമ്പത്തിക താല്പര്യങ്ങൾ വ്യക്തമായി ഉൾപ്പെടുത്താൻ സാധിച്ചു എന്നതാണ് പ്രധാനം. 2025 ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ കടുത്ത ഭാഷയിൽ ന്യൂഡൽഹി പ്രഖ്യാപനം അപലപിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾ, ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായങ്ങൾ, ഭീകരരുടെ സുരക്ഷിത താവളങ്ങൾ എന്നിവയ്ക്കെതിരെ ഒരു വിട്ടൂവീഴ്ചയുമില്ലെന്ന് (zero tolerance) ഉച്ചകോടി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് അർഹമായ പ്രാതിനിധ്യം വേണമെന്ന് വ്യക്തമാക്കിയ പ്രഖ്യാപനത്തിൽ, കൗൺസിലിൽ ഇന്ത്യയ്ക്കും ബ്രസീലിനും വലിയ പങ്ക് നൽകുന്നതിനെ സ്ഥിരം അംഗങ്ങളായ റഷ്യയും ചൈനയും പിന്തുണച്ചു എന്നതാണ് ശ്രദ്ധേയം. രക്ഷാസമിതി വിപുലീകരണത്തിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം എന്ന ആവശ്യമുയരുമ്പോൾ ചൈന എങ്ങനെ പ്രതികരിക്കുമെന്നതിൽ നിലവിലെ അനുകൂല മനോഭാവം പ്രയോജനപ്പെടുമോയെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ഒരു 'ബ്രിക്‌സ് റിസ്‌ക് ലാബ്' (BRICS Risk Lab) സ്ഥാപിക്കാനുള്ള ഇന്ത്യയുടെ നിർദ്ദേശത്തിന് പ്രാഥമിക അനുമതി ലഭിച്ചു. ബെംഗളൂരുവിലെ നിംഹാൻസ് (NIMHANS) കേന്ദ്രമാക്കി ബ്രിക്‌സ് രാജ്യങ്ങളിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ സംയോജിത ശൃംഖല രൂപീകരിക്കാൻ തീരുമാനമായി. ആഗോള വ്യാപാരത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന കപ്പൽ ജീവനക്കാർക്കും നാവികർക്കും സുരക്ഷ ഉറപ്പാക്കാൻ 'സീഫെയറേഴ്‌സ് എമർജൻസി സപ്പോർട്ട് നെറ്റ്വർക്ക്' (Seafarers Emergency Support Network) രൂപീകരിക്കാൻ ഇന്ത്യ ആഹ്വാനം ചെയ്തു. ബ്രിക്‌സ് അധ്യക്ഷത ഓരോ വർഷവും മാറുമ്പോഴും പദ്ധതികളുടെ തുടർച്ച ഉറപ്പാക്കാൻ മുൻപത്തെ, നിലവിലെ, വരാനിരിക്കുന്ന അധ്യക്ഷ രാജ്യങ്ങളെ ഉൾപ്പെടുത്തി 'ബ്രിക്‌സ് ട്രോയ്ക' (BRICS Troika) സംവിധാനവും ഡിജിറ്റൽ റെപ്പോസിറ്ററിയും സൃഷ്ടിക്കാൻ തീരുമാനിച്ചു.
ഉച്ചകോടിയെ ഗ്ലോബൽ സൗത്തിനായി വാദിക്കാനുള്ള വേദിയാക്കി ഇന്ത്യ മാറ്റി. ഗ്ലോബൽ സൗത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങളുടെ ഭാഗമാണ് ഈ തന്ത്രങ്ങൾ. ഉച്ചകോടിയുടെ തന്ത്രപ്രധാന സെഷനിൽ സംസാരിക്കവെ, ആഗോള തീരുമാനങ്ങളിൽ ചില വൻശക്തികൾ കൈവശം വെച്ചിരിക്കുന്ന ആധിപത്യ ഘടനയെ മാറ്റി, എല്ലാ രാജ്യങ്ങൾക്കും സമാന പ്രാതിനിധ്യമുള്ള ഒരു പങ്കാളിത്ത വേദിയാക്കി അന്താരാഷ്ട്ര സ്ഥാപനങ്ങളെ മാറ്റണമെന്ന് ഇന്ത്യ നിർദ്ദേശിച്ചു. ഇതിനായി 10 ഇന ആഗോള ഭരണപരിഷ്‌കാര നിർദ്ദേശങ്ങൾ ഇന്ത്യ അവതരിപ്പിച്ചു. അടുത്ത ഉച്ചകോടിയോടെ ഇതൊരു 'ബ്രിക്‌സ് പരിഷ്‌കരണ റോഡ്മാപ്പ്' ആയി വികസിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ നിർദ്ദേശങ്ങൾ മൂന്ന് തത്വങ്ങളിൽ അധിഷ്ഠിതമാണ്. പ്രാതിനിധ്യം: യു.എൻ സുരക്ഷാ കൗൺസിൽ പരിഷ്‌കരണം ഇനിയും വൈകിക്കരുത്. സമയബന്ധിതമായ ചർച്ചകളിലൂടെ വ്യക്തമായ ഫലം കൈവരിക്കണം. ഐ.എം.എഫ്, വേൾഡ് ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളിലെ വോട്ടിംഗ് അവകാശങ്ങളും നേതൃത്വസ്ഥാനങ്ങളും ഇന്നത്തെ സാമ്പത്തിക യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാകണം. പ്രതികരണ ശേഷി (Responsiveness): സാമ്പത്തിക തകർച്ചകളിലും അടിയന്തിര സന്ദർഭങ്ങളിലും അന്താരാഷ്ട്ര സ്ഥാപനങ്ങൾ നൽകുന്ന സഹായങ്ങൾ വേഗത്തിലും വിവേചനരഹിതമായും അർഹരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കണം. നിയമനിർമ്മാണം (Rule-making): എ.ഐ, ബഹിരാകാശം, ബയോടെക്‌നോളജി തുടങ്ങിയ വളർന്നുവരുന്ന സാങ്കേതിക മേഖലകളുടെ ആഗോള നിബന്ധനകൾ നിർമ്മിക്കുമ്പോൾ ഗ്ലോബൽ സൗത്തിന്റെ പങ്കാളിത്തം ഉറപ്പാക്കണം. ഇതിനായി യുവ നയതന്ത്രജ്ഞർക്ക് ആവശ്യമായ സാങ്കേതിക-നിയമ പരിശീലനങ്ങൾ നൽകാൻ ബ്രിക്‌സ് മുൻകൈയെടുക്കണം.
18-ാമത് ബ്രിക്‌സ് ന്യൂഡൽഹി ഉച്ചകോടിയിലൂടെ ഇന്ത്യ തങ്ങളുടെ ബഹുതല നയതന്ത്ര ശേഷിയും ആഗോള നേതൃത്വ പാടവവും അടയാളപ്പെടുത്തി. പാശ്ചാത്യ വിരുദ്ധ ചേരിയായി ബ്രിക്‌സ് മാറാതിരിക്കാൻ ശ്രദ്ധിച്ചതോടൊപ്പം തന്നെ, തദ്ദേശീയ കറൻസികളുടെ ഉപയോഗം, ഭീകരവാദ വിരുദ്ധ നിലപാടുകൾ, ഗ്ലോബൽ സൗത്തിന്റെ വികസന അജണ്ടകൾ എന്നിവയിൽ കൃത്യമായ മുന്നേറ്റം സൃഷ്ടിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. പ്രതിരോധ കയറ്റുമതികൾ വിപുലീകരിച്ചതും, വൻതോതിലുള്ള വിദേശ നിക്ഷേപങ്ങൾ ഉറപ്പാക്കിയതും, അത്യാവശ്യ ധാതുക്കളുടെ ലഭ്യത ഉറപ്പാക്കിയതും, ചൈനയുമായുള്ള അതിർത്തി മേഖലയിൽ സമാധാനം ഉറപ്പാക്കാൻ പുതിയ സൈനിക കമാൻഡർ തല ധാരണകളിലെത്തിയതും ഉച്ചകോടിയിലൂടെ ഇന്ത്യ കൈവരിച്ച പ്രധാന നേട്ടങ്ങളാണ്. തങ്ങൾ കേവലം ആഗോള നിയമങ്ങൾ പിന്തുടരുന്ന രാജ്യമല്ല, മറിച്ച് നിയമങ്ങൾ രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ശക്തിയാണെന്ന് അടിവരയിടാൻ ഈ ഉച്ചകോടിയിലൂടെ ഇന്ത്യയ്ക്ക് സാധിച്ചു.
ഇതൊക്കെയാണെങ്കിലും ഡൽഹിയിലെ ചേരി വിദേശ പ്രതിനിധികൾ കാണാതിരിക്കാൻ മറച്ചത് നേട്ടങ്ങൾക്കിടയിലും കല്ലുകടിയായി. നഗരത്തിലെ ചേരിപ്രദേശങ്ങൾ വലിയ തുണികളും താൽക്കാലിക മറകളും ഉപയോഗിച്ച് മറച്ചുവെച്ച നടപടി വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. വിദേശ പ്രതിനിധികളും രാഷ്ട്രത്തലവന്മാരും വിമാനത്താവളത്തിൽ നിന്നും യാത്ര ചെയ്യുന്ന പ്രധാന പാതകളിലൊന്നായ സൗത്ത് ഡൽഹിയിലെ വസന്ത് വിഹാറിലെ കൂലി ക്യാമ്പ് ഉൾപ്പെടെയുള്ള ചേരിപ്രദേശങ്ങളാണ് 10 അടി ഉയരമുള്ള വലിയ നീല, വെള്ള, പർപ്പിൾ നിറങ്ങളിലുള്ള തുണികളും ബാനറുകളും ഉപയോഗിച്ച് അധികൃതർ മറച്ചത്. രാജ്യത്തെ ദാരിദ്ര്യവും അടിസ്ഥാന യാഥാർത്ഥ്യങ്ങളും വിദേശ നേതാക്കളിൽ നിന്ന് ഒളിച്ചുവെക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. ചേരികൾ തുണികൊണ്ട് മൂടിയതുകൊണ്ട് യാഥാർത്ഥ്യം മാറില്ലെന്നും, ഇത് ജിഡിപി വളർച്ചാ നിരക്ക് വ്യാജമായി കാണിക്കുന്നത് പോലെയാണെന്നും ആം ആദ്മി പാർട്ടി പരിഹസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയങ്ങൾ മറയ്ക്കാനുള്ള ഹിജാബുകളാണ് ഇതെന്നാണ് കോൺഗ്രസ് നേതാവ് പവൻ ഖേര വിമർശിച്ചത്.
തങ്ങളുടെ വീടുകൾക്ക് മുന്നിൽ ഇത്തരം മറകൾ സ്ഥാപിച്ചതോടെ വഴിനടക്കാനും ഉപജീവനത്തിനായുള്ള വാഹനങ്ങളുമായി പുറത്തുപോകാനും ബുദ്ധിമുട്ട് നേരിടുന്നതായി ചേരി നിവാസികൾ പരാതിപ്പെട്ടു. ദാരിദ്ര്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന് പകരം തങ്ങളെ കാണാത്ത വിധം മറയ്ക്കുകയാണോ സർക്കാർ ചെയ്യേണ്ടതെന്ന ചോദ്യവും പ്രദേശവാസികളിൽ നിന്ന് ഉയർന്നു. അന്താരാഷ്ട്ര ഉച്ചകോടികൾ വരുമ്പോൾ ഇന്ത്യയിൽ ചേരികൾ മറയ്ക്കുന്നത് ഇതാദ്യമല്ല. 2023-ൽ ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയുടെ സമയത്തും ഇതേ കൂലി ക്യാമ്പ് പ്രദേശം പച്ചത്തുണി ഉപയോഗിച്ച് മറച്ചിരുന്നു. കൂടാതെ 2020-ൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഹമ്മദാബാദ് സന്ദർശിച്ചപ്പോഴും ചേരികൾ കാണാതിരിക്കാൻ വലിയ മതിൽ പണിതത് വിവാദമായിരുന്നു.
Content Highlights: The 18th Brics summit in New Delhi highlighted India's diplomatic achievements, including unanimous adoption of the joint declaration and strategic bilateral discussions.
Published: 14 Sept 2026, 12:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented