ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബിവൈഡി ഉടമസ്ഥതയിലുള്ള വാഹന ബ്രാൻഡായ ഡെൻസ. രണ്ട് മോഡലുകളാകും ആദ്യഘട്ടത്തിൽ ഡെൻസ ഇന്ത്യയിൽ അവതരിപ്പിക്കുകയെന്ന് ഓട്ടോകാർ ഇന്ത്യയടക്കമുള്ള മോട്ടോർവാഹന വെബ്‌സൈറ്റുകൾ റിപ്പോർട്ടു ചെയ്യുന്നു. സെഡ്9 ജിടി (Z9 GT) എന്ന ഹൈ-പെർഫോമൻസ് ഫാസ്റ്റ്ബാക്കും ഡി9 (D9) എന്ന ലക്ഷ്വറി എംപിവിയും ആയിരിക്കും അവയെന്ന് റിപ്പോർട്ടിൽ പറയുന്നു. നിർണാണം പൂർണമായും പൂർത്തിയാക്കിയ യൂണിറ്റുകളായിരിക്കും (CBU) ഡൻസ ഇന്ത്യയിൽ എത്തിക്കുക.

To advertise here,

നിലവിൽ ഇന്ത്യൻ വിപണിയിലുള്ള ബിവൈഡി വാഹന നിരയ്ക്ക് മുകളിലായിരിക്കും ഡെൻസ മോഡലുകളുടെ സ്ഥാനം. ഏകദേശം 80 ലക്ഷം രൂപയും അതിൽ കൂടുതലുമുള്ള വാഹനങ്ങളാകും ഡെൻസ പുറത്തിരക്കുക. അതേസമയം ബിവൈഡി 20 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെയുള്ള വാഹനങ്ങൾ നിലനിർത്തും.

ഫാസ്റ്റ്ബാക്കിൽ ഡെൻസയുടെ പരീക്ഷണം

സെഡ്9 ജിടി എന്ന ഫാസ്റ്റ്ബാക്കാണ് ഡെൻസ ആദ്യം ഇന്ത്യയിലെത്തിക്കുന്ന വാഹനങ്ങളിൽ ഒന്ന്. ഇതിന്റെ ഇലക്ട്രിക് പതിപ്പായിരിക്കും ഇന്ത്യൻ വിപണിയിലെത്തിക്കുക. 2.9 ടൺ ഭാരമുള്ള വാഹനത്തിന് മൂന്ന് ഇലക്ട്രിക് മോട്ടോറുകളാണ് (മുൻവശത്ത് ഒന്ന്, പിന്നിൽ രണ്ട്) കരുത്ത് പകരുന്നത്. മണിക്കൂറിൽ 0- 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഇതിന് 2.7 സെക്കൻഡുകൾ മാത്രം മതി. പരമാവധി വേഗം മണിക്കൂറിൽ 270 കിലോമീറ്ററാണ്.

ഡ്രൈവിംഗ് റേഞ്ച് 600 കിലോമീറ്ററാണ്. ചാർജിങ് വളരെ വേഗത്തിലാണ്. കമ്പനിയുടെ 1,500 കിലോവാട്ട് ഫ്‌ളാഷ് അൾട്രാ ഫാസ്റ്റ് ചാർജിങ് സംവിധാനം ഉപയോഗിച്ച് ജിടിയുടെ 122.5 കിലോവാട്ട് ബാറ്ററി വെറും ഒൻപത് മിനിറ്റിനുള്ളിൽ 10 ശതമാനത്തിൽ നിന്ന് 97 ശതമാനമായി ചാർജ് ചെയ്യാൻ കഴിയും. ജിടി ഇന്ത്യയിൽ ഏകദേശം 1.2 മുതൽ 1.5 കോടി രൂപ വരെ വിലവരുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റ കർവ്, സിട്രൺ ബസാൾട്ട് എന്നിവ പിന്തുടരുന്നതിന് സമാനമായ കൂപെ സ്റ്റൈൽ എസ്‌യുവി രൂപകൽപ്പനാശൈലി പിന്തുടരുന്നവയാണ് ഫാസ്റ്റ്ബാക്കുകൾ.

വെൽഫയറിന് എതിരാളിയായി ഡെൻസ ഡി9 എത്തും

ആഗോളതലത്തിൽ ഡി9 എംപിവി ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് വകഭേദങ്ങളിൽ ലഭ്യമാണ്. എന്നാൽ ഇന്ത്യയിൽ ഇവി ആയിരിക്കും ആദ്യഘട്ടത്തിൽ എത്തുക. ഫ്രണ്ട് വീൽ ഡ്രൈവ് വാഹനത്തിന് വില ഏകദേശം 80 ലക്ഷം രൂപ ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിൽ 103 കിലോവാട്ട് ബ്ലേഡ് സെൽ ബാറ്ററാണുള്ളത520 കിലോമീറ്റർ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഡിസി ഫാസ്റ്റ് ചാർജറിൽ ചാർജിങ് വേഗം 200 കിലോവാട്ട് വരെയാണ്.

2+2+3 ലേ ഔട്ടിലാണ് സീറ്റിംഗ് ക്രമീകരണം. ഇതിന്റെ സെന്റർ ക്യാപ്റ്റൻ സീറ്റുകൾ പൂർണ്ണമായി പവർ അഡ്ജസ്റ്റ്മെന്റ്, ഹീറ്റിംഗ്, വെന്റിലേഷൻ, മസാജറുകൾ എന്നിവയോടൊപ്പം ആംറെസ്റ്റിൽ ഘടിപ്പിച്ച കൺട്രോൾ പാഡുകളും വാഗ്ദാനം ചെയ്യുന്നു. മിഡിൽ റോ യാത്രക്കാർക്ക് മടക്കാവുന്ന ടേബിളുകളും നീട്ടാവുന്ന ലെഗ്-റെസ്റ്റുകളും ആസ്വദിക്കാം. മൂന്ന് സോൺ ക്ലൈമറ്റ് കൺട്രോൾ, പ്രീമിയം ഡൈനഓഡിയോ (Dynaudio) സൗണ്ട് സിസ്റ്റം, ഫുൾ ലെതർ അപ്‌ഹോൾസ്റ്ററി എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

എന്താണ് ഡെൻസ

ബിവൈഡിയും ഡെയിംലർ എജിയും (ഇപ്പോൾ മെഴ്‌സിഡസ് ബെൻസ് ഗ്രൂപ്പ് എജി) സംയുക്ത സംരംഭമായാണ് ഡെൻസ ആരംഭിച്ചത്. പിന്നീട് മെഴ്‌സിഡസ് ഈ പങ്കാളിത്തത്തിൽ നിന്ന് പിന്മാറി. തുടർന്ന് ബിവൈഡി ബ്രാൻഡിനെ നവീകരിച്ചു. പ്രീമിയം വാഹന വിപണിയിലാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.