
'ഞാൻ ഒരാൾക്ക് കൂടി നന്ദി പറയാൻ ആഗ്രഹിക്കുന്നു. എന്റെ മത്സരങ്ങൾ ഒരിക്കലും കാണാത്ത, എന്നാൽ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാൾക്ക്... നിങ്ങളുടെ 4 വയസ്സുള്ള മകന് പ്രമേഹം ഉണ്ടെന്ന് കണ്ടെത്തുകയും, അവന്റെ ജീവിതവും അവന്റെ കായിക പരിശീലനവും വളരെ വളരെ പരിമിതമായിരിക്കുമെന്ന് ഡോക്ടർമാർ നിങ്ങളോട് പറയുകയും ചെയ്യുമ്പോൾ, ആ ഡോക്ടറുടെ റൂമിൽ നിന്ന് പുറത്തിറങ്ങി ഇങ്ങനെ പറയാൻ വളരെ ശക്തയായ ഒരു അമ്മയെ ആവശ്യമുണ്ട്...' എന്റെ മകൻ അവൻ ആഗ്രഹിക്കുന്നതുതന്നെ ചെയ്യും. അവന് ഒരു ടെന്നീസ് കളിക്കാരനാകണമെങ്കിൽ, അവൻ ഒരു ടെന്നീസ് കളിക്കാരനാകും. അവന് മറ്റെന്തെങ്കിലും ചെയ്യണമെങ്കിൽ, അവൻ മറ്റെന്തെങ്കിലും ചെയ്യും. ഈ അസുഖം ഒരിക്കലും അവന്റെ ഭാവിയെ നിർവചിക്കാൻ പോകുന്നില്ല.' എന്റെ അമ്മയാണ് എനിക്കറിയാവുന്ന ഏറ്റവും പ്രധാനപ്പെട്ടതും ശക്തവുമായ ആ വ്യക്തി. നമുക്ക് വിശ്വസിക്കാവുന്നതിലധികം ശക്തയായ ഒരു സ്ത്രീയാണ് അവർ'-യുഎസ് ഓപ്പൺ കിരീടം നേടിയ ശേഷം ആർതർ ആഷെ സ്റ്റേഡിയത്തിൽ അലക്‌സാണ്ടർ സ്വരേവിന്റെ ആദ്യ വാക്കുകൾ ഇങ്ങനെയായിരുന്നു.
അലക്‌സാണ്ടർ സ്വരേവ് ജനിച്ചതു മുതൽ ടെന്നീസ് റാക്കറ്റും കോർട്ടും കണ്ടുതുടങ്ങിയതാണ്. അച്ഛൻ അലക്‌സാണ്ടർ സ്വരേവ് സീനിയറും അമ്മ ഇറിന സ്വരേവും സോവിയറ്റ് യൂണിയന്റെ താരങ്ങളായിരുന്നു. പിന്നീട് ഇരുവരും കോച്ചിങ് കരിയറിലേക്ക് മാറി. അതുകൊണ്ടുതന്നെ മകൻ ജനിച്ചപ്പോഴും അവനെ ടെന്നീസ് താരമാക്കണമെന്ന് തന്നെ ഇരുവരും ആഗ്രഹിച്ചു. എന്നാൽ നാലാം വയസിൽ ടൈപ്പ് വൺ പ്രമേഹം സ്ഥിരീകരിച്ചതോടെ അവനെ കായിക താരമാക്കുന്നതിൽ നിന്ന് പലരും വിലക്കി. എന്നാൽ അച്ഛനേയും അമ്മയേയും അതൊന്നും തളർത്തിയില്ല. മരുന്നുകൾക്കൊപ്പം അവർ സ്വരേവിന് ടെന്നീസ് പാഠങ്ങളും പകർന്നു നൽകി. ആശുപത്രി കിടക്കകൾക്കൊപ്പം കോർട്ടിലും അവൻ മണിക്കൂറുകൾ ചെലവഴിച്ചു. ഇപ്പോഴിതാ ഫ്രഞ്ച് ഓപ്പണ് പിന്നാലെ യുഎസ് ഓപ്പണും നേടി അന്നത്തെ നാല് വയസ്സുകാരൻ തന്റെ കരിയറിലെ രണ്ടാം ഗ്രാൻസ്ലാം സ്വന്തമാക്കിയിരിക്കുന്നു.
ആദ്യത്തെ കുഞ്ഞ് മിസ്ച സ്വരേവുണ്ടായി പത്ത് വർഷങ്ങൾക്ക് ശേഷമാണ് അല്ക്‌സാണ്ടർ സീനിയറിനും ഇറീനയ്ക്കും അലക്‌സാണ്ടർ സ്വരേവ് ജനിക്കുന്നത്. അപ്പോഴേക്കും അവർ റഷ്യ വിട്ട് ജർമനിയിലെ ഹാംബർഗിലെത്തിയിരുന്നു. സോവിയറ്റ് യൂണിയനിലെ ഒന്നാം റാങ്കുകാരയിരുന്ന ഇരുവർക്കും എന്നാൽ രാജ്യത്തിന് പുറത്തുള്ള ടൂർണമെന്റുകളിൽ കളിക്കാനുള്ള അനുവാദമുണ്ടായിരുന്നില്ല. ഒടുവിൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം 1990-ൽ ഇറീന ജർമനിയിൽ ഒരു ടൂർണമെന്റ് കളിക്കാൻ വന്നു. കോച്ചായി കൂടെയുണ്ടായിരുന്നത് ഭർത്താവ് തന്നെയായിരുന്നു. അങ്ങനെ അവർ ജർമനിയിൽ തന്നെ സ്ഥിരതാമസമാക്കാൻ തീരുമാനിക്കുകയായിരുന്നു.
ഒന്നര വയസിൽ അപാർട്‌മെന്റിനുള്ളിൽ തന്നെ ടെന്നീസ് കളിച്ചു തുടങ്ങിയ സ്വരേവ് മൂന്നാം വയസ് മുതൽ കോർട്ടിൽ ചേട്ടനോടൊപ്പം മത്സരിക്കാൻ തുടങ്ങി. പലപ്പോഴും തോൽവി അംഗീകരിക്കാൻ മൂന്ന് വയസുകാരൻ തയ്യാറാകുമായിരുന്നില്ല. അച്ഛൻ ചേട്ടനെ പരിശീലിപ്പിച്ചപ്പോൾ അമ്മയായിരുന്നു സ്വരേവിന്റെ ആദ്യ ഗുരു. സ്വരേവ് ഇപ്പോഴും തുടരുന്ന സ്‌പെഷ്യൽ ടെക്‌നിക്കുകളും ബാക്ക് ഹാൻഡ് ഷോട്ടുമെല്ലാം അമ്മ ചെറുപ്പത്തിൽ പഠിപ്പിച്ചതാണ്.
ജൂനിയർ ഗ്രാൻസ്ലാമുകളിലൂടെയാണ് സ്വരേവ് പ്രൊഫഷണൽ ടെന്നീസിലേക്കുള്ള വരവറിയിച്ചത്. 2014-ൽ ഓസ്‌ട്രേലിയൻ ഓപ്പൺ ജൂനിയർ കിരീടം നേടി. 2013-ൽ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിലും യുഎസ് ഓപ്പണിന്റെ സെമി ഫൈനലിലുമെത്തി. റാങ്കിങ്ങിൽ ആദ്യ നൂറിനുള്ളിൽ എത്തിയതോടെ സ്വരേവ് വിംബിൾഡണിന് യോഗ്യത നേടി. അതിനും ഒരാഴ്ച്ച മുമ്പ് ഒരു പ്രദർശന മത്സരത്തിൽ ലോക ഒന്നാം റാങ്കുകാരൻ നൊവാക് ദ്യോകോവിച്ചിനെ സ്വരേവ് അട്ടിമറിച്ചു. അതിനുശേഷം വിംബിൾഡണിൽ രണ്ടാം റൗണ്ട് വരെ എത്തി.
2020-ൽ ഓസ്‌ട്രേലിയൻ ഓപ്പൺ സെമി ഫൈനലിൽ എത്തി ഗ്രാൻസ്ലാം വേദികളിൽ സ്വരേവ് തന്റെ സാന്നിധ്യമുറപ്പിക്കാൻ തുടങ്ങി. അതേവർഷം യുഎസ് ഓപ്പണിന്റെ ഫൈനലിലുമെത്തി. പിന്നീട് നാല് വർഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് ഒരു ഗ്രാൻസ്ലാം ഫൈനലിലെത്തുന്നത്. അത് 2024-ലെ ഫ്രഞ്ച് ഓപ്പണിലായിരുന്നു. എന്നാൽ കാർലോസ് അൽകാരസിനോട് തോറ്റ് കിരീടം നഷ്ടമായി. തൊട്ടടുത്ത വർഷം ഓസ്‌ട്രേലിയൻ ഓപ്പണിൽ ജാനിക് സിന്നറിനോട് തോൽക്കാനായിരുന്നു വിധി. എന്നാൽ 2026-ൽ എല്ലാ കഠിനാധ്വാനത്തിനുമുള്ള ഫലം കണ്ടു. വിംബിൾഡണിന്റെ ഫൈനലിലെത്തുകയും ഫ്രഞ്ച് ഓപ്പണും യുഎസ് ഓപ്പണും നേടുകയും ചെയ്തു.
എന്നാൽ, ആദ്യ ഗ്രാൻസ്ലാം ഫൈനലിന്റെ സമയത്തൊന്നും സ്വരേവിന് ഡയബറ്റിസുള്ള കാര്യം പുറംലോകം അറിഞ്ഞിരുന്നില്ല. പലരും സഹതാപത്തോടെ നോക്കിക്കാണുമെന്ന് കരുതി ജർമാൻ താരം അത് രഹസ്യമാക്കിതന്നെ വെച്ചു. എന്നാൽ 2022-ൽ തന്റെ പേരിലുള്ള ഫൗണ്ടേഷൻ രൂപീകരിച്ചുകൊണ്ട് താൻ പ്രമേഹരോഗിയാണെന്ന് സ്വരേവ് ലോകത്തെ അറിയിച്ചു. തന്റെ പിന്നിൽ വരുന്ന ആർക്കെങ്കിലും ഈ ജീവിതം പ്രചോദനമായാലോ എന്ന് കരുതിയായിരുന്നു ധീരമായ ആ തീരുമാനം.
എന്നാൽ അതിന് പിന്നാലെ വിവാദങ്ങളും തലപൊക്കി. 2023 ജൂണിലെ ഫ്രഞ്ച് ഓപ്പൺ മത്സരത്തിനിടെ ഇൻസുലിൻ കുത്തിവെയ്ക്കാൻ അധികൃതർ സ്വരേവിനെ സമ്മതിച്ചില്ല. നാലാം റൗണ്ട് മത്സരത്തിനിടെയായിരുന്നു ഈ സംഭവം. കോർട്ടിൽ ഇരുന്ന് ഇൻസുലിൻ എടുക്കാൻ പറ്റില്ലെന്നും ടോയ്‌ലറ്റ് ബ്രേക്ക് ഉപയോഗിച്ച് പുറത്തുപോയി ഇൻസുലിനെടുക്കാനും ആവശ്യപ്പെട്ടു. ഇത് ഓരോന്നും ടോയ്‌ലറ്റ് ബ്രേക്കായി കണക്കുകൂട്ടുകയും ചെയ്യുമായിരുന്നു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ നാലോ അഞ്ചോ തവണ ഇൻസുലിൻ എടുക്കേണ്ടതിനാൽ ഈ ടോയ്‌ലറ്റ് ബ്രേക്കുകൾ സ്വരേവിന് മതിയാകുമായിരുന്നില്ല. ഇതിനെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചു. 'ഇൻസുലിൻ എടുത്തില്ലെങ്കിൽ എന്റെ ജീവൻ അപകടത്തിലാകും' എന്ന് അധികൃതരെ അറിയിച്ചു. ഒടുവിൽ ഇതിനെതിരെ വലിയ വിമർശനങ്ങളുയർന്നതോടെ സംഘാടകർക്ക് മാറി ചിന്തിക്കേണ്ടി വന്നു. ശേഷിക്കുന്ന മത്സരങ്ങളിൽ കോർട്ടിനുള്ളിൽ ഇരുന്ന് തന്നെ സ്വരേവിന് ഇൻസുലിൻ എടുക്കാൻ അനുമതി നൽകി.
തുടയിൽ ഇൻസുലിൻ പേന ഉപയോഗിച്ചാണ് സ്വരേവ് കുത്തിവെയ്പ്പ് എടുക്കാറുള്ളത്. അതു മാത്രമല്ല തന്റെ രക്തത്തിൽ പഞ്ചസാരയുടെ അളവ് തത്സമയം അറിയാൻ അദ്ദേഹം ഒരു കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററും (സിജിഎം) ഉപയോഗിക്കുന്നു. മാച്ച് റഫറിയുടെ പ്രത്യേക അനുമതിയോടെ ഈ സെൻസറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ വഴിയാണ് പഞ്ചസാരയുടെ അളവ് കോർട്ടിൽവെച്ച് പരിശോധിക്കാറുള്ളത്.
Content Highlights: Diagnosed with Type 1 diabetes at age four, Alexander Zverev's parents pushed him to pursue tennis despite medical warnings., Zverev achieved major success in 2026 by reaching the Wimbledon final and winning both the French Open and US Open., He publicly revealed his diabetes in 2022 by launching a foundation to inspire others facing similar health challenges., Zverev successfully fought against tournament regulations that initially restricted him from taking necessary insulin injections directly on the court.
Published: 14 Sept 2026, 12:05 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented