ഭരണഘടനാമൂല്യങ്ങളും പൗരസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുമ്പോൾ പരമോന്നത നീതിപീഠത്തിലും പാർലമെന്റിലും ജനസമൂഹത്തിനുമുൻപിലും മുഴങ്ങിക്കേൾക്കുന്ന ശബ്ദമാണ് കപിൽ സിബലിന്റേത്. രാജ്യസഭാംഗം, സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ, മുൻ കേന്ദ്രമന്ത്രി... വിശേഷണങ്ങൾ ഏറെയുണ്ട് അദ്ദേഹത്തിന്. കൊച്ചിയിൽ സെമിനാറിൽ പങ്കെടുക്കാനെത്തിയ കപിൽ സിബൽ ‘മാതൃഭൂമി’ പ്രതിനിധി വി.എസ്. സിജുവുമായി സംസാരിക്കുന്നു

To advertise here,

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) യഥാർഥ അഴിമതിവിരുദ്ധ ഏജൻസിയായി പ്രവർത്തിക്കുന്നുണ്ടോ അതോ രാഷ്ട്രീയ എതിരാളികളെ നേരിടാൻ ഉപയോഗിക്കുന്ന ഒന്നായി അത് മാറുകയാണോ

= കപിൽ സിബൽ: ഒരു സംശയവുമില്ല, അതിൽ. ഏതെങ്കിലും ഒരു സംസ്ഥാനത്ത് പ്രതിപക്ഷം ഭരണത്തിലുണ്ടെങ്കിൽ, അതിനെ തകർക്കാൻ ഇ.ഡി.യെ ഉപയോഗിക്കുകയാണ്. രാഷ്ട്രീയനേതൃത്വത്തിനെതിരേ കേസുകൾ ചുമത്തുകയും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യുന്നു. കുറഞ്ഞ അളവിൽ സി.ബി.ഐ.യെയും ഇത്തരത്തിൽ ഉപയോഗിക്കുന്നുണ്ട്. എഫ്.ഐ.ആർ. രജിസ്റ്റർചെയ്താൽ ആ നിമിഷം ഇ.ഡി. കടന്നുവരും. പുനഃപരിശോധിക്കേണ്ട നിയമമാണിത്. എന്നാൽ, അത് സംഭവിച്ചില്ല. ഇ.ഡി. രാഷ്ട്രീയവ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ഇത് സംഭവിച്ചിട്ടുണ്ട്. സർക്കാരുകൾപോലും മാറ്റിമറിക്കപ്പെട്ടു.

പ്രതിപക്ഷനേതാക്കളെ ലക്ഷ്യമിടുകയും അവരെ അറസ്റ്റുചെയ്യുമെന്ന് ഭയപ്പെടുത്തി ബി.ജെ.പി.യിലേക്ക് വരാൻ നിർബന്ധരാക്കുകയുംചെയ്യുകയാണ്.

ഇ.ഡി., സി.ബി.ഐ. എന്നിവയെ ദുരുപയോഗംചെയ്യുന്നതിലുപരി സംസ്ഥാനസർക്കാരുകൾക്ക് സാമ്പത്തികവിഹിതം അനുവദിക്കാനുള്ള അധികാരവും കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നു. യഥാർഥത്തിൽ കേന്ദ്രസർക്കാർ ഒാരോ ഏജൻസിയെയും ദുരുപയോഗംചെയ്യുകയാണ്. ഇ.ഡി.യും സി.ബി.ഐ.യും മാത്രമല്ല, ധനകാര്യ കമ്മിഷൻ, ഗവർണർ പദവി തുടങ്ങിയവയൊക്കെ ദുരുപയോഗംചെയ്യപ്പെടുന്നു.

ഓരോ സ്ഥാപനവും മലിനമാക്കപ്പെടുന്നു. സർവകലാശാലാ അന്തരീക്ഷം മലിനമായി, ഗവർണർപദവി മലിനമായി, ബ്രിട്ടീഷുകാർ ചെയ്തതുപോലെ ‘വിഭജിച്ച് ഭരിക്കുക’ എന്നത് നയമായി മാറി.

രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനം ഹിന്ദുക്കളായതിനാൽ ഇതിൽനിന്ന് രാഷ്ട്രീയനേട്ടമുണ്ടായി. ‘ഞങ്ങളോടൊപ്പം അല്ലെങ്കിൽ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും’ എന്നതാണ് ബി.ജെ.പി.യുടെ ആശയം.

ദൈനംദിനപ്രശ്നങ്ങളായ കുടിവെള്ളം, വിദ്യാഭ്യാസം, ശുചിത്വം, ആരോഗ്യം തുടങ്ങിയവയൊക്കെ അവർക്ക് അന്യമാണ്. അതൊന്നും അവരുടെ അജൻഡയുടെ ഭാഗമല്ല. തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നതുമാത്രമാണ് അജൻഡ, മറ്റൊന്നിനെക്കുറിച്ചും ആശങ്കയില്ല.

ജനം തിരിച്ചറിയുന്നുണ്ടിത്. അവർ ചോദ്യം ചോദിച്ചുതുടങ്ങി. പാർലമെന്റിൽ ഉത്തരം നൽകാൻ കഴിയാത്ത കാര്യങ്ങൾക്ക് പാർലമെന്റിനു പുറത്ത് യുവാക്കളോട് ഉത്തരം പറയേണ്ടിവരും. 2029-ലെ പൊതുതിരഞ്ഞെടുപ്പുവിജയം എളുപ്പമായിരിക്കില്ലെന്നത് ബി.ജെ.പി.യെ അസ്വസ്ഥമാക്കുന്നുണ്ട്.

യുവജനതയെക്കുറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശം, അതിനെത്തുടർന്നുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ രൂപവത്കരണവും ജന്തർമന്തറിൽ നടന്ന പ്രക്ഷോഭവും- ഇവയെ എങ്ങനെയാണ് കാണുന്നത്

= ഇന്ത്യയിൽ താഴെത്തട്ടിൽ ജീവിക്കുന്നവരുടെ മക്കൾക്ക് പഠിക്കുന്നതിന് ആവശ്യത്തിന് സ്കൂളുകളോ മറ്റു സൗകര്യങ്ങളോ നല്ല അധ്യാപകരോ ഇല്ല. പലയിടത്തും തൊഴുത്തുകളിലും കുടിലുകളിലുമാണ് പഠനം. സ്വാഭാവികമായും ഒരു തീപ്പൊരിയുണ്ടാകുന്ന ഘട്ടമെത്തും. അപ്പോൾ യുവാക്കൾ പുറത്തുവന്ന് പറയും- താഴേത്തട്ടിൽ നിങ്ങൾ പറയുന്നതല്ല യാഥാർഥ്യം എന്ന്.

അതാണിവിടെ സംഭവിച്ചത്. യുവാക്കൾ ചോദ്യംചോദിച്ചുതുടങ്ങി. അതൊരു നല്ലകാര്യമാണ്. രാഷ്ട്രീയപ്പാർട്ടികൾ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ ഉത്തരം നൽകാൻ തയ്യാറാകാതിരുന്നവർക്ക്, യുവാക്കൾ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ ഒഴിഞ്ഞുമാറാനാകില്ല.

ജന്തർമന്തറിൽ നടന്ന യുവജനമുന്നേറ്റം ജനാധിപത്യ ഇന്ത്യക്ക് പുതിയ പ്രതീക്ഷ നൽകുന്നുണ്ടോ

= ഈ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടുകാര്യങ്ങൾ വിദ്യാഭ്യാസവും ആരോഗ്യവുമാണ്. കേരളം ഒരു സംസ്ഥാനമെന്നനിലയിൽ ആ വിഷയങ്ങൾ കൈകാര്യംചെയ്യാൻ ശ്രമിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ വിദ്യാസമ്പന്നരായ ആളുകളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതുകൊണ്ടാണ് മലയാളികൾ പുറത്തുപോകുമ്പോൾ വളരെ നന്നായി ശോഭിക്കുന്നതും.

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലയിലെ പ്രവർത്തനങ്ങൾ അനിവാര്യമാണ്. നിലവിലെ കേന്ദ്രസർക്കാർ ഈ വിഷയങ്ങൾ ശ്രദ്ധിക്കുന്നേയില്ല. വോട്ടിനായി രാജ്യത്തെ ജനങ്ങളെ ഹിന്ദു-മുസ്‌ലിം എന്നരീതിയിൽ വിഭജിക്കാനാണ് അവർക്ക് താത്പര്യം.

ആത്യന്തികമായി രാജ്യത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസവും ആരോഗ്യവും നിഷേധിക്കപ്പെടുമ്പോൾ ചോദ്യങ്ങൾ ഉന്നയിക്കപ്പെടും. മാത്രമല്ല, അഴിമതിയും മുൻപില്ലാത്തവിധം വർധിച്ചിരിക്കുകയാണ്. അതിന്റെ മടുപ്പുണ്ട് ആളുകൾക്ക്. അതാണ് ഡൽഹിയിലും ഇന്ദോറിലും മുംബൈയിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുമൊക്കെ കണ്ടത്.

കേന്ദ്രത്തിൽ ഒരു പതിറ്റാണ്ടിലേറെയായി ബി.ജെ.പി.യാണ് അധികാരത്തിൽ. ബി.ജെ.പി.ക്ക് ദേശീയതലത്തിൽ വെല്ലുവിളി ഉയർത്താൻ കോൺഗ്രസിന് സാധിക്കുമോ

= കോൺഗ്രസ് മാത്രമാണ് ഒരേയൊരു ദേശീയ ബദൽ, അതിൽ ഒരു സംശയവുമില്ല. മറ്റുള്ളവ പ്രാദേശികപ്പാർട്ടികളാണ്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കോൺഗ്രസ് ആണ് ബദൽ. ഹിന്ദുത്വ ആശയത്തിന് വിരുദ്ധമായ ആശയസംഹിതയാണ് കോൺഗ്രസിനുള്ളത്. ന്യൂനപക്ഷസമുദായങ്ങൾക്കെതിരേയും ജാതികൾക്കുള്ളിലും വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും അക്രമത്തിന്റെ രൂപത്തിൽ ഹിന്ദുത്വ ആശയം പ്രചരിപ്പിക്കപ്പെടുന്നത് നമ്മൾ കണ്ടതാണ്, ഉത്തർപ്രദേശിലൊക്കെ ഇപ്പോഴും ഇതു കാണാം. ജനക്ഷേമവുമായി ബന്ധമില്ലാത്ത ബി.ജെ.പി.യുടെ ഒരു തിരഞ്ഞെടുപ്പുതന്ത്രമാണത്.

ജനക്ഷേമത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ആശയസംഹിതയ്ക്കുമാത്രമാണ് രാജ്യത്തിന്റെ താത്പര്യം സംരക്ഷിക്കാനാകുക. അത് ചെയ്യാൻ ഹിന്ദുത്വ ആശയങ്ങൾക്ക് കഴിഞ്ഞിട്ടില്ല. അവിടെ ബി.ജെ.പി.യുടെ താത്പര്യങ്ങൾമാത്രമാണു സംരക്ഷിക്കപ്പെട്ടത്. പൊതുജനങ്ങളുടെ താത്പര്യങ്ങളല്ല.

ജഡ്ജിമാരെ നിയമിക്കുന്ന നിലവിലെ രീതിക്ക് സ്വതന്ത്രമായ നീതിന്യായസംവിധാനം ഉറപ്പാക്കാൻ കഴിയുമോ, അടിസ്ഥാനപരമായ പരിഷ്കാരം ആവശ്യമുണ്ടോ

= അടിസ്ഥാനമാറ്റം അനിവാര്യമാണ്. സ്വതന്ത്രരായ ന്യായാധിപരെ നിയമിക്കാൻ നിലവിലെ നിയമനസംവിധാനത്തിന് കഴിയുമെന്നു കരുതുന്നില്ല. ഹൈക്കോടതികളിലും സുപ്രീംകോടതിയിലും സ്വതന്ത്രമായി പ്രവർത്തിക്കുന്ന ന്യായാധിപർ ഇന്നുമുണ്ട്. എന്നാൽ, അവരുടെ എണ്ണം കുറഞ്ഞുവരുകയാണ്, അത് ദൗർഭാഗ്യകരമാണ്.

വിരമിച്ച സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് മദൻ ബി. ലോകൂർ, ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക് തുടങ്ങിയ പലരും ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. നിലവിലെ നിയമനരീതി കാര്യങ്ങൾ വഷളാക്കി എന്നത് ദൗർഭാഗ്യകരമാണ്. അന്തിമമായി ഇന്ത്യയിലെ ജനങ്ങൾക്ക് നീതിന്യായവ്യവസ്ഥയിൽ വിശ്വാസമുണ്ടായിരിക്കണം. എന്നാൽ, ആ വിശ്വാസം സാവധാനം നഷ്ടപ്പെടുകയാണെന്നു തോന്നുന്നു.

ഒരു പതിറ്റാണ്ടുമുൻപത്തെക്കാൾ നീതിന്യായസംവിധാനത്തിന്റെ സ്വാതന്ത്ര്യം ഇന്ന് വെല്ലുവിളിനേരിടുന്നതായി കരുതുന്നുണ്ടോ

= ഒരു സംശയവുമില്ല, അതിൽ. ഭരണകക്ഷിയുടെ ആശയത്തോട് ചേർന്നുനിൽക്കുന്ന, ഭരണകൂടത്തോട് അടുത്ത ആളുകൾ നിയമിക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. എല്ലാവരെയുംകുറിച്ചല്ല പറയുന്നത്, എന്നാൽ, നിലവിലെ നിയമനരീതിയിൽ ചില വിട്ടുവീഴ്ചകൾ നടക്കുന്നുണ്ട്, അത് രാജ്യത്തിന്റെ ഭാവിക്ക് നല്ലതല്ല.

എസ്.ഐ.ആറിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്, ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ നിലപാടിനോട് യോജിക്കുന്നുണ്ടോ

= സുപ്രീംകോടതി വീണ്ടും പരിശോധിക്കേണ്ട വിഷയമാണിത്. വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയിട്ടുണ്ട്. ഒരു പ്രത്യേക ബൂത്തിലെ ഒരു സമുദായത്തിൽപ്പെട്ട വോട്ടർമാരുടെ പേരുകൾ മുഴുവൻ നീക്കംചെയ്യപ്പെട്ട സാഹചര്യമുണ്ടായിട്ടുണ്ട്. ഉയർന്ന പദവികളിലുള്ള ആളുകൾക്കുപോലും വോട്ടർപട്ടികയിൽ പേര് കണ്ടെത്താൻ കഴിയാത്ത അവസ്ഥയുണ്ട്. തിരഞ്ഞെടുപ്പുകമ്മിഷൻ പ്രവർത്തിക്കേണ്ട രീതിക്ക് വിരുദ്ധമായ പ്രക്രിയയാണ് നടന്നത്.

എല്ലാവരെയും ഉൾക്കൊള്ളുന്നതിനുപകരം, ചിലരെ ഒഴിവാക്കുന്ന ഒന്നായി അതു മാറരുത്. വോട്ടർപട്ടികയുടെ കാര്യത്തിൽ താഴേത്തട്ടിലുള്ള യാഥാർഥ്യം തിരഞ്ഞെടുപ്പുകമ്മിഷൻ പറയുന്നതിനു വിരുദ്ധമാണ്. കമ്മിഷൻ പറയുന്നത് കോടതി വിശ്വസിക്കുകയാണെങ്കിൽ, വോട്ടർമാരെ കൂട്ടത്തോടെ നീക്കംചെയ്യുന്നത് തടയാൻ കഴിയില്ല. അതോടെ ജനാധിപത്യത്തിന്റെ അടിത്തറതന്നെ ദുർബലപ്പെടും. ഈ രാജ്യത്ത് ജീവിച്ചിട്ടും വോട്ടില്ലാതാകുന്ന സാഹചര്യം അപകടകരമാണ്. അത് കോടതി ശരിവെച്ചാൽ ജനങ്ങൾക്ക് വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടും, അത് വളരെ അപകടകരമാണ്.