
കോട്ടയത്ത് അത്ര കണ്ട് വികസനം വരാത്ത കാലം. വിദ്യാഭ്യാസവും ജോലിയുമായി തിരക്ക് കഴിഞ്ഞു കുടുംബവീട്ടിലെത്തിയ നേരം ഇന്നത്തെ അറുപതുകാരന്റെ കണ്ണില്‍ വികസനത്തിനൊപ്പം മറ്റൊരു കാര്യം കൂടി ശ്രദ്ധയില്‍പ്പെട്ടു. മരങ്ങളുടെ അസാന്നിധ്യം. വികസനം കോട്ടയത്തെത്തിയപ്പോഴേക്കും അതിന്റെ ഭാഗമായി പല മരങ്ങളും വെട്ടിനശിപ്പിക്കപ്പെട്ടു. കോട്ടയത്ത് മാത്രമല്ല, പലയിടത്തും ഈ മാറ്റം അദ്ദേഹത്തിന്റെ കണ്ണില്‍ പതിഞ്ഞു. നാളുകളെറെ കഴിഞ്ഞ് കുടുംബസ്വത്ത് വിറ്റ് പുളിയറക്കോണത്ത് കുറച്ച് സ്ഥലം വാങ്ങി.പിന്നെ നടന്നതത്രയും ചരിത്രം. രണ്ടേക്കറിൽ 30 സെന്റോളം മിയാവാക്കി വനത്തിനായി മാറ്റി വച്ചിരിക്കുകയാണ് ഹരി.
എം.ആര്‍. ഹരിയുടെ മനസില്‍ തോന്നിയ ബുദ്ധിയിലൂടെ ഒരു കുന്നിന്‍പ്രദേശമാകെ ഇന്ന് കാടായി രൂപം മാറി. ഇന്ന് പുളിയറക്കോണത്തെ ഏറ്റവും മികച്ച മിയാവാക്കി മാതൃക കൂടിയാണ് പ്രദേശം. കുന്നിന്‍പ്രദേശം മിയാവാക്കിയാക്കാന്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് ഹരി. "200 അടി ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. കുറച്ച് വെള്ളമൊഴിച്ചാല്‍ പോലും അതിവേഗം ഊര്‍ന്നു താഴെയിറങ്ങുന്ന അവസ്ഥ. അവിടെ മരം നന്നായി വളരുമെന്നായിരുന്നു വിശ്വാസം." എന്നാല്‍ ഹരിയുടെ വിശ്വാസങ്ങള്‍ക്ക് ആയുസ്സ് അധികമുണ്ടായില്ല.
2007-ലാണ് ഹരി പ്രദേശത്ത് മരങ്ങള്‍ നടുന്നത്. എന്നാല്‍ നട്ട മരങ്ങളുടെ ഏറിയ പങ്കും 2016-ല്‍ ഉണങ്ങിപ്പോയി. 500 മരം വെച്ചാല്‍ 50 എണ്ണം മാത്രം വളരുന്ന അവസ്ഥ. ഇനിയെന്ത് ചെയ്യുമെന്ന ആശയക്കുഴപ്പത്തിലായിരുന്ന ഹരിയുടെ മുന്നിലേക്ക് മാലാഖയുടെ രൂപത്തില്‍ മിയാവാക്കി മാതൃകയെന്ന ആശയമെത്തുകയായിരുന്നു. അന്ന് മിയാവാക്കിയെ കുറിച്ചുള്ള ലേഖനങ്ങളോ മറ്റോ ഇംഗ്ലീഷില്‍ ലഭിക്കാന്‍ പ്രയാസമായിരുന്നു. ജാപ്പനീസ് ഭാഷയിലായിരുന്നു ഏറിയ പങ്ക് ലേഖനങ്ങളും. മിയാവാക്കി വനത്തെ കുറിച്ച് ഒരു ഇംഗ്ലീഷ് പുസ്തകം ആ സമയം പുറത്തിറങ്ങിയത് സഹായകരമായി. ഓണ്‍ലൈനിലൂടെ പുസ്തകം ഹരി സ്വന്തമാക്കി. തുടര്‍ന്ന് മിയാവാക്കിയെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഉപകരിക്കുന്ന രണ്ട് വീഡിയോകളും കണ്ടു. ഒരു വര്‍ഷത്തോളം സമയം പഠനത്തിനായി ചെലവഴിച്ചു. പിന്നീട് അധികതാമസമുണ്ടായില്ല. മിയാവാക്കിയൊരുക്കാനുള്ള ആരംഭ നടപടികള്‍ ആരംഭിച്ചു. ആറ് മാസത്തിനുള്ളില്‍ പുളിയറക്കോണത്തെ മിയാവാക്കി മാതൃക ഫലം കണ്ട് തുടങ്ങി.
നട്ട മരങ്ങള്‍ക്കും മറ്റും പത്തടിയിലേറെ പൊക്കം വന്നു. 25 വര്‍ഷം കൊണ്ട് 100 വര്‍ഷത്തെ വളര്‍ച്ച മിയാവാക്കി കൊണ്ട് സാധ്യമാണെന്ന് ഹരി നേരിട്ട് കണ്ടറിഞ്ഞു. എന്നാലും വര്‍ഷങ്ങള്‍ക്ക് ശേഷം മിയാവാക്കിയുടെ അവസ്ഥ എങ്ങനെ ആയിരിക്കുമെന്നറിയാന്‍ തനിക്ക് ആകാംക്ഷയേറിയതായും ഹരി പറയുന്നു. 1970 മുതല്‍ മിയാവാക്കി വനങ്ങള്‍ നിര്‍മ്മിക്കുന്ന ജപ്പാന്‍ സന്ദര്‍ശിക്കാന്‍ അങ്ങനെയാണ് ഹരി തീരുമാനിക്കുന്നത്.

ഡോ. മിയാവാക്കിയെ കണ്ട നിമിഷം
അവിടെ വെച്ചാണ് മിയാവാക്കിയുടെ പിതാവായ ഡോ. മിയാവാക്കിയ കാണുന്നതും പരിചയപ്പെടുന്നതും. പുളിയറക്കോണത്തെ മിയാവാക്കി മാതൃകയുടെ വീഡിയോയും മറ്റും അദ്ദേഹത്തെ കാണിച്ചു. അതില്‍ വേണ്ട ചില മാറ്റങ്ങള്‍ ഹരിയോട് ഡോ. മിയാവാക്കി നിര്‍ദേശിച്ചു. വള്ളിച്ചെടികള്‍ ആദ്യമേ നടരുതെന്ന നിര്‍ദേശമാണ് അദ്ദേഹം പങ്ക് വെച്ചതെന്ന് ഹരി ഓര്‍ത്തെടുക്കുന്നു. ഇത് മരങ്ങള്‍ വളരുന്നതിന് തടസ്സം സൃഷ്ടിക്കും. വള്ളിച്ചെടികള്‍ തനിയെ ഉണ്ടാകുമെന്നും ഡോ. മിയാവാക്കി ഹരിയെ പഠിപ്പിച്ചു.
"ഡോ. മിയാവാക്കിക്ക് 91 വയസ്സ് പ്രായമുള്ളപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. ഇത്രയും ദൂരെനിന്ന് വന്നത് കൊണ്ട് മാത്രമാണ് അദ്ദേഹം എന്നെ കാണാന്‍ സമ്മതിച്ചത്. മസ്തിഷകാഘാതം കഴിഞ്ഞു വിശ്രമത്തിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കണ്ട സംശയം വാക്കുകളാല്‍ വിശദീകരിക്കുവാന്‍ സാധിക്കില്ല. ആ പ്രായത്തിലും അദ്ദേഹം സജീവമായിരുന്നു. ടേബിളില്‍ അന്ന് ചെയ്യേണ്ട കാര്യങ്ങള്‍ കുറിച്ച് വെയ്ക്കും. പത്ത് മിനുട്ട് മാത്രമാണ് കാണാന്‍ അനുവാദം തന്നത് എന്നാല്‍, രണ്ടു മണിക്കൂറിലേറെ സംസാരിച്ചു." ഡോ. മിയാവാക്കിയെ കണ്ട അനുഭവം ഹരി വിശദീകരിക്കുന്നതിങ്ങനെ.
ഡോ. മിയാവാക്കിയുടെ അവസാനത്തെ പൊതുപരിപാടി
ഡോ. മിയാവാക്കിയുടെ 92-ാം പിറന്നാളിന് അദ്ദേഹത്തോടുള്ള ബഹുമാനാര്‍ഥം തിരുവനന്തപുരം ചാല ഗവണ്‍മെന്റ് സ്‌കൂളില്‍ മിയാവാക്കി വനമൊരുക്കി. അദ്ദേഹം ഓണ്‍ലൈനിലൂടെ ചടങ്ങില്‍ പങ്കാളിയായി. ഒരു വര്‍ഷത്തിന് ശേഷം അദ്ദേഹം അന്തരിച്ചു. ഡോ.മിയാവാക്കി പങ്കെടുത്ത അവസാനത്തെ പബ്ലിക് പ്രോഗ്രാം കൂടിയാണിതെന്ന് വേണമെങ്കില്‍ പറയാമെന്ന് ഹരി പറയുന്നു.
പുളിയറക്കോണത്തെ മിയാവാക്കി മാതൃകയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ രണ്ടു സഹായികളെ ഡോ. മിയാവാക്കി ഹരിക്കൊപ്പം അയച്ചു. സഹായികള്‍ നിര്‍ദേശിച്ച മാറ്റങ്ങളും ഹരി തന്റെ വനത്തില്‍ വരുത്തി. തുടര്‍ന്ന് ഹരി ജോലി നോക്കിയിരുന്ന ഇന്‍വിസ് മള്‍ട്ടിമീഡിയ എന്ന കമ്പനിയുടെ നേതൃത്വത്തില്‍ വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള മൂന്നിടത്ത് സൗജന്യമായി മിയാവാക്കി വനമൊരുക്കി കൊടുത്തു. നെടുമ്പാശ്ശേരി സുവര്‍ണോദ്യാനം, തൃശ്ശൂര്‍, നെയ്യാര്‍ ഡാമിന് സമീപം എന്നിവിടങ്ങളിലായിരുന്നു ഇത്.
ഇപ്പോഴും പ്രവര്‍ത്തനങ്ങളില്‍ സജീവം
സൗജന്യമായി ചെയ്തു കൊടുത്ത മിയാവാക്കി മാതൃകകള്‍ കണ്ടാണ് കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റ്ജിക്ക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) ഹരിയെ സമീപിക്കുന്നത്. പുതിയ ആശയങ്ങള്‍ പരീക്ഷിക്കുന്ന ഗവണ്‍മെന്റ് സ്ഥാപനമാണിത്. അങ്ങനെ കേരളത്തിലെ പത്ത് ജില്ലകളില്‍ 12 കാട് വെയ്ക്കുവാന്‍ അവര്‍ അനുമതി തന്നു. മികച്ച രീതിയില്‍ ഗവണ്‍മെന്റിനായി വനമൊരുക്കാന്‍ ഹരിക്ക് സാധിച്ചു. അവിടെയും തീര്‍ന്നില്ല ഹരിയുടെ പ്രവര്‍ത്തനങ്ങള്‍.
സാധാരണക്കാരിലേക്ക് മിയാവാക്കി വനമെന്ന ആശയം എത്തിക്കുന്നതിനായി ക്രൗഡ് ഫോറസ്റ്റിങ്.ഒആര്‍ജി (Crowdforesting.org) എന്നൊരു യൂട്യൂബ് ചാനല്‍ തുടങ്ങുകയായിരുന്നു അടുത്ത പടി. മിയാവാക്കി വനമൊരുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സാധാരാണക്കാരിലേക്ക് എത്തിക്കാന്‍ ചാനല്‍ കൊണ്ട് സാധിച്ചു. ചാനലിലൂടെ നിരവധി പേര്‍ സമീപിച്ചു. പലരും ചാനല്‍ വീഡിയോ കണ്ട് വനമൊരുക്കുക പോലും ചെയ്തു. മിയാവാക്കി വനമൊരുക്കുന്നത് കൊണ്ട് ഗുണങ്ങളേറെയുണ്ടെന്നും ഹരി സാക്ഷ്യപ്പെടുത്തുന്നു.
മിയാവാക്കിയുടെ ഗുണങ്ങള്‍
ചിത്രശലഭങ്ങളും മറ്റും ചെടികളുടെ ഇലയിലാണ് മുട്ടയിടുക. ചെടികളുടെ അസാന്നിധ്യം ഒരു പരിധി വരെ മുട്ടയിടലിന് തടസ്സമുണ്ടാകും. പ്രാണികളും ഭക്ഷ്യശൃംഖലയില്‍ പ്രധാന പങ്ക് വഹിക്കുന്നവരാണ്. അവരും ജൈവൈവിധ്യത്തിന്റെ ഭാഗമാണ്. മിയാവാക്കിയൊരുക്കുമ്പോള്‍ സസ്യങ്ങളുടെ ജൈവൈവിധ്യം നിലനിര്‍ത്താന്‍ കഴിയും. വളരെ പെട്ടെന്ന് മരങ്ങള്‍ കൈവരിക്കുമെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. നിരവധി ജീവി വര്‍ഗങ്ങള്‍ക്ക് അഭയസ്ഥാനമായും മിയാവാക്കി മാറുന്നു.
ഗ്രൗണ്ട് വാട്ടര്‍ റീചാര്‍ജും മിയാവാക്കി വനങ്ങളിലൂടെ സംഭവിക്കുന്നു. കേരളത്തിലെ ഭൂഗര്‍ഭജല 18 അടി വരെ താഴേക്ക് പോയിട്ടുണ്ട്. വീഴുന്ന വെള്ളം പലപ്പോഴും മണ്ണിനടിയിലെത്താത്തതാണ് ഇതിനൊരു പ്രധാന കാരണം. മിയാവാക്കി ഇതിനൊരു പരിധി വരെ പോംവഴിയാണ്. മരങ്ങള്‍ക്ക് വളരാന്‍ വളം പോലും മിയാവാക്കിയില്‍ ആവശ്യമില്ല. 10 സെന്റ് ഭൂമിയുള്ള ഒരാള്‍ക്ക് ഒരു സെന്റില്‍ മിയാവാക്കി വനമൊരുക്കാന്‍ സാധിക്കും. കേരളത്തില്‍ മാത്രമൊതുങ്ങുന്നില്ല ഹരിയുടെ പ്രവര്‍ത്തനങ്ങള്‍. അടുത്ത യാത്ര ദുബായിലേക്കാണ്. ലക്ഷ്യം മിയാവാക്കി വനം തന്നെ. നിലവില്‍ 100 ഇടത്തെങ്കിലും നേരിട്ടും അല്ലാതെയും മിയാവാക്കി വനം ഹരി ഒരുക്കിയിട്ടുണ്ട്.

25 കൊല്ലം കൊണ്ടൊരു കാട്
ഡോ.അകിര മിയാവാക്കി കണ്ടുപിടിച്ച ഒരു വനമാതൃകയാണ് മിയാവാക്കി വനമാതൃക. സ്വാഭാവിക വനം ഒരിക്കലും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കില്ല. പക്ഷേ സ്വാഭാവിക വനത്തിന്റെയൊരു മാതൃക ഉണ്ടാക്കാന്‍ സാധിക്കും. ഇതാണ് മിയാവാക്കി. സാധാരണയായി ഒരു പ്രദേശം വനമാക്കിയെടുക്കണമെങ്കില്‍ 100 വര്‍ഷം വരെ എടുക്കും. എന്നാല്‍ മിയാവാക്കി വനത്തില്‍ ഇതിന് വെറും 25 വര്‍ഷം മാത്രം മതി. 1970-ല്‍ ജപ്പാനിലെ നിപ്പോണ്‍ സ്റ്റീല്‍ കോര്‍പ്പറേഷന്റെ ക്യാംപസിലാണ് ആദ്യമായി മിയാവാക്കി വനം നിര്‍മിക്കുന്നത്.
Content Highlights: about mr hari who made miyawaki forest in puliyarakonam,green warriors
Published: 01 Jul 2023, 04:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented