
നദികളാലും ജലസ്രോതസുകളാലും സമ്പന്നമായ സംസ്ഥാനമാണ് കേരളം. പക്ഷേ, ജനസാന്ദ്രതയടക്കമുള്ള നിരവധി വിഷയങ്ങള്‍ മൂലം ശുദ്ധജല സ്രോതസ്സുകള്‍ മലിനമായി കൊണ്ടിരിക്കുകയാണ്. വേനലിന്റെ കാഠിന്യം കൂടിയ സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ കഴിയാത്ത ജലം വിനിയോഗിക്കുകയെന്നത് അതിപ്രധാനമാണ്. ഭക്ഷണവുമായി താരതമ്യം ചെയ്യുമ്പോൾ ഗുണനിലവാരമില്ലാത്ത ജലം വേര്‍തിരിച്ചറിയാന്‍ സാധിക്കും. മായം ചേര്‍ത്ത ഭക്ഷണങ്ങള്‍ ഒരുപരിധി വരെ കഴിക്കുമ്പോള്‍ തിരിച്ചറിയാന്‍ പാടാണെങ്കിലും കുടിവെള്ളത്തിലെ രുചിവ്യത്യാസമൊക്കെ കൊണ്ട് അതിലെ മലിനസാധ്യത വേഗത്തില്‍ കണ്ടെത്താന്‍ കഴിയും. പിന്നീടത് കുടിവെള്ളമല്ല, മലിനജലമാണ്. ഉപയോഗിക്കാന്‍ കഴിയാത്ത ഈ ജലത്തെയും വിനിയോഗിക്കാന്‍ കഴിഞ്ഞാലോ ! എങ്ങനെയെന്നല്ലേ? കുറച്ചുകൂടി മെച്ചപ്പെട്ട സാങ്കേതികവിദ്യയുമായി എത്തുകയാണ് 26-കാരനും തിരുവല്ല സ്വദേശിയുമായ ആദര്‍ശ് പി കുമാര്‍. മലിനജലത്തിലെ ഭൂരിഭാഗം വരുന്ന ബാക്ടീരിയകള്‍ നീക്കം ചെയ്യുന്ന ആദര്‍ശ് വികസിപ്പിച്ച സാങ്കേതികവിദ്യയിലൂടെ കുടിവെള്ളക്ഷാമത്തിന് ഒരുപരിധി വരെ പരിഹാരമാകുമെന്നാണ് കരുതുന്നത്.
ബി.ടെക് സിവില്‍ എന്‍ജിനയറിങ് പൂര്‍ത്തിയാക്കിയ ആദര്‍ശ് ഇപ്പോള്‍ പത്തനംതിട്ട ശുചിത്വ മിഷനിലാണ് ജോലി ചെയ്യുന്നത്. എന്‍വയോണ്‍മെന്റ് എന്‍ജിനയറിങ്ങാണ് ആദര്‍ശിന് താത്പര്യമുള്ള മേഖല. നദികളിലൂടെ ഒഴുകി വരുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന സാങ്കേതികവിദ്യ ആദര്‍ശ് വികസിപ്പിച്ചിരുന്നെങ്കിലും നടപ്പാക്കുന്നതിനുള്ള പരിമിതികള്‍ മൂലം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് പല ആശയങ്ങൾ വന്നെങ്കിലും കേരളത്തിന് ഏറെ പ്രയോജനകരമാകുന്ന തരത്തിലൊന്ന് രൂപപ്പെടാന്‍ സമയമെടുത്തു. കേരളത്തിന്റെ പശ്ചാത്തലത്തില്‍ പ്രാവര്‍ത്തികമാക്കാവുന്ന എന്നാല്‍ പാരിസ്ഥിതികമായി പ്രാധാന്യമര്‍ഹിക്കുന്ന ഒരു പദ്ധതിയുടെ അന്വേഷണം അവസാനിക്കുന്നത് 2023-ലാണ്.
വഴികാട്ടിയ 2023
2023 ഓഗസ്റ്റില്‍ ആരംഭിച്ച ഹൈഡ്രോനെസ്റ്റ് (Hydronest) എന്ന സ്റ്റാര്‍ട്ടപ്പ് കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് ആദര്‍ശ് കരുതുന്നത്. സൗരോര്‍ജത്തെ അടിസ്ഥാനമാക്കിയുള്ള ഉപകരണത്തിലൂടെ വെള്ളം ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. ചെലവ് കുറഞ്ഞ തരത്തില്‍ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയാണ് ആദര്‍ശ് താന്‍ വികസിപ്പിച്ച സാങ്കേതികവിദ്യ കൊണ്ട് ലക്ഷ്യംവെയ്ക്കുന്നത്. രാജ്യത്തെ വിവിധ ഗ്രാമപ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാനും സ്റ്റാര്‍ട്ടപ്പിലൂടെ ആദര്‍ശ്. സംസ്ഥാനത്ത് കേരള വാട്ടര്‍ അതോറിറ്റിയും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായം ഇതിനായി തേടും. തിരുവനന്തപുരത്തെ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയുമായി (കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി - CSIR - National Institute For Interdisciplinary Science and Technology (NIIST) ധാരണാപത്രവും ഒപ്പിട്ടു. കേരള വാട്ടര്‍ അതോറിറ്റിയുടെ ലാബിലും മറ്റും പരിശോധിച്ച് രേഖകളുമായി പോയ ശേഷമാണ് ധാരണാപത്രം ഒപ്പിട്ടത്.

കാര്യമത്ര സിംപിളലല്ല, പക്ഷേ പവർഫുള്ളാണ്
വെള്ളം ശുദ്ധീകരിക്കാൻ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മാർഗങ്ങളാണ് ഇവിടെയും ആദർശ് ഉപയോഗിക്കുന്നത്. "ബയോസാന്‍ഡ് ഫില്‍റ്ററേഷനാണ് (ബാക്ടീരിയകളെ ജലത്തില്‍ നിന്ന് നീക്കം ചെയ്ത് സുരക്ഷിതമായതും കുടിക്കാനുപയോഗപ്രദവുമായ തരത്തിലേക്ക് മാറ്റുന്ന പ്രക്രിയ - Biosand filteration) ആദ്യപടി. തുടര്‍ന്ന് ഓസോണേഷന്‍ (ഓസോണ്‍ കുമിളകളിലൂടെ വെള്ളം കടത്തിവിടുന്നത് ഈ ഘട്ടത്തിലാണ് - Ozonation) . ഓസോണേറ്റ്ഡ് കംബൈന്‍ഡ് ബയോസാന്‍ഡ് ഫില്‍റ്ററേഷനെന്നാണ് ഇതിനെ ചുരുക്കി പറയുക. മെംബ്രൈന്‍ ടെക്‌നോളജിയുപയോഗിച്ചുള്ള (Membrane technology) നീക്കം ചെയ്യലുകളാണ് അടുത്തത്. മൈക്രോഫില്‍റ്ററേഷന്‍, അള്‍ട്രാഫില്‍റ്ററേഷന്‍, റിവേഴ്‌സ് ഓസ്‌മോസിസ് എന്നിവയടങ്ങുന്നതാണ് സാധാരണയായുള്ള ചെയ്യുന്ന മെംബ്രിയന്‍ ടെക്‌നോളജികള്‍. ഭാവിയില്‍ ഇത് ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് (AI) സഹായത്തോടെ നടത്താനും പദ്ധതിയുണ്ട്." പദ്ധിയുടെ പ്രവർത്തനം ആദർശ് വിവരിച്ചു.
ആര്‍സെനിക്കും പടിക്ക് പുറത്ത്
മനുഷ്യശരീരിത്തിന് ആപൽക്കരമായ ബാക്ടീരിയകള്‍ (ഇ-കോളി, ആര്‍സെനിക്) നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. ഉപയോഗപ്രദമായ തലത്തിലേക്ക് ജലത്തെ എത്തിക്കുകയെന്ന വേണമെങ്കില്‍ ചുരുക്കി പറയാമെന്ന് ആദര്‍ശ് പറയുന്നു. "തീരദേശ മേഖലകളോട് ചേര്‍ന്നുകിടക്കുന്ന തോടുകളിലെ വെള്ളമൊക്കെ ഒരു മോട്ടറില്‍ പമ്പ് ചെയ്ത് ഉപകരണത്തിലൂടെ കടത്തിവിടും. അത്തരം മേഖലകളിലെ ജലസ്രോതസ്സുകളിലുള്ള വെള്ളം ശരിയായ രീതിയില്‍ ഇതിലൂടെ ഉപയോഗിക്കാന്‍ സാധിക്കും", ആദര്‍ശ് പറയുന്നു. ഈയടുത്ത് കൊല്ലത്തും ആര്‍സെനിക് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തത് ഇത്തരം സംവിധാനങ്ങള്‍ വേണ്ട പ്രാധാന്യവും ചൂണ്ടിക്കാട്ടുന്നതായാണ് ആദര്‍ശിന്റെ പക്ഷം. ഒരൊറ്റ ഉപകരണത്തിലൂടെ തന്നെ ജലത്തിലെ ആര്‍സെനിക്, ഇ-കോളി, കോളി ഫോം എന്നിവയെ നീക്കം ചെയ്യാന്‍ കഴിയുമെന്നതാണ് ആദര്‍ശ് വികസിപ്പിച്ച സാങ്കേതികവിദ്യയുടെ പ്രത്യേകത. ഒരു ലിറ്റര്‍ ജലത്തിലുള്ള 200 മൈക്രോഗ്രാം വരെയുള്ള ആര്‍സെനിക്കിനെയും ഇതുപയോഗിച്ച് നീക്കം ചെയ്യാം. ലിറ്ററില്‍ പത്ത് മൈക്രോഗ്രാം വരെയുള്ള ആര്‍സെനിക്കുള്ള ജലമാണ് കുടിക്കാനനുയോജ്യമായതെന്ന് (സുരക്ഷിതമായ അളവ്) ലോകാരോഗ്യസംഘടന പറയുന്നു.
"പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ അമ്പലപ്പുഴ നോര്‍ത്ത്, സൗത്ത്, പുന്നപ്ര എന്നിവിടങ്ങളെ കേന്ദ്രീകരിച്ചാകും. അമ്പലപ്പുഴ ഭാഗങ്ങളില്‍ വെള്ളമുണ്ടെങ്കിലും കുടിക്കാന്‍ അനുയോജ്യമായ ഗുണനിലവാരമില്ല. പരമാവധി തിളപ്പിച്ചാണ് ഇവിടങ്ങളില്‍ ഉപയോഗിക്കുന്നത്. ഇത് ആരോഗ്യത്തിനും ദോഷം ചെയ്യും. ആലപ്പുഴയില്‍ കുട്ടനാട് മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. രണ്ടാം ഘട്ടത്തില്‍ പദ്ധതി പാലക്കാട്ടും പിന്നീട് പശ്ചിമബംഗാള്‍, അസം, ഒഡിഷ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും." ആദര്‍ശ് പ്രതികരിച്ചു.
പൈലറ്റെന്ന നിലയ്ക്ക് ഒരു സിംപിള്‍ പ്രോട്ടോടൈപ്പ് വികസിപ്പിച്ചിരുന്നു. ഇത് കുറച്ചുകൂടി വിപുലീകരിച്ച് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടി ഉപയോഗിക്കത്തക്ക തരത്തിലും മാറ്റും. പഞ്ചായത്തുകളുമായി ഔദ്യോഗിക തലത്തിലുള്ള ചര്‍ച്ചകളും ബാക്കിയാണ്. സ്വകാര്യ ജലവിതരണക്കാരുടെ പങ്കാളിത്തം ഉറപ്പാക്കി നടപ്പാക്കാന്‍ കഴിയും. പഞ്ചായത്ത് തലത്തില്‍ നടത്തുകയാണെങ്കില്‍ പ്ലാന്റുകള്‍ നിര്‍മിക്കേണ്ടിവരും. കേരളത്തില്‍ ആര്‍സെനിക് സാന്നിധ്യം കുറവാണ്, പക്ഷേ പാലക്കാട് പോലുള്ള ഇടങ്ങളിലുണ്ട്.
കേരളത്തിന് പരിമിതികളോ?
ജലാശയങ്ങളിലെയും മറ്റും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാനുള്ള പദ്ധതികളായിരുന്നു ആദര്‍ശ് ആദ്യം. ഫോര്‍ട്ട്കൊച്ചിയില്‍ കണ്ട സങ്കടകരമായ കാഴ്ചയാണ് ഇതിന് പ്രചോദനമായത്. നിലവില്‍ കേരളത്തില്‍ ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നതിനായി പദ്ധതികളില്ല. വിദേശത്തെ സാങ്കേതികവിദ്യകള്‍ മാറ്റം വരുത്തി ഇവിടെ കൊണ്ടുവരാനായിരുന്നു ലക്ഷ്യം. നദികളും മറ്റും സര്‍ക്കാര്‍ ഭൂമികളാണ്. സംരക്ഷിത പ്രദേശങ്ങളിലാണിവ. ഇവിടെ പരിമിതികളുണ്ട്. ഇത്തരം പദ്ധതികളുടെ സാധ്യതയെ പറ്റിയും തിരഞ്ഞു ആദര്‍ശ്. നിരാശയായിരുന്നു ഫലം. അതുമാത്രമായിരുന്നില്ല, പ്ലാസ്റ്റിക് ശേഖരിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ആളുകളും വേണ്ടി വരുമെന്നതും വിഷയമായി. വൈദ്യുതിയോ സൗരോര്‍ജമോ ആക്കി ഇതിനെ മാറ്റേണ്ടിയും വരുമെന്നായപ്പോഴാണ് ഉപേക്ഷിച്ചതെന്ന് ആദര്‍ശ് പറയുന്നു.
പാര്‍ട്ട്ണര്‍ഷിപ്പ് ഫേം ആയിട്ടാണ് ഹൈഡ്രോനെസ്റ്റ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പഞ്ചായത്ത് തലത്തില്‍ ആവശ്യക്കാരെറെയാണ്. 30 പഞ്ചായത്തുകൾ ഇതിനകം താത്പര്യം അറിയിച്ചു. ഹൈഡ്രോനെസ്റ്റ് വാണിജ്യാടിസ്ഥാനത്തില്‍ സ്ഥാപിക്കാന്‍ പ്രോത്സാഹനവുമായി വിദഗ്ധരും രംഗത്തുണ്ട്. ലാബുകളില്‍ ആര്‍സെനിക് പോലുള്ളവ നീക്കം ചെയ്യാനുള്ള സംവിധാനങ്ങളുണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ ഇത് നീക്കം ചെയ്യാനുള്ള പദ്ധതികൾ ചിറക് വെയ്ക്കുന്ന ഘട്ടത്തിലാണ്. ആര്‍സെനികും രോഗവാഹകരായ ബാക്ടീരിയകളും വൈറസുകളും (പാത്തോജന്‍) നീക്കം ചെയ്യുന്ന ഹെെഡ്രോനെസ്റ്റ് പദ്ധതി വിജയകരമായാൽ കുടിവെള്ളക്ഷാമത്തിന് ഒരുപരിധി വരെ പരിഹാരമാകുമെന്നു പ്രതീക്ഷിക്കാം..
Content Highlights: green warriors column on adarsh and hydronest
Published: 17 Apr 2024, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented