ആചാരപരമായ വസ്ത്രങ്ങൾ ധരിക്കുന്നവർ പരിശോധനയ്ക്കായി 12.30-ന് മുൻപെങ്കിലും പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം

ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് യു.ജി. 2026 പുനഃപരീക്ഷ സുതാര്യവും സുരക്ഷിതവുമാക്കാൻ കർശനമായ നടപടികളാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി സ്വീകരിച്ചിരിക്കുന്നത്. പരീക്ഷാകേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതുമുതൽ ഉത്തരക്കടലാസ് സമർപ്പിക്കുന്നതുവരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം.
അഡ്മിറ്റ് കാർഡ്
- അഡ്മിറ്റ് കാർഡ് neet.nta.nic.in വഴി ഡൗൺലോഡ് ചെയ്യാം. ഇതിലെ പേര്, ഫോട്ടോ, പരീക്ഷാകേന്ദ്രം എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും പിശകുണ്ടെങ്കിൽ എൻ.ടി.എ. ഹെൽപ്പ് ലൈൻ നമ്പറായ 011-40759000 ൽ ബന്ധപ്പെടുക. അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയ വിവരങ്ങളിൽ മാറ്റംവരുത്തരുത്.
- ഡൗൺലോഡ് ചെയ്യുന്നതിനുമുൻപായി പരീക്ഷാഫീസ് റീഫണ്ട് ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുകയും ആവശ്യമെങ്കിൽ പുതുക്കുകയും വേണം. ഇതിനായി രജിസ്റ്റർചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി. വഴിയുള്ള ടു-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമാണ്.
- അപേക്ഷയിൽ നൽകിയ ഫോട്ടോതന്നെ അഡ്മിറ്റ് കാർഡിൽ പതിപ്പിക്കണം. കൂടാതെ, 4x6 വലിപ്പമുള്ള പോസ്റ്റ് കാർഡ് സൈസ് ഫോട്ടോ അഡ്മിറ്റ് കാർഡിനൊപ്പമുള്ള പ്രൊഫോർമയിൽ പതിപ്പിക്കണം. ഹാജർപ്പട്ടികയിൽ ഒട്ടിക്കാൻ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ കൈയിൽ കരുതുക.
- അഡ്‌മിറ്റ് കാർഡിലെ നിർദേശങ്ങളും ഇൻഫർമേഷൻ ബുള്ളറ്റിനിലെ നിബന്ധനകളും വായിച്ചുമനസ്സിലാക്കണം
- ഒപ്പും വിരലടയാളവും പരീക്ഷാഹാളിൽ ഇൻവിജിലേറ്ററുടെ സാന്നിധ്യത്തിൽമാത്രം ചെയ്യുക
പരീക്ഷാസമയം
- പരീക്ഷാസമയം 195 മിനിറ്റായി വർധിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച് 5.15-നാണ് പരീക്ഷ അവസാനിക്കുക. അധികസമയം ഇൻവിജിലേറ്ററുടെ നടപടികൾക്കും അറ്റൻഡൻസ് ഒപ്പിടുന്നതിനും ഉപയോഗിക്കാം.
- ചോദ്യപ്പേപ്പർ ബുക്ക്‌ലെറ്റിൽ റഫ് വർക്കിനായി നേരത്തേ ഉണ്ടായിരുന്ന രണ്ട് പേജുകൾക്കുപകരം ഇനി നാലുപേജുകൾ ലഭിക്കും. ഇതിൽ രണ്ടുപേജുകൾ ബുക്ക്‌ലെറ്റിന്റെ തുടക്കത്തിലും (നിർദേശങ്ങൾ കഴിഞ്ഞ ഉടൻ), മറ്റുരണ്ട് പേജുകൾ അവസാനഭാഗത്തും. പരീക്ഷാകേന്ദ്രത്തിലെ അച്ചടക്കവും ഡ്രസ് കോഡും
- വലിയ ബട്ടണുകൾ, എംബ്രോയ്ഡറി വർക്കുകൾ, അധികം പോക്കറ്റുകൾ എന്നിവയില്ലാത്ത ലളിതമായ ഹാഫ് സ്ലീവ് (പകുതി കൈയുള്ള) വസ്ത്രങ്ങൾ ധരിക്കുക. ഷൂസുകൾ ഉപയോഗിക്കരുത്. ലളിതമായ ചെരിപ്പുകൾ അല്ലെങ്കിൽ ഹീൽ കുറഞ്ഞ സാൻഡലുകൾ ഉപയോഗിക്കാം.
- ആഭരണങ്ങൾ: ലോഹവസ്തുക്കളായ മാല, കമ്മൽ, മൂക്കുത്തി, വളകൾ, വാച്ച് എന്നിവ ഒഴിവാക്കുക. ആചാരപരമായ വസ്ത്രങ്ങൾ ധരിക്കുന്നവർ പരിശോധനയ്ക്കായി 12.30-ന് മുൻപെങ്കിലും പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം.
- പേന പരീക്ഷാകേന്ദ്രത്തിൽനിന്ന് നൽകും
പരീക്ഷാഹാളിലെ നടപടിക്രമങ്ങൾ
- കേന്ദ്രത്തിൽ പ്രവേശിക്കുന്നതിന് മുൻപ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള ശാരീരിക പരിശോധനയും ബയോമെട്രിക് ഹാജർ രേഖപ്പെടുത്തലും നിർബന്ധമാണ്. ബയോമെട്രിക് സാങ്കേതികതടസ്സങ്ങൾ നേരിട്ടാൽ പരിഭ്രമിക്കേണ്ട; കേന്ദ്രത്തിൽ നൽകുന്ന സത്യവാങ്മൂലം നൽകിയാൽ മതിയാകും.
- പരീക്ഷാഹാൾ സി.സി.ടി.വി. നിരീക്ഷണത്തിലും വീഡിയോ റെക്കോഡിങ്ങിലും ആയിരിക്കും. അതിനാൽ ക്യാമറയ്ക്ക് അഭിമുഖമായി ഇരിക്കാൻ ശ്രദ്ധിക്കുക.
- നിരീക്ഷകന്റെ നിർദേശങ്ങൾ അനുസരിച്ചുമാത്രം പ്രവർത്തിക്കുക. റോൾനമ്പർ പ്രകാരമുള്ള സീറ്റിൽമാത്രം ഇരിക്കുക.
ഹാളിൽ കൊണ്ടുപോകാവുന്നവ
- ഫോട്ടോ പതിപ്പിച്ച അഡ്മിറ്റ് കാർഡിന്റെ മൂന്ന് പേജുകളുടെയും പ്രിന്റൗട്ട് (A4 പേപ്പറിൽ)
- ഹാജർപട്ടികയിൽ പതിപ്പിക്കാൻ ഓൺലൈൻ അപേക്ഷയിൽ നൽകിയ അതേ പാസ്പോർട്ട് സൈസ് ഫോട്ടോ
- ഒരു പോസ്റ്റ് കാർഡ് സൈസ് (4X6) കളർ ഫോട്ടോ (അഡ്മിറ്റ് കാർഡിനൊപ്പമുള്ള പ്രൊഫോർമയിൽ പതിപ്പിക്കാൻ).
- സർക്കാർ അംഗീകൃത ഒറിജിനൽ തിരിച്ചറിയൽ രേഖ (ഉദാ: ആധാർ കാർഡ്, പാൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐ.ഡി. തുടങ്ങിയവ).
- പി.ഡബ്ള്യു.ബി.ഡി. വിഭാഗക്കാർക്ക് ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്.
- സുതാര്യമായ കുപ്പിയിൽ കുടിവെള്ളം
- ശ്രദ്ധിക്കുക: പേന പരീക്ഷാഹാളിൽനിന്ന് നൽകും
ഹാളിൽ നിരോധിച്ചിട്ടുള്ള വസ്തുക്കൾ
- മൊബൈൽ ഫോൺ, ബ്ലൂടൂത്ത് ഉപകരണങ്ങൾ, സ്മാർട്ട് വാച്ചുകൾ, മറ്റ് ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ
- പേന, സ്കെയിൽ, പെൻസിൽ ബോക്സ്, കാൽക്കുലേറ്റർ
- വാലറ്റ്, ബെൽറ്റ്, തൊപ്പി, ആഭരണങ്ങൾ, ലോഹനിർമിതമായ മറ്റ് വസ്തുക്കൾ
- കുടിവെള്ളം ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ. എന്നാൽ, പ്രമേഹരോഗികൾക്ക് മുൻകൂർ അനുമതിയോടെ പഴങ്ങൾ കരുതാം.
Content Highlights: The National Testing Agency has announced strict guidelines for the NEET UG 2026 re-examination on June 21. The exam duration is increased to 195 minutes, and candidates must adhere to specific biometric, identification, and dress code mandates.
Published: 18 Jun 2026, 08:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented