
ന്യൂഡൽഹി: നീറ്റ്-യുജി 2026 പരീക്ഷാപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ, നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) ഘടനാപരമായ മാറ്റങ്ങൾ വരുത്തണമെന്ന് സുപ്രീം കോടതി. പരീക്ഷാ നടത്തിപ്പിനായി യുപിഎസ്‌സി പോലെ ശാസ്ത്രീയമായി സജ്ജീകരിക്കപ്പെട്ട ഒരു സ്ഥിരം സംവിധാനമാണ് ആവശ്യമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
വർഷങ്ങളായുള്ള പ്രവർത്തന പരിചയത്തിലൂടെ യുപിഎസ്‌സി നേടിയെടുത്തതുപോലുള്ള അറിവും വൈദഗ്ധ്യവും പരീക്ഷാനടത്തിപ്പിനായി പരീക്ഷാ ബോർഡുകൾക്ക് ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എൻടിഎയിലെ ഉദ്യോഗസ്ഥരുടെ എണ്ണം, ഓഫീസിന്റെ സ്ഥാനം, ജീവനക്കാരുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കാൻ ഔദ്യോഗിക സംവിധാനങ്ങൾ ആവശ്യമാണെന്ന് കോടതി പറഞ്ഞു. പരീക്ഷാ നടത്തിപ്പ് മാത്രമല്ലാതെ ഉദ്യോഗാർഥികൾക്ക് പരാതിപരിഹാര സംവിധാനം, സൗഹൃദപരമായ പരീക്ഷാ ക്രമീകരണങ്ങൾ എന്നിവയ്ക്കും മുൻഗണന നൽകണമെന്ന് ജസ്റ്റിസ് നരസിംഹ വ്യക്തമാക്കി.
അതേസമയം, പരീക്ഷാ പേപ്പർ സുരക്ഷയ്ക്കായി എൻടിഎ നിലവിൽ പിന്തുടരുന്ന രീതികൾ കുറ്റമറ്റതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ചോദ്യപേപ്പർ തയ്യാറാക്കുന്നതുമുതൽ വിതരണം ചെയ്യുന്നതുവരെയുള്ള ഘട്ടങ്ങളിൽ സിസിടിവി നിരീക്ഷണവും സിഐഎസ്എഫ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളിലാണ് ഇവ കൊണ്ടുപോകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ, ഇത്തരം സുരക്ഷാ നടപടികൾക്കപ്പുറം വിദഗ്ധസമിതി നിർദേശിച്ച പരിഷ്കാരങ്ങൾ എങ്ങനെ ഒരു സ്ഥിരം സംവിധാനമായി നടപ്പിലാക്കാമെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
കെ. രാധാകൃഷ്ണൻ അധ്യക്ഷനായ സമിതി സമർപ്പിച്ച ശുപാർശകൾ നടപ്പിലാക്കുന്നതിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച സത്യവാങ്മൂലം മൂന്നാഴ്ചയ്ക്കകം സമർപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയോട് കോടതി നിർദേശിച്ചിട്ടുണ്ട്. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനുള്ള കൃത്യമായ സമയപരിധിയും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Supreme Court demanded a permanent, UPSC-like scientific system for NTA following the NEET UG 2026 paper leak., Court emphasized institutional knowledge, robust candidate-friendly arrangements, and grievance redressal mechanisms., Solicitor General outlined current security measures including CCTV and CISF deployment., Court ordered the Center to submit an affidavit within three weeks detailing the implementation of K. Radhakrishnan and Nandan Nilekani committee recommendations.
Published: 19 Aug 2026, 03:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented