ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി (എ.എ.സി.സി.സി.) ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.യു.എം.എസ്., ബി.എസ്.എം.എസ്., ബി.ഫാം. കോഴ്സുകളിലേക്കുള്ള അഖിലേന്ത്യാ അലോട്മെൻറ് പ്രക്രിയയുടെ നിബന്ധനകളും സമയക്രമവും പ്രസിദ്ധീകരിച്ചു. നീറ്റ് യു.ജി. റാങ്ക് അടിസ്ഥാനമാക്കിയാണ് അലോട്മെന്റ്.

To advertise here,

വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ കോളേജുകൾ, സർക്കാർ എയ്‌ഡഡ് സ്ഥാപനങ്ങൾ, കേന്ദ്ര സർവകലാശാലകൾ, ദേശീയ പ്രാധാന്യമുള്ള ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഗുജറാത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിങ് ആൻഡ് റിസർച്ച് ഇൻ ആയുർവേദ (ഐ.ടി.ആർ.എ.) സ്ഥാപനത്തിലെ ബി.ഫാം. (ആയുർവേദ) കോഴ്സുകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ടയടക്കമുള്ള സീറ്റുകളിലേക്കാണ് അലോട്മെൻറ്. കൂടാതെ ഡീംഡ് യൂണിവേഴ്സിറ്റികളിലെ ആയുഷ് കോഴ്സുകളിലെ മുഴുവൻ സീറ്റുകളിലേക്കും ഇതോടൊപ്പം അലോട്മെൻറ് നടത്തുന്നു.

കേന്ദ്ര സ്ഥാപനങ്ങളായ ബനാറസ് ഹിന്ദു സർവകലാശാല, ഐ.ടി.ആർ.എ. (ഗുജറാത്ത്), എൻ.ഐ.എ. (ജയ്‌പുർ), എൻ.ഐ.എ. (പഞ്ച്ഗുള) എന്നിവിടങ്ങളിലെ മുഴുവൻ ബി.എ.എം.എസ്. സീറ്റുകളും കൊൽക്കത്തയിലെ എൻ.ഐ.എച്ചിലെ മുഴുവൻ ബി.എച്ച്.എം.എസ്. സീറ്റുകളും ചെന്നൈ എൻ.ഐ.എസ്. സ്ഥാപനത്തിലെ മുഴുവൻ ബി.എസ്.എം.എസ്. സീറ്റുകളും അലിഗഢ്‌ മുസ്‌ലിം സർവകലാശാലയിലെ 50 ശതമാനം ബി.യു.എം.എസ്. സീറ്റുകളും എല്ലാവർക്കും പങ്കെടുക്കാവുന്ന സീറ്റുകളാണ്. കൂടാതെ ഗോവയിലെ എ.ഐ.ഐ.എ., എൻ.ഇ.ഐ.എ.എച്ച്. ഷില്ലോങ് സ്ഥാപനത്തിലെ 50 ശതമാനം ബി.എ.എം.എസ്. സീറ്റുകളും അലോട്മെൻറിൽ ഉൾപ്പെടുന്നു.

ഡീംഡ് യൂണിവേഴ്സിറ്റികളിലെ അലോട്മെൻറിൽ ഉൾപ്പെടുന്ന മുഴുവൻ സീറ്റും ഡൊമിസൈൽ ഫ്രീയും സംവരണതത്ത്വം ബാധകമല്ലാത്തതും ഉയർന്ന ഫീസ് ഉള്ളതുമായിരിക്കും. കേരളത്തിലെ അഞ്ച് ആയുർവേദ കോളേജുകളും (മൂന്ന് സർക്കാർ, രണ്ട് എയ്ഡഡ്), അഞ്ച് ഹോമിയോ കോളേജുകളും (രണ്ട് സർക്കാർ, മൂന്ന് എയ്‌ഡഡ്) ഒരു ഡീംഡ് സർവകലാശാലയും അഖിലേന്ത്യാ അലോട്മെൻറിൽ ഉൾപ്പെടുന്നുണ്ട്.

ഓൺലൈൻ രജിസ്ട്രേഷൻ

www.aaccc.gov.in ൽ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചപ്പോൾ ഉപയോഗിച്ച യൂസർ ഐ.ഡി.യും പാസ്‌വേഡും നൽകി രജിസ്റ്റർചെയ്യണം. തുടർന്ന് വിദ്യാർഥിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകണം. നീറ്റിന് അപേക്ഷിച്ചപ്പോൾ നൽകിയ വിവരങ്ങൾ നൽകാൻ ശ്രദ്ധിക്കണം. തുടർന്ന് രജിസ്ട്രേഷൻ ഫീസും സെക്യൂരിറ്റി ഡിപ്പോസിറ്റും ഓൺലൈനായി അടച്ചതിനുശേഷം ചോയ്‌സ് ഫില്ലിങ് നടത്താം.

ഓൺലൈൻ രജിസ്ട്രേഷൻ ഫീസും സെക്യൂരിറ്റി ഡിപ്പോസിറ്റും

ഓൺലൈൻ രജിസ്ട്രേഷന് ഓരോ അപേക്ഷാർഥിയും അവർ ചോയ്‌സ് ഫില്ലിങ് നടത്താൻ ഉദ്ദേശിക്കുന്ന കോളേജ് അനുസരിച്ച് തിരിച്ചുലഭിക്കാത്ത രജിസ്ട്രേഷൻ ഫീസും തിരിച്ചുലഭിക്കുന്ന സെക്യൂരിറ്റി ഡിപ്പോസിറ്റും ഉണ്ടാകും. അഖിലേന്ത്യക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ 1000 രൂപ രജിസ്ട്രേഷൻ ഫീസും 20,000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റും ഓൺലൈനായി രജിസ്ട്രേഷൻ സമയത്ത് അടയ്ക്കണം. സംവരണ വിഭാഗങ്ങളായ ഒ.ബി.സി./എസ്.സി./എസ്.ടി./അംഗപരിമിതർ എന്നിവയിൽ ഉൾപ്പെടുന്നവർ യഥാക്രമം 500 രൂപയും 20,000 രൂപയുമാണ് അടയ്ക്കേണ്ടത്. എന്നാൽ, ഡീംഡ് സർവകലാശാലകളിലെ സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ എല്ലാ വിഭാഗക്കാരും 5000 രൂപ രജിസ്ട്രേഷൻ ഫീസും 50,000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റും ഓൺലൈനായി രജിസ്ട്രേഷൻ സമയത്ത് അടയ്ക്കണം.

ചോയ്‌സ് ഫില്ലിങ്-ലോക്കിങ് പ്രക്രിയ

ചോയ്‌സ് ഫില്ലിങ് എന്നാൽ പഠിക്കാൻ ആഗ്രഹിക്കുന്ന കോഴ്സ്-കോളേജ് താത്‌പര്യമുള്ള ക്രമപ്രകാരം നൽകേണ്ട ഓപ്ഷൻ രജിസ്ട്രേഷൻ ആണ്. ലോക്കിങ് പ്രക്രിയയിൽ നിശ്ചിത സമയത്തിനുള്ളിൽ ഓപ്ഷൻ നൽകിയ ചോയ്സുകൾ ഫൈനലൈസ് ചെയ്ത് അലോട്മെൻറ് പ്രോസസിനുവേണ്ടി കൺഫേം ചെയ്യുക എന്നതാണ്. ലോക്കിങ്ങിനുശേഷം ക്രമപ്പെടുത്തി നൽകിയ ചോയ്സുകൾ മാറ്റാനുവദിക്കുകയില്ല. ലോക്ക് ചെയ്യാൻ മറന്നുപോയാൽ ഏറ്റവും അവസാനം സേവ് ചെയ്ത ചോയ്സുകൾ ഓട്ടമാറ്റിക് ആയി ലോക്ക് ആവുന്നതാണ്.

ആദ്യ അലോട്മെന്റ് 16-ന്

മൂന്ന് റൗണ്ടുകളും രണ്ട് സ്ട്രേവേക്കൻസി റൗണ്ടുമുൾപ്പെടുന്ന അഞ്ച് റൗണ്ടുകളായിട്ടാണ് പ്രവേശനം. ഒന്നാംറൗണ്ട് ഓൺലൈൻ രജിസ്ട്രേഷൻ സെപ്‌റ്റംബർ 13-ന് ഉച്ചയ്ക്ക് രണ്ടുവരെ. ഫീസ് അടയ്ക്കാൻ അന്നേദിവസം വൈകീട്ട് അഞ്ചുവരെ സമയമുണ്ട്. ചോയ്‌സ് ഫില്ലിങ്ങിന് ഒൻപതുമുതൽ 13-ന് രാത്രി 11.55 വരെ. 13-ന് ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 11.55 വരെ ചോയ്സ് ലോക്കിങ്. 16-ന് അലോട്മെന്റ് പ്രസിദ്ധീകരിക്കും. പ്രവേശനം നേടാൻ 17 മുതൽ 23 വരെ സമയമുണ്ട്.

ഒന്നാം റൗണ്ടിൽ കോഴ്സ്-കോളേജ്-സീറ്റ് അലോട്മെൻറ് ലഭിച്ചതിൽ തൃപ്തിയായവർ പ്രവേശനം ലഭിച്ച സ്ഥാപനത്തിൽ നിർദേശിച്ച എല്ലാ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരായി പ്രവേശനം നേടണം.

എന്നാൽ, ആദ്യ അലോട്മെന്റിൽ തൃപ്തിയല്ലാത്തവരും പ്രവേശനം ലഭിച്ച സ്ഥാപനത്തിൽ എല്ലാ സർട്ടിഫിക്കറ്റുകൾസഹിതം നേരിട്ട് പ്രവേശനം നേടി, തുടർ അലോട്മെന്റ്‌ പ്രക്രിയയിൽ പങ്കെടുത്ത് കോഴ്സ്-കോളേജ്-സീറ്റ് അപ്ഗ്രേഡ് ചെയ്യാൻ പ്രവേശനം നേടിയ സ്ഥാപനത്തിൽ ഓപ്ഷൻ നൽകണം. അല്ലെങ്കിൽ അലോട്മെൻറ് ലഭിച്ചവർക്ക് ജോയിൻ ചെയ്യാതിരിക്കുകയോ രണ്ടാം റൗണ്ടിന്റെ ഫലം വരുന്നതിനുമുൻപ് ഫ്രീ ആയി എക്സിറ്റ് ചെയ്യുകയോ ആവാം. അങ്ങനെയുള്ളവർക്ക് രണ്ടാം റൗണ്ടിൽ വീണ്ടും കൗൺസലിങ് ഫീസ് അടയ്ക്കാതെ പങ്കെടുക്കാം. പക്ഷേ, ചോയ്‌സ് ഫില്ലിങ്ങും ലോക്കിങ്ങും വീണ്ടും സമയബന്ധിതമായി നടത്തണം.

രണ്ടാം റൗണ്ട്

സീറ്റ് അലോട്മെൻറ് ലഭിക്കാത്തവരും കോഴ്സ്-കോളേജ്-സീറ്റ് അപ്ഗ്രേഡിനുവേണ്ടി ഓപ്ഷൻ നൽകിയവരും ഫ്രീ എക്സിറ്റ് ആയവരും ഓരോ റൗണ്ടിലും പുതുതായി ചോയ്‌സ് ഫില്ലിങ് സമയക്രമം അനുസരിച്ച് സമർപ്പിക്കണം. അവർ വീണ്ടും ഫീ അടയ്ക്കേണ്ട. എന്നാൽ, ഒന്നാം റൗണ്ടിൽ പങ്കെടുക്കാത്തവർ രജിസ്ട്രേഷൻ ഫീസും സെക്യൂരിറ്റി ഡിപ്പോസിറ്റും ഓൺലൈനായി അടച്ചതിനുശേഷം ചോയ്സ് ഫില്ലിങ് നടത്താം. രണ്ടാം റൗണ്ട് ഓൺലൈൻ രജിസ്ട്രേഷൻ സെപ്‌റ്റംബർ 26 മുതൽ 30-ന് ഉച്ചയ്ക്ക് രണ്ടുവരെ. ഫീസ് അടയ്ക്കാൻ അന്നേദിവസം വൈകീട്ട് അഞ്ചുവരെ സമയമുണ്ട്. ചോയ്‌സ് ഫില്ലിങ്ങിന് 27 മുതൽ 30-ന് രാത്രി 11.55 വരെ.

30-ന് ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 11.55 വരെ ചോയ്സ് ലോക്കിങ്. ഒക്ടോബർ രണ്ടിന് അലോട്മെന്റ് പ്രസിദ്ധീകരിക്കും.

പ്രവേശനം നേടാൻ ഒക്ടോബർ മൂന്നുമുതൽ ഒൻപതുവരെ സമയം അനുവദിച്ചിട്ടുണ്ട്.

മൂന്നാം റൗണ്ട്

മൂന്നാം റൗണ്ട് അലോട്മെന്റിൽ പങ്കെടുത്ത് കോഴ്സ്-കോളേജ്-സീറ്റ് അപ്ഗ്രേഡ് ചെയ്യാൻ പ്രവേശനം നേടിയ സ്ഥാപനത്തിൽ ഓപ്ഷൻ നൽകണം. അങ്ങനെയുള്ളവർക്ക് ഈ റൗണ്ടിൽ വീണ്ടും കൗൺസലിങ് ഫീസ് അടയ്ക്കാതെ ചോയ്‌സ് ഫില്ലിങ്ങും ലോക്കിങ്ങും നടത്താം.

ഈ റൗണ്ട് തുടങ്ങുന്നതിന് മൂന്ന് ദിവസംമുൻപുവരെ സെക്യൂരിറ്റി തുക പിഴയായി അടച്ച് ഒന്നാം/രണ്ടാം റൗണ്ടിൽ കിട്ടിയ അലോട്മെന്റിൽ നിന്ന് എക്സിറ്റ് ചെയ്യാം. തുടർന്ന് മൂന്നാം റൗണ്ടിൽ വീണ്ടും രജിസ്ട്രേഷൻ ഫീസും സെക്യൂരിറ്റി ഡിപ്പോസിറ്റും ഓൺലൈനായി അടച്ചതിനുശേഷം ചോയ്‌സ് ഫില്ലിങ് നടത്താം. എന്നാൽ, മൂന്നുദിവസം മുൻപുവരെ പ്രവേശനം ലഭിച്ച സീറ്റിൽനിന്ന് എക്സിറ്റ് ആകാതെ അതിനുശേഷം എക്സിറ്റ് ആകുന്നവർക്ക് പിന്നീടുള്ള കൗൺസലിങ്ങിൽ പങ്കെടുക്കാൻ കഴിയില്ല. മൂന്നാം റൗണ്ട് കൗൺസലിങ് ഫലത്തിനുശേഷം പ്രവേശനം ലഭിച്ച സീറ്റിൽനിന്ന് എക്സിറ്റ് ചെയ്യുന്നവരെ സംസ്ഥാന കൗൺസലിങ്ങിൽ പങ്കെടുപ്പിക്കുകയില്ല.

രജിസ്ട്രേഷൻ ഒക്ടോബർ 14 മുതൽ 20-ന് ഉച്ചയ്ക്ക് രണ്ടുവരെ. ഫീസ് അടയ്ക്കാൻ അന്നേദിവസം വൈകീട്ട് അഞ്ചുവരെ സമയമുണ്ട്.

ചോയ്‌സ് ഫില്ലിങ്ങിന് 15 മുതൽ 20-ന് രാത്രി 11.55 വരെ. 20-ന് ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 11.55 വരെ ചോയ്സ് ലോക്കിങ്.

23-ന് അലോട്മെന്റ്. പ്രവേശനം നേടാൻ ഒക്ടോബർ 24 മുതൽ 29 വരെ സമയം.

മുൻ റൗണ്ടുകളിൽ പങ്കെടുക്കാത്തവർക്ക് രജിസ്ട്രേഷൻ ഫീസും സെക്യൂരിറ്റി ഡിപ്പോസിറ്റും ഓൺലൈനായി അടച്ചതിനുശേഷം മൂന്നാം റൗണ്ടിൽ ചോയ്‌സ് ഫില്ലിങ് നടത്താം. മൂന്നാം റൗണ്ടിൽ പ്രവേശനം ലഭിച്ച സ്ഥാപനത്തിൽ നിർദേശിച്ച എല്ലാ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരായി പ്രവേശനം നേടണം. അപ്ഗ്രഡേഷൻ സൗകര്യം ഉണ്ടാകില്ല.

സ്ട്രേവേക്കൻസി റൗണ്ട്

മൂന്ന് റൗണ്ടുകൾക്കുശേഷം ഉണ്ടാകുന്ന ഒഴിവുകൾ നികത്താനായി രണ്ട് സ്ട്രേവേക്കൻസി റൗണ്ടുകൾ ഉണ്ടാകും. ഇതിൽ ഒന്നാമത്തെ റൗണ്ടിൽമാത്രം നിബന്ധനകൾക്ക് വിധേയമായി രജിസ്ട്രേഷനും കൗൺസലിങ് ഫീസ് അടയ്ക്കാനും ഉണ്ടാകും. രണ്ടാം സ്ട്രേവേക്കൻസി റൗണ്ടിലെ അലോട്മെൻറ് ഒന്നാം സ്ട്രേവേക്കൻസി റൗണ്ടിലെ ചോയ്‌സ് ഫില്ലിങ്ങിനെ അടിസ്ഥാനമാക്കിയാകും നടത്തുക.

മുൻ റൗണ്ടുകളിൽ പങ്കെടുത്ത് അലോട്മെൻറ് ലഭിച്ച് പിഴയോടുകൂടി സീറ്റ് എക്സിറ്റ് ചെയ്തവരെയും സംസ്ഥാന കൗൺസലിങ്ങിൽ പ്രവേശനം നേടിയവരെയും സ്ട്രേവേക്കൻസി റൗണ്ടുകളിൽ പങ്കെടുപ്പിക്കില്ല.

സ്ട്രേവേക്കൻസി ഒന്നാം റൗണ്ട് ഓൺലൈൻ രജിസ്ട്രേഷൻ നവംബർ മൂന്നുമുതൽ ഒൻപതിന് ഉച്ചയ്ക്ക് രണ്ടുവരെ. ഫീസ് അടയ്ക്കാൻ അന്നേ ദിവസം വൈകീട്ട് അഞ്ചുവരെ സമയമുണ്ട്. ചോയ്‌സ് ഫില്ലിങ്ങിന് നാലുമുതൽ ഒൻപതിന് രാത്രി 11.55 വരെ.

ഒൻപതിന് ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 11.55 വരെ ചോയ്സ് ലോക്കിങ്. അലോട്മെന്റ് നവംബർ 12-ന്.

പ്രവേശനംനേടാൻ 13 മുതൽ 18 വരെ സമയം. സ്ട്രേവേക്കൻസി റൗണ്ടിൽ പ്രവേശനം ലഭിച്ച സ്ഥാപനത്തിൽ നിർദേശിച്ച എല്ലാ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരായി പ്രവേശനം നേടണം

സ്ട്രേവേക്കൻസി രണ്ടാം റൗണ്ട് രജിസ്ട്രേഷനും ചോയ്‌സ് ഫില്ലിങ്ങും ഇല്ല. ഒന്നാം സ്ട്രേവേക്കൻസി റൗണ്ടിലെ ചോയ്‌സ് ഫില്ലിങ്ങിനെ അടിസ്ഥാനമാക്കിയായിരിക്കും പ്രവേശനം നടത്തുക. 24-ന് അലോട്മെന്റ് പ്രസിദ്ധീകരിക്കും. പ്രവേശനം നേടാൻ 25 മുതൽ 30 വരെ സമയമുണ്ട്.

എം.എസ്‌സി. നഴ്സിങ് പ്രവേശനം: താത്കാലിക കാറ്റഗറി ലിസ്റ്റ്

തിരുവനന്തപുരം: 2026-27ലെ പി.ജി. (എം.എസ്‌സി.) നഴ്സിങ് കോഴ്സിലേക്കുള്ള താത്കാലിക കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതിയുണ്ടെങ്കിൽ ceekinfo.cee@kerala.gov.in എന്ന ഇ-മെയിൽ മുഖാന്തരം അഞ്ചിന് രാവിലെ പത്തിനുള്ളിൽ അറിയിക്കണം.

എൽഎൽ.ബി. രണ്ടാംഘട്ട അലോട്മെന്റ്

തിരുവനന്തപുരം: ഗവ. ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കുമുള്ള ത്രിവത്സര, പഞ്ചവത്സര എൽഎൽ.ബി. കോഴ്‌സ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

എൽഎൽ.എം. അന്തിമ കാറ്റഗറി പട്ടിക

എൽ.എൽ.എം. പ്രവേശനത്തിനുള്ള അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

എം.ബി.ബി.എസ്, ബി.ഡി.എസ് എൻ.ആർ.ഐ. കാറ്റഗറി പട്ടിക

എം.ബി.ബി.എസ്, ബി.ഡി.എസ്. അപേക്ഷകരിൽ എൻ.ആർ.ഐ. സംവരണത്തിന് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്സിങ് പട്ടിക

പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്സിങ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

രേഖകൾ സമർപ്പിക്കുന്നതിനുള്ള തീയതി എട്ടിന്‌ വൈകീട്ട് അഞ്ചുവരെ. വിവരങ്ങൾക്ക്: 0471-2560361.

ഒന്നാം റൗണ്ട് ഓൺലൈൻ രജിസ്ട്രേഷൻ സെപ്‌റ്റംബർ 13-ന് ഉച്ചയ്ക്ക് രണ്ടുവരെ

അലോട്മെന്റ് നീറ്റ് യു.ജി. 2026 അടിസ്ഥാനമാക്കി