ന്യൂഡൽഹി: 2024-ൽ നീറ്റ് ചോദ്യച്ചോർച്ചയ്ക്കുശേഷം കെ. രാധാകൃഷ്ണൻ സമിതി നൽകിയ നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതാണ് നന്ദൻ നിലേകനിയുടെ നേതൃത്വത്തിലുള്ള പരീക്ഷാ പരിഷ്കരണ കർമസേന പ്രധാന നിർദേശമായി മുന്നോട്ടുവെക്കുന്നത്. എൻ.ടി.എ.യുടെ നവീകരണം രാധാകൃഷ്ണൻ സമിതിയുടെ മുഖ്യ ശുപാർശയായിരുന്നു. അടുത്ത നീറ്റ് യു.ജി. പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമായി നടത്താൻ വേണ്ട നിർദേശങ്ങളും കർമസേന നൽകിയേക്കും. 20 ലക്ഷത്തിലേറെ വിദ്യാർഥികൾ എഴുതുന്ന പരീക്ഷ, സമാന പ്രവേശനപ്പരീക്ഷയായ ജെ.ഇ.ഇ.യുടെ മാതൃകയിൽ 12-14 ഷിഫ്റ്റുകളിലായി നടത്തുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നുണ്ട്.
യു.ജി. പരീക്ഷ ഓൺലൈനാക്കാൻ ജെ.ഇ.ഇ പരീക്ഷാ മാതൃക സ്വീകരിച്ചേക്കുമെന്നാണ് സൂചന. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആയിരം ഡിജിറ്റൽ പരീക്ഷാകേന്ദ്രങ്ങൾ രാജ്യത്താകെ വന്നാൽ ക്രമക്കേട് സാധ്യതകൾ കുറയുമെന്നാണ് വിലയിരുത്തൽ. നിലവിൽ സ്വകാര്യ കമ്പനികളെ ആശ്രയിച്ചാണ് എൻ.ടി.എ.യും മറ്റ് ഏജൻസികളും ഇത്തരം പരീക്ഷകളെല്ലാം സംഘടിപ്പിക്കുന്നത്.
ഒക്ടോബർ അവസാനം വരെ മൂന്നാഴ്ച സമയം നൽകിയിട്ടുണ്ടെങ്കിലും അതിനുമുൻപേതന്നെ സർക്കാരിന് റിപ്പോർട്ട് കൈമാറാനാണ് കർമസേന തയ്യാറെടുക്കുന്നതെന്നാണ് വിവരം. എൻ.ടി.എ.,വിദ്യാഭ്യാസ മന്ത്രാലയ അധികൃതരുമായി ഇതിനകം രണ്ട് യോഗങ്ങൾ ചേർന്നുകഴിഞ്ഞു. വൈകാതെ വിവിധ സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗവും വിളിക്കും. സെപ്റ്റംബർ പകുതിയോടെ യോഗങ്ങളും മറ്റും പൂർത്തിയാക്കി റിപ്പോർട്ട് തയ്യാറാക്കാനാണ് ഇപ്പോഴത്തെ പദ്ധതി.
പൊതുജനാഭിപ്രായം തേടി ഉന്നതാധികാര കർമസേന
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ സംവിധാനങ്ങളുടെ പരിഷ്കരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഉന്നതാധികാര കർമസേന പൊതുജനാഭിപ്രായം ക്ഷണിച്ചു. ഇൻഫോസിസ് സഹസ്ഥാപകനായ നന്ദൻ നിലേകനി അധ്യക്ഷനായ സമിതിയാണ് വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കുപുറമേ ബന്ധപ്പെട്ടവരിൽ നിന്നെല്ലാം അഭിപ്രായമാരാഞ്ഞത്. പരീക്ഷകൾ കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കുന്നതിനൊപ്പം വിദ്യാർഥി സൗഹൃദവുമാക്കാനുള്ള നിർദേശങ്ങളാണ് നൽകേണ്ടത്. സെപ്റ്റംബർ 13 വരെ പ്രത്യേക വെബ്സൈറ്റ് വഴിയും വാട്സാപ്പ് മുഖേനയും ഇ-മെയിലായും ടോൾ ഫ്രീ നമ്പരിൽ വിളിച്ചും നിർദേശങ്ങൾ നൽകാം. ഇംഗ്ലീഷിലോ ഹിന്ദിയിലോ മറ്റേതെങ്കിലും പ്രാദേശിക ഭാഷകളിലോ അഭിപ്രായം സമർപ്പിക്കാം. ഈ അഭിപ്രായങ്ങളും നിർദേശങ്ങളുമെല്ലാം പരിഗണിച്ചായിരിക്കും കർമസേന സർക്കാരിന് നൽകാനുള്ള ശുപാർശകൾ തയ്യാറാക്കുകയെന്ന് അധികൃതർ പറഞ്ഞു. വെബ്സൈറ്റ്: https://examreforms-taskforce.dopt.gov.in
ഫോൺ: 1800-180-4747
വാട്സാപ്പ്: +917827042830 എന്ന നമ്പറിലേക്ക് 'hptf' എന്ന് സന്ദേശമയക്കുക
ഇ-മെയിൽ: ExamReforms Taskforce@dopt.gov.in
Content Highlights: The Nandan Nilekani-led high-powered task force is preparing to recommend implementing time-bound NTA reforms and transitioning the NEET UG exam to a multi-shift computer-based format while actively inviting public feedback to enhance exam transparency and security.
Published: 29 Aug 2026, 12:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented