
തിരുവനന്തപുരം: റാഗിങ്ങിന് ഇരയായി ഇനിയൊരമ്മയ്ക്കും മകനെ നഷ്ടപ്പെടരുത്. കാമ്പസുകളിൽ നേരിടുന്ന പീഡനങ്ങൾ തുറന്നുപറയാൻ വിദ്യാർഥികളും ഇനി ഭയക്കേണ്ട. കാമ്പസുകളിൽ റാഗിങ് തടയാൻ സിദ്ധാർഥ് സ്റ്റുഡന്റ് വെൽഫെയർ ആപ്പ് പുറത്തിറക്കി സർക്കാർ. പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനിരയായി ജീവനൊടുക്കിയ ജെ.എസ്. സിദ്ധാർഥന്റെപേരിൽ പുറത്തിറക്കിയ ആപ്പ് ഇനി വിദ്യാർഥികൾക്കു സുരക്ഷയൊരുക്കും.
ഡിജിറ്റൽ സർവകലാശാലയാണ് ആപ്പ് രൂപകല്പന ചെയ്തത്. ജവാഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ ആദ്യ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശൻ ആപ്പ് പുറത്തിറക്കി. ആപ്പിന്റെ മാതൃക സിദ്ധാർഥന്റെ അമ്മ എം.ആർ.ഷീബയുടെ സാന്നിധ്യത്തിൽ ഡിജിറ്റൽ സർവകലാശാലാ വിദ്യാർഥിനി പൗഷാലി ബാനർജി ഏറ്റുവാങ്ങി.
ഒരമ്മയുടെ കണ്ണീരിൽനിന്നുണ്ടായ ആപ്പാണ് സിദ്ധാർഥ് സ്റ്റുഡന്റ് വെൽഫെയർ ആപ്പെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
വ്യക്തികളുടെ പേരുവിവരം പുറത്തുവരാത്ത രീതിയിൽ ഏതൊരാൾക്കും ആപ്പിലൂടെ പരാതി അറിയിക്കാം. കാമ്പസുകളിൽ റാഗിങ് ഉണ്ടായാൽ കർശന നടപടി സ്വീകരിക്കും. റാഗിങ് നടത്തുന്നവർക്കുള്ള മുന്നറിയിപ്പുകൂടിയാണ് ആപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി റോജി എം. ജോൺ അധ്യക്ഷനായി. നിയമസഭയിൽ പുതിയ ആന്റി റാഗിങ് ആക്ട് നടപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
• ‘ജവാഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ’-ന്റെ ആദ്യ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് തിരുവനന്തപുരം വിമെൻസ് കോളേജിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ വിദ്യാർഥികളുടെ ക്ഷേമത്തിനായി രൂപകല്പനചെയ്ത സിദ്ധാർഥ് സ്റ്റുഡന്റ് വെൽഫെയർ ആപ്പ് എം.എസ്.സി. വിദ്യാർഥി പൗഷാലി ബാനർജിക്കു കൈമാറി പുറത്തിറക്കിയപ്പോൾ. മന്ത്രി റോജി എം. ജോൺ, സിദ്ധാർഥന്റെ അമ്മ ഷീബ എന്നിവർ സമീപം
സ്റ്റുഡന്റ് ആസ്പിറേഷൻ സർവേ റിപ്പോർട്ട്, സി-ഡിറ്റുമായി സഹകരിച്ചു തയ്യാറാക്കിയ ശാസ്ത്രീയ മനോഭാവത്തെക്കുറിച്ചുള്ള ഓൺലൈൻ കോഴ്‌സ് എന്നിവ ഉദ്ഘാടനംചെയ്തു. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത് ശങ്കർ എസ്. നായർ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക്, വിമെൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ചിത്രാ ത്രിവിക്രമൻ, സി-ഡിറ്റ് ഡയറക്ടർ ഡോ. എം. അബ്ദുൾ റഹ്‌മാൻ എന്നിവർ പങ്കെടുത്തു.
Content Highlights: Siddharth Student Welfare App launched to prevent campus ragging in Kerala
Published: 05 Nov 2026, 12:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented