കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനുകീഴിലുള്ള സൈനിക് സ്കൂളുകളിലെ ആറ്, ഒൻപത് ക്ലാസുകളിലെ 2027-’28 അധ്യയനവർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ഓൾ ഇന്ത്യ സൈനിക് സ്കൂൾസ് എൻട്രൻസ് എക്സാമിനേഷൻ (എ.ഐ.എസ്.എസ്.ഇ.ഇ.) വഴിയാണ് പ്രവേശനം. പരീക്ഷ ജനുവരി 31-ന്.

To advertise here,

പ്രതിരോധമന്ത്രാലയത്തിനുകീഴിലുള്ള സ്വയംഭരണസ്ഥാപനമാണ് സൈനിക് സ്കൂൾ സൊസൈറ്റി. സി.ബി.എസ്.ഇ. സിലബസ് പിന്തുടരുന്ന ഇംഗ്ലീഷ് മീഡിയം റെസിഡൻഷ്യൽ സ്കൂളുകളാണിവ. നാഷണൽ ഡിഫൻസ് അക്കാദമി, ഇന്ത്യൻ നേവൽ അക്കാദമി എന്നിവിടങ്ങളിലേക്ക് കെേഡറ്റുകളെ സജ്ജമാക്കുകയാണ് ലക്ഷ്യം.

രാജ്യത്തുടനീളമുള്ള 33 പരമ്പരാഗത സൈനിക് സ്കൂളുകളിലെയും കേന്ദ്രസർക്കാർ പുതുതായി അംഗീകാരംനൽകിയ പങ്കാളിത്ത മാതൃകയിലുള്ള ന്യൂ സൈനിക് സ്കൂളുകളിലേക്കുമാണ് പ്രവേശനം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രമുഖ എൻ.ജി.ഒ.കൾ, സ്വകാര്യ സ്കൂളുകൾ, സംസ്ഥാനസർക്കാരുകൾ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി. ഈ സ്കൂളുകൾ അതത് എജുക്കേഷൻ ബോർഡുകൾക്കുകീഴിൽ പ്രവർത്തിക്കുമ്പോഴും സൈനിക് സ്കൂൾ സൊസൈറ്റിയുടെ അക്കാദമിക് കരികുലംകൂടി പിന്തുടരുന്നു.

യോഗ്യത

2027 മാർച്ച് 31 അടിസ്ഥാനമാക്കി പ്രായപരിധിയും അക്കാദമിക് യോഗ്യതയും നേടിയിരിക്കണം.

ആറാം ക്ലാസ് പ്രവേശനം: 2027 മാർച്ച് 31-ന് 10-നും 12-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം (2015 ഏപ്രിൽ ഒന്നിനും 2017 മാർച്ച് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ടുതീയതിയും ഉൾപ്പെടെ). ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. അംഗീകൃത സ്കൂളിൽ അഞ്ചാംക്ലാസ് പാസായവരോ അല്ലെങ്കിൽ നിലവിൽ അഞ്ചാംക്ലാസിൽ പഠിക്കുന്നവരോ ആകണം.

ഒൻപതാം ക്ലാസ് പ്രവേശനം: 2027 മാർച്ച് 31-ന് 13-നും 15-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം (2012 ഏപ്രിൽ ഒന്നിനും 2014 മാർച്ച് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ടുതീയതിയും ഉൾപ്പെടെ). ഒഴിവുകൾക്ക് വിധേയമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇതിലേക്ക് അപേക്ഷിക്കാൻ അവസരമുണ്ട്. പ്രവേശനസമയത്ത് അംഗീകൃത സ്കൂളിൽനിന്ന് എട്ടാംക്ലാസ് പരീക്ഷ പാസായിരിക്കണം എന്നതാണ് അക്കാദമിക് യോഗ്യത.

പരീക്ഷ

ഒ.എം.ആർ. അധിഷ്ഠിത പെൻ-പേപ്പർ രീതിയിലാണ് പരീക്ഷ. മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലുള്ള ചോദ്യങ്ങൾക്ക് നെഗറ്റീവ് മാർക്കിങ് ഉണ്ടായിരിക്കില്ല. ആറാം ക്ലാസ് പ്രവേശനപരീക്ഷയ്ക്ക് 150 മിനിറ്റാണ് ദൈർഘ്യം. ഗണിതം (50 ചോദ്യങ്ങൾ-150 മാർക്ക്), ഭാഷ (25 ചോദ്യങ്ങൾ-50 മാർക്ക്), ഇന്റലിജൻസ് (25 ചോദ്യങ്ങൾ-50 മാർക്ക്), ജനറൽ നോളജ് (25 ചോദ്യങ്ങൾ-50 മാർക്ക്) എന്നിങ്ങനെ ആകെ 125 ചോദ്യങ്ങൾക്ക് 300 മാർക്ക്. ആറാം ക്ലാസിലേക്ക് മലയാളം ഉൾപ്പെടെ 13 പ്രാദേശികഭാഷകളിൽ പരീക്ഷയെഴുതാൻ അവസരമുണ്ട്.

ഒൻപതാം ക്ലാസ് പ്രവേശനപരീക്ഷയ്ക്ക് 180 മിനിറ്റാണ് ദൈർഘ്യം. ഗണിതം (50 ചോദ്യങ്ങൾ-200 മാർക്ക്), ഇന്റലിജൻസ്, ഇംഗ്ലീഷ്, ജനറൽ സയൻസ്, സോഷ്യൽ സയൻസ് (ഓരോ വിഷയത്തിലും 25 ചോദ്യങ്ങൾവീതം-50 മാർക്കുവീതം) എന്നിങ്ങനെ ആകെ 150 ചോദ്യങ്ങൾക്ക് 400 മാർക്ക്. ഇംഗ്ലീഷ് മാധ്യമത്തിൽ മാത്രമായിരിക്കും പരീക്ഷ. എറണാകുളം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം എന്നിവ കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങളാണ്.

സംവരണം

നിലവിലുള്ള 33 സൈനിക് സ്കൂളുകളിലെ പ്രവേശനത്തിനായി ഹോം സ്റ്റേറ്റ് ക്വാട്ട പ്രകാരം സ്കൂൾ സ്ഥിതിചെയ്യുന്ന സംസ്ഥാനത്തെ വിദ്യാർഥികൾക്ക് 67 ശതമാനം സീറ്റുകളും അദർ സ്റ്റേറ്റ് ക്വാട്ടപ്രകാരം മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ളവർക്കായി 33 ശതമാനം സീറ്റുകളും സംവരണംചെയ്തിട്ടുണ്ട്. ഓരോ ക്വാട്ടയ്ക്കുള്ളിലും പട്ടികജാതി വിഭാഗത്തിന് 15 ശതമാനം, പട്ടികവർഗത്തിന് 7.5 ശതമാനം, ഒ.ബി.സി. (ഒ.ബി.സി.-എൻ.സി.എൽ.) വിഭാഗത്തിന് 27 ശതമാനം എന്നിങ്ങനെ സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.

കൂടാതെ, അവശേഷിക്കുന്ന സീറ്റുകളിൽനിന്ന് പ്രതിരോധവിഭാഗത്തിൽപ്പെട്ട ജീവനക്കാരുടെ മക്കൾക്ക് 25 ശതമാനം സീറ്റുകളും മാറ്റിവെച്ചിരിക്കുന്നു. ബാക്കിവരുന്ന സീറ്റുകൾ ജനറൽവിഭാഗത്തിനാണ്.

കേരളത്തിൽ

പരമ്പരാഗതവിഭാഗത്തിൽ തിരുവനന്തപുരത്തുള്ള സൈനിക് സ്‌കൂൾ കഴക്കൂട്ടംമാത്രമാണ് പ്രവർത്തിക്കുന്നത്. ന്യൂ സൈനിക് സ്കൂൾ വിഭാഗത്തിൽ അഞ്ച് സ്ഥാപനങ്ങളുണ്ട്. കോഴിക്കോട് മലാപ്പറമ്പിലെ വേദവ്യാസ വിദ്യാലയം സീനിയർ സെക്കൻഡറി സ്കൂൾ, എറണാകുളം കാലടിയിലുള്ള ശ്രീ ശാരദ വിദ്യാലയം, ആലപ്പുഴ മാവേലിക്കരയിലുള്ള വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂൾ, തിരുവനന്തപുരം നീറമൺകരയിലുള്ള മന്നം മെമ്മോറിയൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ, തൃശ്ശൂർ മാളയിലുള്ള ഡോ. രാജു ഡേവീസ് ഇന്റർനാഷണൽ സ്കൂൾ.

അപേക്ഷ

exams.nta.nic.in/sainik-school-society/ വഴി ഡിസംബർ രണ്ടുവരെ അപേക്ഷിക്കാം. 500 രൂപ ലേറ്റ് ഫീസോടെ മൂന്നുമുതൽ ആറ് വരെയും അപേക്ഷിക്കാം. അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ ഏഴുമുതൽ ഒൻപതുവരെയാണ് അവസരം.

അപേക്ഷാഫീസ് ജനറൽ, ഒ.ബി.സി.-എൻ.സി.എൽ., ഡിഫൻസ് വിഭാഗക്കാർക്ക് 850 രൂപ. എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് 700 രൂപയുമാണ്.

അപേക്ഷയിലെ തിരുത്തലുകൾ ഡിസംബർ 07 മുതൽ 09 വരെയുള്ള വിൻഡോ വഴി വരുത്താവുന്നതാണ്. അഡ്മിറ്റ് കാർഡുകൾ ജനുവരി 25 മുതൽ ഡൗൺലോഡ് ചെയ്യാം.

വിവരങ്ങൾക്ക് nta.ac.in സംശയനിവാരണങ്ങൾക്ക് 011-40759000, 011-69227700, aissee@nta.ac.in