ന്യൂഡൽഹി: നാല് വർഷത്തെ ഇൻ്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാം പൂർത്തിയാക്കുന്നവർക്ക് സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (CTET), സംസ്ഥാന അധ്യാപക യോഗ്യതാ പരീക്ഷകൾ (STET) എന്നിവ എഴുതാനുള്ള അവസരമൊരുക്കാൻ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ നീക്കം തുടങ്ങി. നിലവിലെ അധ്യാപക യോഗ്യതാ പരീക്ഷാ (TET) മാനദണ്ഡങ്ങൾ പരിശോധിക്കുന്നതിനും ആവശ്യമായ ഭേദഗതികൾ ശുപാർശ ചെയ്യുന്നതിനുമായി എൻ.സി.ടി.ഇ വിദഗ്ധ സമിതിക്ക് രൂപം നൽകി.

To advertise here,

2027-28 അക്കാദമിക് വർഷത്തിലാണ് ITEP-യുടെ ആദ്യ ബാച്ച് കോഴ്സ് പൂർത്തിയാക്കുന്നത്. ITEP-യെ അംഗീകൃത അധ്യാപക പരിശീലന യോഗ്യതയായി എന്.സി.ടി.ഇ അംഗീകരിച്ചിട്ടുണ്ടെങ്കിലും നിലവിലെ ടെറ്റ് യോഗ്യതാ മാനദണ്ഡങ്ങളിൽ ഇതിനെക്കുറിച്ച് വ്യക്തമായ പരാമർശമില്ല.

ഡൽഹി സർവകലാശാലയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ മുൻ മേധാവി പ്രൊഫ. ചന്ദ് കിരൺ സലൂജയാണ് വിദഗ്ധ സമിതിയുടെ അധ്യക്ഷൻ. എൻ.സി.ആർ.ടി.,കെ.വി.എസ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, എൻ.എസ്.ടി.ഇ, സി.ബി.എസ്.ഇ. എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികളും സമിതിയിലുണ്ട്.

സമിതിയുടെ പ്രധാന ചുമതലകൾ:

  • ITEP ബിരുദധാരികളെ CTET, STET പരീക്ഷകൾക്ക് യോഗ്യരാക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കുക.

  • നിലവിലെ ടെറ്റ് മാർഗ്ഗനിർദ്ദേശങ്ങളിൽ ആവശ്യമായ ഭേദഗതികൾ നിർദ്ദേശിക്കുക.

  • പരീക്ഷ നടത്തുന്ന സ്ഥാപനങ്ങളുടെ ഉത്തരവാദിത്തങ്ങളും നിയമാവലികളും പുതിയ കോഴ്സിന് അനുയോജ്യമായ രീതിയിൽ പരിഷ്കരിക്കുക.

നിലവിലെ അധ്യാപക നിയമനങ്ങൾക്ക് ടെറ്റ് പരീക്ഷ പാസാകുന്നത് നിർബന്ധമാണ്. എന്നാൽ സമിതി രൂപീകരിച്ചു എന്നതിനാൽ മാത്രം നിലവിൽ ITEP വിദ്യാർഥികൾക്ക് ടെറ്റ് എഴുതാൻ യോഗ്യത ലഭിക്കില്ലെന്നും സമിതിയുടെ ശുപാർശകൾക്കുശേഷം വരുന്ന ഔദ്യോഗിക ഭേദഗതിയിലൂടെ മാത്രമേ ഇത് പ്രാബല്യത്തിൽ വരൂ എന്നും അധികൃതർ വ്യക്തമാക്കി.

എന്താണ് ITEP?

ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ആരംഭിച്ച നാല് വർഷത്തെ സംയോജിത അധ്യാപക പരിശീലന ബിരുദ കോഴ്സാണ് ITEP. പ്ലസ്ടുവിനുശേഷം വിദ്യാർഥികൾക്ക് നേരിട്ട് കോഴ്സിൽ ചേരാം. ബിരുദവും അതിനുശേഷം രണ്ട് വർഷത്തെ ബി.എഡ് കോഴ്സും ചെയ്യുന്ന പരമ്പരാഗത രീതിക്ക് പകരമായാണ് ഇവ അവതരിപ്പിച്ചത്.

ദേശീയ വിദ്യാഭ്യാസ നയത്തിലെ 5+3+3+4 ഘടനയ്ക്ക് (ഫൗണ്ടേഷണൽ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി) അനുയോജ്യമായ അധ്യാപകരെ വാർത്തെടുക്കാനാണ്  കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ രാജ്യത്തുടനീളമുള്ള 409 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 38,850 വിദ്യാർത്ഥികൾക്ക് ITEP പഠനത്തിന് സൗകര്യമുണ്ട്.