2026-ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ്-യു.ജി.) മേയ് മൂന്നിന് ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെ നടക്കുകയാണ്. പരീക്ഷ അഭിമുഖീകരിക്കുന്നവർ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങൾക്കു നൽകുന്ന അതേപ്രാധാന്യം പരീക്ഷയുമായി ബന്ധപ്പെട്ട അനുബന്ധകാര്യങ്ങൾക്കും നൽകണം.
പരീക്ഷയുടെ വ്യവസ്ഥകൾ ശ്രദ്ധയോടെ മനസ്സിലാക്കണം -പരീക്ഷയ്ക്കു മുൻപും പരീക്ഷാദിവസവും ശേഷവും ഉള്ളവ. ഇൻഫർമേഷൻ ബുള്ളറ്റിൻ, അഡ്മിറ്റ് കാർഡ് എന്നിവയിൽ നൽകിയിട്ടുള്ള നിർദേശങ്ങൾ വായിച്ചുമനസ്സിലാക്കി, കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കണം.
അഡ്മിറ്റ് കാർഡ്
പരീക്ഷാകേന്ദ്രവും മറ്റ് നിർദേശങ്ങളും വ്യക്തമാക്കുന്ന അഡ്മിറ്റ് കാർഡ് neet.nta.nic.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം. തപാലിൽ അയക്കുന്നതല്ല. ഡൗൺലോഡ് ചെയ്യാൻ കഴിയാതെവരുകയോ രേഖപ്പെടുത്തിയ വിവരങ്ങളിൽ (ഫോട്ടോ, ഒപ്പ് ഉൾപ്പെടെ) അപാകമുണ്ടെങ്കിലോ എൻ.ടി.എ. ഹെൽപ്പ് ലൈൻ നമ്പറിൽ (011 -40759000/011-69227700) വിളിച്ചോ (രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ), neetug2026@nta.ac.in -ലേക്ക് ഇ-മെയിൽ അയച്ചോ പ്രശ്നം പരിഹരിക്കണം. ഇവർക്ക് ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡ് തന്നെ ഉപയോഗിക്കാം. മാറ്റങ്ങൾ, എൻ.ടി.എ. പിന്നീട് വരുത്തുന്നതാണ്.
പരീക്ഷാകേന്ദ്രത്തിൽനിന്ന് ഡൂപ്ലിക്കേറ്റ് അഡ്മിറ്റ് കാർഡ് ലഭിക്കില്ല. പരീക്ഷകഴിഞ്ഞും അഡ്മിറ്റ് കാർഡ് സൂക്ഷിക്കണം. പ്രവേശനസമയത്ത് അത് വേണ്ടിവരും. അഡ്മിറ്റ് കാർഡിൽ നൽകിയിട്ടുള്ള നിർദേശങ്ങൾ വായിച്ചുമനസ്സിലാക്കണം.
പരീക്ഷാകേന്ദ്രം അറിഞ്ഞുവെക്കുക
പരീക്ഷാകേന്ദ്രം പരിചയമില്ലെങ്കിൽ മുൻകൂട്ടി കണ്ടെത്തിവെക്കുക. അവിടെ എത്താനുള്ള ദൂരം, വഴികൾ മനസ്സിലാക്കിവെക്കുക. തലേദിവസം അവിടം ഒന്നു സന്ദർശിക്കുന്നതുപോലും ആലോചിക്കാം. പരീക്ഷാകേന്ദ്രം ദൂരെയാണെങ്കിൽ തലേദിവസം അതിനടുത്ത് ക്യാമ്പ് ചെയ്യുന്നതിൽ തെറ്റില്ല.
പരീക്ഷാഹാളിലേക്ക് കൊണ്ടുപോകാവുന്ന സാമഗ്രികൾ തലേദിവസംതന്നെ റെഡിയാക്കി വെക്കുക. പരീക്ഷാദിവസം, രാവിലെ 11 മണിയോടെ കേന്ദ്രത്തിൽ എത്താൻ ശ്രമിക്കുക. അവശേഷിക്കുന്ന സമയത്ത്, അവസാനവട്ട റിവിഷൻ നടത്തുക. അവസാന നിമിഷങ്ങളിൽ പുതിയ പാഠഭാഗങ്ങൾ പഠിക്കാതിരിക്കുകയാണ് നല്ലത്. അതുവരെ പഠിച്ച ഭാഗങ്ങൾ ആവുന്നത്ര റിവൈസ് ചെയ്യുക. പരീക്ഷാദിവസം കൂട്ടുകാരെ കാണുമ്പോൾ പഠിച്ച ഭാഗങ്ങളും പഠിക്കാത്ത ഭാഗങ്ങളും ചർച്ചചെയ്യാതിരിക്കുക.
കൈവശംവെക്കാവുന്ന രേഖകൾ
പരിക്ഷാകേന്ദ്രത്തിലേക്ക് പ്രവേശിക്കുമ്പോൾ അഡ്മിറ്റ് കാർഡിനൊപ്പം ഇൻഫർമേഷൻ ബുള്ളറ്റിനിലും (പേജ് 46) അഡ്മിറ്റ് കാർഡിലും രേഖപ്പെടുത്തിയിട്ടുള്ള സാമഗ്രികൾ/രേഖകൾ മാത്രമേ കൈവശമുണ്ടാകാൻ പാടുള്ളൂ.
* ഫോട്ടോ ഉള്ള സാധുവായ ഒറിജിനൽ തിരിച്ചറിയൽകാർഡ് വേണം (ഇൻഫർമേഷൻ ബുള്ളറ്റിൻ പേജ് 47-ൽ അംഗീകൃത തിരിച്ചറിയൽ കാർഡുകൾ സംബന്ധിച്ച വിവരം നൽകിയിട്ടുണ്ട്)
* ഓൺലൈൻ അപേക്ഷയിൽ നൽകിയിട്ടുള്ള ഫോട്ടോയുടെ ഒരു പകർപ്പ് കൊണ്ടുപോകണം. ഇത് പരീക്ഷാഹാളിൽ അറ്റൻഡൻസ് ഷീറ്റിൽ ഒട്ടിക്കാനാണ്.
* അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കുമ്പോൾ അതിനൊപ്പം, പ്രൊഫോമ കൂടി ഡൗൺലോഡ് ചെയ്യണം. അതിൽ നിർദിഷ്ടസ്ഥാനത്ത് അപേക്ഷാർഥിയുടെ പോസ്റ്റ്കാർഡ് വലിപ്പത്തിലുള്ള (4" x 6") കളർഫോട്ടോ ഒട്ടിച്ചുകൊണ്ടുപോകണം. നിർദേശിച്ചിട്ടുള്ള രീതിയിൽ ഡിക്ലറേഷൻ/പെർഫോമ പൂരിപ്പിക്കണം.
* ഭിന്നശേഷിവിഭാഗക്കാർ, ഇൻഫർമേഷൻ ബുള്ളറ്റിനിൽ/അഡ്മിറ്റ് കാർഡ് നിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള ബാധകമായ രേഖകൾ കൊണ്ടുപോകണം
* പേന, പരീക്ഷാകേന്ദ്രത്തിലേക്ക് അനുവദിക്കില്ല. പരീക്ഷാകേന്ദ്രത്തിൽനിന്ന് നൽകുന്ന പേന ഉപയോഗിച്ചേ വിവരങ്ങൾ/ഉത്തരങ്ങൾ രേഖപ്പെടുത്താൻ അനുവദിക്കൂ.
* നിർബന്ധമായും കൊണ്ടുപോകണമെന്ന് നിർദേശിച്ചിട്ടുള്ള രേഖകൾ കൈവശമില്ലാത്തവരെ പരീക്ഷ അഭിമുഖീകരിക്കാൻ അനുവദിക്കുന്നതല്ല.
ഇവ അനുവദനീയമല്ല
ഇൻഫർമേഷൻ ബുള്ളറ്റിൻ പേജ് 45 അനുസരിച്ച് പരീക്ഷാകേന്ദ്രത്തിൽ അനുവദനീയമല്ലാത്ത സാമഗ്രികൾ ഒട്ടേറെയുണ്ട്. എഴുതിയ/അച്ചടിച്ച ടെക്സ്റ്റ്, പേപ്പർതുണ്ടുകൾ, ജ്യോമട്രി/പെൻസിൽ ബോക്സ്, പ്ലാസ്റ്റിക് പൗച്ച്, കാൽക്കുലേറ്റർ, പെൻ, സ്കെയിൽ, റൈറ്റിങ് പാഡ്, പെൻഡ്രൈവ്, ഇറേസർ, ലോഗരിതം ടേബിൾ, ഇലക്‌ട്രോണിക് പെൻ/സ്കാനർ, മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ്, വാലറ്റ്, ഗൂഗിൾസ്, ഹാൻഡ്ബാഗ്, ബെൽറ്റ്, ക്യാപ്പ്, വാച്ച്/റിസ്റ്റ് വാച്ച്, ബ്രേസ്‌ലറ്റ്, ക്യാമറ, ഓർണമെന്റ്‌സ്, മെറ്റാലിക് ഐറ്റംസ്, ആഹാരപദാർഥങ്ങൾ (തുറന്നതോ പാക്കറ്റിലുള്ളതോ), വാട്ടർബോട്ടിൽ (അഡ്മിറ്റ് കാർഡിനൊപ്പമുള്ള നിർദേശങ്ങൾ പ്രകാരം പഴ്സണൽ ട്രാൻസ്പേരന്റ് വാട്ടർബോട്ടിൽ കൊണ്ടുപോകാം), മൈക്രോ ചിപ്പ്, ക്യാമറ, ബ്ലൂടൂത്ത് ഡിവൈസ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
വിശ്വാസവുമായി ബന്ധപ്പെട്ട (ആചാരപരമായോ/സാംസ്കാരികമായോ/മതപരമായോ) ആർട്ടിക്കിൾസ്/ഒബ്ജക്ട്‌സ് എന്നിവ ധരിച്ചിരിക്കുന്നവർ അവസാന റിപ്പോർട്ടിങ് സമയത്തിന് രണ്ടുമണിക്കൂർമുൻപ് പരിശോധനയ്ക്ക് കേന്ദ്രത്തിൽ ഹാജരാകണം.
ഡയബറ്റിസ് ഉള്ളവർക്ക് ചില ഇളവുകളുണ്ട്. അവർക്ക് ഹാളിൽ അനുമതിയോടെ കൊണ്ടുപോകാൻ അനുവദിക്കപ്പെട്ടിട്ടുള്ള സാധനങ്ങളുടെ വിവരങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിൻ പേജ് 48-ൽ നൽകിയിട്ടുണ്ട്.
ഡ്രസ്‌കോഡ്
ഹെവി ക്ലോത്സ്/ലോങ് സ്ലീവ്സ് (അല്ലെങ്കിൽ രണ്ടും) ഒഴിവാക്കണം. സ്ലിപ്പർ, താഴ്ന്നഹീലുള്ള സാൻഡൽസ് എന്നിവ അഭികാമ്യമാണ്.
സാംസ്കാരികമായോ/ആചാരപരമായോ ഉള്ള പ്രത്യേക വസ്ത്രം ധരിക്കുന്നവർ പരിശോധനാ നടപടികൾ പൂർത്തിയാക്കാൻ 12.30-നകം പരീക്ഷാകേന്ദ്രത്തിൽ എത്തണം.
ഡ്രസ് കോഡ്/കൈവശംവെക്കാൻ പാടില്ലാത്ത സാധനങ്ങൾ എന്നിവ സംബന്ധിച്ച മറ്റുവ്യവസ്ഥകൾ എന്തെങ്കിലും അഡ്മിറ്റ് കാർഡിൽ ഉണ്ടെങ്കിൽ അതും പാലിക്കണം. (ഇൻഫർമേഷൻ ബുള്ളറ്റിൻ പേജ് 45)
പരീക്ഷാഹാളിലെ സമയക്രമം
പരീക്ഷാകേന്ദ്രം ഉച്ചയ്ക്ക് 11-ന് തുറക്കും. രണ്ടിനാണ് പരീക്ഷ ആരംഭിക്കുന്നതെങ്കിലും ഒന്നരയ്ക്കുശേഷം പരീക്ഷാകേന്ദ്രത്തിൽ ആരെയും പ്രവേശിപ്പിക്കില്ല. ഹാളിലേക്ക് പ്രവേശിക്കുമ്പോൾ ആവശ്യപ്പെടുന്ന പക്ഷം അഡ്മിറ്റ് കാർഡ് കാണിക്കണം. പ്രവേശിച്ച് അനുവദിച്ച സീറ്റിൽ ഇരിക്കാം.
* നിർദേശങ്ങൾ നൽകൽ, അഡ്മിറ്റ് കാർഡ് പരിശോധന എന്നിവ 1.30 മുതൽ 1.45 വരെയായിരിക്കും
* ഇൻവിജിലേറ്റർ ടെസ്റ്റ് ബുക്ക്‌ലെറ്റ് 1.45-ന് വിതരണംചെയ്യും. പരീക്ഷാർഥിക്ക് 1.50-ന് ആവശ്യമായ വിവരങ്ങൾ ടെസ്റ്റ് ബുക്ക്‌ലെറ്റിൽ രേഖപ്പെടുത്താം
* പരീക്ഷ രണ്ടിന് തുടങ്ങും. ക്വസ്റ്റ്യൻ ബുക്ക്‌ലെറ്റിൽ എല്ലാ പേജുകളും ഉണ്ടെന്ന് ഉറപ്പുവരുത്തണം. അപാകമുണ്ടെങ്കിൽ അത് മാറ്റി ശരിയായ ചോദ്യ ലഘുപുസ്തകം വാങ്ങുക
* പരീക്ഷാസമയമായ മൂന്നുമണിക്കൂർ കഴിഞ്ഞേ പരീക്ഷാഹാൾ വിട്ടുപോകാൻ കഴിയൂ. അതിനാൽ സമയം പൂർണമായും ഫലപ്രദമായും ഉപയോഗിക്കുക.
ഒ.എം.ആർ. ഷീറ്റ് സൂക്ഷ്മതയോടെ കൈകാര്യംചെയ്യണം
ഒ.എം.ആർ. ഷീറ്റിൽ രേഖപ്പെടുത്തുന്ന പ്രതികരണങ്ങൾ (റെസ്പോൺസസ്) കംപ്യൂട്ടർ സോഫ്റ്റ്‌വേർ ഉപയോഗിച്ചാണ് മൂല്യനിർണയത്തിന് വിധേയമാക്കുന്നത്. അതിനാൽ ഒ.എം.ആർ. ഷീറ്റ് സൂഷ്മതയോടെ കൈകാര്യം ചെയ്യണം. അനാവശ്യമായ രേഖപ്പെടുത്തലുകളൊന്നും അതിൽ പാടില്ല. പൂരിപ്പിക്കേണ്ട ഭാഗങ്ങൾ പൂരിപ്പിക്കണം.
* ഒരിക്കൽ ഉത്തരം രേഖപ്പെടുത്തിയാൽ പിന്നീട് അത് മാറ്റാൻകഴിയില്ല. അതിനാൽ ഓരോ ചോദ്യത്തിനുനേരേയുമുള്ള നാലു ചോയ്സുകളും മനസ്സിലാക്കി ഏറ്റവും അനുയോജ്യമായ ഉത്തരം കണ്ടെത്തി രേഖപ്പെടുത്തണം
* ചില ചോദ്യങ്ങൾ ഒഴിവാക്കി ഉത്തരം നൽകുമ്പോൾ ശരിയായ ചോദ്യനമ്പറിന് നേരേയാണ് ഉത്തരം രേഖപ്പെടുത്തുന്നതെന്ന് ഉറപ്പാക്കുക.
പരീക്ഷാദൈർഘ്യം, ഉത്തരം രേഖപ്പെടുത്തൽ
പരീക്ഷാദൈർഘ്യം മൂന്നുമണിക്കൂർ ആയിരിക്കും. ചോദ്യപ്പേപ്പറിൽ മൊത്തം 180 ചോദ്യങ്ങൾ ഉണ്ടാകും. ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽനിന്ന് 45 വീതവും ബയോളജിയിൽനിന്ന് (ബോട്ടണിയും സുവോളജിയും) 90-ഉം ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്. എല്ലാ ചോദ്യങ്ങളും നിർബന്ധമാണ്. അതിനാൽ ചോദ്യങ്ങൾ മൊത്തത്തിൽ ആദ്യം വായിച്ച് സമയം നഷ്ടപ്പെടുത്താതിരിക്കുന്നതാണ് നല്ലത്. ലളിതം, ശരാശരി, കഠിനം, അധികഠിനം എന്ന ക്രമത്തിൽ നാലു റൗണ്ടുകളിലായി ഉത്തരം രേഖപ്പെടുത്തുന്ന രീതിയാകാം.
തത്ത്വങ്ങളുമായും ആശയങ്ങളുമായും ബന്ധപ്പെട്ട നേരിട്ടുള്ള ചോദ്യങ്ങൾ, അവ ഉപയോഗിച്ച് ക്രിയചെയ്ത് ഉത്തരം കണ്ടെത്തേണ്ടവ (കൂടുതലും ഫിസിക്സിൽ), സൂത്രവാക്യങ്ങൾ, ചിത്രങ്ങൾ അടിസ്ഥാനമാക്കിയുള്ളവ, ജോഡി കണ്ടെെത്തൽ, തുടങ്ങിയ രീതികളിലെ ചോദ്യങ്ങൾ എന്നിവയൊക്കെ പ്രതീക്ഷിക്കാം. ക്രിയചെയ്ത് ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങൾ കൂടുതലും ഫിസിക്സിലായിരിക്കും. ക്രിയചെയ്യുമ്പോൾ തെറ്റുകൾ വരുത്താതിരിക്കാൻ ശ്രദ്ധിക്കുക. ഫിസിക്സ് ഭാഗത്തെ സ്കോർ, അന്തിമ സ്കോറിനെ ബാധിക്കാം.
* പരീക്ഷയിൽ, പരമാവധി മാർക്ക് വാങ്ങാൻ ശ്രമിക്കണം.
* ഒരു ശരിയുത്തരത്തിന് നാലുമാർക്ക് കിട്ടും. രേഖപ്പെടുത്തുന്ന ഉത്തരം തെറ്റാണെങ്കിൽ ഒരുമാർക്ക് നഷ്ടപ്പെടും. അതിനാൽ, ഉത്തരം ഉറപ്പാണെങ്കിൽമാത്രം രേഖപ്പെടുത്തുക.
* ഓരോ നെഗറ്റീവ് മാർക്കും അന്തിമ സ്കോറിനെയും റാങ്കിനെയും ബാധിക്കും.
പരീക്ഷയിലെ റാങ്ക് നിർണയിക്കുന്നത് പരീക്ഷയിൽ ലഭിക്കുന്ന സ്കോർ പരിഗണിച്ചാണല്ലോ. 180 ചോദ്യങ്ങൾക്ക് ലഭിക്കാവുന്ന പരമാവധി മാർക്കായ 720 മാർക്ക് മനസ്സിൽ ലക്ഷ്യമിട്ടുകൊണ്ടുവേണം അഭിമുഖീകരിക്കേണ്ടത്. മുൻവർഷത്തെ മാർക്ക്/റാങ്ക് ബന്ധം അതേപടി ഈ വർഷം ആവർത്തിക്കണമെന്നില്ലെന്ന കാര്യം പ്രത്യേകം ഓർക്കുക. ചോദ്യങ്ങളുടെ നിലവാരം, പരീക്ഷാർഥികളുടെ മികവ് എന്നിവയൊക്കെ മാർക്ക് രീതിയെ ബാധിക്കും. ചോദ്യങ്ങൾ പൊതുവെ എളുപ്പമാണെങ്കിൽ മാർക്ക് തോത് ഉയരും. അങ്ങനെവരുമ്പോൾ ഉയർന്ന മാർക്കിന് ഉയർന്ന റാങ്ക് ലഭിക്കണമെന്നില്ല. അതുപോലെ ചോദ്യങ്ങൾ പൊതുവെ ബുദ്ധിമുട്ടുള്ളവയാണെങ്കിൽ മാർക്ക് തോത് കുറയും. അങ്ങനെവന്നാൽ മാർക്ക് അല്പം കുറഞ്ഞാലും ഭേദപ്പെട്ട റാങ്ക് കിട്ടാം. ഇതൊന്നും പ്രവചിക്കാവുന്ന കാര്യങ്ങളല്ല. അതിനാൽ പരമാവധി സ്കോർ ആയ 720 മാർക്ക് നേടുക എന്നതായിരിക്കണം പരീക്ഷാർഥിയുടെ ലക്ഷ്യം.
ഇഷ്ടവിഷയം ആദ്യം
ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആൻഡ് സുവോളജി) എന്നിവയിൽ ഏറ്റവും ഇഷ്ടപ്പെട്ട വിഷയത്തിലെ ചോദ്യങ്ങൾക്ക് ആദ്യം ഉത്തരം നൽകാം. അത് പരീക്ഷാർഥിയിൽ ആത്മവിശ്വാസം വർധിപ്പിക്കും. ബുദ്ധിമുട്ടുള്ള വിഷയത്തിലെ ചോദ്യങ്ങൾ തുടക്കത്തിൽ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്.
സമയം എങ്ങനെ ഉപയോഗിക്കാം
പരീക്ഷയ്ക്ക് 180 ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്. സമയം 180 മിനിറ്റ്. അതായത് ഒരു ചോദ്യത്തിൻമേൽ ചെലവഴിക്കാവുന്ന ശരാശരി സമയം, ഒരുമിനിറ്റാണ്. ചോദ്യം വായിച്ചുമനസ്സിലാക്കി, ഓപ്ഷൻസ് പരിശോധിച്ച്, ക്രിയ ചെയ്തോ അല്ലാതെയോ ഏറ്റവും അനുയോജ്യമായ ഉത്തരം കണ്ടെത്തി, പേനകൊണ്ട് ഒ.എം.ആർ. ഷീറ്റിൽ രേഖപ്പെടുത്താനുള്ള സമയമാണിത്. ലളിതമായ ചോദ്യങ്ങൾക്ക് ഈ സമയം വേണ്ടിവരില്ല. അവയിൽ ഓരോന്നിലും ലാഭിക്കുന്ന സമയം, കൂടുതൽ സമയം ചെലവഴിച്ച് ഉത്തരം കണ്ടെത്തേണ്ട കഠിനമായ ചോദ്യങ്ങൾക്ക് ഉത്തരംകാണാൻ സഹായകരമാകും.
ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശരാശരി സമയത്തിൽ കൂടുതൽ തുടക്കത്തിൽ ചെലവഴിക്കാതിരിക്കുന്നതാണ് ഉചിതം. ഉത്തരം ലഭിക്കാൻ വൈകിയാൽ തത്കാലം അത് ഒഴിവാക്കി അടുത്ത ചോദ്യത്തിലേക്ക് കടക്കുക. സമയം പിന്നീട് ലഭിക്കുന്നപക്ഷം ഒഴിവാക്കിയ ചോദ്യത്തിലേക്ക് തിരികെവന്ന് ഉത്തരത്തിന് ശ്രമിക്കാം.
പരീക്ഷകഴിഞ്ഞ്
പരീക്ഷകഴിഞ്ഞ് വിവിധ സമയങ്ങളിലായി ഒ.എം.ആർ. ഷീറ്റിന്റെ സ്കാൻ ഇമേജ്, യന്ത്രം പിടിച്ചെടുത്ത റെസ്പോൺസസ്, ഉത്തരസൂചികകൾ എന്നിവ പ്രസിദ്ധപ്പെടുത്തുമ്പോൾ അത് പരിശോധിക്കുക. അതിൻമേൽ ആക്ഷേപങ്ങളുണ്ടെങ്കിൽ സമയപരിധിക്കകം നിശ്ചിത ഫീസ് അടച്ച് പരാതിപ്പെടാൻ ശ്രദ്ധിക്കുക. പരീക്ഷസംബന്ധിച്ച് മൊബൈൽ, ഇ-മെയിൽ എന്നിവയിലേക്കുവരുന്ന സന്ദേശങ്ങൾ, വെബ്സൈറ്റ് അറിയിപ്പുകൾ തുടങ്ങിയവയും ശ്രദ്ധിക്കുക. വിവരങ്ങൾക്ക്: neet.nta.nic.in
Content Highlights: NEET UG 2026 is scheduled for May 3rd, 2 PM to 5 PM., Mandatory admit card download and verification procedures
Published: 29 Apr 2026, 02:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented