വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ ബി.വി.എസ്സി. ആൻഡ് എ.എച്ച്. കോഴ്സുകളിലേക്കുള്ള 15 ശതമാനം അഖിലേന്ത്യാ ക്വാട്ട അലോട്മെൻറ് പ്രക്രിയയുടെ നിബന്ധനകളും സമയക്രമവും പ്രസിദ്ധീകരിച്ചു. ഒന്നാം റൗണ്ട് ഓൺലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് 18-ന് തുടങ്ങും. കോഴ്സിന്റെ കാലാവധി ഒരുവർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പ് ഉൾപ്പെടെ അഞ്ചരവർഷമാണ്.
15 ശതമാനം അഖിലേന്ത്യാ ക്വാട്ടയിൽ വിവിധ സംസ്ഥാനങ്ങളിലായി സർക്കാരിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും കീഴിലുള്ള 858 സീറ്റ് കൗൺസലിങ്ങിനായുണ്ട്. ഇവ നീറ്റ് യു.ജി. റാങ്ക് പട്ടികയിലുള്ള എല്ലാവർക്കും പങ്കെടുക്കാവുന്ന സംവരണവിധേയമായ സീറ്റുകളായിരിക്കും.
സംവരണ തത്ത്വം
കേന്ദ്ര സംവരണതത്ത്വം ഒ.ബി.സി. (നോൺക്രീമിലെയർ) 27 ശതമാനം, എസ്.സി. 15, എസ്.ടി. 7.5, അംഗപരിമിതർ എല്ലാ വിഭാഗങ്ങളിലുംകൂടി അഞ്ച് ശതമാനം, ഇക്കണോമിക്കലി വീക്കർ വിഭാഗം 10 ശതമാനം എന്നിങ്ങനെയാണ്.
ഓൺലൈൻ രജിസ്ട്രേഷൻ
vci.admissions.nic.in ൽ യൂസർ ഐ.ഡി.യും പാസ്വേഡും ഉണ്ടാക്കണം. തുടർന്ന് തിരിച്ചുലഭിക്കാത്ത രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ചശേഷം ചോയ്സ് ഫില്ലിങ് നടത്താം. ഒന്നാംറൗണ്ട് ഓൺലൈൻ രജിസ്ട്രേഷനും ഫീസ് അടയ്ക്കാനും ഓഗസ്റ്റ് 18-ന് രാവിലെ 11 മുതൽ 23-ന് രാത്രി 11.55 വരെ സമയമുണ്ട്.
രജിസ്ട്രേഷൻ ഫീസ് ജനറൽ 1000 രൂപയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന/ഒ.ബി.സി.ക്കാർക്ക് 900 രൂപയും എസ്.സി./എസ്.ടി./ഭിന്നശേഷി (പി.എച്ച്.)/ ട്രാൻസ്ജെൻഡർ എന്നിവർക്ക് 500 രൂപയുമാണ്.
വെറ്ററിനറി കൗൺസലിങ് കമ്മിറ്റി നിബന്ധനകൾക്ക് വിധേയമായി രണ്ട് റൗണ്ടുകളായിട്ടാണ് അലോട്മെൻറ്. തുടർന്നുള്ള ഒഴിവുകൾ നികത്താൻ സ്ട്രേ റൗണ്ടും ഉണ്ടാകും. ഇതിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജനറൽ/ഒ.ബി.സി./ഇ.ഡബ്ല്യു.എസ്. വിഭാഗത്തിന് 50,000 രൂപയും എസ്.സി./എസ്.ടി./പി.എച്ച്. വിഭാഗത്തിന് 25,000 രൂപയും തിരിച്ചുലഭിക്കുന്ന ഫീസായി അടയ്ക്കണം.
ചോയ്സ് ഫില്ലിങ്-സീറ്റ് ലോക്കിങ് പ്രക്രിയ
* ചോയ്സ് ഫില്ലിങ് എന്നാൽ പഠിക്കാൻ ആഗ്രഹിക്കുന്ന കോളേജ് താത്പര്യമുള്ള ക്രമപ്രകാരം നൽകേണ്ട ഓപ്ഷൻ രജിസ്ട്രേഷൻ ആണ്. * സീറ്റ് ലോക്കിങ് പ്രക്രിയയിൽ നിശ്ചിത സമയത്തിനുള്ളിൽ ഓപ്ഷൻ നൽകിയ ചോയ്സുകൾ ഫൈനലൈസ് ചെയ്ത് അലോട്മെൻറ് പ്രോസസിനുവേണ്ടി കൺഫേം ചെയ്യുക എന്നതാണ്.
* ലോക്കിങ്ങിനുശേഷം ക്രമപ്പെടുത്തി നൽകിയ ചോയ്സുകൾ മാറ്റാനനുവദിക്കില്ല. ലോക്ക് ചെയ്യാൻ മറന്നുപോയാൽ ഏറ്റവും അവസാനം സേവ് ചെയ്ത ചോയ്സുകൾ ഓട്ടോമാറ്റിക് ആയി ലോക്ക് ആവും.
* ചോയ്സ് ഫില്ലിങ്, സീറ്റ് ലോക്കിങ്: ഓഗസ്റ്റ് 18-ന് രാവിലെ 11 മുതൽ 23-ന് വൈകീട്ട് 11.55 വരെ
* 25-ന് അലോട്മെൻറ്
* 31-ന് വൈകീട്ട് അഞ്ചുവരെ സീറ്റ് അലോട്മെൻറ് ലഭിച്ച സ്ഥാപനത്തിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം.
റൗണ്ട് ഒന്നിൽ അലോട്മെൻറ് ലഭിച്ച് പ്രവേശനം നേടിയവർക്ക് രണ്ടാം റൗണ്ടിൽ പങ്കെടുത്ത് അപ്ഗ്രേഡ് ചെയ്യണമെങ്കിൽ ആ വിവരം പ്രവേശനം നേടിയ സ്ഥാപനത്തിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നോഡൽ ഓഫീസറെ അറിയിച്ച് വെബ്സൈറ്റിൽ രേഖപ്പെടുത്തണം. പ്രവേശനം റദ്ദുചെയ്ത് വിടുതൽ വേണമെങ്കിലും ആ സ്ഥാപനത്തിലെ നോഡൽ ഓഫീസറെ നേരിട്ട് ഹാജരായി അറിയിച്ച് രേഖപ്പെടുത്തിവാങ്ങണം. റൗണ്ട് ഒന്നിൽ അലോട്മെൻറ് ലഭിച്ചവർ പ്രവേശനം നേടിയില്ലെങ്കിൽ തുടർന്നുള്ള അലോട്മെൻറിൽ പങ്കെടുപ്പിക്കുകയില്ല.
തുടർന്നുള്ള റൗണ്ടുകൾ
റൗണ്ട് ഒന്നിൽ അലോട്മെൻറ് ലഭിച്ച് പ്രവേശനം നേടിയവർക്ക് അപ്ഗ്രേഡ് ചെയ്യാൻ അഡ്മിഷൻ നോഡൽ ഓഫീസറെ അറിയിച്ച് വെബ്സൈറ്റിൽ രേഖപ്പെടുത്തി വാങ്ങിയവർക്ക് രണ്ടാം റൗണ്ടിലെ റീ കൗൺസലിങ്ങിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് വീണ്ടും അടയ്ക്കേണ്ട. എന്നാൽ, ചോയ്സ് ഫില്ലിങ്ങും സീറ്റ് ലോക്കിങ്ങും നിശ്ചിത സമയത്തിനുള്ളിൽ വീണ്ടും നടത്തണം.
* രണ്ടാം റൗണ്ട് ഓൺലൈൻ രജിസ്ട്രേഷനും ഫീസടയ്ക്കലും സെപ്റ്റംബർ ഒന്നിന് രാവിലെ 11 മുതൽ രണ്ടിന് രാത്രി 11.55 വരെ
* ചോയ്സ് ഫില്ലിങ്ങിനും സീറ്റ് ലോക്കിങ്ങിനും ഒന്നിന് രാവിലെ 11 മുതൽ രണ്ടിന് രാത്രി 11.55 വരെ
* നാലിന് അലോട്മെൻറ്
* എട്ടിന് വൈകീട്ട് അഞ്ചുവരെ അലോട്മെൻറ് ലഭിച്ച സ്ഥാപനത്തിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം
സ്ട്രേ റൗണ്ട്
രണ്ട് റൗണ്ടുകൾക്കുശേഷം ഒഴിവുകളുണ്ടെങ്കിൽ സ്ട്രേ റൗണ്ടിൽ നികത്തും. മുൻ കൗൺസലിങ് റൗണ്ടുകളിൽ പങ്കെടുത്ത് അലോട്മെൻറ് ലഭിച്ച് പ്രവേശനം നേടിയവർക്കും റിപ്പോർട്ട് ചെയ്യാത്തവർക്കും വിടുതൽ ചെയ്തവർക്കും ഇതിൽ പങ്കെടുക്കാൻ കഴിയില്ല. അലോട്മെൻറ് ലഭിക്കാത്തവരും ഇതുവരെയും കൗൺസലിങ്ങിൽ പങ്കെടുക്കാത്തവരും ജനറൽ/ഒ.ബി.സി./ഇ.ഡബ്ല്യു.എസ്. വിഭാഗത്തിന് 50,000 രൂപയും എസ്.സി./എസ്.ടി./പി.എച്ച്. വിഭാഗത്തിന് 25,000 രൂപ എന്ന ക്രമത്തിൽ തിരിച്ചുലഭിക്കുന്ന ഫീസ് അടച്ച് സ്ട്രേ റൗണ്ടിൽ പങ്കെടുക്കാം. എന്നാൽ, ഏതെങ്കിലും കൗൺസലിങ് റൗണ്ടിൽ അലോട്മെൻറ് കിട്ടിയിട്ട് പ്രവേശനം നേടാത്തവരെ പങ്കെടുപ്പിക്കില്ല.
* സ്ട്രേ റൗണ്ട് രജിസ്ട്രേഷനും ഫീസടയ്ക്കാനും സെപ്റ്റംബർ ഒൻപതിന് രാവിലെ 11 മുതൽ 10-ന് രാത്രി 11.55 വരെ
* ചോയ്സ് ഫില്ലിങ്ങിനും സീറ്റ് ലോക്കിങ്ങിനും ഒൻപതിന് രാവിലെ 11 മുതൽ 10-ന് രാത്രി 11.55 വരെ
* 12-ന് സീറ്റ് അലോട്മെന്റ്
* 15-ന് വൈകീട്ട് അഞ്ചുവരെ അലോട്മെൻറ് ലഭിച്ച സ്ഥാപനത്തിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം
അലോട്മെൻറ് ലഭിച്ച് പ്രവേശനം നേടാത്തവരുടെ രജിസ്ട്രേഷൻ തുക പിഴയായി കണക്കാക്കും. ബാക്കി എല്ലാവർക്കും ഏത് അക്കൗണ്ടിൽ നിന്നാണോ അടച്ചിരിക്കുന്നത് അതേ അക്കൗണ്ടിലേക്ക് തുക തിരിച്ച് ഓൺലൈനായി നൽകും.
സീറ്റുകൾ
പ്രവേശനം 858 സീറ്റുകളിലേക്കാണ്. നീറ്റ് യു.ജി. റാങ്ക് പട്ടികയിലുള്ള എല്ലാവർക്കും പങ്കെടുക്കാവുന്ന സംവരണ വിധേയമായ സീറ്റുകളായിരിക്കും. 2025-ലെ സീറ്റ് വിതരണപ്രകാരം അഞ്ച് സ്വകാര്യ സ്ഥാപനങ്ങളടക്കം 58 കോളേജുകളിലായി 779 സീറ്റുകളായിരുന്നു. ഈ വർഷത്തെ സീറ്റ് മട്രിക്സ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
എന്നാലും വിവിധ വിഭാഗങ്ങളിലായി പ്രതീക്ഷിക്കുന്ന സീറ്റുകളുടെ വിതരണം ജനറൽ-334, ഇ.ഡബ്ല്യു.എസ്.-82, ഒ.ബി.സി.-220, എസ്.സി.-121, എസ്.ടി.-62 കൂടാതെ എല്ലാ വിഭാഗങ്ങളിലെ അംഗപരിമിതർക്കായി 39 സീറ്റും.
കേരളത്തിലെ രണ്ട് വെറ്ററിനറി കോളേജുകളിലായി അഖിലേന്ത്യാ ക്വാട്ട 34 സീറ്റിൽ അംഗപരിമിതരെ ഒഴിവാക്കിയാൽ 13 സീറ്റ് ജനറൽ, ഇ.ഡബ്ല്യു.എസ്.-4, ഒ.ബി.സി.-8, എസ്.സി./എസ്.ടി.-6 എന്നിങ്ങനെയാകും അലോട്മെൻറിനായി ഉണ്ടാവുന്നത്.
Content Highlights: Register for VCI BVSc and AH All India Quota 15% admissions 2026. Check dates, fees, seat matrix, and counseling rounds. Apply now!
Published: 17 Aug 2026, 12:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented