ന്യൂഡൽഹി: ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ അക്കാദമിക് സ്വാതന്ത്ര്യം കടുത്ത നിയന്ത്രണങ്ങളോടെ ചുരുങ്ങുന്നതായി അന്താരാഷ്ട്ര പഠന റിപ്പോർട്ട്. സ്‌കോളേഴ്‌സ് അറ്റ് റിസ്‌ക് (എസ്.എ.ആർ.) അക്കാദമിക് ഫ്രീഡം മോണിറ്ററിങ് പ്രൊജക്ട് പുറത്തുവിട്ട 'ഫ്രീ ടു തിങ്ക് 2026' റിപ്പോർട്ടിലാണ് ഇന്ത്യയിലെ ക്യാമ്പസുകളിൽ സർക്കാരിന്റെയും പൊലീസിന്റെയും ഇടപെടലുകൾ വർധിക്കുന്നതായി ചൂണ്ടിക്കാണിക്കുന്നത്. 2025 ജൂലൈ ഒന്നിനും 2026 ജൂൺ 30-നും ഇടയിൽ 59 രാജ്യങ്ങളിലായി നടന്ന 382 അക്രമ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

To advertise here,

ഇന്ത്യയിലെ സ്ഥിതി

ലോകമെമ്പാടുമുള്ള അക്കാദമിക് സ്വാതന്ത്ര്യം വിലയിരുത്തുന്ന അക്കാദമിക് ഫ്രീഡം ഇൻഡെക്‌സ് (എ.എഫ്.ഐ.) പ്രകാരം ഇന്ത്യയുടെ സ്‌കോർ 2024-ലെ 0.16-ൽ നിന്ന് 2026-ൽ 0.14 ആയി താഴ്ന്നു ('ഗുരുതരമായി തടസ്സപ്പെട്ടു' എന്ന വിഭാഗത്തിൽ). 2022 മുതൽ ഗവേഷണത്തിനും അധ്യാപനത്തിനുമുള്ള സ്വാതന്ത്ര്യത്തിൽ വന്ന നിയന്ത്രണങ്ങളാണ് ഇടിവിന് കാരണമായി വ്യക്തമാക്കുന്നത്. 

യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനെ (യു.ജി.സി.) ഉപയോഗിച്ച് ഭരണത്തിലും അക്കാദമിക് മുൻഗണനകളിലും കേന്ദ്ര സർക്കാർ അധികാരം വ്യാപിപ്പിക്കുന്നതായി റിപ്പോർട്ട് വിമർശിക്കുന്നു. അധ്യാപകരെ പിരിച്ചുവിടൽ, പരിപാടികൾ റദ്ദാക്കൽ, പുതിയ നിയന്ത്രണങ്ങൾ എന്നിവ ക്യാമ്പസ് ചർച്ചകളെ തടസ്സപ്പെടുത്തി.

ഡൽഹി യൂണിവേഴ്‌സിറ്റി, ബി.എച്ച്.യു, മുംബൈ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ പരിപാടികൾ റദ്ദാക്കിയതും ടി.ഐ.എസ്.എസ്., ജാമിയ മില്ലിയ എന്നിവിടങ്ങളിലെ പ്രക്ഷോഭങ്ങളിൽ അധികാരികളുടെ സമ്മർദ്ദവും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കൂടാതെ, നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ചുള്ള എൻ.സി.ആർ.ടി. പാഠഭാഗം തയ്യാറാക്കിയ അധ്യാപകർക്കെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ച 'ആയുഷ്‌കാല വിലക്ക്' (പിന്നീട് പിൻവലിച്ചു), ജമ്മു കശ്മീരിൽ 25 പുസ്തകങ്ങൾ നിരോധിച്ചത്, എ.ബി.വി.പി, എ.ഐ.എസ്.ഐ., എൻ.എസ്..യു.ഐ എന്നീ വിദ്യാർത്ഥി സംഘടനകൾ തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലുകൾ എന്നിവയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര സാഹചര്യം

ആഗോളതലത്തിൽ 16 രാജ്യങ്ങളിലെ ക്യാമ്പസുകളിൽ അക്രമ സംഭവങ്ങളോ ഭീഷണികളോ ഉണ്ടായി. എട്ട് രാജ്യങ്ങളിൽ സർവ്വകലാശാലകളുടെ സ്വയംഭരണാധികാരം തകർക്കപ്പെട്ടു. ഇറാൻ, സെനഗൽ, ഇന്തോനേഷ്യ, സെർബിയ എന്നിവിടങ്ങളിൽ നേരിട്ടുള്ള അടിച്ചമർത്തലുകളുണ്ടായി. ചൈന, റഷ്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ അധ്യാപകരുടെ അറസ്റ്റും തടവിലാക്കലും പാകിസ്താനിൽ ബലൂച് വിദ്യാർഥികളെ കാണാതായ സംഭവവും റിപ്പോർട്ട് ചെയ്തു. 

യു.എസ്.എ.യിലും അക്കാദമിക് സ്വാതന്ത്ര്യം കുറഞ്ഞു. സിലബസ് സെൻസർഷിപ്പ്, ഫണ്ട് വെട്ടിക്കുറയ്ക്കൽ, സർവ്വകലാശാലാ ഭരണസമിതികളിൽ രാഷ്ട്രീയ നിയമനങ്ങൾ എന്നിവയാണ് യു.എസ്.എ.യിൽ സംഭവിച്ചത്. ഇറാനിൽ യു.എസ്-ഇസ്രായേൽ യുദ്ധം സർവ്വകലാശാലാ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുകയും പ്രക്ഷോഭങ്ങൾ അടിച്ചമർത്തപ്പെടുകയും ചെയ്തു.

മാറ്റങ്ങൾ രേഖപ്പെടുത്തിയ രാജ്യങ്ങൾ

ആഗോളതലത്തിൽ തിരിച്ചടികൾ നേരിടുമ്പോഴും ചില രാജ്യങ്ങളിൽ അക്കാദമിക് സ്വാതന്ത്ര്യം വീണ്ടെടുക്കാൻ കഴിഞ്ഞത് പ്രത്യാശ നൽകുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ബംഗ്ലാദേശ്: 2024-ലെ രാജ്യവ്യാപക വിദ്യാർഥി പ്രക്ഷോഭങ്ങളെ തുടർന്ന് നിലവിൽ വന്ന ഇടക്കാല സർക്കാർ ക്യാമ്പസ് ഭരണനിർവ്വഹണത്തിലെ രാഷ്ട്രീയ സ്വാധീനങ്ങളും ഉയർന്ന രാഷ്ട്രീയ നിയമനങ്ങളും ഒഴിവാക്കി. ഇതോടെ അക്കാദമിക് ഫ്രീഡം ഇൻഡെക്‌സ് (AFI) സ്‌കോർ 2023-ലെ 0.13-ൽ ('പൂർണ്ണമായും തടസ്സപ്പെട്ടു') നിന്ന് 2025-ൽ 0.52 ആയി ('മിതമായ നിയന്ത്രണം') ഉയർന്നു.

ബ്രസീൽ: മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ കാലത്ത് അക്കാദമിക് സ്വാതന്ത്ര്യം കുറഞ്ഞിരുന്നെങ്കിലും 2022-ൽ അധികാരത്തിലെത്തിയ ലൂയിസ് ഇനാസിയോ ലൂല ഡ സിൽവയുടെ സർക്കാരിന്റെ നടപടികളിലൂടെ സ്വാതന്ത്ര്യം വീണ്ടെടുത്തു. 2025-ഓടെ ബ്രസീലിന്റെ സ്‌കോർ 0.85 ആയി ഉയർന്നതോടെ രാജ്യം 'പൂർണ്ണ സ്വാതന്ത്ര്യം' ഉള്ള വിഭാഗത്തിലേക്ക് തിരിച്ചെത്തി.

ഹംഗറി: മുൻ പ്രധാനമന്ത്രി വിക്ടർ ഓർബന്റെ ഭരണകാലത്ത് AFI സ്‌കോർ 0.95-ൽ നിന്ന് 0.3 ആയി ക്രമാതീതമായി ഇടിഞ്ഞിരുന്നു. എന്നാൽ 2026 ഏപ്രിലിൽ പെറ്റെർ മാഗ്യർ അധികാരത്തിൽ വന്നതോടെ സ്വകാര്യ ഫൗണ്ടേഷൻ യൂണിവേഴ്‌സിറ്റി മാതൃക ഘട്ടമായി അവസാനിപ്പിക്കാനും യൂറോപ്യൻ യൂണിയന്റെ എറാസ്മസ് വിദ്യാർത്ഥി കൈമാറ്റ പദ്ധതിയിൽ വീണ്ടും ചേരാനുമുള്ള സാധ്യതകൾ തെളിഞ്ഞു.

വെനസ്വേല: ഉന്നതവിദ്യാഭ്യാസ സമൂഹത്തിന്റെ പ്രതിരോധത്തിന്റെയും രാഷ്ട്രീയ മാറ്റങ്ങളുടെയും ഫലമായി വെനസ്വേലയിലും അക്കാദമിക് സ്വാതന്ത്ര്യത്തിൽ പുരോഗതി രേഖപ്പെടുത്തി.