ആലപ്പുഴ: കേരളസർവകലാശാലയുടെ നാലുവർഷ ബിരുദ പരീക്ഷാഫലത്തിൽ പാളിച്ച. നാലാം സെമസ്റ്റർ ഫലത്തിലും ഒന്ന്, രണ്ട് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷാഫലത്തിലുമാണു പിഴവ്. 60 ശതമാനം മാർക്കും ബി പ്ലസ് ഗ്രേഡുമുള്ള വിദ്യാർഥി തോറ്റതായാണു രേഖപ്പെടുത്തിയിരിക്കുന്നത്.
സർവകലാശാലയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ കെ-റീപ് പോർട്ടലിൽ ലോഗിൻ ചെയ്താൽ പരീക്ഷാഫലവും മാർക്ക്‌ലിസ്റ്റും കിട്ടുമെന്ന് അറിയിച്ചിരുന്നെങ്കിലും പലരുടെയും കാണാനില്ല. സപ്ലിമെന്ററി പരീക്ഷയെഴുതിയ കുട്ടികളുടെ നേരത്തേ ജയിച്ച വിഷയങ്ങളുടെ മാർക്കും കാണാനില്ല. ചിലർക്ക് പൂജ്യം മാർക്കും രേഖപ്പെടുത്തിയിട്ടുണ്ട്.
നാലുവർഷ ബിരുദം അഞ്ചാം സെമസ്റ്ററിലേക്കു കടക്കുകയാണ്. നാലു സെമസ്റ്ററുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്നാൽ, റിസൽറ്റോ മാർക്ക്‌ലിസ്റ്റോ വിദ്യാർഥികൾക്കു ലഭിച്ചിട്ടില്ല. ഡിജിലോക്കറിൽനിന്നോ പോർട്ടലിൽനിന്നോ ഡൗൺലോഡ് ചെയ്യാമെന്ന് സർവകലാശാല പറയുന്നു. എന്നാൽ, ഡിജിലോക്കറിൽ അതു ലഭ്യമല്ല. കെ-റീപ് പോർട്ടൽ കൃത്യമായി പ്രവർത്തിക്കാത്തതാണു കാരണമെന്നു പറയുന്നു.
നേരത്തേ എസ്.എൽ.സി.എം. പോർട്ടലിലാണു പരീക്ഷാഫലം പ്രസിദ്ധീകരിച്ചിരുന്നത്. അത് കെ-റീപിലേക്കു മാറ്റിയതോടെ എസ്.എൽ.സി.എം. പോർട്ടലിലുണ്ടായിരുന്ന ഡേറ്റ കാണാതായി. വിദ്യാർഥികളും അധ്യാപകരും പരാതി ഉന്നയിച്ചതോടെ എക്സൽ ഷീറ്റുവഴി കോളേജുകളിൽനിന്ന് മാർക്കു ശേഖരിക്കുകയാണ് സർവകലാശാലാ അധികൃതരിപ്പോൾ.
ഇടതുപക്ഷ സർക്കാരിന്റെ കാലത്താണ് കെ-റീപ് കൊണ്ടുവന്നത്. കാലഹരണപ്പെട്ട സോഫ്റ്റ്‌വേറാണെന്നും അതു കൊണ്ടുവരരുതെന്നും ഇടത് അധ്യാപക സംഘടനകൾതന്നെ അന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രശ്നം ശ്രദ്ധയിൽപ്പെട്ടു, പരിഹരിക്കും- വി.സി.
കെ-റീപ് പോർട്ടലുമായി ബന്ധപ്പെട്ട പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അന്വേഷിക്കാൻ പരീക്ഷാ കൺട്രോളറെയും മറ്റും ഉൾപ്പെടുത്തി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. മുൻസർക്കാരിന്റെ കാലത്ത് വേണ്ടത്ര മുന്നൊരുക്കമില്ലാതെ നടപ്പാക്കിയതാണത്. എന്തായാലും പ്രശ്നം പരിഹരിക്കും.
-ഡോ. മോഹനൻ കുന്നുമ്മൽ,വൈസ് ചാൻസലർ, കേരള സർവകലാശാല
Content Highlights: Severe errors and missing mark lists have surfaced in Kerala University's four-year degree exam results due to technical glitches in the K-Reap digital portal, prompting the Vice-Chancellor to appoint an inquiry committee.
Published: 19 Sept 2026, 10:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented