കോഴിക്കോട്: അധ്യയനവർഷം ആരംഭിച്ച് ആറുമാസം പിന്നിടുന്നതിനിടെ, അധ്യാപകരുടെ ജില്ലയ്ക്കുള്ളിലെ പൊതുസ്ഥലംമാറ്റ നടപടികൾ പുനരാരംഭിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിറക്കിയ നിർദേശത്തിൽ ആശങ്ക. എസ്.എസ്.എൽ.സി. ഉൾപ്പെടെയുള്ള വാർഷിക പൊതുപരീക്ഷകൾക്ക് കഷ്ടിച്ച് നാലുമാസംമാത്രം ശേഷിക്കെയാണ് നടപടി. 2025-26 അധ്യയനവർഷത്തിലെ അന്തർജില്ലാ സ്ഥലംമാറ്റ നടപടികളും ഒക്ടോബറോടെ പൂർത്തിയാക്കാൻ നിർദേശിച്ചിരുന്നു.

To advertise here,

ആറുമാസത്തിനിടെ അധ്യാപകരെയും അവരുടെ പഠനരീതികളെയും വിദ്യാർഥികൾ പരിചയപ്പെട്ടിട്ടുണ്ടാകും. അതിനനുസരിച്ച് പഠനവും മറ്റ് അക്കാദമിക് പ്രവർത്തനങ്ങളും ക്രമീകരിച്ചിട്ടുമുണ്ടാകും. ഓരോ ക്ലാസിലെയും വിദ്യാർഥികളുടെ പഠനനിലവാരത്തെക്കുറിച്ചും കൂടുതൽ ശ്രദ്ധ ആവശ്യമുള്ള മേഖലകളെക്കുറിച്ചും അധ്യാപകർക്കും ഇതിനകം വ്യക്തമായ ധാരണ െെകവന്നിരിക്കും. ഇത്തരമൊരു ഘട്ടത്തിലെ സ്ഥലംമാറ്റം നിലവിലെ പഠനക്രമത്തെ ബാധിക്കുമെന്നതാണ് ആശങ്കയ്ക്കു കാരണം. പുതുതായെത്തുന്ന അധ്യാപകർ ക്ലാസിലെ സാഹചര്യം മനസ്സിലാക്കി പഠിപ്പിച്ചുതുടങ്ങുമ്പോൾ വിദ്യാർഥികൾക്കും പുതിയ അധ്യാപനരീതിയുമായി പൊരുത്തപ്പെടേണ്ടിവരും.

സാധാരണയായി അധ്യാപകർ ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ പരിശോധിച്ച് സീനിയോറിറ്റി പട്ടിക തയ്യാറാക്കി, മേയ് മാസത്തോടെ സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കുകയാണ് പതിവ്. പുതിയ അധ്യയനവർഷം ആരംഭിക്കുമ്പോൾത്തന്നെ സ്ഥലംമാറ്റംലഭിച്ച അധ്യാപകർ പുതിയ സ്കൂളുകളിൽ ജോലിയിൽ പ്രവേശിച്ചിട്ടുണ്ടാകും. എന്നാൽ, ഇത്തവണ തിരഞ്ഞെടുപ്പ്, സെൻസസ് തുടങ്ങിയ അധികചുമതലകൾ വന്നതോടെ നടപടികൾ മരവിപ്പിച്ചു.

സ്ഥലംമാറ്റ നടപടികളിൽ സീനിയോറിറ്റി മാനദണ്ഡങ്ങളും അധ്യാപകരുടെ അവകാശങ്ങളും ലംഘിക്കപ്പെട്ടതായി ആരോപിച്ച് അധ്യാപകസംഘടനകൾ വിദ്യാഭ്യാസവകുപ്പിന് പരാതിയും നൽകി. തുടർന്ന് നടപടിക്രമങ്ങളിൽ ഭേദഗതി വരുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കുകയായിരുന്നു.

തസ്തികകൾ വെട്ടിക്കുറച്ചതിനെത്തുടർന്ന് ജോലി നഷ്ടമായ അധ്യാപകരുടെ പുനർനിയമന നടപടികളും ഇതോടൊപ്പം നടക്കുന്നുണ്ട്. സംസ്ഥാന കായികമേളയ്ക്ക് ആതിഥേയത്വം വഹിച്ചതിനാൽ കോഴിക്കോട് ജില്ലയിലെ സ്ഥലംമാറ്റ നടപടികളിലാണ് ഏറ്റവും കൂടുതൽ കാലതാമസം നേരിടുന്നത്. അതേസമയം, ഹയർസെക്കൻഡറി വിഭാഗത്തിലെ പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

സർക്കാർ ഉത്തരവുപ്രകാരമാണ് സ്ഥലംമാറ്റനടപടികൾ മുന്നോട്ടുപോകുന്നതെന്ന് കോഴിക്കോട് ഡി.ഡി.ഇ. സി.എസ്. അമൃത പറഞ്ഞു.

സെൻസസ് ഡ്യൂട്ടി വന്നതാണ് മേയിൽ ആരംഭിക്കേണ്ടിയിരുന്ന നടപടികൾ മരവിപ്പിക്കേണ്ടിവന്നത്. സ്ഥലംമാറ്റം അടുത്ത അധ്യയനവർഷത്തേക്ക് നീട്ടിവെക്കുന്നത് അധ്യാപകർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഡി.ഡി.ഇ. വ്യക്തമാക്കി.