തിരുവനന്തപുരം: കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരെ പിരിച്ചുവിടാൻ നിർദേശിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. യോഗ്യതയില്ലാതെ നേടിയ നിയമനമോ സ്ഥാനക്കയറ്റമോ റദ്ദാക്കാനും ഉത്തരവിലുണ്ട്. 2025 സെപ്റ്റംബർ ഒന്നിനുശേഷം കെ-ടെറ്റ് യോഗ്യതയില്ലാതെ എയ്ഡഡ് സ്‌കൂളുകളിൽ ഉൾപ്പെടെ നിയമനം നേടിയ അധ്യാപകരെയാണ് ജോലിയിൽനിന്ന് പിരിച്ചുവിടുക. സെപ്റ്റംബർ ഒന്നിനുണ്ടായ സുപ്രീംകോടതി വിധിയെത്തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

To advertise here,

2025 സെപ്റ്റംബർ ഒന്നിനുശേഷം പ്രൊമോഷൻ നേടുകയും എന്നാൽ, തസ്തികയ്ക്കാവശ്യമായ കെ-ടെറ്റ് യോഗ്യത ഇല്ലാതിരിക്കുകയും ചെയ്യുന്ന അധ്യാപകരുടെ സ്ഥാനക്കയറ്റം റദ്ദാക്കും. യു.പി. വിഭാഗത്തിൽനിന്ന് ഹൈസ്‌കൂൾ വിഭാഗത്തിലേക്ക് പ്രൊമോഷൻ ലഭിച്ച അധ്യാപകന് കെ-ടെറ്റ് ലഭിച്ചില്ലെങ്കിൽ അവരെ തിരികെ യു.പി. വിഭാഗത്തിലേക്കുതന്നെ മടക്കിയയക്കാനാണ് ഉത്തരവിലെ നിർദേശം.

അതേസമയം, 2025 സെപ്റ്റംബർ ഒന്നിനുശേഷം കെ-ടെറ്റ് യോഗ്യതയില്ലാത്തതും എന്നാൽ പി.എസ്.സി. അഡൈ്വസ് ലഭിച്ചതുമായ ഉദ്യോഗാർഥികൾക്ക് താത്കാലിക നിയമനം നൽകാൻ അനുമതിയുണ്ട്. ഇവർ പിന്നീട് അതതു കാറ്റഗറിയിൽ കെ-ടെറ്റ് വിജയിക്കുന്ന മുറയ്ക്ക് അഡൈ്വസ് സീനിയോറിറ്റി നിലനിർത്തി ക്രമീകരിക്കും. നേരത്തേ വിഷയവുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി തള്ളിയിരുന്നു.