തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്ററി ജീവിതത്തിന്റെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷനിലെ സ്കൂളുകളിൽ വിദ്യാർഥികൾക്കായി പ്രത്യേക മത്സരം. ബി.ജെ.പി. ഭരണമുള്ള കോർപ്പറേഷൻ സംഘടിപ്പിച്ച പരിപാടിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ അനുമതിയില്ല.
അതേസമയം, ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് മത്സരം സംഘടിപ്പിക്കാൻ സ്‌കൂളുകൾക്ക് നിർദേശവും നൽകി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ, ബി.ജെ.പി.യുടെ രാഷ്ട്രീയലക്ഷ്യത്തിലുള്ള പരിപാടി സ്കൂളുകളിൽ സംഘടിപ്പിച്ചതിൽ പ്രതിഷേധവുമായി അധ്യാപകസംഘടനകൾ രംഗത്തെത്തി.
ഗുജറാത്ത് മുഖ്യമന്ത്രിമുതൽ പ്രധാനമന്ത്രിവരെയുള്ള നരേന്ദ്ര മോദിയുടെ പാർലമെന്ററി ജീവിതത്തിന്റെ 25-ാം വാർഷികമാണ് ബി.ജെ.പി. ആഘോഷമാക്കുന്നത്. ഇതിന്റെ ഭാഗമായി കോർപ്പറേഷനിലെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയനാണ് സ്കൂളുകൾക്ക് കത്തയച്ചത്.
വിദ്യാർഥികളെ പങ്കെടുപ്പിച്ച് ചിത്രരചനാമത്സരവും പ്രസംഗമത്സരവും സംഘടിപ്പിക്കാനാണ് നഗരസഭാ പരിധിയിലെ സ്കൂളുകൾക്കുള്ള നിർദേശം. എസ്.എഫ്.ഐ. പഠിപ്പുമുടക്കും മേളകളുമൊക്കെ ബാധിച്ചതിനാൽ പല സ്‌കൂളുകളിലും പരിപാടി നടന്നില്ല.
എന്നാൽ, ഒട്ടേറെ സ്കൂളുകളിൽ നടന്നതായും നൂറിലേറെ മത്സരവിജയികളുടെ പേരുകൾ ലഭിച്ചിട്ടുണ്ടെന്നും കോർപ്പറേഷൻ അധികൃതർ പറഞ്ഞു. സ്കൂൾ നടത്തിപ്പിൽ കോർപ്പറേഷനു പങ്കുണ്ടെങ്കിലും അക്കാദമിക പരിപാടികൾ സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പിന്റെ അനുമതി വേണമെന്നാണ് വ്യവസ്ഥ.
രാഷ്ട്രീയംകൂടി കലർന്ന പരിപാടിയായതിനാൽ, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റോ ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടറോ അനുമതി നൽകിയില്ല. അതേസമയം, ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് അനുവാദം നൽകുകയും ചെയ്തു.
വിഷയം വിവാദമായതോടെ, പൊതുവിദ്യാഭ്യാസ മന്ത്രിക്കു മുൻപാകെ പരാതിയുമായി അധ്യാപകസംഘടനകൾ രംഗത്തെത്തി. ഇല്ലാത്ത അധികാരം ഉപയോഗിച്ച്, പൊതുവിദ്യാലയങ്ങൾക്കു കോർപ്പറേഷൻ നിർദേശം നൽകിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് എ.കെ.എസ്.ടി.യു. ജനറൽ സെക്രട്ടറി ഒ.കെ.ജയകൃഷ്ണൻ ആവശ്യപ്പെട്ടു.
തദ്ദേശ സ്ഥാപനങ്ങൾക്ക് അക്കാദമിക കാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ലെന്നും പ്രശ്നത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഇടപെടണമെന്നും കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി ടി.കെ.എ.ഷാഫി ആവശ്യപ്പെട്ടു.
Content Highlights: A competition was organized in Thiruvananthapuram schools by the BJP-led corporation to celebrate Prime Minister Narendra Modi's 25 years in parliamentary life, without prior approval from the Directorate of Public Education. Teachers' associations protested the politically motivated event, which was held in some schools despite lacking official permission, while the Higher Secondary Directorate did provide approval.
Published: 02 Oct 2026, 07:48 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented