അമ്പലപ്പുഴ: എം.പി.മാരുടെയും എം.എൽ.എ.മാരുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഫണ്ടുപയോഗിച്ച് സ്കൂളുകളിൽ ലാപ്‌ടോപ് അടക്കമുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനു തടസ്സമായി 2023-ലെ സർക്കാർ ഉത്തരവ്. പ്രവർത്തനശേഷി, ഈടാക്കാവുന്ന പരമാവധി തുക, വിൽപ്പനാനന്തര സേവനവ്യവസ്ഥ തുടങ്ങിയവ സംബന്ധിച്ച് കർശന നിബന്ധനകൾ ഉത്തരവിലുണ്ട്.
അന്നത്തെ വിലയനുസരിച്ച് ഉപകരണങ്ങൾ കിട്ടാത്തതാണ് പ്രശ്നമാകുന്നത്. 2023 ജനുവരി 30-നുള്ള പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവു പ്രകാരം ലാപ്‌ടോപ്, പ്രൊജക്റ്റർ, സ്പീക്കർ, പ്രൊജക്റ്റർ സ്ക്രീൻ, പ്രൊജക്റ്റർ സീലിങ് മൗണ്ട് കിറ്റ് സപ്ലൈ ആൻഡ് ഇൻസ്റ്റലേഷൻ എന്നിങ്ങനെ അഞ്ചിനത്തിലാണ് പരമാവധി ചെലവാക്കാവുന്ന തുക സംബന്ധിച്ച നിബന്ധനകളുള്ളത്. ഇതിൽ ലാപ്‌ടോപ്പിനു ചെലവാക്കാവുന്നത് 35,207 രൂപയാണ്. ഉത്തരവിൽ പറയുന്ന പ്രവർത്തനശേഷിക്കനുസരിച്ച പല ഉപകരണങ്ങൾക്കും ഇപ്പോൾ ഇരട്ടിയിലധികം വിലയാണ്.
സെമി കണ്ടക്ടർ, മെമ്മറി, എസ്.എസ്.ഡി. തുടങ്ങിയ ഹാർഡ്‌വേറുകളുടെ വിലയിലുണ്ടായ വർധനയും ലാപ്‌ടോപ് പ്രോസസറുകളുടെ ലഭ്യതക്കുറവും കാരണം 2023-ലെ ഉത്തരവിൽ നിർദേശിച്ചിരിക്കുന്ന നിരക്കിൽ ലാപ്‌ടോപ്പുകൾ കിട്ടുന്നില്ല. വിതരണച്ചുമതലയുള്ള കെൽട്രോൺ ഇക്കൊല്ലമാദ്യം കൈറ്റിനെ (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജുക്കേഷൻ) ഇക്കാര്യമറിയിച്ചിരുന്നു. റീ ടെൻഡറിൽ പങ്കെടുത്ത രണ്ടു കമ്പനികൾ ലാപ്‌ടോപ്പിന്റെ വിലയായി 91,089 രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. മാർച്ച് ആറിന് പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഐ.ടി. സാങ്കേതികസമിതി യോഗം ചേർന്ന് വിഷയം ചർച്ചചെയ്തു.
2026 മാർച്ച് 31 വരെ അനുമതി ലഭിച്ച പദ്ധതികളിൽ 2023-ലെ ഉത്തരവിലെ പരമാവധി വില പരിഗണിക്കാതെ സ്റ്റോർ പർച്ചേസ് നിബന്ധനകൾക്കു വിധേയമായി ഉപകരണങ്ങൾ വാങ്ങാൻ യോഗം അനുമതി നൽകി. പുതിയ മാർഗനിർദേശങ്ങൾക്കനുസരിച്ച് സർക്കാർ പ്രത്യേക ഉത്തരവിറക്കണമെന്നും യോഗം നിർദേശിച്ചു.
ഉത്തരവു പരിഷ്കരിക്കാത്തതിനാൽ മാർച്ചിനുശേഷം ജനപ്രതിനിധികൾക്കോ തദ്ദേശസ്ഥാപനങ്ങൾക്കോ സ്കൂളുകളിൽ ഐ.സി.ടി. ഹാർഡ്‌വേർ ഉപകരണങ്ങൾക്കു പണമനുവദിക്കാനായിട്ടില്ല. പുതിയ എം.എൽ.എ.മാർ ചുമതലയേറ്റശേഷം അവർക്കുമുന്നിൽ ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ അപേക്ഷകളെത്തുന്നുണ്ട്.
Content Highlights: School laptop and ICT equipment distribution is delayed due to rigid price limits set in a 2023 government order.
Published: 02 Oct 2026, 10:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented