ന്യൂഡല്‍ഹി: ഇന്ത്യക്കാരും പ്രവാസി ഇന്ത്യക്കാരും ഉന്നതപഠനത്തിനായി പാകിസ്താനില്‍ പോകുന്നത് വിലക്കി ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ.). പാകിസ്താനില്‍നിന്ന് നേടുന്ന ബിരുദത്തിന് ഇന്ത്യയില്‍ തുടര്‍പഠനത്തിനോ ജോലിക്കോ അംഗീകാരം നല്‍കില്ലെന്നും എ.ഐസി.ടി.ഇ. വിജ്ഞാപനത്തിലൂടെ അറിയിച്ചു.

To advertise here,

അഭയാര്‍ഥികളായി ഇന്ത്യയിലെത്തി, ഇന്ത്യന്‍പൗരത്വം സ്വീകരിച്ചവര്‍ക്ക് പാകിസ്താനിലെ ബിരുദം അടിസ്ഥാനമാക്കി ജോലിക്ക് അവസരം നല്‍കും. എന്നാല്‍, ആഭ്യന്തരമന്ത്രാലയത്തിന്റെ സുരക്ഷാഅനുമതി ഇതിന് നിര്‍ബന്ധമാണെന്നും എ.ഐ.സി.ടി.ഇ. അറിയിച്ചു. പാക് അധിനിവേശ കശ്മീരിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതില്‍നിന്ന് വിദ്യാര്‍ഥികളെ 2019-ല്‍ യു.ജി.സി. വിലക്കിയിരുന്നു.

കൂടുതല്‍ കരിയര്‍/ വിദ്യാഭ്യാസ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ഇന്ത്യന്‍വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്വാട്ട

2020-ലെ റിപ്പോര്‍ട്ടുപ്രകാരം ഇരുനൂറിലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാകിസ്താനിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. അതില്‍ ഭൂരിഭാഗവും ജമ്മുകശ്മീരില്‍നിന്നുള്ളവരാണ്. ജമ്മുകശ്മീരിലെ വിദ്യാര്‍ഥികള്‍ക്കായി പാകിസ്താനിലെ എന്‍ജിനിയറിങ്, മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രത്യേക സംവരണമുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിദേശവിദ്യാര്‍ഥിയായി പരിഗണിച്ചുകൊണ്ടും പ്രത്യേക സ്‌കോളര്‍ഷിപ്പ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുമാണ് പാകിസ്താനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിവരുന്നത്. ബന്ധുക്കളോ മാതാപിതാക്കളോ ഇന്ത്യന്‍സൈന്യത്താല്‍ കൊല്ലപ്പെടുന്നവരെയാണ് സ്‌കോളര്‍ഷിപ്പ് വിഭാഗത്തില്‍ പരിഗണിക്കുകയെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ടുചെയ്യുന്നു. രണ്ടാംവിഭാഗത്തിലുള്ളവര്‍ക്ക് താമസവും പഠനവും സൗജന്യമാണ്. 2020-ല്‍ 1600 ജമ്മുകശ്മീര്‍വിദ്യാര്‍ഥികള്‍ക്ക് പാകിസ്താന്‍ സ്‌കോളര്‍ഷിപ്പ് അനുവദിച്ചിരുന്നു.

കശ്മീരില്‍ പ്രൊഫഷണല്‍ കോളേജുകള്‍ കുറവായതിനാലാണ് വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് വിദേശസര്‍വകലാശാലകളെ ആശ്രയിക്കുന്നത്. റഷ്യ, ബംഗ്ലാദേശ്, പാകിസ്താന്‍ സംസ്ഥാനങ്ങളെയാണ് അതിനായി കൂടുതല്‍ തിരഞ്ഞെടുക്കുന്നത്. പാകിസ്താനില്‍ ഉന്നതവിദ്യാഭ്യാസത്തിന് താരതമ്യേന പണച്ചെലവ് കുറവാണെന്നതും ഘടകമാണ്.