ന്യൂഡൽഹി: സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് വ്യവസായ മേഖലയിൽ മികച്ച പരിചയസമ്പത്ത് നേടാൻ അവസരമൊരുക്കുന്ന ഇൻഡസ്ട്രി ഫെലോഷിപ്പ് പ്രോഗ്രാം 2026-ലേക്ക് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ) അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രമുഖ വ്യവസായ സ്ഥാപനങ്ങളിൽ ഒരു വർഷം നേരിട്ട് പ്രവർത്തിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. പ്രതിമാസം ഒരു ലക്ഷം രൂപയാണ് ഫെലോഷിപ്പ് തുക.

To advertise here,

താത്പര്യമുള്ള യോഗ്യരായ അധ്യാപകർക്ക് ജൂൺ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. ജൂലൈ 20 മുതൽ ഫെലോഷിപ്പ് കാലയളവ് ആരംഭിക്കും.

സ്റ്റൈപ്പൻഡ് ഘടന ഇങ്ങനെ:

പ്രതിമാസം ലഭിക്കുന്ന ഒരു ലക്ഷം രൂപയിൽ 75,000 രൂപ എഐസിടിഇ നൽകും. ബാക്കി തുകയായ 25,000 രൂപ പങ്കാളികളാകുന്ന വ്യവസായ സ്ഥാപനങ്ങളാണ് നൽകുക. ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സ്, ഹീറോ മോട്ടോകോർപ്പ്, വോൾവോ തുടങ്ങിയ പ്രമുഖ കമ്പനികളിലായി ഈ വർഷം 134 ഫെലോഷിപ്പ് ഒഴിവുകളാണുള്ളത്.

യോഗ്യതകൾ:

  • അപേക്ഷകർ 2026 മേയ് 26-ന് 50 വയസ്സോ അതിൽ താഴെയോ പ്രായമുള്ളവരായിരിക്കണം.

  • AICTE അംഗീകൃത സ്ഥാപനങ്ങളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ ഫുൾ ടൈം അധ്യാപന പരിചയം നിർബന്ധം.

ഇതിനുപുറമേ താഴെ പറയുന്നവയിൽ ഏതെങ്കിലും ഒരു യോഗ്യത കൂടി ഉണ്ടായിരിക്കണം:

  1. ഗേറ്റ്, ജി.ആർ.ഇ, ക്യാറ്റ്, മാറ്റ് , ജെ.ആർ.എഫ് , എസ്.ആർ.എഫ് അല്ലെങ്കിൽ നെറ്റ് തുടങ്ങിയ ദേശീയ/സംസ്ഥാന തല പരീക്ഷകളിൽ യോഗ്യത നേടിയിരിക്കണം.

  2. സ്കോപ്പസ് അല്ലെങ്കിൽ വെബ് ഓഫ് സയൻസ് ഇൻഡെക്സ് ചെയ്ത ജേണലുകളിൽ കുറഞ്ഞത് അഞ്ച് ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടാകണം.

  3. കുറഞ്ഞത് 15 ലക്ഷം രൂപ ചെലവ് വരുന്ന സർക്കാർ ധനസഹായത്തോടെയുള്ള ഗവേഷണ പദ്ധതികൾക്ക് നേതൃത്വം നൽകിയിരിക്കണം.

  4. സർക്കാർ ഏജൻസികളിൽ നിന്നോ സർവ്വകലാശാലകളിൽ നിന്നോ അംഗീകൃത ശാസ്ത്ര-അക്കാദമിക് പുരസ്കാരങ്ങൾ ലഭിച്ചവരായിരിക്കണം.

അപേക്ഷിക്കേണ്ട വിധം:

ഔദ്യോഗിക ഇൻഡസ്ട്രി ഫെലോഷിപ്പ് പ്രോഗ്രാം പോർട്ടൽ വഴി ഓൺലൈനായി വേണം അപേക്ഷിക്കാൻ.

എ.ഐ.സി.ടി.ഇ കമ്മിറ്റിയുടെ രേഖകളുടെ മൂല്യനിർണ്ണയം, ഇൻഡസ്ട്രി ഇന്റർവ്യൂ എന്നിവയുൾപ്പെടെ മൂന്ന് ഘട്ടങ്ങളായാണ് അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്.