കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന, ദേശീയ പ്രാധാന്യമുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻ.ഐ.ഡി.) വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോഡക്ട് ഡിസൈൻ, ടെക്‌സ്റ്റൈൽസ്, വിഷ്വൽ കമ്യൂണിക്കേഷൻ, ഡിജിറ്റൽ ഇന്റർഫേസ് തുടങ്ങിയ മേഖലകളിൽ ഉയർന്ന ജോലിസാധ്യതയുള്ള മികച്ച കരിയർ കെട്ടിപ്പടുക്കാൻ പഠനം വിദ്യാർഥികളെ പ്രാപ്തരാക്കുന്നു. പ്രധാന കാമ്പസ് അഹമ്മദാബാദിലാണ്. ഗാന്ധിനഗർ, ബെംഗളൂരു എന്നിവിടങ്ങളിൽ എക്സ്റ്റൻഷൻ കാമ്പസുകൾ ഉണ്ട്. മറ്റ് കാമ്പസുകൾ: അമരാവതി (ആന്ധ്രപ്രദേശ്), കുരുക്ഷേത്ര (ഹരിയാണ), ഭോപാൽ (മധ്യപ്രദേശ്), ജോർഹട്ട് (അസം).
കോഴ്സുകൾ
• നാല് വർഷ ബി.ഡിസ്. (കാമ്പസ്: അസം): ഇൻഡസ്ട്രിയൽ ഡിസൈൻ, കമ്യൂണിക്കേഷൻ ഡിസൈൻ, ടെക്‌സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ എന്നീ മേഖലകൾ
• 5.5 വർഷ ഇന്റഗ്രേറ്റഡ് എം.ഡിസ്. (കാമ്പസ്: അഹമ്മദാബാദ്, ഗാന്ധിനഗർ, ബെംഗളൂരു): സ്പെഷ്യലൈസേഷൻ -സിറാമിക് ആൻഡ് ഗ്ലാസ് ഡിസൈൻ, പ്രോഡക്ട് ഡിസൈൻ, ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ഓട്ടോമൊബൈൽ ഡിസൈൻ, ആനിമേഷൻ ഫിലിം ഡിസൈൻ, ഫിലിം ആൻഡ് വീഡിയോ കമ്യൂണിക്കേഷൻ, ഗ്രാഫിക് ഡിസൈൻ, എക്സിബിഷൻ ഡിസൈൻ, ഫർണിച്ചർ ആൻഡ് ഇന്റീരിയർ ഡിസൈൻ, ഡിസൈൻ ഫോർ റീട്ടെയിൽ എക്സ്പീരിയൻസ്, ടെക്‌സ്റ്റൈൽ ഡിസൈൻ, അപ്പാരൽ ഡിസൈൻ, ലൈഫ്‌സ്റ്റൈൽ ആക്സസറി ഡിസൈൻ, ഡിജിറ്റൽ ഗെയിം ഡിസൈൻ, ഇന്ററാക്ഷൻ ഡിസൈൻ, ഇൻഫർമേഷൻ ഡിസൈൻ എന്നീ സ്പെഷ്യലൈസേഷനുകളുണ്ട്.
യോഗ്യത: അംഗീകൃത ബോർഡിൽനിന്ന് പ്ലസ് ടു (10+2) പരീക്ഷ ജയിച്ചവർക്കോ ഈ വർഷം പരീക്ഷ എഴുതുന്നവർക്കോ (സയൻസ്, ആർട്സ്, കൊമേഴ്സ് തുടങ്ങിയ ഏത് സ്ട്രീമിലുള്ളവർക്കും) അപേക്ഷിക്കാം. അല്ലെങ്കിൽ എ.ഐ.സി.ടി.ഇ. അംഗീകൃത മൂന്നു വർഷ ഡിപ്ലോമ പൂർത്തിയാക്കിയവരാകണം. ജനറൽ വിഭാഗക്കാർ 2006 ജൂലായ് ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. ഒ.ബി.സി.-എൻ.സി.എൽ., എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും പ്രായപരിധി ഇളവുണ്ട്.
• 2.5 വർഷത്തെ എം.ഡിസ്. (കാമ്പസ്: അഹമ്മദാബാദ്, ഗാന്ധിനഗർ, ബെംഗളൂരു): ആനിമേഷൻ ഫിലിം ഡിസൈൻ, ഫിലിം ആൻഡ് വീഡിയോ കമ്യൂണിക്കേഷൻ, ഗ്രാഫിക് ഡിസൈൻ, ഫോട്ടോഗ്രഫി ഡിസൈൻ, എക്സിബിഷൻ ഡിസൈൻ, ഫർണിച്ചർ ആൻഡ് ഇന്റീരിയർ ഡിസൈൻ, സിറാമിക് ആൻഡ് ഗ്ലാസ് ഡിസൈൻ, പ്രോഡക്ട് ഡിസൈൻ, അപ്പാരൽ ഡിസൈൻ, ലൈഫ്‌സ്റ്റൈൽ ആക്സസറി ഡിസൈൻ, ടെക്‌സ്റ്റൈൽ ഡിസൈൻ, ടോയ് ആൻഡ് ഗെയിം ഡിസൈൻ, ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ഓട്ടോമൊബൈൽ ഡിസൈൻ, ഡിസൈൻ ട്രെൻഡ്സ് ആൻഡ് ഫ്യൂച്ചേഴ്സ്, ഡിസൈൻ എജുക്കേഷൻ, സ്ട്രാറ്റജിക് ഡിസൈൻ മാനേജ്മെന്റ്, ഡിസൈൻ ഫോർ റീട്ടെയിൽ എക്സ്പീരിയൻസ്, ഡിജിറ്റൽ ഗെയിം ഡിസൈൻ, ഇൻഫർമേഷൻ ഡിസൈൻ, ഇന്ററാക്ഷൻ ഡിസൈൻ, ന്യൂ മീഡിയ ഡിസൈൻ, യൂണിവേഴ്സൽ ഡിസൈൻ തുടങ്ങിയ വിവിധ സ്പെഷ്യലൈസേഷനുകളാണ് ലഭ്യമാകുന്നത്.
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലെ ബാച്ച്‌ലേഴ്സ് ബിരുദം അല്ലെങ്കിൽ ഡിസൈനിൽ ഫുൾ ടൈം ഡിപ്ലോമ. ജനറൽ വിഭാഗക്കാർ 1995 ജൂലായ് ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം (നിയമപ്രകാരമുള്ള വയസ്സിളവുകൾ സംവരണ വിഭാഗങ്ങൾക്ക് ബാധകമാണ്).
പ്രവേശനം
എല്ലാ പ്രോഗ്രാമുകളിലേക്കുമുള്ള പ്രവേശനം ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഡി.എ.ടി.) വഴിയാണ്. ഇത് രണ്ട് ഘട്ടങ്ങളായി നടക്കും.
പ്രാഥമിക പരീക്ഷ: ആദ്യഘട്ട പരീക്ഷ പേപ്പർ-പെൻസിൽ ഉപയോഗിച്ച് ഇന്ത്യയിലുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ ഇംഗ്ലീഷ് മീഡിയത്തിൽ നടത്തുന്നു. പൊതുവിജ്ഞാനം, അനലിറ്റിക്കൽ റീസണിങ്, വിഷ്വലൈസേഷൻ, സർഗാത്മക അഭിരുചി എന്നിവ പരിശോധിക്കുന്നു. ഇത് ഡിസംബർ 20-ന് നടക്കും.
പ്രധാന പരീക്ഷ: പ്രാഥമിക പരീക്ഷയിൽ വിജയിക്കുന്നവരെ ഡി.എ.ടി. മെയിൻസ് പരീക്ഷയ്ക്കായി ക്ഷണിക്കും. ഇതിൽ സ്റ്റുഡിയോ ടെസ്റ്റ്, വ്യക്തിഗത ഇന്റർവ്യൂ (എം.ഡിസ്. അപേക്ഷകർക്ക്) എന്നിവ ഉൾപ്പെടുന്നു. പ്രായോഗിക ഡിസൈൻ കഴിവുകളും ആശയപരമായ ചിന്തയും വിലയിരുത്താനാണ് ഈ പരീക്ഷ. പരീക്ഷകളിലെ പ്രകടനം, ലഭ്യമായ സീറ്റുകൾ, സംവരണ മാനദണ്ഡങ്ങൾ എന്നിവ അടിസ്ഥാനമാക്കി റാങ്ക് ലിസ്റ്റ് തയ്യാറാക്കി അലോട്മെന്റ് നടത്തും.
അപേക്ഷ
admissions.nid.edu വഴി നവംബർ 30-ന് രാത്രി 11.59 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ്: എല്ലാ പ്രോഗ്രാമുകൾക്കും (എം.ഡിസിന് ഓരോ ഡിസിപ്ലിനും വെവ്വേറെ) ജനറൽ, ഇ.ഡബ്ല്യു.എസ്., ഒ.ബി.സി.-എൻ.സി.എൽ. വിഭാഗങ്ങൾക്ക് - ₹3,000. എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് -₹1,500. ഭിന്നശേഷി, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്ക് -₹500. വനിതാ അപേക്ഷകർക്ക് (ജനറൽ / ഒ.ബി.സി.) ബി.ഡിസ്., ഇന്റഗ്രേറ്റഡ് എം.ഡിസ്. -₹1,500. എം.ഡിസ്. -₹2,000.
Content Highlights: National Institute of Design (NID) invites applications for B.Des and M.Des programs.
Published: 25 Sept 2026, 10:47 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented