കരിമണ്ണൂർ (ഇടുക്കി): കേരളപ്പിറവിക്ക് മുമ്പാണ്. പെൺകുട്ടികൾ ഉയർന്ന ക്ലാസുകളിൽ പഠിക്കാനുള്ള സാഹചര്യം കുറവുള്ള കാലം. മലയോരനാട്ടിലെ എം.സി. ചാച്ചി അന്ന് സിക്സ്ത് ഫോറം വരെ (ഇന്നത്തെ 11-ാം ക്ലാസ്) പഠിച്ചു.

To advertise here,

ആദ്യം ഒറ്റയ്ക്ക് സ്കൂളിൽ വിടാൻ വീട്ടുകാർക്ക് ഭയമായിരുന്നു. കുറച്ചു മുതിർന്നശേഷമാണ് ഒന്നാംക്ലാസിൽ ചേർത്തത്.

തിരുക്കൊച്ചിയുടെ ഭാഗമായിരുന്നു അന്ന് ഇടുക്കി. മുട്ടം പഞ്ചായത്തിലെ എള്ളുംപുറമായിരുന്നു ചാച്ചിയുടെ സ്വദേശം. അഞ്ച് കിലോമീറ്റർ അപ്പുറത്തുള്ള തുടങ്ങനാട് സെയ്ന്റ് തോമസ് സ്കൂളിലാണ് പഠിച്ചത്. കാടുംമേടും കടന്ന്, ഒരുപാട് കഷ്ടപ്പെട്ടായിരുന്നു പഠനം. കൂടെയുണ്ടായിരുന്നവരിൽ പലരും പാതിയിൽ നിർത്തി. ചാച്ചി പിന്തിരിഞ്ഞില്ല. പഠിക്കാൻ അത്രയ്ക്ക് ആഗ്രഹമുണ്ടായിരുന്നു.

അങ്ങനെ സ്കൂളിലെ ആദ്യ സിക്സ്ത് ഫോറം ബാച്ചിലെ വിദ്യാർഥിനിയായി. 1955-ലാണ് എസ്.എസ്.എൽ.സി. പാസായത്.

71 വർഷത്തിന് ശേഷവും അന്നത്തെ എസ്.എസ്.എൽ.സി. ബുക്ക് അവർ നിധിപോലെ സൂക്ഷിക്കുന്നു. മുളപ്പുറം മൂന്നുവഴി മേക്കാട്ടിൽ എം.സി. ചാച്ചി എന്ന 91-കാരിക്ക് ഇത് അഭിമാനപത്രംകൂടിയാണ്.

വിവാഹശേഷം ഭർത്താവ് കുര്യാക്കോസിനൊപ്പം മുളപ്പുറത്തേക്ക് താമസം മാറി. ഇപ്പോൾ മക്കളും കൊച്ചുമക്കളുമായി സന്തോഷത്തോടെ കഴിയുന്നു. വിദ്യാഭ്യാസത്തിന്റെ മഹത്വം അവർക്ക് പറഞ്ഞുകൊടുക്കുന്നു.