ന്യൂഡൽഹി: ലോ കോളേജുകളിലെയും നാഷണൽ ലോ യൂണിവേഴ്സിറ്റികളിലെയും നിയമവിദ്യാഭ്യാസം നിയന്ത്രിക്കാനും മേൽനോട്ടം വഹിക്കാനും ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് (ബി.സി.ഐ) അധികാരമുണ്ടോയെന്ന് പരിശോധിക്കാൻ സുപ്രീം കോടതി. അഭിഭാഷക വൃത്തി നിയന്ത്രിക്കുന്ന സംഘടനയ്ക്ക് നിയമവിദ്യാഭ്യാസത്തിലെ വിദഗ്ധരായി എങ്ങനെ പ്രവർത്തിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആരാഞ്ഞു.
നിയമപഠനത്തിന്റെ ദൈർഘ്യം പോലുള്ള പൊതുവായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ ബി.സി.ഐക്ക് അധികാരമുണ്ടെങ്കിലും അധ്യാപന രീതികൾ അടക്കമുള്ള മറ്റ് വിഷയങ്ങളിൽ ഇടപെടാൻ അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു.
ബി.സി.ഐ രൂപീകരിച്ച 'BCI-PEARL FIRST' ട്രസ്റ്റിന്റെ ഭരണഘടനയെയും ട്രസ്റ്റിന് കീഴിൽ സ്ഥാപിച്ച ലോ കോളേജുകളെയും ചോദ്യം ചെയ്ത് ഗിരീഷ് മിത്തൽ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ പരാമർശമുണ്ടായത്. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, അഡ്വ. ചെറിൽ ഡിസൂസ, അഡ്വ. പ്രണവ് സച്ച്ദേവ എന്നിവരാണ് ഹർജിക്കാരന് വേണ്ടി ഹാജരായത്.
ഹർജിയിലെ പ്രധാന വിഷയങ്ങൾ:
-
ഒരു വശത്ത് രാജ്യത്തെ നിയമവിദ്യാഭ്യാസത്തിന്റെ നിലവാരം നിശ്ചയിക്കുകയും കോളേജുകളിൽ പരിശോധന നടത്തുകയും ചെയ്യുന്ന റെഗുലേറ്ററായ ബി.സി.ഐ, മറുവശത്ത് സ്വന്തമായി സർവകലാശാലകൾ സ്ഥാപിച്ചു നടത്തുന്നത് സ്വാഭാവിക നീതിക്ക് എതിരാണെന്ന് പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.
-
ഗോവയിൽ ആരംഭിച്ച ഇന്ത്യ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് ലീഗൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്ന്റെ പരമോന്നത സമിതിയായ ജനറൽ കൗൺസിലിലെ 77% അംഗങ്ങളും ബി.സി.ഐ അല്ലെങ്കിൽ ബി.സി.ഐ-പേൾ ട്രസ്റ്റ് നാമനിർദ്ദേശം ചെയ്തവരാണ്.
-
ബെംഗളൂരുവിലെ എൻ.എൽ.എസ്.ഐ.യു, ഗുജറാത്ത് എൻ.എൽ.യു, ഡൽഹി എൻ.എൽ.യു, ഹൈദരാബാദിലെ നൽസാർ തുടങ്ങി രാജ്യത്തെ പ്രമുഖ ലോ യൂണിവേഴ്‌സിറ്റികളുടെ ആഭ്യന്തര ഭരണത്തിലും ബി.സി.ഐ അനാവശ്യമായി ഇടപെടുന്നുണ്ടെന്ന് ഹർജിയിൽ ആരോപിക്കുന്നു.
-
ഗോവയിലെ മാതൃകയിൽ ആന്ധ്രാപ്രദേശിലും സമാനമായ രീതിയിൽ പുതിയ സർവകലാശാല ആരംഭിക്കാൻ ബി.സി.ഐ പദ്ധതിയിടുന്നതായും കോടതിയെ അറിയിച്ചു.
സ്വന്തം നിലയിലോ ട്രസ്റ്റുകൾ വഴിയോ ലോ യൂണിവേഴ്‌സിറ്റികൾ സ്ഥാപിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും നിന്ന് ബി.സി.ഐയെ തടയണമെന്നും ഗോവ IIULER-ന്റെ ഭരണത്തിലും ഫണ്ടിലും നിന്ന് ബി.സി.ഐ പിന്മാറണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കേസിൽ കൂടുതൽ പരിശോധനയ്ക്കായി സുപ്രീം കോടതി ബി.സി.ഐക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
Content Highlights: Supreme Court examines BCI's authority to regulate legal education and establish law universities.
Published: 25 Sept 2026, 01:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented