കഴിഞ്ഞ മൂന്ന് അധ്യയന വർഷങ്ങളിലായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി എഐസിടിഇ അംഗീകാരമുള്ള 342 സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച ലോക്‌സഭയിൽ രാഹുൽ കസ്വാൻ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് വിദ്യാഭ്യാസ മന്ത്രാലയം കണക്കുകൾ സമർപ്പിച്ചത്.

To advertise here,

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ പൂട്ടിയത് മഹാരാഷ്ട്രയിലാണ് (57 എണ്ണം). ഉത്തർപ്രദേശ് (54), മധ്യപ്രദേശ് (53), തമിഴ്‌നാട് (45) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.

കേരളത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എട്ട് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രവർത്തനം നിർത്തിയത്. ഇതിൽ 2024-25ൽ മൂന്നെണ്ണവും 2025-26ൽ ഒന്നും 2026-27ൽ നാലെണ്ണവും അടച്ചുപൂട്ടി.

സ്ഥാപനങ്ങൾ പൂട്ടുന്നുണ്ടെങ്കിലും സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികളുടെ പ്രവേശനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. 2023-24ൽ 22,11,504 ആയിരുന്ന വിദ്യാർത്ഥികളുടെ എണ്ണം 2025-26 ആയപ്പോഴേക്കും 29,58,870 ആയി ഉയർന്നു.

പുതിയ നയങ്ങൾ:

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരവും നിലനിൽപ്പും ഉറപ്പാക്കാൻ എഐസിടിഇ പുതിയ നയപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തൊഴിൽ സാധ്യത കുറഞ്ഞ കോഴ്സുകൾ നിർത്തലാക്കാനും വിപണിയിൽ ഡിമാൻഡുള്ള പുതിയ കോഴ്സുകൾ ആരംഭിക്കാനും കോളേജുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. കൂടാതെ, വ്യവസായ മേഖലയുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനും ഇന്റേൺഷിപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാധാന്യം നൽകുന്നു. റെഗുലേറ്ററി നടപടികൾ ലഘൂകരിക്കുന്നതിനായി 'അപ്രൂവൽ പ്രോസസ് ഹാൻഡ്‌ബുക്ക്' പരിഷ്കരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.