രാജ്യത്തെ നിയമസർവകലാശാലകളിലേക്കുള്ള ബിരുദ, ബിരുദാനന്തരബിരുദ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയായ ക്ലാറ്റിന്റെ ഫലം കഴിഞ്ഞദിവസമാണ് പ്രസിദ്ധീകരിച്ചത്. അഖിലേന്ത്യാതലത്തിൽ 119-ൽ 112.75 മാർക്ക് നേടി രാജസ്ഥാൻ സ്വദേശിയായ ഗീതാലി ഗുപ്തയാണ് പരീക്ഷയിൽ ഒന്നാംറാങ്ക് സ്വന്തമാക്കിയത്. പരീക്ഷ എഴുതിയ ഏതൊരു ഉദ്യോഗാർഥിയേയും പോലെ പരീക്ഷാഫലം പരിശോധിക്കുന്ന ഗീതാലിയുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്.

To advertise here,

പരീക്ഷാഫലം പ്രസിദ്ധീകരിച്ച ദിവസം വീട്ടിലിരുന്ന് പരിശോധിക്കുന്ന ഗീതാലിയുടെ വീഡിയോ ഇൻസ്റ്റഗ്രാമിലാണ്‌ പങ്കുവെച്ചത്. വീട്ടിനുള്ളിൽ പൂജാമുറിയുടെ മുന്നിലിരിക്കുന്ന ഗീതാലി ഫലം പരിശോധിക്കാൻ വേണ്ടി ഫോണിൽ നോക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്‌. തുടർന്ന് സ്‌ക്രീനിൽ മാർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ വിസ്മയത്തോടെ മാർക്ക് നോക്കി വികാരഭരിതയാകുന്ന ഗീതാലിയെ കാണാൻ സാധിക്കും. വിജയത്തിൽ ഗീതാലിയെ ആശ്ലേഷിക്കുന്ന അമ്മയേയും വീഡിയോയിൽ കാണാം.

പ്ലസ്ടു പഠനത്തിനിടയിൽ കഠിനമായ പരിശ്രമം നടത്തി മികച്ച വിജയം നേടിയെടുത്ത ഗീതാലിയ്ക്കും അവളുടെ സത്യസന്ധമായ പ്രതികരണത്തിനും ഉപയോക്താക്കളുടെ ഇടയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി ആളുകൾ അവളുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുകയും ചെയ്തു. കുട്ടികളുടെ പഠനത്തിന് വേണ്ടി എല്ലാ ആവശ്യങ്ങളും തിരിച്ചറിഞ്ഞ് കൂടെ നിൽക്കുന്ന മാതാപിതാക്കളെ അഭിനന്ദിച്ചും ഉപയോക്താക്കൾ പ്രതികരിച്ചു.