മലപ്പുറം: ഇൻസ്റ്റഗ്രാം സെലിബ്രിറ്റിയും ഫ്രീസ്റ്റൈൽ ഫുട്ബോളറുമായ അരീക്കോട് മാങ്കാവ് സ്വദേശി മുഹമ്മദ് റിസ്‍വാന് വീണ്ടും അംഗീകാരം. ലോകമെമ്പാടുമുള്ള ഇൻസ്റ്റഗ്രാം ക്രിയേറ്റർമാർക്കായി ഏർപ്പെടുത്തിയ ‘ഇൻസ്റ്റഗ്രാം റിങ്‌സ്’ അവാർഡിനാണ് റിസ്‍വാൻ അർഹനായത്.

To advertise here,

സ്റ്റോറികൾ പോസ്റ്റ് ചെയ്യുമ്പോൾ പ്രൊഫൈൽ ചിത്രത്തിനു ചുറ്റും പ്രത്യേക ഗോൾഡ് റിങ്, പ്രൊഫൈലിന്റെ ബാക്ക്ഡ്രോപ്പ് കളർ മാറ്റാനും, പോസ്റ്റുകളിലെ ലൈക്ക് ബട്ടൺ പ്രത്യേക ശൈലിയിലാക്കാനുമുള്ള ഫീച്ചർ എന്നിവയാണ് ഇതിലൂടെ കിട്ടുക.

ഫോളോവേഴ്സിന്റെ എണ്ണം നേക്കാതെ, കണ്ടന്റിന്റെ ഒറിജിനാലിറ്റിയും ക്രിയേറ്റിവിറ്റിയും അത് സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനവും പരിഗണിച്ചാണ് ‘ഇൻസ്റ്റഗ്രാം റിങ്‌സ്’ അവാർഡ്. ഇന്ത്യയിൽനിന്ന് രണ്ടുപേർക്കാണ് ഇത് കിട്ടിയിട്ടുള്ളത്. നോർവേയുടെ ഫുട്ബോൾ താരം ഏർലിങ് ഹാളണ്ട് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ 25 പേരാണ് അവാർഡ് പട്ടികയിലുള്ളത്.

2023-ൽ റിസ്‍വാൻ മലപ്പുറത്തെ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലേക്ക് ഫുട്‌ബോൾ കാലുകൊണ്ട് തൊടുത്തുവിടുന്ന വീഡിയോ 60 കോടി ആളുകൾ കണ്ടിരുന്നു.

കൂടുതൽപേർ കണ്ട ‘ഇൻസ്റ്റഗ്രാം റീൽ’ എന്ന റെക്കോഡ് ഇതിനായിരുന്നു.

റിസ്‍വാന് ചെറുപ്പംമുതലേ ഫുട്ബോൾ കമ്പമുണ്ടായിരുന്നു.

ടൂർണമെന്റുകളിലും സ്‌കൂൾ ടീമിലും കളിച്ചിട്ടുണ്ട്. 2015-ൽ അപകടംപറ്റിയതോടെ കളിക്കാൻ പറ്റില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. പിന്നീടാണ് ഫ്രീസ്റ്റൈൽ ഫുട്ബോളിലേക്കു വന്നതെന്ന് റിസ്‍വാൻ പറഞ്ഞു. നിലവിൽ 2.7 ദശലക്ഷം ആളുകളാണ് ഈ ഇരുപത്തിമൂന്നുകാരനെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്.

അബ്ദുൾമജീദ്, മൈമൂന എന്നിവരുടെ മകനാണ്.