1920-ൽ ഗാന്ധിജി, വിദേശവസ്ത്രങ്ങളും തൊഴിലുകളും ബഹിഷ്‌കരിക്കുന്നതിനൊപ്പം ബ്രിട്ടീഷ് വിദ്യാഭ്യാസസമ്പ്രദായം ബഹിഷ്‌കരിക്കാനും പകരം ഭാരതീയ പശ്ചാത്തലത്തിലുള്ള ദേശീയവിദ്യാലയങ്ങൾ രാജ്യവ്യാപകമായി സ്ഥാപിക്കാനും ആഹ്വാനംചെയ്തിരുന്നു. ഗാന്ധിജി വിഭാവനംചെയ്ത ദേശീയവിദ്യാലയത്തിന്റെ മാതൃകയിൽ, കേരളത്തിൽ കാസർകോട് ജില്ലയിലെ ബെള്ളിക്കോത്ത് വിദ്വാൻ പി. കേളുനായർ സ്ഥാപിച്ച സംസ്‌കൃതവിദ്യാലയമാണ് വിജ്ഞാനദായിനി ദേശീയവിദ്യാലയം.
1926 മേയ് 22-നാണ് ഹൊസ്ദുർഗ് താലൂക്കിൽ ബെള്ളിക്കോത്ത് വിജ്ഞാനദായിനി സംസ്‌കൃതവിദ്യാലയം ആരംഭിച്ചത്.
1921-ൽ ദേശീയപ്രസ്ഥാനസന്ദേശപ്രചാരണത്തിനായി എ.സി. കണ്ണൻനായരുടെയും വിദ്വാൻ പി. കേളുനായരുടെയും നേതൃത്വത്തിൽ വിജ്ഞാനദായിനി വായനശാല ആരംഭിച്ചിരുന്നു. വായനശാലയുടെ തുടർച്ചയായിരുന്നു ദേശീയവിദ്യാലയം. 95 കുട്ടികളുമായാണ് വിദ്യാലയത്തിന്റെ പ്രവർത്തനം തുടങ്ങിയത്. ഹരിജൻ കുട്ടികൾക്ക് വിദ്യാലയത്തിൽ പ്രവേശനം നൽകിയതും അയിത്തത്തിനെതിരേയുള്ള ചർച്ചകളിൽ സി.എം. നാരായണി എന്ന പെൺകുട്ടി ധീരമായി പങ്കെടുത്തതും എ.സി. കണ്ണൻനായരുടെ വിഖ്യാതമായ ഡയറിക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (വടക്കൻ മലബാറിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളുടെയും ഗാന്ധിയൻ ആശയങ്ങളുടെയും ധീരനായ വക്താവായിരുന്നു എ.സി. കണ്ണൻനായർ.) ഹരിജൻ കുട്ടികൾക്ക് വിജ്ഞാനദായിനിയിൽ പ്രവേശനം നൽകിയത് സവർണരെ പ്രകോപിപ്പിച്ചു. എന്നാൽ, വളരെ വേഗത്തിൽ ദേശീയപ്രസ്ഥാനത്തിന്റെ സിരാകേന്ദ്രമായി വിജ്ഞാനദായിനി വിദ്യാലയം മാറി. മലബാറിലെ സ്വാതന്ത്ര്യസമരചരിത്രത്തിലെ ശ്രദ്ധേയരായ സമരസേനാനികളെല്ലാം വിജ്ഞാനദായിനിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. കെ. കേരളീയൻ, കെ. മാധവൻ, ഗാന്ധി കൃഷ്ണൻ നായർ തുടങ്ങിയ സ്വാതന്ത്ര്യസമരസേനാനികൾ വിജ്ഞാനദായിനിയിൽ പഠിച്ചവരാണ്.
ഗ്രാമത്തിലെ വീട്ടമ്മമാർ ചോറിനും കഞ്ഞിക്കും അരിയിടുമ്പോൾ എല്ലാദിവസവും ഒരുപിടി അരി വിജ്ഞാനദായിനിക്കുവേണ്ടി മാറ്റിവെച്ചിരുന്നു. പിടിയരി വിറ്റുകിട്ടുന്ന പണം വിദ്യാലയത്തിന്റെ പ്രവർത്തനത്തിനുവേണ്ടി ഉപയോഗിച്ചു. കേരളഗാന്ധി കെ.കേളപ്പന്റെ നേതൃത്വത്തിൽ കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്ക് നടത്തിയ ഉപ്പുസത്യാഗ്രഹജാഥയ്ക്ക് വിജ്ഞാനദായിനി വിദ്യാലയവും അവിടത്തെ പ്രവർത്തകരും വലിയ പിന്തുണയും പങ്കാളിത്തവും നൽകിയിരുന്നു. മലബാറിലെ സ്വാതന്ത്ര്യസമരചരിത്രത്തിലെ പ്രധാന അധ്യായമാണ് വിജ്ഞാനദായിനി സംസ്‌കൃത ദേശീയവിദ്യാലയം.
Content Highlights: Established on May 22, 1926, by Vidwan P. Kelu Nair in Bellikoth, Kasaragod., Rooted in Mahatma Gandhi's call to boycott British education and promote national schools.
Published: 01 Nov 2026, 06:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented