തിരുവനന്തപുരം: അധ്യാപകരുടെയും സ്‌കൂൾ മാനേജർമാരുടെയും പ്രതിഷേധം പുകഞ്ഞതോടെ, കെ-ടെറ്റ് ഇല്ലാത്ത എയ്ഡഡ് സ്‌കൂൾ അധ്യാപകരെ തരംതാഴ്ത്താനും പുറത്താക്കാനും നിർദേശിച്ച സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പിൻവലിച്ചു. മന്ത്രി എൻ. ഷംസുദ്ദീൻ ഇടപെട്ടതിനെത്തുടർന്നാണ് നടപടി. പരിഷ്കരിച്ച സർക്കുലർ, ഉന്നതതല കൂടിയാലോചനയ്ക്കുശേഷം പുറത്തിറക്കും.

To advertise here,

കെ-ടെറ്റ് യോഗ്യതയില്ലാത്തവർ അധ്യാപകരാവാൻ പാടില്ലെന്നാണ് 2025 സെപ്റ്റംബറിലെ സുപ്രീംകോടതിവിധി. ഇതു നടപ്പാക്കുന്നതിനായാണ് ശനിയാഴ്ച സർക്കുലർ ഇറക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനും നിയമനാംഗീകാരത്തിനുമായി മുൻ എൽ.ഡി.എഫ്. സർക്കാർ നൽകിയ ഇളവുകളെല്ലാം സർക്കുലറിൽ റദ്ദാക്കിയിരുന്നു. 2025 സെപ്റ്റംബർ ഒന്നിനോ അതിനു ശേഷമോ കെ-ടെറ്റ് യോഗ്യത ഇല്ലാതെ നിയമിച്ച അധ്യാപകരെ പുറത്താക്കണമെന്നും സ്ഥാനക്കയറ്റം ലഭിച്ചവരെ തരംതാഴ്ത്തണമെന്നും നിർദേശിച്ചിരുന്നു.

യോഗ്യതനേടാൻ 2028 ഓഗസ്റ്റുവരെ സുപ്രീംകോടതി കാലാവധി നൽകിയിട്ടുണ്ടെന്നിരിക്കേ തൊഴിൽപ്രതിസന്ധി സൃഷ്ടിക്കുന്നതാണ് സർക്കുലറെന്ന് വിമർശനമുയർന്നു.

അധ്യാപകരെ ദ്രോഹിക്കുകയാണെന്ന് കെ.എസ്.ടി.എ.യും സർക്കാർ നൽകിയ ഇളവുതന്നെ റദ്ദാക്കിയെന്ന് എ.കെ.എസ്.ടി.യു.വും കുറ്റപ്പെടുത്തി.