1876 ല്‍ വിയന്നയിലെ പോട്ട്യേ നഗരത്തിലെ ഒരു സമ്പന്ന കുടുംബത്തിലെ ഒരു യുവതിയെ കാണാതായി. ബ്ലാഷ് മൊന്യേ എന്നായിരുന്നു അവരുടെ പേര്. മാര്‍ച്ച് ഒന്നിന് നഗരത്തില്‍ കറങ്ങാന്‍ പോയതായിരുന്നു ബ്ലാഷ്. വൈകുന്നേരത്തോട് കൂടി ബംഗ്ലാവിലേക്ക് മടങ്ങിയെത്തിയ അവളെ പിന്നീട് ആരും കണ്ടില്ല. അവളുടെ തിരോധാനത്തെക്കുറിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ പരന്നു. അവള്‍ മരിച്ചുവെന്നും ഒളിച്ചോടിപ്പോയതാണെന്നും വരെ കഥകള്‍ പ്രചരിച്ചു. ഒടുവില്‍ കാല്‍ നൂറ്റാണ്ടിന് ശേഷം സത്യം പുറത്തുവന്നു. മനസാക്ഷിയെ മരവിപ്പിക്കുന്ന, ഹൃദയം തകര്‍ക്കുന്ന അതി ഭയാനകമായ ഒരു രഹസ്യത്തിന്റെ ചുരുളഴിഞ്ഞു.

To advertise here,

ആരാണ് ബ്ലാഷ് മൊന്യേ?

1849 ല്‍ മാര്‍ച്ചില്‍ പോട്ട്യേയിലെ ഒരു അതിസമ്പന്ന കുടുംബത്തിലായിരുന്നു ബ്ലാഷിന്റെ ജനനം. സമൂഹത്തില്‍ വലിയ നിലയും വിലയുമുള്ള ഒരു കച്ചവട കുടുംബത്തിലെ ചാള്‍സ് മൊന്യേയും ലൂയീ മൊന്യേയുമായിരുന്നു മാതാപിതാക്കള്‍. പിതാവ് ചാള്‍സ് ബ്ലാഷിന്റെ ബാല്യത്തില്‍ തന്നെ മരിച്ചുപോയി. അമ്മ ലൂയി  മൊന്യേ ആയിരുന്നു കുടുംബത്തിന്റെ ഭരണം നിര്‍വഹിച്ചിരുന്നത്. ആഡംബരം നിറഞ്ഞതായിരുന്നു ബ്ലാഷിന്റെ ബാല്യകാലം. ഒരു സഹോദരനുമുണ്ടായിരുന്നു. സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ലൂയി മോന്യേയ്ക്ക് സമൂഹത്തില്‍ വലിയ പേരും പദവിയുമായിരുന്നു. ലൂയി മൊന്യേ തെരുവില്‍ നടക്കാന്‍ ഇറങ്ങുമ്പോള്‍ ജനങ്ങള്‍ വഴിമാറികൊടുക്കും. ഭക്ഷണശാലകളിലേക്ക് പ്രവേശിക്കുമ്പോള്‍ എത്ര തിരക്കുണ്ടെങ്കിലും കസേര ഒഴിഞ്ഞുകൊടുക്കും. ചുരുക്കത്തില്‍ പറയുകയാണെങ്കില്‍ രാജകീയ പദവിയായിരുന്നു അവര്‍ക്ക്. ലൂയി മൊന്യേയുടെ മകളായതുകൊണ്ടു തന്നെ ബ്ലാഷിനും കുട്ടിക്കാലം മുതല്‍ തന്നെ വലിയ പരിഗണനയാണ് ലഭിച്ചത്. വളരെ സുന്ദരിയായിരുന്നു ബ്ലാഷ് എന്നാണ് പറയപ്പെടുന്നത്. മാത്രവുമല്ല എല്ലാവരോടും വിനയത്തോടെ ഇടപഴകുന്ന സ്വഭാവം. പഠനത്തിലും കലയിലും മിടുക്കി. സൗന്ദര്യത്തിന്റെ പേരില്‍ ആ നാട് മുഴുവന്‍ അവളുടെ പേര് പ്രസിദ്ധിയാര്‍ജിച്ചിരുന്നു. പ്രഭുക്കളും അതിസമ്പന്നരുമായ ഒരുപാട് പുരുഷന്‍മാര്‍ ബ്ലാഷിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ലൂയി മൊന്യേയുടെ ബംഗ്ലാവിലെത്തി. പലരും നേരിട്ട് ബ്ലാഷിനോട് പ്രണയാഭ്യര്‍ഥന നടത്തി. എന്നാല്‍ അവര്‍ അതെല്ലാം നിരസിച്ചു. സ്വന്തം മകള്‍ക്ക് ചേര്‍ന്ന വരനെക്കുറിച്ച് ലൂയി മൊന്യേയ്ക്കും വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. 

 സുഹൃത്തുക്കള്‍ക്കൊപ്പം നഗരം ചുറ്റാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് ബ്ലാഷ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. തിരികെയെത്തിയപ്പോള്‍ സമയം ഒരുപാട് വൈകിയിരുന്നു. നഗരത്തില്‍ നിന്ന് ബ്ലാഷ് വാങ്ങിയ സാധനങ്ങള്‍ സഹായി കിടപ്പുമുറിയില്‍ കൊണ്ടുവയ്ക്കുകയും ചെയ്തു. പിറ്റേദവസം, പ്രഭാതഭക്ഷണം കഴിക്കാന്‍ കുടുംബത്തിലെ എല്ലാവരും തീന്‍മേശയ്ക്ക് ചുറ്റുമിരുന്നു. എന്നാല്‍ ബ്ലാഷ് അക്കൂട്ടത്തില്‍ ഉണ്ടായില്ല. മാഡം എവിടെ എന്ന്, ലൂയി മൊന്യേയോട് ചോദിക്കാനുള്ള ധൈര്യം അവിടുത്തെ പാചകക്കാരിയ്ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ അവരത് കൊട്ടാരത്തിലെ പരിചാരകരെ പറഞ്ഞു. ജോലിക്കാരിലൊരാള്‍ ഈ ചോദ്യം ലൂയി മൊന്യേയോട് ചോദിച്ചു. ബ്ലാഞ്ചെ വിദേശത്തേക്ക് പോയെന്ന് ലൂയി മൊന്യേ യാതൊരു സങ്കോചവുമില്ലാതെ പറഞ്ഞു. നഗരത്തില്‍ പ്രസിദ്ധയായ പെണ്‍കുട്ടിയായതിനാല്‍ അവളുടെ അഭാവം വളരെ പെട്ടന്ന് തന്നെ ചര്‍ച്ചയായി. പൊതുചടങ്ങുകളില്‍  ലൂയി മൊന്യേ പങ്കെടുക്കുമ്പോഴും എല്ലാവര്‍ക്കും ചോദിക്കാനുണ്ടായിരുന്നത് ബ്ലാഷിനെക്കുറിച്ച് മാത്രമായിരുന്നു. അവള്‍ വിദേശത്താണ്, ഞങ്ങള്‍ പോയി ഇടയ്ക്കിടെ കാണും. കുറച്ച് നാളുകള്‍ കഴിഞ്ഞാല്‍ തിരിച്ചുവരും. ലൂയി മൊന്യേ ഉത്തരം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. 

വര്‍ഷങ്ങള്‍ കടന്നു പോയി. ബ്ലാഷ് വിദേശത്താണെന്ന അവളവിടെ വിവാഹിതയായി കുടുംബമായി ജീവിക്കുകയാണെന്ന വിശ്വാസത്തിലായിരുന്നു എല്ലാവരും. ലൂയി മൊന്യേ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. ക്രമേണ ആരും ബ്ലാഷിനെക്കുറിച്ച് സംസാരിക്കാതെയായി. മറന്നുപോയെന്ന് വേണമെങ്കിൽ പറയാം. അപ്പോഴും ഒരാള്‍ മാത്രം അവരെ തേടിയലഞ്ഞു. അയാള്‍ മാത്രം ബ്ലാഷിന്റെ കുടുംബം പുറത്തുവിട്ട കഥ വിശ്വസിച്ചില്ല. 

വര്‍ഷം 1901, ബ്ലാഷ് അപ്രത്യക്ഷമായിട്ട് 25 കൊല്ലങ്ങള്‍ പിന്നിടുകയാണ്. അങ്ങനെയിരിക്കുമ്പോള്‍ പാരിസ് അറ്റോണി ജനറലിന് ഒരു കത്ത് ലഭിച്ചു. കത്തയച്ചയാളുടെ പേരോ മേല്‍വിലാസമോ അതിലില്ലായിരുന്നു. മൊന്യേ കുടുംബമായിരുന്നു കത്തിലെ സംസാരവിഷയം. ലൂയി മൊന്യേ വാര്‍ധക്യത്തിലേക്ക് കടന്നിരിക്കുന്നു. എന്നിരുന്നാലും പൊതുചടങ്ങുകളില്‍ സജീവമാണ്. പേരിനും പ്രതാപത്തിനും കുറവില്ല. അവരുടെ ഉദാരമനസ്സിനെ നാട്ടുകാര്‍ സ്തുതിച്ചുകൊണ്ടേയിരുന്നു.

കത്ത് ലഭിച്ചതിന് പിന്നാലെ അറ്റോണി ജനറല്‍ ഒരു യോഗം വിളിക്കുന്നു. പോട്ട്യേയിലെ പോലീസുകാരെ പങ്കെടുപ്പിച്ച ഒരു വലിയ യോഗമായിരുന്നു അത്. കത്തിലെ ഉള്ളടക്കം അറ്റോണി ജനറല്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. യോഗം കഴിഞ്ഞ ഉടന്‍ തന്നെ അന്വേഷണസംഘം ലൂയി മൊന്യേയുടെ ആഡംബര വസതിയിലെത്തി. തങ്ങള്‍ക്ക് ബംഗ്ലാവ് പരിശോധിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇത് കേട്ട ലൂയി മൊന്യേ ദേഷ്യപ്പെടുകയാണ് ചെയ്തത്. തന്റെ അനുവാദമില്ലാതെ പ്രവേശിക്കാനാകില്ലെന്ന് അവര്‍ വാശിപിടിച്ചു. എന്നാല്‍, അവരുടെ എതിര്‍പ്പു വകവയ്ക്കാതെ പോലീസ് ബലം പ്രയോഗിച്ച് അകത്തേക്ക് പ്രവേശിച്ചു. അവര്‍ ബംഗ്ലാവിന്റെ മുക്കും മൂലയും അരിച്ചു പെറുക്കാന്‍ തുടങ്ങി. ആദ്യ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും തന്നെ അവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. എന്നാല്‍, ഏറ്റവും മുകളിലെ നിലയില്‍ എത്തിയപ്പോള്‍ ശക്തമായ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. ദുര്‍ഗന്ധത്തെ പിന്തുടര്‍ന്ന് മുന്നോട്ട് നടന്നപ്പോള്‍ ഒരു മുറിയ്ക്ക് മുന്നിലെത്തി. മരത്തിന്റെ നീളമുള്ള പലക വയ്ച്ച് അടച്ച നിലയിലായിരുന്നു ആ മുറിയുടെ വാതില്‍. ഒന്നിലേറെ താഴുകളിട്ടു പൂട്ടിയിരിക്കുന്നു. സമയം പാഴാക്കാതെ പലകകളും വാതിലും തകര്‍ന്ന് മുറിയുടെ അകത്ത് പ്രവേശിച്ചപ്പോള്‍ പോലീസ് കണ്ട കാഴ്ച അതിഭയാനകമായിരുന്നു.

വെളിച്ചം അധികം പ്രവേശിക്കാത്ത മുറിയായിരുന്നു അത്. ജനലുകളെല്ലാം ഇരുണ്ട നിറമുള്ള കര്‍ട്ടനുകള്‍ ഇട്ട് മറച്ചിരിക്കുന്നു. തറയിലാണെങ്കില്‍ ഭക്ഷത്തിന്റെയും മലമൂത്രങ്ങളുടെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നു. മുറിയുടെ അറ്റത്തൊരു കട്ടില്‍ കാണുന്നുണ്ട്. അതിനടുത്തേക്ക് ചെന്നപ്പോള്‍ എല്ലും തോലുമായ ഒരു സ്ത്രീരൂപം. ജീവനുണ്ടോ എന്നുറപ്പാക്കാന്‍ പോലീസ് അടുത്തേക്ക് നടന്നു. കട്ടിലിടനുത്തുള്ള ജനലിലെ കര്‍ട്ടന്‍ മാറ്റിയപ്പോള്‍ ആ രൂപം അസ്വസ്ഥതയോടെ ഒരു ശബ്ദമുണ്ടാക്കി. കാഴ്ചയില്‍ വെറും ഇരുപത് കിലോ മാത്രം ഭാരം. മുഷിഞ്ഞ് ചീഞ്ഞ കിടക്കയില്‍ പ്രാണികള്‍ ഓടി നടക്കുന്നുണ്ട്. സമയം ഒട്ടും പാഴാക്കാതെ അവര്‍ ആ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചു. അവരാരാണെന്ന് തിരിച്ചറിയാന്‍ പോലീസിനെ ആരുടെയും സഹായം ആവശ്യമില്ലായിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപ്രത്യക്ഷമായ ബ്ലാഷ് മൊന്യേ. 

ഇനി പാരിസ് അറ്റോണി ജനററലിന് അന്ന് ലഭിച്ച കത്തിന്റെ ഉള്ളടക്കത്തിലേക്ക് വരാം. തനിക്ക് ഒരു വലിയ രഹസ്യം പറയാനുണ്ട്. പ്രശസ്തയായ ലൂയി മൊന്യേ സഹാനുഭൂതിയുടെയും സ്നേഹത്തിന്റെയും പ്രതീകമായി നടിക്കുകയാണ്. അവരൊരു പിശാചാണ്. 25 വര്‍ഷം മുന്‍പ് നാടുവിട്ടുപോയി എന്ന് പറയപ്പെടുന്ന അവരുടെ മകള്‍ ബ്ലാഷ് മോന്യേ ആ ബംഗ്ലാവിലുണ്ട്. ജന്മം കൊടുത്ത മകളെ അവര്‍ ഇത്രയും പൂട്ടിയിട്ടിരിക്കുകയായിരുന്നു. പറയുന്നത് വിശ്വാസമില്ലെങ്കില്‍ നേരില്‍ പോയി അന്വേഷിക്കുക...

എന്തിന്?

ബ്ലാഷിനെ രക്ഷിച്ചതിന് പിന്നാലെ ലൂയി മൊന്യേയെ പോലീസ് അറസ്റ്റ് ചെയ്തു. ഇത്രയും കാലം സൂക്ഷിച്ച രഹസ്യം പിടിക്കപ്പെട്ടതിന്റെ നിരാശയും സങ്കടവും മാത്രമായിരുന്നു അവര്‍ക്ക്. എന്തിനായിരുന്നു സ്വന്തം മകളോട് ഈ ക്രൂരത കാണിച്ചതെന്ന് ലൂയി മൊന്യേയോട് ചോദിച്ചപ്പോള്‍ അവര്‍ ആദ്യം ഒന്നും പറഞ്ഞില്ല. പിന്നീട് പോലീസിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദം കടുത്തപ്പോള്‍ അവര്‍ സത്യം തുറന്ന് പറഞ്ഞു.

മകളുടെ വിവാഹത്തെക്കുറിച്ച് ലൂയി മൊന്യേയ്ക്ക് വലിയ സങ്കല്‍പ്പങ്ങളുണ്ടായിരുന്നു. തന്റെ കുടുംബത്തിന്റെ പേരിനും പ്രശസ്തിയ്ക്കും പ്രതാപത്തിനും ചേര്‍ന്നൊരു ധനാഢ്യനായിരുന്നു അവരുടെ മനസ്സില്‍. എന്നാല്‍, ബ്ലാഷ് അമ്മയുടെ സങ്കല്‍പ്പത്തിന് വിപരീതമായി ഒരാളുമായി പ്രണയത്തിലായി. നാല്‍പ്പതിന്റെ മധ്യത്തിലെത്തി നില്‍ക്കുന്ന ഒരു അഭിഭാഷകനായിരുന്നു അവളുടെ ഹൃദയം കവര്‍ന്നത്. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന അയാള്‍ ചെറിയ ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. അയാളുമായുള്ള  പ്രണയ ബന്ധത്തെക്കുറിച്ച് ബ്ലാഷ് ആരോടും തുറന്ന് പറഞ്ഞിട്ടില്ല. അടുത്ത സുഹൃത്തുക്കളോട് പോലും. കാരണം മറ്റൊന്നായിരുന്നില്ല, തന്റെ കുടുംബം ഇതെക്കുറിച്ച് അറിഞ്ഞാല്‍ പ്രശ്നമാകുമെന്ന് ബ്ലാഷ് മനസ്സിലാക്കിയിരുന്നു. ബ്ലാഷിനെ പരിചരിക്കാന്‍ ലൂയി മൊന്യേ ഒന്നിലേറെ ജീവനക്കാരെ നിയോഗിച്ചിരുന്നു. അവരില്‍ നിന്നാണ് തന്റെ മകളുടെ പ്രണയബന്ധത്തെക്കുറിച്ച് മനസ്സിലാക്കുന്നത്. ഇതെക്കുറിച്ച് നേരിട്ട് ചോദിച്ചപ്പോഴാണ്  ബന്ധമുണ്ടെന്ന് മനസ്സിലാകുന്നത്. അതെക്കുറിച്ച് ചോദിച്ചപ്പോള്‍ ബ്ലാഷ് നിഷേധിച്ചില്ല. അദ്ദേഹത്തെ അല്ലാതെ മറ്റാരെയും വിവാഹം ചെയ്യില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. ഇത് ലൂയി മൊന്യേയെ ചൊടിപ്പിച്ചു. താന്‍ ജീവിച്ചിരിക്കുമ്പോള്‍ ഈ വിവാഹം നടക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് ബ്ലാഷിനെ വെല്ലുവിളിച്ചു. 

പ്രണയത്തിന്റെ പേരില്‍ അമ്മയും മകളും തമ്മില്‍ സ്ഥിരമായി വഴക്കിട്ടു. അന്ന് നഗരത്തില്‍ നിന്ന് തിരിച്ചെത്തിയ ദിവസം ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ അതി രൂക്ഷമായി. അമ്മയുടെ സമ്മതം തനിക്ക് വേണ്ടെന്ന് പറഞ്ഞ ബ്ലാഷ് വീട് വിട്ടറങ്ങാന്‍ തുനിഞ്ഞു. ഈ സമയത്ത് ലൂയി മൊന്യേയും സഹായിയും ചേര്‍ന്ന് അവളെ അകത്തേക്ക് വലിച്ചു കൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ടു. പ്രണയത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ ഒരിക്കലും പുറത്തുവിടില്ലെന്നായി ലൂയി മൊന്യേ. ഇല്ലെന്ന് ബ്ലാഷും. അത് ദിവസങ്ങള്‍ കഴിഞ്ഞു, ആഴ്ചകളും മാസങ്ങളും കഴിഞ്ഞു. ബ്ലാഷ് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ലൂയി മൊന്യേയും മകളെ അന്വേഷിക്കുന്നവരോടെല്ലാം ലൂയി മൊന്യേ, വിദേശത്താണെന്ന് മാത്രമാണ് ഉത്തരം നല്‍കിയത്. അതില്‍ കൂടുതലൊന്നും വിശദീകരിച്ചതുമില്ല. ഈ സമയത്തെല്ലാം ബ്ലാഷിനെ അന്വേഷിച്ച് കാമുകന്‍ അലഞ്ഞു നടന്നു. എന്നാല്‍ ലൂയി മൊന്യേ അയാളെ ബംഗ്ലാവിന്റെ പരിസരത്തേക്ക് പോലും അടുപ്പിച്ചില്ല. ബ്ലാഷിനെ പൂട്ടിയിട്ട മുറിയിലെ കര്‍ട്ടനുകള്‍ക്ക് കറുത്ത നിറമായിരുന്നു. സൂര്യപ്രകാശം ഉള്ളിലേക്ക് വരാതിരിക്കാനായിരുന്നു അത്. ജോലിക്കാരുടെ കൂട്ടത്തില്‍ ഒരാള്‍ക്ക് മാത്രമേ ബ്ലാഷ് എവിടെയാണെന്ന് അറിയാമായിരുന്നുള്ളൂ. രഹസ്യം പരസ്യമാകാതിരിക്കാന്‍ ലൂയി മൊന്യേ അവര്‍ക്ക് വലിയ പ്രതിഫലം നല്‍കുകയും ചെയ്തു. അവരായിരുന്നു ബ്ലാഷിന് ഭക്ഷണമെത്തിച്ച് നല്‍കിയിരുന്നത്. ബ്ലാഷിനെ പാര്‍പ്പിച്ചിരുന്ന നിലയില്‍ മറ്റാര്‍ക്കും പ്രവേശനം ഉണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ബ്ലാഷിന്റെ മാനസികനില വഷളായി. മകളെ ചികിത്സിയ്ക്കാനോ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനോ ലൂയി മൊന്യേ തയ്യാറായില്ല. മാനസികാരോഗ്യം വീണ്ടെടുത്താല്‍ അവള്‍ കാമുകനൊപ്പം ഇറങ്ങിപ്പോകുമെന്ന് അവര്‍ ഭയന്നതു തന്നെയായിരുന്നു കാരണം. ബ്ലാഷിനെ കണ്ടെത്തുന്നതിന് ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാമുകന്‍ മരിച്ചുപോയിട്ടും ലൂയി മൊന്യേ തന്റെ മകളോടുള്ള ക്രൂരത തുടര്‍ന്നു. 

ബ്ലാഷിനെ കണ്ടെടുത്ത വാര്‍ത്ത നഗരത്തില്‍ കാട്ടുതീ പോലെ പടര്‍ന്നു. മാധ്യമങ്ങളില്‍ വാര്‍ത്തയായി. രോഷം കൊണ്ട ജനക്കൂട്ടം ലൂയി മൊന്യേയുടെ ബംഗ്ലാവിന് മുന്നില്‍ തടിച്ചുകൂടി. അക്രമാസക്തരായി ജോലിക്കാരെ കയ്യേറ്റം ചെയ്തു. അപ്പോഴേക്കും ലൂയി മൊന്യേയും മകന്‍ മാര്‍സല്‍ മൊന്യേയും പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. മകളോട് ചെയ്ത അതിക്രൂരമായ പ്രവൃത്തിയ്ക്ക് വിചാരണ നേരിടാനോ ശിക്ഷ ഏറ്റുവാങ്ങാനോ ലൂയി മൊന്യേ കാത്തുനിന്നില്ല. ബ്ലാഷിനെ കണ്ടെത്തിയതിന്റെ പതിനഞ്ചാം ദിവസം അവര്‍ ജയിലില്‍ ഹൃദയാഘാതം വന്നു മരിച്ചു.

തന്റെ സഹോദരി അമ്മയുടെ തടവിലാണെന്ന് അറിയാവുന്ന മറ്റൊരു വ്യക്തിയായിരുന്നു മാര്‍ഷല്‍ മൊന്യേ. പക്ഷേ, ലൂയി മൊന്യേയുടെ കളിപ്പാവയായി ജീവിതം കഴിച്ചുകൂട്ടിയ അയാള്‍ക്ക് യാതൊരു പ്രതികരണശേഷിയുമുണ്ടായിരുന്നില്ല. അമ്മ പറയുന്നതിലപ്പുറം അയാള്‍ ഒന്നും ചെയ്തിരുന്നില്ല. അതുകൊണ്ടു തന്നെ സഹോദരിയെ രക്ഷിക്കാന്‍ അയാള്‍ യാതൊന്നും ചെയ്തതുമില്ല. വിചാരണയില്‍ വിചിത്ര വാദങ്ങളാണ് മാര്‍ഷൽ മുന്നോട്ട് വച്ചത്. തന്റെ സഹോദരിയ്ക്ക് മുറിയില്‍ അടച്ചുകഴിയാന്‍ ഇഷ്ടമായിരുന്നു. വീട് വിട്ടിറങ്ങാന്‍ ആഗ്രഹിച്ചിരുന്നില്ല. മാത്രവുമല്ല അവള്‍ അക്രമാസക്തയുമായിരുന്നു. 

വിചാരണയ്ക്ക് ശേഷം വെറും 15 മാസമാണ് മാര്‍ഷല്‍ ബ്ലാഷ് ജയിലില്‍ കഴിഞ്ഞത്. കാരണം അക്കാലത്തെ അവിടുത്തെ നിയമത്തിന് ഒരുപാട് പാളിച്ചകളുണ്ടായിരുന്നു. ഒരാള്‍ അപകടത്തില്‍പ്പെട്ടുവെന്ന് അറിഞ്ഞിട്ടും രക്ഷിച്ചില്ലെങ്കില്‍ ശിക്ഷിക്കാനുള്ള വകുപ്പൊന്നും അവിടുത്തെ നിയമത്തിലുണ്ടായിരുന്നില്ല. മാത്രവുമല്ല സംസാരിക്കാന്‍ പോലും സാധിക്കാതെ തളര്‍ന്ന് കിടക്കുന്ന ബ്ലാഷിന് സഹോദരനെതിരേ കോടതിയില്‍ മൊഴിനല്‍കാനുള്ള മാനസികാവസ്ഥയോ ശാരീരികാവസ്ഥയോ ഉണ്ടായിരുന്നില്ല. 

ചികിത്സയില്‍ കഴിഞ്ഞിരുന്ന ബ്ലാഷ് മൊന്യേ പിന്നീടൊരിക്കലും സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിയില്ല. പോഷകാഹാരക്കുറവും ഗുരുതരമായ മാനസിക പ്രശ്‌നങ്ങളും കാരണം അവരുടെ ആരോഗ്യം പാടെ ക്ഷയിച്ചിരുന്നു. ചിന്തയെയും പെരുമാറ്റത്തെയും ബാധിക്കുന്ന മാനസിക ദൗര്‍ബല്യമായ സ്‌കീസോഫ്രീനിയ എന്ന ഉന്മാദാവസ്ഥയില്‍ നിന്ന് ബ്ലാഷ് പുറത്ത് കടന്നില്ല. സ്വന്തം വിസര്‍ജ്യം ശരീരത്തില്‍ പുരട്ടുന്നതിലൂടെയും അതു ഭക്ഷിക്കുന്നതിലൂടെയും ലൈംഗിക തൃപ്തി കണ്ടെത്തുന്ന കൊപ്രോഫീലിയ, സ്വകാര്യഭാഗങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുന്ന എക്‌സിബിഷനിസം തുടങ്ങിയ മാനസിക വൈകല്യങ്ങള്‍ രൂക്ഷമായതോടെ ബ്ലാഷിനെ മാനസികരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. എട്ട് വര്‍ഷത്തിന് ശേഷം പൂര്‍ണമായും കിടപ്പിലായി. 1913 ല്‍ അവര്‍ ഈ ലോകത്തോട് വിടപറഞ്ഞു.

ബ്ലാഷിനെ സംബന്ധിച്ച വിവരം അറ്റോര്‍ണി ജനലിനെ കത്തിലൂടെ അറിയിച്ച വ്യക്തി ആരായിരുന്നു എന്നതിനുള്ള ഉത്തരം കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചില്ല. ലൂയി മൊന്യേയുടെ ജോലിക്കാരില്‍ ആരോ ആണെന്നാണ് സംശയിക്കപ്പെടുന്നത്. 1930 ലാണ് ബ്ലാഷിന്റെ ജീവിതകഥ കൂടുതല്‍ പേരിലേക്കെത്തുന്നത്. ആന്ദ്ര ഗിഡ് എഴുതിയ പുസ്‌കത്തിലൂടെ ദ കണ്‍ഫൈന്‍ഡ് വുമണ്‍ ഓഫ് പോട്ട്യേ എന്ന പേരില്‍ പിന്നീടത് ഇംഗ്ലീഷ് ഭാഷയില്‍ പുറത്തിറങ്ങിയതോടെ ബ്ലാഷ് ഫ്രാന്‍സിന് പുറത്തും പ്രശസ്തയായി. സോഫി ജാക്ക്‌സണ്‍ എഴുതിയ ദ പ്രിസണര്‍ ഓഫ്  പോട്ട്യേ എന്ന പുസ്തകവും ബ്ലാഷിന്റെ ജീവിതത്തെ ആസ്പദമാക്കി രചിക്കപ്പെട്ടതാണ്.