പാലക്കാട്: നെന്മാറയിൽ അമ്മയേയും മകനേയും വെട്ടിക്കൊന്ന പ്രതി ചെന്താമരയുടെ വീട്ടിൽനിന്ന് വിഷക്കുപ്പി കണ്ടെത്തി. പാതിയൊഴിഞ്ഞ നിലയിലുള്ള കുപ്പിയാണ് പോലീസിന് ലഭിച്ചത്. കൊലയ്ക്ക് ഉപയോ​ഗിച്ചെന്നു കരുതുന്ന വെട്ടുകത്തിയും പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെത്തി. ഒളിവില്‍ പോയ ചെന്താമരയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ അറക്കമലയെന്ന പ്രദേശത്തുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ഡ്രോണ്‍ ഉള്‍പ്പടെ ഉപയോഗിച്ചാണ് പോലീസ് പരിശോധന നടത്തുന്നത്. ഡോ​ഗ് സ്ക്വാഡ് ഉൾപ്പടെ തിരച്ചിലിനുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന.

To advertise here,

നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരന്‍, അമ്മ മീനാക്ഷി എന്നിവരെയാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചെന്താമരയാണ് ഇപ്പോള്‍ ജാമ്യത്തിലിറങ്ങി സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയത്. 2019ലായിരുന്നു സജിതയുടെ കൊലപാതകം. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് അതേ കുടുംബത്തിലെ തന്നെ രണ്ടുപേരെ കൂടെ കൊലപ്പെടുത്തിയത്. രണ്ടു മാസം മുമ്പാണ് പ്രതിയായ ചെന്താമര ജാമ്യത്തിലിറങ്ങിയത്. 

അതേസമയം, ചെന്താമരയ്‌ക്കെതിരെ നേരത്തെ തന്നെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. മാനസികരോഗിയായ ഇയാള്‍ അപകടകാരിയാണെന്നും ഇയാളെ ഇവിടെ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നത്. പക്ഷെ ഇതില്‍ നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ചെന്താമരയുടെ ഭാര്യയും മകളും കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് പിണങ്ങിപ്പോയിരുന്നു. ഇതിന് കാരണം അയല്‍വാസികളാണെന്ന തരത്തിലായിരുന്നു ചെന്താമരയുടെ പെരുമാറ്റം. 

ചെന്താമര മുമ്പ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായി കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ പറയുന്നു. ചെന്താമരയെ പേടിച്ച് വീട്ടിലേക്ക് വരാറില്ലെന്നും മാറിത്താമസിക്കുകയായിരുന്നു എന്നും അഖില പറയുന്നു. സുധാകരൻ തമിഴ്നാട്ടിൽ ഡ്രൈവറാണ്. ക്ഷേമനിധി പെൻഷനുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് വീട്ടിലെത്തിയത്.  ചെന്താമര ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ കഴിഞ്ഞ ഡിസംബർ 29-ന് സുരക്ഷയാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് പരാതി കാര്യമാക്കിയില്ല എന്നാണ് അഖിലയുടെ ആരോപണം.