തിരുവനന്തപുരം: പാറശ്ശാല കാരാളിയിൽ അനധികൃതമായി സംഭരിച്ചിരുന്ന 6000 കിലോ റേഷൻ അരി പിടികൂടി. തമിഴ്‌നാട്ടിലെയും കേരളത്തിലെയും റേഷൻ കടകളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ശേഖരിക്കുന്ന അരി സംഭരിച്ച് കൂടുതൽ വിലയ്ക്ക് വിൽക്കുന്ന സംഘത്തിലെ അംഗങ്ങളാണ് ഇതിന് പിന്നിലെന്നാണ്‌ വിവരം. ഭക്ഷ്യവകുപ്പും പോലീസും ചേർന്ന് നടത്തിയ റെയ്ഡിലാണ് അരി കണ്ടെത്തിയത്.

To advertise here,

പിടിച്ചെടുത്ത റേഷൻ അരി സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റും. പാറശാല കാരാളി കുളത്തിനു സമീപത്തുള്ള ആളൊഴിഞ്ഞ വാടകവീട് ഗോഡൗണാക്കി മാറ്റിയാണ് അരി സംഭരിച്ചിരുന്നത്. തമിഴ്നാട്ടിലെയും കേരളത്തിലെയും റേഷൻ കടകളിൽനിന്ന് കടത്തുന്ന അരി പോളിഷ് ചെയ്ത് ഉയർന്ന വിലയിൽ ബ്രാൻഡഡ് അരിയാക്കി വിൽക്കുന്ന വൻതട്ടിപ്പ് ശൃംഖലയെയാണ് പാറശാലയിൽ ഭക്ഷ്യ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

താലൂക്ക് സപ്ലൈ ഓഫീസർ പ്രവീണിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 50 കിലോ വീതമുള്ള നൂറിലധികം ചാക്കുകളിൽ സൂക്ഷിച്ചിരുന്ന അരി കണ്ടെത്തി. കഴിഞ്ഞ രണ്ടാഴ്ചയായി അതിർത്തി പ്രദേശങ്ങളിൽ സിവിൽ സപ്ലൈസ് പരിശോധന ശക്തമാക്കിയതിനെ തുടർന്നാണ് തട്ടിപ്പ് സംഘം ഈ ആളൊഴിഞ്ഞ വീട് താവളമാക്കിയതെന്നാണ്‌ ഉദ്യോഗസ്ഥരുടെ നിഗമനം.

കെട്ടിടത്തിന്റെ സുരക്ഷയ്ക്കായി രണ്ട് 'രാജപാളയം' ഇനത്തിൽപ്പെട്ട നായ്ക്കളെയും ഇവിടെ കാവൽ നിർത്തിയിരുന്നു. തമിഴ്നാട്ടിൽനിന്ന് സൗജന്യമായി ലഭിക്കുന്ന റേഷൻ അരിയും ഗോതമ്പും കാറുകളുടെ ഡിക്കികളിലും സ്‌കൂട്ടറുകളിലും ട്രെയിനുകൾ വഴിയുമാണ് അതിർത്തി കടത്തി എത്തിച്ചിരുന്നത്.

ഇങ്ങനെ എത്തിക്കുന്ന അരി മില്ലുകളിൽ പോളിഷ് ചെയ്ത് 'സുരേഖ', 'സോടെക്സ്' തുടങ്ങിയ ബ്രാൻഡ് നാമങ്ങളിൽ പുതിയ ചാക്കുകളിലാക്കിയ ശേഷം പൊതുവിപണിയിൽ വിൽപനയ്ക്ക് എത്തിക്കും. പാറശാല പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിവിൽ സപ്ലൈസ് സംഘം പരിശോധനയ്‌ക്കെത്തിയത്.

അരി കടത്താൻ ഉപയോഗിച്ച ഒരു കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത അരി എൻ.എഫ്.എസ്.എ. (NFSA) ഗോഡൗണിലേക്ക് മാറ്റുമെന്നും ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് ഗുണനിലവാരം ഉറപ്പാക്കിയ ശേഷം ലേലം ചെയ്യുകയോ റേഷൻ കടകൾ വഴി വിതരണം ചെയ്യുകയോ ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.