കോട്ടയം: കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ. സംഭവത്തിൽ കുറവിലങ്ങാട് കുടക്കച്ചിറയിലെ ടി.എസ്. നം. 78 ഷാപ്പ് നടത്തിപ്പുകാരൻ വെളിയന്നൂർ മുണ്ടത്താനത്ത് എം.കെ. മാത്യു (51), ജീവനക്കാരൻ ഇടുക്കി കൊന്നത്തടി പാറത്തോട് പുതുക്കുളത്തിൽ പ്രിൻസ് മാത്യു (40) എന്നിവരെ എക്സൈസ് സംഘം അറസ്റ്റുചെയ്തു.
127 ലിറ്റർ സ്പിരിറ്റും 57 ലിറ്റർ കള്ളും സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന വാഹനവും പിടിച്ചെടുത്തു. ഷാപ്പ് ലൈസൻസി ജോസഫ് മാത്യുവിനെതിരേ കേസ് രജിസ്റ്റർചെയ്തു. ഇയാൾക്കായി അന്വേഷണം നടത്തിവരുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഷാപ്പിൽ സ്പിരിറ്റ് എത്തിച്ചിരുന്ന പ്രതികൾ സ്പിരിറ്റായും കള്ളിൽ ചേർത്തും വില്പന നടത്തിയിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഷാപ്പിൽ നിരന്തരം സ്പിരിറ്റ് എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്നുമാസത്തോളമായി എക്സൈസ് സംഘം സ്ഥലത്ത് നിരീക്ഷണം നടത്തിവരുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ അസി. എക്സൈസ് കമ്മിഷണർ എസ്. സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുകയായിരുന്നു.
നാല് കന്നാസുകളിലായാണ് 127 ലിറ്റർ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് സംഘം അറിയിച്ചു. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ ചുമതലയുള്ള പത്തനംതിട്ട ഡി.സി.പി. എൽ. ഷിബു മേൽനോട്ടം വഹിച്ചു.
എക്സൈസ് ഇൻസ്പെക്ടർ ആർ. ദർശക്, കോട്ടയം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റിനാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബി. ആനന്ദ് രാജ്, പ്രിവന്റീവ് ഓഫീസർമാരായ കെ. അഫ്‌സൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപക്, ജിഷ്ണു, ബിപിൻ ജോയ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പാലാ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Content Highlights: A toddy shop owner and employee were arrested in Kottayam for selling spirit under the guise of toddy sales, with 127 liters of spirit and 57 liters of toddy seized. The excise team had been monitoring the location for three months based on information about regular spirit deliveries, leading to a raid led by Assistant Excise Commissioner S. Sanjeev Kumar.
Published: 13 Sept 2026, 09:38 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented