മാവുകളുടെ തണലും കുളിരും പിന്നിട്ട് വളവ് തിരിഞ്ഞ് ബസ്സിപ്പോള്‍ ചെറുകുളമ്പ് സ്‌കൂള്‍ പടിക്കല്‍ എത്തിനില്‍ക്കുകയാണ്. ഭായിമാര്‍ കൂട്ടത്തോടെ ഇറങ്ങിപ്പോവുകയാണ്. പുതിയതായി നാലഞ്ച് സ്‌കൂള്‍ കുട്ടികളും വേറെ കുറച്ച് ആളുകളും ബസ്സിലേക്ക് കയറി. ആള് കൂടിയപ്പോള്‍ കണ്ടക്ടര്‍ മാനുവിന്റെ മുഖത്ത് സംതൃപ്തിയുടെ പക്ഷികള്‍ ചിറക് തുഴയുകയാണ്.

To advertise here,

കൊറോണക്കാലത്തിനു മുമ്പ് ഈ റൂട്ടില്‍ ഓടിയിരുന്ന പ്രൈവറ്റ് ബസുകളില്‍ ഓരോന്നിലും നാല് ജീവനക്കാര്‍ വീതമുണ്ടായിരുന്നു. ഡ്രൈവര്‍, കണ്ടക്ടര്‍ ചെക്കര്‍, ക്ലീനര്‍, എന്നിങ്ങനെ.. പക്ഷേ, ഇപ്പോള്‍ കുറച്ചു കാലമായിട്ട് ബസ്സുകളില്‍ ഡ്രൈവറും കണ്ടക്ടറും മാത്രമേ പണിക്കാരായിട്ടുള്ളൂ. അവര്‍ക്കുള്ള കൂലിയും വണ്ടിയുടെ അറ്റകുറ്റ പണികളും,ടാക്സും ഇന്‍ഷൂറുമൊക്കെ കൊടുത്തു കഴിഞ്ഞാല്‍ ബസ് മുതലാളിക്ക് കാര്യമായ ലാഭമൊന്നും കിട്ടുന്നില്ല എന്നാണ് പറയുന്നത്. ജീവനക്കാരും അത് ശരി വെയ്ക്കുന്നുണ്ട് .

കൊറോണക്കാലത്താണ് ഞങ്ങളുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ സ്‌കൂട്ടികളും കാറുകളും ആളുകള്‍ വാങ്ങിയത്. അതോടു കൂടി ചെറിയ യാത്രകള്‍ക്ക് മനുഷ്യര്‍ ബസ്സില്‍ കയറാതെയായി. കൂട്ടത്തില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കും വരുമാനം കുറഞ്ഞു. ഒരു മധ്യവര്‍ഗ കുടുംബത്തില്‍ ഗള്‍ഫ് പണം എത്തിയാല്‍ ആ വീട്ടുകാര്‍ ടൗണിലേക്കോ വിവാഹങ്ങള്‍ക്കോ മറ്റ് ചെറിയ ആവശ്യങ്ങള്‍ക്കോ ഒക്കെ ഓട്ടോ വിളിച്ചാണ് പോയിരുന്നത്. എത്തേണ്ടിടത്ത് എത്തി ആ ഓട്ടോ പറഞ്ഞയച്ച്, കാര്യം കഴിഞ്ഞ് തിരികെ പോരാന്‍ മറ്റൊരു ഓട്ടോ വിളിക്കുമായിരുന്നു. പക്ഷേ, ഇപ്പോള്‍ അവരൊക്കെ സ്‌കൂട്ടിയും കാറും ഓടിക്കാന്‍ പഠിച്ചു. അതുകൊണ്ട് അത്തരം ആവശ്യങ്ങള്‍ക്ക് അധികമാരും ഇപ്പോള്‍ ഓട്ടോ വിളിക്കാറില്ല. ഞങ്ങളുടെ കവലയിലും കോട്ടക്കല്‍ അങ്ങാടിയിലുമൊക്കെ മണിക്കൂറുകളോളം വെയിലും കൊണ്ട് ഓട്ടം കാത്തു കിടന്നാല്‍ മുപ്പത് രൂപയുടെ ലോക്കല്‍ ട്രിപ്പാവും പലപ്പോഴും ഓട്ടോക്കാര്‍ക്ക് കിട്ടുക. അത് ഓടി വന്ന് തിരികെ വീണ്ടും വരിയുടെ ഏറ്റവും ഒടുവിലത്തെ ആളായി കാത്തുകിടക്കണം.

കൊറോണക്കാലത്ത് ഗള്‍ഫിലെ ജോലി നഷ്ടമായി നാട്ടിലെത്തിയവര്‍ പലതരം തൊഴിലുകളും ചെറിയ കച്ചവടങ്ങളും തുടങ്ങിയ കൂട്ടത്തില്‍ ചിലര്‍ ഓട്ടോക്കാരായും മാറി. അവരൊക്കെ പണ്ടും ഓട്ടോ ഓടിച്ചവര്‍ തന്നെയാണ് അതില്‍നിന്ന് കാര്യമായ വരുമാനം കിട്ടാതായപ്പഴാണ് ഓട്ടോ വിറ്റും വീടിന്റെ ആധാരം പണയം വെച്ചും ഗള്‍ഫിലേക്ക് പോയത്. ഇപ്പോള്‍ അവര്‍ തിരികെയെത്തി വീണ്ടും ഓട്ടോക്കാരന്റെ കുപ്പായമണിഞ്ഞ് മഴയും മഞ്ഞും വെയിലും കൊണ്ട് ഓട്ടോ ഓടിച്ച് കഷ്ടിച്ച് കുടുംബം പുലര്‍ത്തുന്നു.

ഓര്‍ത്താല്‍ യാതൊരു അന്തവുമില്ലാത്ത പ്രതിഭാസമാണ് ജീവിതമെന്ന് എന്റെ ഉമ്മയടക്കമുള്ള പഴമക്കാര്‍ പറഞ്ഞിരുന്നതില്‍ നമ്മളാരും അത്ര ശ്രദ്ധിക്കാത്ത ഒരു ദര്‍ശനമുണ്ട്. പക്ഷേ, ഓര്‍മ്മകളില്ലാതെ എങ്ങനെയാണ് മനുഷ്യര്‍ക്ക് ജീവിക്കാനാവുക? അബ്ബാസെന്ന ഈ ഞാന്‍ നാല്‍പ്പത്തിയാറ് വര്‍ഷത്തെ വെറും ഓര്‍മ്മകളല്ലാതെ മറ്റെന്താണ്? യാത്രയുടെ ഈ കുറഞ്ഞ സമയം കൊണ്ട് തന്നെ ഞാന്‍ എന്തെല്ലാം ഓര്‍ത്തു കഴിഞ്ഞു. അതില്‍ ചിലത് നിങ്ങളോട് പങ്കു വെച്ചു . പങ്കുവെയ്ക്കാന്‍ പറ്റാത്തതായി ചിലത് വേറെയുണ്ട് . ഇനിയും ചിലത് മറവിയുടെ ചതുപ്പില്‍ പൂണ്ട് കിടക്കുകയാണ്.

ഒന്നാം ഭാഗം വായിക്കാം: ‘വിയര്‍പ്പിന്റെ ഉപ്പ് രുചി അറിയാത്തവര്‍ ഈ ഭൂമിയിലെ ഏറ്റവും നല്ല രുചി അറിയാതെയാണ് മരിച്ചു പോവുന്നത്’

ഭായിമാര്‍ ബസ്സിറങ്ങി കൂട്ടത്തോടെ ഇടത് വശത്തെ പോക്കറ്റ് റോഡിലേക്കാണ് പോവുന്നത്. അവര്‍ ടൈല്‍സിന്റെയും മാര്‍ബിളിന്റെയും പണി എടുക്കുന്നവരാണെന്ന് അവരുടെ കയ്യിലെ ടൂള്‍സുകള്‍ എന്നോട് പറയുന്നു. ആ ടാറിട്ട പാത പണ്ട് ചെമ്മണ്‍ പാതയായിരുന്നു.

ഓര്‍മ്മയുണ്ട്..

ആ ചെമ്മണ്‍ പാതയിലൂടെ കയ്യിലൊരു ബിഗ് ഷോപ്പറുമായി വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ നടന്നിട്ടുണ്ട്. ഷോപ്പറിനുളളില്‍ വിവിധ വലിപ്പത്തിലുള്ള ബ്രഷുകളും ഉളികളും മുഷിഞ്ഞ വര്‍ക്കിങ്ങ് ഡ്രസ്സും ഉരക്കടലാസുമൊക്കെ ഉണ്ടാവും. അന്ന് പെയിന്റ് ചെയ്യാന്‍ റോളറുകള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. ഇന്നത്തെ പോലെ രാവിലെ ആറുമണിക്ക് പണി തുടങ്ങി പതിനൊന്ന് മണിക്ക് എന്തെങ്കിലും ഭക്ഷണം കഴിച്ച്, മൂന്നര വരെ പണിയെടുക്കുന്ന സമ്പ്രദായവും നടപ്പിലായിട്ടില്ല. എട്ടു മണിക്കാണ് പണി തുടങ്ങുന്നത്. വൈകിട്ട് അഞ്ചര ആറ് മണി വരെയൊക്കെ പണിയെടുക്കും. പത്തരയ്ക്ക് ചായയും ഉച്ചക്ക് ചോറും കിട്ടുമായിരുന്നു.

അത്യാവശ്യം പണിയുള്ള സമയത്താണ് ചെറുകുളമ്പില്‍നിന്ന് ഇടത്തോട്ട് തിരിയുന്ന ചെമ്മണ്‍ പാതയിലൂടെ പോയാല്‍ എത്തിച്ചേരുന്ന ആ രണ്ട് നിലവീട്ടില്‍ പണി കിട്ടുന്നത്.

' എത്താണ് കെണിഞ്ഞ് ആലോയ്ച്ച്ണ്ടത് അബ്ബാസാക്കാ ? '

കണ്ടക്ടര്‍ മാനുവാണ്. ബസ്സില്‍ കയറിയത് മുതല്‍ ഞാന്‍ ആലോചനയിലാണെന്ന് അവനും ശ്രദ്ധിച്ചിട്ടുണ്ടാവും.

'ഏയ് ....ഒന്നും ഇല്ല '

ഞാന്‍ ചിരിയോടെ പറഞ്ഞു. അതിലും വലിയ ചിരിയോടെ അവന്‍ ചോദിച്ചു .

'ഒന്നും ഇല്ലാത്തത് പേടല്ലേ ? '

ഇത് ഞങ്ങളുടെ നാട്ടില്‍ പണ്ടേയുള്ള തമാശയാണ്. പറഞ്ഞു പറഞ്ഞ് അത് ഇപ്പോഴത്തെ ഭാഷയില്‍ 'ചെളി ' ആയിട്ടുണ്ട് എന്നാലും അവനൊരു തമാശ പറഞ്ഞതല്ലേന്ന് കരുതി ഞാന്‍ ചിരിച്ചു കൊടുത്തു. അത് കണ്ടപ്പോള്‍ അവനും സന്തോഷമായി. നമ്മള്‍ കാരണം മറ്റൊരാള്‍ക്ക് സന്തോഷം കിട്ടുന്നുവെങ്കില്‍, നമുക്കതിന് പ്രത്യേകിച്ച് ചിലവൊന്നുമില്ലെങ്കില്‍ അതവര്‍ക്ക് നല്‍കുന്നത് നല്ല കാര്യമല്ലേ? എന്റെ തോളില്‍ തട്ടി മാനു നല്ല ഉത്സാഹത്തില്‍, ടിക്കറ്റ് .. ടിക്കറ്റ് എന്ന് പറഞ്ഞ് പിന്നോട്ടു പോയി. ബസ്സില്‍ യാത്രക്കാര്‍ കൂടിയാല്‍ വൈകിട്ട് കളക്ഷനും കൂടും. അങ്ങനെ കൂടുമ്പോള്‍ അവന്റെയും ഡ്രൈവറുടെയും ബത്ത കൂടും. ഇത്ര രൂപയ്ക്ക് ഇത്ര ശതമാനം എന്ന കണക്കിലാണ് അവര്‍ക്ക് കൂലി കിട്ടുന്നത്.

ബസ്സിപ്പോള്‍ ചെറുകുളമ്പ് അങ്ങാടിയിലേക്കുള്ള വളവ് തിരിയുകയാണ് . അന്നും സ്‌കൂള്‍പടിക്കല്‍ സ്റ്റോപ്പുണ്ടായിരുന്നു . രാവിലെ അവിടെയിറങ്ങി അവിടുത്തെ ചായക്കടയില്‍നിന്ന് ഒരു പൊടിച്ചായയും കുടിച്ച് ജലജാ ബീഡിയും വലിച്ചാണ് ജോലിക്ക് പോയിരുന്നത്. എനിക്ക് പെയിന്റടിക്കേണ്ട വീടിന് നേരെ എതിര്‍ വശത്തെ വീട് അവിടുത്തെ ചെറുപ്പക്കാരന്റെ കല്യാണമായതിനാല്‍ പെയിന്റടിച്ച് ഭംഗിയാക്കിയിട്ടുണ്ട് . അത് കണ്ടപ്പോള്‍ ഈ വീട്ടുകാര്‍ക്കും തങ്ങളുടെ വീട് പെയിന്റടിക്കാന്‍ പൂതിയായി. അത്തരം ചില പൂതികളും കുഞ്ഞ് അസൂയകളും ഇല്ലെങ്കില്‍ ഞങ്ങള്‍ പെയിന്റടിക്കാരുടെ കഞ്ഞി കുടി മുട്ടും. ആ വീട് പെയിന്റടിച്ചിട്ട് രണ്ടു വര്‍ഷം പോലുമായിട്ടില്ല. തൊട്ടു മുമ്പിലത്തെ കല്യാണവീട് പുതുവസ്ത്രങ്ങളണിഞ്ഞങ്ങനെ സുന്ദരിയായിട്ട് നില്‍ക്കുമ്പോള്‍ തങ്ങളുടെ വീടിന്റെ പുറം ഭാഗത്ത് പടര്‍ന്ന ഇത്തിരി പൂപ്പലും പായലും ചെളിയും ഈ വീട്ടുകാര്‍ക്ക് നാണക്കേടായി. കല്യാണവീടിനെ സുന്ദരിയാക്കിയവര്‍ അന്നാട്ടുകാരായിട്ടും ഈ വീട്ടുകാര്‍ അവര്‍ക്ക് പണി കൊടുത്തില്ല. എന്തെല്ലാം തരത്തിലുള്ള വാശിയിലും അസൂയയിലും സ്നേഹത്തിലും പൊങ്ങച്ചത്തിലുമാണ് നമ്മള്‍ ജീവിക്കുന്നതെന്ന് അന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടില്ല.

സാധാരണയായി വീടിന്റെ അകത്തു നിന്നാണ് ഞങ്ങള്‍ പെയിന്റ് പണി തുടങ്ങാറ്. പക്ഷേ, ഈ വീട്ടുകാര്‍ ഞങ്ങളോട് ആദ്യം പുറംഭാഗം പെയിന്റ് ചെയ്യാനാണ് പറഞ്ഞത്. അവരുടെ വീട്. അവരുടെ കാശ്. എവിടെ എങ്ങനെ തുടങ്ങിയാലും ഞങ്ങള്‍ക്കൊരു പ്രശ്നവുമില്ല. അങ്ങനെ ഞാനും മറ്റ് രണ്ടു പണിക്കാരും കൂടി പണി തുടങ്ങി. ഇളം നീല ഇമല്‍ഷൻ ചുമരുകള്‍ക്കും കടും നീല പാരപ്പറ്റുകള്‍ക്കും അടിക്കാനാണ് ആ വീട്ടുകാര്‍ സെലക്ട് ചെയ്തത്. അപ്പുറത്തെ ആ കല്യാണവീടും ഏതാണ്ട് അതേ കളര്‍ പാറ്റേണിലാണ് അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത് .പെയിന്റടിച്ചിട്ട് അധിക കാലമാവാത്തതിനാല്‍ ഞങ്ങള്‍ക്ക് വീട് കഴുകാനും ഉരയ്ക്കാനുമൊക്കെ കുറഞ്ഞ സമയമേ വേണ്ടി വന്നുള്ളൂ.

ബസ് ഇപ്പോള്‍ ചെറുകുളമ്പ് അങ്ങാടിയില്‍ എത്തിനില്‍ക്കുകയാണ്. ധാരാളം സ്‌കൂള്‍ കുട്ടികള്‍ കയറാനുണ്ട്. കുട്ടികള്‍ അധികമാവുകയും മറ്റു യാത്രക്കാര്‍ കുറയുകയും ചെയ്താല്‍ കണ്ടക്ടറുടെയും ഡ്രൈവറുടെയും ഭാവം മാറും. അവര്‍ കുട്ടികളെ വഴക്ക് പറയും. പെണ്‍കുട്ടികള്‍ക്ക് മറ്റു പലതും ശീലമായ പോലെ ഈ വഴക്കം ശീലമാണ്. അവരത് കേട്ടില്ലെന്നു നടിച്ച് അച്ചടക്കത്തോടെ വരി നിന്ന് ഓരോരുത്തരായി കയറും. ആണ്‍കുട്ടികള്‍ അങ്ങനെയല്ല, അവരെ സമൂഹവും വീട്ടുകാരും അച്ചടക്കവും ശീലങ്ങളും പഠിപ്പിക്കാത്തത് കാരണം അവര്‍ തിരിച്ചും വഴക്ക് പറയും. ചില പോക്കിരി രാജമാര്‍ വേണ്ടി വന്നാല്‍ തല്ലുണ്ടാക്കും. അങ്ങനെ തല്ലുണ്ടാക്കി അന്നത്തെ ദിവസം അലമ്പാക്കിയാല്‍ അന്ന് സ്‌കൂളില്‍ പോവണ്ടല്ലോ എന്ന നിഗൂഢ ചിന്തയും അവരുടെ ഉള്ളിലുണ്ട് . എന്തായാലും അടിപിടിയൊന്നും ഇല്ലാതെ സ്‌കൂള്‍ കുട്ടികള്‍ എല്ലാവരും ബസ്സില്‍ കയറിപ്പറ്റി. ബസ്സിപ്പോള്‍ പാതിയിലേറെ നിറഞ്ഞു കഴിഞ്ഞു. ഇരിക്കാന്‍ സീറ്റുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ സീറ്റില്‍ ഇരിക്കാറില്ല. എന്റെ ബസ് യാത്രകളിലെല്ലാം സീറ്റ് ഒഴിവുണ്ടാവുമ്പോള്‍ ഞാന്‍ അവരോട് ഇരിക്കാന്‍ പറയാറുണ്ട്. അരുതാത്തതെന്തോ കേട്ട പോലെ അവരെന്നെ മിഴിച്ചു നോക്കാറാണ് പതിവ്.

ചെറുകുളമ്പങ്ങാടിയില്‍ എത്തുമ്പോഴാണ് പണ്ടൊക്കെ വഴിവക്കില്‍ ഒരു ചുവന്ന കൊടി കാണാന്‍ കിട്ടാറുള്ളത്. ബാക്കിയൊക്കെ പച്ചയില്‍ പുതഞ്ഞു നില്‍ക്കും. ചെറുകുളമ്പിനു മുമ്പ് ചാപ്പനങ്ങാടി സ്‌കൂള്‍ പടിക്കലും അപൂര്‍വമായി ചുവന്ന കൊടികള്‍ കാണാറുണ്ട്. പക്ഷേ, ഇപ്പോള്‍ ഓരോ ചെറിയ അങ്ങാടിയിലും പച്ചയോടൊപ്പം ചുവപ്പും കാവിയും ത്രിവര്‍ണവും മറ്റു പല പാര്‍ട്ടികളുടെയും കൊടികള്‍ പാറി കളിക്കുന്നുണ്ട്. അങ്ങാടിയുടെ ഇടതു വശത്ത് ഇപ്പോഴും കുറച്ച് നെല്‍പ്പാടമുണ്ട്. പണ്ട് ഇതിനേക്കാള്‍ കൂടുതല്‍ ഉണ്ടായിരുന്നു. അവ നഷ്ടമായതിന്റെ നൊസ്റ്റു പറയുകയല്ല, എങ്ങനെയാണ് ഇവര്‍ക്കൊക്കെ പാടങ്ങള്‍ മണ്ണിട്ട് നികത്തി കെട്ടിടങ്ങളും വലിയ വീടുകളും നിര്‍മ്മിക്കാന്‍ അനുമതി കിട്ടിയതെന്ന് അത്ഭുതപ്പെടുകയാണ്.

വളയിട്ടതും വളയിടാത്തതുമായ കൈകള്‍ വരിവരിയായി ബസ്സിന്റെ മേല്‍ക്കമ്പിയില്‍ എത്തിപ്പിടിച്ച് നില്‍ക്കുന്നത് കാണാന്‍ ചന്തമുണ്ട്. അത്തരം കാഴ്ച്ചകള്‍ ഒരുകാലത്ത് വല്യ ആകര്‍ഷണമായിരുന്നെങ്കില്‍, ഇന്നത് കൗതുകം പോലുമല്ലാതായി മാറിയിട്ടുണ്ട്. കാലവും പ്രായവും നമ്മളില്‍ വരുത്തുന്ന മാറ്റങ്ങള്‍ നമ്മള്‍ പോലും അറിയാറില്ല. യുവാവായിരുന്ന കാലത്ത് ബസ് യാത്രകളില്‍ ഏതെങ്കിലുമൊരു പെണ്‍കുട്ടിയുടെ മുടി കാറ്റത്ത് പാറി വന്ന് തൊട്ടടുത്ത് നില്‍ക്കുന്ന എന്റെ മുഖത്ത് തൊട്ടാല്‍, പറഞ്ഞറിയിക്കാനോ എഴുതി ഫലിപ്പിക്കാനോ പറ്റാത്തത്ര ആനന്ദവും നിര്‍വൃതിയും ഞാന്‍ അനുഭവിച്ചിരുന്നു. ഇന്നതൊക്കെ പുറത്തു പെയ്യുന്ന ഈ ചാറ്റല്‍ മഴ പോലെ എന്നില്‍ യാതൊരു ചലനവുമുണ്ടാകാതെ കടന്നു പോവുന്നു. മഴയും മരങ്ങളും പിറകിലോട്ട് കടന്നു പോവുന്നു...

പോയി മറയുന്നു... വഴിയോരപ്പച്ചകളില്‍ മഴ വീണ് ചിതറുന്നു...

ആ വീട് പെയിന്റടിക്കുമ്പോള്‍ ഇതേ പോലെ മഴക്കാലം വിട പറയുന്ന കാലമായിരുന്നു. നേര്‍ത്ത ചാറ്റല്‍ മഴ ഇഷ്ടമില്ലാത്ത വിരുന്നുകാരനെപ്പോലെ ഇടയ്ക്ക് വന്ന് ഇത്തിരി ശല്യമുണ്ടാക്കി മടങ്ങിപ്പോയി. ആകെ മൂന്നു ദിവസമാണ് ഞങ്ങളാ വീട്ടില്‍ പണിയെടുത്തത്. അവിടെ സുന്ദരിയായ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു.

ഇന്നത്തേതിനേക്കാള്‍ സ്വയം ബുദ്ധിജീവി ചമഞ്ഞ് നടന്നിരുന്ന ഞാന്‍ എന്നെ നോക്കി ചിരിക്കുന്ന അവളെ അവഗണിച്ചു. കടുത്ത വായനയും യുക്തിചിന്തയുമുള്ള ഞാന്‍ അങ്ങനെ ഒരു പെണ്ണിന്റെ ചിരിയില്‍ മയങ്ങാന്‍ പാടില്ലല്ലോ ? അവളായിരുന്നു ഞങ്ങള്‍ക്ക് വന്നയുടന്‍ കാലിച്ചായയും പിന്നെ ഉച്ചഭക്ഷണവുമൊക്കെ കൊണ്ട് തന്നിരുന്നത് . ചായ ക്ലാസ് കൈ മാറുമ്പോള്‍ വിരലുകള്‍ തമ്മില്‍ തൊടാതിരിക്കാന്‍ എന്നിലെ ബുദ്ധിജീവി പരമാവധി ശ്രമിച്ചു. എന്നിട്ടും ആ നേര്‍ത്ത വിരലുകള്‍ നീണ്ടു വന്ന് എന്റെ വിരലുകളില്‍ തൊട്ടു . ഒരു പാതി കൊണ്ട് ആനന്ദിക്കുകയും മറുപാതി കൊണ്ട് ആ സ്പര്‍ശത്തെ അവഗണിക്കുകയും ചെയ്ത അന്നത്തെ എന്നെയോര്‍ത്ത് എനിക്കിപ്പോള്‍ ശരിക്കും ലജ്ജ തോന്നുന്നുണ്ട്.

ആ വീട്ടില്‍ ഉമ്മയും ഉപ്പയും പിന്നെ അവളും മാത്രമേ ഉണ്ടായിരുന്നുള്ളൂ . വീട്ടിലെ മൂത്ത അംഗമായ അവളുടെ ഏട്ടന്‍ ഗള്‍ഫിലാണ്. ഉപ്പയും ഗള്‍ഫിലായിരുന്നു. നീണ്ട ഇരുപത്തിയാറ് വര്‍ഷത്തെ ഗള്‍ഫ് വാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ അയാള്‍ക്ക് ആ വീടല്ലാതെ കാര്യമായ മറ്റ് സമ്പാദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് സാധാരണ ഗള്‍ഫുകാര്‍ക്ക് ഉണ്ടാവാറുള്ള പ്രമേഹവും കൊളസ്ട്രോളും മറ്റുമായിരുന്നു. കൊളസ്ട്രോളിന്റെ അളവ് കൂടിയിട്ടോ എന്തോ ഹൃദയാഘാതം വന്ന് ഒരു ഓപ്പറേഷനൊക്കെ കഴിഞ്ഞ് അയാളപ്പോള്‍ വിശ്രമിക്കുകയായിരുന്നു.

ഞങ്ങള്‍ക്ക് കൂലി തന്നതും പെയിന്റിങ്ങിന് വേണ്ട കളര്‍ സെലക്ട് ചെയ്തതുമൊക്കെ അവളുടെ ഉമ്മയാണ്. നോട്ടത്തിലും നടത്തത്തിലും അധികാര ഭാവമുള്ള സ്ത്രീയായിരുന്നു അവര്‍. അത്തരക്കാരോട് എനിക്ക് അന്നും ഇന്നും കടുത്ത ആരാധനയാണ്. സ്വന്തം അധ്വാനം കൊണ്ടല്ലാതെ ഉണ്ടായ സമ്പത്തിലോ ജന്മനാ കിട്ടിയ സൗന്ദര്യത്തിലോ അഹങ്കരിക്കുന്ന, അതിന്റേതായ അധികാരം കാട്ടുന്ന എല്ലാ സ്ത്രീ പുരുഷന്മാരോടും എന്റെയുള്ളില്‍ ആരാധന തന്നെയാണ്.

വ്യാഴവും വെള്ളിയും ശനിയുമാണ് ഞങ്ങളവിടെ ജോലിയെടുത്തത്. അപ്പഴേക്കും വീടിന്റെ പുറംഭാഗം ഏതാണ്ട് പെയിന്റടിച്ച് തീര്‍ന്നിരുന്നു. തൊട്ടടുത്ത വീട്ടിലെ കല്യാണ ബഹളങ്ങള്‍ വെള്ളിയാഴ്ച്ച തന്നെ തുടങ്ങിയിരുന്നു. ഞായറാഴ്ച്ചയാണ് അവിടെ കല്യാണം. കല്യാണ ദിവസം ഞങ്ങള്‍ തൊട്ടിപ്പുറത്ത് ജോലി എടുക്കുന്നതില്‍ അനിഷ്ടം തോന്നിയ ഞാന്‍ ഞായറാഴ്ച്ച ലീവ് ചോദിച്ചെങ്കിലും ആ സ്ത്രീ തന്നില്ല. അവരുടെ മകന്‍ ഗള്‍ഫില്‍നിന്ന് ഉടന്‍ വരുന്നുണ്ടെന്നും വന്നാലുടന്‍ അവന്റെയും ആ പെണ്‍കുട്ടിയുടെയും കല്യാണം ഉണ്ടാവുമെന്നും അതു കൊണ്ട് എത്രയും പെട്ടെന്ന് ജോലി തീര്‍ക്കണമെന്നും അവര്‍ തറപ്പിച്ച് പറഞ്ഞു.

അങ്ങനെയാണ് ഞായറാഴ്ച്ച ഞങ്ങളവിടെ ജോലിക്ക് എത്തിയത്. പതിവു പോലെ ചായ ക്ലാസ് കൈ മാറുമ്പോള്‍ മൈലാഞ്ചിച്ചോപ്പുള്ള വിരലുകള്‍ എന്റെ വിരലിനെ തൊട്ടു. പിന്നെയൊരു ചെറുചലനത്തിലൂടെ ആ വിരലുകള്‍ എന്റെ വിരലിനോട് എന്തോ സ്വകാര്യം പറഞ്ഞു. കല്യാണവീട്ടില്‍നിന്ന് പുതിയാപ്ല ഇറങ്ങുന്നത് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ്. പന്ത്രണ്ടരയ്ക്ക് പെണ്ണിന്റെ മഹല്ലിലെ പള്ളിയില്‍ വെച്ചാണ് നിക്കാഹ്. അക്കാലത്ത് വിവാഹമേ കഴിക്കില്ലെന്ന് ഉറപ്പിച്ചിരുന്ന കൊടുംബുദ്ധിജീവിയായിരുന്നു ഞാന്‍. അതു കൊണ്ടു തന്നെ കല്യാണത്തിലോ ബിരിയാണിയിലോ ഒന്നും എനിക്ക് വല്യ താല്പര്യമുണ്ടായിരുന്നില്ല .

എന്റെ ഒപ്പമുള്ള രണ്ടു പേര്‍ അന്നുച്ചയ്ക്ക് കല്യാണവീട്ടില്‍ പോയി ബിരിയാണി കഴിക്കാന്‍ തീരുമാനിച്ചിരുന്നു. ആ വീട്ടിലെ കാരണവര്‍ വന്ന് തലേന്ന് ഞങ്ങള്‍ മൂന്നു പേരെയും ഉച്ചഭക്ഷണത്തിന് അങ്ങോട്ട് ക്ഷണിച്ചതുമാണ്. പതിനൊന്ന് മണിയുടെ പൊരിവെയിലും കൊണ്ട് ,ടെറസിന്റെ മുകളില്‍ കമിഴ്ന്നു കിടന്ന് തല പുറത്തേക്കിട്ട് ബോര്‍ഡറിന് കടും നീല ഇമല്‍ഷൻ പെയിന്റ് ചെയ്യുന്ന ഞാന്‍, കല്യാണവീട്ടില്‍ നിന്നുള്ള ബഹളങ്ങളെ ഇല്ലാതാക്കി കൊണ്ട് ഉയര്‍ന്ന നിലവിളി കേട്ട് അന്തംവിട്ട് എഴുന്നേറ്റിരുന്നു. നിലവിളിക്കുന്നതും അലമുറയിടുന്നതും ഞങ്ങളുടെ മുതലാളിച്ചിയാണ്. ഒപ്പം അത്രയൊന്നും ഉച്ചത്തിലല്ലെങ്കിലും ആ പെണ്‍കുട്ടിയുടെ കരച്ചിലും കേള്‍ക്കുന്നുണ്ട് .എന്താണ് സംഭവമെന്നറിയാന്‍ ഞാന്‍ താഴേക്കിറങ്ങാന്‍ തുടമ്പോള്‍ ഒപ്പമുള്ളവര്‍ മേലേക്ക് ഓടി വന്നു.

'അയാള് മരിച്ചു ! '

'ആര് ! ? '

ഞാനാ വെയിലത്ത് നിന്ന് കൊണ്ട് അവരോട് ചോദിച്ചു.

'ഈ പെരീലെ കാക്ക, അയാള് മരിച്ചു '

അന്നേരം അപ്പുറത്തെ കല്യാണവീട്ടില്‍ നിന്ന് ബിരിയാണിയുടെ മണവുമായി കാറ്റുകള്‍ വന്നു. അവിടുത്തെ ബഹളങ്ങള്‍ നിലച്ചു. പുതിയാപ്ല ഇറങ്ങുമ്പോള്‍ പൊട്ടിക്കാന്‍ ഒരുക്കി വെച്ച പടക്കങ്ങളുമായി ആ ചെറുപ്പക്കാരന്റെ കൂട്ടുകാര്‍ നിരാശപ്പെട്ട് നിന്നു. കല്യാണവീട്ടില്‍നിന്ന് ആളുകള്‍ മരണവീട്ടിലേക്ക് വന്നു. നിലവിളികള്‍ ഉച്ചത്തിലായി .

ആരൊക്കെയോ എന്തൊക്കെയോ പറയുന്നുണ്ട്. പെയിന്റ് പാട്ടയും പിടിച്ച് കോണിയിറങ്ങുമ്പോള്‍ ഞാനോര്‍ത്തു. ഒരു വിളി ദൂരത്തിനപ്പുറം പുതിയൊരു ജീവിതത്തിലേക്ക് വെള്ള വസ്ത്രങ്ങള്‍ മാറുന്ന ചെറുപ്പക്കാരനും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ വെള്ള പുതയ്ക്കാന്‍ കാത്തു കിടക്കുന്ന ഒരു മനുഷ്യനും.. ദുഃഖത്തിനും സന്തോഷത്തിനും ഇടയില്‍ കാറ്റു പിടിച്ച് നില്‍ക്കുന്ന തെങ്ങോലകള്‍.. പിന്നീട് ചന്ദനത്തിരികളുടെ ഗന്ധം അന്തരീക്ഷത്തില്‍ പടര്‍ന്നു തുടങ്ങുമ്പോള്‍ ഞങ്ങള്‍ വസ്ത്രം മാറുകയായിരുന്നു.

പുതുജീവിതത്തിലേക്ക് കടക്കാന്‍ വെള്ളവസ്ത്രങ്ങളണിഞ്ഞ ആ ചെറുപ്പക്കാരന്‍ മരണവീട്ടിലേക്ക് നടന്നു വരുന്നത് ഞാന്‍ കണ്ടു. പടക്കങ്ങള്‍ ഒരിടത്ത് മാറ്റി വെച്ച് അവന്റെ പിന്നാലെ ആ കൂട്ടുകാരും വന്നു. മരണം എല്ലാ ശബ്ദങ്ങളെയും ഇല്ലാതാക്കുന്നത് എത്ര പെട്ടെന്നാണെന്ന് ഞാന്‍ അത്ഭുതപ്പെട്ടു.

അന്നേരം കുറച്ച് മുമ്പ് എന്റെ വിരലില്‍ തൊട്ട് സ്വകാര്യം പറഞ്ഞ മൈലാഞ്ചിച്ചോപ്പിന്റെ വിരലുകളെ ഞാന്‍ ഉള്‍ക്കണ്ണില്‍ കണ്ടു. ആ വിരലുകളുടെ ഉടമയെ ആദ്യമായി പിച്ച വെക്കാന്‍ പഠിപ്പിച്ച മനുഷ്യനാണ് മരിച്ചു കിടക്കുന്നത് . തൊട്ടുമുമ്പ് യൗവനാരംഭത്തിന്റെ എല്ലാ ആനന്ദങ്ങളും ഉണര്‍ച്ചകളുമായി ഇവിടെയൊക്കെ മൂളിപ്പാട്ടും പാടി നടന്ന അവളിപ്പോള്‍ ഉപ്പാന്റെ മയ്യത്തിനരികിലിരുന്ന് നിശബ്ദം കരയുകയാവും. തുറന്നിട്ട ജാലകങ്ങള്‍ അടയുന്നു. വേറെ ചിലത് തുറക്കുന്നു... കുന്തിരിക്കത്തിന്റെ ഗന്ധം ബിരിയാണിയുടെ ഗന്ധവുമായി കൂടിക്കലരുന്നു...

വര്‍ക്കിംഗ് ഡ്രസ്സും പെയിന്റും ടൂള്‍സുമൊക്കെ വീടിന്റെ പിന്‍ഭാഗത്ത് ഒരിടത്ത് ഭദ്രമാക്കി വെച്ച്, അവിടുത്തെ ടാപ്പില്‍നിന്ന് കൈകാലുകള്‍ കഴുകി ഞങ്ങളും യാത്രയാവുകയാണ്.... ഇരുവീടുകള്‍ക്കും ഇടയിലെ തെങ്ങിന്‍തലപ്പുകള്‍ വെയിലേറ്റ് തിളങ്ങുകയാണ്. ഒന്നും തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്നില്ലെന്നുള്ള വിചിത്രമായ തോന്നലില്‍ പെട്ട് ഞാന്‍ മുമ്പേ നടന്നു. അപ്പുറത്തെ വീട്ടിലെ വടക്കേ പന്തലില്‍ കുട്ടികള്‍ അവരുടെ ഇഷ്ടത്തിന് ബിരിയാണി വിളമ്പി കഴിക്കുകയാണ്. അവര്‍ക്ക് ചുറ്റും ആട്ടിപ്പായിക്കാന്‍ ആരുമില്ലാത്തതിനാല്‍ കാക്കകള്‍ കൂട്ടത്തോടെ വന്നണയുകയാണ് . അവയും അന്നം കൊത്തുകയാണ്. ജനനവും മരണവും വിശപ്പും വിവാഹവും ദുഃഖവും ആനന്ദവും ആവര്‍ത്തിക്കുന്ന ഈ ഭൂമിയില്‍ എന്താണ് എന്റെ സ്ഥാനമെന്നോര്‍ത്ത് ഞാന്‍ നടന്ന അന്നത്തെ ആ ചെമ്മണ്‍ പാതയിലും ഇതേ പോലെ ചാറ്റല്‍ മഴ പെയ്തിരുന്നു. കൈ രണ്ടും തലമറയാക്കി ആ പാതയിലൂടെ ഞങ്ങള്‍ മൂന്ന് പേരും നടന്നത് ഇന്നലെയാണെന്ന് തോന്നിപ്പോവുന്നു.